ഭാഷാവൈവിധ്യം; ഒരു ദൈവിക വരദാനം

ഡോ. ടി. കെ യൂസുഫ്

2022 ജൂലായ് 30, 1442 ദുൽഹിജ്ജ 30

ആശയവിനിമയത്തിനുളള ഒരു ഉപാധിയായി ഭാഷയെ നമുക്ക് നിർവചിക്കാം. മനുഷ്യരുടെ ചിന്തകൾ ഭാഷകളുടെ മൂശയിൽ വാർത്തെടുക്കപ്പെടുന്നതുകൊണ്ട് അവയുടെ അഭാവത്തിൽ വിവരവിനിമയം ദൂഷ്‌ക്കരമാണ്. ഭാഷാവൈവിധ്യത്തിന് പ്രധാനമായും രണ്ടുകാരണങ്ങളാണ് പറയപ്പെടുന്നത്. ഓരോ ജനതയും ആശയവിനിമയത്തിന് ചില ശബ്ദങ്ങൾ ആവിഷ്‌ക്കരിച്ചു. അല്ലെങ്കിൽ ഓരോ ജനതക്കും ജന്മസിദ്ധമായി ഒരു ഭാഷ സംസാരിക്കാനുളള കഴിവ് ലഭിച്ചു. വിശുദ്ധ ക്വുർആൻ ഭാഷാവൈവിധ്യത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:

“ആകാശഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (റൂം 22).

ആകാശഭൂമികളുടെ സൃഷ്ടിയോടനുബന്ധിച്ചാണ് ക്വുർആൻ ഭാഷാവൈവിധ്യം പരാമർശിക്കുന്നത്. തന്നെയുമല്ല മനുഷ്യരുടെ വർണവ്യത്യാസവും ഇതോടൊപ്പം പറയുന്നതായി കാണാം. അതുകൊണ്ട് തന്നെ മനുഷ്യരുടെ വർണവ്യത്യാസം പോലുളള ഒരു ജനിതകഘടകം ഭാഷാ വൈവിധ്യത്തിലും സ്വാധീനം ചൊലുത്തുന്നുണ്ടോ എന്നും അനുമാനിക്കാവുന്നതാണ്. കേവലം ചുറ്റുപാടും പരിസ്ഥിതിയും മാത്രമാണ് വൈവിധ്യത്തിന്റെ അടിസ്ഥാനഘടകമെങ്കിൽ അത് ഒരു ദൃഷ്ടാന്തമായി എടുത്തുപറയാനും സാധ്യതയില്ലല്ലോ.

ലോകത്ത് ഏകദേശം ഏഴായിരത്തോളം ഭാഷകളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്. കൃത്യമായി പറഞ്ഞാൽ 7151 ഭാഷകളുണ്ട്. ഭാഷകളുടെ വകഭേദങ്ങൾകൂടി കൂട്ടുകയാണെങ്കിൽ അവയുടെ എണ്ണം 8500 വരും. ജർമനിയിലെ Glottolog ആണ് ഇത്തരം ഒരു ഡാറ്റാശേഖരണം നടത്തിയിട്ടുളളത്. ഈ ഭാഷകളെല്ലാം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഭാരതീയഭാഷ കുടുംബങ്ങളിലേക്ക് ചേർക്കപ്പെടുന്നതാണ്. നൂറ് മില്യണിൽ അധികം ആളുകൾ സംസാരിക്കുന്ന പത്തോളം ഭാഷകളാണ് ലോകത്ത് നിലനിൽക്കുന്നത്. ചൈനീസ്, ഇംഗ്ലീഷ്, സ്പാനിഷ്ഗ അറബിക,് ഹിന്ദി, റഷ്യൻ, പോർചുഗീസ്, ഫ്രഞ്ച,് ബംഗാളി, ജപാനീസ്, ജർമൻ എന്നിവയാണത്. ചുരുക്കിപ്പറഞ്ഞാൽ ലോക ഭാഷകളിൽ വിരലിൽ എണ്ണാവുന്ന ഏതാനും ഭാഷകൾ മാത്രമാണ് കൂടുതൽ ആളുകൾ സംസാരിക്കുന്നത്. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും സംസാരിക്കുന്നത് കേവലം പന്ത്രണ്ട് ഭാഷകളാണ്. അതുപോലെ ലോക ഭാഷകളുടെ 96 ശതമാനവും സംസാരിക്കുന്നവരുടെ എണ്ണം ആഗോള ജനസംഖ്യയുടെ രണ്ടോ മൂന്നോ ശതമാനം ആളുകൾ മാത്രമാണ്. ആയിരം ആളുകൾ പോലും സംസാരിക്കാത്ത ഭാഷകളുമുണ്ട്. സംസാരിക്കുന്നവരുടെ എണ്ണം എത്രതന്നെയായായലും ഭാഷാവൈവിധ്യത്തോെടാപ്പം ഒരു സാംസ്‌ക്കാരികവൈവിധ്യവും നമുക്ക് ദർശിക്കാനാവും.

ഏറ്റവും കൂടുതൽ ഭാഷാവൈവിധ്യം കാണപ്പെടുന്നത് ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ഈ രണ്ട് വൻകരകളിലും രണ്ടായിരത്തിലധികം ജൈവഭാഷകളുണ്ട്. യൂറോപ്പിലാണ് ഏറ്റവും കുറവ് ഭാഷാവൈവിധ്യമുളളത്. അവിടെ ഏകദേശം 250 ഭാഷകളാണുളളത്. അവിടെയുളള പത്തോളം ഭാഷകൾ വംശനാശ ഭീഷണി നേരിടുന്നുമുണ്ട്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും അമ്പത് ശതമാനം ഭാഷകളും കുറ്റിയറ്റുപോകാനിടയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ലോകത്ത് അധികജനങ്ങളും ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരാണ്. കുടിയേറ്റങ്ങളും കോളനി വാഴ്ചകളുമാണ് ബഹുഭാഷാ പ്രചരണത്തിന് വഴിയൊരുക്കുന്നത്. ബ്രിട്ടീഷ്, ഫ്രഞ്ച് കോളനിവാഴ്ചകൾ ഈ രണ്ട് ഭാഷകളുടെയും പ്രചരണത്തിനും വ്യാപനത്തിനും കാരണമായിത്തീർന്നിട്ടുണ്ട്. ശാസ്ത-സാങ്കേതിക വിദ്യയുടെ കുടെപ്പിറപ്പായതുകൊണ്ട് ഇംഗ്ലീഷിന് കുറച്ചുകൂടി മേൽക്കോഴ്മ നേടാനായിട്ടുണ്ട്, ആഗോള വത്ക്കരണവും ആംഗലേയ ഭാഷയുടെ ആധിപത്യത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. മറ്റു ഭാഷകളുടെ നാശത്തിനും ഈ വ്യാപനം ഒരളവോളം കാരണമായിത്തീരുന്നുണ്ട്. കൂടുതൽ ഭാഷകൾ അറിയുന്നത് വിജ്ഞാന സമ്പാദനത്തിനും ഗവേഷണത്തിനും വളരെ സഹായകമാണ്. അതുകൊണ്ട് തന്നെ സകല സർവകലാശാലകളും ഒരു രണ്ടാം ഭാഷ അല്ലെങ്കിൽ അന്താരാഷ്ട്ര ഭാഷ പാഠ്യപദ്ധതിയിൽ ഉൾപെടുത്തുന്നതായി കാണാൻ കഴിയും.

ജൈവവൈവിധ്യം പോലെത്തന്നെ ഭാഷാവൈവിധ്യവും നാം സംരക്ഷിക്കേണ്ടതുണ്ട്. കാരണം ഒരു ഭാഷ നഷ്ടപ്പെടുമ്പോൾ അതിലൂടെ അനേകം വിജ്ഞാനങ്ങളും സംസ്‌ക്കാരങ്ങളും സാഹിത്യവും സർവോപരി ചിലരുടെ പ്രതിഭകളും കണ്ടുപിടുത്തങ്ങളും ലോകത്തിന് നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സിംഹവാലൻ കുരങ്ങിനെയും കരടിപ്പൂച്ചയെയും സംരക്ഷിക്കുന്നതുപോലെ നാം ഭാഷകളെയും സംരക്ഷിക്കേണ്ടതുണ്ട്. ജൈവവൈവിധ്യം, സാംസ്‌ക്കാരികവൈവിധ്യം, ഭാഷാവൈവിധ്യം; ഇവയെല്ലാം ദൈവിക വരദാനം തന്നെയാണ്. ഭാഷാവൈവിധ്യം ധാരാളമുളള രാജ്യങ്ങളിൽ വമ്പിച്ച ജൈവവൈവിധ്യവും നമുക്ക് ദർശിക്കാനാകും. ഭാഷാവൈവിധ്യത്തിന് പേരുകേട്ട ഇന്ത്യ, ഇന്തോനേഷ്യ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിൽ ജൈവ, സസ്യ, വൈവിധ്യങ്ങളും അനവധിയാണ്. ഒരു പൂന്തോട്ടത്തിലെ എല്ലാ പൂക്കളും ഒരേ ഇനമാകുന്നതിലും ആകർഷകം വ്യത്യസ്ത പൂക്കളാകുന്നതാണല്ലോ. അപൂർവയിനം പൂക്കളെ വളർത്തി സംരക്ഷിക്കുന്നതുപോല ന്യൂനപക്ഷ ഭാഷകളെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

ഭാഷാവൈവിധ്യത്തിന്റെ മറ്റൊരു ഗുണം അത് ഭാഷയുടെ ചേതനയെ നിലനിർത്തുന്നതിൽ മറ്റനേകം ഘടകളെ പോലെ ഗണ്യമായ പങ്കുവഹിക്കുന്നു എന്നതാണ്. പുരാതനകാലത്ത് വിരലിലെണ്ണാവുന്ന ഭാഷകൾ മാത്രമാണ് ലോകത്ത് നിലവിലുണ്ടായിരുന്നത്. അവയിൽ പലതും ഇന്ന് മണ്ണടിയുകയോ മൃതപ്രായ മാകുകയോ ചെയ്തിട്ടുണ്ട്. പുരാതനകാലത്തെ കുലപതിയായിരുന്ന ലാറ്റിൻ ഭാഷയുടെ ഇന്നത്തെ അവസ്ഥ അതിനുദാഹരണമാണ്. ഇന്നത്തെ പ്രമാണിയായ ഇംഗ്ലീഷിനും നാളെ ഈ ദുർഗതി വന്നുകൂടായ്കയില്ല. ഒരു ഭാഷയെ ഊർജ്ജസ്വലതയോടെ നിലനിർത്തണമെങ്കിൽ ഒരുപാട് ഘടകങ്ങൾ ആവശ്യമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമ്പത്തിക, സാമൂഹിക അവസ്ഥകളാണ്. ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പണം അറബി ഭാഷയുടെ പ്രചാരണത്തിന് നിമിത്തമാകുന്നത് അതിനുദാഹരണമാണ്. ജനസംഖ്യ, ശാസ്ത്രം, മീഡിയ, വിദ്യാഭ്യാസം, വ്യവസായം, മതം, സംസ്‌ക്കാരം എന്നിവെയല്ലാം ഭാഷയുടെ ചൈതന്യം നിലനിർത്താനാനവശ്യമായ മറ്റു ഘടകങ്ങളാണ്.

ബഹുഭാഷാ പഠനത്തിന്റെ പ്രയോജനങ്ങൾ

ഭാഷാവൈവിധ്യത്തിന്റെ ഏറ്റവും വലിയ പ്രയോജനങ്ങളിലൊന്ന് വിവിധ ഭാഷകൾ പഠിക്കുന്നതിലൂടെ മനുഷ്യന് അനവധി നേട്ടങ്ങൾ ആർജിക്കാൻ കഴിയും എന്നതാണ്.

1. ബുദ്ധിശക്തി വളർത്തും:

വ്യത്യസ്ത ഭാഷകൾ കൈകാര്യം ചെയ്യുന്നവർക്ക് ബൗദ്ധിക വളർച്ചയും കാര്യങ്ങൾ അപഗ്രഥിക്കാനുളള ശേഷിയും മറ്റുളളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. ഭാഷകൾ മാറി മാറി സംസാരിക്കുന്നത് ബുദ്ധിയെ പ്രവർത്തനക്ഷമമായി നിലനിർത്താനും അതുമൂലം അൾഷിമേഴ്‌സ് പോലുളള മറവി രോഗങ്ങളിൽനിന്നും മോചനം നേടുന്നതിനും സഹായകമാകും.

2. സാംസ്‌കാരിക കവാടം:

പല ഭാഷകൾ പഠിക്കുന്നതിലൂടെ പല സംസ്‌കാരങ്ങൾ സ്വാംശീകരിക്കാൻ കഴിയും. ഒരു ഭാഷ പഠിക്കുമ്പോൾ അതിലെ സംസ്‌കാരങ്ങൾ അറിയാനുളള കൗതുകവുമുണ്ടാകും. വിവർത്തനകൃതികളിലൂടെ നമുക്ക് അത് പൂർണമായും ഗ്രഹിക്കാൻ സാധ്യമല്ല. എന്തിനേറെ പറയുന്നു; പല സിനിമകളുടെയും നോവലുകളുടെയും തലക്കെട്ടുപോലും വിവർത്തനം ചെയ്താൽ അവ യഥാർഥ അർഥം ദ്യോതിപ്പിക്കുകയില്ല. ഉദാഹരണമായി; ‘ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന്’ എന്ന് എങ്ങനെയാണ് മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുക?

3. മാതൃഭാഷയെ ശക്തിപ്പെടുത്തും:

മാതൃഭാഷയല്ലാത്ത ഒരു ഭാഷ പഠിക്കുന്നവൻ അവൻ അറിയാതെ തന്നെ സ്വന്തം ഭാഷയിലുളള കഴിവ് വർധിപ്പിക്കുന്നുണ്ട്. ചില പദങ്ങൾക്ക് സമാനമായ പദം സ്വന്തം ഭാഷയിൽ കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മാതൃഭാഷയിലെ വാചകങ്ങൾ എങ്ങനെ വരുന്നു എന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാൻ ബഹുഭാഷാ പഠനം സഹായകമാകും. വാചകഘടനയുടെയും വ്യാകരണ നിയമങ്ങളുടെയും കാര്യം ശ്രദ്ധിക്കുന്നതും അപ്പോഴായിരിക്കും.

4. സൗഹൃദം ഊഷ്മളമാക്കും:

ഇതര ഭാഷകൾ സംസാരിക്കുന്ന സ്ഥലങ്ങളിലുളള നമ്മുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നാം അവരുടെ ഭാഷയിൽതന്നെ ആശയവിനിമയം നടത്തുകയാണെങ്കിൽ അത് ആശയവിനിമയം കൂടുതൽ ഹൃദ്യമാക്കും.

5. ലോക സഞ്ചാരം ആസ്വാദ്യകരമാകും:

വിനോദ സഞ്ചാരത്തിനും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നവർക്ക് അന്നാട്ടിലെ പ്രാദേശിക ഭാഷകൾ അിറയുകയാണെങ്കിൽ ഒരു ഗൈഡിന്റെ സഹായമില്ലാതെ ആളുകളുമായി സംവദിക്കാനാകും. അതുപോലെ ഒരു ഭാഷാകുടുംബത്തിൽ പെട്ട ഒരു ഭാഷ പഠിക്കുന്നത് ആ ഗണത്തിലെ മറ്റു ഭാഷകളുടെ പഠനത്തിന് സഹായകമാകും.

6. പൈതൃകങ്ങളും സംസ്‌കാരങ്ങളും മനസ്സിലാക്കാം:

ഒരു നാട്ടിലെ പൈതൃകവും സംസ്‌കാരവും അിറയാനുളള ഏറ്റവും ഫലപ്രദമായ മാർഗം ആ നാട്ടിലെ ഭാഷ സ്വായത്തമാക്കലാണ്.

7. സഹിഷ്ണുത, സഹവർത്തിത്വം:

സാസ്‌കാരിക സംഘട്ടനം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുളള സഹിഷ്ണുതക്കും സഹവർത്തിത്വത്തിനും ബഹുഭാഷാ പഠനം സഹായകമാകും.

8. ആഗോള പൗരത്വത്തിന് ആക്കം കൂട്ടും:

ആയിരക്കണക്കിന് ഭാഷ പഠിച്ചിട്ടില്ലെങ്കിലും ഏതാനും ഭാഷകൾ പഠിച്ചാലും ലോകത്ത് എവിടെയും ഗൈഡിന്റെ സഹായമില്ലാത ആഗോള പൗരനായി സഞ്ചരിക്കാനാകും. ചെറുപ്പത്തിൽ ഒരു രണ്ടാം ഭാഷ പഠിച്ചിട്ടില്ലെങ്കിലും ദിവസവും ഒരു നിശ്ചിത സമയം ചെലവഴിക്കുകയാണെങ്കിൽ ധാരാളം ഭാഷകൾ പഠിക്കാനാകും. തലച്ചോറിന്റെ സംരക്ഷണത്തിന് ഇത് ഒരു മുതൽകൂട്ടാവുകയും ചെയ്യും.

9. തൊഴിലവസരങ്ങൾ ഉണ്ടാക്കും:

മൾട്ടി നാഷണൽ കമ്പനികൾ അരങ്ങുതകർക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആമസോൺ പോലുളള ഓൺലൈൻ വ്യാപാരസ്ഥാപനങ്ങളിലും ഗൂഗിൾ, ഫേസ് ബൂക്ക്, യൂട്യൂബ് എന്നിവിടങ്ങളിലും ദ്വിഭാഷികൾക്കും ബഹുഭാഷ പണ്ഡിതർക്കും അനവധി തൊഴിലവസരമുണ്ട്.

10. വികസനം വ്യാപകമാക്കും:

ആഫ്രിക്ക, ഇന്ത്യ പോലുളള രാജ്യങ്ങളിലെ മുഴുവൻ ജനങ്ങൾക്കും സാംക്രമിക രോഗങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും മാർഗനിർദേശങ്ങൾ നൽകണമെങ്കിൽ പ്രാദേശിക ഭാഷകളിൽതന്നെ നൽകിയെങ്കിലെ അത് ഫലപ്രദമാവുകയുളളൂ.

11. ഐക്യവും സമാധാനവുമുണ്ടാക്കും:

ഭാഷാ വൈവിധ്യം ആളുകളെ അകറ്റും എന്ന ധാരണ തീർത്തും അസ്ഥാനത്താണ്. മറിച്ച് അത് ആളുകളെ കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നത്. ലോകത്ത് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിൽ അധികവും ഏകഭാഷ സംസാരിക്കുന്നവയാണ്. ബഹുഭാഷ സംസാരിക്കുന്ന രാജ്യങ്ങളിൽ ആഭ്യന്തരയുദ്ധം വിരളമായിട്ടാണ് സംഭവിച്ചിട്ടുളളത്.

12. ടെക്‌നോളജിക്ക് മുതൽക്കൂട്ടാകും:

ഐ.ടി. അടക്കം ലോകത്തുളള എല്ലാ വ്യവസായങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നം വിദഗ്ധരുടെും പ്രാഗൽഭ്യമുളളവരുടെയും ക്ഷാമമാണ്. ബഹുഭാഷാ പഠനത്തിലൂടെ ലോകത്തെ ഏത് കോണിലൂളള പ്രതിഭകളുടെ കഴിവും കാര്യക്ഷമതയും ഉപയോഗപ്പെടുത്താനാകും.

മുകളിൽ സൂചിപ്പിച്ചതുപോലെ ഭാഷാവൈവിധ്യത്തിന് ഒട്ടേറെ സവിശേഷതകൾ ഉളളതുകൊണ്ടാകാം അറിവുളളവർക്ക് കണ്ടെത്താൻ കഴിയുന്ന ഒരു ദൈവിക ദൃഷ്ടാന്തമായി ക്വുർആൻ ഭാഷാവൈവിധ്യത്തെ വിശേഷിപ്പിക്കുന്നത്.