കടത്തിന്റെ സകാത്ത്

പി. എൻ അബ്ദുർറഹ്‌മാൻ

2022 ഏപ്രിൽ 30, 1442 റമദാൻ 28

കടം രണ്ടുവിധമുണ്ട്. ഒന്ന്, മറ്റുള്ളവരിൽനിന്നും തനിക്ക് ലഭിക്കുവാനുള്ള കടം. രണ്ട്, മറ്റുള്ളവർക്ക് താൻ നൽകുവാനുള്ള കടം.

ലഭിക്കുവാനുള്ള കടത്തിന്റെ സകാത്ത്:

മറ്റൊരാളിൽനിന്നും തനിക്ക് ലഭിക്കുവാനുള്ള പണത്തിന് സകാത്ത് നൽകേണ്ടതുണ്ടോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ഒരാളിൽനിന്നും തനിക്ക് ലഭിക്കാനുള്ള കടം രണ്ടുവിധമാണ്; തിരിച്ചുകിട്ടാനുള്ള സമയമെത്തിയതും സമയമെത്താത്തതും.

തിരിച്ചുകിട്ടാൻ സമയമെത്തിയതും തിരിച്ചുകിട്ടും എന്ന് ഉറപ്പുള്ളതുമായ പണത്തിന് സകാത്ത് കൊടുക്കണം. കാരണം അത് എപ്പോൾ നാം ആവശ്യപ്പെടുന്നോ അപ്പോൾ നമുക്ക് ലഭിക്കുന്നു. അതിനാൽത്തന്നെ നമ്മുടെ കൈവശമുള്ള പണത്തെപ്പോലെത്തന്നെയാണത്. എന്നാൽ അവധിയെത്താത്ത, പിന്നീട് തിരിച്ചുലഭിക്കാനുള്ള കടത്തിന്റെ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. അവയെ രണ്ടായി തരംതിരിക്കാം; തിരിച്ചുകിട്ടാൻ സാധ്യതയുള്ളതും തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്തതും.

തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത കടമാണെങ്കിൽ, അഥവാ കടക്കാരനായ ആൾ പാപ്പരായത് കാരണത്താൽ കടം തിരിച്ചുതരാൻ സാധിക്കാതെ വരുകയോ, അതല്ലെങ്കിൽ കടം മനപ്പൂർവം തിരിച്ചു തരാതിരിക്കുകയോ ചെയ്യുന്നപക്ഷം അതിന് സകാത്ത് ബാധകമല്ല എന്നതാണ് പ്രബലമായ അഭിപ്രായം. എന്നാൽ ശൈഖ് ഇബ്‌നുബാസ്(റഹി), ശൈഖ് ഇബ്‌നു ഉസൈമീൻ(റഹി) തുടങ്ങിയവർ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്ത കടത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായമാണ് പ്രബലം എന്ന് രേഖപ്പെടുത്തിയതായി കാണാം. കാരണം അയാളുടെ പണംതന്നെ നഷ്ടപ്പെട്ടതുപോലെയാണ്. അതു കിട്ടുമെന്ന പ്രതീക്ഷയും ഇല്ല. പിന്നെ സകാത്ത് കൂടി നൽകണം എന്ന് പറയുന്നതിൽ അർഥമില്ലല്ലോ. മാത്രമല്ല സാമ്പത്തികമായ പ്രയാസം കാരണത്താലാണ് കടക്കാരൻ അത് തിരിച്ചുനൽകാത്തതെങ്കിൽ അയാൾക്ക് കുറച്ചുകൂടി ഇട നൽകുക എന്നത് ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച കാര്യം കൂടിയാണ്. അയാൾക്ക് കൂടുതൽ സമയം അനുവദിച്ചുകൊടുക്കുന്നതോടൊപ്പം അതിന്റെ സകാത്ത് കൂടി അയാൾ നൽകണം എന്ന് പറയുന്നത് ഇസ്‌ലാമിന്റെ പൊതുതത്ത്വങ്ങളോട് യോജിക്കുന്നതുമല്ല. അതിനാൽതന്നെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത പണത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായം ശറഇന്റെ പൊതുതത്ത്വങ്ങളെ അന്വർഥമാക്കുന്ന ഏറെ ഉചിതമായ അഭിപ്രായമാണ് എന്നതിൽ സംശയമില്ല.

അവധിയെത്താത്ത, തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള കടത്തിന് വർഷാവർഷം സകാത്ത് നൽകേണ്ടതുണ്ടോ എന്നതാണ് മറ്റൊരു ചർച്ചാവിഷയം. കടത്തിന്റെ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങൾ വളരെ സംക്ഷിപ്തമായി വിലയിരുത്തുന്നത് കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ ഗ്രഹിക്കാൻ സഹായകമാകും. തിരിച്ചു ലഭിക്കുവാനുള്ള കടത്തിന്റെ വിഷയത്തിലുള്ള അഭിപ്രായങ്ങൾ:

കടം തിരിച്ചുനൽകാനുള്ള വ്യക്തി തിരിച്ചുനൽകാൻ പ്രാപ്തിയുള്ള ആളാണെങ്കിൽ, തന്റെ സകാത്ത് കണക്കുകൂട്ടുന്നതോടൊപ്പം കടമായി തിരിച്ചുകിട്ടാനുള്ള സംഖ്യയും കൂട്ടണം. അഥവാ ആ കടത്തിന് വർഷാവർഷം സകാത്ത് നൽകണം. ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം, അതുപോലെ ഇമാം അഹ്‌മദിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരഭിപ്രായവും ഇതാണ്. അബൂ ഉബൈദ് (റഹി), ഇസ്ഹാക്വ്ബിൻ റാഹവൈഹി(റഹി) എന്നിവരുടെ അഭിപ്രായവും ഇതാണ്. അതുപോലെ ഉമറുബ്‌നുൽ ഖത്ത്വാബ് (റ), ജാബിർ(റ) ഇബ്‌നു ഉമർ(റ) തുടങ്ങിയവരിൽനിന്നും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

കടം തിരിച്ചുതരാനുണ്ട് എന്നത് അംഗീകരിക്കുന്ന ആളിൽനിന്നും തിരികെ ലഭിക്കാനുള്ള കടമാണ് എങ്കിലും, ഇനി കടം മനപ്പൂർവം തിരിച്ചുനൽകാത്ത ആളാണെങ്കിൽ അയാൾക്കെതിരിൽ തന്റെ കൈവശം തെളിവുണ്ട് എങ്കിലും, തന്റെ കൈവശമുള്ള പണത്തെപ്പോലെത്തന്നെ കിട്ടാനുള്ള കടത്തിന്റെ സകാത്തും വർഷാവർഷം ബാധകമാണ്. എന്നാൽ അത് കടം തിരിച്ചുകിട്ടിയതിനു ശേഷം ഒരുമിച്ച് നൽകുകയോ, അതത് വർഷം നൽകുകയോ ചെയ്യാം. ഇതാണ് ഇമാം അബൂഹനീഫ(റഹി)യുടെ അഭിപ്രായം. അവധി എത്തിയോ എത്തിയിട്ടില്ലേ എന്നുള്ളത് ഇമാം അബൂഹനീഫ പരിഗണിക്കുന്നില്ല.

കടം തിരിച്ചുനൽകാനുള്ളയാൾ തിരിച്ചുനൽകാൻ പ്രാപ്തിയുള്ള ആളാണെങ്കിലും അല്ലെങ്കിലും ആ പണം തിരികെ ലഭിച്ചാൽ ഉടനെ ഒരു വർഷത്തെ സകാത്ത് മാത്രം നൽകുക. പിന്നിട്ടുപോയ വർഷങ്ങളുടെ സകാത്ത് നൽകേണ്ടതില്ല. ഇമാം മാലികി(റഹി)ന്റെ അഭിപ്രായം ഇതാണ്. ഹമ്പലി മദ്ഹബിലെ അഭിപ്രായങ്ങളിൽ ഒന്നും ഇതാണ്. ഉമറുബ്‌നു അബ്ദുൽ അസീസി(റഹി)ൽനിന്നും ഇബ്‌നു അബ്ദുൽ ബർറ്(റഹി) അദ്ദേഹത്തിന്റെ ‘ഇസ്തിദ്കാർ’ എന്ന ഗ്രന്ഥത്തിൽ ഇതേ അഭിപ്രായം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉമറുബ്‌നു അബ്ദുൽ അസീസ് (റഹി) ഇത് നിർദേശിച്ചുകൊണ്ട് മൈമൂൻ ബിൻ മഹ്‌റാന് കത്തെഴുതിയതായി സുഫ്‌യാനുബ്‌നു ഉയയ്‌ന(റഹി) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ആ റിപ്പോർട്ടുകൾ പരിശോധിച്ചാൽ അത് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത പണം ആയതുകൊണ്ടാണ് ഉമറുബ്‌നു അബ്ദുൽ അസീസ് (റഹി) ഒരു സകാത്ത് മാത്രം നൽകാൻ ആവശ്യപ്പെട്ടത് എന്നു കാണാം. എന്നാൽ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളതാണ് എങ്കിൽ എല്ലാ വർഷത്തെ സകാത്തും നൽകണം എന്നതാണ് ഉമറുബ്‌നു അബ്ദുൽ അസീസി(റഹി)ന്റെ അഭിപ്രായമെന്ന് മനസ്സിലാക്കാം.

തിരിച്ചുകിട്ടാനുള്ള അവധിയെത്താത്ത കടത്തിന് സകാത്ത് ബാധകമല്ല. ഇതാണ് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി)യുടെ അഭിപ്രായം. ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായവും ഇതാണ്. ഇബ്‌നുൽ മുൻദിർ ഇബ്‌നു ഉമറി(റ)ൽനിന്നും, ആഇശ(റ)യിൽ നിന്നും, ഇക്‌രിമ(റഹി), അത്വാഇ(റഹി)ൽനിന്നും ഉദ്ധരിക്കുന്നതായി ഇമാം ബൈഹക്വി അദ്ദേഹത്തിന്റെ സുനനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഥവാ ഈ അഭിപ്രായപ്രകാരം കടം തിരിച്ചുകിട്ടിയാൽ പിന്നീട് ഹൗൽ തികയുമ്പോൾ അതിന്റെ സകാത്ത് നൽകിയാൽ മതി.

കടത്തിന്റെ സകാത്തിനെ സംബന്ധിച്ച് പ്രതിപാദിക്കുന്ന സുവ്യക്തമായ പ്രമാണങ്ങൾ വരാത്തതാണ് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടാകാൻ കാരണം. സകാത്ത് ബാധകമാണ് എന്ന് പറയുന്നവർ പൊതുവെ സമ്പത്തുക്കളിൽ സകാത്ത് ബാധകമാണ് എന്ന തെളിവുകളെ അവലംബിച്ചുകൊണ്ടാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. സകാത്ത് ബാധകമല്ല എന്ന അഭിപ്രായക്കാരാകട്ടെ അത് ബാധകമല്ല എന്ന് പ്രതിപാദിക്കപ്പെട്ട അസറുകളെ അവലംബിച്ചുകൊണ്ടും. ഏതായാലും ഇതൊരു ഇജ്തിഹാദിയായ (ഗവേഷണാത്മകമായ) വിഷയമാണ്.

കൂടുതൽ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കുവാൻ സാധിക്കുന്നത് തിരിച്ചുകിട്ടാനുള്ള അവധിയെത്തിയിട്ടില്ലാത്ത കടത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായമാണ്. അത് പ്രബലമാണ് എന്ന് പറയാനുള്ള കാരണം ഇവയാണ്:

1. അവധി എത്തിയിട്ടില്ലാത്ത കടം കിട്ടുമെന്ന് ഇപ്പോൾ ഉറപ്പുണ്ടെങ്കിൽ പോലും അതൊരുപക്ഷേ ഭാവിയിൽ കിട്ടാതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അതിനാൽത്തന്നെ കിട്ടുമെന്ന് ഉറപ്പിക്കാൻ സാധ്യമല്ല.

2. കടം വാങ്ങിച്ച ആളുടെ കൈവശം ആ പണം സകാത്ത് ബാധകമാകുന്ന രൂപത്തിൽ ഉണ്ടെങ്കിൽ അതിന്റെ സകാത്ത് കൊടുക്കാൻ അയാൾ ബാധ്യസ്ഥനാണ്. കടം നൽകിയ ആൾ കൂടി കൊടുക്കണം എന്ന് പറയുമ്പോൾ ഒരേ പണത്തിന് രണ്ടുപേർ സകാത്ത് കൊടുക്കുന്ന അവസ്ഥ വരുന്നു. ഒരേ പണത്തിന് രണ്ട് സകാത്ത് ഇല്ല.

3. കടം വാങ്ങുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമല്ലെങ്കിലും കടം നൽകുക എന്നത് ഇസ്‌ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച കാര്യമാണ്. എന്നാൽ ആ പണത്തിന് യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ തന്റെ സഹോദരന് നൽകുന്ന ഒരാൾ അതിന്റെ സകാത്ത് കൂടി നൽകണം എന്നത് ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളോട് പൊരുത്തപ്പെടുന്നില്ല. ആരാണോ ആ പണത്തിന്റെ ഉപഭോക്താവ് സകാത്ത് ബാധകമാകുന്ന അവസ്ഥയിൽ അയാളുടെ കൈവശം ആ പണം ഉണ്ട് എങ്കിൽ അതിന്റെ സകാത്ത് നൽകാനുള്ള ബാധ്യസ്ഥനും അയാൾതന്നെയാണ്. അതുകൊണ്ടാണ് ഒരാളുടെ കൈവശം അമാനത്തായി ഏൽപിച്ചതാണ് എങ്കിൽ അതിന്റെ സകാത്ത് കൊടുക്കാൻ, ഏൽപിച്ചയാൾ ഉത്തരവാദിയാണ് എന്ന് പറയുന്നത്. ഏതുസമയത്തും അയാൾക്കത് തിരിച്ചുവാങ്ങാമല്ലോ. എന്നാൽ അവധിയെത്താത്ത കടം അവധി യെത്താതെ തിരിച്ചുവാങ്ങാൻ സാധിക്കില്ല. അപ്പോൾ അതിനെ നിക്ഷേപമായി പരിഗണിക്കാൻ സാധിക്കില്ല.

പ്രബലമായ അഭിപ്രായം അവധിയെത്താത്ത, തിരിച്ച് ലഭിക്കാനുള്ള കടത്തിന് സകാത്ത് ബാധകമല്ല എന്നതാണെങ്കിലും തിരിച്ചുകിട്ടുമെന്ന് ഏകദേശം ഉറപ്പുള്ള കടമാണ് എങ്കിൽ തന്റെ സകാത്ത് കണക്കു കൂട്ടുമ്പോൾ ആ പണം കൂടി കൂട്ടുക എന്നത് തന്നെയാണ് സൂക്ഷ്മത. ശൈഖ് ഇബ്‌നു ഉസൈമീൻ(റഹി) ശൈഖ് ഇബ്‌നുബാസ് (റഹി) തുടങ്ങിയ പണ്ഡിതന്മാർ പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളതും അതാണ്.

4. ഒരു ധനത്തിന്റെ സകാത്ത് ഒരാളുടെ മേൽ ബാധകമാകണമെങ്കിൽ അയാൾക്ക് അതിൽ സമ്പൂർണമായ ഉടമസ്ഥതയുണ്ടാകണം എന്നത് തർക്കമില്ലാത്ത കാര്യമാണ്. കടം നൽകപ്പെട്ട തുക തനിക്ക് അർഹിക്കുന്നതാണെങ്കിലും അതിൽ തന്റെ മില്കിയ്യത്ത് അഥവാ ഉടമസ്ഥത അപൂർണമാണ്. കാരണം അത് തിരികെ ലഭിച്ചാലല്ലാതെ യാതൊരു ക്രയവിക്രയവും സാധ്യമല്ല. ഇനി കടം വാങ്ങിച്ച വ്യക്തിക്കാകട്ടെ ആ പണം തന്റെ കയ്യിലേക്ക് വന്നതോടെ അതിന്റെ പൂർണ ഉടമസ്ഥതയും ക്രയവിക്രയ സ്വാതന്ത്ര്യവും കൈവന്നു. അതിന് സമാനമായ തുക തിരികെ നൽകണം എന്നത് അയാളുടെ ബാധ്യതയിൽ നിലനിൽക്കുന്ന ഒരു കാര്യം മാത്രവുമാണ്. അപ്പോൾ പൂർണമായ ഉടമസ്ഥത എന്നത് പരിഗണിക്കുമ്പോഴും കടം വാങ്ങിച്ച ആൾ തന്നെയാണ് അയാളുടെ കൈവശം സകാത്ത് ബാധകമാകുന്ന രൂപത്തിൽ ആ പണം ഉണ്ടെങ്കിൽ അതിന്റെ സകാത്ത് കൊടുക്കേണ്ടത്. അതുപോലെ കടം നൽകിയ വ്യക്തിയുടെ ഉടമസ്ഥത അപൂർണമാകുന്നു എന്ന് പറഞ്ഞുവല്ലോ. അത് കൂടുതൽ വ്യക്തമാക്കുന്ന ഒരു കാര്യമാണ് താൻ മറ്റൊരാൾക്ക് കടം നൽകിയ പണം അയാളുടെ അനുവാദം കൂടാതെ അയാളുടെ കയ്യിൽ നിന്നും അയാൾ അറിയാതെ എടുത്താൽ അത് മോഷണമായി പരിഗണിക്കപ്പെടും എന്നത്.

5. സകാത്ത് ധനത്തിൽ ബാധകമാകുന്ന ഒരു കാര്യമാണല്ലോ. അതുകൊണ്ട് ആ ധനം എവിടേക്ക് നീങ്ങുന്നുവോ അതിന്റെ സകാത്തും അതിനെ പിന്തുടരും. ആ നിലക്ക് ആ തുക സകാത്ത് ബാധകമാകുന്ന അവസ്ഥയിൽ ആരുടെ ഉടമസ്ഥതയിലാണോ ഉള്ളത് അയാൾക്കാണ് സകാത്ത് ബാധകമാകുക.

നൽകുവാനുള്ള കടം

അഥവാ സകാത്ത് കണക്കുകൂട്ടുന്ന വ്യക്തി മറ്റുള്ളവർക്ക് നൽകുവാനുള്ള കടം. സകാത്ത് കണക്കു കൂട്ടുമ്പോൾ ഈ സംഖ്യ അതിൽനിന്നും കുറക്കാമോ എന്നതാണ് ഇവിടെയുള്ള ചർച്ച. ഈ വിഷയത്തിലെ പ്രബലമായ അഭിപ്രായം ഒരാൾ സകാത്ത് കണക്കുകൂട്ടുന്നതിന് മുമ്പ് അയാളുടെ കടം വീട്ടുകയാണ് എങ്കിൽ ആ പണത്തിന് സകാത്ത് ബാധകമാകുകയില്ല എന്നതാണ്. ശൈഖ് ഇബ്‌നു ഉസൈമീൻ(റഹി) ഈ വിഷയം വിശദീകരിച്ചശേഷം രേഖപ്പെടുത്തിയത് ഒരാൾ സകാത്ത് കണക്കുകൂട്ടുന്നതിനു മുമ്പായി അയാളുടെ കടം വീട്ടുന്നതിലേക്ക് അഥവാ കടക്കാരന് നൽകുന്നത്തിലേക്ക് നീക്കിവെക്കുന്ന പണത്തിന് സകാത്ത് നൽകേണ്ടതില്ല എന്നതാണ്. കാരണം ഉസ്മാനുബ്‌നു അഫ്ഫാൻ(റ) ‘ഇതാകുന്നു നിങ്ങളുടെ സകാത്ത് നൽകാനുള്ള മാസം. അതിനാൽ നിങ്ങളുടെ കടങ്ങൾ കൊടുത്ത് വീട്ടുകയും ശേഷം സകാത്ത് നൽകുകയും ചെയ്യട്ടെ’ എന്ന് ജനങ്ങളോട് പറയാറുണ്ടായിരുന്നു. ആ നിലയ്ക്ക് കടം വീട്ടിയശേഷം ബാക്കി കൈവശമുള്ള പണത്തിന് നിസ്വാബ് തികയുന്നുണ്ട് എങ്കിൽ സകാത്ത് നൽകിയാൽ മതി. എന്നാൽ ശൈഖ് ഇബ്‌നു ബാസ്(റഹി) രേഖപ്പെടുത്തിയിട്ടുള്ളത് തന്റെ കൈവശമുള്ള നിസ്വാബെത്തിയ പണത്തിന് ഹൗൽ തികഞ്ഞാൽ അതിന്റെ സകാത്ത് നൽകാൻ അയാൾ ബാധ്യസ്ഥനാണ് എന്നതാണ്. കടം വീട്ടുന്നുവെങ്കിൽ അത് ഹൗൽ തികയുന്നതിന് മുമ്പ് ചെയ്തുകൊള്ളട്ടെ.

ഏതായാലും ഇപ്പോൾ തിരിച്ചുനൽകാൻ ഉദ്ദേശിക്കാത്ത കടം സകാത്ത് കണക്കുകൂട്ടുന്നതിൽനിന്നും കിഴിക്കാൻ പാടില്ല എന്ന് മനസ്സിലാക്കാം. അതാണ് പ്രബലമായ അഭിപ്രായം. ഒന്നുകിൽ കടം വീട്ടുക. ഇനി കടം ഇപ്പോൾ വീട്ടുന്നില്ല എങ്കിൽ കടം പരിഗണിക്കാതെത്തന്നെ കൈവശമുള്ള പണം കണക്കുകൂട്ടി സകാത്ത് നൽകുക.

ഉദാ: ഒരാൾക്ക് രണ്ടുവർഷത്തിനുശേഷം തിരിച്ചുനൽകേണ്ടതായ അഞ്ചുലക്ഷം രൂപ കടമുണ്ട്. അയാളുടെ കൈവശം ആകെ പത്തുലക്ഷം രൂപയുമുണ്ട്. ഇന്ന് അയാളുടെ കൈവശമുള്ള പണത്തിന് ഹൗൽ തികയുന്ന ദിവസമാണ് എന്ന് കരുതുക. അയാൾ ആ പത്തുലക്ഷം രൂപക്കും സകാത്ത് നൽകേണ്ടതുണ്ടോ, അതല്ല ആ പത്തുലക്ഷം രൂപയിൽനിന്നും കടമുണ്ട് എന്ന പേരിൽ അഞ്ചുലക്ഷം കുറച്ചതിന് ശേഷം ബാക്കി അഞ്ഞുലക്ഷത്തിന് സകാത്ത് നൽകിയാൽ മതിയോ? ഇതാണ് ചർച്ച. അയാൾ അയാളുടെ കടം ഇപ്പോൾ വീട്ടുകയാണ് എങ്കിൽ ആ വീട്ടുന്ന പണം കഴിച്ച് ബാക്കിക്ക് സകാത്ത് നൽകിയാൽ മതി. എന്നാൽ കടം ഇപ്പോൾ വീട്ടുന്നുമില്ല; എങ്കിൽ കടത്തിന്റെ പേരിൽ സകാത്ത് നൽകേണ്ട പണത്തിൽനിന്നും ആ സംഖ്യ കിഴിക്കാൻ പാടില്ല. അഥവാ കടം വീട്ടുകയുമില്ല സകാത്ത് കണക്കുകൂട്ടുമ്പോൾ കൈവശമുള്ള പണത്തിൽ നിന്നും അത് കിഴിക്കുകയും വേണം എന്ന രണ്ടാഗ്രഹവും ഒരുമിച്ച് സാധിക്കില്ല എന്നർഥം.

ശൈഖ് ഇബ്‌നു ഉസൈമീൻ (റഹി) അശ്ശറഹുൽ മുംതിഇൽ പറയുന്നു: “അല്ലാഹുവിനെ സൂക്ഷിക്കുകയും തന്റെ മേലുള്ള കടം തിരിച്ചടക്കുകയും ചെയ്യുന്ന ആളാണ് എങ്കിൽ, അയാളെ സംബന്ധിച്ചിടത്തോളം ബാക്കി കൈവശമുള്ള പണത്തിന്റെ സകാത്ത് നൽകിയാൽ മതി. എന്നാൽ കടം തിരിച്ചടക്കാതെ ആ പണം പ്രയോജനപ്പെടുത്തുന്ന ആളാണെങ്കിൽ അയാളുടെ മേൽ അതിന്റെ സകാത്ത് ബാധകമാണ്.’’

പ്രബലമായ അഭിപ്രായം അവധിയെത്താത്ത, കിട്ടാനുള്ള കടം തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ളതാണെങ്കിലും അല്ലെങ്കിലും അതിന് സകാത്ത് ബാധകമല്ല എന്നതാണ്. ഇനി തിരികെ കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ അവധി എത്തിയില്ലെങ്കിലും സകാത്ത് നൽകണം എന്ന് പറഞ്ഞ ഉലമാക്കളുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ട് കൂടുതൽ സൂക്ഷ്മത എന്ന അർഥത്തിൽ ഒരാൾ കിട്ടാനുള്ള കടത്തിന്റെ സകാത്ത് നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾക്ക് അതാകാം.