നമസ്‌കാരത്തില്‍ 'കളവ് ' നടത്തുന്നവര്‍

അബൂഫായിദ  

2022 ഫെബ്രുവരി 05, 1442 റജബ്  03

നമസ്‌കാരം മഹത്തായ ഒരു ആരാധനയാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കൃത്യമായി, സമയനിഷ്ഠ പാലിച്ചുകൊണ്ട് അനുഷ്ഠിക്കുക എന്നത് ഒരു വിശ്വാസിയുടെ പരലോകവിജയത്തിന് അനിവാര്യമാണ്.

‘‘സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ'' (ക്വുര്‍ആന്‍ 23: 1-2).

‘‘തങ്ങളുടെ നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചുപോരുന്നവരുമത്രെ (ആ വിശ്വാസികള്‍)'' (ക്വുര്‍ആന്‍ 23:9).  

അത് എങ്ങനെയെങ്കിലും നിര്‍വഹിക്കേണ്ട ഒന്നല്ല. പഠിപ്പിക്കപ്പെട്ട എല്ലാ നിബന്ധനകളും മര്യാദകളും പാലിച്ചുകൊണ്ടായിരിക്കണം അത് നിര്‍വഹിക്കുന്നത്. കൃത്യമായി നമസ്‌കരിക്കുന്നരില്‍ തന്നെ പലരും ഇക്കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തവരായുണ്ട്. കേവലമൊരു ചടങ്ങായി, അടക്കവും ഒതുക്കവും പാലിക്കാതെ നമസ്‌കരിച്ചാല്‍ അത് സ്വീകാര്യയോഗ്യമായ ആരാധനയായി മാറുകയില്ല.

നബി ﷺ പറഞ്ഞു: ‘‘നമസ്‌കാരത്തിലുള്ള കള്ളത്തരമാണ് ഏറ്റവും വലിയ കളവ്.'' അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ‘‘നമസ്‌കാരത്തിലെങ്ങനെയാണ് കളവ്?' നബി ﷺ പറഞ്ഞു: ‘‘റുകൂഉം സുജൂദും പൂര്‍ണമായി നിര്‍വഹിക്കാതിരിക്കല്‍'' (അഹ്്മദ്, അല്‍ബാനി; സ്വഹീഹുല്‍ ജാമിഅ്).

നമസ്‌കാരത്തില്‍ അടങ്ങിപ്പാര്‍ക്കാതിരിക്കല്‍, റുകൂഇലും സുജൂദിലും മുതുക് നേരെ ഉറപ്പിക്കാതിരിക്കല്‍, ഇഅ്തിദാലില്‍ നേരെ നിവരാതിരിക്കല്‍, ഇരുത്തത്തില്‍ നേരേചൊവ്വെ ഇരിക്കാതിരിക്കല്‍ തുടങ്ങിയ വീഴ്ചകളെല്ലാം ആബാലവൃദ്ധം ജനങ്ങളിലും കണ്ടുവരുന്നതാണ്. ത്വുമഅ്‌നീനത്ത് അഥവാ നമസ്‌കാരത്തില്‍ അടക്കവും ഒതുക്കവും പാലിക്കല്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം നമസ്‌കാരം ശരിയാവുകയില്ല.

നബി ﷺ പറഞ്ഞു: ‘‘റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നതുവരെ നമസ്‌കാരം ശരിയാവുകയില്ല'' (അബൂദാവൂദ്, അല്‍ബാനി; സ്വഹീഹുല്‍ ജാമിഅ്).

അതിനാല്‍തന്നെ യാതൊരു മര്യാദയുമില്ലാതെ നമസ്‌കാരത്തില്‍ പൊടുന്നനെ കുമ്പിട്ട് നിവരുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്.

അബൂ അബ്ദീല്ല അല്‍അശ്അരി പറയുന്നു: ‘‘അല്ലാഹുവിന്റെ റസൂല്‍ ﷺ അവിടത്തെ സ്വഹാബികളുമായി  നമസ്‌കരിച്ച ശേഷം അവരില്‍ ഒരു വിഭാഗത്തോടൊപ്പമിരുന്നു. അപ്പോള്‍ ഒരാള്‍ പ്രവേശിക്കുകയും നിന്ന് നമസ്‌കാരം തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് റുകൂഅ് ചെയ്യുകയും സുജൂദില്‍ പക്ഷികള്‍ കൊത്തിപ്പെറുക്കുംപോലെ പൊടുന്നനെ കുമ്പിട്ട് നിവരുകയും ചെയ്തു. അപ്പോള്‍ പ്രവാചകന ﷺ പറഞ്ഞു: ‘‘ഇത് നിങ്ങള്‍ കണ്ടുവോ? വല്ലവനും ഈ രീതിയിലാണ് മരിക്കുന്നതെങ്കില്‍ മുഹമ്മദിന്റ മില്ലത്തിലല്ല അവന്‍ മരണമടഞ്ഞത്. നമസ്‌കാരത്തില്‍ കാക്ക രക്തം കൊത്തിയെടുക്കുന്നത് പോലെയാണ് അവന്‍ പെറുക്കുന്നത്. റുകൂഅ് ചെയ്യുകയും സുജൂദില്‍ കൊത്തിപ്പെറുക്കും പോലെ പെട്ടെന്ന് കുമ്പിട്ട് നിവരുകയും ചെയ്യുന്നവന്‍ ഒന്നോ രണ്ടോ കാരക്ക തിന്ന് വിശപ്പടക്കുന്ന വിശന്ന് അവശനായവനെപ്പോലെയാണ്. ആ കാരക്കകള്‍ വിശപ്പിൽ നിന്ന് അവന് എത്രമാത്രം ധന്യത പകരും?'' (ഇബ്‌നു ഖുസൈമ).

സൈദുബ്‌നു വഹബി(റ)ല്‍നിന്നുള്ള ഒരു ഹദീസില്‍ അദ്ദേഹം പറയുന്നു: ‘‘റുകൂഉം, സുജൂദും പൂര്‍ണ മായി ചെയ്യാത്ത ഒരാളെ ഹുദൈഫ(റ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘‘താങ്കള്‍ നമസ്‌കരിച്ചിട്ടില്ല. താങ്കള്‍ മരിച്ചാല്‍ മുഹമ്മദ് നബി ﷺ യെ അല്ലാഹു ഏത് പ്രകൃതിയിലാക്കിയോ ആ ശുദ്ധപ്രകൃതിയിലല്ല നിങ്ങളുടെ മരണം'' (ബുഖാരി, ഫത്്ഹുല്‍ബാരി 2:274).

എത്രമാത്രം ശ്രദ്ധയോടും അടക്കത്തോടും മനസ്സാന്നിധ്യത്തോടുമാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത് എന്നത് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.