മതം എളുപ്പമാണ്

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10

നബിﷺ  പറഞ്ഞു: “നിങ്ങൾ എളുപ്പമുണ്ടാക്കുക, പ്രയാസം ഉണ്ടാക്കരുത്. നിങ്ങൾ സന്തോഷം നൽകുക, വെറുപ്പിക്കരുത്.’

ഈ രീതി സ്വീകരിക്കുന്നവർ വളരെ വിരളമാണ്. അധ്യാപകൻമാർ വിദ്യാർഥികളോടായാലും, മേലുദ്യോഗസ്ഥർ തങ്ങളുടെ കീഴുദ്യോഗസ്ഥരോടായാലും, ഉദ്യോഗസ്ഥർ പൊതുജനങ്ങളോടായാലും, രക്ഷാകർത്താക്കൾ മക്കളോടായാലും ആവശ്യമില്ലാത്ത തരത്തിൽ പ്രയാസപ്പെടുത്തലും വെറുപ്പിക്കലും നടത്തിവരുന്നുണ്ട്.

കയറു കെട്ടി അതിൽ പിടിച്ച് നമസ്‌കരിക്കാൻ ശ്രമിച്ച വനിതയോട് നബിﷺ  അത് വിലക്കി. വെയിൽ കൊണ്ട് നോമ്പെടുക്കുന്ന സ്വഹാബിയെയും വിലക്കുകയാണ് ചെയ്തത്. നമസ്‌കാരത്തിൽ ഇമാമായി നിന്ന സ്വഹാബി അധികം പാരായണം ചെയ്തതായി ആളുകൾ പരാതി പറഞ്ഞപ്പോൾ നബിﷺ  എളുപ്പമുള്ളത് ഓതാൻ കൽപിച്ചു. ഇങ്ങനെ നിരവധി സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നാം തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. രക്ഷിതാക്കൾ ചില തത്ത്വങ്ങൾ സ്വീകരിച്ചാൽ പാരന്റിംഗ് എളുപ്പമാക്കാൻ കഴിയും. നല്ലത് ചെയ്യാനാണോ ചീത്ത ചെയ്യാനാണോ എളുപ്പം? നല്ലവനാവാനാണോ ചീത്തയാവാനാണോ എളുപ്പം? ഇങ്ങനെ ചോദിക്കുമ്പോൾ അധികപേരും മറുപടി പറയുക ചീത്തചെയ്യാനും ചീത്തയാവാനുമാണ് എളുപ്പം എന്നാണ്.

അല്ലാഹു പറയുന്നു: “നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല’’ (2:185). മതം എളുപ്പമാണ് എന്നാണ് നബി ﷺ  നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

ഒരു കുട്ടി നമസ്‌കരിക്കാൻ പന്ത്രണ്ട് മിനുട്ട് എടുക്കുന്നുവെങ്കിൽ നമസ്‌കരിക്കാതിരിക്കാനായി ഉമ്മയിൽ നിന്ന് രക്ഷപ്പെടാൻ ചുരുങ്ങിയത് രണ്ട് മണിക്കൂറോളം പ്രയത്‌നിക്കണം. സംഘർഷങ്ങൾ വേറെയും. ഒരു കുട്ടി മതിലിൽ കയറുന്നു. എന്നാൽ കൂടെയുള്ള കുട്ടി മതിലിൽ കയറുന്നില്ല. മതിലിൽ കയറാത്ത കുട്ടി നല്ല കുട്ടിയെങ്കിൽ മതിലിൽ കയറി ചീത്തയാവാനാണോ മതിലിൽ കയറാതെ നല്ല കുട്ടിയാവാനാണോ എളുപ്പം?

ഒരു കുട്ടി നല്ലവനായാൽ അവനെ പരിഗണിക്കാതിരിക്കുകയും ചീത്ത കുട്ടിയായാൽ കൂടുതൽ ശ്രദ്ധ നൽകി ചീത്ത പറഞ്ഞു ചീത്തയാക്കാനുമാണ് പൊതുവെ രക്ഷിതാക്കൾ ശ്രമിക്കുക. ഒരു കുട്ടിയെ നല്ലത് പറഞ്ഞാൽ അവൻ കൂടുതൽ നല്ലവനാവുകയാണ് ചെയ്യുക. കയ്യക്ഷരം മോശമല്ലാത്ത ഒരു കുട്ടിയോട് നിന്റെ കയ്യക്ഷരം എനിക്കിഷ്ടപ്പെട്ടു, നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ അവന്റെ മനസ്സിൽ കൂടുതൽ നന്നാക്കണമെന്ന ചിന്തയാണ് വന്നുചേരാൻ കൂടുതൽ സാധ്യത.

എന്നാൽ കയ്യക്ഷരം മോശമായ ഒരു കുട്ടിയോട് കയ്യക്ഷരം കുഴപ്പമില്ല, ശ്രമിച്ചാൽ കൂടുതൽ നന്നാക്കാം എന്ന് പറയുന്നതോ? ഇത് തീരെ മോശമാണ്, ഈ മോശം കയ്യക്ഷരം നിന്റെ മാർക്കിനെ ബാധിക്കും എന്നൊക്കെ പറഞ്ഞ നെഗറ്റീവടിക്കുവാനാണോ നോക്കേണ്ടത്? നെഗറ്റീവ് അടിക്കുമ്പോൾ വലിയ തോതിൽ ആത്മവിശ്വാസക്കുറവ് അവന് അനുഭവപ്പെടും. സന്തോഷം ത്യാഗത്തെ കുറിക്കും, മനോഭാവം കാര്യങ്ങളെ എളുപ്പമാക്കും.

എല്ലാവർക്കും എളുപ്പം നൽകാനും പ്രായസത്തെ നീക്കാൻ സഹായിക്കാനും സന്തോഷിപ്പിക്കാനും വെറുപ്പിക്കാതിരിക്കാനും കഴിയണം.