കർണാടകയുടേത് ബാലാവകാശ വിദ്യാഭ്യാസ നിഷേധം

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 5)

ശിരോവസ്ത്ര നിരോധനം വിദ്യാർഥികൾക്കിടയിലെ ഭ്രാതൃഭാവത്തെയും മതനിരപേക്ഷ ചിന്തകളെയും തകർക്കുമെന്നും പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കുകൾക്ക് കാരണമാകുമെന്നും അതുവഴി മുസ്‌ലിം വിദ്യാർഥിനികൾ ഒറ്റപ്പെടലുകൾക്ക് വിധേയമാകുമെന്നും മതേതര വിദ്യാഭ്യാസത്തെ അത് സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹുസേഫാ അഹ്‌മദിയുടെ സമഗ്രമായ അവതരണവും സ്ത്രീകളോടുള്ള ക്രൂരമായ വിവേചനമാണ് പുതിയ തീരുമാനം എന്ന ജെയ്‌ന കോത്താരിയുടെ സമർഥനവും അവസാനിച്ചതിന് ശേഷം, 35 വർഷത്തിലധികമായി സുപ്രീംകോടതിയിൽ അഭിഭാഷകരായി പ്രവർത്തിക്കുന്ന അബ്ദുൽമജീദ് ധർ, മീനാക്ഷി അറോറ എന്നിവർക്ക് പുറമെ പത്ത് വർഷത്തോളമായി സുപ്രീംകോടതിയിൽ ലിറ്റഗേഷൻ ലോയറായി പ്രവർത്തിക്കുന്ന ശുഐബ് ആലമുമാണ് ഹിജാബ് വിഷയത്തിലെ മറ്റു ഭാഗങ്ങൾ രണ്ടംഗ ബെഞ്ചിന്റെ മുമ്പാകെ അവതരിപ്പിച്ചത്. ക്വുർആനിലെ നിയമങ്ങൾ ഒരു ഇസ്‌ലാം മത വിശ്വാസി സദാ ജീവിതത്തിൽ പാലിക്കേണ്ടതാണ് എന്ന ഭാഗം അബ്ദുൽമജീദ് ധറും ശിരോവസ്ത്ര നിരോധന നിയമത്തിലൂടെ സംജാതമായിട്ടുള്ള ബാലാവകാശ, വിദ്യാഭ്യാസ ലംഘനങ്ങളെ കുറിച്ച് മീനാക്ഷി അറോറയും വിദ്യാഭ്യാസ അവകാശത്തിന് മേൽ നിയന്ത്രണമേർപ്പെടുത്തുന്ന കർണാടക സർക്കാരിന്റെ നടപടികളെ കുറിച്ച് ശുഐബ് ആലമും വളരെ പ്രധാനപ്പെട്ട വാദങ്ങൾ കോടതി മുമ്പാകെ അവതരിപ്പിച്ചു.

അബ്ദുൽമജീദ് ധർ

ഒരു നിയമ വിദ്യാർഥി എന്ന പോലെ തന്നെ ഒരു ക്വുർആൻ വിദ്യാർഥി കൂടിയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അബ്ദുൽമജീദ് ധർ വാദം തുടങ്ങിയത്. അല്ലാഹു പ്രവാചകന് അവതരിപ്പിച്ചു നൽകിയിട്ടുള്ള എല്ലാം ഒരു മുസ്‌ലിമിന് അനുപേക്ഷണീയമാണ്. അത് ഫർദാണ്. കർണാടക ഹൈക്കോടതി ക്വുർആൻ വ്യാഖ്യാനിക്കാൻ ഉപയോഗിച്ച രീതി ശരിയല്ല എന്ന് ധർ ചൂണ്ടിക്കാണിച്ചപ്പോൾ ക്വുർആൻ വ്യാഖ്യാനിക്കാൻ കോടതി മുതിരുന്നത് ശരിയല്ല എന്നാണ് ഇവിടെ ധവാൻ, മുച്ചാല, കാമത്ത് എന്നീ അഭിഭാഷകർ ചൂണ്ടിക്കാണിച്ചത് എന്ന് ജസ്റ്റിസ് ഗുപ്ത പറയുകയുണ്ടായി. വിശുദ്ധ ക്വുർആനിൽനിന്ന് ഏതാനും വചനങ്ങൾ അദ്ദേഹം ഉദ്ധരിക്കാൻ തുടങ്ങിയപ്പോൾ തങ്ങൾക്ക് അറബി അറിയില്ലെന്ന് ജഡ്ജിമാർ ഉണർത്തി. അവയുടെ തർജമ നൽകാമെന്ന് ധർ വ്യക്തമാക്കി.

ഇസ്‌ലാമിക നിയമങ്ങൾ പാലിക്കൽ നിർബന്ധം

അല്ലാഹു പ്രവാചകന് നൽകിയ അറിവുകൾ കേവലം മാർഗനിർദേശക വിവരങ്ങൾ മാത്രമല്ല, അവ ജീവിതത്തിൽ പാലിക്കുവാനുള്ളതാണ്. ക്വുർആനിൽ പറയുന്ന കാര്യങ്ങൾ പാലിക്കൽ ഒരു മുസ്‌ലിമിന് നിർബന്ധമാണ്. പുനരുത്ഥാന നാളിൽ എല്ലാ കാര്യങ്ങൾക്കും മറുപടി പറയാൻ ബാധ്യസ്ഥനാണ് മനുഷ്യൻ എന്നും അവിടെ സൽപ്രവൃത്തികൾക്ക് പ്രതിഫലവും ദുഷ്പ്രവൃത്തികൾക്ക് ശിക്ഷയുമുണ്ട് എന്നുമാണ് ഇസ്‌ലാമിക വിശ്വാസം. നമ്മെയും നമ്മുടെ വിശ്വാസത്തെയും സംരക്ഷിക്കുന്ന മഹത്തായ ഭരണഘടനയാണ് ഇന്ത്യയുടേത്. വിശ്വാസകാര്യങ്ങൾക്ക് ഭരണഘടനയുടെ ആമുഖംതന്നെ സംരക്ഷണം നൽകുന്നുണ്ട്.

യൂസുഫലിയുടെ വ്യാഖ്യാനങ്ങളിൽ പിഴവുണ്ട്

ഹിജാബുമായി ബന്ധപ്പെട്ട ചില വചനങ്ങൾ ഓതിക്കേൾപ്പിച്ച ധർ ഈ വിഷയത്തിൽ യൂസുഫലി എഴുതിയ വ്യാഖ്യാനങ്ങളിൽ ചില പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു. ക്വുർആൻ വ്യാഖ്യാനം അറിയുന്ന ഒരു പണ്ഡിതനാണോ താങ്കൾ എന്ന കോടതിയുടെ ചോദ്യത്തിന് ക്വുർആൻ മുഴുവൻ പഠിച്ചിട്ടുണ്ടെന്ന് ധർ മറുപടി നൽകി. അല്ലാഹു എല്ലാം പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്നും അതുകൊണ്ട് ശിരോവസ്ത്രം ധരിച്ചില്ലെങ്കിൽ പ്രശ്‌നമില്ലെന്നുമുള്ള യൂസുഫലിയുടെ വ്യാഖ്യാനം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ക്വുർആനിലെ അധ്യായങ്ങൾ പിന്തുടരേണ്ടതില്ല എന്നല്ല ആ വചനത്തിന്റെ അർഥം. പ്രസ്തുത വ്യാഖ്യാനം യൂസുഫലിയുടെ സ്വന്തമായ വ്യാഖ്യാനമാണ്. അത് പൂർണമായും തെറ്റാണ്. ഒരു കാര്യത്തിൽ ക്വുർആൻ ശിക്ഷ പറയുന്നില്ല എന്നതിനാൽ ആ കാര്യം നിർബന്ധമല്ല എന്നാണ് കർണാടക ഹൈക്കോടതി വിധിയിൽ പറയുന്നത് എന്ന് ജസ്റ്റീസ് ധൂലിയയുടെ ചോദ്യത്തിന് മറുപടിയായി ധർ പറഞ്ഞു. കർണാടകയുടെ വിധിയിൽ പറയുന്നതല്ല മുസ്‌ലിംകളുടെ ഇക്കാര്യത്തിലുള്ള വീക്ഷണമെന്നും അദ്ദേഹം പറഞ്ഞുകൊണ്ട് അദ്ദേഹം വാദങ്ങൾ ഉപസംഹരിച്ചു.

മീനാക്ഷി അറോറ:

വിധി യു.എൻ. ഉടമ്പടിയുടെ ലംഘന

ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ബാലാവകാശ ഉടമ്പടികൾക്ക് (United Nations Convention on the rights of the Child UNCRC) വിരുദ്ധമാണ് കർണാടക ഹൈക്കോടതി വിധി എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മീനാക്ഷി അറോറ വാദം ആരംഭിച്ചത്. യു.എൻ ഉടമ്പടി വിശ്വാസകാര്യങ്ങൾക്ക് കൂടി സംരക്ഷണം നൽകുന്നുണ്ട്. ലോകം ഇന്ന് ഒരു ബിന്ദുവിലേക്ക് ഉരുകി ഒന്നായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഒരു സാർവലൗകിക ഗ്രാമമായി (Global Village) ലോകം മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പുറത്ത് നിന്നുപോലും വിദ്യാർഥികൾ ഇന്ന് ഇന്ത്യയിലെ വിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. അവരുടെ സംസ്‌കാരങ്ങളെ നാം ബഹുമാനിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ മതം, സംസ്‌കാരം തുടങ്ങിയവയെ ബഹുമാനിക്കണം എന്ന് നാം നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുമ്പോൾ അതിന് വിരുദ്ധമായ നിലപാടുകൾ നമ്മിൽ നിന്നുണ്ടാവാൻ പാടില്ല.

യുഎന്നിന്റെ ജാഗ്രതയും സഹിഷ്ണുതയും

ബാലാവകാശ ഉടമ്പടി (സി.ആർ.സി)ക്ക് ഉപാധികൾ കൂടാതെ അംഗീകാരം നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. അംഗരാജ്യങ്ങൾ സി.ആർ.സി. നടപ്പാക്കുന്നുണ്ടോ എന്ന് ഐക്യരാഷ്ട്രസഭ പരിശോധിക്കുന്നുണ്ട്. ഒരു ക്രിസ്ത്യൻ രാജ്യമായ നോർവേയിൽ ക്രിസ്തീയ മതാചാരങ്ങൾ മാത്രം കലാലയങ്ങളിൽ പഠിപ്പിക്കുന്നത് സി.ആർ.സിക്ക് എതിരാണെന്ന് യു.എൻ.കണ്ടെത്തിയ കാര്യം യു.എന്നിന്റെ ഇക്കാര്യത്തിലുള്ള ജാഗ്രതയാണ് വിളിച്ചറിയിക്കുന്നത്. ക്രമസമാധാനത്തിന് ഭംഗം വരാത്തതോ ധാർമികതയ്‌ക്കെതിരല്ലാത്തതോ ആയ ഒരു മതാചാരത്തെ നാം നിയന്ത്രിക്കുകയാണെങ്കിൽ അതിനർഥം നാം നമ്മുടെ വിദ്യാർഥികളെ മതസഹിഷ്ണുത പഠിപ്പിക്കുന്നില്ല എന്നാണ്. ശിരോവസ്ത്രം നിരോധിക്കുന്നത് സി.ആർ.സി. ഉടമ്പടിയുടെ ലംഘനമാണെന്ന് യു.എൻ.കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കോപ്പി ഞാനിവിടെ സമർപ്പിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം അനുവദിച്ച കാര്യം ഓർമപ്പെടുത്തുന്നു.

മതാചാരമല്ലെന്ന് പറയാൻ എന്തധികാരം?

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ് ഇസ്‌ലാം. ഇസ്‌ലാമിക നിയമങ്ങൾ അനുഷ്ഠിക്കുന്ന ലോകമെമ്പാടുമുള്ള ജനത ശിരോവസ്ത്രത്തെ ഒരു അനുപേക്ഷണീയമായ മതാനുഷ്ഠാനമായിട്ടാണ് കാണുന്നത്. ലോകരാജ്യങ്ങളിലെ വിവിധ കോടതികളും ജനവിഭാഗങ്ങളും ശിരോവസ്ത്രത്തെ അംഗീകരിക്കുമ്പോൾ, ലോകത്തെ മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ അഴിച്ചുപണിയാനും ശിരോവസ്ത്രം അനിവാര്യമായ മതാചാരമല്ലെന്ന് പറയാനും നാമാരാണ്? നാം ഒരു ആഗോള ഗ്രാമത്തിലാണ് ജീവിക്കുന്നതെന്നും വേർപെട്ടുപോയ ഒരു സമൂഹമല്ല എന്നും തിരിച്ചറിയാതിരിക്കുന്നത് ശരിയല്ല. വലിയൊരു വിഭാഗം ജനങ്ങൾ ശിരോവസ്ത്രം അനിവാര്യ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുമ്പോൾ അങ്ങനെയല്ല എന്ന് നാം പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. ബാലാവകാശം സംബന്ധിച്ച വാദങ്ങൾ ഞങ്ങൾ ഹൈക്കോടതിക്ക് മുമ്പാകെ കൊണ്ടുവന്നിരുന്നെങ്കിലും ഹൈക്കോടതി വിധിയിൽ അതിനെക്കുറിച്ച് യാതൊരു പരാമര്ശവുമില്ല. ഹൈക്കോടതിയെ വിലകുറച്ച് കാണാൻ വേണ്ടിയല്ല ഇത് പറയുന്നത്, മറിച്ച് പ്രാധാന്യമർഹിക്കുന്ന പല സെക്ഷനുകൾക്കും പ്രത്യേക ശ്രദ്ധ കോടതിയിൽ നിന്നും ലഭിക്കാതെ വരുന്നതിനെ ചൂണ്ടിക്കാണിക്കുക മാത്രമാണ്.

ഇന്ത്യയിലെ ഭൂരിപക്ഷ സമുദായം വിവിധ രാജ്യങ്ങളിൽ

എന്തുകൊണ്ടാണ് ഞാൻ മറ്റു രാജ്യങ്ങളെക്കുറിച്ചും അധികാരപരിധികളെക്കുറിച്ചും പരാമർശിക്കുന്നത്? നാം ഹിന്ദുമത വിശ്വാസികൾ നമ്മുടെ രാജ്യത്ത് ഭൂരിപക്ഷവും മറ്റിടങ്ങളിൽ ന്യൂനപക്ഷവും ആണല്ലോ. എന്നാൽ നാം എവിടെ ന്യൂനപക്ഷമായാലും നമ്മുടെ ആചാരങ്ങൾ പിന്തുടരാൻ നമുക്ക് സാധിക്കുന്നു. മൂക്കുത്തി (Nose Pin) സംബന്ധിച്ച ദക്ഷിണാഫ്രിക്കയുടെ വിധി നമ്മുടെ മതാചാരവുമായി ബന്ധപ്പെട്ടാണ് വന്നത് എന്ന് നാം ഓർക്കേണ്ടതുണ്ട്. സിഖ് മതാചാരമായ കരാ ധരിക്കുന്നതുമായി ബന്ധപ്പെട്ട സ്‌കോട്ട്‌ലാൻഡ് കോടതിയുടെ വിധിയും അപ്രകാരമുള്ളതാണ്. കെനിയയിൽ ഒരു ക്രിസ്ത്യൻ സ്‌കൂൾ, അവരുടെ സ്‌കൂളിൽ ശിരോവസ്ത്രം നിരോധിച്ചപ്പോൾ കെനിയൻ കോടതി പറഞ്ഞത് ശിരോവസ്ത്രം അനുവദിക്കുന്നത് സാംസ്‌കാരിക വൈവിധ്യത്തിന്റെ സ്ഥിരീകരണത്തിന്റെ ഭാഗമാണ് എന്നാണ്. വിവിധ കോടതികൾ നൽകിയ വിധികൾ സൂചിപ്പിച്ചുകൊണ്ട് മീനാക്ഷി അറോറ വാദങ്ങൾ പൂർത്തിയാക്കി.

അറോറക്ക് ശേഷം യുവ വനിതാ അഭിഭാഷക അഡ്വ. തുളസീരാജ് വാദങ്ങൾ നിരത്താൻ ശ്രമിച്ചെങ്കിലും മുതിർന്ന അഭിഭാഷകർക്ക് ശേഷം വാദങ്ങൾ സമർപ്പിക്കാമെന്ന് രണ്ടംഗ ബെഞ്ച് പ്രതികരിച്ചു. തുടർന്ന് മുതിർന്ന അഭിഭാഷകൻ ശുഐബ് ആലം വാദങ്ങൾ അവതരിപ്പിച്ചു.

ശുഐബ് ആലം:

ഹിജാബ്; സ്വത്വം, അന്തസ്സ്

എസൻഷ്യൽ റിലീജ്യസ് പ്രാക്ടീസ് എന്ന വിഷയത്തിൽ നിന്നുകൊണ്ടാണ് ശുഐബ് ആലം വാദം തുടങ്ങിയത്. ഇസ്‌ലാമിൽ എസൻഷ്യൽ റിലീജ്യസ് പ്രാക്ടീസ് ഇല്ല എന്ന കർണാടക ഹൈക്കോടതി വിധിയിലെ പരാമർശമാണ് ഈ വിഷയം ഇത്രയധികം സംസാരിക്കേണ്ടി വരുന്നത് എന്ന് അദ്ദേഹം തുടക്കത്തിൽ സൂചിപ്പിച്ചു. ഒരു മനുഷ്യന്റെ സ്വത്വത്തെയാണ് ‘ഹിജാബ്’ അടയാളപ്പെടുത്തുന്നത്. അത് വ്യക്തിയുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണ്. അതിൽ സ്‌റ്റേറ്റിന് ഇടപെടാൻ കഴിയില്ല.

മൗലികാവകാശത്തിന് സ്ഥലകാല പരിധിയില്ല

സ്‌കൂളുകളിൽ ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം എവിടെയാണ് വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് ജസ്റ്റിസ് ഗുപ്ത ഇവിടെ ചോദിച്ചത്. പുട്ടസ്വാമി സ്വകാര്യത വിധിയിൽ അതിനെക്കുറിച്ച് വ്യക്തമായ പരാമർശമുണ്ട്. ‘സ്വകാര്യത ഒരു സ്ഥലവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് അത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. വ്യക്തി എവിടെയായിരുന്നാലും അയാൾക്ക് അതിനുള്ള അവകാശമുണ്ട്’ എന്ന് വിധിയിൽ പറയുന്നു. ഒരു തടവുകാരന് പോലും മൗലികാവകാശമുണ്ട്. അത് ജയിൽ കവാടത്തിൽ അവസാനിക്കില്ല. ജയിലിന്റെ അകത്തളങ്ങളിലും അയാൾക്ക് ലഭിക്കും. അവകാശങ്ങൾക്ക് ചില സന്ദർഭങ്ങളിൽ സങ്കോചങ്ങൾ ഉണ്ടാവാമെന്നല്ലാതെ പൂർണമായ കീഴടങ്ങൽ ഉണ്ടാവുന്നില്ല എന്നാണ് പ്രസ്തുത വിധിയിൽ നിന്നും ഞാൻ കണ്ടെത്തിയ ആശയം.

എഴുതപ്പെടാത്ത അവകാശങ്ങളൂം സംരക്ഷിക്കപ്പെടണം

പൊതുയിടങ്ങളിലെ ഉറ്റുനോട്ടങ്ങളിൽനിന്ന് സുരക്ഷിതത്വം വേണമെന്ന് തോന്നുന്നപക്ഷം വ്യക്തി തന്റെ ശരീരം എത്രത്തോളം മറയ്ക്കണമെന്ന് തീരുമാനിക്കുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ കാര്യമാണ്. ഇങ്ങനെയുള്ള അവകാശങ്ങൾ ഭരണഘടനയിലോ നിയമങ്ങളിലോ എഴുതപ്പെട്ടതാണെങ്കിലും അല്ലെങ്കിലും അവ അടിസ്ഥാനപരമായ അവകാശങ്ങളിൽപെട്ടതാണ്. അവ തമ്മിൽ മൗലികമായ വ്യത്യാസങ്ങളില്ല. നവതേജ് ജോഹർ, പുട്ടസ്വാമി കേസുകളിൽ സുപ്രീംകോടതി ഇപ്രകാരമാണ് നിരീക്ഷിച്ചത്. എന്നാൽ എഴുതപ്പെടാത്ത അവകാശങ്ങൾ കുറഞ്ഞ അളവിൽ സംരക്ഷിക്കപ്പെട്ടാൽ മതി എന്നാണ് കർണാടക ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഇത് ഗുരുതരമായ അവകാശലംഘനമാണ്. ‘ഒരു വ്യക്തി പൊതുസ്ഥലത്താണെങ്കിലും അല്ലെങ്കിലും സ്വകാര്യതക്കുള്ള അവകാശം നഷ്ടപ്പെടാൻ പാടില്ല’ എന്ന് പുട്ടസ്വാമി വിധിയിൽ സുപ്രീംകോടതി പരാമർശം നടത്തിയിട്ടുണ്ട്. സ്‌കൂൾ പൊതുസ്ഥലമാണ് എന്നതിനാൽ വ്യക്തിപരമായ സ്വകാര്യത അവകാശം ഹനിക്കാൻ സാധിക്കില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

സെന്റ് സേവ്യേഴ്‌സ് വിധിയും അവകാശ നിയന്ത്രണവും

ഒരു അവകാശത്തെ മറ്റൊരു അവകാശം കൊണ്ട് കൈമാറ്റം ചെയ്യപ്പെടുന്ന വ്യവസ്ഥ നമ്മുടെ ഭരണഘടനയിലില്ല. സർക്കാർ ഉത്തരവിൽ ഏതെങ്കിലും തരത്തിലുള്ള ഭരണഘടനാലംഘനമുണ്ടെങ്കിൽ അക്കാര്യമാണ് കോടതി നോക്കേണ്ടത്. ഉത്തരവിന്റെ ഉദ്ദേശ്യത്തെ കുറിച്ചല്ല കോടതി സംസാരിക്കേണ്ടത്. ‘ഭരണകൂടം നിങ്ങൾക്ക് ഒരു പ്രത്യേകാവകാശം നൽകുമ്പോൾ പോലും അതിന് പകരമായി ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളിൽനിന്നും ഒന്നുപോലും കുറക്കാൻ സാധിക്കില്ല’ എന്ന് 1974 ലെ അഹമ്മദാബാദ് സെന്റ് സേവ്യേഴ്‌സ് കോളേജ് ഗുജറാത്ത് വിധിയിൽ ജസ്റ്റിസ് കുര്യൻ മാത്യു പരാമർശിച്ച കാര്യം ശുഐബ് ആലം കോടതിയെ ധരിപ്പിച്ചു. അനുച്ഛേദം 30 അനുസരിച്ച് ന്യൂനപക്ഷങ്ങൾക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ വിട്ടുകൊടുക്കുമെന്ന വ്യവസ്ഥയിൽ പഠനസൗകര്യങ്ങൾ തുടങ്ങിയ സഹായങ്ങൾ നൽകാമെന്ന് ഒരു ഭരണകൂടത്തിനും പറയാൻ സാധിക്കില്ല എന്നതാണ് സെന്റ് സേവ്യേഴ്‌സ് കേസിലെ വിധി. ഇവിടെ കുട്ടികൾ ശിരോവസ്ത്രം ധരിക്കുക എന്ന മൗലികാവകാശത്തിന്മേലുള്ള മുറവിളി ഉപേക്ഷിച്ചാൽ വിദ്യാഭ്യാസ സൗകര്യം നൽകാമെന്നാണ് കർണാടക സർക്കാർ പറയുന്നത്.

ഓൾഗ ടെല്ലിസ് തുടങ്ങിയ കേസുകളിൽനിന്ന്

1985ലെ ബോംബെ ചേരികൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഓൾഗ ടെല്ലിസ് കേസിലെ സുപ്രീംകോടതി വിധിയിൽ ‘ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ മറ്റു ആനുകൂല്യങ്ങളുടെ പേരിൽ തട്ടിയെടുക്കാൻ ഭരണകൂടങ്ങൾക്ക് അവകാശമില്ല’ എന്ന് പരാമർശിക്കുന്നുണ്ട്. 1992ലെ മോഹിനി ജെയിന്റെ കർണാടക സ്‌റ്റേറ്റ് കേസ്, 1993ലെ ഉണ്ണികൃഷ്ണന്റെ ആന്ധ്രപ്രദേശ് സർക്കാർ കേസ് എന്നീ കേസുകളുടെ വിധികളിൽ വിദ്യാഭ്യാസം മൗലികാവകാശമായി വിധിച്ചിട്ടുണ്ട്. പുട്ടസ്വാമി കേസിലാവട്ടെ വിദ്യാഭ്യാസത്തിന് പുറമെ, സാമൂഹിക-സാമ്പത്തിക അവകാശമായും വിദ്യാഭ്യാസത്തെ നിരീക്ഷിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള വ്യക്തിയുടെ അവകാശം ഒരു വശത്ത്, മറുവശത്ത് സ്വകാര്യതയ്ക്കും അന്തസ്സിനും സംസ്‌കാരത്തിനുമുള്ള അവകാശം. നിങ്ങൾ സ്വകാര്യതയ്ക്കുള്ള അവകാശം വിട്ടുകൊടുത്താൽ ഞാൻ നിങ്ങൾക്ക് വിദ്യാഭ്യാസം നൽകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പറയുന്നത്. ഭരണഘടനാനുസൃതമായി അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ ഊന്നിപ്പറയുന്നു.

ഒരു അവകാശത്തിന് മറ്റൊരാവകാശം സറണ്ടർ ചെയ്യണോ?

സെന്റ് സേവ്യർസ് കോളേജ് കേസിൽ ചർച്ച ചെയ്ത ‘ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥ’ എന്ന ആശയത്തെ കൂടുതൽ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നു. ഒരു അവകാശം നൽകാൻ മറ്റൊരു അവകാശം സറണ്ടർ ചെയ്യണമെന്ന് പറയുന്നത് അചിന്തനീയമായ കാര്യമാണ്. സെന്റ് സേവ്യേഴ്‌സ് കോളേജ് വിധിയിലെ പേര 146-148 വായിക്കണമെന്ന് ഞാൻ ബെഞ്ചിനോട് അഭ്യർഥിക്കുകയാണ്. വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കൽ ഭരണകൂടത്തിന്റെ നിർബന്ധ ബാധ്യതയാണെന്നാണ് അനുച്ഛേദം 21 പറയുന്നത്. 2021ൽ ഫർസാന ബതൂൽ, മുഹമ്മദ് മഹ്ദി വസീറി എന്നീ രണ്ടു മെഡിക്കൽ വിദ്യാർഥികളുടെ കാര്യത്തിൽ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അവർക്ക് സീറ്റ് നിഷേധിച്ചപ്പോൾ സുപ്രീം കോടതി ശക്തമായ ശാസന നൽകിയിട്ടുണ്ട്. ‘പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ഗവൺമെന്റിന്റെ ഔദാര്യമല്ല. മറിച്ച് എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസ പ്രവേശനം സുഗമമാക്കേണ്ടത് സർക്കാരിന്റെ സ്ഥിര ബാധ്യതയിൽ പെട്ടതാണ്.’

നിരോധനവും കുട്ടികളുടെ കൊഴിഞ്ഞുപോക്കും

ശിരോവസ്ത്ര നിരോധനത്തിന്റെ പേരിൽ വിദ്യാലയങ്ങളിൽനിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ടോ എന്ന് ജസ്റ്റിസ് ധൂലിയ ഇവിടെ ചോദിക്കുകയുണ്ടായി. എന്റെ കൈയിലുള്ളത് മുസ്‌ലിം വിദ്യാർഥിനികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടാണ്. അതുപോലെതന്നെ കേന്ദ്ര സർക്കാർ റിപ്പോർട്ടും ഇവിടെയുണ്ട്. മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ റിപ്പോർട്ടുകൾ പറയുന്നത് വിദ്യാഭ്യാസത്തിലേക്ക് കാലൂന്നാത്ത മുസ്‌ലിം പെൺകുട്ടികൾ 61.5% ആണെന്നാണ്. ശിരോവസ്ത്രം ഉപേക്ഷിച്ചെങ്കിൽ മാത്രം വിദ്യാഭ്യാസം എന്ന സർക്കാർ ഉത്തരവ് വിദ്യാഭ്യാസത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുകയാണ് ചെയ്യുന്നത്. ഇത് വ്യക്തമായ ഭരണഘടനാ ലംഘനമാണ്. (തുടരും)

(അടുത്ത ലക്കത്തിൽ: ശിരോവസ്ത്ര നിരോധനത്തിന് ഭൂരിപക്ഷാധിപത്യ സ്വഭാവം)