ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത

സഅ്ഫർ സ്വാദിഖ് മദീനി

2022 ജൂൺ 25, 1442 ദുൽഖഅദ 24

ഇസ്‌ലാമിൽ ചില സ്ഥലങ്ങൾക്കും സന്ദർഭങ്ങൾക്കും സമയങ്ങൾക്കും മാസങ്ങൾക്കും ദിവസങ്ങൾക്കും പ്രത്യേകതകളും ശ്രേഷ്ഠതയും മഹത്ത്വങ്ങളുമുണ്ട്. വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും തെളിവുകളുള്ള മഹത്ത്വങ്ങളും പ്രത്യേകതകളും നാം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. മാസങ്ങളിൽ റമദാൻ, ദുൽക്വഅ്ദ, ദുൽഹിജ്ജ, മുഹർറം, റജബ് എന്നിവയ്ക്ക് പ്രത്യേകതയുണ്ട്. സമയങ്ങളിൽ രാത്രിയുടെ അന്ത്യയാമം, പ്രഭാതം എന്നിവയ്ക്ക് മഹത്ത്വമുണ്ട്. മക്ക, മദീന, ബൈതുൽ മുക്വദ്ദസ്, അറഫ, മിന, മുസ്ദലിഫ തുടങ്ങിയ സ്ഥലങ്ങൾ അനുഗൃഹീതങ്ങളാണ്. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അക്വ്‌സാ എന്നീ പള്ളികൾ പുണ്യം ആഗ്രഹിച്ചുകൊണ്ട് യാത്ര പുറപ്പെടാൻ അനുവാദമുള്ളവയാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കാനായി ഭൂമിയിൽ പടുത്തുയർത്തപ്പെട്ട അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളെല്ലാം അല്ലാഹുവിന് ഭൂമിയിൽ ഇഷ്ടപ്പെട്ട സ്ഥലങ്ങളാണെന്ന് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതുമാണ്.

ദുൽഹിജ്ജയിലെ ആദ്യത്തെ പത്തു ദിനങ്ങൾ ഇതുപോലെ ശ്രേഷ്ഠമായവയാണ്. ഈ ദിവസങ്ങളിൽ ചെയ്യുന്ന സൽകർമങ്ങൾക്ക് മറ്റു ദിവസങ്ങളിൽ ചെയ്യുന്ന കർമങ്ങളെക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഒരു വിശ്വാസി ഈ അസുലഭാവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ചെയ്യുന്ന സൽകർമങ്ങൾ ചെറുതായി നമുക്ക് തോന്നുമെങ്കിലും ഈ പുണ്യദിനങ്ങളുടെ മഹത്ത്വം കാരണം വർധിച്ച പ്രതിഫലം ലഭിക്കപ്പെടുന്നു.

ഈ ദിനങ്ങളെ എങ്ങനെ സ്വീകരിക്കണം?

1. സത്യസന്ധമായ പശ്ചാത്താപത്തോടെ

വിശ്വാസി അനുഗൃഹീതമായ ഈ ദിനങ്ങളെ പശ്ചാത്താപത്തോടെയും അല്ലാഹുവിലേക്ക് തിരിച്ച് നടക്കുന്നുവെന്ന ദൃഢമനസ്സോ െടയുമാണ് സ്വീകരിക്കേണ്ടത്. തൗബയിലൂടെ ഐഹികവും പാരത്രികവുമായ വിജയം നേടാൻ വിശ്വാസികൾക്ക് സാധിക്കും. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (അന്നൂർ 69).

2. ഉറച്ച തീരുമാനം

ഈ പുണ്യദിനങ്ങളെ ഐഹികവും പാരത്രികവുമായ വിജയം നേടാൻ അനുഗുണമായ രൂപത്തിൽ പ്രയോജനപ്പെടുത്തുമെന്ന ഉറച്ച തീരുമാനമെടുക്കണം വിശ്വാസി. ഇങ്ങനെ ഒരു തീരുമാനമെടുത്താൽ അല്ലാഹുവിന്റെ സഹായം ഉണ്ടാവും. തീരുമാനിച്ച കാര്യങ്ങൾ ചെയ്യാനുതകുന്ന കാരണങ്ങളെല്ലാം അല്ലാഹു എളുപ്പമാക്കിത്തരും.

“നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു’’ (അൽഅൻകബൂത്ത് 69).

3. തിന്മകളിൽനിന്ന് അകന്നുനിൽക്കുക

തിന്മകളിൽനിന്ന് മോചിതരായിക്കൊണ്ടാണ് വിശ്വാസി പുണ്യദിനങ്ങളെ സ്വീകരിക്കേണ്ടത്. സൽകർമങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുക്കാനാകും. തിന്മകൾ അല്ലാഹുവിൽനിന്ന് നമ്മെ അകറ്റുകയും അവന്റെ കാരുണ്യത്തിൽനിന്ന് തടയുകയും ചെയ്യുമെന്ന കൃത്യമായ ബോധം വിശ്വാസിക്കുണ്ടാവണം. പാപമോചനവും നരകമോചനവും ആഗ്രഹിക്കുന്ന വിശ്വാസി ഈ ശ്രേഷ്ഠകരമായ ദിനങ്ങളിൽ പാപങ്ങൾ വന്ന് പോകുന്നതിനെ കരുതിയിരിക്കണം. അതുകൊണ്ട് അനുഗൃഹീത ദിനങ്ങളുടെ മഹത്ത്വമറിയുക, എങ്കിൽ അർഹിക്കുന്ന രൂപത്തിൽ അവയെ സ്വീകരിക്കാൻ നമുക്ക് സാധിക്കും. നഷ്ടപ്പെടുത്തി ഖേദിക്കാനവസരം ഉണ്ടാക്കാതിരിക്കുക.

മഹത്ത്വങ്ങൾ

1. അല്ലാഹു സത്യം ചെയ്യുന്നു:

ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങളെ പിടിച്ച് അല്ലാഹു സത്യം ചെയ്യുന്നു. അല്ലാഹു ഒരു കാര്യത്തെ കുറിച്ച് സത്യം ചെയ്തു പറയുന്നത് അതിന്റെ മഹത്ത്വത്തെയും പ്രത്യേകതയെയുമാണ് സൂചിപ്പിക്കുന്നത്.

“പ്രഭാതം തന്നെയാണെ സത്യം. പത്തു രാത്രികൾ തന്നെയാണെ സത്യം’’ (അൽഫജ്ർ 1,2).

ഇവിടെ പത്തു രാത്രികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദുൽഹിജ്ജയിലെ ആദ്യത്തെ പത്തു ദിനങ്ങളെയാണ്. പൗരാണികരും പ്രാമാണികരുമായ ഭൂരിപക്ഷം മുഫസ്സിറുകളും ഈ കാര്യം അവരുടെ തഫ്‌സീറുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ഇബ്‌നുകസീർ തന്റെ തഫ്‌സീറിൽ ഇത് ശരിയാണെന്നു പറഞ്ഞതായി കാണാം.

2. അല്ലാഹുവിനെ സ്മരിക്കുക

അറിയപ്പെട്ട ഈ ദിനങ്ങളിൽ പ്രതേകമായി അല്ലാഹുവിനെ ഓർക്കാൻ ഇസ്‌ലാമിക ശരീഅത്ത് നിയമമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:

“അല്ലാഹു അവർക്ക് നൽകിയിട്ടുള്ള നാൽകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളിൽ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്’’ (അൽഹജ്ജ് 28).

മേൽ സൂചിപ്പിച്ച സൂക്തത്തിൽ പരാമർശിച്ച ‘അറിയപ്പെട്ട ദിനങ്ങൾ’ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ദുൽഹിജ്ജയിലെ ആദ്യത്തെ പത്തു ദിനങ്ങളാണെന്നാണ് ഭൂരിപക്ഷ മുഫസ്സിറുകളും വിശദമാക്കിയത്. ഇബ്‌നു ഉമർ(റ), ഇബ്‌നു അബ്ബാസ്(റ) പോലെയുള്ള പ്രവാചകാനുചന്മാരും വ്യക്തമാക്കിയത് ഇതുതന്നെയാണ്.

3. പ്രവാചക സാക്ഷ്യം

ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങൾ ഇഹലോകത്തിലെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ള ദിനങ്ങളാണെന്ന് നബി ﷺ  സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഒരു ഹദീസ് കാണുക:

ജാബിർ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ‘ഈ ദുൻയാവിലെ ഏറ്റവും ശ്രേഷ്ഠതയുള്ള ദിനം (കർമങ്ങൾ ഏറ്റവും പ്രതിഫലാർഹമായത്) പത്ത് ദിനങ്ങളാണ്. അതായത് ദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങൾ.’ ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിനും ലഭിക്കില്ലേ?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിനും ലഭിക്കില്ല, ഒരാൾക്കൊഴിച്ച്, അയാൾ ജിഹാദ് ചെയ്തു തന്റെ സമ്പത്തും ശരീരവും മണ്ണിലലിഞ്ഞിരിക്കുന്നു’’ (ബസ്സാർ, ഇബ്‌നുഹിബ്ബാൻ. അൽബാനി സ്വഹീഹാണെന്ന് വിശേഷിപ്പിച്ചു). അതായത്, തന്റെ സമ്പത്തും ശരീരവും ജിഹാദിനായി സമർപ്പിച്ചാൽ അയാൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കും.

4. അറഫാദിനം

ദുൽഹിജ്ജയിലെ ആദ്യ പത്തു ദിനങ്ങളിൽ അറഫാദിനം വരുന്നുവെന്നത് ഈ ദിനങ്ങളുടെ മഹത്ത്വം വ്യക്തമാക്കുന്നു. അറഫയിലെ ഹാജിമാർക്ക് മലക്കുകളെ സാക്ഷിയാക്കിക്കൊണ്ട് പാപമോചനം നൽകുന്ന ദിനമാണ് അറഫ. റസൂലുല്ലാഹ് ﷺ  പറഞ്ഞു: “ഹജ്ജ് അറഫയാണ്.’’

5. യൗമുന്നഹ്ർ

നബി ﷺ  പറഞ്ഞു: “അല്ലാഹുവിന്റെയടുത്ത് ഏറ്റവും ശ്രേഷഠതയുള്ള ദിനം യൗമുന്നഹ്ർ (ദുൽഹിജ്ജ പത്ത്) ആകുന്നു. ശേഷം ശ്രേഷ്ഠതയുള്ളത് അയ്യാമുത്തശ്‌രീഖിനാണ് (ദുൽഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്)’’ (അബൂദാവൂദ്, നസാഈ, അൽബാനി സ്വഹീഹാണെന്ന് വ്യക്തമാക്കിയത്).

6. പ്രധാനപ്പെട്ട ആരാധനകൾക്കുള്ള അവസരം

ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങളിൽ ഇസ്‌ലാമിലെ പ്രധാനപ്പെട്ട ആരാധനകളെല്ലാം നിർവഹിക്കുവാനുള്ള അവസരം ലഭിക്കുന്നു. മറ്റു ദിനങ്ങളിൽ അത് സാധ്യമല്ല. ഇമാം ഹാഫിദ് ഇബ്‌നു ഹജർ പറയുന്നു: ‘ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങൾക്ക് ഇത്ര പ്രത്യേകത വരാൻ കാരണമായി മനസ്സിലാകുന്നത് ഇസ്‌ലാമിലെ പ്രധാനപ്പെട്ട ആരാധനകളായ നമസ്‌കാരം, നോമ്പ്, സ്വദക്വ, ഹജ്ജ് തുടങ്ങിയവയെല്ലാം ഒരുമിക്കുന്നുവെന്നതാണ്. ഇത് മറ്റു ദിനങ്ങളിൽ വരുകയില്ല’ (ഫത്ഹുൽ ബാരി).

കർമങ്ങളുടെ മഹത്ത്വം

ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങളിൽ ചെയ്യുന്ന സൽകർമങ്ങൾക്ക് ഒരുപാട് മഹത്ത്വവും പ്രത്യേകതയുമുണ്ട്. ചില ഹദീഥുകൾ കാണുക:

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: “മറ്റു ദിനങ്ങളിൽ ചെയ്യുന്ന സൽകർമങ്ങളെക്കാൾ ഈ ദിനങ്ങളി(ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങളി)ൽ ചെയ്യുന്ന സൽകർമങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത്.’’ സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിനുമില്ലേ?’’. നബി ﷺ  പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിനുമില്ല, ഒന്നൊഴിച്ച്, ഒരാൾ ജിഹാദിനായി തന്റെ സമ്പത്തും ശരീരവുമായി പുറപ്പെട്ടു, ശേഷം അവൻ ഒന്നുകൊണ്ടും മടങ്ങിവന്നില്ല’’ (ബുഖാരി). (അതായത്, സമ്പത്ത് മുഴുവനും ജിഹാദിനായി ചെലവഴിച്ചു, രക്തസാക്ഷിയാവുകയും ചെയ്തു. ഇയാൾക്ക് ഇതിനെക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കും).

അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം: “ഞാൻ റസൂലുല്ലാഹി ﷺ യുടെ കൂടെയായിരുന്നു. സൽകർമങ്ങളെ കുറിച്ച് ഞാൻ അവിടുത്തോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: “മറ്റു ദിനങ്ങളിൽ ചെയ്യുന്ന സൽകർമങ്ങളെക്കാൾ ഈ ദിനങ്ങളി(ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങളി)ൽ ചെയ്യുന്ന സൽകർമങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത്. സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിനുമില്ലേ?’ നബി ﷺ  പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിനുമില്ല, ഒന്നൊഴിച്ച, ഒരാൾ ജിഹാദിനായി തന്റെ സമ്പത്തും ശരീരവുമായി പുറപ്പെട്ടു, ശേഷം (ജിഹാദിനിടയിൽ) അവന്റെ ആത്മാവ് അല്ലാഹുവിക്കേ് ഉയർന്നുപോയി’’ (അഹ്‌മദ്. ഇമാം അൽബാനി ഇതിന്റെ സനദ് ഹസനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്).

മുകളിൽ ഉദ്ധരിക്കപ്പെട്ട രണ്ട് ഹദീഥുകളിൽനിന്നും ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങളിൽ ചെയ്യുന്ന സൽകർമങ്ങളാണ് മറ്റു ദിവസങ്ങളിൽ ചെയ്യുന്നതിനെക്കാൾ അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്, അതിനാണ് പ്രതിഫലം കൂടുതൽ എന്നാണ് വ്യക്തമാകുന്നത്. അതുപോലെ ഈ ദിനങ്ങളിൽ സൽകർമങ്ങൾ ചെയ്യുന്ന വിശ്വാസിക്കാണ് അല്ലാഹുവിന്റെ മാർഗത്തിൽ ഇസ്‌ലാം പഠിപ്പിച്ച ജിഹാദ് ചെയ്യുന്നവനെക്കാളും പ്രതിഫലം ലഭിക്കുന്നത്.

ചെയ്യാവുന്ന സൽകർമങ്ങൾ

ദുൽഹിജ്ജയിലെ ആദ്യ പത്തുദിനങ്ങളുടെ പ്രത്യേകതയും മഹത്ത്വവും അവയിൽ ചെയ്യുന്ന കർമങ്ങൾക്ക് ലഭിക്കുന്ന മഹത്തായ പ്രതിഫലവും മനസ്സിലാക്കിയ ഒരു വിശ്വാസി അത് കരഗതമാക്കാൻ അങ്ങേയറ്റം പരിശ്രമിക്കേണ്ടതുണ്ട്. നബി ﷺ യും അനുചരന്മാരും അവരെ പിന്തുടർന്ന നമ്മുടെ പൂർവികരായ സലഫുകളും അടക്കമുള്ളവരുടെ ചരിത്രം അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഈ പുണ്യ ദിനരാത്രങ്ങളിൽ ചെയ്യാവുന്ന ഏതാനും സൽകർമങ്ങൾ ചുവടെ സൂചിപ്പിക്കാം. മുൻഗാമികൾ റമദാനിലെ അവസാനത്തെ പത്തിനെയും ദുൽഹിജ്ജയിലെ ആദ്യത്തെ പത്തുദിനങ്ങളെയും മുഹർറത്തിലെ ആദ്യ പത്തിനെയും മഹത്തരമായി കാണുകയും ആ ദിനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തതായി കാണാവുന്നതാണ്.

1. ഹജ്ജും ഉംറയും

കഴിയുന്നവർ ഈ പുണ്യദിനങ്ങളിൽ ഹജ്ജും ഉംറയും ചെയ്യുക. പുണ്യകരമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ലായെന്ന പ്രവാചക വചനം വിശ്വാസിയുടെ മനസ്സിൽ ഉണ്ടാവണം. നബി ﷺ  പറഞ്ഞു:

“ഒരു ഉംറ അടുത്ത ഉംറവരെയുള്ള ചെറുപാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്, മബ്‌റൂറായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല’’ (ബുഖാരി, മുസ്‌ലിം)

മബ്‌റൂറായ ഹജ്ജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാപങ്ങളും ലോകമാന്യവും പേരുംപെരുമയും ചീത്തവർത്തമാനവും അവിവേകവും തെമ്മാടിത്തവും കൂടിക്കലരാതെ, നബി ﷺ യുടെ ചര്യയനുസരിച്ചുള്ള ഹജ്ജ് എന്നതാണ്.

2. നോമ്പ്

ഈ പുണ്യദിനങ്ങളിൽ നമുക്ക് ചെയ്യാവുന്ന ഒരു പുണ്യ കർമമാണ് നോമ്പ്. അതിന്റെ മഹത്ത്വവും സ്ഥാനവും കാരണം അല്ലാഹു തന്നിലേക്ക് ചേർത്തിപ്പറഞ്ഞ ഒരു ആരാധനയാണ് നോമ്പ്. ക്വുദ്‌സിയായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു:

“ആദം സന്തതികളുടെ എല്ലാ കർമങ്ങളും അവർക്കുതന്നെയുള്ളതാണ്, നോമ്പൊഴിച്ച്; അത് എനിക്കുള്ളതാണ്, ഞാനാണതിന് പ്രതിഫലം നൽകുന്നത്’’ (ബുഖാരി, മുസ്‌ലിം).

ദുൽഹിജ്ജ ഒമ്പതിനാണല്ലോ അറഫ, അന്ന് നോമ്പെടുക്കൽ പ്രത്യേകം പുണ്യമുള്ളതാണ്. അറഫയുടെ പ്രത്യേകതയായി നബി(സ) പറയുന്നു:

“അറഫാദിനത്തിലെ നോമ്പിന് അതിന്റെ മുമ്പുള്ള ഒരു വർഷത്തെയും അതിന്റെ ശേഷമുള്ള ഒരു വർഷത്തെയും പാപങ്ങൾ പൊറുക്കുന്ന പ്രതിഫലം അല്ലാഹുവിൽനിന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’ (മുസ്‌ലിം).

ദുൽഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങിലെ തിങ്കളും വ്യാഴവും അതുപോലെ (ചില പണ്ഡിതരുടെ അഭിപ്രായ പ്രകാരം) ഒന്നു മുതൽ പത്തുവരെയും സുന്നത്ത് നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.

3. നമസ്‌കാരം

നമസ്‌കാരം ഒരു വിശ്വാസിയുടെ കർമങ്ങളിൽ ഏറ്റവും ശ്രേഷ്ഠകരമായതാണ്. ഒരു അടിമ യഥാർഥ വിശ്വാസിയാവണമെങ്കിൽ അഞ്ചുനേരത്തെ നമസ്‌കാരം കൃത്യമായി നിലനിർത്തേണ്ടതുണ്ട്. അതോടൊപ്പം ഈ അനുഗൃഹീതമായ ദിനരാത്രങ്ങളിൽ സുന്നത്ത് നമസ്‌കാരങ്ങളും അധികരിപ്പിക്കുക. അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് സുന്നത്ത് നമസ്‌കാരങ്ങൾ.

നബി ﷺ  അല്ലാഹു പറഞ്ഞതായി അറിയിക്കുന്നു: “എന്റെ ഒരു അടിമ സുന്നത്തായ നമസ്‌കാരങ്ങൾകൊണ്ട് എന്നിലേക്ക് അടുക്കുന്നു; ഞാൻ അവനെ ഇഷ്ടപ്പെടുന്നതുവരെ’’ (ബുഖാരി).

4. ദിക്‌റുകൾ

ഇബ്‌നു ഉമർ(റ) നിവേദനം; നബി ﷺ  പറഞ്ഞു: “അല്ലാഹുവിന്റെയടുത്ത് ഈ പത്തുദിനങ്ങളെക്കാൾ മഹത്ത്വമേറിയ മറ്റു ദിനങ്ങളോ, ഈ ദിനങ്ങളിൽ ചെയ്യുന്ന കർമങ്ങളെക്കാൾ ഏറ്റവും ഇഷ്ടമുള്ള മറ്റു ദിനങ്ങളിലുള്ള കർമമോ ഇല്ല. അതുകൊണ്ട് നിങ്ങൾ തക്ബീർ, തഹ്‌മീദ്, തഹ്‌ലീൽ, ദിക്‌റുകൾ എന്നിവ അധികരിപ്പിക്കുക’’ (അഹ്‌മദ്).

ഇബ്‌നു ഉമറും(റ) അബൂഹുറയ്‌റ(റ)യുമെല്ലാം ഈ പത്തുദിനങ്ങളിൽ അങ്ങാടികളിലേക്കും മറ്റും പോകുന്ന വേളകളിൽ തക്ബീറുകൾ ചൊല്ലാറുണ്ടായിരുന്നു. അത് കേട്ട് അവിടയുള്ളവരും തക്ബീറുകൾ ചൊല്ലിയിരുന്നു. ഇബ്‌നു ഉമർ(റ) മിനയിലെ തന്റെ ടെന്റിൽ വെച്ച് തക്ബീർ ഉറക്കെ ചൊല്ലിയിരുന്നു, അത് കേട്ട് പള്ളിയിലുള്ളവരും ചൊല്ലിയിരുന്നു.

ഈ ദിനങ്ങളിൽ തക്ബീറുകൾ അധികരിപ്പിക്കുക, ഉച്ചത്തിൽതന്നെ ചൊല്ലാൻ ശ്രമിക്കുക. ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ഏറ്റുചൊല്ലുന്ന രൂപത്തിൽ ചൊല്ലാതെ, എല്ലാവരും സ്വന്തമാണ് ചൊല്ലേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

5. ദാനധർമങ്ങൾ

ഈ പുണ്യദിനങ്ങളിൽ കഴിവിന്റെ പരമാവധി സ്വന്തം അവസ്ഥ മനസ്സിലാക്കി ദാനധർമങ്ങൾ അധികരിപ്പിക്കൽ പ്രത്യേകം സുന്നത്താണ്. വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു ദാനധർമത്തെ പ്രോത്സാഹിപ്പിക്കുന്നത് കാണുക:

“സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശുപാർശയോ നടക്കാത്ത ഒരു ദിവസംവന്നെത്തുന്നതിനു മുമ്പായി, നിങ്ങൾക്ക് നാം നൽകിയിട്ടുള്ളതിൽനിന്ന് നിങ്ങൾ ചെലവഴിക്കുവിൻ...’’ (അൽബക്വറ 254).

പ്രവാചകൻ ﷺ  പറയുന്നു: “ദാനധർമം ഒരു ധനത്തെയും കുറച്ചുകളഞ്ഞിട്ടില്ല’’ (മുസ്‌ലിം).

6. മറ്റു സൽകർമങ്ങൾ

ക്വുർആൻ പാരായണം ചെയ്യലും പഠിക്കലും, പാപമോചനം തേടൽ, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, കുടുംബബന്ധം ചേർക്കൽ, സലാം പറയൽ, വ്യാപിപ്പിക്കൽ, സാധുക്കളെ ഭക്ഷിപ്പിക്കൽ, ജനങ്ങൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കൽ, നന്മകൽപിക്കൽ, തിന്മ വിരോധിക്കൽ, നാവിനെയും ലൈംഗികാവയവങ്ങളെയും സൂക്ഷിക്കൽ, അയൽവാസികൾക്ക് നന്മചെയ്യൽ, അതിഥികളെ ആദരിക്കൽ, അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കൽ, വഴിയിൽനിന്ന് ഉപദ്രവങ്ങൾ നീക്കൽ, ഭാര്യക്കും കുടുംബത്തിനും വേണ്ടി ചെലവഴിക്കൽ, അനാഥകളെ ഏറ്റെടുത്ത് സംരക്ഷിക്കൽ, രോഗികളെ സന്ദർശിക്കൽ, ആവശ്യക്കാരുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊടുക്കൽ, നബി(സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ, സഹോദരങ്ങളെ ഉപദ്രവിക്കാതിരിക്കൽ, വിനയത്തോടെ പെരുമാറൽ, മാതാപിതാക്കളുടെ സുഹൃത്തുക്കളുമായി ബന്ധം ചേർക്കൽ, അസാന്നിധ്യത്തിൽ സുഹൃത്തുക്കൾക്കുവേണ്ടി പ്രാർഥിക്കൽ, കരാറുകളും അമാനത്തുകളും കൃത്യമായി പാലിക്കുകയും പൂർത്തിയാക്കുകയും ചെയ്യൽ, അശരണരെ സഹായിക്കൽ, അല്ലാഹു ഹറാമാക്കിയതിൽനിന്ന് ദൃഷ്ടികളെ താഴ്ത്തൽ, കൃത്യമായും പൂർണമായും വുദൂഅ് ചെയ്യൽ, ബാങ്കിനും ഇക്വാമത്തിനുമിടയിൽ പ്രാർഥിക്കൽ, റവാതിബ് സുന്നത്തുകൾ കൃത്യമായി നിർവഹിക്കൽ, ബലിപെരുന്നാൾ നമസ്‌കാരം ഈദ് ഗാഹുകളിൽ നിർവഹിക്കാൻ പരിശ്രമിക്കൽ, പള്ളികളിൽ പോയി ജമാഅത്തായി നമസ്‌കാരം നിലനിർത്തൽ, നമസ്‌കാരശേഷമുള്ള ദിക്‌റുകളും ദുആകളും ചൊല്ലൽ, അനുവദനീയമായ മാർഗത്തിൽ സമ്പാദിക്കൽ, ദുർബലരെ സഹായിക്കൽ, പുണ്യങ്ങൾ ചെയ്യുന്നതോടൊപ്പം അതിലേക്ക് ആളുകളെ വഴിനടത്തൽ, തിന്മകൾ വെടിഞ്ഞ് ഹൃദയത്തെ വിശാലമാക്കൽ, സന്താനങ്ങളെ മതനിയമങ്ങൾ പഠിപ്പിക്കൽ, നന്മയിൽ പരസ്പരം സഹായിക്കൽ...ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരുപാട് നന്മകളുണ്ട്, അവയെല്ലാം സാധ്യമായ നിലയിൽ നിർവഹിക്കാൻ പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ.