സ്വന്തം ന്യൂനതകൾ തിരിച്ചറിയുക

മുജാഹിദ് ബാലുശ്ശേരി

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

മറ്റുള്ളവരുടെ കുറ്റവും കുറവും പെരുപ്പിച്ച് പറയുകയും, അത് കാണാൻ ശ്രമിക്കുകയും, അതിനെ സംബന്ധിച്ചും അവരെ സംബന്ധിച്ചും ആകുലപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥ നമുക്കുണ്ട്. പലപ്പോഴും നമ്മുടെ പോരായ്മയോ തെറ്റുകളോ കുറ്റങ്ങളോ നമ്മൾ കാണാറില്ല. അവനവന്റെ ന്യൂനതകളെ വിലയിരുത്തുകയും അവനവന് എത്രത്തോളം നന്നാകേണ്ടതുണ്ട് എന്ന് ആലോചിക്കുകയും ചെയ്യുന്നവനാണ് ഏറ്റവും നല്ലവൻ. അനാവശ്യമായ സംസാരങ്ങൾകൊണ്ട് മനുഷ്യന് പ്രത്യേകിച്ച് ഗുണങ്ങളൊന്നും കിട്ടാനില്ല. പ്രവാചകന്റെ സംസാരം വളരെ സൂക്ഷ്മയോടെയുള്ളതായിരുന്നു.

നബി(സ്വ) മറ്റുള്ളവരുടെ ന്യൂനത നോക്കി നടക്കുന്നതിനെ ശക്തമായി വിലക്കുകയും ചെയ്തിട്ടുണ്ട്. ‘ഒരു മുസ്‌ലിമിന്റെ ന്യൂനത ഒരാൾ മറച്ചുവെച്ചാൽ അല്ലാഹു അന്ത്യനാളിൽ അയാളുടെ ന്യൂനത മറച്ചുവെക്കും’ എന്ന പ്രവാചകവചനം എല്ലാവരും ഒാർത്തിരിക്കേണ്ടതാണ്. ഈ ലോകത്ത് ജനിച്ച സകല മനുഷ്യരും ഒരുമിച്ചുകൂട്ടപ്പെടുന്ന മഹ്ശറയിൽ നമ്മുടെ ന്യൂനത മറച്ചുവെക്കപ്പെടുകയും നമ്മുടെ അഭിമാനത്തെ അല്ലാഹു സംരക്ഷിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ‘ഒരു മുസ്‌ലിമിന്റെ ന്യൂനത മറച്ചുവെച്ചാൽ’ എന്നാണ് പറഞ്ഞത്. അപ്പോൾ ന്യൂനത ഉണ്ടായി. അഥവാ അത് സംഭവിച്ചു. സംഭവിച്ചത് മറച്ചുവെക്കാനാണ് പറയുന്നത്. അയാളിൽ ആ ഒരു ദുഃസ്വഭാവമോ ന്യൂനതയോ ഉണ്ടല്ലോ, എന്തുകൊണ്ട് ഞങ്ങൾക്ക് അത് പറഞ്ഞുകൂടാ എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. ആയതിനാൽ നമ്മൾ നമ്മെ കുറിച്ച് ചിന്തിക്കുക.

നബി(സ്വ) ഹുദൈഫതുൽ യമാനി(റ)യോട് അക്കാലഘട്ടത്തിലെ സമൂഹത്തിലെ കപടവിശ്വാസികളെ സംബന്ധിച്ച് പറഞ്ഞുകൊടുത്തിരുന്നു. അല്ലാഹുവിനെ വളരെയധികം ഭയപ്പെട്ടുകൊണ്ട്, സൂക്ഷ്മത പുലർത്തി ജീവിച്ചിരുന്ന ഉമർ(റ) ഇത് അറിഞ്ഞു. അദ്ദേഹം ഹുദൈഫ(റ)യുടെ അടുത്തുചെന്ന് ‘ഹുദൈഫാ... ഞാൻ ആ മുനാഫിക്വുകളുടെ കൂട്ടത്തിൽ പെട്ടവനാണോ’ എന്ന് ചോദിക്കുകയാണ്. നോക്കുക! അൽപം പോലും ഞാനെന്ന ഭാവമില്ല. ഞാൻ മികച്ചവനും പൂർണനുമാണെന്ന ചിന്തയില്ല. തന്നിൽ ന്യൂനതയുണ്ടോ എന്ന ചിന്തയും ആശങ്കയുമാണുള്ളത്.

നാം നമ്മുടെ ന്യൂനതകൾ തിരിച്ചറിയുക. കാരണം നമുക്കത് തിരിച്ചറിയാൻ കഴിയണമെന്നില്ല. നമ്മുടെ ന്യൂനതകൾ സ്വന്തം ഇണയോടും മാതാപിതാക്കളോടും സഹോദരങ്ങളോടുമൊക്കെ ചോദിച്ചറിയുക. അങ്ങനെ അവ മനസ്സിലാക്കി തിരുത്തുവാൻ തയ്യാറാവുക. അത് സത്യവിശ്വാസിയുടെ ഒരു അടയാളമാണ്. സൂറഃ ആലുഇംറാനിലെ 135ാം സൂക്തം അവസാനിക്കുന്നത് ‘ചെയ്തുപോയ ദുഷ്പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചു നിൽക്കുന്നവനല്ല വിശ്വാസി’ എന്നു പറഞ്ഞുകൊണ്ടാണ്.

‘സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനു വേണ്ടിയാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്’ എന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്. അത് അവിടുന്ന് സ്വജീവിതത്തിൽ കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. സ്വന്തം അനുചരന്മാരോട് നബി(സ്വ) ‘ഞാൻ നിങ്ങളെ മർദ്ദിച്ചിട്ടുണ്ടോ?’ ‘എന്റെ ഏതെങ്കിലും വാക്കുകൾ നിങ്ങൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ടോ’ എന്നെല്ലാം ചോദിക്കുമായിരുന്നെങ്കിൽ നാം എത്രത്തോളം നമ്മുടെ ന്യൂനതകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്! എല്ലാവരോടും നല്ല നല്ലരീതിയിൽ പെരുമാറുക; വിശിഷ്യാ മാതാപിതാക്കളോട്. നമ്മുടെ നിലപാടുകളിൽ മാറ്റം വരുത്താൻ നാം തയ്യറായാൽ അല്ലാഹുവിന്റെ സഹായം അതിനുണ്ടാകും.