മുറിവേൽപിക്കരുത് കുഞ്ഞുമനസ്സുകളെ

നബീൽ പയ്യോളി

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

പിള്ളമനസ്സിൽ കള്ളമില്ല’ എന്ന പഴമൊഴി പ്രസിദ്ധമാണ്. കുഞ്ഞുങ്ങൾ അവരുടെ തെളിമയാർന്ന മനസ്സിന്റെ വികാരവിചാരങ്ങൾ മാതാപിതാക്കളോട് പങ്കുവയ്ക്കുക സ്വാഭാവികം. അത്തരം കാര്യങ്ങൾ കേൾക്കാനും പരിഹാരം കാണാനും കുഞ്ഞുങ്ങളെ പരിഗണിക്കാനും രക്ഷിതാക്കൾ ബാധ്യസ്ഥരാണ്. കള്ളമില്ലാത്ത പിള്ളമനസ്സിൽനിന്നും പ്രകടമാകുന്ന സുഖദുഃഖങ്ങളെ അപക്വമായി കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരിലും കാണുന്നത്. കുട്ടികളുടെ ഇത്തരം പങ്കുവയ്ക്കലുകളെ കേവലം കയ്യടികൾക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇന്ന് സാധാരയായി കഴിഞ്ഞിരിക്കുന്നു. കുടുംബ ഗ്രൂപ്പുകളിൽനിന്നും ലോകം മുഴുവൻ ഈ കുഞ്ഞുവികൃതികൾ നിമിഷനേരംകൊണ്ട് എത്തുന്നു. ചേർത്തുപിടിക്കാനും സാന്ത്വനിപ്പിക്കാനും ബാധ്യതപ്പെട്ടവർതന്നെ അത്തരം വികാരപ്രകടനങ്ങളെ ആസ്വാദനത്തിനും ജനശ്രദ്ധ കൈവരിക്കാനുമൊക്കെ ഉപയോഗപ്പെടുത്തുന്നത് അപകടകരമാണ്. അവരുടെ കഴി വുകൾ പുറംലോകമറിയാനുള്ള ഇടപെടലുകൾ സ്വാഗതാർഹമാണ്. എന്നാൽ അത്തരത്തിലുള്ളവ മാത്രമല്ല ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത്.

കുട്ടികൾ തങ്ങളുടെ മുഴുവൻ വികാരങ്ങളും ആവലാതികളും പങ്കുവയ്‌ക്കേണ്ടത് മാതാപിതാക്കളോടാണ്. അത് ഗൗരവതരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ് എന്നിരിക്കെയാണ് കുട്ടികളുടെ വികാരപ്രകടനങ്ങളുടെ വീഡിയോകൾ പകർത്തി കണ്ട് ആസ്വദിക്കുകയും അത് മറ്റുള്ളവർക്ക് ഷെയർ ചെയ്ത് സായൂജ്യമടയുകയും ചെയ്യുന്നത്. ഇത്തരം അപക്വമായ ചെയ്തികൾ കുഞ്ഞുമനസ്സുകളിൽ ഉണ്ടാക്കുന്ന മുറിവുകളെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരുടെ ആത്മാഭിമാനത്തിന് കളങ്കമേൽക്കുന്ന ഇത്തരം പ്രവൃത്തികൾക്ക് രക്ഷിതാക്കൾ ഒരിക്കലും കരണക്കാരാവരുത്. കുഞ്ഞുമനസ്സുകളെ ഇത് മുറിവേൽപിക്കുകയും അവർക്ക് രക്ഷിതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. അപ്പോൾ അവർ അനിവാര്യമായും പങ്കുവയ്‌ക്കേണ്ട കാര്യങ്ങൾ പങ്കുവയ്ക്കപ്പെടാതെ പോകുമെന്നതാണ് ഇതിന്റെ പരിണിതി. മക്കളും മാതാപിതാക്കളും തമ്മിൽ ഉണ്ടാകേണ്ട ഊഷ്മളബന്ധത്തിന് ഇത്തരം പ്രവൃത്തികൾ വിഘാതമാവും എന്ന് സാരം. അത് മക്കളെ നമുക്ക് നഷ്ടപ്പെടാനും അവർ സഞ്ചരിക്കുന്ന വഴികൾ അറിയാതെപോകാനും ഹേതുവാകും.

മക്കൾ തങ്ങളുമായി പങ്കുവയ്ക്കുന്ന രഹസ്യങ്ങൾ ഒരിക്കലും മറ്റൊരാളുമായി ഷെയർ ചെയ്യാതിരിക്കാ നുള്ള ജാഗ്രത മാതാപിതാക്കളിൽനിന്നും ഉണ്ടാവണം. മക്കൾക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണം. അവർക്ക് എപ്പോഴും എന്തും ഷെയർ ചെയ്യാൻ തക്കവിധം മാതാപിതാക്കളും മക്കളും തമ്മിൽ മാനസികമായ അടുപ്പം കാത്തുസൂക്ഷിച്ചേ മതിയാവൂ. അതോടോപ്പം അവരുടെ അബദ്ധങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിച്ച് അവർക്ക് വേദനയുണ്ടാക്കുംവിധം കൈകാര്യം ചെയ്യാനും പാടുള്ളതല്ല. മക്കൾ നമ്മോട് പറയുന്ന കാര്യങ്ങൾ രഹസ്യമായിത്തന്നെ സൂക്ഷിക്കുകയും അവയ്ക്ക് ആവശ്യ മായ പരിഹാരങ്ങളോ തിരുത്തൽ നടപടികളോ അല്ലെങ്കിൽ ഇടപെടലുകളോ ഒക്കെ ശ്രദ്ധാപൂർവം നടത്തുകയും വേണം. എന്നാൽ മാത്രമെ മക്കളുമായുള്ള ബന്ധം സുദൃഢമായി സൂക്ഷിക്കാൻ സാധിക്കുകയു ള്ളൂ. മക്കൾക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുംവിധം അറിഞ്ഞോ അറിയാതെയോ നമ്മിൽനിന്നും ഉണ്ടാകുന്ന പ്രവൃത്തികൾ അവരുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. മനസ്സുകൾ തമ്മിൽ ആശയസംവേദനം സാധ്യമായെങ്കിലേ അവരെ നമുക്ക് നഷ്ടപ്പെടാതെ ഇഹപര ലോകത്ത് ഉപകാരപ്പെടുന്നവരായി വളർത്തുവാൻ സാധിക്കുകയുള്ളൂ. എത്ര മക്കളുണ്ടെങ്കിലും ഓരോരുത്തരുടെയും വ്യക്തിപരമായ സംസാരവും പങ്കുവയ്ക്കലുകളും ഉണ്ടാവേണ്ടത് അനിവാര്യമാണ്. നമ്മുടെ അശ്രദ്ധ മൂലമുള്ള പ്രതിസന്ധികൾ ജീവിതത്തിലേക്ക് കടന്നുവരാനുള്ള വാതിലുകൾ അടക്കാനുള്ള ജാഗ്രത കാണിക്കുക.