രോഗങ്ങൾ എന്തുകൊണ്ട്?

ഡോ. ടി. കെ യൂസുഫ്

2022 ഡിസംബർ 17, 1444 ജുമാദുൽ ഊല 22

രോഗങ്ങൾ അല്ലാഹുവിന്റെ പരീക്ഷണമാണ്. ഒരാളുടെ വിശ്വാസത്തിന്റെ ആഴമളക്കുന്നതിനും ദൈവവിധിയിലുളള അവന്റെ കാഴ്ചപ്പാട് പരിശോധിക്കുന്നതിനും വേണ്ടി അല്ലാഹു മനുഷ്യരെ പലവിധ രോഗങ്ങൾകൊണ്ടും പരീക്ഷിച്ചേക്കാം. ആരെങ്കിലും തന്നെ ബാധിക്കുന്ന രോഗങ്ങളെ ക്ഷമാപൂർവം നേരിട്ടാൽ അതുമൂലം അവന് തന്റെ പാപങ്ങളിൽനിന്ന് മുക്തിനേടാനും പരലോകത്തുവച്ച് അല്ലാഹുവിന്റെ പ്രതിഫലം കരസ്ഥമാക്കാനും സാധിക്കും. എന്നാൽ മാറാരോഗങ്ങളുടെ പിടിയിലകപ്പെട്ടവർ വിധിയെ പഴിച്ചും മറ്റുളളവരെ പഴിചാരിയും കഴിഞ്ഞുകൂടിയാൽ തങ്ങളുടെ രോഗം ശമിപ്പിക്കാനോ വിധിയെ തിരുത്തിക്കുറിക്കാനോ അവർക്കാവുകയില്ല. തന്നെയുമല്ല, ഈലോകത്ത് അവരുടെ ജീവിതം നരകതുല്യമായിത്തീരുകയും അവർ ദൈവകോപത്തിന് പാത്രമാവുകയും ചെയ്യും.

ആധുനിക വൈദ്യശാസ്ത്രപ്രകാരം ഒരാൾക്ക് രോഗം ബാധിക്കുന്നത് രോഗാണുക്കളുടെ ആക്രമണംകൊണ്ടോ, അമിതഭോജനം മുലമോ, പോഷകാഹാരത്തിന്റെ അപര്യാപ്തതകൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങൾകൊണ്ടോ ആണ്. എന്നാൽ ഇത്തരം ഭൗതിക കാരണംകൊണ്ട് മാത്രം ഒരാൾ രോഗിയായിത്തീരുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. രോഗാണുക്കളുടെ കൂത്തരംഗായ വൃത്തിഹീനമായ ചുറ്റുപാടുകളിൽ അലഞ്ഞുതിരിഞ്ഞ് ജീവിക്കുന്ന തെരുവുമക്കളിൽ പലരും മെച്ചപ്പെട്ട ആരോഗ്യമുളളവരാണ്. അവർ രോഗികളായി മാറാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവർക്ക് രോഗപ്രതിരോധ ശേഷിയുളളതുകൊണ്ട് എന്ന മറുപടിയാണ് വൈദ്യശാസ്ത്രം നൽകുന്നത്. എന്നാൽ എവിടെനിന്നാണ് അവർക്ക് ഈ അസാമാന്യ രോഗപ്രതിരോധശക്തി ലഭിച്ചത് എന്ന് ചോദിച്ചാൽ അതവർക്ക് പാരമ്പര്യമായി കിട്ടിയതാണ് എന്ന ഉത്തരമാണുളളത്. അതുപോലെ ഒരാൾ ജനിതക കാരണങ്ങളാൽ രോഗിയായി മാറുന്നതിനെക്കുറിച്ച് ചോദിച്ചാലും ആധുനിക ഭിഷഗ്വരന്മാർക്ക് തൃപ്തികരമായ മറുപടിയൊന്നും പറയാനില്ല, വൈദ്യശാസ്ത്രത്തിലെ തലയിലെഴുത്ത് എന്നു പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയാണ് ചെയ്യാറുള്ളത്.

രോഗം വരുമ്പോൾ അത് ബാധിക്കാനുളള ഭൗതിക കാരണങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറുണ്ട്. എന്നാൽ രോഗത്തിനു പിന്നിൽ വല്ല ധാർമിക കാരണവുമുണ്ടോ എന്ന് അധികമാരും ചിന്തിക്കാറില്ല. ഒരാൾ രോഗിയായി മാറുന്നത് ഒരളവോളം അവന്റെതന്നെ കുഴപ്പം കൊണ്ടാണ്. പുകവലി, മദ്യപാനം, വഴിവിട്ട ലൈംഗിക ബന്ധങ്ങൾ എന്നീ കാരണങ്ങൾകൊണ്ട് ഒരാൾ രോഗിയായിത്തീരുന്നത് അവന്റെ തന്നെ തെറ്റുകൊണ്ടാണല്ലോ. നമ്മുടെ തെറ്റുകൾ രോഗത്തിന് വഴിവയ്ക്കുമെന്നാണ് ചില ക്വുർആൻ സൂക്തങ്ങളും പ്രവാചകവചനങ്ങളും സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

“നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു’’ (ശൂറാ:30).

ഇബ്‌റാഹീം നബി(അ) തന്റെ രക്ഷിതാവിനെ പരിചയപ്പെടുത്തിക്കൊണ്ട് രക്ഷിതാവിന്റെ ഗുണഗണങ്ങൾ പറയുന്നിടത്ത് ഇപ്രകാരം കാണാം:

“അവനാണ് എന്നെ സൃഷ്ടിച്ചത്, അവനാണ് എനിക്ക് മാർഗദർശനം നൽകുന്നത്, അവനാണ് എനിക്ക് ആഹാരം നൽകുകയും കുടിനീർ നൽകുകയും ചെയ്യുന്നത്. എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്’’ (ശുഅറാഅ് 78-80).

സൃഷ്ടിപ്പ് നടത്തുന്നതും മാർഗദർശനം നൽകുന്നതും അന്നപാനീയങ്ങൾ നൽകുന്നതും അല്ലാഹുവാണ് എന്ന് പറയുന്നുണ്ടെങ്കിലും അവനാണ് എനിക്ക് രോഗം നൽകുന്നത് എന്ന് പ്രത്യേകം പറയുന്നില്ല എന്നതിനാൽ ഈ ക്വുർആൻ വചനത്തിൽനിന്നും മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളുടെ കാരണം അവൻ തന്നെയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് ചിലർ വ്യഖ്യാനിച്ചിട്ടുണ്ട്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ. എല്ലാവരെയും ബാധിക്കുന്ന എല്ലാ രോഗങ്ങളും അങ്ങനെയാകില്ലെങ്കിലും ചിലരെ ബാധിക്കുന്ന ചില രോഗങ്ങളെങ്കിലും അങ്ങനെയാകുമെന്നതിൽ സംശയമില്ല.

പുകവലിക്കാരൻ ക്യാൻസർ രോഗിയാകുന്നതും, മദ്യപാനിക്ക് കരൾ സിറോസിസ് ബാധിക്കുന്നതും, ലൈംഗിക സദാചാരം പാലിക്കാത്തവൻ എയിഡ്‌സ് എന്ന മഹാമാരിയുടെ പിടിയിലമരുന്നതും അവന്റെതന്നെ ദുഷ്‌ചെയ്തികൊണ്ടാണ് എന്ന് നമുക്ക് വ്യാഖ്യാനിക്കാം. എന്നാൽ ഒരു മനുഷ്യന് എത്ര പാടുപെട്ടാലും പ്രതിരോധിക്കാനാത്ത പാരമ്പര്യ ജനിതക വൈകല്യങ്ങൾ കാരണമായുണ്ടാകുന്ന രോഗങ്ങൾ പിടിപെടുമ്പോൾ ദൈവിക പരീക്ഷണം എന്നല്ലാതെ മറ്റെന്ത് വ്യഖ്യാനം നൽകിയാണ് നമുക്ക് സമാധാനം കണ്ടെത്താൻ കഴിയുക?

രോഗം ഒരു ശാപമല്ല; അത് ഒരു പരീക്ഷണമാണ്. സൂക്ഷ്മവിശകലനത്തിൽ വിശ്വാസികൾക്ക് അത് ഒരു അനുഗ്രഹവുമായിരിക്കും. ജീവിതത്തിൽ എന്തെങ്കിലും രോഗം ബാധിക്കാത്തവർ വിരളമാണ്. ലോക ജനതയിൽ നല്ലൊരു ശതമാനവും രോഗങ്ങളോട് മല്ലടിച്ച് ഔഷധസേവയിൽ ജീവിക്കുന്നവരാണ്. അവരിൽ അധികപേരും അക്ഷമരും രോഗത്തിന്റെ ഭൗതിക-പാരത്രിക നേട്ടങ്ങളെക്കുറിച്ച് അജ്ഞരുമാണ്. ഇരുട്ട് ഉണ്ടെങ്കിൽ മാത്രമെ വെളിച്ചത്തിന്റെ വിലയറിയൂ എന്നതുപോലെ രോഗങ്ങൾ വരുമ്പോൾ മാത്രമെ ആരോഗ്യത്തിന്റെ വില അറിയുകയുളളൂ. എന്നാൽ രോഗങ്ങൾ പാപമോചനത്തിന് വഴിയൊരുക്കുമെന്നാണ് ഹദീസുകൾ സൂചിപ്പിക്കുന്നത്.

നബി ﷺ  പറഞ്ഞു: “ഒരു വിശ്വാസിയെ ബാധിക്കുന്ന എന്ത് ദീനവും ദുഃഖവും ദ്രോഹവും; എന്തിനേറെ മുള്ള് തറക്കുന്നത് പോലും-അതിലൂടെ അല്ലാഹു അവന്റെ പാപങ്ങൾ മായ്ച്ചുകളയുന്നു’’ (ബുഖാരി, മുസ്‌ലിം). ഇക്കാര്യം സൂചിപ്പിക്കുന്ന വേറെയും ഹദീസുകൾ ഉണ്ട്.

നബി ﷺ  ഒരിക്കൽ പനി ബാധിച്ച ഒരു ബന്ധുവിനെ സന്ദർശിച്ചു. അദ്ദേഹം ചോദിച്ചു: “അല്ലയോ ഉമ്മു മുസയ്യബ്, നിനക്കെന്തു പറ്റി? നീ എന്താണ് വിറക്കുന്നത്?’’ അവർ പറഞ്ഞു: “പനി, അല്ലാഹു അതിൽ അനുഗ്രഹിക്കാതിരിക്കട്ടെ.’’ അപ്പോൾ പ്രവാചകൻ ﷺ  പറഞ്ഞു: “നീ പനിയെ പഴിക്കരുത്. കാരണം അത് ആദമിന്റെ സന്തതിയുടെ പാപങ്ങളെ പോക്കും; ഉല ഇരുമ്പിന്റെ കീടം പോക്കുന്നതുപോലെ’’ (മുസ്‌ലിം).

രോഗങ്ങളിലൂടെ മാത്രമല്ല, ഒരാളുടെ ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലുമുള്ള എന്ത് പരീക്ഷണങ്ങളിലൂടെയും ഒരാളുടെ പാപങ്ങൾ പാടെ ഇല്ലാതാകും എന്ന് സൂചിപ്പിക്കുന്ന പ്രവാചക വചനങ്ങളുമുണ്ട്.

നബി ﷺ  പറഞ്ഞു: “വിശ്വാസിക്കും വിശ്വാസിനിക്കും തന്റെ ശരീരത്തിലും സന്താനത്തിലും സമ്പത്തിലും പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും. അങ്ങനെ അവൻ തന്റെമേൽ പാപങ്ങൾ ഒന്നും ഇല്ലാത്തരൂപത്തിൽ അല്ലാഹുവിനെ കണ്ടുമുട്ടും’’ (തിർമുദി).

ഒരു വിശ്വാസിയുടെ പാപങ്ങൾ ദൂരീകരിക്കാൻ വേണ്ടി അല്ലാഹുതന്നെ അവന് നൽകുന്ന മാർഗങ്ങളാണ് അവനെ ബാധിക്കുന്ന രോഗങ്ങൾ എന്നർഥം. പാപങ്ങൾ നിമിത്തമാണ് രോഗങ്ങൾ ബാധിക്കുന്നത് എന്നും രോഗങ്ങളിലൂടെ അല്ലാഹു അധികമായി പൊറുത്തുകൊടുക്കുമെന്നും പ്രവാചക വചനങ്ങളിൽ കാണാം.

നബി ﷺ  പറഞ്ഞു: “ഒരു നാഡിയും നേത്രവും അസ്വസ്ഥമാകുന്നില്ല; ഒരു പാപം നിമിത്തമല്ലാതെ. അതിനെക്കാൾ കൂടുതൽ അല്ലാഹു പൊറുത്ത് കൊടുക്കുന്നു’’ (ത്വബ്‌റാനി).

നാം ചെയ്യുന്ന തെറ്റുകൾക്കുളള ശിക്ഷ ഇഹലോകത്തുനിന്നുതന്നെ രോഗങ്ങളിലൂടെ ലഭിക്കുകയും അതുമൂലം നമുക്ക് പാരത്രിക ശിക്ഷയിൽനിന്നും രക്ഷപ്പെടുവാൻ സാധിക്കുകയും ചെയ്യും. തെറ്റുകൾക്ക് ദുനിയാവിൽനിന്നുതന്നെ ശിക്ഷ ലഭിക്കുന്നതാണ് ഉത്തമമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു തിരുവചനവും നമുക്ക് കാണാം.

നബി ﷺ  പറഞ്ഞു: “അല്ലാഹു തന്റെ ദാസന് നന്മ ഉദ്ദേശിച്ചാൽ അവന് ഇഹലോകത്തുവച്ചുതന്നെ ശിക്ഷ വേഗത്തിൽ നൽകും. അല്ലാഹു ഒരു അടിമക്ക് തിന്മ ഉദ്ദേശിച്ചാൽ അവന്റെ പാപത്തിന് നടപടിയെടുക്കാതിരിക്കുകയും അന്ത്യദിനത്തിൽ അത് അവന് പൂർണമായും നൽകുകയും ചെയ്യും’’ (തിർമുദി).

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം രോഗം പോലുളള വിപത്തുകളിലൂടെ വൃക്ഷത്തിലെ ഇലകൾ പൊഴിയുന്നതുപോലെ അവന്റെ പാപങ്ങൾ കൊഴിഞ്ഞുപോകും എന്നും തിരുനബി ﷺ  വ്യക്തമാക്കിയിട്ടുണ്ട്.

നബി ﷺ  പറഞ്ഞു: “ഒരു മുസ്‌ലിമിന് രോഗം പോലുളള ഒരു ഉപദ്രവവും ബാധിക്കുന്നില്ല, അല്ലെങ്കിൽ അതല്ലാത്തത് ബാധിക്കുന്നില്ല; അല്ലാഹു അവന്റെ തെറ്റുകൾ വീഴ്ത്തിയിട്ടല്ലാതെ, വൃക്ഷം അതിന്റെ ഇല പൊഴിക്കുന്നത് പോലെ’’ (ബുഖാരി).

നമ്മുടെ തന്നെ തെറ്റുകളാണ് പല രോഗങ്ങൾക്കും ഹേതുവാകുന്നത് എന്ന് നാം മനസ്സിലാക്കി. എന്നാൽ പാപരഹിതരായ പ്രവാചകന്മാർക്കും മറ്റു പുണ്യവാന്മാർക്കും രോഗങ്ങൾ വന്നിട്ടുണ്ടല്ലോ, അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുളള ഉത്തരം, അവർക്ക് അല്ലാഹു രോഗങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കൂടുതൽ പ്രതിഫലം നൽകാൻ ഉദ്ദേശിക്കുന്നുവെന്നതാണ്.

ഇഹലോകത്ത് യാതൊരു പരീക്ഷണവും കൂടാതെ സൗഖ്യമായി ജീവിക്കുന്നതിനെക്കാൾ ഭേദം പരീക്ഷണങ്ങൾ തരണം ചെയ്ത് ക്ഷമിച്ച് ജീവിക്കുന്നതാണ് പാരത്രിക ജീവിതത്തിന് ഉത്തമമായിട്ടുളളത്.

രോഗംകൊണ്ടുളള മറ്റൊരു ഗുണം ഒരാളുടെ ക്ഷമ വെളിപ്പെടുത്താനും തന്മൂലം അവന് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനും കഴിയും എന്നതാണ്. ക്ഷമിക്കുന്നവർക്ക് വളരെ വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. വല്ല രോഗമോ പരീക്ഷണമോ ബാധിക്കുമ്പോൾ മാത്രമാണ് നമുക്ക് കൂടുതൽ ക്ഷമ പ്രകടപ്പിക്കാൻ അവസരം ലഭിക്കുന്നത്.

ക്ഷമയിലൂടെ പ്രതിഫലം ആഗ്രഹിക്കുന്നവർ ഗ്രഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്ന് രോഗം അല്ലാഹു കണക്കാക്കിയതാണ് എന്ന തിരിച്ചറിവാണ്. ക്വുർആൻ പറയുന്നു:

“പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്’’ (9:51).

അല്ലാഹു മറ്റുളളവരെക്കാൾ കൂടുതൽ നമ്മെ സ്‌നേഹിക്കുന്നുണ്ട് എന്നും നമുക്ക് വല്ല വിപത്തും ബാധിച്ചിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ അല്ലാഹുവിന്റെ യുക്തിയുണ്ട് എന്നും നാം മനസ്സിലാക്കണം.

നബി ﷺ  പറഞ്ഞു: “അല്ലാഹു ആർക്കെങ്കിലും വല്ല നന്മയും ഉദ്ദേശിച്ചാൽ അവന് വിപത്ത് വരുത്തും’’ (ബുഖാരി).

ഒരു വിശ്വാസിക്ക് വല്ല വിപത്തും ബാധിക്കുന്നുവെങ്കിൽ അത് അല്ലാഹു അവനെ ഇഷ്ടപ്പെടുന്നതിന്റെ അടയാളമാണ്. എന്നാൽ ആപത്തുകളിൽ അക്ഷമ കാണിക്കുന്നവൻ തന്റെ വേദന വർധിപ്പിക്കുകയും പ്രതിഫലം നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

പ്രവാചകന്മാരും സജ്ജനങ്ങളും അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവരായതുകൊണ്ടാണ് കൂടുതൽ കഠിനമായി പരീക്ഷണങ്ങൾക്ക് വിധേയമായത്. താഴെ വരുന്ന ഹദീസ് ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്:

“ജനങ്ങളിൽ കഠിനമായി പരീക്ഷണം നേരിടേണ്ടിവരുന്നത് പ്രവാചകന്മാർക്കാണ്. പിന്നീട് ഉത്തമരായവർ... ഉത്തമരായവർ. ഒരു മനുഷ്യന്റെ മതത്തിന്റെ തോത് അനുസരിച്ചാണ് അവൻ പരീക്ഷിക്കപ്പെടുന്നത്. അവൻ മതത്തിൽ കാഠിന്യമുളളവനാണെങ്കിൽ പരീക്ഷണത്തിലും കാഠിന്യമുളളവനാകും. അവന്റെ മതത്തിൽ നൈർമല്യമുണ്ടെങ്കിൽ മതത്തിന്റെ തോത് അനുസരിച്ച് പരീക്ഷിക്കപ്പെടും. ഒരു ദാസനെ പരീക്ഷണം ബാധിച്ചുകൊണ്ടേയിരിക്കും. അങ്ങനെ അവൻ തന്റെമേൽ തെറ്റുകളൊന്നുമില്ലാതെ ഭൂമിയിലൂടെ നടക്കും’’(തിർമുദി).

സൃഷ്ടികളിൽ ഉത്തമരായ അന്ത്യപ്രവാചകന് പോലും കഠിനമായ പരീക്ഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ആഇശ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെക്കാളും വേദന കഠിനമായ ഒരാളെയും ഞാൻ കണ്ടിട്ടില്ല’’ (ബുഖാരി).

വിശ്വാസികൾക്ക് പരീക്ഷണങ്ങൾ കഠിനമാകുന്നതിനനുസരിച്ച് പ്രതിഫലവും ഇരട്ടിയാകും.

അബൂസഈദിൽ ഖുദ്‌രി(റ)യിൽനിന്ന് നിവേദനം: “ഞാൻ പ്രവാചകന്റെ ﷺ  അടുക്കൽ പ്രവേശിച്ചു. അദ്ദേഹം കഠിനമായ പനി കാരണം പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ മേൽ കൈ വെച്ചു. അപ്പോൾ പുതപ്പിന് മുകളിലേക്ക് പോലും എന്റെ കയ്യിൽ ചൂട് അനുഭവപ്പെട്ടു. ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അത് താങ്കളുടെ മേൽ എത്ര കഠിനമാണ്.’ അദ്ദേഹം പറഞ്ഞു: ‘ഞങ്ങൾ അപ്രകാരമാണ്. ഞങ്ങൾക്ക് പരീക്ഷണം ഇരട്ടിയാകും. ഞങ്ങൾക്ക് പ്രതിഫലവും ഇരട്ടിയാകും.’ ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, പരീക്ഷണങ്ങളിൽ ഏറ്റവും ശക്തമായത് ജനങ്ങളിൽ ആർക്കാണ്?’ അദ്ദേഹം പറഞ്ഞു: ‘പ്രവാചകന്മാർ.’ ഞാൻ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, പിന്നെ ആരാണ്?’ അദ്ദേഹം പറഞ്ഞു: ‘സജ്ജനങ്ങൾ. അവരിൽ ഒരാൾ ദാരിദ്ര്യംകൊണ്ട് പരീക്ഷിക്കപ്പെടും. എത്രത്തോളമെന്നാൽ അവരിലോരാൾക്ക് ഉടുതുണിയല്ലാതെ ഉണ്ടാകുകയില്ല. അവരിലൊരാൾ പരീക്ഷണം കൊണ്ട് സന്തോഷിക്കും. സമൃദ്ധികൊണ്ട് സന്തോഷിക്കുന്നതുപോലെ’’ (ഇബ്‌നുമാജ).

ഒരു സ്ത്രീ നബി ﷺ യുടെ അടുക്കൽ വന്നു. എന്നിട്ട് അവർ പറഞ്ഞു: ‘എനിക്ക് അപസ്മാരം വരുന്നു. എന്റെ വസ്ത്രം നീങ്ങിപ്പോകുന്നു. അതുകൊണ്ട് താങ്കൾ എനിക്കുവേണ്ടി പ്രാർഥിക്കണം.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘നീ ഉദ്ദേശിക്കുന്നുവെങ്കിൽ-നീ ക്ഷമിക്കുകയാണെങ്കിൽ- നിനക്ക് സ്വർഗമുണ്ട്. നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിനക്ക് സുഖമാവാൻ ഞാൻ അല്ലാഹുവിനോട് പ്രാർഥിക്കാം.’ അപ്പോൾ അവൾ പറഞ്ഞു: ‘ഞാൻ ക്ഷമിക്കാം’ (ബുഖാരി, മുസ്‌ലിം).

അന്ധനായ ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഇവിടെ വെച്ച് അയാളുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നുണ്ടെങ്കിലും ക്ഷമിക്കുകയാണെങ്കിൽ അയാൾക്ക് പരലോകത്ത് സ്വർഗം കരസ്ഥമാക്കാനാകും. ഒരു ക്വുദ്‌സിയായ ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്:

“അല്ലാഹു പറയുന്നു: എന്റെ ദാസനെ ഞാൻ അവന്റെ രണ്ട് പ്രിയപ്പെട്ടതുകൊണ്ട് -അതായത് അവന്റെ രണ്ട് കണ്ണുകൾ കൊണ്ട്-പരീക്ഷിച്ചു. എന്നിട്ട് അവൻ ക്ഷമിച്ചു. അവന് അതിന് രണ്ടിനും പകരമായി ഞാൻ സ്വർഗം നൽകും’’ (ബുഖാരി).

ഒരു വിശ്വാസിക്ക് ക്ഷമയിലൂടെ വമ്പിച്ച പ്രതിഫലമാണ് ലഭിക്കുന്നത്. ക്ഷമ പ്രകടിപ്പിക്കുന്നതിനും അതിലൂടെ പ്രതിഫലം കരസ്ഥമാക്കുന്നതിനും രോഗങ്ങൾ നിമിത്തമായിത്തീരും. അയ്യൂബ് നബി(അ)യുടെ ചരിത്രം അതാണ് വ്യക്തമാക്കുന്നത്.

അയ്യൂബ് നബി(അ) പരീക്ഷണത്തിൽ ക്ഷമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ക്വുർആൻ അക്കാര്യം വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

“അയ്യൂബിനെയും (ഓർക്കുക). തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ച സന്ദർഭം: ‘എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽവെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.’ അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നൽകുകയും ചെയ്തു. നമ്മുടെ പക്കൽനിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവർക്ക് ഒരു സ്മരണയുമാണത്. ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുൽകിഫ്‌ലിനെയും (ഓർക്കുക) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു’’ (അൻബിയാഅ് 83-85).

നമ്മുടെ കർമങ്ങൾകൊണ്ട് എത്തിപ്പെടാൻ പറ്റാത്ത ഉന്നതമായ പദവികളിൽ പരലോകത്ത് നമുക്ക് എത്തിപ്പെടാൻ രോഗബാധയിൽ ക്ഷമിക്കുന്നതിലൂടെ സാധിക്കും. ഈ വസ്തുത മനസ്സിലാക്കുകയാണെങ്കിൽ രോഗികൾ ഒരിക്കലും ദുഃഖിക്കുകയില്ല. രോഗംകൊണ്ട് പ്രതിഫലം ലഭിക്കും എന്നതിലുപരി ആരോഗ്യമുളള സമയത്ത് ചെയ്തിരുന്ന കർമങ്ങൾ അവർക്ക് രേഖപ്പെടുത്തപ്പെടുകയും ചെയ്യും.

നബി ﷺ  പറഞ്ഞു: “ഒരു ദാസൻ രോഗിയായാൽ, അല്ലെങ്കിൽ യാത്ര പോയാൽ അവൻ ആരോഗ്യത്തോടെ നാട്ടിൽ താമസിക്കുന്ന സമയത്തുളള കർമങ്ങൾക്കുളള പ്രതിഫലം അവന് രേഖപ്പെടുത്തും’’ (ബുഖാരി).

രോഗങ്ങൾ മനുഷ്യരെ കൂടുതൽ വിനീതരാക്കുകയും അവരുടെ ദൗർബല്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും തന്മൂലം പ്രാർഥനയിലേക്കും അല്ലാഹുവിലേക്ക് അഭയം തേടുന്നതിലേക്കും എത്തിക്കുകയും ചെയ്യും. രോഗം വരുമ്പോൾ അല്ലാഹുവിലേക്ക് അഭയം തേടുകയാണ് വേണ്ടത്.

“അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവുംകൊണ്ട് നാം പിടികൂടി; അവർ വിനയശീലരായിത്തീരുവാൻവേണ്ടി’’ (അൽഅൻആം 42).

രോഗം കൊണ്ടുളള മറ്റൊരു ഗുണം അത് മനുഷ്യന്റെ അഹങ്കാരവും മതിപ്പും പൊങ്ങച്ചവും ഇല്ലാതാക്കുന്നു എന്നതാണ്. ആരോഗ്യ സുസ്ഥിതി തുടർന്നാൽ അവൻ അതിരുകവിയുകയും ധിക്കാരിയായിത്തീരുകയും ചെയ്യും. രോഗങ്ങൾ വരുന്നതോടുകൂടി അവന്റെ ദൗർബല്യം അവന് ബോധ്യപ്പെടും. രോഗങ്ങൾ വന്നില്ലെങ്കിൽ മനുഷ്യന് ധിക്കാരവും അഹന്തയും വർധിക്കുമെന്നത് ഒരു വസ്തുതയാണ്. രോഗങ്ങളില്ലാതെ ധിക്കാരിയാകുന്നതിലും ഭേദം രോഗബാധ നിമിത്തിം അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നതല്ലേ? രോഗം മനുഷ്യരിൽ ഒരു സമത്വബോധവും ഉണ്ടാക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാ തട്ടിലുമുളള വ്യക്തികൾക്കും രോഗം ബാധിക്കുന്നതായി നാം കാണുന്നു.