സാമൂഹ്യമാധ്യമങ്ങള്‍: ഇരുതലമൂര്‍ച്ചയുള്ള ആയുധം

മുഫീദ് പാലക്കാഴി

2022 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27

സോഷ്യല്‍ മീഡിയ വിപ്ലവ’ത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. അതില്‍ ഗുണവും ദോഷവും ഏറെയുണ്ട്. ഒരു മുസ്‌ലിം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയമൂലം നിരവധി പ്രശ്‌നങ്ങളിലാണ് പലപ്പോഴും നാം ചെന്നുചാടാറുള്ളത്.

മതകാര്യങ്ങളുടെ പേരിലുള്ള തര്‍ക്കവും കലഹവും ശകാരവുമൊക്കെ നാം കാണാറുണ്ട്. ചീത്ത പറയരുത് എന്ന് പഠിപ്പിച്ച മതത്തിന്റെ അനുയായികള്‍ മതത്തിന്റെ പേരില്‍ പരസ്പരം ചീത്ത പറയുന്നത് വിരോധാഭാസമല്ലേ?

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ് തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളിലൂടെ വ്യത്യസ്ത തരത്തിലാണ് വാഗ്വാദങ്ങള്‍ അരങ്ങേറുന്നത്. അതേസമയം നല്ല നിലയിലുള്ള പ്രബോധനപ്രവര്‍ത്തനങ്ങളും സന്ദേശകൈമാറ്റവും ഇവയിലൂടെ നടക്കുന്നുണ്ട്.

വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള വലിയ ഒരു വിപ്ലവം തന്നെയാണ് സോഷ്യല്‍ മീഡിയ വിപ്ലവം എന്നു പറയാം. വ്യാവസായിക വിപ്ലവം വന്നതിനു ശേഷം മുമ്പ് അപ്രധാനമായിരുന്ന ശക്തികള്‍ പലതും ലോകശക്തികളായി മാറി. അത് മറ്റു രാജ്യങ്ങളെ കോളനികളാക്കുന്നതിലേക്കുമെത്തിച്ചു. ഇതു തന്നെയാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെയും സംഭവിച്ചിരിക്കുന്നത്.

ഒരു ദശാബ്ദം മുമ്പ് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനു ചില പരിമിത മാര്‍ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സംവിധാനങ്ങള്‍ ബിസിനസുകാരുടെയും സമ്പന്നരുടെയും കൈകളിലായിരുന്നു. പത്രമാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു അന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനാല്‍തന്നെ അവരുടെ സ്ഥാപിത താല്‍പര്യങ്ങളായിരുന്നു ഇതുവഴി കൂടുതലും പുറത്തുവന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഇതിനെല്ലാം അന്ത്യം കുറിക്കുകയാണുണ്ടായത്.

നേരത്തെ പറഞ്ഞതുപോലെ സോഷ്യല്‍ മീഡിയകള്‍കൊണ്ട് പലവിധ ഗുണങ്ങളും നേട്ടങ്ങളുമുണ്ട്. ആനുകാലിക വിഷയങ്ങളില്‍ നമ്മുടെ അഭിപ്രായങ്ങളള്‍ തുറന്നടിച്ച് പറയാനും പ്രോത്സാഹിപ്പിക്കാനും യോജിക്കാനും വിയോജിക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ഇന്ന് വളരെ ഉപകാരപ്രദമാണ്. വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയാനും കൈമാറാനും ഇവ ഉപയോഗിക്കപ്പെടുന്നു.

സ്വാഭാവികമായും എല്ലാത്തിനുമുണ്ടാകുന്ന ദോഷങ്ങള്‍ പോലെ ഇവകൊണ്ടും ദോഷങ്ങളുണ്ട്. ഇവയെ ഇരുതല മൂര്‍ച്ചയുള്ള വാളിനെ പോലെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമായിവരെ അതു പരിണമിച്ചിട്ടുണ്ട്. മാത്രമല്ല, നിരവധി വര്‍ഗീയ കലാപങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയകളിലെ ചില പോസ്റ്റുകള്‍ കാരണമായിട്ടുണ്ട്. പരസ്പര വിദ്വേഷം പടര്‍ത്തുന്നതിനും ശത്രുത വെച്ചു പുലര്‍ത്തുന്നതിനും വ്യക്തികളെ മോശമായി ചിത്രീകരിക്കാനും അപമാനിക്കാനുമെല്ലാം സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നവരുണ്ട്. സോഷ്യല്‍ മീഡിയവഴി രാജ്യദ്രോഹക്കുറ്റം ചെയ്ത് ജയിലിലടക്കപ്പെട്ടവരും ഏറെയുണ്ട്.  

അതിനാല്‍തന്നെ മുസ്‌ലിംകളെന്ന നിലയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇസ്‌ലാമിക മൂല്യങ്ങളനുസരിച്ച് അവയെ കൈകാര്യം ചെയ്യാന്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്

സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഇന്ന് പ്രബോധനരംഗത്തും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇസ്‌ലാമിക പ്രചാരണത്തിന്റെ വേഗത കൂട്ടുന്നതിന് സോഷ്യല്‍ മീഡിയകള്‍ വലിയ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമികാധ്യാപനങ്ങളുടെ ഏത് ഭാഗവും പഠനത്തിനും മനനത്തിനും സാധ്യമാകത്തക്കവിധം ഇന്റര്‍നെറ്റില്‍ ഇന്ന് ലഭ്യമാണ്. പുസ്തകങ്ങളുടെയും റഫറന്‍സ് ലൈബ്രറികളുടെയും സ്ഥാനത്ത് ഇന്ന് സൈറ്റുകളും ബ്ലോഗുകളും സ്ഥാനമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

ഈ വലയുടെ വരുതിയിലകപ്പെടാത്ത ഒന്നുമില്ലെന്ന് പറയാം. ഭാഷാവൈവിധ്യമോ വിഷയദാരിദ്ര്യമോ ഒന്നും ഇന്റര്‍നെറ്റിന് മുമ്പില്‍ വിലപ്പോവില്ല. വായന അറിയില്ലെന്ന് പറയാനവസരമില്ല ഇവിടെ. അക്ഷരം മുതല്‍ക്കങ്ങോട്ട് ഉയര്‍ന്ന ഡിഗ്രി എടുക്കുന്നതിന് വരെ സംവിധാനം നെറ്റില്‍ കാണാം. സമയക്കുറവും ഒരു ഒഴിവുകഴിവായി ബോധിപ്പിക്കാനാകില്ല. നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും എന്തിനേറെ ജോലിക്കിടയില്‍പോലും കേള്‍ക്കാനും പഠിക്കാനുമുള്ള സംവിധാനം സൈറ്റുകളിലുണ്ട്. നെറ്റ് സംവിധാനം സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കുമെല്ലാം ഇന്നുണ്ട്. മോബൈലുകളിലെ നെറ്റ് ഉപയോഗം ഇന്ന് സാര്‍വത്രികമാണ്.  സോഷ്യല്‍ മീഡിയകളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത് അജ്ഞതയിലേക്കുള്ള തിരിച്ചുപോക്കാവും.

സൈറ്റുകളും ബ്ലോഗുകളും മാത്രമല്ല ഫേ സ്ബുക്കും യൂറ്റ്യൂബുമെല്ലാം ഇസ്‌ലാമിക പ്രബോനത്തിന് ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട്.

ഇക്കാരണത്താല്‍ തന്നെ പാശ്ചാത്യലോകം ഇസ്‌ലാമിന്റെ ഈ ജാഗരണത്തെ ഭയപ്പാടോടുകൂടിയാണ് നോക്കിക്കാണുന്നത്. സത്യത്തിന്റെ പിറവി അസത്യങ്ങളുടെയും അധര്‍മങ്ങളുടെയും തിളക്കം കെടുത്തുമല്ലോ.

സോഷ്യല്‍ മീഡിയകളിലൂടെ പ്രബോധനം നടത്തുന്നതും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പ്രഖ്യാപിച്ച അതേ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ടാകണം. നന്മയും സദുപദേശവുമായിരിക്കണം ഇവിടെയും മുഖമുദ്ര. സോഷ്യല്‍ മീഡിയകളില്‍ പറ്റുന്ന അബദ്ധം തിരുത്തുക വളരെ പ്രയാസകരമാണ്. കാരണം നിമിഷ നേരംകൊണ്ട് പ്രസിദ്ധപ്പെടുത്തിയ ലേഖനമോ ദൃശ്യ-ശ്രാവ്യ ക്ലിപ്പിംഗുകളോ മറ്റുള്ളവര്‍ അവരുടെ ഡിവൈസുകളിലേക്ക് മാറ്റിയിട്ടുണ്ടാകാം.

പ്രതികരണത്തിന് വേദിയുണ്ടെന്നത് (കമന്റ് കോളം) ഇതിന്റെ ഒരു ഉപകാരമാണ്. നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനുമുള്ള നമ്മുടെ ബാധ്യതാനിര്‍വഹണത്തിനും ഇത് അവസരം നല്‍കുന്നു. ഗ്രുപ്പ് മെയിലുകളിലോ ഫേസ്ബുക്ക് പോലെയുള്ള കൂട്ടായ്മകളിലോ ഷെയര്‍ ചെയ്താലാകട്ടെ ഏതൊരു സന്ദേശവും അതിവേഗം പ്രചരിപ്പിക്കപ്പെടുന്നു.