ശിരോവസ്ത്ര നിരോധനം ഭ്രാതൃഭാവം തകർക്കും

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 4)

മുസ്‌ലിം പെൺകുട്ടികൾക്ക് മേൽ നടപ്പാക്കുന്ന ശിരോവസ്ത്ര നിരോധനം സ്ത്രീകൾക്കെതിരെയുള്ള വിവേചനമാണെന്നും നിരോധനത്തിന്റെ പിന്നിൽ മുസ്‌ലിം വിരോധമെന്ന ഹിന്ദുത്വ രാഷ്ട്രീയമാണെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ പരിശോധിക്കുന്നതിനെക്കാൾ ഊന്നൽ മുസ്‌ലിംകൾ വളരെക്കാലമായി സ്വീകരിച്ചുവരുന്ന നടപ്പുരീതികളും കീഴ്‌വഴക്കങ്ങളും എന്താണെന്ന് അന്വേഷിക്കുന്നതിനാണ് നൽകേണ്ടതെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാരതത്തിന്റെ പ്രഖ്യാപിത നയമാണ് ഇവിടെയും നടപ്പാക്കേണ്ടതെന്നും അഭിഭാഷകരായ ആദിത്യ സോന്ധിയും രാജീവ് ധവാനും ചൂണ്ടിക്കാണിച്ചതിന് ശേഷം സുപ്രീംകോടതി സീനിയർ അഭിഭാഷകൻ ഹുസേഫാ അഹ്‌മദിയാണ് കോടതിക്ക് മുമ്പാകെ കക്ഷികൾക്ക് വേണ്ടി ഹാജരായത്. വിദ്യാർഥികൾക്കിടയിലെ സാഹോദര്യബോധത്തെ തകർക്കാൻ മാത്രമെ പുതിയ തീരുമാനം ഉതകുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വാദം.

ഹുസേഫാ അഹ്‌മദി

സർക്കാരിന്റെ സർക്കുലറിൽ പറയുന്നത് പുതിയ തീരുമാനം വിദ്യാർഥികൾക്കിടയിൽ സാഹോദര്യം ഉണർത്തുന്ന ഭ്രാതൃഭാവം (fraternity) വളർത്തുമെന്നാണ്. എന്നാൽ വിപരീതഫലമാണ് ഇത് ഉണ്ടാക്കാൻ പോകുന്നത്. കർണാടക എഡ്യൂക്കേഷൻ ആക്റ്റ് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളണം എന്ന് അനുശാസിക്കുന്ന ഇൻക്ലൂസിവിറ്റിയെയും എല്ലാവരുമായും സൗഹൃദത്തിൽ കഴിയണമെന്ന് പഠിപ്പിക്കുന്ന ഫ്രറ്റേർണിറ്റിയെയുമാണ് ഉയർത്തിപ്പിടിക്കുന്നത്. ഈ ആക്റ്റിന് വിരുദ്ധമാണ് സർക്കാരിന്റെ ഉത്തരവ് എന്നത് വ്യക്തമാണ്. ഭരണകൂടത്തിന്റെ താൽപര്യം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കണം. വിദ്യാഭ്യാസത്തിന് നിയന്ത്രണം കൊണ്ടുവരുന്ന തരത്തിലുള്ള തീരുമാനങ്ങൾ സർക്കാർ നയമാവാൻ പാടില്ല. ശിരോവസ്ത്രം അനുവദിക്കാതെ വന്നാൽ വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്കാവും സംഭവിക്കുക.

ശബരിമല വിധിയും ശിരോവസ്ത്രവും

സർക്കാരിന്റെ സർക്കുലർ പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്ന് തോന്നാമെങ്കിലും പരോക്ഷമായി വിവേചനപരമാണ്. മതപ്രമാണങ്ങളിലെ വാചകങ്ങളാണോ പണ്ഡിതന്റെ വാക്കാണോ അതല്ല, മതാചാരങ്ങളുടെ പരിധിയിൽ വരുന്ന അറിയപ്പെടുന്ന എല്ലാ ആചാരങ്ങളുമാണോ അത്യന്താപേക്ഷിത മതാചാരങ്ങൾ (ERP) എന്ന് നിശ്ചയിക്കാൻ സാധിക്കില്ല എന്നാണ് ശബരിമല കേസിൽ സുപ്രീം കോടതി പറഞ്ഞത്. അവയിൽ ഏതാണ് പരിഗണിക്കേണ്ടത് എന്ന കാര്യത്തിൽ നാം ആശയക്കുഴപ്പത്തിലാണ്. ഭരണഘടനയുടെ ആമുഖത്തിൽ (Preamble) പറയുന്നത് വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കിക്കൊണ്ടാണ് സാഹോദര്യം സാധ്യമാക്കേണ്ടത് എന്നാണ്. (Fraternity which assures the dignity of individual). രാഷ്ട്രത്തിന്റെ ഐക്യത്തെ കുറിച്ച് പറയുന്നതിന് മുമ്പാണ് ഓരോ വ്യക്തിയുടെയും അന്തസ്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദങ്ങൾ 51A(e), 51A(f) എന്നിവയിൽ പ്രതിപാദിക്കുന്ന സംയോജിത സംസ്‌കാരത്തെ കുറിച്ചും അതിലൂടെ ഉണ്ടാവുന്ന സഹിഷ്ണുതാ മനോഭാവത്തെ കുറിച്ചും ഹുസേഫാ അഹ്‌മദി അവതരിപ്പിച്ചു.

ഫ്രറ്റേർണിറ്റിയിലെ ആശയപ്രപഞ്ചം

സാഹോദര്യത്തെ ഭരണഘടനാ മൂല്യമായി അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യം സാമൂഹിക അസമത്വം ഉന്മൂലനം ചെയ്യുന്നതിനായി സമൂഹത്തിന്റെ സംവേദനക്ഷമതയെ ഉണർത്തുക എന്നതാണ്. സമത്വം (equality), സ്വാതന്ത്ര്യം (liberty) എന്നിവ പോലെ ജുഡീഷ്യൽ വ്യാഖ്യാനം ലഭിച്ചിട്ടില്ലാത്ത ഒരു സംജ്ഞയാണ് ഭ്രാതൃഭാവം (fraternity). സാഹോദര്യം എന്ന അർഥത്തിലാണ് ഫ്രറ്റേർണിറ്റി മനസ്സിലാക്കപ്പെട്ടു വന്നിട്ടുള്ളത്. നമ്മുടെ ഭരണഘടനയിൽ ഫ്രറ്റേർണിറ്റി എന്ന പദം കാര്യമായ ആശയമാണ് നൽകുന്നത്. ഫ്രഞ്ച് വിപ്ലവത്തോടെയാണ് ഈ പദം പ്രചാരത്തിൽ വന്നത്. ഭരണഘടനയുടെ വർണരാജിക്ക് ചൈതന്യവത്തായ പ്രതീതി നൽകിയത് ഈ പദമാണ്. ഈ സംജ്ഞയുടെ ആശയം ജനതയുടെ സാമൂഹിക സ്വഭാവത്തിന്റെ ഭാഗമായി വളർത്തിയെടുക്കേണ്ട ഭരണഘടനാ മൂല്യമായിട്ടാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതി കേസുകൾ സമാഹരിക്കപ്പെട്ടവയിൽ (2016) 7 SCC 221 ആയി റിപ്പോർട്ട് ചെയ്യപ്പെട്ട വിധിയിൽ നിന്നുള്ള ഭാഗങ്ങൾ അദ്ദേഹം പരാമർശിച്ചു. ഡോ. അംബേദ്കറുടെ പ്രസംഗം വിധിയിൽ ഉദ്ധരിച്ചിട്ടുണ്ട്. സാമൂഹിക അസമത്വത്തെ ഉന്മൂലനം ചെയ്യുക എന്ന പശ്ചാത്തലത്തിലാണ് ഫ്രറ്റേർണിറ്റിയെ ഇന്ദ്രാ സാഹ്നി കേസിൽ വിവരിച്ചിട്ടുള്ളത് എന്ന് ജസ്റ്റിസ് പി.ബി.സാവന്തിന്റെ പരാമർശങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിവരിച്ചു.

ജി.ഒ ഫ്രറ്റേർണിറ്റിയെ ദുർവ്യാഖ്യാനിക്കുന്നു

വിവാദ സർക്കാർ ഉത്തരവ് ഫ്രറ്റേർണിറ്റി എന്ന ആശയത്തെ തെറ്റിദ്ധരിപ്പിക്കുകയും നാനാത്വം എന്ന ആശയത്തിനെതിരെയുള്ള ഉപന്യാസമാക്കി ആശയക്കുഴപ്പത്തിലാക്കുകയുമാണ് ചെയ്തത്. കർണാടക വിദ്യാഭ്യാസ നിയമത്തിൽ വിദ്യാർഥികൾ അവരുടെ ഗ്രൂപ്പ് ഐഡന്റിറ്റിക്ക് അതീതമായി സാഹോദര്യത്തോടെ പെരുമാറണമെന്നാണ് നിഷ്‌കർഷിക്കുന്നത്. ഫ്രറ്റേർണിറ്റിയുടെ പര്യായമായല്ല ‘ഗ്രൂപ്പ് ഐഡന്റിറ്റിക്ക് അതീതമായി’ എന്ന പ്രയോഗം എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ടെന്നും ഹുസഫേ അഹമ്മദി പറഞ്ഞു. മതപരമായ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്ന വിദ്യാർഥികൾ ഐക്യത്തിന് തടസ്സമാണെന്ന് സർക്കാർ ഉത്തരവിൽ പ്രസ്താവിക്കുന്നതും അദ്ദേഹം ഉദ്ധരിച്ചു. വസ്ത്രധാരണത്തിന്റെ കാര്യത്തിലും ചിന്തകളുടെ കാര്യത്തിലുമുള്ള ഏകത നിയമാനുസൃതമാക്കാനുള്ള ശ്രമം ഒരു സന്ദേശമാക്കി അവതരിപ്പിക്കാൻ ജി.ഒ. ശ്രമിക്കുന്നുണ്ട്. ആചാരങ്ങളെ ഏകരൂപത്തിലാക്കാനല്ല, വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഒരാളുടെ മതപരമായ ആചരണങ്ങൾ മറ്റൊരാളുടെ ലൗകിക വിദ്യാഭ്യാസത്തിനോ ഐക്യത്തിനോ തടസ്സമാകുന്നു എന്ന് തോന്നേണ്ട ആവശ്യമെന്താണ്? ആരെങ്കിലും ശിരോവസ്ത്രം ധരിച്ച് വിദ്യാലയത്തിൽ പോയാൽ എന്തിന് പ്രകോപിതരാവണം? മറ്റൊരു വിദ്യാർഥിക്ക്

അതെങ്ങനെയാണ് പ്രശ്നമാകുന്നത്? പ്രകോപനങ്ങൾക്കെതിരെ നടപടി ഉണ്ടാവുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ഭീഷണികളിലൂടെ കാര്യം സാധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാകും ഫലം.

സാമൂഹിക സ്വത്വബോധത്തിനെതിരെ

ശിരോവസ്ത്രം ധരിക്കുന്ന ഒരാളെ അംഗീകരിക്കാൻ കഴിയില്ല എന്ന് പറയുന്നത് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ഫ്രറ്റേർണിറ്റി എന്ന ആശയത്തിന് എതിരാണ്. സ്വന്തം സാമൂഹിക സ്വത്വബോധത്തെ (Group Identity) ഒഴിവാക്കി യൂണിഫോമിറ്റിയുടെ പേരിൽ ഉണ്ടാക്കിയ സമ്പ്രദായങ്ങൾ പിന്തുടരണം എന്ന് നിർദേശിച്ചുകൊണ്ട് ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഏകശിലാത്മകതയെ നിർബന്ധമായി അടിച്ചേൽപിക്കുന്നതിനെ ഈ കോടതിതന്നെ നിരാകരിച്ചിട്ടുള്ളതാണ്. 2020 ലെ ദേശീയ വിദ്യാഭ്യാസനയം നല്ല വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിശദീകരണത്തിൽ യൂണിഫോം എന്ന വാക്ക് ഉപയോഗിച്ചിട്ടുപോലുമില്ല. വിദ്യാലയങ്ങൾ വൈവിധ്യങ്ങളുടെയും വിമർശനാത്മക ചിന്തയുടെയും ഇടങ്ങളാണെന്ന ചിന്തയാണ് ദേശീയ വിദ്യാഭ്യാസ നയം ഉൾക്കൊള്ളുന്നത്. എന്നാൽ സർക്കാർ ഉത്തരവ് ഫ്രറ്റേർണിറ്റിയെ കുറിച്ച് പറയുന്നുണ്ടെങ്കിലും അക്ഷരത്തിലും ആത്മാവിലും അതിനെ എതിർക്കുകയാണ് ചെയ്യുന്നത്.

മതേതര വിദ്യാഭ്യാസം തകരും

മദ്‌റസകളിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ഒരുവിഭാഗം അവരുടെ സ്ഥിരസങ്കൽപങ്ങളെ ഒഴിവാക്കി മതേതര വിദ്യാഭ്യാസത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ അവർ അത്യന്താപേക്ഷിത മതാചാരമായി കാണുന്ന ശിരോവസ്ത്രം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചാൽ അവർ പഴയപോലെ മതേതര വിദ്യാഭ്യാസത്തെ കൈയൊഴിഞ്ഞ് മദ്‌റസകളിലേക്ക് തന്നെ തിരിച്ചുപോവുകയായിരിക്കും സംഭവിക്കുക. എന്നാൽ ഇത് റിട്ട് പെറ്റീഷനിൽ എന്തുകൊണ്ട് ഉന്നയിച്ചില്ല എന്ന് ബെഞ്ച് ചോദിച്ചു. വളരെയധികം പ്രാധാന്യമുള്ള, നിരവധി ആളുകളെ സ്വാധീനിക്കുന്ന ഒരു കാര്യം പരിഗണിക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിക്കുക സാമാന്യബുദ്ധിയുടെ ഭാഗമാണെന്ന് അഹ്‌മദി പറഞ്ഞു. എന്തുകൊണ്ടാണ് അവർ ശിരോവസ്ത്രം ധരിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം, അവർ യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നുമാണ് വരുന്നത്. അത് അനുവദിക്കാതിരുന്നാൽ സ്വാഭാവികമായും എന്താണ് സംഭവിക്കുക എന്നത് സാമാന്യബുദ്ധി നമ്മോട് പറയുന്നുണ്ട്.

പ്രത്യാഘാതങ്ങൾ പി.യു.സി.എൽ റിപ്പോർട്ടിൽ

ശിരോവസ്ത്രം സ്വന്തം നിലയ്ക്ക് ധരിക്കാൻ പെൺകുട്ടികൾക്ക് ഇഷ്ടമില്ലെന്നും രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവർ ധരിക്കുന്നതെന്നുമുള്ള വാദത്തെ താങ്കൾ എങ്ങനെ കാണുന്നു എന്ന് ബെഞ്ച് ചോദിച്ചു. അങ്ങനെയല്ല, ശിരോവസ്ത്രം ധരിച്ചു വിദ്യാലയങ്ങളിൽ പോകാൻ സാധിക്കുന്നില്ലെങ്കിൽ മറ്റൊരു ഹിതം അവരുടെ മുമ്പിൽ ഇല്ലാത്തതുകൊണ്ട് രക്ഷിതാക്കൾ മദ്‌റസകളിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്ന് അഹ് മദി പറഞ്ഞു. ഈ ഒരു പോയിന്റ് ആരും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. സർക്കാർ തീരുമാനത്തിന്റെ പ്രത്യാഘാതം എന്താണെന്ന് പി.യു.സി.എൽ റിപ്പോർട്ടിൽ ഉണ്ടെന്ന് അഹ്‌മദി പറഞ്ഞു. മുസ്‌ലിം പെൺകുട്ടികളുടെ ഭൗതിക വിദ്യാഭ്യാസത്തിന്റെ മരണമണിയായിരിക്കും ഈ തീരുമാനത്തിലൂടെ മുഴങ്ങുക എന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ പി.യു.സി.എൽ റിപ്പോർട്ട് കർണാടക ഹൈക്കോടതി വിധിയോടുള്ള വിമർശനം’ എന്ന തലക്കെട്ടോടെയാണ് ആരംഭിക്കുന്നത് എന്നും അതുകൊണ്ടുതന്നെ പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനം അംഗീകരിക്കാൻ സാധിക്കില്ല എന്നും ജസ്റ്റിസ് ധൂലിയ പറഞ്ഞു. വിമർശനത്തെ നമുക്ക് അവഗണിക്കാം, ഞാൻ ഉന്നയിക്കുന്നത് ഈ പെൺകുട്ടികളുടെ പ്രശ്‌നങ്ങളാണ്. ഒരു മുസ്‌ലിം പെൺകുട്ടിയുടെ അന്തസ്സിനേയും അവളുടെ വിദ്യാഭ്യാസ അവകാശത്തെയും ബാധിക്കുന്ന വിഷയമാണിത്. ശിരോവസ്ത്രം ഊരിവെക്കാൻ നിർബന്ധിതരായ അനുഭവം അപമാനകരമായിരുന്നു എന്നാണ് പെൺകുട്ടികളുടെ പരാതി. ഹിജാബ് ധരിച്ച പെൺകുട്ടികളെ അധ്യാപകർ ബുദ്ധിമുട്ടിക്കുകയും ആൺകുട്ടികൾ കളിയാക്കുകയും അസഭ്യ സന്ദേശങ്ങൾ അയക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായി. വളരെക്കാലമായി ശിരോവസ്ത്രം ധരിച്ചുവന്നിരുന്ന അവരെ പെട്ടെന്നുള്ള സർക്കാർ തീരുമാനം ഞെട്ടിക്കുകയും ക്രമരഹിതമാക്കുകയും ചെയ്തിരിക്കുകയാണ്.

ശിരോവസ്ത്രം ഒരു സാംസ്‌കാരിക ആചാരം

ശിരോവസ്ത്രം അത്യന്താപേക്ഷിത മതാചാരമല്ലെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാലും അത് അനുച്ഛേദം 29 പ്രകാരം സംരക്ഷിക്കപ്പെടേണ്ട ഒരു സാംസ്‌കാരിക ആചാരമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആർട്ടിക്കിൾ 29 പ്രകാരം സാംസ്‌കാരിക അവകാശം ഓരോരുത്തരുടെയും അവകാശമാണ്. സർ സയ്യിദ് അഹ്‌മദ് ഖാൻ, ചിമൻലാൽ സെദൽവാദ് തുടങ്ങിയവർ കോടതികളിൽ ഫീറ്റ എന്ന തലപ്പാവ് ധരിച്ചുവന്നത് അറിയപ്പെട്ട കാര്യമാണല്ലോ. സാംസ്‌കാരികമായ അടയാളങ്ങളും വസ്ത്രങ്ങളും ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഭാഗമാണ്. ഒരു സമുദായത്തിന്റെ സംസ്‌കാരത്തിൽ അന്തർലീനമായിട്ടുള്ള വസ്ത്രം അനുച്ഛേദം 29 നൽകുന്ന സാംസ്‌കാരിക അവകാശത്തിന്റെ ഭാഗമായി ധരിച്ചതിന്റെ പേരിൽ ഒരാൾക്ക് വിദ്യാഭ്യാസം നിഷേധിക്കും എന്ന് ഒരു സർക്കുലർ വഴി പറയാൻ സാധിക്കുമോ? ശിരോവസ്ത്രം കാണുമ്പോൾ പ്രകോപിതനാകുകയല്ല വേണ്ടത്, മറിച്ച് സാഹോദര്യവും ഭ്രാതൃഭാവവും പ്രകടമാക്കുകയാണ് വേണ്ടത്. നാം കൂടുതൽ മുൻഗണന നൽകേണ്ടത് വിദ്യാഭ്യാസത്തിനാണോ അതല്ല, ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.

ജി.ഒ വിദ്യാഭ്യാസ ആക്ടിന് എതിര്

കർണാടക സർക്കാരിന്റെ പുതിയ ജി.ഒ സർക്കാരിന്റെ തന്നെ കർണാടക വിദ്യാഭ്യാസ ആക്റ്റിന് എതിരാണ്. ആക്റ്റിലെ 15 (b), 39(1)(b), 39(1)(c) എന്നീ വകുപ്പുകൾ മതപരമായ അവകാശങ്ങൾ സ്ഥാപിക്കുന്നവയാണ്. മതവികാരത്തെ വ്രണപ്പെടുത്തുന്ന യാതൊന്നും വിദ്യാലയങ്ങളിൽ പാടില്ലെന്ന് ആക്റ്റ് നിഷ്‌കർഷിക്കുന്നുണ്ട്. മതപരമായ വൈവിധ്യങ്ങളെ അംഗീകരിക്കണമെന്ന് ആക്റ്റ് പറയുമ്പോൾ സർക്കാരിന്റെ സർക്കുലർ വൈവിധ്യങ്ങൾക്ക് വിരുദ്ധമായി യൂണിഫോമിനെയാണ് ഉയർത്തിക്കാട്ടുന്നത്. ആക്റ്റ് ശിരോവസ്ത്രത്തെ നിരസിക്കുന്നില്ല എന്നതോടൊപ്പം തന്നെ അത് ശിരോവസ്ത്രത്തോട് പൊരുത്തപ്പെടുകയാണ് ചെയ്യുന്നത്. ജി.ഒ യുടെ വിചിത്രസ്വഭാവവും അത് പുറപ്പെടുവിച്ച സമയവും സംശയാസ്പദമാണ്. അക്കാദമിക വർഷത്തിന്റെ മധ്യത്തിൽ പരീക്ഷയുടെ ഒരു മാസം മുമ്പാണ് ശിരോവസ്ത്രം നിരോധിക്കപ്പെടുന്നത്. 2022 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ജി.ഒ 2021 ഡിസംബറിൽ തന്നെ നടപ്പാക്കിയതായാണ് കാണുന്നത്.

കുട്ടികളുടെ കൊഴിഞ്ഞുപോക്കും കോടതിയുടെ ആശങ്കയും

അച്ചടക്കം നടപ്പാക്കുന്നതിലായാലും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലായാലും പൊതുതാൽപര്യം എന്താണെന്ന് മനസ്സിലാക്കണം. പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സർക്കുലർ വന്നിട്ടുള്ളത്. എങ്കിൽ അത് ആർട്ടിക്കിൾ 14-ന്റെ ലംഘനമാണ്. ശിരോവസ്ത്രം അനുവദിച്ചതുകൊണ്ട് യാതൊരുവിധത്തിലുമുള്ള അച്ചടക്കരാഹിത്യവും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് സാമാന്യം വലുതാണ്. എന്നാൽ എന്തുകൊണ്ട് അത് ഹൈക്കോടതിയുടെ മുമ്പിൽ വന്നില്ല എന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചു. കോടതിവിധിക്ക് ശേഷമാണ് കൊഴിഞ്ഞുപോക്ക് ഉണ്ടായതെന്നും പി.യു.സി.എൽ റിപ്പോർട്ട് അതാണ് വ്യക്തമാക്കുന്നതെന്നും അഹ്‌മദി വിശദീകരിച്ചു. എന്നാൽ പി.യു.സി.എൽ റിപ്പോർട്ട് എത്രമാത്രം ആധികാരികമാണെന്ന് അറിയില്ലെന്നായിരുന്നു ജസ്റ്റിസ് ധൂലിയയുടെ പ്രതികരണം. യാഥാസ്ഥിതിക കുടുംബംങ്ങളിൽ നിന്നും വരുന്ന വിദ്യാർഥിനികളാണ് എന്ന സാമാന്യജ്ഞാനത്തിലൂടെ അത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് അഹ്‌മദി പ്രതികരിച്ചു. എന്നാൽ ഇവർ പിന്നാക്ക വിഭാഗങ്ങളിൽ നിന്നാണെന്ന യാതൊരു അപേക്ഷയും ഇവിടെ വന്നിട്ടില്ലെന്നായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ മറുപടി. എത്ര കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയാമോ എന്ന ധൂലിയയുടെ ചോദ്യത്തിന് 17000 കുട്ടികൾ പരീക്ഷ എഴുതിയിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്ന് അഹ്\മദി പറഞ്ഞു.

ഭയപ്പെടുത്തുന്ന ഒറ്റപ്പെടുത്തലുകൾ

ശിരോവസ്ത്രം ധരിച്ചിരുന്ന നിയമ വിദ്യാർഥിനികൾക്ക് കോടതികളിൽപോലും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് അഹ്‌മദി പറഞ്ഞു. ഹൈക്കോടതിയുടെ വിധിന്യായത്തിന് ശേഷം ശിരോവസ്ത്രം ധരിക്കുന്നവരോട് ശത്രുതാ മനോഭാവത്തോടെയാണ് പലരും പെരുമാറുന്നത്. അവർക്ക് ഉപദ്രവങ്ങൾ നേരിടേണ്ടി വരുന്നു. മുസ്‌ലിം ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളിൽ മാത്രം യാത്ര ചെയ്യേണ്ട സ്ഥിതിവിശേഷം ഉണ്ടാവുന്നു. നേരത്തെ സൗഹൃദത്തിലായിരുന്ന അയൽക്കാരിൽനിന്നും പോലും വ്യത്യസ്തമായ പെരുമാറ്റങ്ങൾ ഉണ്ടാകുന്നു. ഇതെല്ലാം ഒരു സർക്കാർ ഉത്തരവിലൂടെ സംഭവിച്ചതാണ്.

ഹുസേഫാ അഹ്‌മദിക്ക് ശേഷം സുപ്രീംകോടതിയിലെ പ്രമുഖ വനിതാ അഭിഭാഷക ജെയ്ന കൊത്താരിയാണ് വാദങ്ങൾ അവതരിപ്പിച്ചത്. മുസ്‌ലിം പെൺകുട്ടികളെയാണ് കർണാടകയുടെ തീരുമാനം ബാധിച്ചിട്ടുള്ളത് എന്നത് കൊണ്ടുതന്നെ അത് ലിംഗ വിവേചനമായും പെൺകുട്ടികളുടെ അവകാശ ധ്വംസനമായുമാണ് നിരീക്ഷിക്കേണ്ടത് എന്നായിരുന്നു അവരുടെ പ്രധാന വാദം.

ജെയ്ന കോത്താരി

മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 15(1)നെ കുറിച്ച് പ്രത്യേകിച്ച് അല്പം വിശദമായി ഊന്നിപ്പറയാനാണ് ഉദ്ദേശിക്കുന്നത്. മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്ട്രം ഒരു പൗരനോടും വിവേചനം കാണിക്കാൻ പാടില്ല എന്നാണ് 15(1) അനുശാസിക്കുന്നത്. ഒരു കാര്യം മതത്തിലെ അത്യന്താപേക്ഷിത മതാചാരം അല്ലെങ്കിൽ പോലും ഒരാൾ ഒരു മതാചാരം അനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവകാശം അനുച്ഛേദം 15(1) നൽകുന്നുണ്ട്. അതുകൊണ്ട് ശിരോവസ്ത്രം മതത്തിലെ അത്യന്താപേക്ഷിത ആചാരമാണോ അല്ലയോ എന്നത് പ്രസക്തമായി കാണുന്നില്ല. അതുകൊണ്ടുതന്നെ ശിരോവസ്ത്രം മതത്തിലെ നിർബന്ധമായ അനുഷ്ഠാനമാണോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ല. ഇത് എല്ലാ പെൺകുട്ടികളെയും ബാധിക്കുന്നുണ്ടോ, എല്ലാ മുസ്‌ലിംകളെയും ബാധിക്കുന്നുണ്ടോ എന്നല്ല, മറിച്ച് മുസ്‌ലിം പെൺകുട്ടികളെ പൊതുവിൽ ഈ വിധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നതാണ് വിഷയം.

പഠാൻ ജമാൽ വാലി കേസും ഉപവിഭാഗീയ വിവേചനവും

2021 ലെ പഠാൻ ജമാൽ വാലി കേസിലെ (ദളിത് പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെട്ട കേസ്) ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിൽ പരാമർശിക്കപ്പെട്ട ഉപവിഭാഗീയ വിവേചനം (Intersectional discrimination) ഈ കേസിലും പ്രസക്തമാണ്. ഒരു സ്ത്രീയുടെ സ്വത്വം, ജാതി, വർഗം, മതം തുടങ്ങിയ കാരണങ്ങളാൽ അവൾക്ക് അക്രമവും വിവേചനവും നേരിടേണ്ടി വരാൻ പാടില്ല എന്നാണ് വിധിയുടെ കാതൽ. വിവിധ സാമൂഹിക വ്യതിരിക്തതകളുള്ള ഒരു കവലയിൽ നിലനിൽക്കുന്ന ഒരു ഉപവിഭാഗം സ്ത്രീകളുടെ വ്യതിരിക്തതയെ പരിഗണിക്കണമെന്ന് വിധിയിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇവിടെ വിദ്യാലയങ്ങൾ എന്ന കവലയിൽ നിലനിൽക്കുന്ന ഒട്ടനവധി വ്യതിരിക്ത സമൂഹങ്ങളിലെ ഒരു ഉപവിഭാഗമാണ് മുസ്‌ലിം പെൺകുട്ടികൾ. അവരുടെ വേഷം പരിഗണിക്കുവാൻ നിയമത്തിന് ബാധ്യതയുണ്ട്. ഉപവിഭാഗീയ വിവേചനങ്ങൾ ഉണ്ടായിത്തീരുന്നതോടെ അത്തരം വിഭാഗങ്ങൾ പാർശ്വവൽക്കരിക്കപ്പെടുകയോ അക്രമങ്ങൾക്ക് വിധേയരായിത്തീരുകയോ ചെയ്യും. ദളിത് അതിക്രമങ്ങൾക്ക് പിന്നിൽ പ്രധാനമായും ഈ ഉപവിഭാഗീയ വിവേചനങ്ങളാണ്. ഇതുതന്നെയാണ് മുസ്‌ലിം പെൺകുട്ടികളും ശിരോവസ്ത്ര നിരോധനത്തിലൂടെ അനുഭവിക്കാൻ പോകുന്നത്.

ഐക്യരാഷ്ട്ര സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷനിലെ (CEDAW) ആർട്ടിക്കിൾ 2(c), 2(d) എന്നിവ ഈ വിഷയത്തിൽ പ്രസക്തമാണെന്നും ഇന്ത്യ CEDAW അംഗീകരിച്ചിട്ടുള്ള രാഷ്ട്രമാണെന്നും കോത്താരി ഓർമിപ്പിച്ചു.

ഭരണഘടന ബെഞ്ചിന് വിടണം

അതിനിടയിൽ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെ ഇടപെടുകയും വിഷയം ഭരണഘടന ബെഞ്ചിന് വിടുകയാണ് വേണ്ടതെന്നും നിർദേശിച്ചു. അദ്ദേഹത്തിന്റെ വാദങ്ങൾ കൂടുതൽ സമയം ലഭ്യമാവുമ്പോൾ അവതരിപ്പിക്കാമെന്നും കോടതിയെ ധരിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിഷയമായത് കൊണ്ടുതന്നെ വളരെ പെട്ടെന്ന് ചർച്ച ചെയ്ത് അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നിർമാണ സഭയിൽ ഇതുസംബന്ധമായി നടന്ന ചർച്ചകളിൽ സർദാർ പട്ടേൽ നടത്തിയ ശക്തമായ താക്കീതുകളും അംബേദ്കർ നടത്തിയ പ്രസ്താവനകളും വേണമെങ്കിൽ കാണിച്ചുതരാമെന്നും ദവെ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഭരണകൂടം ഈ വിഷയത്തിൽ ഒരു എതിർ സത്യവാങ്മൂലം പോലും സമർപ്പിച്ചിട്ടില്ല. വളരെ നിസ്സാരമായിട്ടാണ് ഈ വിഷയത്തെ അവർ കാണുന്നത്. അവർക്ക് അനുകൂലമെന്ന് തോന്നുന്ന കാര്യങ്ങളിൽ കൗണ്ടർ ഫയൽ ചെയ്യാതിരിക്കുന്ന പ്രവണതകളാണ് കണ്ടുവരുന്നത്.

(അടുത്ത ലക്കത്തിൽ: നിരോധനം കുട്ടികളുടെ അവകാശ നിഷേധം)