അല്ലാഹുവിന്റെ പദവി ചാർത്തപ്പെടുന്ന വ്യാജ വലിയ്യുകൾ

മൂസ സ്വലാഹി കാര

2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22

ആരാധനയാകുന്ന പ്രാർഥനയും സഹായതേട്ടവും ഭരമേൽപിക്കലുമെല്ലാം ജീവിതത്തിന്റെ ഏത് സന്ദർഭങ്ങളിലും അല്ലാഹുവിനോട് മാത്രമാക്കാൻ കൽപിക്കപ്പെട്ടവരാണല്ലോ വിശ്വാസികൾ. അല്ലാഹു പറയുന്നു: “ആകയാൽ നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!’’ (ക്വുർആൻ 22:78).

ഇതിന്റെ വിശദികരണത്തിൽ ഇബ്‌നു കസീർ (റഹി) പറയുന്നു: ‘നിങ്ങൾ അല്ലാഹുവിനെ ആശ്രയിക്കുകയും അവനോട് സഹായം തേടുകയും അവനിൽ ഭരമേൽപിക്കുകയും അവനെക്കൊണ്ട് കരുത്ത് നേടുകയും ചെയ്യുക.’

പ്രമാണങ്ങൾ പ്രാധാന്യത്തോടെ പഠിപ്പിച്ച ഈ ആശയം മതത്തിന്റെ അടിസ്ഥാന തത്ത്വമായതിനാൽ അതിൽ മായം ചേർക്കാനോ അതിനെ കളങ്കപ്പെടുത്താനോ വിസ്മരിക്കാനോ പാടില്ല.

‘നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു’ എന്ന ക്വുർആൻ വചനത്തെ ജീവിതത്തിൽ അന്വർഥമാക്കാൻ ശ്രമിക്കുന്നവർ മാത്രമെ വിജയം പ്രാപിക്കുകയുള്ളൂ. അല്ലാഹു പറയുന്നു:

“അതുകൊണ്ട് ആർ അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവൻ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേർവഴിയിലൂടെ അവൻ നയിക്കുന്നതുമാണ്’’ (4:175).

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറഞ്ഞു: “പ്രാർഥന-അതിൽ ഏറ്റവും പ്രധാനപ്പെട്ട ആപത്തുകളിലും അത്യാവശ്യ സന്ദർഭങ്ങളിലുമുള്ള സഹായ തേട്ടം- ആരാധനയിൽപെട്ടതാണ്. അത് അല്ലാഹുവല്ലാത്തവരിലേക്ക് തിരിക്കൽ അവനിൽ പങ്കുചേർക്കലാണെന്നതിൽ മുസ്‌ലിംകൾ ഏകോപിച്ചിട്ടുണ്ട്’’ (അൽഉബൂദിയ്യ).

ഒരാൾക്ക് നിത്യാവശ്യങ്ങൾവരെ നടന്നുകിട്ടാൻ അല്ലാഹുവിന്റെ സഹായം അനിവാര്യമാണെന്നിരിക്കെ പ്രതിസന്ധിഘട്ടങ്ങളിലുള്ള സഹായതേട്ടം അവനോട് മാത്രമെ ആകാവൂ എന്നതിൽ പോലും സമൂഹത്തെ ആശങ്കയിലകപ്പെടുത്താൻ ശ്രമിക്കുകയാണ് മുസ്‌ലിയാക്കന്മാർ.

അത്തരം സന്ദർഭങ്ങളിലെ സഹായതേട്ടം പ്രാർഥനയായതിനാൽ അത് കേൾക്കാനും ഉത്തരം നൽകാനും കഴിവുള്ളവൻ അല്ലാഹു മാത്രമാണെന്ന് സംശയമുക്തമായി ക്വുർആൻ പഠിപ്പിച്ചതാണ്. അല്ലാഹു പറയുന്നു: “അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർഥിച്ചാൽ ഞാൻ അവന്ന് ഉത്തരം നൽകുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (27:62).

‘ബുദ്ധിമുട്ടുകളിൽ പ്രാർഥിക്കപ്പെടേണ്ടവനും ആപത്ഘട്ടങ്ങളിൽ പ്രതീക്ഷിക്കപ്പെടേണ്ടവനും അല്ലാഹുവാണെന്ന ഉണർത്തലാണ്’ ഈ ആയത്തിന്റെ താൽപര്യമെന്ന് ഇബ്‌നു കസീർ(റഹി) വിശദീകരിച്ചിട്ടുണ്ട്. ബദ്ർ യുദ്ധമെന്ന കടുത്ത പരീക്ഷണത്തിന് മുമ്പിലും മദീനയിലേക്കുള്ള ഹിജ്‌റയുടെ വേളയിലും പല പ്രശ്‌നങ്ങൾ അനുചരന്മാർക്കുണ്ടായപ്പോഴും നബി  ﷺ  ക്വുർആനിന്റെ കൽപനയിൽ നിലയുറപ്പിച്ചു എന്നത് ഏറെ മാതൃകാപരമാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാർഥിക്കരുത്. നീ അപ്രകാരം ചെയ്യുന്നപക്ഷം തീർച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും’’ (10:106).

പ്രതിസന്ധികളിൽ വിശ്വാസികൾ പതിവാക്കേണ്ട വ്യത്യസ്ത പ്രാർഥനകൾ നബി(സ)പഠിപ്പിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം: “നബി ﷺ  ക്ലേശമുണ്ടാകുമ്പോൾ ഇപ്രകാരം പ്രാർഥിച്ചിരുന്നു: ‘മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനായ, ഭൂമിയുടെ നാഥനായ, വാനങ്ങളുടെ നാഥനായ അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ല’’ (ബുഖാരി).

അനസി(റ)ൽനിന്ന് നിവേദനം: “നബി ﷺ ക്ക് വല്ല പ്രയാസവും ഉണ്ടായാൽ ‘എന്നെന്നും ജീവിച്ചിരിക്കുന്ന, എല്ലാം നിയന്ത്രിക്കുന്ന അല്ലാഹുവേ, നിന്റെ കാരുണ്യംകൊണ്ട് ഞാൻ നിന്നോട് സഹായം തേടുന്നു’ എന്ന് പ്രാർഥിക്കാറുണ്ട്’’ (തിർമുദി).

പ്രയാസപ്പെടുന്നവന്റെ പ്രാർഥനയായി നബി ﷺ  പഠിപ്പിച്ചു: “അല്ലാഹുവേ, നിന്റെ കാരുണ്യത്തെ ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ കണ്ണിമവെട്ടുന്ന നേരത്തേക്ക് പോലും എന്നെ നീ എന്നിലേക്ക് ഏൽപിക്കരുത്. എന്റെ എല്ലാ കാര്യങ്ങളും നീ എനിക്ക് ശരിയാക്കിത്തരേണമേ. നീയല്ലാതെ മറ്റൊരാരാധ്യനില്ല’’ (അബൂദാവൂദ്).

അല്ലാഹു ഇടപെട്ടാൽ മാത്രമെ ബുദ്ധിമുട്ടുകളെ മറികടക്കാനാകൂ എന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളെയും അതിന് കൂട്ടുപിടിക്കേണ്ടതില്ലെന്നും ഈ തെളിവുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

വിശ്വാസത്തിന്റെ മഹത്ത്വവും പ്രാധാന്യവും തിരിച്ചറിയാത്ത പണ്ഡിത വേഷധാരികൾ ജനങ്ങളെ പിഴപ്പിക്കുന്ന കാര്യത്തിൽ നന്നായി ഉത്സാഹിക്കുന്നവരാണ്. മക്കാമുശ്‌രിക്കുകളുടെ പുതിയ രൂപമായി ജന്മമെടുത്ത ശിയാക്കളുടെ കേരളോൽപന്നമായ സമസ്തക്കാർ ഔലിയാക്കളുടെ വിഷയത്തിൽ സ്വീകരിച്ച വിശ്വാസവും വീക്ഷണവും നമുക്കൊന്ന് പരിശോധിക്കാം.

“ആത്മ സംസ്‌കരണത്തിന്റെ കഠിനമായ ശിക്ഷാമുറകൾ സ്വീകരിച്ച് ആത്മാവിനെയും മനസ്സിനെയും സ്ഫുടം ചെയ്ത് എടുക്കുന്നതിൽ ഔലിയാക്കൾ പല ഘട്ടങ്ങളും പിന്നിടുന്നു. വഖ്ത്ത്, മഖാം, ഹാൽ ഖബ്‌ള്, ബസ്ഥ്, ഹൈബത്, ഉൻസ് നുവാജിദ്, വജ്ദ്, വുജൂദ്, ജംഅ്, ഫർഖ്, ഫനാഅ്, ബഖാഅ്, ഗൈബത്, ഹുളൂർ, സഹ്‌വ്, സുക്‌റ്, തുടങ്ങിയവ ആ ഘട്ടങ്ങളെ കുറിക്കുന്നതിനുള്ള ആരിഫീങ്ങളുടെ സാങ്കേതിക പ്രയോഗങ്ങളിൽ ചിലതാണ്’’ (സി.എം സ്മരണിക/പേജ് 35).

“അപ്പോൾ ദുൻയാവുമായോ, ആഖിറവുമായോ ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും അല്ലാഹുവിന്റെ ഔലിയാക്കളുടെ, രിജാലുൽ ഗൈബിന്റെ സഹായം ആഗ്രഹിക്കുന്ന വ്യക്തി താൻ ഉദ്ദേശിക്കുന്ന ദിവസം ഭൂമിയുടെ ഏതു ഭാഗത്താണ് അന്ന് രിജാലുൽ ഗൈബ് സമ്മേളിക്കുന്നത് എന്ന് വൃത്തം നോക്കി മനസ്സിലാക്കി ശരീരവും വസ്ത്രവും വൃത്തിയുള്ളവനായി വുളുവോടുകൂടെ ആദരവോടും ബഹുമാനത്തോടും കൂടി സമ്മേളന ദിക്കിലേക്ക് തിരിഞ്ഞ് നിശ്ചിത സലാമിന്റെ പദങ്ങൾ കൊണ്ട് അവർക്ക് സലാം പറയുകയും താൻ ഉദ്ദേശിക്കുന്ന വിഷയത്തിൽ അവരുടെ സഹായം ചോദിക്കുകയും ചെയ്താൽ അവന്ന് സഹായം ലഭിക്കുക തന്നെ ചെയ്യും. സംശയം വേണ്ട’’ (രിസാല, 1998/പേജ് 17).

ഔലിയാക്കൾ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരും സൂക്ഷ്മതയുടെ നെറുകയിലെത്തിവരുമാണല്ലോ. എങ്കിൽ പുരോഹിതന്മാർ അവരുടെ കൃത്രിമ ഔലിയാക്കൾക്ക് നൽകിയ വിശേഷണങ്ങൾ ഏറ്റവും വലിയ ഔലിയയായ നബി ﷺ യുടെ ഗുണങ്ങളായി പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ? നാല് ഖലീഫമാരിൽ ആരുടെയെങ്കിലും പ്രത്യേകതയായി കാണാമോ? ഉത്തമ തലമുറയിൽ ഉൾപ്പെട്ട ആർക്കെങ്കിലുമുണ്ടോ? അഹ്‌ലുസ്സുന്ന വൽജമാഅയുടെ, പ്രാമാണികമായി അംഗീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ ഇത് കാണുമോ? ഇല്ലേയില്ല. എല്ലാം സ്വൂഫികളുടെയും ശിയാക്കളുടെയും നിർമിതാശയങ്ങൾ മാത്രം.

‘ഖുത്വുബുസ്സമാൻ’ എന്ന പദവി നൽകപ്പെട്ട, ഇപ്പോൾ മുസ്‌ലിയക്കളുടെ നാവിലൂടെ അരങ്ങ് തകർക്കുന്ന സമസ്തയുടെ ‘വലിയ ഔലിയ’ സി.എം മടവൂരാണ് ലോകം നിയന്ത്രിക്കുന്നതെന്ന് പേരുകേട്ട പണ്ഡിതനാണ് സമൂഹമധ്യത്തിൽ വിളിച്ചുപറഞ്ഞത്. ഇത് സ്ഥാപിക്കാൻ സൂറതുന്നാസിആത്തിലെ അഞ്ചാം വചനത്തെ പരസ്യമായി അയാൾ ദുർവ്യാഖ്യാനിച്ചു. വിമർശനങ്ങളും ന്യായീകരണങ്ങളുമായി സോഷ്യൽ മീഡിയ ചർച്ചകൾകൊണ്ട് സജീവമായി. ‘സ്തുതി (മുഴുവനും) സർവലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു’ എന്ന ക്വു ർആനിന്റെ പ്രഥമ പാഠം പോലും ഇവർക്കറിയില്ലെന്നും ‘കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ്’ എന്ന ചോദ്യത്തിന് ‘അല്ലാഹുവാണെ’ന്ന് മറുപടി നൽകിയ മക്കാ മുശ്‌രിക്കുകളുടെ തിരിച്ചറിവിനെക്കാൾ താഴെയാണിവരെന്നും അതിലൂടെ സമൂഹത്തിന് ബോധ്യമായി.

‘അൽ മുദബ്ബിർ’ എന്നത് അല്ലാഹുവിന്റെ മാത്രം നാമമാണെന്നും അതിൽ സൃഷ്ടികളെ പങ്കുചേർക്കൽ ശിർക്കാണെന്നുമുള്ള ഇസ്‌ലാമിന്റെ ശാസനയെ ഇവർ ഭയക്കുന്നില്ല. ഈ ജൽപനം തിരുത്തപ്പെടാതെ ഒരപറ്റം മനുഷ്യരുടെ മനസ്സിൽ പറ്റിപ്പിടിച്ച് കിടക്കുന്നതിലൂടെ പുരോഹിതന്മാർക്ക് ചുമക്കേണ്ടി വരുന്ന പാപഭാരം എത്രയാണ്! തനിക്ക് ബാധിച്ച അസുഖത്തെപ്പോലും തടുക്കാൻ സാധിക്കാതെ മരണത്തിന് കീഴ്‌പെട്ട ഈ വ്യക്തിയെ ഇവർ പ്രശംസിച്ചുയർത്തിയത് കൂടി കാണുക:

“മഹാനവർകളുടെ വഫാത്ത് മനുഷ്യകുലത്തിനു മാത്രമല്ല ലോകത്തിനു തന്നെ സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്’’ (സി.എം മടവൂർ/പേജ് 91).

“ആന്തിയൂർകുന്നു ചെറിയാപ്പുവിന്റെ വീട്ടിൽ ശൈഖുനാ താമസിക്കുമ്പോൾ നടന്ന ഒരു സംഭവം കൂടി കുറിക്കാം. വാതംപിടിച്ചു ശരീരമാകെ തളർന്നുപോയ ഒരു മനുഷ്യനെ ശൈഖുനയുടെ മുമ്പിൽ കൊണ്ടുവന്നു കിടത്തി. അവർ രോഗിയേ നോക്കി ഇത് ഞാൻ സുഖമാക്കിയിരിക്കുന്നു എന്നു പറഞ്ഞ ഉടനെ രോഗി എഴുന്നേറ്റു. സ്വയം നടന്നാണ് അയാൾ വീട്ടിലേക്ക് പോയത്. ഇങ്ങനെ കഠിനമായ രോഗങ്ങൾ മാറിയത്, രാഷ്ട്രീയ കാര്യങ്ങൾ പ്രവചിച്ചത്, വിവാഹം മുടക്കിയത്, വിമർശകർ തൂങ്ങി മരിച്ചത് തുടങ്ങി പതിനായിരക്കണക്കിന് അത്ഭുത സംഭവങ്ങൾ വിവരിക്കാനുണ്ട്’’ (സി.എം സ്മരണിക / പേജ് 44).

“കാരണം മടവൂരിലെയും വരക്കലെയും മദീനാമലർവാടിയിലെയും നൂറാനിയ്യത്ത് പലതല്ല. ഒന്നു തന്നെയായിരുന്നല്ലോ. അല്ലാഹുവിന്റെ ദാത്തും നൂറാനിയ്യത്തും രണ്ടാണോ? അല്ല. മുത്തു മുസ്താഫായെന്ന നൂറാനിയ്യത്ത് അല്ലാഹുവിൽനിന്നന്യമാണോ? അല്ല. മുത്തു മുസ്തഫായുടെ നൂറാനിയ്യത്തിൽ നിന്നന്യമാണോ വരക്കലും മടവൂരുമൊക്കെയുള്ള നൂറാനിയ്യത്ത്? അല്ലേ അല്ല. എല്ലാം ഒരേ ഒരു നൂറാനിയ്യത്തു തന്നെ’’ (മടവൂരിലെ നൂറാനിയ്യത്ത്/പേജ് 12,13).

പ്രമാണങ്ങൾ വ്യക്തമാക്കിത്തന്ന ഇസ്‌ലാമിന്റെ ഋജുവായ ആദർശത്തിന്റെ അരികത്ത് പോലും വെക്കാൻ പറ്റാത്ത ഈ പിഴച്ച ചിന്തക്കാരോട് ക്വുർആൻ നൽകിയ താക്കീതാണ് ഉണർത്താനുള്ളത്. അല്ലാഹു പറയുന്നു: “അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) ‘അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്.’ അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികൽപിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച’’ (39:3).

പല കാരണങ്ങളാലും നമുക്ക് രോഗമുണ്ടാകുന്നതും പ്രാർഥന, ശരിയായ ചികിത്സ എന്നിവയിലൂടെ അതിന് ശമനം ലഭിക്കുന്നതും റബ്ബിന്റെ വിധിയിൽപ്പെട്ടതാണ്. അല്ലാഹു പറയുന്നു: “(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തി വെക്കുകയാണെങ്കിൽ അത് നീക്കം ചെയ്യുവാൻ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവൻ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവൻ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ’’ (6:17).

സി.എം മടവൂർ സാക്ഷാൽ കാന്തപുരം മുസ്‌ലിയാരുടെ മാറാത്ത പനി മാറ്റിക്കൊടുത്തതായി അദ്ദേഹം തന്നെ എഴുതിയത് കാണുക: “മൂന്നു ദിവസത്തെ വാദപ്രതിവാദം കഴിഞ്ഞു ഞാൻ നാട്ടിലേക്ക് മടങ്ങി. എന്നിക്കു പനിപിടിച്ചു. ശക്തമായ പനി. മൂന്നു ദിവസം നാലു ഡോക്ടർമാർ പരിശോധിച്ചു, മരുന്നു കഴിച്ചു. 110 ഡിഗ്രിയിൽനിന്ന് പനി കുറഞ്ഞില്ല. അങ്ങനെ വിഷമിക്കുമ്പോൾ രാത്രി ഞാൻ ഔലിയാക്കളുടെ പേരിൽ ഫാതിഹ ഓതി അൽപസമയം ഉറങ്ങി. ഉറക്കത്തിൽ ഞാൻ വലിയ ഒരു മതിലിനു താഴെ നടക്കുന്നു. ഒരാൾ എന്റെ കൂടെ വന്നു പലതും സംസാരിക്കുന്നു. എന്റെ ചുമലിൽ അയാൾ കൈ വെക്കുന്നു. പരിചയമില്ലാത്തതിനാൽ ഞാൻ അയാളെ തട്ടിമാറ്റുന്നു. വീണ്ടും അയാൾ എന്നെ പിന്തുടരുന്നു. ഒരു വളവിൽ എത്തിയപ്പോൾ അവിടെ ഒരു വല നിവർത്തിവെച്ചതായും അതിനടിയിൽ ഒരു വലിയ കുഴിയുള്ളതായും എനിക്കു തോന്നുന്നു. എന്നെ അയാൾ അതിലേക്ക് പിടിച്ചു വലിക്കുന്നു, ഞാൻ അതിൽ വീഴാതെ പുറത്തേക്ക് ചാടി മാറുന്നു. വീണ്ടും എന്നെ വലയിലേക്ക് വലിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോൾ ബഹു: സി.എം പ്രത്യക്ഷപ്പെട്ടു. ഉടനെ അക്രമി ജീവനുംകൊണ്ടോടി. ശൈഖുനാ സി.എം എന്റെ സമീപം എത്തിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ഞാൻ വിശദീകരിച്ചുകൊടുത്തു. അപ്പോൾ അവർ എന്റെ വായ തുറക്കാൻ ആജ്ഞാപിച്ചു. ഞാൻ വായ തുറന്നു കൊടുത്തു. അപ്പോൾ എന്റെ വായിൽനിന്നു എന്തോ എടുത്തുകളഞ്ഞു. എന്നിട്ട് താങ്കൾ ഭയപ്പെടരുത് എന്ന് അറബി ഭാഷയിൽ എന്നെ ഉപദേശിച്ചുകൊണ്ട് ശൈഖുന സ്ഥലം വിട്ടു. അന്ന് നേരം പുലർന്നപ്പോഴേക്കും എന്റെ പനി നിശ്ശേഷം മാറിയിരുന്നു. ഡോക്ടർമാർ എല്ലാം കൂടി ശ്രമിച്ചിട്ടും 110 ഡിഗ്രിയിൽനിന്നും ഒട്ടു കുറയാത്ത പനി ശൈഖുന സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞ ഒരൊറ്റ വാക്കു കാരണം അതേ രാവിൽ തന്നെ പൂർണ്ണമായും സുഖമായി. അൽഹംദു ലില്ലാഹ്’’ (സി.എം സ്മരണിക/പേജ് 16).

കൗതുകമുളവാക്കുന്ന ഇത്തരം സ്വപ്ന കഥകളെ സമൂഹം വിചാരണ ചെയ്തു തുടങ്ങാൻ കാരണമായ സംഭവമാണല്ലോ ആശങ്കകൾ നിറഞ്ഞ കാന്തപുരത്തിന്റെ ആശുപത്രിവാസം. രോഗം മൂർച്ഛിച്ച അവസ്ഥയിൽ നിന്ന് അദ്ദേഹത്തിന് വേഗത്തിൽ ശമനം കിട്ടാൻ എല്ലാവരും അല്ലാഹുവിനോട് മനമുരുകി പ്രാർഥിക്കണമെന്ന് സമസ്ത നേതൃത്വത്തിന്റെ പരസ്യാഹ്വാനമുണ്ടായി. പ്രത്യേക എണ്ണം നിശ്ചയിച്ച് കൊണ്ടുള്ള ക്വുർആൻ പാരായണവും ദിക്‌റുകളും പ്രാർഥനാ സദസ്സുകളും സംഘടിപ്പിക്കപ്പെട്ടു. അവിടെയൊന്നും ഈ വ്യാജ ഔലിയയുടെ പേര് മുഴങ്ങിക്കേട്ടില്ല. ഉറക്കത്തിൽ അടുത്തേക്കുവന്ന് രോഗ കാരണമായ വസ്തുവിനെ എടുത്തെറിഞ്ഞതുമില്ല.

രോഗം വേണ്ട, അസുഖം വേണ്ട, ഓപ്പറേഷൻ വേണ്ട, ഭ്രാന്ത് സുഖപ്പെടും, ഇനി രോഗമില്ല, തങ്ങളുടെ രോഗം സുഖപ്പെട്ടു, ഇനി രോഗം ഒരിക്കലും വരില്ല, ആ രോഗം ഇനി വേണ്ട, അത് സാരമില്ല, സുഖമായി, നിന്റെ രോഗം ഞാൻ സുഖമാക്കി എന്നിത്യാദി പെരുമ്പറ പ്രയോഗങ്ങളും കേട്ടില്ല. അല്ലാഹുവിനോട് കിട പിടിക്കുന്ന നിലയ്ക്ക് വിശേഷണങ്ങളും പോരിശകളും ചാർത്തിക്കൊടുക്കപ്പെട്ട സിഎം മടവൂർ ‘ഇത്തവണ’ ഈ വമ്പൻ നേതാവിന്റെ രോഗമുക്തിക്ക് വേണ്ടി ഇടപെടാതിരുന്നത് ‘മടവൂരിലെ നൂറാനിയ്യത്ത്’ എന്ന പുസ്തകവും ‘മടവൂർ ഖാഫില’യെന്ന യൂട്യൂബ് ചാനലും ചുമന്ന് നടക്കുന്ന അണികൾക്ക് വലിയ ആഘാതമായിട്ടുണ്ടെന്നത് പറയേണ്ടതില്ലല്ലോ!

അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവർക്ക് യാതൊരു വിലയുമില്ല എന്നതിന്റെയും ആരാധിക്കുന്നവർ തങ്ങളുടെ ആരാധ്യന്മാരെ സന്ദർഭാനുസരണം കൈയൊഴിയുമെന്നതിന്റെയും നേർ ചിത്രമാണിതെല്ലാം. നിർമിത ആരാധ്യന്മാരെക്കൊണ്ട് ഫലമില്ലെന്ന് ബോധ്യമാകുമ്പോൾ അവരെ വിട്ട് ഉള്ളഴിഞ്ഞ പ്രാർഥനകൊണ്ട് അല്ലാഹുവിനെ ഏകനാക്കുകയും കാര്യം കൈവിട്ടുപോകുന്ന സന്ദർഭങ്ങളിലും പരീക്ഷണങ്ങളുടെ പിടിയിലമരുന്ന രംഗങ്ങളിലും പങ്കാളികളെ വിസ്മരിച്ച് അല്ലാഹുവിന്റെ മുമ്പിൽ വിനയാന്വിതരാവുകയും ചെയ്ത മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തോട് സമപ്പെട്ടും അവരുടെ സ്വഭാവം പ്രകടിപ്പിച്ചും ഏറ്റവും വലിയ അധഃപതനത്തിലേക്കാണ് പുരോഹിതന്മാർ ആണ്ടുപോയിട്ടുള്ളത്. ക്വുർആനിന്റെ ഓർമപ്പെടുത്തലുകളിൽ ഇവർ ഇടംപിടിക്കുമെന്ന് സാരം.

അല്ലാഹു പറയുന്നു: “...എല്ലായിടത്തുനിന്നും തിരമാലകൾ അവരുടെ നേർക്ക് വന്നു. തങ്ങൾ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവർ ഉറപ്പിച്ചപ്പോൾ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോടവർ പ്രാർഥിച്ചു: ‘ഞങ്ങളെ നീ ഇതിൽനിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും’’ (ക്വുർആൻ 10:22).

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്റെ ശിക്ഷ നിങ്ങൾക്ക് വന്നുഭവിച്ചാൽ, അല്ലെങ്കിൽ അന്ത്യസമയം നിങ്ങൾക്ക് വന്നെത്തിയാൽ അല്ലാഹുവല്ലാത്തവരെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുമോ? (പറയൂ;) നിങ്ങൾ സത്യസന്ധരാണെങ്കിൽ. ഇല്ല, അവനെ മാത്രമെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുകയുള്ളൂ. അപ്പോൾ അവൻ ഉദ്ദേശിക്കുന്നപക്ഷം ഏതൊരു വിഷമത്തിന്റെ പേരിൽ നിങ്ങളവനെ വിളിച്ച് പ്രാർഥിക്കുന്നുവോ അതവൻ ദൂരീകരിച്ച് തരുന്നതാണ്. നിങ്ങൾ (അവനോട്) പങ്കുചേർക്കുന്നവയെ നിങ്ങൾ (അപ്പോൾ) മറന്നുകളയും. നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതൻമാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവർ (അല്ലാഹുവിലേക്ക്) കേണുചെല്ലുവാൻ വേണ്ടി’’ (6:41,42).

‘അനിവാര്യ സമയത്ത് അല്ലാഹുവിന് പുറമെ ഒരാളോടും നിങ്ങൾ പ്രാർഥിക്കുകയില്ലെന്നും നിങ്ങളുടെ ബിംബങ്ങളും പകരക്കാരും നിങ്ങളെ വിട്ടൊഴിയുമെന്നുമാണ്’ ഇതിന്റെ താൽപര്യമെന്ന് ഇബ്‌നു കസീർ(റഹി) പറഞ്ഞിട്ടുണ്ട്.

അഹ്‌ലുസ്സുന്നഃ വൽജമാഅഃയിൽ പെട്ടവർ മതനിയമങ്ങൾക്ക് വിള്ളലേൽപിക്കാതെയും അവിശ്വാസത്തിന് കൂടൊരുക്കാതെയും ശരിയായ നിലപാടെടുക്കുന്നതോടൊപ്പം ‘നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ’ (2:286) എന്ന പ്രാർഥനയെ പരിചയാക്കുന്നവരുമാണ്.

ഇതിന്റെ വിശദീകരണമായി ഇബ്‌നു കസീർ പറയുന്നു: ‘നീയാണ് ഞങ്ങളുടെ രക്ഷാധികാരിയും സഹായിയും. നിന്നിൽ ഞങ്ങൾ ഭരമേൽപിക്കുന്നു. നീയാണ് സഹായിക്കുന്നവനും ആശ്രയവും. നീയല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല. നിന്റെ ദീനിനെയും ഏകത്വത്തെയും നുബുവ്വത്തിനെയും എതിർത്ത്, നീയല്ലാത്തവരെ ആരാധിച്ച്, അടിമകളെ നിന്റെ കൂടെ പങ്കുചേർത്തവർക്കുമേൽ നീ ഞങ്ങളെ സഹായിക്കണേ.’