തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

2022 ജനുവരി 01, 1442 ജുമാദല്‍ അവ്വല്‍ 27

(ഭാഗം 04)

സൂഫികളുടെ ദിക്‌റ്‌ അതിന്റെ കോലവും

ദിക്‌റുല്ലാഹ് എന്നത് അല്ലാഹുവിനെ സ്മരിക്കലാണ്. ജീവിതത്തില്‍ എപ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ബോധം വിശ്വാസികളുടെ മനസ്സില്‍ സജീവമായി നിലനിര്‍ത്തുക എന്നാണ് ഇതിന്റെ ഉദ്ദേശം. ഇത് നാവുകൊണ്ട് ഉരുവിട്ടുകൊണ്ടും മനസ്സില്‍ ഓര്‍ത്തുകൊണ്ടുമാകാം. ജീവിതവ്യവഹാരങ്ങള്‍ക്കിടയിലും ഇത് ചെയ്യുവാന്‍ കഴിയും.

എന്നാല്‍ മനുഷ്യനെ ദിക്‌റില്‍ തളച്ചിടുകയും ദിക്‌റിനെ വലിച്ചുനീട്ടി സന്യാസത്തിന്റെ തുടക്കമായ ധ്യാനത്തിലേക്ക് എത്തിക്കുകയുമാണ് സകരിയ്യാ സാഹിബിനെ പോലെയുള്ള സൂഫികള്‍ ചെയ്തിട്ടുള്ളത്. സൂഫികള്‍ക്ക് പ്രത്യക്ഷം, അപ്രത്യക്ഷം എന്നിങ്ങനെ രണ്ടുതരം ദിക്‌റുകളുണ്ട്. ത്വരീക്വത്തില്‍ പ്രവേശിച്ച ഘട്ടത്തില്‍ പ്രത്യക്ഷ ദിക്‌റാണ് വേണ്ടത്. പിന്നീടങ്ങോട്ട് അപ്രത്യക്ഷമായ ദിക്‌റും!

ദിക്‌റിനെ കുറിച്ച് സകരിയ്യ സാഹിബ് എഴുതുന്നത് ശ്രദ്ധിക്കുക: ‘ദിക്‌റ്‌  തസവ്വുഫിന്റെ അടിസ്ഥാനസിദ്ധാന്തവും എല്ലാ സൂഫിയാക്കളുടെയും സര്‍വ ത്വരീക്വത്തിലും പ്രചാരമുള്ളതാകുന്നു’’ (ദിക്‌റിന്റെ മഹത്വങ്ങള്‍).

 സൂഫികളുടെ പരമമായ ലക്ഷ്യം അല്ലാഹുവില്‍ ‘ലയിക്കുക’ എന്നതാണ്. സ്വയം ദൈവമായി മാറാനുള്ള ഈ പ്രയാണത്തിലേക്കുള്ള കവാടമാണ് അവര്‍ക്ക് ദിക്‌റ്‌ !

സകരിയ്യ സാഹിബ് എഴുതുന്നു: “ലക്ഷക്കണക്കിനല്ല കോടിക്കണക്കിന് മഷാഇഖുകള്‍ ഉണ്ട്. ഓരോ ഷൈഖിനും അനേകം മുരീദന്മാരും ഉണ്ടായിരിക്കുന്നതാണ്. ഒരോരുത്തരും കുറഞ്ഞപക്ഷം ദിനവും ആയിരം പ്രാവശ്യംവീതം പരിശുദ്ധകലിമ ചൊല്ലുന്നത് പതിവാക്കിയവരുമാണ്. ജാമിഉല്‍ ഉസൂല്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘അല്ലാഹ്’ എന്ന ദിക്ര്‍ പതിവായിട്ട് ദിനവും കുറഞ്ഞപക്ഷം അയ്യായിരം പ്രാവശ്യം ചൊല്ലണം. കൂടുതല്‍ എത്രയെന്ന് കണക്കില്ല. സൂഫിയാക്കള്‍ ദിനവും ഇരുപത്തിഅയ്യായിരം പ്രാവശ്യം കുറഞ്ഞത് ചൊല്ലണം. ലാ ഇലാഹ ഇല്ലല്ലാഹ് കുറഞ്ഞപക്ഷം ദിവസവും അയ്യായിരം പ്രാവശ്യം ചൊല്ലണമെന്ന് എഴുതിയിരിക്കുന്നു. മഷാഇഖുകളുടെ നടപടിയനുസരിച്ച് ഇതില്‍ കൂടുതലും കുറവും വരാം. നമ്മുടെ ഹല്‌റത്ത് ഷാഹ് വലിയുള്ളാഹ് സാഹിബ് (റഹ്:അ) ‘കൗലുല്‍ജമീല്‍‘ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ പിതാവ് തന്റെ സൂലുക്കിന്റെ (ആത്മീയ സംസ്‌കരണത്തിനുള്ള പ്രയത്‌ന മാര്‍ഗത്തിന്‍െ) പ്രാരംഭത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് ഒരുശ്വാസത്തില്‍ ഇരുന്നൂറ് പ്രാവശ്യം ചൊല്ലിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 141).

ചിന്തിക്കുക! അല്ലാഹുവിന്റെ മതം എളുപ്പമാണ്. അത് എല്ലാവര്‍ക്കും പ്രയോഗവത്കരിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇപ്പറഞ്ഞ രൂപത്തില്‍ ദിനേന ദിക്‌റുകള്‍ ചൊല്ലാന്‍ ആര്‍ക്കൊക്കെ കഴിയും? ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഒരുശ്വാസത്തില്‍ ഇരുന്നൂറ് പ്രാവശ്യം ചൊല്ലാന്‍ ആര്‍ക്കാണ് സാധിക്കുക?

ഗ്രന്ഥകാരന്‍ വീണ്ടും എഴുതുന്നു:

“ഞങ്ങളുടെ അയല്‍പക്കത്ത് ഒരു യുവാവ് താമസിച്ചിരുന്നു. അദ്ദേഹം സാഹിബുല്‍ കഷ്ഫ് ആണെന്ന് പ്രസിദ്ധമായിരുന്നു. സ്വര്‍ഗ്ഗനരകങ്ങളുടെ അവസ്ഥകള്‍ പോലും ചിലപ്പോള്‍ അദ്ദേഹത്തിന് വെളിവാക്കപ്പെടാറുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതു ശരിയാണെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ടായിരുന്നു. ഒരു പ്രാവശ്യം ഒരു യുവാവ് ഞങ്ങളോടൊപ്പമിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. പെട്ടെന്ന് അലറിക്കൊണ്ട് ഒരു ദീര്‍ഘശ്വാസത്തോടെ ‘എന്റെ മാതാവ് നരകത്തില്‍ കിടന്ന് കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ സ്ഥിതി എനിക്ക് കാണിക്കപ്പെട്ടു’ എന്നു പറഞ്ഞു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 142).

“ഇത് ഒരു സംഭവമാണ്. ഇതുപോലെയുള്ള എത്രയോ സംഭവങ്ങള്‍ ഈ ഉമ്മത്തികളിലുള്ള അനേകം വ്യക്തികളില്‍ അനുഭവപ്പെട്ടിരിക്കും. സൂഫിയാക്കളുടെ സാങ്കേതിക പ്രയോഗത്തില്‍ ‘ഫാസ്അന്‍ഫാസ്’എന്നു പറയപ്പെടുന്ന ഒരു കാലമുണ്ട്. അതിന്റെ ഉദ്ദേശം അല്ലാഹുവിന്റെ പേരോടുകൂടിയല്ലാതെ ഒരു ശ്വാവും ഉള്ളിലേക്ക് കടക്കുകയോ പുറത്തേക്ക് പോവുകയോ ചെയ്യാതിരിക്കുന്നതിനുള്ള ഒരു സാധാരണ പരിശീലനമാണ്. മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ്മയുട ഉമ്മത്തികളില്‍ കോടിക്കണക്കായ വ്യക്തികള്‍ ഇപ്രകാരം പരിശീലനം സിദ്ധിച്ചവരായുണ്ട്’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 142-143).

ദൈവസ്‌നേഹം സൂഫികളുടെ വീക്ഷണത്തില്‍

അല്ലാഹുവില്‍ വിശ്വസിക്കുന്ന ഏതൊരാളും അവനെ അതിരറ്റ് സ്‌നേഹിക്കാന്‍ ബാധ്യസ്ഥനാണ്. അല്ലാഹുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് അവന്റെ വിധിവിലക്കുകള്‍ മാനിച്ചുകൊണ്ടാണ്. അല്ലാഹുവിനെക്കുറിച്ച് ഓര്‍മവരുമ്പോള്‍ ഒരു വിശ്വാസിയുടെ മനോമുകുരത്തില്‍ തെളിഞ്ഞുവരേണ്ടത് അവന്റെ മഹത്ത്വവും അവന്റെ ഗാംഭീര്യവുമാണ്. അതോടൊപ്പം താന്‍ അവന്റെ മുമ്പില്‍ പ്രകടിപ്പിക്കേണ്ട ഭക്ത്യാദരവുകളും അവന്റെ മനസ്സില്‍ നിറയും. അവന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും അവന്റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയും മനസ്സില്‍ നിറയും. ഇത്രയും പറഞ്ഞത് ഒരു വിശ്വാസിക്ക് റബ്ബിനോടുള്ള സ്‌നേഹം ഏത് നിലയ്ക്കാവണം എന്ന് വ്യക്തമാക്കാനാണ്.

അല്ലാഹുവിനെ കണ്‍നിറയെ കാണലും അവനില്‍ ‘ലയിക്കലും’ പരമലക്ഷ്യമായി കാണുന്ന സൂഫികള്‍ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം മറ്റു വിശ്വാസികളുടേത് പോലെയല്ല; പ്രായപൂര്‍ത്തിയായ പുരുഷന് സ്ത്രീകളോടുള്ള സ്‌നേഹം പോലെയാണ്. ഇശ്ഖ്, വുജ്ദ് എന്നൊക്കെയാണ് ദൈവത്തോട് തങ്ങള്‍ക്കുള്ള സ്‌നേഹത്തിന് സൂഫികള്‍ നല്‍കുന്ന പേര്. ഈ രണ്ട് വാക്കുകളും കാമുകീകാമുകന്മാര്‍ക്കിടയിലുള്ള ലൈംഗിക വികാരത്തിലധിഷ്ഠിതമായ സ്‌നേഹത്തെ വിവരിക്കാനുള്ള പദങ്ങളാണ്. പ്രേമം, അനുരാഗം എന്നൊക്കെയാണതിന്റെ അര്‍ഥം. ദൈവത്തോടുള്ള അവന്റെ അടിമകളുടെ ബന്ധത്തെ കാമുകീകാമുക ബന്ധത്തോട് ഉപമിക്കുന്ന ഈ രീതി ക്വുര്‍ആനിനും ഹദീഥിനും വിരുദ്ധമാണ്. ഹുബ്ബ്, രിദാ എന്നൊക്കെയാണ് പടച്ചവനോടുള്ള സ്‌നേഹത്തെ പ്രകടിപ്പിക്കാന്‍ ക്വുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്.

എന്നാല്‍ സകരിയ്യ സാഹിബ് എഴുതുന്നത് നോക്കൂ:

“എന്നാല്‍ ഈ സാധുവിന്റെ അഭിപ്രായത്തില്‍ മറ്റൊരു വശവും ആകാം എന്ന് തോന്നുന്നു. അതായത് പ്രേമഭാജനത്തിന്റെ പേര്‍ പറയുമ്പോള്‍ ഒരു രസവും ഇമ്പവും അനുഭവപ്പെടാറുണ്ട്. പ്രേമവുമായി ബന്ധപ്പെടാനിടയുള്ളവര്‍ക്ക് ഇതറിയാവുന്നതാണ്. ഈ അടിസ്ഥാനത്തില്‍ ഇവിടത്തെ ഉദ്ദേശം രസംപിടിക്കുവോളം, ആനന്ദത്തോടെ അല്ലാഹുവിന്റെ പരിശുദ്ധനാമം സ്മരിക്കപ്പെടട്ടെയെന്നതാണ്. എന്റെ ചില ഷൈഖന്‍മാരെ (ഗുരുനാഥന്‍മാരെ) ഈ നിലയില്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്...’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 26).

“പ്രേമിക്കുന്നവന്റെയും പ്രേമഭാജനത്തിന്റെയും മധേ്യയുള്ള രഹസ്യ സംഭാഷണം മലക്കുകള്‍ക്കു പോലും അറിയാത്തതാണ്’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 68).

 “ഹസ്‌റത് ജുനയ്ദ്(റ:അ)വില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നു: അദ്ദേഹം ഒരിക്കല്‍ സ്വപ്‌നത്തില്‍ ശൈത്വാനെ പൂര്‍ണ നഗ്‌നനായി കണ്ടു. അദ്ദേഹം ചോദിച്ചു: ‘മനുഷ്യരുടെ മുമ്പില്‍ നഗ്‌നനാവാന്‍ നിനക്ക് നാണമില്ലേ?’ അവന്‍ പറയുകയാണ്: ‘ഇവര്‍ വല്ല മനുഷ്യരുമാണോ? എന്റെ ശരീരത്തെ ശോഷിപ്പിച്ച, എന്റെ കരളിനെ കരിച്ചുകളഞ്ഞ, ഷൊനീസിയ്യഃ പള്ളിയിലിരിക്കുന്നവരാണ് മനുഷ്യര്‍.’ ഹസ്‌റത് ജുനയ്ദ്(റ:അ) പറയുന്നു: ‘ഞാന്‍ ഷൊനീസിയ്യഃ പള്ളിയില്‍ ചെന്നപ്പോള്‍, കാല്‍മുട്ടില്‍ തലവെച്ച് മുറാഖബയില്‍ വ്യാപൃതരായ ചില മഹാന്മാരെയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ആ നീചന്റെ വാക്കുകള്‍ മൂലം നീ എവിടെയെങ്കിലും വഞ്ചനയില്‍ പെട്ടുപോകരുതേ!

മസൂഹി(റഹ്:അ)യില്‍നിന്നും ഏകദേശം ഇതുപോലെതന്നെ ഉദ്ധരിക്കപ്പെടുന്നുണ്ട്. അദ്ദേഹം ശൈത്വാനെ നഗ്‌നനായി കണ്ടപ്പോള്‍ ‘മനുഷ്യര്‍ക്കിടയില്‍ ഇപ്രകാരം നടക്കുവാന്‍ നിനക്ക് നാണമില്ലേ?’ എന്നു ചോദിച്ചു. ‘അല്ലാഹുവില്‍ സത്യം! ഇവര്‍ മനുഷ്യരല്ല! ഇവര്‍ മനുഷ്യരായിരുന്നുവെങ്കില്‍ കുട്ടികള്‍ പന്ത് കളിക്കുന്നതുപൊലെ ഇവരെക്കൊണ്ട് ഞാന്‍ കളിക്കുകയില്ലായിരുന്നു! എന്റെ ശരീരത്തെ അസ്വസ്ഥമാക്കിയ അവരാണ് മനുഷ്യര്‍ എന്നു പറഞ്ഞ് അവന്‍ ഒരു സംഘം സൂഫിയാക്കളെ ചൂണ്ടിക്കാണിച്ചു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 69).

“നശ്വരമായ ഈ ലോകത്തിലെ സ്‌നേഹഭാജനത്തേക്കുറിച്ച് അറി യാനും ആസ്വദിക്കാനുമുള്ള ആഗ്രഹം വര്‍ധിച്ചുകൊണ്ടേ പോകുന്നു. തന്റെ പ്രേമഭാജനവുമായുള്ള ബന്ധവും അടുപ്പവും പരമാവധി വര്‍ധിപ്പിച്ച് അതില്‍ക്കൂടിയുള്ള ആനന്ദം കൂടുതല്‍ ആസ്വദിക്കാനുള്ള പരിശ്രമവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഹഖ് സുബ്ഹാനഹു വ തആലയില്‍ നാം ആഗ്രഹിക്കുന്നതും നമ്മെ ആകര്‍ഷിക്കുന്നതുമായ എല്ലാ മഹത്ത്വങ്ങളും അവര്‍ണനീയവും അനന്തവുമായ നിലയില്‍ ഉണ്ട്. അവന്‍ അവകളുടെയെല്ലാം ഉറവിടവും കൂടിയാണ്. ലോകത്ത് നമ്മെ ആകര്‍ഷിക്കുന്ന എല്ലാം അതിന്റെ നിഴല്‍ മാത്രമാണ്...’’ (ഖുര്‍ആനിന്റെ മഹത്ത്വങ്ങള്‍, പേജ് 104).

ഭൗതിക ചിന്തയില്ലാത്ത സൂഫി

നമസ്‌കരിക്കുമ്പോഴും മറ്റു സമയങ്ങളിലും ലൗകികമായ ചിന്ത മനസ്സില്‍ ഒരിക്കലും കടന്നുവരാത്ത ആരെങ്കിലും ഉണ്ടാകുമോ? ലൗകിക ചിന്ത ഒട്ടുമില്ലാതെ എങ്ങനെയാണ് ഈ ലോകത്ത് ഒരാള്‍ക്ക് ജീവിക്കുവാന്‍ സാധിക്കുക? ലളിതമായ ഈ യാഥാര്‍ഥ്യത്തെപോലും കള്ളക്കഥകള്‍കൊണ്ട് മറികടക്കാനാണ് സകരിയ്യാ സാഹിബിന്റെ ശ്രമം. നബി(സ)യുടെ വഫാത്തിനു ശേഷം ഭരണകര്‍ത്താവ് ആരാകണമെന്നതിനെക്കുറിച്ച് സ്വഹാബികള്‍ക്കിടയില്‍ തര്‍ക്കം ഉത്ഭവിച്ചതും ചര്‍ച്ചകളിലൂടെ പരിഹരിച്ചതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. ഇത് സ്വഹാബികള്‍ക്ക് ദുനിയാവിനെക്കുറിച്ചും ദീനിനെക്കുറിച്ചുമുള്ള ചിന്തയുണ്ടായത് കൊണ്ടല്ലേ?

വിശന്നു വലഞ്ഞ സന്ദര്‍ഭത്തില്‍ അബൂഹുറയ്‌റ(റ )യും മറ്റു ചില സ്വഹാബികളും ഭക്ഷണം തേടി ഇറങ്ങിയതും യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികള്‍ ശത്രുക്കള്‍ ഇട്ടേച്ചുപോയ വസ്തുക്കള്‍ ശേഖരിച്ചതും ബഹ്‌റൈനില്‍നിന്നും സകാത്തിന്റെ സമ്പത്ത് വന്ന സന്ദര്‍ഭത്തില്‍ അതിന്റെ പങ്ക് ലഭിക്കണം എന്ന ഉദ്ദേശത്തില്‍ ചില സ്വഹാബികള്‍ പള്ളിയിലേക്ക് വന്നതും നബി(സ)യുടെ എളാപ്പ അബ്ബാസ്(റ) തനിക്ക് കൂടുതല്‍ ലഭിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതും ഇവര്‍ക്കറിഞ്ഞുകൂടേ? യുദ്ധ സന്ദര്‍ഭത്തിലുള്ള നമസ്‌കാരത്തില്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് ശത്രുക്കളെക്കുറിച്ച് ജാഗ്രത പുലര്‍ത്തിക്കൊണ്ട് സ്വഹാബികള്‍ നമസ്‌കരിച്ചത് മൗലാനക്ക് അറിയാത്തതാണോ?

ചുരുക്കിപ്പറഞ്ഞാല്‍ നബിയും അനുചരന്മാരും കൃഷി, കച്ചവടം വൈവാഹിക ജീവിതം, യുദ്ധം തുടങ്ങി നിരവധി ഭൗതിക കാര്യങ്ങളില്‍ ഇടപ്പെട്ടിരുന്നു. പക്ഷേ, ഭൗതിക വ്യാപാരങ്ങളൊന്നും ദൈവസ്മരണയില്‍നിന്നോ നമസ്‌കാരത്തില്‍നിന്നോ അവരെ അശ്രദ്ധരാക്കിയിരുന്നില്ല.

എന്നാല്‍ സകരിയ്യാ സാഹിബ് പരിചയപ്പെടുത്ത ശൈഖുമാര്‍ സ്വഹാബികളെക്കാളെല്ലാം ഉപരിയിലാണ്. അദ്ദേഹം എഴുതുന്നു:

“റബിഅ് (റഹ്:അ) എന്ന മഹാന്‍ പറയുന്നു: ഞാന്‍ നമസ്‌കാരത്തിന് വേണ്ടി നിന്നുകഴിഞ്ഞാല്‍, എന്നോടെന്തെല്ലാം ചോദ്യങ്ങളാണുണ്ടാകുന്നത് എന്നുള്ള ചിന്ത ഉണ്ടായിക്കൊണ്ടേയിരിക്കുന്നതാണ്. ആമിറിബ്‌നു അബ്ദുല്ലാഹി(റഹ്:അ) നമസ്‌കാരത്തിനായി നിന്നാല്‍ വീട്ടുകാരുടെ സംസാരം കേള്‍ക്കാതിരിക്കുന്നത് പോകട്ടെ, ചെണ്ടയടിയുടെ ശബ്ദം പോലും അദ്ദേഹം അറിയുകയില്ലായിരുന്നു. നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ എന്തെങ്കിലും വിഷയത്തെ പറ്റിയുള്ള ചിന്ത ഉണ്ടാകാറുണ്ടോ എന്നദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഹാ! ഒരു ദിവസം അല്ലാഹുവിന്റെ സന്നിധിയില്‍ നില്‍ക്കേണ്ടി വരും. സ്വര്‍ഗ്ഗമോ നരകമോ, രണ്ടിലൊന്നില്‍ പോകേണ്ടി വരും, എന്നുള്ള ചിന്ത എന്നിലുണ്ടാവാറുണ്ട്’ എന്നദ്ദേഹം മറുപടി പറഞ്ഞു...’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 138).

 “ഒരു മഹാന്റെ ഒരംഗത്തിന് കേടു സംഭവിക്കുകയാല്‍ അതുമുറിക്കേണ്ട ആവശ്യം നേരിട്ടു. അദ്ദേഹം നമസ്‌കാരത്തില്‍ പ്രവേശിക്കുമ്പോള്‍ മുറിച്ചെടുക്കുകയാണെങ്കില്‍ അദ്ദേഹത്തിന് അതിനെപ്പറ്റിയുള്ള അറിവേ ഉണ്ടാവുകയില്ല. അതുകൊണ്ട് ആ സമയത്ത് മുറിച്ചുക്കളയാം എന്ന് ജനങ്ങള്‍ തീരുമാനിച്ചു. അപ്രകാരം അദ്ദേഹം നമസ്‌കാരിക്കാന്‍ ആരംഭിച്ചപ്പോള്‍ അവര്‍ മുറിച്ചുകളഞ്ഞു. ഒരു മഹാനോട് നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ ദുന്‍യാവിന്റെ വല്ല ചിന്തകളും വരാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ നമസ്‌കാരത്തിലും നമസ്‌കാരത്തിനു  വെളിയിലും ദുന്‍യാവിന്റെ ഒരു ചിന്തയും എനിക്കു വരാറില്ല എന്നദ്ദേഹം മറുപടി പറഞ്ഞു. മറ്റൊരു മഹാന്റെ സംഭവം ഇപ്രകാരം എഴുതിയിരിക്കുന്നു: നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ മറ്റേതെങ്കിലും കാര്യത്തേക്കുറിച്ചുള്ള ചിന്ത ഉണ്ടാകാറുണ്ടോ എന്നദ്ദേഹത്തോട് ഒരാള്‍ ചോദിച്ചപ്പോള്‍ ‘നമസ്‌കാരത്തേക്കാള്‍ പ്രിയങ്കരമായ മറ്റു വല്ലതുമുണ്ടോ? നമസ്‌കാരത്തില്‍ അതിനെപ്പറ്റി  ചിന്തിക്കുവാന്‍‘ എന്നദ്ദേഹം ചോദിക്കുകയുണ്ടായി’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).

“ബഹ്ജത്തുന്നുഫൂസ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ഒരാള്‍ ഒരു മഹാനെ സന്ദര്‍ശിക്കുന്നതിനായി അദ്ദേഹത്തിന്റെ സന്നിധിയിലെത്തി. അപ്പോള്‍ അദ്ദേഹം ളുഹര്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വന്നയാള്‍ പ്രതീക്ഷിച്ചവിടെത്തന്നെയിരുന്നു. നമസ്‌കാരത്തില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ‘നഫ്‌ല്’ നമസ്‌കാരത്തിന് ആരംഭിച്ചു. അസര്‍വരെ നഫ്‌ല് നമസ്‌കരിച്ചുകൊണ്ടിരുന്നു. വന്നയാള്‍ പ്രതീക്ഷിച്ചു നിന്നിരുന്നു. നഫ്‌ല് നമസ്‌കാരങ്ങളില്‍ല്‍നിന്നും വിരമിച്ചയുടന്‍ അസര്‍ നമസ്‌കാരമാരംഭിച്ചു. അതു കഴിഞ്ഞയുടന്‍ മഗ്‌രിബ് നമസ്‌കാരം വരെ ദിക്‌റ് ചെയ്തുകൊണ്ടിരുന്നു. മഗ്‌രിബ് നമസ്‌കരിച്ച ശേഷം ഇഷാവരെ നഫ്‌ല് നമസ്‌കരിച്ചുകൊണ്ടിരുന്നു. ഇഷാ നമസ്‌കാരത്തിന് ശേഷം കാണാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയില്‍ വന്നയാള്‍ വിഷമിച്ചു കാത്തിരുന്നു. എന്നാല്‍ ഇഷാ നമസ്‌കരിച്ചു തീര്‍ന്നയുടനെ അദ്ദേഹം നഫ്‌ല് നമസ്‌കരിക്കാന്‍ തുടങ്ങി. സുബ്ഹിവരെയും അപ്രകാരം നമസ്‌കരിച്ചുകൊണ്ടിരുന്നു. സുബ്ഹി നമസ്‌കരിച്ചയുടനെ ദിക്‌റുകളും ആരംഭിച്ചു. ഇപ്രകാരമുള്ള അദ്ദേഹത്തിന്റെ ഇബാദത്തിനിടയില്‍ മുസല്ലയില്‍ത്തന്നെയിരുന്ന് അല്പം കണ്ണടഞ്ഞുപോയി. പെട്ടെന്ന് കണ്ണുതുറന്ന് ഇസ്തിഗ്ഫാറും തൗബായും ചെയ്യാന്‍ തുടങ്ങി . അനന്തരം ഇപ്രകാരം ദുആ ചെയ്തു: ഉറക്കം മതിയാകാത്ത കണ്ണില്‍നിന്നും ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).

“ഒരു മഹാനെക്കുറിച്ചുള്ള സംഭവം ഇപ്രകാരം എഴുതുന്നു: അദ്ദേഹം രാത്രി ഉറങ്ങുന്നതിനായി കിടന്നാല്‍ കണ്ണടക്കുന്നതിന് വളരെ പരിശ്രമിക്കും. എന്നാല്‍ ഉറക്കം വരാതിരിക്കുമ്പോള്‍ എഴുന്നേറ്റ് നമസ്‌കാരത്തിലേര്‍പ്പെടുകയും അല്ലാഹുവേ, ജഹന്നമിലെ തീയ്യെക്കുറിച്ചുള്ള ഭയത്താലാണ് എനിക്ക് ഉറക്കം വരാതിരിക്കുന്നത് എന്ന് നിനക്കറിയാമല്ലോ എന്നു പറഞ്ഞുകൊണ്ട് സുബ്ഹിവരെ നമസ്‌കരിച്ചുകൊണ്ടിരിക്കും’’  (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).