വിശുദ്ധ ക്വുർആൻ കേവല പാരായണത്തിന് മാത്രമോ?

മിർസബ് അൽഹികമി

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

ഒരു വസ്തുവിന്റെ സവിശേഷതകൾ അറിയിച്ചുതരാൻ ഏറ്റവും അർഹതയുള്ളത് അതിന്റെ സൃഷ്ടിപ്പ് നടത്തിയവനാണ്. അതായത്, ഒരു സ്മാർട് ഫോൺ എടുക്കുക. അതിന്റെ പ്രത്യേകതകളും വിശേഷണങ്ങളും പറയുവാനുള്ള യോഗ്യതയും അർഹതയുമുള്ളത് അതിന് രൂപം നൽകിയ കമ്പനിക്കാണല്ലോ. ഇതിനു സമാനമാണ് ഇതര വസ്തുക്കളും കാര്യങ്ങളുമെല്ലാം.

അല്ലാഹുവിന്റെ വാക്കുകളായ ക്വുർആൻ, ക്വുർആനിനെ പല രൂപത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. അതിലെ ഒരു സൂക്തം കാണുക:

“മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങൾക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു)’’ (യൂനുസ്:57).

സർവജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ വചനത്തിൽ ക്വുർആനിന്റെ സുപ്രധാനമായ നാല് വിശേഷണങ്ങളാണ് അടങ്ങിയിട്ടുള്ളത്.

ഒന്നാമത്തേത് ‘സദുപദേശം’ എന്നതാണ്. അതായത്, അല്ലാഹുവിന്റെ കോപത്തിന് പാത്രീഭൂതരാകാനിടയുള്ള കാര്യങ്ങളെ പറ്റിയുള്ള താക്കീതും, അവന്റെ തൃപ്തി കരഗതമാക്കാനുതകുന്ന കാര്യങ്ങളിലേക്കുള്ള പ്രേരണയുമാണ് ക്വുർആൻ.

നമ്മുടെ കേവല പാരായണത്തിനപ്പുറം അതിലെ ഉപദേശങ്ങൾ സ്വീകരിക്കുമ്പോഴാണ് ജീവിതം പ്രശോഭിതമാവുക. അല്ലാഹു ക്വുർആൻ അവതരിപ്പിച്ചത്, അതുമുഖേന കർമങ്ങൾ ചെയ്യാനാണ്. എന്നാൽ ജനങ്ങൾ കേവല പാരായണം മാത്രമാണ് കർമമായി സ്വീകരിച്ചതെന്ന് മുൻഗാമികൾ പറയാറുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചവരുടെ വിലയിരുത്തൽ ഇതാണെങ്കിൽ, ഇതിനെക്കാൾ ഗുരുതരമാണ് ഇന്നത്തെ സ്ഥിതി. മണിക്കൂറുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചെലവഴിക്കുന്ന നമ്മുടെ ക്വുർആൻ പാരായണം ആഴ്ചകളിൽ അല്ലെങ്കിൽ മാസത്തിൽ ഏതാനും മിനുട്ടുകളിൽ പരിമിതപ്പെടുന്നു. പൂർവസൂരികൾ ഇതിന് സാക്ഷികളായിരുന്നുവെങ്കിൽ താക്കീതിന്റെ ശക്തി ഏറുമായിരുന്നു.

‘ആരാധന റബ്ബിന് മാത്രമെ നൽകാവൂ’ എന്ന് പാരായണം ചെയ്യുന്നവർ ശിർക്കിലേക്ക് പോകുന്നു! പ്രവാചകനെ അനുസരിക്കണമെന്ന് ഓതുന്നവർ, ബിദ്അത്തുകളിൽ അഭയം തേടുന്നു. പാരായണത്തിന്റെ നേർവിപരീതമാണ് ജീവിതമെന്ന് ചുരുക്കം. ക്വുർആനിനെ ഉപദേശമായി സ്വീകരിക്കുമ്പോഴാണ് നമുക്ക് തിന്മകളെ നേരിടാനും നന്മകളിൽ മുന്നേറാനും കഴിയുക.

മനസ്സുകളിലെ രോഗത്തിന് ശമനമാണെന്നതാണ് രണ്ടാമത്തെത്. ശാരീരികമായ രോഗത്തെക്കാളും ന്യൂനതകളെക്കാളും അപകടകരമാണ് ആത്മീയരോഗവും വ്യതിചലനങ്ങളും. മനസ്സിനെ ബാധിക്കുന്ന രണ്ട് സുപ്രധാന രോഗങ്ങൾ ദേഹേച്ഛക്ക് അടിമപ്പെടലും ആശയക്കുഴപ്പങ്ങളിൽ അകപ്പെടലുമാണ്. റബ്ബിന് കീഴൊതുങ്ങാൻ വിമുഖത കാണിക്കുന്ന മനസ്സിനുള്ള പരിഹാരം വിശുദ്ധ ക്വുർആനാണ്. സകല ആശയക്കുഴപ്പങ്ങളുടെയും മുനയൊടിക്കുന്ന സമ്പൂർണ അറിവിന്റെ കേദാരവുമാണ് ക്വുർആൻ.

മൂന്ന്, നാല് വിശേഷണങ്ങൾ യഥാക്രമം മാർഗദർശനം, കാരുണ്യം എന്നിവയാണ്. ഈ രണ്ട് വിശേഷണങ്ങൾ വിശ്വാസികൾക്ക് മാത്രം പ്രത്യേകമായതാണ്. ഉപകാരപ്രദമായ അറിവും സൽകർമവുമാണ് മാർഗദർശനംകൊണ്ടുള്ള വിവക്ഷ. പാരായണം ചെയ്യുന്നതിലൂടെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുവർത്തിക്കുന്നതിലൂടെയും ലഭിക്കുന്ന പുണ്യമാണ് കാരുണ്യംകൊണ്ടുള്ള താൽപര്യം. യഥാർഥ വിശ്വാസികൾക്ക് മാത്രമെ ഇത് അനുഭവിക്കാനാവൂ.