സമസ്തയും ശിയാക്കളും പിന്നെ സമസ്ത അനാചാരങ്ങളും

മൂസ സ്വലാഹി കാര

2022 ഫെബ്രുവരി 26, 1442 റജബ്  25

പ്രമാണ വക്രീകരണവും അഹ്‌ലുസ്സുന്ന വല്‍ജമാഅയെ അധിക്ഷേപിക്കലും പൊലിമയായി കാണുന്ന വ്യതിയാന കക്ഷികളുടെ ആശയ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്ന വിഭാഗമാണ് സമസ്ത. ശീഈ, സൂഫി വിശ്വാസത്തില്‍ അലിഞ്ഞുചേര്‍ന്ന ഇവര്‍ സമൂഹത്തില്‍ വിതച്ച വിപത്ത് ചെറുതൊന്നുമല്ല. നിഷിദ്ധങ്ങളെ പുണ്യപ്രവര്‍ത്തനങ്ങളാക്കിയുള്ള ഇവരുടെ ആദര്‍ശപ്പൊരുത്തവും ഒത്തൊരുമയും വിചാരണ ചെയ്യപ്പെടാതിരുന്നാല്‍ അല്ലാഹുവിലുള്ള വിശ്വാസത്തില്‍നിന്നും നബി ﷺ യെ പിന്‍പറ്റുന്നതില്‍നിന്നും മുസ്‌ലിം സമുഹം പിഴപ്പിക്കപ്പെടും. വിശ്വാസികള്‍ ഇതിനെത്തൊട്ട് ജാഗ്രത പുലര്‍ത്തണം. അല്ലാഹു പറയുന്നു:

‘‘അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തിൽ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവര്‍ തീര്‍ച്ചയായും ബഹുദൂരം പിഴച്ചുപോയിരിക്കുന്നു. അവിശ്വസിക്കുകയും അന്യായം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല. ഒരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല; നരകത്തിന്റെ മാര്‍ഗത്തിലേക്കല്ലാതെ. എന്നെന്നേക്കുമായി അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു’’(4:127-129).

ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍(റഹി) പറഞ്ഞു: ‘‘സത്യത്തെ നിഷേധിക്കുകയും പിന്‍പറ്റാതിരിക്കുകയും, അതിനെ ജനങ്ങള്‍ പിന്‍പറ്റുന്നതില്‍നിന്നും തടയാന്‍ പരിശ്രമിക്കുകയും ചെയ്തു. അവര്‍ സത്യത്തില്‍നിന്ന് തെറ്റിപ്പോവുകയും പുറത്താവുകയും അതില്‍നിന്ന് വിദൂരം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.’’

ശീഇകള്‍ (ശിയാക്കള്‍) തുടങ്ങുകയും സൂഫികള്‍, തത്ത്വശാസ്ത്രക്കാര്‍, വചനശാസ്ത്രക്കാര്‍, ബറേല്‍വികള്‍ എന്നിവര്‍ വളര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്ത മക്വ‌്ബറ വ്യവസായവും ആത്മീയ ചൂഷണങ്ങളും സമസ്തയുടെ പ്രാണവായുവാണ്. പ്രാര്‍ഥന, സഹായതേട്ടം, ഇടതേട്ടം, നേര്‍ച്ച, സുജൂദ് എന്നീ ആരാധനകള്‍ അവിടങ്ങളില്‍ നിര്‍വഹിക്കപ്പെടുകയും അല്ലാഹുവിന്റെ ഭവനങ്ങള്‍ക്കില്ലാത്ത പോരിശകളും മാഹാത്മ്യങ്ങളും ഇത്തരം വ്യാജ സിയാറത്ത് കേന്ദ്രങ്ങള്‍ക്ക് നല്‍കപ്പെടുകയും ഇവരുണ്ടാക്കിയ ആചാരങ്ങളും ആഘോഷങ്ങളും പൊലിമയോടെ അവിടങ്ങളില്‍ നടത്തപ്പെടുകയും ചെയ്യുന്നു.

ഈ വിഷയത്തിലുള്ള ഇവരുടെ ഒരുമയെ സംബന്ധിച്ച് ഇവരുടെ നേതാവുതന്നെ എഴുതിയത് കാണുക: ‘‘പുണ്യാത്മാക്കളുടെ ക്വബ്‌റിടങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ അനുഗ്രഹം തേടുന്നത് സുന്നികളും ശിയാക്കളും മതപരമായി പുണ്യകര്‍മ്മമായിട്ടാണ് കരുതുന്നത്. വഹാബികളുടെ വീക്ഷണത്തില്‍ ക്വബറിടം സന്ദര്‍ശിക്കുന്നത് പരേതനുവേണ്ടി പ്രാര്‍ത്ഥിക്കാനും, നാമും മരിക്കേണ്ടവരാണെന്ന് ഓര്‍മ്മിക്കാനുമാണ്. പുണ്യാത്മാവിന്റെ അനുഗ്രഹം തേടാന്‍ വേണ്ടിയുള്ള ക്വബ്‌ര്‍ സന്ദര്‍ശനം വഹാബി വീക്ഷണത്തില്‍ നിഷിദ്ധമാണ്. ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നത് അവര്‍ ഹറാമായിട്ടാണ് കരുതുന്നത്. സുന്നികളും ശിയാക്കളും അമ്പിയാഅ്, ഔലിയാഅ്, സ്വാലിഹീങ്ങള്‍ തുടങ്ങിയവരുടെ ക്വബ്‌റുകള്‍ സിയാറത്ത്  സൗകര്യാര്‍ത്ഥം കെട്ടിപ്പടുക്കാമെന്നാണ് പറയുന്നത്’’ (അല്‍ മുബാറക്/ 1989 ആഗസ്റ്റ് 16/ പേജ് 5).

ക്വബ്‌റുകള്‍ കെട്ടിയുയര്‍ത്തുക, അതിന്മേല്‍ എടുപ്പുണ്ടാക്കുക ഇതൊന്നും ഇസ്‌ലാമികമല്ലെന്ന് ഇവര്‍തന്നെ വ്യംഗമായി സമ്മതിക്കുന്നു ഈ വരികളില്‍. ശിര്‍ക്കിനെ സ്ഥാപിക്കുക, ഹറാമിനെ ഹലാലാക്കുക, നബിചര്യയെ പുച്ഛിക്കുക, അതിനെ പിന്‍പറ്റുന്നവരെ അപഹസിക്കുക, സജ്ജനങ്ങളുടെ പേരില്‍ അന്ധവിശ്വാസം പരത്തുക, അഹ്‌ലുസ്സുന്ന വല്‍ജമാഅയെ ഇകഴ്ത്തി അതിന്റെ ശത്രുക്കളെ പുകഴ്ത്തുക... ഇതൊക്കെയാണ് ഇവരുടെ പൊതുവായ സവിശേഷത. ആദ്യ മൂന്ന് തലമുറയുടെ അവസാനകാലത്താണ് ഈ തെറ്റായ നടപടികള്‍ ശിയാക്കളിലൂടെ തലപൊക്കിയത്.

ശിയാക്കളുടെ പന്ത്രണ്ട് ഇമാമുമാരുടെയും മറ്റും ജാറങ്ങള്‍ കര്‍ബല, നജ്ഫ്, ഗും, ബാഗ്ദാദ്, മക്ക, മദീന, ത്വാഇഫ്, മിസ്ര്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ഉണ്ടെന്നാണ് വസാഇലുശ്ശീഅ, ബിഹാറുല്‍ അന്‍വാര്‍, അക്വാഇദുല്‍ ഇമാമിയ്യ പോലുള്ള ഇവരുടെ ഗ്രന്ഥങ്ങളില്‍ എഴുതിവച്ചിട്ടുള്ളത്. ദര്‍ഗകളെ എങ്ങനെ കാണണമെന്നും അവിടെ എന്ത് ചെയ്യണമെന്നും ഇവര്‍ പഠിപ്പിക്കുന്നത് കാണുക:

‘‘ശൈഖ് സ്വദൂഖ് പറയുന്നു: ‘അബൂ അബ്ദുല്ലയുടെ (ജഹ്ഫര്‍ ഇബ്‌നു മുഹമ്മദ്) ക്വബ്ര്‍ സന്ദര്‍ശിച്ചാല്‍ നബി(സ)യുടെ കൂടെ പരിശുദ്ധവും പുണ്യകരവും സ്വീകാര്യയോഗ്യവുമായ മുപ്പത് ഹജ്ജ് ചെയ്തതിന് തുല്യമാണ്’’ (സവാബുല്‍ അഅ്മാല്‍ വ ഇക്വാബുല്‍ അഅ്്മാല്‍).

ഹസനുല്‍ ആമിലി പറയുന്നു: ‘‘ഹുസൈനിന്റെ ക്വബ്‌ർ സന്ദര്‍ശിച്ചാല്‍ പ്രവാചകന്റെ കൂടെ എഴുപത് ഹജ്ജ് ചെയ്ത പ്രതിഫലം രേഖപ്പെടുത്തപ്പെടും’’ (വസാഇലുശ്ശീഅ). മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാറില്‍ ‘അര്‍ശിലുള്ള അല്ലാഹുവിനെ സന്ദര്‍ശിച്ചതു പോലെയാണ്’ എന്ന് കൂടിയുണ്ട്.

മജ്‌ലിസി ബിഹാറില്‍ പറയുന്നു: ‘‘ഹുസൈന്‍(റ)വിന്റെ ക്വബ്‌റിങ്കലെ മണ്ണ് എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമാണ്.’’ തൗസിയുടെ അല്‍അമാലിയില്‍ ‘ഈ മണ്ണ് എല്ലാ പേടിയില്‍നിന്നും നിര്‍ഭയത്വമാണ്’ എന്നുകൂടിയുണ്ട്.

മജ്‌ലിസി ബിഹാറില്‍ പറയുന്നു: ‘‘ക്വബ്‌റിലേക്ക് തിരിയല്‍ അനിവാര്യമാണ്. അതു ക്വിബ്‌ലക്ക് അഭിമുഖമല്ലെങ്കിലും ശരി. അത് ക്വിബ്‌ലക്ക് തിരിയുന്നതിനു തുല്യമാണ്. അല്ലാഹുവിന്റെ മുഖമാകുന്നു അത്.’’

‘‘ദര്‍ഗയുടെ കവാടത്തില്‍ എത്തിയാല്‍ ഖുബ്ബയുടെ പുറത്ത് നീ നില്‍ക്കണം. എന്നിട്ട് ക്വബ്‌റിന് നേരെ നോക്കണം. ശേഷം പറയണം; ‘എന്റെ യജമാനരേ, ഓ അബൂഅബ്ദില്ലാ, അല്ലാഹുവിന്റെ റസൂലിന്റെ മകനേ, ഞാന്‍ അങ്ങയുടെ അടിമയാണ്. അങ്ങയുടെ ദാസിയുടെ മകനാണ്. അങ്ങയുടെ മുന്നില്‍ വിനയാന്വിതനാണ്. താങ്കളുടെ ഉന്നതസ്ഥാനം കണക്കാക്കുന്നതില്‍ ന്യൂനത വരുത്തിയവനാണ്. അങ്ങയുടെ ഹക്ക്വിനെ അംഗീകരിക്കുന്നവനാണ്. അങ്ങയോട് അഭയംതേടി ഞാനിതാ വന്നിരിക്കുന്നു. അങ്ങയുടെ പരിശുദ്ധിയെ ലക്ഷ്യമാക്കിയും സ്ഥാനത്തേക്ക് തിരിഞ്ഞും എത്തിയിരിക്കുന്നു.’ എന്നിട്ട് ക്വബ്‌റില്‍ മുഖംകുത്തി കിടന്ന് പ്രാര്‍ഥിക്കണം: ‘എന്റെ യജമാനരേ, ഞാന്‍ പേടിയോടും അഭയം തേടിയും ദരിദ്രനായും വന്നിരിക്കുന്നു. എനിക്ക് നിര്‍ഭയത്വവും കാവലും ധന്യതയും നല്‍കണേ.’’ എത്രമാത്രം അപകടം പിടിച്ച വിശ്വാസമാണ് ഇവര്‍ക്കുള്ളതെന്ന് വ്യക്തമായല്ലോ.

സമസ്തക്കാര്‍ ഇവരോടുള്ള ചങ്ങാത്തം മുറുക്കുന്നത് നോക്കൂ: ‘‘ചുരുക്കത്തില്‍ മഹത്തുക്കളുടെ ക്വബ്‌റ് കിളച്ച് മാന്തി അവിടെ മറ്റൊരു മയ്യിത്ത് മറമാടാന്‍ പാടില്ലെന്നും മഹത്തുക്കളുടെ ബഹുമാനം നിലനിര്‍ത്താനും തബര്‍റുകും സിയാറത്തും സ്മരണയും സജീവമാക്കാനും എടുപ്പുണ്ടാക്കാമെന്നും (ക്വബ്‌റുകള്‍ക്ക് മീതെ) മേല്‍വിവരിച്ച പ്രസ്താവനകളില്‍നിന്നു വ്യക്തമാവുന്നതാണ്. മഹത്തുക്കളുടെ ക്വബ്‌റിനു മീതെ ഖുബ്ബകളെടുക്കുന്നതും വസ്ത്രങ്ങളെകൊണ്ട് ക്വബ്‌റ് മൂടുന്നതും ബഹുമാനം ഉദ്ദേശമാവുമ്പോള്‍ അനുവദനീയമാണെന്നും റൂഹുല്‍ ബയാന്‍ 10:400ല്‍ വ്യക്തമാക്കിയിട്ടുണ്ട്’’ (തൗഹീദ് ഒരു സമഗ്ര പഠനം/നെല്ലിക്കുത്ത്/പേജ് 599).

‘ക്വബ്‌റില്‍ കിടക്കുന്നവരെ കൊണ്ടു സന്ദര്‍ശകര്‍ ബറകത്തെടുക്കലും സിയാറത്തുകൊണ്ടു ലഭിക്കുന്ന മറ്റൊരു നേട്ടമാണ്. അമ്പിയാഅ്, ഔലിയാഅ് പോലുള്ള സജ്ജനങ്ങളുടെ ക്വബ്‌റുകള്‍ സന്ദര്‍ശിക്കല്‍ കൊണ്ട് ഈ നേട്ടം സാധ്യമാണ്. കാരണം സദ്‌വൃത്തരായ മഹാത്മാക്കളുടെ ബര്‍സഖീ ജീവിതത്തില്‍ അവര്‍ക്ക് എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബറകത്തുകളുമുണ്ട്. സിയാറത്തു ചെയ്യുന്നവര്‍ക്ക് അവരുടെ പാരത്രിക സഹായങ്ങളും ബറകത്തുകളും ലഭിക്കുകയും ചെയ്യും. ഭാഗ്യദോഷികളായ ഗുണം കെട്ടവരല്ലാതെ ഇതു നിഷേധിക്കുകയില്ല’’ (മഖ്ബറ ആചാരങ്ങള്‍/എന്‍.കെ അബ്ദുന്നാസിര്‍ വഹബി/പേജ് 13).

‘‘മഹാന്മാരുടെ മസാറുകള്‍ കെട്ടിപ്പൊക്കുകയും അവിടങ്ങളിലെല്ലാം നേര്‍ച്ചകളും ഉറൂസുകളും സംഘടിപ്പിക്കുന്നതും ഇസ്‌ലാമിക പാരമ്പര്യമാണെന്നത് ചരിത്രവസ്തുതയാണ്’’ (മുത്തുപ്പേട്ട ദാവൂദുല്‍ ഹകിം(റ)/റിയാസ് ഫൈസി വെള്ളില/പേജ് 30).

‘‘നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനു വിളിപ്പാടകലെ ലോകപ്രസിദ്ധ സൂഫിവര്യന്‍ നിസാമുദ്ദീന്‍ വലിയുല്ലാഹിയുടെ ക്വബ്‌ര്‍സ്ഥാനിലേക്കു വരുന്നവരുടെയും പോകുന്നവരുടെയും തങ്ങുന്നവരുടെയും പ്രാര്‍ത്ഥിച്ചു നിര്‍വൃതിയടയുന്നവരുടെയും സംഖ്യ കണക്കാക്കാനാവുമോ? കഴിയുന്നില്ലെന്നാണ് ഈ സാധുവിനു ബോധ്യപ്പെട്ടത്’’ (നമുക്ക് ചുറ്റുമുള്ള ഔലിയാക്കള്‍/ പേജ് 10).

‘‘പുണ്യാത്മാക്കളുടെ ക്വബ്‌റിന്‍മേല്‍ പട്ട് കൊണ്ടും മറ്റും ജാറം മൂടുകയും പ്രസ്തുത കര്‍മ്മത്തിനു നേര്‍ച്ചയാക്കുകയും ചെയ്യുന്നത് മുസ്‌ലിംകള്‍ക്കിടയിലെ പതിവാചാരമാണ്. ഉദ്ദേശ്യ സഫലീകരണത്തിനും രോഗശമനത്തിനുമെല്ലാം പ്രസ്തുത കര്‍മ്മങ്ങള്‍ ചെയ്യുന്നത് നബി(സ)യുടെ കാലത്ത് തന്നെ പതിവുള്ളതും പ്രസിദ്ധവുമായ ആചാരാനുഷ്ഠാനങ്ങളിലൊന്നാണ്’’

 (മുത്തുപ്പേട്ട ദാവൂദുല്‍ ഹകിം(റ)/റിയാസ് ഫൈസി വെള്ളില/പേജ് 35).

‘രോഗവും ബുദ്ധിമുട്ടും മാറ്റുന്ന’ മമ്പുറം മഖാം, ‘ദുഃഖിക്കുന്നവര്‍ക്കും കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്ന’ ബീമാപള്ളി മഖാം, ‘അശരണര്‍ക്കും അഗതികള്‍ക്കും ആശ്വാസം നല്‍കുന്ന’ ഉള്ളാള്‍ ദര്‍ഗ, ‘വിഷബാധയകറ്റുന്ന’ പുത്തന്‍പ്പള്ളി ജാറം, കുഞ്ഞിപ്പള്ളി ജാറം, അമ്പംകുന്ന് ബീരാന്‍ ഔലിയ്യ മഖാം, മടവൂര്‍ സി.എം മഖാം, തിരൂര്‍ ഹനുമാന്‍ ജാറം, പൊന്നാനി മുനമ്പത്ത് ജാറം, വേങ്ങര കോയപ്പാപ്പ ജാറം, തിരൂര്‍ യാഹു തങ്ങള്‍ ജാറം, മഞ്ഞക്കുളം മഖാം, ഓച്ചിറ കുപ്പസ്വാമി ജാറം... ഇങ്ങനെ നീണ്ടുകിടക്കുന്നു പ്രശ്‌നങ്ങള്‍കൊണ്ട് ഞെരുങ്ങുന്നവരെ ശിര്‍ക്കുകൊണ്ട് ചികിത്സിക്കുന്ന പുരോഹിതന്മാരുടെ വരുമാന കേന്ദ്രങ്ങള്‍.

ഇസ്‌ലാമിന്റെ ആദര്‍ശം എത്ര വ്യക്തവും കൃത്യവുമാണ്! അല്ലാഹു പറയുന്നു: ‘‘അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (ക്വുര്‍ആന്‍ 27:62).

ശിയാക്കള്‍ക്ക് ദാസ്യവേല ചെയ്യുകവഴി ശിയാരൂപം പ്രാപിച്ച ഇവര്‍ക്ക് ഇസ്‌ലാമിനെ പ്രതിനിധീകരിക്കാന്‍ എന്തവകാശമാണുള്ളത്? ക്വബ്‌റ് സിയാറത്ത് വിഷയത്തിലെ ഇസ്‌ലാമിക നിലപാട് എന്താണ്?

മരണത്തെയോര്‍ക്കുക, പരലോക ചിന്തയുണ്ടാക്കുക, ഭൗതികവിരക്തി നേടുക, ദുന്‍യാവിന്റെ ദുര്‍ബലത തിരിച്ചറിയുക, മനസ്സിനെ ലോലമാക്കുക... ഇതൊക്കെയാണ് ക്വബ്‌ർ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായി പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.

അംറുബ്‌നു ആമിറി(റ)ല്‍നിന്ന്; നബി ﷺ പറഞ്ഞു: ‘’നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് ക്വബ്ര്‍ സന്ദര്‍ശനം നിരോധിച്ചിരുന്നു. എന്നാല്‍ നിങ്ങളാരെങ്കിലും ക്വബ്‌റ് സന്ദര്‍ശനം ഉദേശിക്കുന്നുവെങ്കില്‍ അത് ചെയ്യുക. നിശ്ചയം അത് നിങ്ങളുടെ ഹൃദയത്തെ മൃദുലമാക്കുകയും കണ്ണുകളെ നനയിപ്പിക്കുകയും പരലോക സ്മരണയുണ്ടാക്കുകയും ചെയ്യും’’ (ഇമാം ഹാകിം/അല്‍മുസ്തദ്‌റക്).

ഇമാം ശാഫിഈ(റഹി) തന്റെ ‘അല്‍ഉമ്മി’ലും ഇബ്‌നു ഹജര്‍ ഹൈതമി തന്റെ ‘തുഹ്ഫ’യിലും ഇതേകാര്യം പറഞ്ഞിട്ടുണ്ട്. പുണ്യമാഗ്രഹിച്ചുകൊണ്ട് മൂന്ന് പള്ളികളിലേക്കേ യാത്ര പുറപ്പെടാവൂ എന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്.

അബൂഹുറയ്‌റ(റ)യില്‍നിന്ന്; നബി ﷺ പറഞ്ഞു: ‘‘മൂന്ന് പള്ളികളിലേക്കല്ലാതെ (പുണ്യം വിചാരിച്ച്) വാഹനം ഒരുക്കി യാത്ര ചെയ്യരുത്. മസ്ജിദുല്‍ ഹറാം, നബി(സ)യുടെ പള്ളി, മസ്ജിദുല്‍ അക്വ്‌സ എന്നിവയാണവ’’ (ബുഖാരി).

ഇതിനെ തെളിവാക്കി, ക്വുര്‍ആനിലും ഹദീസിലും വന്ന ത്വൂര്‍ താഴ്‌വര, ഹിറാ ഗുഹ, സൗര്‍ ഗുഹ എന്നിവിടങ്ങളിലേക്ക് പോലും ഈ രൂപത്തില്‍ യാത്രകള്‍ പാടില്ലെങ്കില്‍ ജാറങ്ങള്‍ കുടികൊള്ളുന്ന സ്ഥലങ്ങള്‍ എങ്ങനെ ഇസ്‌ലാമിക തീര്‍ഥാടന കേന്ദ്രങ്ങളാകും?

സൃഷ്ടികളില്‍ ശ്രേഷ്ഠരായ നബി ﷺ യുടെ ക്വബ്‌റ് വരെ ഭൂമിയി ല്‍നിന്ന് ഒരു ചാണ്‍ മാത്രമെ ഉയര്‍ത്തപ്പെട്ടിട്ടുള്ളൂ. അവിടുന്ന് ശക്തമായി ക്വബ്‌ർ  കെട്ടിപ്പൊക്കുന്നത് വിലക്കുകയും ചെയ്തു.

ആഇശ(റ) നിവേദനം; നബി ﷺ പറഞ്ഞു: ‘‘ജൂതന്മാരെയും ക്രൈസ്തവരെയും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ അവരുടെ പ്രവാചകന്മാരുടെ ക്വബ്‌റുകളെ സുജൂദ് ചെയ്യുന്ന കേന്ദ്രങ്ങളാക്കിയിരിക്കുന്നു.’’ മഹതി പറയുന്നു: ‘‘ശേഷം വരുന്ന ആളുകള്‍ നബി ﷺ യുടെ ക്വബ്‌റിനെ സുജൂദ് ചെയ്യുന്ന സ്ഥലമാക്കാതിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കില്‍ സ്വഹാബിമാര്‍ നബി ﷺ യുടെ ക്വബ്‌ർ എന്റെ വീടിന് പുറത്ത് കുഴിക്കുമായിരുന്നു. വീട്ടിലായിരുന്നിട്ടും അത് പള്ളിയാക്കപ്പെടുമോ എന്ന് ഞാന്‍ ഭയക്കുന്നു’’(ബുഖാരി, മുസ്‌ലിം).

ശാഫിഈ മദ്ഹബിന്റെ നിലപാട് ഇമാം നവവി(റ) വ്യക്തമാക്കിയത് കാണുക: ‘‘നിശ്ചയം, സുന്നത്ത്, ക്വബ്‌ർ  ഭൂമിയില്‍നിന്നും കൂടുതലായി ഉയര്‍ത്താതിരിക്കലും മുകള്‍ഭാഗം കൂനയാക്കാന്‍ പാടില്ല എന്നതുമാണ്. എന്നാല്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തുകയും മുകള്‍ഭാഗം പരത്തുകയും ചെയ്യണം. ഇതാണ് ഇമാം ശാഫിഈ (റഹി)യുടെയും അദ്ദേഹത്തെ പിന്‍പറ്റിയവരുടെയും അഭിപ്രായം’’ (ശറഹ് മുസ്‌ലിം).        

(തുടരും)