സാഹസികതയുടെ ഇസ്‌ലാമികമാനങ്ങള്‍

സി.ടി. അഹ്‌മദ് കബീര്‍ ഒതായി

2022 ഫെബ്രുവരി 19, 1442 റജബ്  18

ആവശ്യാനുസാരം ഉപയോഗിക്കാവുന്ന ഒരു വാടകവാഹനം പോലെയാണ് മനുഷ്യശരീരം. നിശ്ചിതമായ ആയുഷ്‌ക്കാലത്തിനിടയ്ക്ക് ആത്മാവിനെ സൂക്ഷിക്കാനായി അതിന്റെ സ്രഷ്ടാവ് സംവിധാനിച്ച സൗകര്യപ്രദമായ ഒരു സംവിധാനമാണത്. വാടകവാഹനം പോലെത്തന്നെ കേടുപാടുകള്‍ക്ക് ഉത്തരവാദി വാടകയ്ക്ക് വാങ്ങിയവന്‍ തന്നെയാണ് ഇവിടെയും.

‘സ്വയം നാശത്തിലകപ്പെടുന്നതും മറ്റുള്ളവര്‍ക്ക് നാശമുണ്ടാക്കുന്നതും' വിരോധിക്കുന്ന (ഇബ്‌നുമാജ, ദാറഖുത്വ്‌നി) പ്രസിദ്ധമായ നബിവചനത്തിന്റെ വിശദീകരണ പരിധിയിലും ഇതിലുള്ള അസാംഗത്യത്തെ അടുത്തറിയാവുന്നതാണ്.

സാക്ഷ്യവാക്യം ചൊല്ലിയവര്‍ക്ക് വിശ്വാസപരമായ മേ ല്‍വിലാസം നല്‍കുകയും ചിട്ടയും സമയക്രമവും സമംചേര്‍ത്ത കര്‍മസരണി നിശ്ചയിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. മിതത്വം കൈവിടാതെ ജീവിതസന്ധാരണം നടത്തുന്ന വ്യക്തിയുടെ മാനസികോല്ലാസത്തിനും ആഹ്ലാദത്തിനും പക്വതയുടേയും പാകതയുടെയും പരിധി നിശ്ചയിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തോടും അതിലെ സര്‍വ ചരാചരങ്ങളോടും കടപ്പാടും കനിവും കാണിക്കാന്‍ കൃത്യമായ നിഷ്‌കര്‍ഷയുടെ പാഠങ്ങളാണ് അത് പകര്‍ന്നു നല്‍കുന്നത്. യാത്രകളും യാത്രാമര്യാദകളും എന്തിനേറെ, ദേശാന്തരങ്ങളുടെ അന്യതയില്‍ മുസ്‌ലിം ഉരുവിടേണ്ട പ്രത്യേകമായ പ്രാര്‍ഥനകള്‍ പോലും അതിന്റെ അധ്യാപനങ്ങളുടെ ഭാഗമാണ്.

 

രണ്ടു മലകള്‍ക്കിടയില്‍ കുറുകെ കെട്ടിയ കയറിന്മേല്‍ നടക്കുന്നതും അപകടകരമായ ചെങ്കുത്തിലൂടെ അള്ളിപ്പിടിച്ചു കയറുന്നതും മരണം മണക്കുന്ന മോട്ടോര്‍ വാഹനയോട്ട മത്സരങ്ങളും സൈക്കിള്‍ റൈഡുകളും വിഷജീവികളുടെ കൂടെ സഹവസിക്കുന്നതും ഹിംസ്രജന്തുക്കളുടെ സങ്കേതങ്ങളിലൂടെ സാഹസിക സഞ്ചാരം നടത്തുന്നതും ആധുനിക ‘അഡ്വഞ്ചര്‍'യുഗത്തിന്റെ പതിവുദൃശ്യങ്ങളാണ്.

മഞ്ഞുറഞ്ഞ ഗിരിശൃംഖങ്ങളും ഉത്തര-ദക്ഷിണ ധ്രുവങ്ങളും ലാവാസജീവമായ അഗ്‌നിപര്‍വതങ്ങളും ഭീഭത്സമായ പാതാള തുരങ്കങ്ങളും ആഴക്കടലുകളുടെ അഗാധതകളും മാത്രമല്ല; മേഘപടലങ്ങള്‍ക്കപ്പുറമുളള ശൂന്യാകാശം പോലും ഇതില്‍നിന്നൊഴിവല്ല.

പേരും പെരുമയും ഗിന്നസ് ബുക്കിലെ പ്രശസ്തിയും ‘റീച്ചും ലൈക്കു'മെല്ലാമാണിവിടെ ലക്ഷ്യമാക്കപ്പെടുന്നത്. അത്യുത്സാഹവും ഉല്ലാസഭരിതമായ ഭ്രാന്താവേശവും അചിന്ത്യമായ അവസ്ഥകളിലേക്കാണ് ഇത്തരക്കാരെ കൊണ്ടെത്തിക്കുന്നത്.

ജലജീവികളാലും കാട്ടുമൃഗങ്ങളാലും ജീവഹാനി വന്നവരും അംഗഭംഗം വന്നവരും ഒഴുക്കില്‍ പെട്ടു മുങ്ങിത്താണവരും ചെളിയില്‍ പൂണ്ടും മലമുകളിലില്‍നിന്നു തെന്നിവീണും അഗാധ ഗര്‍ത്തങ്ങളില്‍ അകപ്പെട്ടുമെല്ലാം  ശ്വാസം നിലച്ചവരും നിരവധിയാണ്. പ്രശസ്തിയുടെ പ്രേരണയാലുള്ള ഉന്മത്തതയും സാഹസഭരിതമായ മനോനിലയുമാണ് ഇവര്‍ക്കെല്ലാം വിനയായത്.

ഇസ്‌ലാമിക വീക്ഷണത്തില്‍ സ്വശരീരം സംരക്ഷിക്കുക എന്ന ബാധ്യതകൂടി ഇസ്‌ലാമിക ശരീഅത്തിന്റെ ശാസനയില്‍ ഉള്‍പ്പെടുന്നു. ദേഹത്തിന് കേടുപാടുകള്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബോധപൂര്‍വം ഏര്‍പ്പെടുന്നത് ദൈവകോപത്തിന് വിധേയമാകുന്ന പാതകമായി ഗണിക്കപ്പെടുകയും ചെയ്യുന്നു. ‘നിങ്ങള്‍ സ്വയം നാശത്തിലേക്ക് എടുത്തു ചാടരുത്' (2:195) എന്ന ക്വുര്‍ആനിക ശാസന അതിലേക്ക് വിരല്‍ചൂണ്ടുന്നു.

പ്രസ്തുത വചനത്തിന്റെ വ്യാഖ്യാനമായി ശൈഖ് അബ്ദുറഹ്‌മാന്‍ നാസ്വിറുദ്ദീന്‍ അസ്സഅദിയുടെ വാചകങ്ങള്‍: ‘‘...തന്റെ കഴിവുകേട് മനസ്സിലാക്കാതെ താന്‍ ഏര്‍പ്പെടുന്ന സംഘട്ടനങ്ങളും ഭീതിത മേഖലകളിലൂടെയുള്ള യാത്രകളും ഇഴജന്തുക്കളും വന്യമൃഗങ്ങളുമുള്ള പ്രദേശങ്ങളില്‍ പോകുന്നതും അപകടകരമായ മരങ്ങളിലോ കെട്ടിടങ്ങളിലോ കയറുന്നതും അതല്ലെങ്കില്‍ അപകടം പതിയിരിക്കുന്ന പ്രതലങ്ങളില്‍ പ്രവേശിക്കുന്നതുമെല്ലാം ‘സ്വയം നാശത്തിലേക്ക് എടുത്തു ചാടുക'യെന്നതില്‍പെടുന്നു...''

ആവശ്യാനുസാരം ഉപയോഗിക്കാവുന്ന ഒരു വാടകവാഹനം പോലെയാണ് മനുഷ്യശരീരം. നിശ്ചിതമായ ആയുഷ്‌ക്കാലത്തിനിടയ്ക്ക് ആത്മാവിനെ സൂക്ഷിക്കാനായി അതിന്റെ സ്രഷ്ടാവ് സംവിധാനിച്ച സൗകര്യപ്രദമായ ഒരു സംവിധാനമാണത്. വാടകവാഹനം പോലെത്തന്നെ കേടുപാടുകള്‍ക്ക് ഉത്തരവാദി വാടകയ്ക്ക് വാങ്ങിയവന്‍ തന്നെയാണ് ഇവിടെയും.

‘സ്വയം നാശത്തിലകപ്പെടുന്നതും മറ്റുള്ളവര്‍ക്ക് നാശമുണ്ടാക്കുന്നതും' വിരോധിക്കുന്ന (ഇബ്‌നുമാജ, ദാറഖുത്വ്‌നി) പ്രസിദ്ധമായ നബിവചനത്തിന്റെ വിശദീകരണ പരിധിയിലും ഇതിലുള്ള അസാംഗത്യത്തെ അടുത്തറിയാവുന്നതാണ്.

ദൈവിക വിധിവിലക്കുകളോടുള്ള വെല്ലുവിളി

‘‘ഏഴു ഭൂഖണ്ഡങ്ങളിലായി നാല്‍പതിലധികം പര്യവേഷണങ്ങള്‍ നടത്തിയവളാണ് ഞാന്‍...ദീര്‍ഘനേരം ഞാനൊരു പര്‍വതത്തില്‍ കുടുങ്ങിപ്പോയി, എന്റെ പുരികങ്ങള്‍ കൊഴിഞ്ഞുപോയി, എന്നിട്ടും ആ ഇ-മെയില്‍ അയക്കുന്നത് എന്റെ ജീവിതത്തിലെ ഭയാനകമായ നിമിഷങ്ങളില്‍ ഒന്നായിരിന്നു...''

ഒരു പ്രമുഖ ഇസ്‌ലാമിക രാജ്യത്തിന്റെ പൗരയും അടുത്ത കാലത്ത് എവറസ്റ്റ് കീഴടക്കിയതായി വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത ഒരു മുസ്‌ലിം വനിതയുടെ വാചകങ്ങളാണ് മുകളില്‍. സ്ത്രീയുടെ സഹയാത്രികര്‍ ആരായിരിക്കണമെന്നും യാത്രാമര്യാദകള്‍ ഏതെല്ലാമാണെന്നും തിരിച്ചറിയുന്നതിനപ്പുറം, പ്രസ്തുത വിധിവിലക്കുകളുടെ സാന്നിധ്യത്തെ പോലും പരിചയമില്ലാത്തവരാണ് ഇത്തരക്കാരിലെ ഒട്ടേറെയും.

ആരാധനാകര്‍മങ്ങള്‍ പാഴാക്കപ്പെടുന്നു

അനിവര്യമായ യാത്രകള്‍ക്ക് നിര്‍ബന്ധ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് വിശ്വാസിയുടെ ആരാധനാ കാര്യങ്ങളില്‍ ഇസ്‌ലാം അനുവദിക്കുന്ന സൗകര്യപ്രദമായ ഇളവുകളെ കുറിച്ചോ, സമയാസമയങ്ങളില്‍, ഓരോ മുസ്‌ലിമും വ്യക്തിപരമായി സ്വീകരിക്കുന്ന നിലപാടുകളിലെ ദൈവികപക്ഷത്തെ പറ്റിയോ അധികപേരും ഇന്ന് അജ്ഞരും അന്ധരുമാണ്.

സാഹസികയാത്ര നടത്തുന്നയാള്‍ ഒരു മുസ്‌ലിമാണെങ്കില്‍, സംഘടിതവും സമയബന്ധിതവുമായി അനുഷ്ഠിക്കപ്പടുന്ന നിര്‍ബന്ധ നമസ്‌കാരം പോലുള്ള ആരാധനാ കര്‍മങ്ങള്‍ക്കും ഐച്ഛികമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സുന്നത്തു നമസ്‌കാരങ്ങള്‍ക്കും മറ്റും ഈ കാലയളവില്‍ മുടക്കം വരുന്നു.

മുസ്‌ലിംകള മേല്‍വിലാസമുള്ളവര്‍

‘ചോദിക്കാനും പറയാനും ആളില്ലാത്തവര്‍' എന്നാണ് അനിയന്ത്രിതരായി അലഞ്ഞുനടക്കുന്നവരെകുറിച്ച് പ്രാദേശികമായി പരാമര്‍ശിക്കാറുള്ളത്. മുസ്‌ലിംകളെ ആ ഗണത്തിലുള്‍പ്പെടാന്‍ അവരുടെ സ്രഷ്ടാവ് അനുവദിക്കുന്നില്ല.

സാക്ഷ്യവാക്യം ചൊല്ലിയവര്‍ക്ക് വിശ്വാസപരമായ മേ ല്‍വിലാസം നല്‍കുകയും ചിട്ടയും സമയക്രമവും സമംചേര്‍ത്ത കര്‍മസരണി നിശ്ചയിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. മിതത്വം കൈവിടാതെ ജീവിതസന്ധാരണം നടത്തുന്ന വ്യക്തിയുടെ മാനസികോല്ലാസത്തിനും ആഹ്ലാദത്തിനും പക്വതയുടേയും പാകതയുടെയും പരിധി നിശ്ചയിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തോടും അതിലെ സര്‍വ ചരാചരങ്ങളോടും കടപ്പാടും കനിവും കാണിക്കാന്‍ കൃത്യമായ നിഷ്‌കര്‍ഷയുടെ പാഠങ്ങളാണ് അത് പകര്‍ന്നു നല്‍കുന്നത്. യാത്രകളും യാത്രാമര്യാദകളും എന്തിനേറെ, ദേശാന്തരങ്ങളുടെ അന്യതയില്‍ മുസ്‌ലിം ഉരുവിടേണ്ട പ്രത്യേകമായ പ്രാര്‍ഥനകള്‍ പോലും അതിന്റെ അധ്യാപനങ്ങളുടെ ഭാഗമാണ്.

അപരിചിതങ്ങളായ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നവരോട് പ്രാര്‍ഥിക്കാന്‍ നബി ﷺ ഉപദേശിച്ചതായി ഖൗല ബിന്‍ത് ഹകീം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: ‘‘ഒരാള്‍ ഒരു പ്രദേശത്ത് എത്തിച്ചേര്‍ന്ന ശേഷം, അല്ലാഹുവിന്റെ സമ്പൂര്‍ണ നാമങ്ങളാല്‍ അവന്‍ സൃഷ്ടിച്ച എല്ലാറ്റിന്റെയും കെടുതികളില്‍നിന്നും ഞാന്‍ ശരണം തേടുന്നു എന്ന് ഉരുവിട്ടാല്‍ ആ സ്ഥലത്തുനിന്നും അവന്‍ മടങ്ങുന്നതുവരേക്കും അവന് യാതൊരു ഉപദ്രവവും ബാധിക്കുകയില്ല.'' സ്വദേശത്തും യാത്രയിലും ഇത് പ്രയോജനകരമാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചുതരുന്നു.

ഇമാം അല്‍ബാനി സ്വീകാര്യയോഗ്യമായി ഗണിച്ച മറ്റൊരു ഹദീസിന്റെ സാരാംശവും ഇത് വ്യക്തമാക്കുന്നു: സ്വുഹൈബ് (റ) തന്നോട് പറഞ്ഞതായി കഅബ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘‘...ഈ പ്രദേശവും പ്രദേശവാസികളും ഇതിലുള്ളതും ഉള്‍ക്കൊള്ളുന്ന ഗുണത്തെ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പ്രദേശത്തിന്റെയും ഇവിടുത്തുകാരുടെയും ഇതിലുള്‍ക്കൊള്ളുന്നതിന്റെയും ദോഷത്തില്‍നിന്നും നിന്നോട് ഞാന്‍ ശരണം തേടുകയും ചെയ്യുന്നു.''

തകര്‍ക്കപ്പെട്ട പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം

വിശ്വാസിയുടെ ശരീരസുരക്ഷയെയും ആത്മഭദ്രതയെയും അതീവ പ്രാധാന്യത്തോടെയാണ് വിശുദ്ധ മതം ദര്‍ശിക്കുന്നത്. അവ രണ്ടിനും പോറല്‍ പറ്റാതെയായിരിക്കണം ഒരു മുസ്‌ലിമിന്റെ ജീവിതക്രമം. അതിന് അനുഗുണമായ ധാരാളം നിയമനിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നതായി കാണാം. ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്: ഇബ്‌നു ഉമറി(റ)ല്‍നിന്നും റിപ്പോര്‍ട്ട്: ‘‘അനുസരണക്കേട് നിമിത്തം അല്ലാഹുവിന്റെ കോപമേറ്റുവാങ്ങിയ പുരാതന സമൂദ് ഗോത്രക്കാര്‍ താമസിച്ചിരുന്ന സ്ഥലമെത്തിയപ്പോള്‍ തന്റെ അനുചരന്മാരോടായി നബി ﷺ ഇപ്രകാരം പറയുകയുണ്ടായി: ‘കരയുന്നവരായിക്കൊണ്ടല്ലാതെ ദൈവശിക്ഷക്ക് വിധേയരായ ഇവര്‍ക്കരികിലൂടെ നിങ്ങള്‍ പ്രവേ ശിക്കരുത്. അവര്‍ക്ക് സംഭവിച്ചത് നിങ്ങളെയും ബാധിക്കാതിരിക്കാതിരിക്കട്ടെ'' (ബുഖാരി, മുസ്‌ലിം).

സുഊദി അറേബ്യയില്‍ സ്ഥിതിചെയ്യുന്ന പ്രസ്തുത പ്രദേശമിന്ന് ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്. വ്യത്യസ്ത ദേശങ്ങളില്‍നിന്നും അവിടെയെത്തുന്നവര്‍ നിരവധിയാണ്. ഇതരമതസ്ഥരും പ്രസ്തുത വചനത്തില്‍ നബി ﷺ യുടെ നിര്‍ദേശം കണക്കിലെടുക്കാന്‍ ബാധ്യസ്ഥരായ അസംഖ്യം മുസ്‌ലിംകളും അവിടെ സന്ദര്‍ശകരായി എത്തുന്നുണ്ട്. പക്ഷെ, ‘ജനങ്ങളിലധികപേരും അറിവില്ലാത്താവരാണെ'ന്ന ക്വുര്‍ആനിക വചനത്തിന്റെ പുലര്‍ച്ചയുടെ പ്രതീകങ്ങളാണ് അവരെല്ലാം.

ഇസ്രയേലിനും ജോര്‍ദാനുമിടയില്‍ സ്ഥിതിചെയ്യുന്ന ചാവുതടാകത്തിന്റെ ജലപ്പരപ്പില്‍ പൊങ്ങിക്കിടന്ന് ഉല്ലസിക്കുന്നവരായ മുസ്‌ലിം സഞ്ചാരികള്‍ ഈ ഗണത്തില്‍ പെടുന്നു. ക്വുര്‍ആനിക (11:82) ഭാഷ്യമനുസരിച്ച്, ലോകത്താരും മുമ്പെങ്ങും ഏര്‍പ്പെട്ടിട്ടില്ലാത്ത ദുര്‍വൃത്തി ചെയ്തതിനാല്‍ കീഴ്‌മേല്‍ മറിക്കപ്പെട്ട പ്രദേശത്തിന്റെ ജീവിക്കുന്ന നേര്‍സാക്ഷ്യമാണ് ആ തടാകം. ചരിത്രാവശിഷ്ടങ്ങളെ ചികയാനുള്ള പഠനയാത്രകളും ഗവേഷണാത്മക ഭൂഖണ്ഡ സഞ്ചാരങ്ങളുമെല്ലാം ഗൗരവതരവും പ്രയോജനകരവുമാണ്. എങ്കില്‍ പോലും ഉപര്യുക്ത നിര്‍ദേശത്തെ അവഗണിക്കാതിരിക്കാന്‍ ഒരു മുസ്‌ലിം ബദ്ധശ്രദ്ധനായിരിക്കണം.

ഭൂമിയിലൂടെ യാത്രചെയ്യുക

ലക്ഷ്യപൂര്‍ണമായ ആത്മീയജീവിതത്തിനായി ഗുണപാഠമേകുന്ന യാത്രകള്‍ക്ക് ഇസ്‌ലാം പ്രോത്സാഹനം നല്‍കുന്നു. ലക്ഷ്യം മറ്റൊന്നാകരുത്.

‘‘(നബിയേ പറയുക:) ‘നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ച് മുന്‍കാലക്കാരുടെ പര്യവസാനം എപ്രകാരമായിരുന്നെന്ന് നോക്കുക; അവരില്‍ അധികവും ബഹുദൈവ വിശ്വാസികളായിരുന്നു'' (ക്വുര്‍ആന്‍ 21:42).

ഏകദൈവ വിശ്വാസം ത്യജിച്ചാല്‍ ദൈവിക ശിക്ഷക്ക് വിധേയരാവുമെന്ന തിരിച്ചറിവു നല്‍കുന്ന യാത്രയാണ് സഫലവും പ്രശംസനീയവുമായ യാത്രയായി ഇസ്‌ലാം പഠിപ്പിക്കുന്നത്.

ചുരുക്കത്തിൽ ജീവനോപാധികള്‍ക്കും അനു വദനീയ ലക്ഷ്യങ്ങള്‍ക്കും ആരാധനാസാധ്യത്തിനുമെല്ലാം യാത്രകളാവാം. ദൈവികമായ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്ന സകല സഞ്ചാരങ്ങളും ഇസ്‌ലാമികമായി നിയന്ത്രിതങ്ങളും വെറുക്കപ്പെട്ടതും കുറ്റകരവുമാണ്.