സ്വവർഗരതിയിലെ നന്മയെന്ത്?

ടി.കെ അശ്‌റഫ്

2022 ജൂൺ 11, 1442 ദുൽഖഅദ 10

മുസ്‌ലിം കുടുംബത്തിൽപെട്ട രണ്ട് പെൺകുട്ടികൾക്ക് ഒന്നിച്ച് ജീവിക്കുവാൻ ഹൈക്കോടതി അനുവാദം നൽകിയ സംഭവം വീണ്ടും സ്വവർഗരതി ചർച്ചചെയ്യപ്പെടാൻ കാരണമായിരിക്കുകയാണ്. മുസ്‌ലിം സമുദായത്തിൽനിന്ന് ഇതിനെതിരെ വിമർശനങ്ങൾ സ്വാഭാവികമായും ഉയർന്നുവരും. അതെന്തുകൊണ്ടാണെന്ന് പൊതുസമൂഹവും മുസ്‌ലിം സമുദായത്തിലെ യുവതലമുറയും അറിഞ്ഞിരിക്കേണ്ടതുണ്ട്.

മനുഷ്യർ സ്ത്രീയും പുരുഷനുമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവർ പരസ്പരം ഇണചേരുക എന്നതാണ് പ്രകൃതി നിയമം. അത് ലംഘിക്കുമ്പോൾ അവരുടെ മാത്രമല്ല, സമൂഹത്തിന്റെയാകമാനം സ്വൈര്യജീവിതം തകർന്നുപോകും എന്നതാണ് വസ്തുത. മതരഹിത സമൂഹത്തിന്റെ നിർമിതിക്കായി സ്വപ്നം കണ്ടിരിക്കുന്ന ലിബറൽ ചിന്താഗതിക്കാർ ഈ സന്ദർഭത്തെ വിദഗ്ധമായി ഉപയോഗിക്കുന്നുണ്ട്. അത്തരം ചിന്താഗതിക്കാരായ മാധ്യമ പ്രവർത്തകർ പൊതുസമൂഹം സ്വവർഗാനുരാഗത്തിന് അനുകൂലമാണെന്ന് വരുത്താൻ പാകത്തിൽ അഭിപ്രായരൂപീകര ണം നടത്തുന്നത് ഓൺലൈൻ മീഡിയയിൽ വ്യാപകമാണ്. സ്വവർഗരതിയെ എതിർക്കുന്നവരുടെ മുന്നിലേക്ക് ഇവരുടെ മൈക്ക് പലപ്പോഴും എത്തുന്നില്ല. എത്തിയാൽ തന്നെ അവരുടെ അഭിപ്രായത്തെ ബാലൻസിംഗിന് മാത്രമായി എഡിറ്റ് ചെയ്തു ചേർക്കുകയാണ് പതിവ്. മാധ്യമങ്ങളുടെ ഈ തട്ടിപ്പ് തിരിച്ചറിയേണ്ടതുണ്ട്.

വളർന്നുവരുന്ന തലമുറക്ക് സ്വവർഗരതിയുടെ സാമൂഹികമായും ആരോഗ്യസംബന്ധമായുമുള്ള പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ മതപരമായ വിധി എന്തെന്നും മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. അതിനു ശ്രമിക്കാതെ പുതുതലമുറയെ മുഴുവൻ ധിക്കാരികളും തോന്ന്യാസികളുമായി ചിത്രീകരിക്കുന്നത് അവർ കൂടുതൽ നിഷേധികളാകാൻ മാത്രമെ സഹായകമാവുകയുള്ളൂ.

പതിനെട്ടു വയസ്സായാൽ ഓരോ വ്യക്തിയെയും നിയന്ത്രിക്കേണ്ടത് അവന്റെ പരിമിതമായ ബുദ്ധിയാണെന്ന പൊതുബോധത്തെയാണ് ആദ്യം തിരുത്തേണ്ടത്. 18 വയസ്സിൽ പ്രായപൂർത്തിയായതിനാൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ വ്യക്തിയെ അനുവദിക്കുന്നുവെന്നത് രാജ്യത്തുള്ള നിയമം മാത്രമാണ്. അതിനർഥം, ഇനി ഇത്രയുംകാലം പോറ്റിവളർത്തിയ മാതാപിതാക്കളെയും കുടുംബത്തെയും സമൂഹത്തെയും വെല്ലുവിളിക്കാനുള്ള ലൈസൻസ് ലഭിച്ചു എന്നതല്ല.

ഇസ്‌ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം, എത്ര വയസ്സായാലും അവരുടെ ഇഛയ്ക്ക് അനുസരിച്ച് ജീവിക്കാൻ മതം അനുവാദം നൽകുന്നില്ല. വിശുദ്ധ ക്വുർആനും പ്രവാചക വചനങ്ങളും നിഷ്‌കർശിക്കുന്ന നിയമങ്ങൾ സ്വന്തം മനസ്സിന് അനിഷ്ടകരമായതാണെങ്കിൽ കൂടി അത് പാലിക്കുമ്പോഴാണ് സത്യവിശ്വാസം സ്വീകരിച്ചവരാകുന്നത്. പരിമിതമായ അറിവു മാത്രമുള്ള മനുഷ്യൻ പലപ്പോഴും തന്നിഷ്ടത്തിന്റെ അനന്തരഫലം അനുഭവിച്ചശേഷം അല്ലാഹുവിന്റെ നിയമത്തിലേക്ക് മടങ്ങിയെത്തുകയാണ് പതിവ്. ഇസ്‌ലാം നന്മയാണെന്ന് പറഞ്ഞ ഒരു കാര്യത്തിലും ഇന്നുവരെ തിന്മ കണ്ടെത്താൻ ആർക്കും സാധിച്ചിട്ടില്ല. ഇസ്‌ലാം തിന്മയാണെന്ന് വിധി പറഞ്ഞതിൽ നന്മ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

സ്വവർഗരതിക്കെതിരെ ശക്തമായ താക്കീതാണ് ക്വുർആൻ നൽകുന്നത്. ലൂത്വ്് നബി(അ)യുടെ ചരിത്രം പറയുമ്പോൾ സ്വവർഗരതി എത്രത്തോളം വെറുക്കപ്പെട്ടതാണെന്ന് ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. ചില ക്വുർആൻ വചനങ്ങൾ കാണുക:

“നിങ്ങൾ ലോകരിൽനിന്ന് ആണുങ്ങളുടെ അടുക്കൽ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചുതന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെ’’ (26:165,166).

“നിങ്ങൾ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷൻമാരുടെ അടുക്കൽ ചെല്ലുകയാണോ? അല്ല, നിങ്ങൾ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു’’ (27:55).

“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരിൽ എന്നെ നീ സഹായിക്കണമേ...’’ (29:30).

സമൂഹത്തിന്റെ സാധാരണനില തകർന്നാലുള്ള അവസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുവാൻ പര്യാപ്തമാണ് ഈ വചനങ്ങൾ. അക്രമകാരികളായ ജനത, അവിവേകം കാണിക്കുന്ന ജനത, അതിരു വിട്ട് പ്രവർത്തിക്കുന്ന ജനത, കുഴപ്പക്കാരായ ജനത, എന്നിങ്ങനെയാണ് ഈ വചനങ്ങളിൽ സ്വവർഗഭോഗികളായ ഭൂമിയിലെ ആദ്യ സമുദായത്തെ വിളിച്ചിരിക്കുന്നത്.

ലൂത്വ് നബി(അ)യുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗിക വൈകൃതത്തെപ്പറ്റി പരാമർശിക്കു മ്പോൾ ക്വുർആൻ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്:

“നാം അവരുടെമേൽ ഒരുതരം മഴവർഷിപ്പിക്കുകയും ചെയ്തു. അപ്പോൾ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക’’ (7:84).

“ലൂത്വിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) തീർച്ചയായും നിങ്ങൾ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് മുമ്പ് ലോകരിൽ ഒരാളും അത് ചെയ്യുകയുണ്ടായിട്ടില്ല’’ (29:28).

“നിന്റെ ജീവിതം തന്നെയാണ് സത്യം. തീർച്ചയായും അവർ അവരുടെ ലഹരിയിൽ വിഹരിക്കുകയായിരുന്നു’’ (15:72).

സ്വവർഗരതിയിൽ ഏർപ്പെടുന്നവർ കുറ്റവാളികളാണെന്നും അവർ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവനികൃഷ്ടമായ കാര്യമാണെന്നും അതിലേർപ്പെട്ടവർ ഒരുതരം ലഹരിയിലാണെന്നും ഈ വചനങ്ങൾ വ്യക്തമാക്കുന്നു. അധർമത്തെ വിശേഷിപ്പിക്കാവുന്ന പ്രധാനപ്പെട്ട പദങ്ങളെല്ലാം ക്വുർആൻ സ്വവർഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തിൽ മാത്രം കേന്ദ്രീകൃതവുമായ സ്വവർഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റെത്.

മുഹമ്മദ് നബി(സ) ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. സ്വവർഗരതി എത്രത്തോളം വലിയ തിന്മയാണെന്ന് വ്യക്തമാക്കുന്ന നിരവധി ഹദീസുകളുണ്ട്: ജാബിർ(റ) നിവേദനം, നബി ﷺ പറഞ്ഞു: “ലൂത്വിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്.’’

ഇബ്‌നു അബ്ബാസ്(റ) നിവേദനം, നബി ﷺ പറഞ്ഞു: “ലൂത്വിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ, മൃഗഭോഗികളെയും അല്ലാഹു ശപിക്കട്ടെ (നബി ഇത് മൂന്നു പ്രാവശ്യം ആവർത്തിച്ചു).’’

ഇബ്‌നു അബ്ബാസ്(റ) നിവേദനം, നബി ﷺ പറഞ്ഞു: “ലൂത്വിന്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങൾ കണ്ടാൽ അത് ചെയ്തവരെയും അതിന് ഉപയോഗിച്ചവരെയും വധിച്ചു കളയുക’’ (ഇത് ഇസ് ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് മാത്രം ബാധകമായ വിധിയാണ്).

മറ്റു ശിക്ഷാവിധികളെപ്പോലെ തന്നെ സ്വവർഗരതിക്കും തെറ്റുചെയ്യുന്നവർക്ക് ശിക്ഷ വിധിക്കുക മാത്രമല്ല ഇസ്‌ലാം ചെയ്യുന്നത്. തിന്മകൾ ചെയ്യാനുള്ള സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്തതിന് ശേഷവും ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ആരെങ്കിലും അകപ്പെടുന്നു എങ്കിൽ അവർ സാമൂഹ്യവിരുദ്ധരും മാതൃകാപരമായ ശിക്ഷ അർഹിക്കുന്നവരുമാണ് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.

അമേരിക്കയിൽ ആദ്യമായി എയ്ഡ്‌സ് നിരീക്ഷിക്കപ്പെടുന്നത് ലോസ് ആഞ്ചൽസിലെ അഞ്ച് സ്വവർഗരതിക്കാരിലായിരുന്നു. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (സിഡിസി) 2003ലെ കണക്കുപ്രകാരം എയ്ഡ്‌സ് ബാധിതരിൽ 63 ശമതാനത്തിനും സ്വവർഗസംഭോഗം വഴിയാണ് രോഗമുണ്ടായത് എന്ന് തെളിയിക്കുന്നു. 2008 ജനുവരി 15ൽ സാൻഫ്രാൻസിസ്‌കോ, ലോസ് ആഞ്ചൽസ്, ബോസ്റ്റൺ, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വവർഗപ്രണയികൾക്കിടയിൽ മാരകമായ ലൈംഗിക, ത്വക്ക് രോഗങ്ങൾ പടർന്നുപിടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിഫിലിസ് രോഗികളിൽ 65 ശതമാനവും സ്വവർഗഭോഗികൾക്കിടയിലാണ് എന്നാണ് റിപ്പോർട്ട്. 1976 മുതൽതന്നെ സ്വവർഗ ഭോഗികളിൽ വ്യപകമായിരുന്ന ലൈംഗിക രോഗങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ ലോകാരോഗ്യ വേദികൾ താക്കീതായി നൽകിയിട്ടുണ്ട്. ഗൊണോറിയ, ലിംഫോഗ്രാനുലോമ വെനേറിയം, വിവിധ ലൈംഗിക ക്യാൻസറുകൾ, ഫിഗിലോസിസ് തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്വവർഗരതി സാർവത്രികമായാൽ മനുഷ്യവംശംതന്നെ കുറ്റിയറ്റുപോകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമൂഹികമായ അനവധി പ്രശ്‌നങ്ങൾ വിളിച്ചുവരുത്തുന്നതാണ് സ്വവർഗാനുരാഗം. അതിനാൽ നൈമിഷികമായ ഒരു ഹരത്തിനുപുറത്ത് ഇത്തരം കെണികളിൽ അകപ്പെടുന്നവർ ഗൗരവമായ പുനരാലോചനക്ക് തയ്യാറാവേണ്ടതാണ്.