അല്ലാഹുമായുള്ള സ്വകാര്യത

പി.എൻ അബ്ദുല്ലത്വീഫ് മദനി

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

കഥയുടെ ആവിർഭാവം മാലിക് ഇബ്‌നു ദീനാറിൽ നിന്ന്:

“ഒരുദിവസം ഞാൻ ബസ്വറയിലെത്തി. അവിടെയുള്ള വലിയ പള്ളിയിൽ ജനങ്ങളെല്ലാം ഒരുമിച്ചു കൂടിയതായിക്കണ്ടു. ദുഹ്ർ മുതൽ ഇശാഅ് വരെ പള്ളിയിൽനിന്നു പുറത്തുപോകാതെ അവർ നിരന്തരം പ്രാർഥനയിലാണ്! ഇതെന്നെ അത്ഭുതപ്പെടുത്തി.

‘നിങ്ങൾക്കെന്തു പറ്റി?’ ഞാൻ ആരാഞ്ഞു.

അവർ പറഞ്ഞു: ‘ആകാശം ഒരു തുള്ളി ജലംപോലും താഴോട്ട് വിടുന്നില്ല. നദികളെല്ലാം ഉണങ്ങി വരണ്ടു. ഞങ്ങൾക്കു ദാഹജലം കിട്ടാൻ അല്ലാഹുവിന്നോട് പ്രാർഥിക്കുകയാണ്.’

ഞാനും അവരോടൊപ്പം കൂടി. അവർ ദുഹ്ർ നമസ്‌കരിക്കുന്നു; പ്രാർഥിക്കുന്നു. അസ്വർ നമസ്‌കരിക്കുന്നു; പ്രാർഥിക്കുന്നു. മഗ്‌രിബ് നമസ്‌കരിക്കുന്നു; പ്രാർഥിക്കുന്നു. ഇശാഅ് നമസ്‌കരിക്കുന്നു; പ്രാർഥിക്കുന്നു. ആകാശത്തുനിന്ന് ഒരുതുള്ളി താഴോട്ട് വീഴുന്നില്ല. അവരെല്ലാം പള്ളിയിൽ നിന്നിറങ്ങി. പ്രാർഥനക്കൊട്ട് ഉത്തരം കിട്ടിയതുമില്ല.’

അദ്ദേഹം തുടരട്ടെ: ‘ഓരോരുത്തരായി അവരവരുടെ വീടണഞ്ഞു. എനിക്ക് വീടില്ലാത്തതിനാൽ ഞാൻ പള്ളിയിൽതന്നെ ഇരിപ്പുറപ്പിച്ചു. അപ്പോഴതാ കറുത്ത നിറവും കുനിഞ്ഞ മൂക്കും കുടവയറുമുള്ള ഒരാൾ കടന്നുവന്നു. രണ്ട് കഷ്ണം തുണിയാണയാൾക്കുള്ളത്. ഒന്നുടുത്തിട്ടുണ്ട്. മറ്റേത് ചുമലിലിട്ടിട്ടുണ്ട്. ആഗതൻ അധികം ദൈർഘ്യമില്ലാത്ത രണ്ടു റകഅത് നമസ്‌കരിച്ചു. ഇടവും വലവും തിരിഞ്ഞുനോക്കി, ആരും കണുന്നില്ല എന്നുറപ്പാക്കി അദ്ദേഹം ക്വിബ്‌ലക്കു നേരെ കൈ നീട്ടിപ്പിടിച്ചു പ്രാർഥ നയാരംഭിച്ചു. എന്നെ അയാൾ കണ്ടതുമില്ല. അദ്ദേഹം പറയാൻ തുടങ്ങി:

‘എന്റെ ആരാധ്യനേ, എന്റെ യജമാനനേ, നാഥാ... നിന്റെ അടിമകളെ പാഠം പഠിപ്പിക്കാൻ ആകാശത്തുനിന്നു നീ മഴ തടഞ്ഞു. അവധാനതയുള്ള വിവേകമതീ! ഞാൻ നിന്നോട് യാചിക്കുന്നു. അടിമകൾക്കു നിന്നിൽ നിന്ന് ഔദാര്യം മാത്രം അനുഭവമുള്ളവനേ, ഇപ്പോൾതന്നെ നീ മഴ വർഷിപ്പിക്കണേ.’

മാലിക് ദീനാർ തുടരുന്നു: ‘അയാൾ കൈ താഴ്ത്തുമ്പോഴേക്ക് ആകാശം ഇരുണ്ട് മേഘാവൃതമായി! നാനാവഴിക്കും മേഘ ക്കീറുകൾ അടുത്തുകൂടി. തുള്ളിക്കൊരു കുടം എന്ന കണക്കെ മഴ കുത്തിച്ചൊരിഞ്ഞു.’

മാലിക് പറയട്ടെ: ‘ഈ മനുഷ്യന്റെ കാര്യത്തിൽ ഞാൻ അത്ഭുതപ്പെട്ടു. പള്ളിയിൽനിന്നു പുറത്തു കടന്ന അയാളെ ഞാൻ പിന്തുടർന്നു. ഊടുവഴികളുടെ ഓരംപറ്റി നടന്നുനീങ്ങിയ അയാൾ ഒരു വീട്ടിൽ ചെന്നു കയറി. ആ ഭവനത്തിന്റെ കവാടത്തിന്ന് കളിമണ്ണുകൊണ്ട് അടയാളംവെച്ച ശേഷം ഞാൻ മടങ്ങി.

പിറ്റേദിവസം സൂര്യോദയത്തിന്നുശേഷം തപ്പിപ്പിടിച്ചു ഞാൻ ആ ഭവനകവാടത്തിൽ വെച്ചിരുന്ന അടയാളത്തിന്നരികെയെത്തി. അപ്പോഴാണറിയുന്നത്; അത് അടിമക്കച്ചവടം നടത്തുന്ന ഒരു കങ്കാണിയുടെ കേന്ദ്രമാണ്! വ്യാപാരിയോട് ഞാനൊരു അടിമയെ വാങ്ങാനുദ്ദേശിക്കുന്ന കാര്യം വെളിപ്പെടുത്തി. അപ്പോഴയാൾ നീളമുള്ളവനെയും കുറിയവനെയും ഒത്തവലിപ്പമുള്ളവനെയും എന്റെ മുമ്പിൽ അണിനിരത്തി ആരെ വേണമെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു:

‘ഇവരൊന്നുമല്ലാത്ത വല്ലവരുമുണ്ടോ?’

വ്യാപാരി പറഞ്ഞു: ‘വിൽപനക്കുള്ളവർ ഇവരേയുള്ളൂ.’

മാലിക്ക് പറയട്ടെ: ‘ഞാൻ ആ വീട്ടിൽനിന്നിറങ്ങി. തൊട്ടടുത്തു കണ്ട ഒരു കുടിൽ ചൂണ്ടി ഇതിൽ വല്ലവരുമുണ്ടോ എന്നു ചോദിച്ചു. കങ്കാണിയ്യുടെ പ്രതിവചനം: ‘ആളുണ്ട്. പക്ഷേ, നിങ്ങൾക്കു വാങ്ങാൻ കൊള്ളില്ല. കൊള്ളാവുന്ന ഒരടിമയെ അല്ലേ താങ്കൾ വാങ്ങാനുദ്ദേശിക്കുന്നത്? എങ്കിൽ ആ കുടിലിലുള്ളവർ കൊള്ളില്ല!’ ഞാൻ പറഞ്ഞു: ‘ഒന്നു കാണാമോ?’ അയാളെ പുറത്തു കൊണ്ടുവന്ന് എന്നെ കാണിച്ചു. അയാളെ കണ്ടമാത്രയിൽ ഞനയാളെ തിരിച്ചറിഞ്ഞു! ഇന്നലെ പള്ളിയിൽ ഏകാകിയായി പ്രാർഥന നടത്തിയ വ്യക്തിതന്നെ!

ഞാൻ പറഞ്ഞു: ‘എനിക്കയാളെ വാങ്ങിക്കണമെന്നുണ്ട്.’

വ്യാപാരിയുടെ മറുപടി: ‘എന്നെ പറ്റിച്ചു എന്നു പിന്നീട് താങ്കൾ പറഞ്ഞേക്കാം. അയാളെ ഒന്നിന്നും കൊള്ളില്ല.’

‘ഞാൻ അയാളെ വാങ്ങുക തന്നെയാണ്’- ഞാൻ ഉറപ്പിച്ച് പറഞ്ഞു.

നിസ്സാര വില വാങ്ങി അയാളെ എനിക്കു തന്നു. അപ്രകാരം അയാൾ എന്റെ വീട്ടിൽ ജീവിതത്തിന്റെ പുതിയ ഒരധ്യായം തുടങ്ങിക്കഴിഞ്ഞപ്പോൾ അദ്ദേഹമൊരിക്കൽ ചോദിച്ചു:

‘അല്ലയോ യജമാനനേ; നിങ്ങളെന്തിനാണെന്നെ വാങ്ങിച്ചത്? നല്ല കായബലമുള്ളവനെയായിരുന്നു നിങ്ങൾക്കു വേണ്ടിയിരുന്നതെങ്കിൽ എന്നെക്കാൾ നല്ല ഫയൽമാന്മാർ അവിടെയുണ്ടായിരുന്നല്ലോ! എന്നെക്കാൾ ഗാംഭീര്യമുള്ളവരെ വേണമായിരുന്നെങ്കിൽ അവരും സുലഭം. എന്നെക്കാൾ തൊഴിൽമിടുക്കുള്ളവരെയാണു വേണ്ടിയിരുന്നതെങ്കിൽ അത്തരക്കാരും അവിടം യഥേഷ്ടം. പിന്നെയെന്തിന്നു നിങ്ങൾ എന്നെത്തന്നെ വാങ്ങിച്ചു?’

മാലിക്: ‘സഹോദരാ, ഇന്നലെ ബസ്വറയിലെ ജനങ്ങൾ മുഴുവൻ ദുഹ്ർ മുതൽ ഇശാഅ് വരെ മഴക്കായി അല്ലാഹുവിനോട് പ്രാർഥിച്ചിട്ടും അവർക്ക് ഉത്തരം ലഭിച്ചില്ല. താങ്കൾ കടന്നുവന്നു ആകാശത്തേക്കു കൈകളുയർത്തി അല്ലാഹുവിനോട് ചോദിച്ചപ്പോഴേക്കും താങ്കളുടെ ആവശ്യം അല്ലാഹു നിറവേറ്റി!

അടിമയുടെ പ്രതികരണം: ‘അതു ഞാനാവില്ല, താങ്കൾക്കെന്തറിയാം? അതു മറ്റു വല്ലവരും ആയിക്കൂടേ?’

മാലിക്: ‘അല്ല, അതു താങ്കൾ തന്നെയാണ്.’

അടിമ: ‘ഞാനാണെന്നു താങ്കൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?’

മാലിക്: ‘തീർച്ചയായും, അതു താങ്കൾ തന്നെ.’

അടിമ: ‘ഞാനാണെന്നു താങ്കൾക്ക് ഉറപ്പുണ്ടോ?’

മാലിക്: ‘അതെ, തീർച്ചയായും.’

പിന്നീട് ആ അടിമ എന്റെ നേരെ നോക്കിയതുപോലുമില്ല. അയാൾ അല്ലാഹുവിന്റെ മുമ്പിൽ ദീർഘസമയം സാഷ്ടാംഗം കിടന്നു. ഞാൻ കുനിഞ്ഞു കാതോർത്തപ്പോൾ അടിമ അല്ലാഹുവിനോട് പറയുന്നതിതാണ്:

‘രഹസ്യങ്ങളുടെ നാഥാ! എന്റെ രഹസ്യം വെളിപ്പെട്ടുപോയിരിക്കുന്നു. രഹസ്യം പുറത്തായ സ്ഥിതിക്ക് എനിക്കു ജീവിക്കാനാവില്ല.’

ഒരു നിമിഷം! ആ അടിമയുടെ ആത്മാവ് അതിന്റെ സ്രഷ്ടാവിലേക്ക് ഉയർന്നുപോയി!

ആ പാവം അടിമയുടെ രഹസ്യം എവിടെക്കിടക്കുന്നു, നമ്മുടെ രഹസ്യം എവിടെക്കിടക്കുന്നു! അയാൾ എത്തിച്ചേർന്ന ആത്മാർഥതയുടെയും ആത്മപരിശുദ്ധിയുടെയും ഉത്തുംഗത എത്രയാണ്! നമ്മുടെ ഇഖ്‌ലാസിന്റെ (ആത്മാർഥതയുടെ) സ്ഥിതിയോ?

അല്ലാഹുവേ, ഞങ്ങളുടെ ഗോപ്യ പാപങ്ങളെ നീ പുറത്തുവിടരുതേ. ഞങ്ങളുടെ അങ്കലാപ്പുകളിൽ ഞങ്ങൾക്ക് അഭയം നൽകേണമേ. ഞങ്ങളെ സൂക്ഷ്മതയുള്ളവരും വിശുദ്ധിയുള്ളവരും കളങ്കരഹിത സ്വകാര്യതയുള്ളവരുമാക്കേണമേ.

(‘ഔലിയാക്കളുടെ ആഭരണം’ എന്ന പുസ്തകത്തിൽനിന്ന്).