നരച്ചമുടി കറുപ്പിക്കുന്നത് അനുവദനീയമോ?

ഡോ. ടി. കെ യൂസുഫ്

2022 മാർച്ച് 12, 1442 ശഅബാൻ 9

തലമുടി നരച്ച അധികമാളുകളും കൃത്രിമ ചായം ഉപയോഗിച്ച് കറുപ്പിച്ച് നര വെളിപ്പെടാതിരിക്കാന്‍ പരിശ്രമിക്കുന്ന ഒരു പ്രവണത ഇന്ന് വര്‍ധിച്ചുവരികയാണ്. പൊതുവെ വാര്‍ധക്യത്തിന്റെ മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന നര മറ്റുളളവരില്‍നിന്ന് മറച്ചുവയ്ക്കാന്‍ വെമ്പല്‍കൊളളുന്നവര്‍ ഈ പൊളളയായ യൗവന പ്രകടനത്തിന്റെ മതവിധിയെപ്പറ്റിയോ ഈ ജാട വിലക്കിക്കൊണ്ടുളള പ്രവാചക വചനത്തിന്റെ ഗൗരവത്തെക്കുറിച്ചോ അധികം ആലോചിക്കാനിടയില്ല. മറ്റുളളവരുടെ മുമ്പില്‍ ചെറുപ്പം ചമയാനാണല്ലോ നരബാധിച്ചവരല്ലാം മുടി ഡൈ ചെയ്യുന്നത്. എന്നാല്‍ മാലോകരുടെ മുന്നില്‍ നിത്യയൗവനം കാത്തുസൂക്ഷിക്കാന്‍ പാടുപെടുന്നവര്‍ക്ക് പരലോകത്ത് ശാശ്വത സ്വര്‍ഗത്തിന്റെ പരിമളം പോലും വിലക്കപ്പെടുമെന്നാണ് പ്രവാചകന്‍ ﷺ താക്കീത് നല്‍കിയിട്ടുളളത്.

നബി ﷺ പറഞ്ഞു: ‘‘അവസാന കാലത്ത് ഒരു വിഭാഗം ജനങ്ങള്‍ ഉണ്ടാകും. അവര്‍ പ്രാവിന്റെ മേടപോലെ കറുപ്പ് കൊണ്ട് ചായമിടും. അവര്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ല’’ (അബൂദാവൂദ്, നസാഇ, അഹ്‌മദ്).

സ്വര്‍ഗത്തിന്റെ സുഗന്ധം നൂറ് വര്‍ഷത്തെ വഴിദുരം വരെ എത്തും എന്ന് ഹദീഥുകള്‍ വ്യക്തമാക്കിയ സ്ഥിതിക്ക് മുടി കറുപ്പിക്കുന്നവര്‍ ഇക്കാര്യം ഗൗരവമായി കാണേണ്ടതാണ്. ജനങ്ങള്‍ നമ്മെക്കുറിച്ച് പ്രായം കൂടിയവരെന്നോ അല്ലെങ്കില്‍ ജരാനരകള്‍ ബാധിച്ചരാണന്നോ വിചാരിച്ചതുകൊണ്ട് ആത്യന്തികമായി നമുക്ക് യാതൊന്നും നഷ്ടപ്പെടാനില്ല. എന്നാല്‍ ചെറുപ്പം വരുത്താന്‍വേണ്ടി സിന്തറ്റിക് വര്‍ണങ്ങള്‍ വാരിത്തേക്കുന്നവരെ അല്ലാഹു വെറുക്കുകയും അവര്‍ക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും അപ്രാപ്യമായിത്തീരുകയും ചെയ്യും.

തലമുടി കറുപ്പിക്കുന്നവര്‍ക്ക് ഇഹലോകത്ത് ഈ കപടനാട്യംകൊണ്ട് അവര്‍ വിചാരിക്കുന്നത് പോലുളള അംഗീകരാമൊന്നും ലഭിക്കുകയില്ല. കാരണം ബുദ്ധിയും വകതിരിവുമുളള ഏവര്‍ക്കും മനുഷ്യരുടെ തലമുടിയുടെ സ്വാഭാവിക നിറവും ഡൈ ചെയ്ത കറുപ്പും ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയും. ദിനേന എത്ര പണിപ്പെട്ട് കറുപ്പിച്ചാലും മുടിയുടെയും താടിയുടെയും മുരട്ടില്‍ അല്‍പം വെളുപ്പ് ദൃശ്യമാകുകയും ഡൈ ചെയ്തതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യും. ഡൈ ചെയ്യാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ അല്ലറ ചില്ലറ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

നരച്ചമുടി കറുപ്പിക്കുന്നത് വിലക്കിയ പ്രവാചകന്‍ ﷺ മറ്റെന്തെങ്കിലും വര്‍ണംകൊണ്ട് അതിന് നിറഭേദം വരുത്താന്‍ കല്‍പിച്ചിട്ടുണ്ട്.

നബി ﷺ പറഞ്ഞു: ‘‘ജൂതരും ക്രിസ്ത്യാനികളും ചായം തേക്കാറില്ല. അതുകൊണ്ട് നിങ്ങള്‍ അവര്‍ക്ക് എതിരാകുക’’ (ബുഖാരി, മുസ്‌ലിം).

ഭംഗി കൂട്ടുന്നത് മതത്തിനും ഭക്തിക്കും എതിരാകും എന്ന ധാരണയില്‍ ജൂത-ക്രൈസ്തവ പുരോഹിതര്‍ തലയും താടിയും നരച്ചാല്‍ നിറം പിടിപ്പിക്കാറുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ ഈ ധാരണയോടെ അവരെ അനുകരിക്കുന്നത് നബി ﷺ വിലക്കുകയാണ് ചെയ്തത്. സ്വതന്ത്രവും സവിശേഷവുമായ ഒരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരായതുകൊണ്ടായിരിക്കാം നരക്ക് നിറഭേദം വരുത്താന്‍ നബി ﷺ കല്‍പിച്ചത്. കറുപ്പ് അല്ലാത്ത നിറംകൊണ്ട് നരക്ക് മാറ്റം വരുത്താന്‍ നബി ﷺ വേറെയും ധാരാളം വചനങ്ങളിലൂടെ കല്‍പിച്ചതായി കാണാനാവും.

മക്കാവിജയത്തിന്റെ ദിവസം അബൂ ഖുഹാഫയെ റസൂലിന്റെ അടുക്കല്‍ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ തല സുഗാമ പുഷ്പം പോലെ വെളുത്തിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘‘നിങ്ങള്‍ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ഏതെങ്കിലും ഭാര്യയുടെ അടുക്കലേക്ക് കൊണ്ടുപോകുക. വല്ലത്‌കൊണ്ടും അത്(നര) മാറ്റുകയും ചെയ്യുക. കറുപ്പ് നിങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക’’ (മുസ്‌ലിം).

പ്രവാചകന്റെ തലമുടി അധികമൊന്നും നരച്ചിരുന്നില്ല. എങ്കിലും അദ്ദേഹം മൈലാഞ്ചിപോലുളള വസ്തുക്കള്‍ തലയില്‍ തേച്ചിരുന്നു. നബി ﷺ തന്റെ തലമുടിയില്‍ ചായം തേച്ചിരുന്നുവോ എന്ന് അനസ് ബിന്‍ മാലികി(റ)നോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘‘നബി ﷺ ക്ക് അല്‍പമല്ലാതെ നര ബാധിച്ചിരുന്നില്ല. എന്നാല്‍ അബൂബക്‌റും(റ) ഉമറും(റ) മൈലാഞ്ചികൊണ്ടും ‘കതം’ എന്ന ചെടിയുടെ ഇല കൊണ്ടും നരമാറ്റിയിരുന്നു’’ (ബുഖാരി).

മൈലാഞ്ചി കൊണ്ടും കതം ഇല കൊണ്ടും നിറം മാറ്റിയ തിരുനബി ﷺ യുടെ ഒരു കേശം അദ്ദേഹത്തിന്റെ പത്‌നി ഉമ്മുസലമ(റ)യുടെ അടുക്കല്‍ കണ്ടതായി ഉസ്മാന്‍ ബിന്‍ അബ്ദുല്ല പ്രസ്താവിക്കുന്നതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവാചകന്‍ ﷺ തന്റെ താടിക്ക് നിറംകൊടുത്തതായി പ്രസ്താവിക്കുന്ന വേറെയും ഹദീഥുകളുണ്ട്.

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ‘‘നബി ﷺ ഊറക്കിട്ട തുകൽ കൊണ്ടുളള ചെരിപ്പ് ധരിച്ചിരുന്നു. അതുപോലെ തന്റെ താടി വറസ് (സുഗന്ധമുളള ഒരു തരം ചെടി) കൊണ്ടും കുങ്കുമംകൊണ്ടും മഞ്ഞ വര്‍ണമാക്കുകയും ചെയ്തിരുന്നു. ഇബ്‌നു ഉമറും അപ്രകാരം ചെയ്തു’’ (അബൂദാവൂദ്).

തലമുടിക്കും താടിക്കും നരബാധിച്ചവര്‍ കറുപ്പ് ഒഴിവാക്കി അതിന് നിറഭേദം വരുത്തുന്നതിനെ നബി ﷺ പ്രശംസിച്ചതായും കാണാം.

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘‘ഒരിക്കല്‍ നബി ﷺ യുടെ അടുത്തുകൂടി മൈലാഞ്ചി കൊണ്ട് നിറം കൊടുത്ത ഒരാള്‍ നടന്നുപോയി. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇത് എത്ര നല്ലത്!’ പിന്നീട് മൈലാഞ്ചി കൊണ്ടും കതം ചെടിയുടെ ഇലകൊണ്ടും ചായം കൊടുത്ത മറ്റൊരാള്‍ നടന്നുപോയപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇത് അതിനെക്കാള്‍ നല്ലത്.’ പിന്നീട് മഞ്ഞവര്‍ണം കൊടുത്ത ഒരാളെ കണ്ടപ്പോള്‍ എല്ലാത്തിനെക്കാളും നല്ലത് ഇതെന്നും നബി ﷺ പറഞ്ഞു’’ (അബൂദാവൂദ്).

ചുവപ്പും മഞ്ഞയുമായ നിറങ്ങള്‍കൊണ്ട് നബി ﷺ തലയിലെയും താടിയിലെയും നരമാറ്റിയിരുന്നതായി വേറെയും ഹദീഥുകള്‍ കാണാനാവും.

അബൂ റംദയില്‍നിന്ന് നിവേദനം: ‘‘നബി ﷺ മൈലാഞ്ചികൊണ്ടും കതം ചെടികൊണ്ടും നിറം കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ തലമുടി ചുമല്‍വരെ എത്തുകയും ചെയ്തിരുന്നു’’ (അബൂദാവൂദ്).

നരച്ചമുടി കറുപ്പിക്കുന്നവന്റെ മുഖം അന്ത്യദിനത്തില്‍ അല്ലാഹു കറുപ്പിക്കും എന്ന് പറയുന്ന ഒരു ഹദീഥ് ത്വബ്‌റാനി ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെ അന്ത്യദിനത്തില്‍ അവനിലേക്ക് അല്ലാഹു നോക്കുകയില്ല എന്ന് വ്യക്തമാക്കുന്ന ഹദീഥുകളുമുണ്ട്. പക്ഷേ, ഇവയുടെയെല്ലാം പരമ്പരയില്‍ അല്‍പം ദുര്‍ബലതയുണ്ട്. എന്നാല്‍ നര കറുപ്പിക്കുന്നത് വിരോധിച്ചിട്ടുള സ്വഹീഹായ ഹദീഥുകള്‍തന്നെ ധാരാളമുണ്ട്.

നരച്ച മുടി കറുപ്പിക്കുന്നത് മാത്രമല്ല അത് പറിച്ചുകളയുന്നതും നബി ﷺ വിരോധിച്ചിട്ടുണ്ട്. നബി ﷺ പറഞ്ഞു: ‘‘നിങ്ങള്‍ നര പറിച്ചെടുക്കരുത്. അത് അന്ത്യദിനത്തില്‍ മുസ്‌ലിമിന്റെ പ്രകാശമാണ്’’ (നസാഈ).

നര ബാധിക്കുന്നത് പുണ്യം നേടുന്നതിനും പാപമോചനത്തിനും വഴിയൊരുക്കുമെന്നും മറ്റൊരു ഹദീഥില്‍ വന്നിട്ടുണ്ട്. നബി ﷺ പറഞ്ഞു: ‘‘നര പറിച്ചെടുക്കരുത്. കാരണം അത് മുസ്‌ലിമിന്റെ പ്രകാശമാണ്. ഇസ്‌ലാമിന് വേണ്ടി നരക്കുന്ന മുസ്‌ലിമിന് അതുമൂലം നന്മ എഴുതപ്പെടുകയും പദവി ഉയര്‍ത്തപ്പെടുകയും അതുമൂലം പാപം മായ്ച്ചുകളയപ്പെടുകയും ചെയ്യും’’ (ഇബ്‌നുമാജ).

ജരാനരകളെപ്പോലെ മധ്യവയസ്‌കരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം കഷണ്ടിയാണ്. കഷണ്ടിത്തലയില്‍ മുടി നട്ടുവളര്‍ത്തുന്ന സാങ്കേതികവിദ്യ കണ്ടെത്തിയതോടുകൂടി അത്തരം കേന്ദ്രങ്ങള്‍ പലയിടത്തും കൂണുപോലെ മുളച്ചുപൊന്തുകയാണ്. അത്തരം കേന്ദങ്ങളുടെ ഉപഭോക്താക്കളില്‍ അധികവും ഗള്‍ഫുകാരാണ്. മാനസിക പിരിമുറുക്കം, കാലാവസ്ഥ വ്യതിയാനം, പാരമ്പര്യം എന്നീ ഘടകങ്ങള്‍ ഒരുമിച്ചുകൂടുന്ന വ്യക്തികള്‍ക്ക് അല്‍പം നേരത്തെ മുടി നരക്കുന്നത് പോലെ അധികം പ്രായമാകുന്നതിന് മുമ്പ് അവരുടെ മുടി കൊഴിഞ്ഞ് കഷണ്ടി പ്രത്യക്ഷപ്പെടുകയും ചെയ്യും. പ്രകൃതിയുടെ മതമായ ഇസ്‌ലാം ഈ കൃത്രിമ പ്രവൃത്തിയെയും വിലക്കുന്നുണ്ട്.

ജാഹിലിയ്യ കാലത്ത് സ്ത്രീകള്‍ അവരുടെ തലയില്‍ കൃത്രിമമായ മുടി വച്ചുപിടിപിടിപ്പിച്ച് അലങ്കരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സ്ത്രീകള്‍ക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകുമെന്ന് പ്രവാചകന്‍ ﷺ ഒട്ടനവധി ഹദീഥുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ രൂപത്തില്‍ തലമുടി വച്ചുപിടിപ്പിക്കാന്‍ അനുമതി ചോദിച്ചവരെ നബി ﷺ ശകാരിക്കുകയാണ് ചെയ്തിട്ടുളളത്.

അസ്മാഅ് ബിന്‍ത് അബീബക്‌റി(റ)ല്‍നിന്ന് നിവേദനം: ‘’ഒരു സ്ത്രീ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘ഞാന്‍ എന്റെ മകളെ വിവാഹം ചെയ്ത് കൊടുത്തു. അവള്‍ക്ക് ഒരു വ്യാധി ബാധിക്കുകയും തന്മൂലം അവളുടെ തലമുടി പാടെ കൊഴിഞ്ഞുപോകുകയും ചെയ്തു. അവളുടെ ഭര്‍ത്താവ് അവളുടെ തലയില്‍ കൃത്രിമ മുടി ചേര്‍ത്ത് പിടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ അവളുടെ തലയില്‍ മുടി വച്ചുപിടിപ്പിക്കട്ടെ?’ അപ്പോള്‍ നബി ﷺ മുടി വെക്കുന്നവളെയും വെക്കാന്‍ ആവശ്യപ്പെടുന്നവളെയും ശകാരിച്ചു’’ (ബുഖാരി).

ശരീരത്തില്‍ മെലനിന്റെ അഭാവം മൂലമാണ് തലമുടി നരച്ച് വെളുക്കുന്നത്. എന്തുകൊണ്ടാണ് മെലനിന് തിരോധാനം സംഭവിക്കുന്നത് എന്നതിന് ശാസ്ത്രത്തിന് വ്യക്തമായ മറുപടിയില്ല. വാര്‍ധക്യമോ പ്രായക്കൂടുതലോ മാത്രമല്ല നരക്ക് കാരണമായി ഭവിക്കുന്നത്. താരുണ്യത്തില്‍തന്നെ തല നരക്കുന്നവര്‍ ധാരാളമുണ്ട്.

ശിശുക്കള്‍പോലും നരക്കുന്ന ഭീകരമായ ഒരു ദിവസത്തെക്കുറിച്ച് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്ത്യദിനത്തിന്റെ ഭീകരതകള്‍ വിവരിക്കുന്ന ചില അധ്യായങ്ങളാണ് നബി ﷺ യുടെ തലമുടി നരപ്പിച്ചത് എന്ന് ഹദീഥുകളിലുണ്ട്. അറുപത്തിമൂന്ന് വയസ്സ് വരെ ജീവിച്ച പ്രവാചകന്റെ തലമുടി അധികമൊന്നും നരച്ചിരുന്നില്ല. എന്നാല്‍ അതേപ്രായത്തില്‍ വഫാത്തായ അബൂബക്‌ർ (റ), ഉമര്‍(റ) എന്നിവരുടെ തലമുടിയും താടിയും അതിനെക്കാള്‍ കൂടുതല്‍ നരച്ചിരുന്നു.