ഇതരമതസ്ഥരോടുള്ള സമീപനം: ഇസ്‌ലാമിക ചരിത്രത്തിലെ മഹനീയ മാതൃകകൾ

ഡോ. ടി. കെ യൂസുഫ്

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

ഇസ്‌ലാമിക ചരിത്രം പരിശോധിക്കുകയാണെങ്കിൽ അന്യമതസ്ഥരോട് സൗഹാർദത്തിലും സഹകരണത്തിലും വർത്തിച്ചതിന്റെ ധാരാളം മാതൃകകൾ കാണാനാവും. ഇസ്‌ലാമിക പ്രബോധന രംഗത്ത് ദിവ്യസന്ദേശത്തിന്റെ അജയ്യതകൊണ്ടും അമാനുഷികതകൊണ്ടും വെല്ലുവിളിച്ചു എന്നല്ലാതെ ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി കാണാനാകില്ല. പ്രസിദ്ധ ചരിത്രകാരനായ തോമസ് അർനോൾഡ് പറയുന്നത് ‘അമുസ്‌ലിംകളെ ഇസ്‌ലാം സ്വീകരിപ്പിക്കുന്നതിനോ ക്രിസ്തുമതത്തെ നിർമാർജനം ചെയ്യുന്നതിനോ ബോധപൂർവമായ ഒരു പരിശ്രമം നടന്നതായി കേട്ടിട്ടില്ല’ എന്നാണ്.

പ്രവാചകന്റെ കാലശേഷം വന്ന സച്ചരിതരായ ഖലീഫമാരുടെ കാലഘട്ടത്തിൽ മുസ്‌ലിംകൾ അന്യ മതസ്ഥരെ സാമ്പത്തികമായും ശാരീരികമായും സഹായിച്ച ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും. ഒന്നാം ഖലീഫ അബൂബക്ർ(റ) ഇറാഖിലെ ഹീറയിലെ ദിമ്മീ കാഫിറുകളുടെ കാര്യത്തിൽ ഖാലിദ് ബിൻ വലീദിന് ഇപ്രകാരം എഴുതി: ‘ഏതെങ്കിലും ഒരു വൃദ്ധന് ജോലി ചെയ്യാൻ കഴിയാത്തവിധം ദൗർബല്യമുണ്ടെങ്കിൽ, അല്ലെങ്കിൽ ഒരു സമ്പന്നന് വല്ല വിപത്തും ബാധിച്ച് അവൻ ദരിദ്രനായിമാറിയാൽ, എന്നിട്ട് അവന്റെ മതത്തിലെ ആളുകളോട് സഹായം ചോദിക്കേണ്ട അവസ്ഥയാണ് അവനുളളതെങ്കിൽ അവന് ജിസ്‌യ ഒഴിവാക്കി കൊടുക്കുകയും അവന്റെയും അവന്റെ ആശ്രിതരുടെയും കാര്യം പൊതുഖജനാവിൽ നിന്നും നിർവഹിക്കപ്പെടുകയും വേണം.’

ഇസ്‌ലാമിക രാജ്യത്ത് ജീവിച്ചിരുന്നവർ, അവർ ഏത് മതക്കാരായാലും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റപ്പെട്ടിരുന്നു. അടിസ്ഥാന ജീവിത പ്രശ്‌നങ്ങളിൽ യാതൊരു വേർതിരിവും അവർ അഭിമുഖീകരിച്ചിരുന്നില്ല. ജീവിത ആവശ്യങ്ങൾക്ക് വേണ്ടി മറ്റുളളവരുടെ മുമ്പിൽ കൈ നീട്ടുന്ന അവസ്ഥ ഇല്ലാത്തവിധം പൊതുഖജനാവിൽനിന്ന് അവർക്ക് ഒരു വിഹിതം നൽകിയിരുന്നു.

അബൂബക്ർ(റ) സൈന്യങ്ങളെ യുദ്ധത്തിന് അയക്കുന്ന സമയത്ത് ഇപ്രകാരം നിർദേശം നൽകിയിരുന്നു: ‘നിങ്ങൾ മഠങ്ങളിൽ ആരാധനയിൽ മുഴുകിയിരിക്കുന്ന പുരോഹിതന്മാരുടെ അടുത്തുകൂടെ കടന്നു പോകാൻ ഇടയുണ്ട്. അവരെ നിങ്ങൾ ഉപദ്രവിക്കുകയോ, അവരുടെ മഠങ്ങൾ നിങ്ങൾ തകർക്കുകയോ ചെയ്യരുത്.’

ഖലീഫ ഉമർ(റ) തന്റെ ഭരണത്തിൻ കീഴിലുളള ദിമ്മീ കാഫിർ എന്ന പേരിലറിയപ്പെടുന്ന മുസ്‌ലിംകളുടെ സംരക്ഷണത്തിലുളള അവിശ്വാസികളോട് മാന്യമായി പെരുമാറുകയും അവരുമായുളള ഉടമ്പടികൾ പൂർത്തീകരിക്കുകയും അവർക്ക് വേണ്ടി യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. അവരുടെ കഴിവിൽ കവിഞ്ഞ യാതൊരു ബാധ്യതയും അദ്ദേഹം അവരെ ഏൽപിച്ചിരുന്നില്ല.

ഉമർ(റ) ഒരിക്കൽ ഒരു ജനതയുടെ അടുത്തുകൂടെ നടന്ന് പോകുകയായിരുന്നു. അപ്പോൾ അവിടെ കണ്ണുകാണാത്ത ഒരു കിഴവൻ യാചിക്കുന്നതായി കണ്ടു. ഉമർ(റ) അദ്ദേഹത്തിന്റെ ചുമലിൽ കൈവച്ചു കൊണ്ട് ചോദിച്ചു: ‘വേദക്കാരിൽ ഏത് വിഭാഗത്തിലാണ് താങ്കൾ?’ അദ്ദേഹം പറഞ്ഞു: ‘ഞാൻ ജൂതനാണ്.’ ഉമർ(റ) ചോദിച്ചു: ‘താങ്കളെ ഈ കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത് എന്താണ്?’ അദ്ദേഹം പഞ്ഞു: ‘ആവശ്യം, വാർധക്യം, ജിസ്‌യ എന്നിവയാണ് എന്നെ ഇതിന് പ്രേരിപ്പിച്ചത്.’ ഉമർ(റ) അദ്ദേഹത്തെ കൈപിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി അവിടെ ഇരുത്തിയിട്ട് പൊതുഖജനാവിന്റെ ചുമതലക്കാരനെ വിളിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇദ്ദേഹത്തെയും ഇദ്ദേഹത്തിന് നാം ചുമത്തിയ നികുതിയും നോക്കൂ. നാം ഇദ്ദേഹത്തോട് നീതികാണിച്ചില്ല. ഇയാളുടെ യൗവനം നാം ഭക്ഷിച്ചു. ഇനി വാർധക്യത്തിൽ അദ്ദേഹത്തെ കൈവിടാൻ പാടില്ല. ദാനധർമങ്ങൾ അഗതികൾക്കും പാവപ്പെട്ടവർക്കുമുളളതാണ്. ഇദ്ദേഹം വേദക്കാരിൽ പെട്ട ഒരു അഗതിയാണ്. ഇയാളുടെ നികുതി ഒഴിവാക്കിക്കൊടുക്കുകയും ആവശ്യം നിർവഹിക്കുകയും ചെയ്യുക.’

ഒരിക്കൽ ഉമർ(റ) തന്റെ വസ്ത്രത്തിന്റെ കേടുപാട് തീർക്കുന്ന സമയത്ത് മറു വസ്ത്രമായി ഒരു ക്രിസ്ത്യാനിയുടെ വസ്ത്രം ധരിച്ചതായും ക്രിസ്ത്യാനികളുടെ പാത്രത്തിൽനിന്ന് നമസ്‌കാരത്തിന് അംഗശുദ്ധി വരുത്തിയതായും ചരിത്രത്തിൽ കാണാവുന്നതാണ്.

അബ്ദുല്ലാഹിബിൻ ഉമർ(റ) ഒരിക്കൽ ഒരു ആടിനെ അറുത്ത് തന്റെ ഭൃത്യനോട് പറഞ്ഞു: ‘ആദ്യം നമ്മുടെ അയൽക്കാരനായ ജൂതന് നൽകണം.’ ആളുകൾ ചോദിച്ചു: ‘ജൂതനോ?’ അദ്ദേഹം പറഞ്ഞു: ‘പ്രവാചകൻ ﷺ  അയൽക്കാരന്റെ കാര്യം ഞങ്ങളെ ഉപദേശിച്ചുകൊണ്ടേയിരുന്നു. അവന് അനന്തരസ്വത്ത് നൽകേണ്ടി വരുമോ എന്നുപോലും ഞങ്ങൾ ഭയപ്പെട്ടു.’

ഉമർ ബിൻ അബ്ദുൽ അസീസ് (റഹി) തന്റെ ഭരണച്ചുമതല വഹിക്കുന്ന അദിയ്യിനോട് ഇപ്രകാരം പറഞ്ഞു: ‘ദിമ്മീ കാഫിറുകളിൽപെട്ട പ്രായമായവരെയും ദുർബലരേയും വരുമാനമില്ലാത്തവരെയും പരിഗണിക്കുകയും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടത് പൊതുമുതലിൽനിന്ന് നൽകുകയും വേണം.’

അദ്ദേഹത്തിന്റെ സദസ്സിൽനിന്ന് ഒരിക്കൽ ഇപ്രകാരം ഒരു വിളംബരം ഉണ്ടായി: ‘ആർക്കെങ്കിലും വല്ല പ്രശ്‌നവുമുണ്ടെങ്കിൽ അവൻ അത് ഉന്നയിക്കട്ടെ.’ അപ്പോൾ ഹിംസിലെ ഒരു ദിമ്മീ കാഫിർ എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു: ‘ദൈവത്തിന്റെ വേദം മുൻനിർത്തി ഞാൻ താങ്കളോട് ചോദിക്കുകയാണ്.’ ഖലീഫ ചോദിച്ചു: ‘എന്താണ് അത്?’ അദ്ദേഹം പറഞ്ഞു: ‘അബ്ബാസ് ബിൻ വലീദ് എന്റെ ഭൂമി കവർന്നെടുത്തു.’ അബ്ബാസ് അവിടൈയുണ്ടായിരുന്നു. ഖലീഫ ചോദിച്ചു: ‘അബ്ബാസ്, നിനക്ക് എന്ത് പറയാനുണ്ട്?’ അദ്ദേഹം പറഞ്ഞു: ‘ശരിയാണ്. വലീദാണ് എനിക്ക് ആ ഭൂമി വീതിച്ചുതന്നത്. അതിനുളള രേഖയും അദ്ദേഹം തന്നിട്ടുണ്ട്.’ ഖലീഫ ദിമ്മിയോട് ചോദിച്ചു: ‘എന്താണ് പറയാനുളളത്?’ അദ്ദേഹം പറഞ്ഞു: ‘ദൈവിക ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ചോദിക്കുന്നത്.’ ഖലീഫ ‘വലീദിന്റെ രേഖയെക്കാൾ അല്ലാഹുവിന്റെ രേഖയാണ് പരിഗണിക്കേണ്ടത്’ എന്ന് പറഞ്ഞ് ഭൂമി തിരിച്ചുനൽകാൻ ഉത്തരവിട്ടു.

പ്രവാചകന്റെ ജീവിതം പരിശോധിക്കുകയാണെങ്കിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്ന സമയത്ത് തന്റെ അങ്കി ഒരു ജൂതന്റെ അടുക്കൽ പണയത്തിലായിരുന്നു. അത് തനിക്കും കുടുംബത്തിനും ഭക്ഷണത്തിന് വേണ്ട ധാന്യത്തിനുവേണ്ടി പണയപ്പെടുത്തിയതായിരുന്നു. പ്രവാചകത്വത്തിന്റെ അവസാന ഘട്ടത്തിലാണ് ഇത് സംഭവിച്ചത്. അന്ന് മുസ്‌ലിംകളുടെ കൂട്ടത്തിൽതന്നെ സാമ്പത്തിക ശേഷിയുളളവർ ധാരാളം ഉണ്ടായിരുന്നു. എന്നിട്ട് ജൂതനുമായി നടത്തിയ ഈ ഇടപാടിൽനിന്നും സാമ്പത്തിക സാമൂഹ്യ രംഗങ്ങളിൽ അന്യമതസ്ഥരോട് സഹകരിക്കുന്നതിൽ തെറ്റില്ല എന്ന് സുതരാം വ്യക്തമാണ്. 

മുസ്‌ലിംകളുടെ സംരക്ഷണത്തിലുളള അവിശ്വാസികളെ വധിക്കുന്നതിനെ വിശ്വാസികളെ വധിക്കുന്നതുപോലുളള ഒരു അപരാധമായിട്ടാണ് ഇസ്‌ലാം കാണുന്നത്. നബി ﷺ  പറഞ്ഞു: ‘ആരെങ്കിലും ഒരു ഉടമ്പടിയിലുളളവനെ വധിച്ചാൽ അവൻ സ്വർഗത്തിന്റെ ഗന്ധം ആസ്വദിക്കുകയില്ല. അതിന്റെ സുഗന്ധം നാൽപത് വർഷത്തെ വഴിദൂരംവരെ എത്തുന്നതാണ്.’

ഒരു ഉടമ്പടിയിലുള്ളവനെ ആരെങ്കിലും അക്രമിക്കുകയോ അവന് പൊരുത്തമില്ലാത്ത വല്ലതും അവനിൽനിന്ന് എടുക്കുകയോ ചെയ്താൽ അന്ത്യദിനത്തിൽ ഞാൻ അവന്റെ എതിരാളിയായിരിക്കുമെന്നും ഹദീസുകളിലുണ്ട്. മുസ്‌ലിംകളുടെ വീടുകളിൽ അഭയംതേടിയ മുശ്‌രിക്കുകളെ സംരക്ഷിക്കണമെന്ന് കൽപിക്കുന്ന തിരുവചനങ്ങളും നമുക്ക് കാണാനാകും.

അംറുബിൻ ആസ്(റ) ഒരു പള്ളിയുടെ വിപുലീകരണാർഥം ഒരു കിബ്തി സ്ത്രീയുടെ വീടിന്റെ സ്ഥലം ആവശ്യപ്പെട്ടു. പക്ഷേ, ആ സ്ത്രീ അതിന് കൂട്ടാക്കിയില്ല. നിർബന്ധപൂർവം അവരെ ഒഴിപ്പിച്ച് പളളി നിർമിച്ചപ്പോൾ ആ സ്ത്രീ ഉമറുൽ ഫാറൂഖി(റ)ന്റെ അടുക്കൽ പരാതി പറഞ്ഞു. ഉടനെ ഉമർ(റ) പള്ളിയുടെ ആ ഭാഗം നീക്കം ചെയ്ത് വീട് പുനർനിർമിച്ച് നൽകാൻ ആവശ്യപ്പെട്ടു.

ഇസ്‌ലാമിക സാമ്രാജ്യത്തിന് ശക്തിയുടെയും ദൗർബല്യത്തിന്റെയും കാലഘട്ടങ്ങൾ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാൽ ഈ കാലഘട്ടത്തിലൊന്നും അന്യമതസ്ഥരോട് അവരുടെ വിശ്വാസം ത്യജിക്കാനോ, നിർബന്ധപൂർവം ഇസ്‌ലാം സ്വീകരിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. മതത്തിൽ നിർബന്ധമില്ല എന്ന ക്വുർആൻ വചനം ശരിക്കും അവർ പ്രയോഗവത്കരിച്ചിരുന്നു.