ഹൃദയവും ഗ്രാഹ്യശക്തിയും

ഡോ. ടി. കെ യൂസുഫ്

2022 ഏപ്രിൽ 30, 1442 റമദാൻ 28

ശരീരത്തിന്റെ സകല ഭാഗങ്ങളിലേക്കും രക്തം എത്തിക്കുക മാത്രമാണ് ഹൃദയത്തിന്റെ ജോലി എന്നാണ് ഇതുവരെ നാം മനസ്സിലാക്കിയിരുന്നത്. എന്നാൽ ഹൃദയമാറ്റശസത്രക്രിയകളും കൃത്രിമഹൃദയങ്ങളും പ്രചാരത്തിൽവന്നതോടെ ശാസ്ത്രജ്ഞർ ഹൃദയത്തെക്കുറിച്ച് വേറെയും ചില വസ്തുതകൾ കണ്ടെത്തിയിരിക്കുകയാണ്. ഈ കണ്ടെത്തലുകൾ പരിശോധിച്ചാൽ അവ ഹൃദയത്തെക്കുറിച്ച് ക്വുർആൻ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നതായി കാണാം. ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ വ്യക്തികളിൽ പുതുതായി ദൃശ്യമായ മാനസിക ഭാവങ്ങൾ പഠനവിധേയമാക്കിയപ്പോൾ അത് അവരുടെ കാഴ്ചപ്പാടുകളിലും ഇഛാനിഷ്ടങ്ങളിലും വികാരങ്ങളിലും വിശ്വാസങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്.

മനുഷ്യൻ ഭ്രൂണാവസ്ഥയിലായിരിക്കെ അവനിൽ മസ്തിഷ്‌കം രൂപപ്പെടുന്നതിന് മുമ്പുതന്നെ ഹൃദയം സൃഷ്ടിക്കപ്പെടുകയും അന്നുമുതൽ മരണംവരെ അത് മിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. തലച്ചോറിന്റെ നിർദേശങ്ങളാണ് ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് എന്ന വിശ്വാസം ശരിയല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തന്നെയുമല്ല ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ നെഞ്ചിനകത്ത് പുതിയ ഹൃദയം വെച്ച ഉടനെതന്നെ തലച്ചോറിന്റെ കൽപനകൾക്ക് കാതോർക്കാൻ പോലും നിൽക്കാതെ അത് മിടിക്കാൻ തുടങ്ങുന്നുമുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനം തലച്ചോറിൽനിന്നും സ്വതന്ത്രമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശം നൽകുന്നത് പോലും ഹൃദയമാണ് എന്ന് വിശ്വസിക്കുന്നവരും ശാസ്ത്രജ്ഞരിലുണ്ട്.

ഗർഭധാരണം നടന്ന് ഇരുപത്തി ഒന്ന് ദിവസം കഴിഞ്ഞയുടൻതന്നെ ഹൃദയം രക്തം പമ്പുചെയ്യുന്ന ജോലി തുടങ്ങും. പ്രായപൂർത്തിയായ ഒരാളുടെ ഹൃദയം ദിവസവും ഒരു ലക്ഷത്തിലധികം പ്രാവശ്യം മിടിക്കുകയും ഏകദേശം ഏഴായിരം ലിറ്റർ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഹൃദയം സ്വതന്ത്രമായി പ്രവർത്തിക്കുകയാണോ അല്ലെങ്കിൽ അതിന്റെ പ്രവർത്തനത്തിൽ തലച്ചോർ ഇടപെടുന്നുണ്ടോ എന്ന കാര്യത്തിൽ ഖണ്ഡിതമായ ഒരു അഭിപ്രായം പറയാൻ മാത്രം ഇന്നും ശാസ്ത്ര വിവരങ്ങൾ അപര്യാപത്മാണ്. തലച്ചോറിന്റെ അതിസൂക്ഷ്മ പ്രവർത്തനങ്ങളെക്കുറിച്ചും ഹൃദയമിടിപ്പിന്റെ പ്രചോദനത്തെക്കുറിച്ചും ചില നിഗമനങ്ങളല്ലാതെ കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ദൈവിക വെളിപാടായ ക്വുർആൻ ഹൃദയത്തെ വികാരത്തിന്റെയും ഗ്രാഹ്യശക്തിയുടെയും നിരീക്ഷണത്തിന്റെയും രോഗങ്ങളുടെയും കേന്ദ്രമായിട്ടാണ് പരിഗണിക്കുന്നത്.

ഹൃദയും തലച്ചോറും തമ്മിലുളള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയവർ മസ്തിഷ്‌കത്തിന്റെ വൈദ്യുത രാസ പ്രവർത്തനത്തെ ഹൃദയം സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാനസിക വിഷമങ്ങളും പിരിമുറുക്കങ്ങളും ഒരാളെ തലതിരിഞ്ഞ അവസ്ഥയിലേക്ക് എത്തിക്കുന്നത് ഇതുകൊണ്ടാണ്. ഹൃദയം ബുദ്ധിയുടെ പ്രവർത്തനത്തിന് മാർഗദർശനം നൽകുന്നു എന്നു പറഞ്ഞാൽ അത് ശാസ്ത്രീയമായി നിഷേധിക്കാനും കഴിയുകയില്ല. കാരണം ഹൃദയവും ബുദ്ധിയും തമ്മിൽ അത്രയും താളപ്പൊരുത്തത്തോടു കൂടിയാണ് പ്രവർത്തിക്കുന്നത്.

ഹൃദയമാറ്റത്തിന് വിധേയരാവരെ നിരീക്ഷണത്തിന് വിധേയമാക്കിയപ്പോൾ ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുളള അവരുടെ മാനസികഭാവത്തിൽ കാര്യമായ മാറ്റം കാണാൻ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണമായി, യൂറോപ്പിൽ തലച്ചോറിന്റെ തകരാറ് കാരണം മരണപ്പെട്ട ഒരു കുട്ടിയുടെ ഹൃദയം മറ്റൊരു കുട്ടിയിൽ വെച്ചുപിടിപ്പിച്ച് അവന്റെ ജീവൻ രക്ഷിക്കുകയുണ്ടായി. എന്നാൽ ഏറെ താമസിയാതെ ഹൃദയം സ്വീകരിച്ച കുട്ടിയിലും ഹൃദയം നൽകിയ കുട്ടിക്ക് ഉണ്ടായിരുന്ന അതേ മസ്തിഷ്‌കരോഗം ദൃശ്യമാകുകയുണ്ടായി. ആദ്യത്തെ കുട്ടിയുടെ ഹൃദയമാണ് ആ രണ്ട് കുട്ടികളുടെയും തലച്ചോറിന് തകരാറുണ്ടാക്കിയത് എന്ന നിഗമനത്തിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്. അതുപോലെ വെളളത്തിൽ മരിച്ച ഒരു കുട്ടിയുടെ ഹൃദയം മറ്റൊരു കുട്ടിക്ക് വെച്ചുപിടിപ്പിച്ചപ്പോൾ വെളളം കാണുന്നതുതന്നെ അവനിൽ ഭയവും ഭീതിയും ഉണ്ടാക്കുന്നതായി കാണാൻ കഴിഞ്ഞു. ഒരാളുടെ ജീവിതകാലത്ത് അവൻ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ അവന്റെ ഹൃദയത്തിലും രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നാണ് ഇതിൽനിന്നും മനസിലാക്കാൻ കഴിയുന്നത്.

കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചവരുടെ മാനസികാവസ്ഥ ഇതിലേറെ വിചിത്രമാണ്. അവർക്ക് മുമ്പുണ്ടായിരുന്ന പല വികാരങ്ങളും മാനസികഭാവങ്ങളും നഷ്ടപ്പെടുന്നതായിട്ടാണ് കണ്ടത്. അമേരിക്കയിൽ കൃത്രിമ ഹൃദയം വെച്ച പീറ്റർ ഹൗറ്റൻ എന്ന ഒരാൾക്ക് തന്റെ മക്കളോടും പേരക്കിടാങ്ങളോടുമുളള മനോഭാവം മാറിയെന്ന് വാഷിംഗടൺ പോസ്റ്റ് (11/8/2007) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നീട് അയാൾക്ക് ചുറ്റുപാടുമായി പൊരുത്തപ്പെടാൻ പ്രയാസമായിത്തീരുകയും ജീവിതംതന്നെ മടുക്കുകയും ഈ ലക്ഷണം കെട്ട ഹൃദയത്തിൽനിന്ന് ഒരു മോചനം കിട്ടിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഈ അത്ഭുത പ്രതിഭാസത്തിന് ഒരു വ്യാഖ്യാനം നൽകാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. 1982ലാണ് ആദ്യമായി കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത്. നൂറ്റിപ്പതിനൊന്ന് ദിവസമാണ് ആ രോഗി പുതിയ ഹൃദയവുമായി ജീവിച്ചത്. പിന്നീട് ഈ രംഗത്ത് പുരോഗതിയുണ്ടാകുകയും താരതമ്യേന ഭാരം കുറഞ്ഞ കൃത്രിമ ഹൃദയം വികസിപ്പിച്ചെടുക്കുകയും ചെയ്തു. 2001ൽ കുറ്റമറ്റ കൃത്രിമ ഹൃദയംവെച്ച വ്യക്തിയും നാലുമാസം മാത്രമാണ് ജീവിച്ചത്.

ഒരു മനുഷ്യന്റെ ഹൃദയത്തിൽ അവന്റെ ജീവിതത്തിലെ സകല സംഭവവികാസങ്ങളും രേഖപ്പെടുത്തുന്ന ഒരു ഫയൽ ഉണ്ടെന്നാണ് ഹൃദയമാറ്റം നടത്തിയവരുടെ ജീവിതം വിശകലനം ചെയ്തതിൽനിന്നും ഗ്രഹിക്കാൻ കഴിയുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് പോലും ഇതാണ് മാർഗദർശനം നൽകുന്നത്. ഹൃദയാന്തരാളത്തിൽ മറ്റൊരു മസ്തിഷ്‌ക്കമുണ്ട് എന്നാണ് ചില ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഹൃദയമിടിപ്പിന്റെ താളം ചിട്ടപ്പെടുത്തുന്നതും ചില ഹോർമോൺ ഉത്പാദിപ്പിക്കുന്നതും തലച്ചോറിലേക്ക് ചില സന്ദേശങ്ങൾ അയക്കുന്നതും ഈ കേന്ദ്രമാണ്. ഇത് മനുഷ്യന്റെ ഗ്രാഹ്യശക്തിയിൽ വലിയ സ്വാധീനം ചെലുത്തുന്നുമുണ്ട്. മനുഷ്യർ പരസ്പരം സംസാരിക്കാതെ അവരുടെ ഹൃദയങ്ങൾ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്തിക ആവേഗങ്ങൽകൊണ്ട് മാത്രം ആശയവിനമയം നടത്താം എന്ന് വാദിക്കുന്നവരുമുണ്ട്. നമ്മൾ ഒരു വ്യക്തിയുടെ അടുത്ത് ചെല്ലുകയോ സ്പർശിക്കുകയോ സംസാരിക്കുയൊ ചെയ്യുമ്പോൾ അയാളുടെ ഹൃദയമിടിപ്പിൽ അത് മാറ്റമുണ്ടാക്കുകയും അത് അയാളുടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ പ്രതിഫലിക്കുകയും ചെയ്യാറുണ്ട്.

ഹൃദയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പഠനങ്ങൾ ക്വുർആൻ പ്രഖ്യാപിച്ച പല കാര്യങ്ങളുമായി യോജിക്കുന്നുണ്ട്.

1. ഏകദേശം നാൽപതിനായിരം നാഡീ കോശങ്ങൾ ഉൾക്കൊ ള്ളുന്ന ഒരു മസ്തിഷ്‌കം ഹൃദയത്തിനകത്തുണ്ടെന്നാണ് ശാസ്ത്രജ്ഞാർ പറയുന്നത്. ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു ക്വുർആൻ വചനം നമുക്ക് കാണാൻ കഴിയും: ‘ഇവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കിൽ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ കേട്ടറിയാനുതകുന്ന കാതുകളോ അവർക്കുണ്ടാകുമായിരുന്നു’ (ഹജ്ജ്: 46).

2. മനുഷ്യന്റെ ഗ്രാഹ്യശക്തിയിൽ ഹൃദയത്തിന്റ പ്രവർത്തനം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്: ‘അവർക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല’ (അഅ്‌റാഫ് :179) എന്ന വചനം ഇതാണ് സൂചിപ്പിക്കുന്നത്.

3. കൃത്രിമ ഹൃദയം വെച്ചവർക്ക് അവരുടെ ഹൃദയ നൈർമല്യവും സ്‌നേഹവും നഷ്ടപ്പെടുകുയും ഹൃദയം കല്ലായിത്തീരുന്ന ഒരു അവസ്ഥ സംജാതമാകുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു വചനം നമുക്ക് അൽബക്വറ 74 ൽ കാണാം: ‘പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകൾ കടുത്തുപോയി; അവ പാറപോലെയോ അതിനെക്കാൾ കടുത്തതോ ആയി ഭവിച്ചു.’

4. മനുഷ്യന്റെ ജീവിതത്തിലെ സംഭവവികാസങ്ങളുടെ ഒരു ലഘുചിത്രം ഹൃദയങ്ങളിൽ ശേഖരിക്കപ്പെടുന്നുണ്ട്. ഇക്കാര്യം പ്രതിപാദിക്കുന്ന ഒരു വചനം ആലുഇംറാൻ 154 ൽ കാണാം: ‘നിങ്ങളുടെ മനസ്സുകളിലുളളത് അല്ലാഹു പരീക്ഷിച്ചറിയുവാൻ വേണ്ടിയും നിങ്ങളുടെ ഹൃദയങ്ങളിലുളളത് ശുദ്ധീകരിച്ചെടുക്കുവാൻ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുളളത് അറിയുന്നവനാകുന്നു അല്ലാഹു.’

5. ഹൃദയത്തിന്റെ സുസ്ഥിതിക്ക് വലിയ തകരാറ് സംഭവിച്ചാൽ അത് കേൾവിയെയും ബാധിക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയം പരാമർശിക്കുന്ന ഒരു വചനം നമുക്ക് അഅ്‌റാഫ് 100ാം വചനത്തിൽ കാണാം: ‘നാം അവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കുകയും ചെയ്യും. അപ്പോൾ അവർ ഒന്നും കേട്ടുമനസ്സിലാക്കാത്തവരായിത്തീരും.’

6. തലച്ചോറിന്റെ പ്രവർത്തനത്തെ ഹൃദയം സ്വാധീനിക്കുന്നതുകൊണ്ട് അറിവ് നേടുന്ന രംഗത്ത് ഹൃദയത്തിന് വലിയ പങ്കുണ്ട്. ഇക്കാര്യം തൗബ 93ൽ വിശദീകരിക്കുന്നുണ്ട്: ‘അവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ കാര്യം മനസിലാക്കുന്നില്ല.’

7. കൃത്രിമഹൃദയം വെച്ചവർക്ക് അവരുടെ മാനസിക വികാരങ്ങളും വിശ്വാസവും നഷ്ടപ്പെടുന്നതായി കണ്ടിട്ടുണ്ട്. വിശ്വാസത്തിന്റെ കേന്ദം ഹൃദയമാണന്ന് സൂചിപ്പിക്കുന്ന ഒരു വചനം മാഇദ 41 ൽ കാണാം: ‘അവർ മനസ്സിൽ വിശ്വാസം കടക്കാതെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നുവെന്ന് നാവുകൊണ്ട് പറയുന്നവരാണ്.’

ഹൃദയത്തിന് തലച്ചോറുമായും ശരീരത്തിന്റെ ഇതര ഭാഗങ്ങളുമായും ബന്ധമുണ്ടെന്നും അത് മാറ്റി വെച്ചാൽ വികാരങ്ങളെയും പ്രവർത്തനങ്ങളെയും അത് സ്വാധീനിക്കുമെന്നും ശാസ്ത്രം കണ്ടെത്തുന്നതിനുമുമ്പ് തന്നെ പ്രവാചക വചനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

നബി ﷺ  പറഞ്ഞു: ‘അറിയുക, ശരീരത്തിൽ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി. അറിയുക; അതാണ് ഹൃദയം.’