വ്യഭിചാരത്തിലേക്ക് നയിക്കുന്ന ചില കാര്യങ്ങൾ

അബൂ ആമിർ

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

വിവാഹം എന്ന സംവിധാനം നിശ്ചയിച്ചുതന്നതും അതിൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞതും അല്ലാഹുവാണ്. അത് കാരണം, വിവാഹം എന്ന സംവിധാനത്തിന് എതിരാകുന്നതും അതിന്റെ മൂല്യങ്ങളെ അട്ടിമറിക്കുന്നതുമായ എല്ലാറ്റിനെയും അവൻ വിലക്കി. അല്ലാഹു അനുവദിച്ച രീതിയിലും വിവാഹത്തിലടങ്ങിയ മൂല്യങ്ങളും യുക്തിയും അന്വർഥമാക്കുന്ന മാർഗത്തിലൂടെയുമല്ലാതെ തങ്ങളുടെ ലൈംഗിക വികാരങ്ങൾ ശമിപ്പിക്കുകയില്ല എന്നത് സത്യവിശ്വാസിയുടെ ഒരു സുപ്രധാന ലക്ഷണമാണ്. അല്ലാഹു പറയുന്നു:

“തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോൾ അവർ ആക്ഷേപാർഹരല്ല. എന്നാൽ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവർ തന്നെയാണ് അതിക്രമകാരികൾ’’ (മുഅ്മിനൂൻ 5-7, മആരിജ് 29-31).

അതിനാൽ, തന്റെ വികാരങ്ങളെ ‘കാത്തുസൂക്ഷിക്കുന്ന’തിന് വിഘാതമാകുന്നതും തന്റെ ഇണയ്ക്ക് മാത്രം സമർപ്പിക്കുന്നതിന് എതിര് നിൽക്കുന്നതുമായ എല്ലാ ലൈംഗികവൃത്തികളും വിലക്കപ്പെട്ടതാണ്. അത്തരം ചെയ്തികൾ വിവാഹജീവിതത്തിന് ഏൽപിക്കുന്ന ആഘാതങ്ങൾ പരിശോധിച്ചാൽ, അവ അതീവ ഗുരുതരവും മാറ്റാനൊക്കാത്തവയുമാണെന്ന് ബോധ്യപ്പെടും.

സുപ്രധാനമായ ഈ നിയമം മനസ്സിലാക്കിക്കഴിഞ്ഞാൽ, ലൈംഗികവൃത്തികളുമായി ബന്ധപ്പെട്ട് ഇസ്‌ലാം വിലക്കിയ പല വിഷയങ്ങളും മനസ്സിലാക്കാൻ എളുപ്പമാണ്.

വ്യഭിചാരം എന്നത് ഈ ജീവിതത്തിൽ വൻ വിപത്തുണ്ടാക്കുന്നതും ചെയ്തവന്ന് പരലോകത്ത് വെച്ച് കഠിനശിക്ഷ ലഭിക്കുന്നതുമായ ഒരു വൻപാപമാണ്. വിശിഷ്യാ, സമ്പൂർണ വ്യഭിചാരത്തിനാണ് ഇത് ബാധകമാവുക. സമ്പൂർണ വ്യഭിചാരം എന്നത് പുരുഷലിംഗം സ്ത്രീയുടെ യോനിയിലേക്ക് പൂർണമായും പ്രവേശിപ്പിച്ചുകൊണ്ടുള്ള വ്യഭിചാരമാണ്. എന്നാൽ, ഇസ്‌ലാം വ്യഭിചാരത്തെ മാത്രമല്ല വിലക്കുന്നത്. അതിലേക്ക് നയിക്കുന്ന എല്ലാറ്റിനെയും വിലക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

“നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു’’ (ഇസ്‌റാഅ് 32).

വ്യഭിചാരത്തിലേക്ക് സമീപിക്കുന്നതിനെ വിലക്കുന്നതിലൂടെ നോട്ടം, ശൃംഗാരം, സ്പർശനം, ചുംബനം തുടങ്ങി അതിലേക്ക് നയിക്കുന്ന സകല കുറ്റകൃത്യങ്ങളെയും വ്യക്തമായി വിലക്കുകയാണ് ചെയ്യുന്നത്.

വ്യഭിചാരത്തിന്റെ തലങ്ങൾ

വ്യഭിചാരത്തിന്റെ പ്രാരംഭ കൃത്യങ്ങൾ വിവരിച്ചശേഷം റസൂൽ ﷺ അവയെല്ലാം ശാരീരികാവയങ്ങൾ കൊണ്ട് ചെയ്യുന്ന സിനയുടെ രൂപങ്ങളായി എണ്ണി. അബൂഹുറയ്‌റ(റ) നിവേദനം. നബി ﷺ പറഞ്ഞു:

“ആദമിന്റെ സർവസന്താനങ്ങളുടെ മേലും വ്യഭിചാരത്തിൽനിന്നുള്ള ഒരു ഓഹരി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതവൻ കരസ്ഥമാക്കുകതന്നെ ചെയ്യും. അതിൽ അസംഭവ്യതയില്ല. കണ്ണിന്റെ വ്യഭിചാരം നോട്ടമാണ്. കാതിന്റെ വ്യഭിചാരം കേൾവിയാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. വായയുടെ വ്യഭിചാരം ചുംബനമാണ്. കൈയ്യിന്റെ വ്യഭിചാരം പിടിക്കലാണ് (അല്ലെങ്കിൽ സ്പർശനമാണ്). കാലിന്റെ വ്യഭിചാരം (പാപത്തിലേക്കുള്ള) നടത്തമാണ്. മനസ്സ് (അല്ലെങ്കിൽ ഹൃദയം) അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അവയെ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യുന്നു’’(ബുഖാരി, മുസ്‌ലിം എന്നിവരുടെ റിപ്പോർട്ടുകൾ സംയോജിപ്പിച്ചത്).

ഈ ഹദീസിൽ പരാമർശിച്ച ചെയ്തികളൊന്നും തന്നെ സമ്പൂർണ വ്യഭിചാരത്തിന് സമമല്ല. സമ്പൂർണ വ്യഭിചാരത്തിന് നൽകുന്ന ഭൗതിക ശിക്ഷ ഇവക്ക് ബാധകമല്ല. എന്നാൽ, അവയെ ശ്രദ്ധിക്കാതെ വിടുകയാണെങ്കിൽ ആത്യന്തികമായി അതിലേക്ക് നയിക്കും.

നിയമവിരുദ്ധമായ നോട്ടം കണ്ണിന്റെ വ്യഭിചാരം

കണ്ണിന്റെ വ്യഭിചാരം നോട്ടമാണെന്ന് നാം മുമ്പ് കണ്ടു. അബൂമൂസൽ അശ്അരി(റ) ഉദ്ധരിക്കുന്നു: റസൂൽ ﷺ പറഞ്ഞു:

“എല്ലാ കണ്ണുകളും വ്യഭിചരിക്കും. ഒരു സ്ത്രീ സുഗന്ധം പൂശിയ ശേഷം (പുരുഷന്മാരുടെ) ഒരു സദസ്സിന് മുന്നിലൂടെ നടന്നുപോകുകയാണെങ്കിൽ, അവൾ ഇന്നയിന്ന രൂപത്തിലുള്ളവളാണ് (അഥവാ വ്യഭിചാരിണിയാണ്)’’ (തിർമിദി. ഹസൻ ആണെന്ന് അൽബാനി വിശദീകരിച്ചു).

കുറ്റകൃത്യത്തിൽ സഹകരിക്കുകയോ, ഒരു വിശ്വാസിയെ പ്രലോഭിപ്പിക്കാൻ സഹായിക്കുകയോ ചെയ്യുന്നവർക്ക് പാപത്തിന്റെ ഒരു ഓഹരിയുണ്ടെന്ന് ഇത് തെളിയിക്കുന്നു.

അതിനാൽ, മറ്റുള്ളവർ കാണുംവിധം ഔറത്ത് വെളിവാക്കുന്നത് വ്യഭിചാരത്തിന്റെ ചില തലങ്ങളിലേക്കുള്ള വ്യക്തമായ ക്ഷണമാണ്. അതുകൊണ്ട് തന്നെ, ഔറത്ത് വെളിവാക്കുന്നത് വലിയൊരു പാപവും ശിക്ഷാർഹമായ ഒരു കുറ്റകൃത്യവുമാണ്. നഗ്നതയും ആഭാസങ്ങളും നിർമിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും പല രൂപത്തിലും സഹായിക്കുന്നവർക്ക് ഈ താക്കീത് ബാധകമാണ്. പത്രമാസികകൾ, ടെലിവിഷൻ, സിനിമ, തിയേറ്ററുകൾ, നിശാക്ലബ്ബുകൾ, നീന്തൽ ക്ലബ്ബുകൾ, സൗന്ദര്യപ്രദർശനങ്ങൾ, ഇന്റർനെറ്റ് സൈറ്റുകൾ, പരസ്യങ്ങൾ, കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവ ഇതിലുൾപെടും.

ദൃഷ്ടികൾ താഴ്ത്തുന്നതിന്റെ അനിവാര്യത

നിഷിദ്ധമായ ഔറത്തുകളിലേക്കുള്ള നോട്ടാണ് കണ്ണിന്റെ വ്യഭിചാരമെന്ന് നാം മുമ്പ് കണ്ടു. അത് കാരണം, തങ്ങളുടെ ദൃഷ്ടികളെ നിയന്ത്രിക്കാൻ അല്ലാഹു വിശ്വാസിളോട് കൽപിച്ചു. അവൻ പറയുന്നു:

“(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’ (അന്നൂർ:30).

നാം മുമ്പ് കണ്ടതുപോലെ, അല്ലാഹു സത്യവിശ്വാസിനികളോടും ഇത് തന്നെ കൽപിക്കുന്നുണ്ട്. ‘ദൃഷ്ടികൾ താഴ്ത്തുക’ എന്നതിന്നർഥം അവന് (അല്ലെങ്കിൽ അവൾക്ക്) ആവശ്യമുള്ളത്ര മാത്രം നോക്കുക, അതല്ലെങ്കിൽ തന്റെ മുന്നിലുള്ളയാളെ തിരിച്ചറിയുന്നതിന്ന് വേണ്ടി മാത്രം നോക്കുക എന്നതാണ്.

തുറിച്ചുനോട്ടം നിഷിദ്ധം

ശാരീരികാവയവങ്ങളിൽ പെട്ട, നോക്കാൻ അനുവദിച്ച ഭാഗങ്ങളിലാണെങ്കിൽ പോലും തുറിച്ചുനോക്കൽ നിഷിദ്ധമാണ്. സ്ത്രീയുടെ മുഖവും പുരുഷന്റെ നെഞ്ചും ഇതിന് ഉദാഹരണമാണ്. തുറിച്ചുനോട്ടത്തോടൊപ്പം ശൈത്വാന്റെ ദുർമന്ത്രം വരും. അവൻ അതിനെ ലൈംഗികവികാരം ഉത്തേജിപ്പിക്കുന്ന രൂപത്തിൽ തോന്നിപ്പിക്കുകയും വസ്ത്രങ്ങൾക്കുള്ളിലുള്ളതിനെ ഭാവനയിൽ രൂപപ്പെടുത്തുകയും ചെയ്യും. അത് കാരണം, ആദ്യത്തെ നോട്ടം മാത്രമേ ഒരാൾക്ക് അനുവദിച്ചിട്ടുള്ളൂ. ശേഷമുള്ള നോട്ടങ്ങൾ പാപമാണ്.

ബുറയ്ദ(റ) നിവേദനം; നബി ﷺ അലി(റ)യോട് പറഞ്ഞു: “ഓ അലി, ഒരു നോട്ടത്തെ മറ്റൊരു നോട്ടം കൊണ്ട് നീ പിന്തുടർത്തരുത്. എന്തെന്നാൽ, ഒന്നാമത്തേത് നിനക്കുള്ളതാണ്. അടുത്തത് നിനക്കുള്ളതല്ല’’ (അഹ്‌മദ്, നസാഈ, സ്വഹീഹാണെന്ന് അൽബാനി പ്രസ്താവച്ചു).

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, റസൂൽ ﷺ തന്റെ പിതൃവ്യപുത്രനായ അലി(റ)യോടാണ് ഇത് പറയുന്നത്. അദ്ദേഹമാകട്ടെ, സച്ചരിതരായ നാല് ഖലീഫമാരിൽപെട്ടയാളും സ്വർഗം കൊണ്ട് സന്തോഷവാർത്ത അറയിക്കപ്പെട്ട പത്ത് പേരിൽ ഒരാളുമാണ്. തുറിച്ചുനോട്ടം കൊണ്ടുണ്ടാകുന്ന ലൈംഗികവികാരങ്ങളെ പ്രതിരോധിക്കാൻ തനിക്ക് സാധിക്കുമെന്ന് ആരെങ്കിലും സ്വയം വാദിക്കുകയാണെങ്കിൽ, മറ്റാരെക്കാളുമുപരി അവൻ സ്വന്തത്തെ തന്നെയാണ് വഞ്ചിക്കുന്നത് എന്ന് മനസ്സിലാക്കുക. (തുടരും)