പ്രയാസഘട്ടങ്ങളിൽ അടിപതറരുത്

അഡ്വ.അബ്ദുസ്സമദ്, കലൂർ

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

ഇഹലോക ജീവിതം പ്രശ്‌നകലുഷിതമാണ്. ദാരിദ്ര്യവും സമ്പന്നതയും മനുഷ്യന് ഒരുപോലെ പ്രശ്‌നങ്ങൾ തീർക്കുന്നു. ദാരിദ്ര്യംമൂലം പട്ടിണിമരണങ്ങളും അജ്ഞതയും അനോരോഗ്യകരമായ ജീവിത സാഹചര്യങ്ങളും കലാപങ്ങളും ഉണ്ടാകുന്നു. മറുവശത്ത് അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങളിൽ സമ്പന്നതയുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന അരാജകത്വം നടമാടുന്നു. കലാശാലകളിൽ അസ്വസ്ഥരാകുന്ന വിദ്യാർഥികൾ സഹപാഠികളെ വെടിവെച്ചുകൊല്ലുന്നു. കൗമാരക്കാർ തോക്കുമായി നിരത്തിലറങ്ങിയും കലാലയങ്ങളിൽ ചെന്നും തുതുരാ വെടിയുതിർത്ത് നിരപരാധികളെ കൊന്നതിന്റെ വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നു. അക്രമങ്ങളും കൊലയും കൊള്ളിവയ്പും വഴിവിട്ട ബന്ധങ്ങളും സാർവത്രികം.

കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്നു. സ്ത്രീ -പുരുഷ ബന്ധങ്ങൾക്ക് വിലക്കുകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്വതന്ത്രലൈംഗികതാവാദികൾ പെരുകിക്കൊണ്ടിരിക്കുന്നു.

സന്താനങ്ങളില്ലാതെ ചില ദമ്പതികൾ വിലപിക്കുമ്പോൾ, മറുഭാഗത്ത് സന്താനങ്ങളുണ്ടായിട്ടും അവരുടെ വഴിതെറ്റിയ ജീവിതം മൂലം കണ്ണീരിൽ കഴിയുന്ന നിസ്സഹായരായ മാതാപിതാക്കൾ!

മദ്യവും മയക്കുമരുന്നും കൂടുതൽ പേരെ കീഴ്‌പ്പെടുത്തുകയാണ്. മദ്യപാനം സംസ്‌കാരത്തിന്റെ മേന്മയായി വാഴ്ത്തുന്ന കാഴ്ചകൾ! ക്യാമ്പസുകളിലും ആളൊഴിഞ്ഞ വഴിവക്കുകളിലും മയക്കുമരുന്നു കച്ചവടം സജീവം. ആൺ-പെൺ വ്യത്യാസമില്ലാതെ കൗമാരപ്രായക്കാരായ വിദ്യാർഥികൾ മയക്കുമരുന്നുകൾക്ക് അടിമകളായിക്കൊണ്ടിരിക്കുന്നു.

എല്ലാമുണ്ടായിട്ടും അയൽവാസിയുടെ സൗഭാഗ്യങ്ങൾ കണ്ട് പിന്നെയും അസ്വസ്ഥരാകുന്ന പൊങ്ങച്ച സംസ്‌കാരം പടർന്നുപിടിക്കുന്നു. പരസ്പരം പൊരുത്തപ്പെടാതെ കുടുംബക്കോടതിയിലെത്തി വാശി തീർക്കുന്ന യുവദമ്പതികൾ. മാനസിക പിരിമുറുക്കത്തിന് പരിഹാരം തേടി ‘ജീവനകലകൾ’ പഠിക്കാൻ ജനം ഓടുകയാണ്. പലരും കൗൺസിലിംഗ് വിദഗ്ധരെ തേടിക്കൊണ്ടിരിക്കുന്നു.

പക്ഷേ, എവിടെയും സമാധാനമില്ല. ആൾദൈവങ്ങളും ധ്യാനകേന്ദ്രങ്ങളും മക്വ‌്ബറകളും ജനങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്ന കാലഘട്ടം! ശാന്തികേന്ദ്രങ്ങൾ പരസ്പരം മത്സരിക്കുകയാണ്. എന്നിട്ടും അശാന്തരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു!

ഭൗതിക ദർശനങ്ങൾ പ്രശ്‌നപരിഹാരമല്ലെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. മാർക്‌സിസവും കമ്യൂണിസവും സോഷ്യലിസവുമെല്ലാം കാലഹരണപ്പെട്ടുകഴിഞ്ഞു, അഥവാ ജനങ്ങൾ കയ്യൊഴിച്ചുകൊണ്ടിരിക്കുന്നു.

സൂക്ഷ്മ - സ്ഥൂല സൃഷ്ടികളുടെ ലോകം

ശാന്തരായി നമ്മുടെ ചുറ്റും കഴിയുന്ന ജീവജാലങ്ങളിലേക്ക് നാം കണ്ണോടിക്കുക. സസ്യങ്ങളും ജീവജാലങ്ങളുമെല്ലാം കൃത്യമായി പ്രകൃതിയിൽ സ്രഷ്ടാവ് സംവിധാനിച്ച നിയമങ്ങൾക്ക് വിധേയമായി കഴിയുന്നു. ജൈവലോകത്ത് ഭക്ഷണം നിർമിക്കാനുള്ള കഴിവ് പച്ച ഇലകളുള്ള സസ്യങ്ങൾക്കുമാത്രം. ഇലകളിലെ കോശങ്ങളിലാണ് ഭക്ഷണ നിർമാണം. അന്തരീക്ഷത്തിൽനിന്നും വലിച്ചെടുക്കുന്ന കാർബൺഡയോക്‌സൈഡും മണ്ണിൽനിന്നും വലിച്ചെടുക്കുന്ന ജലവുംകൊണ്ട് സൂര്യപ്രകാശത്തിലെ ചുവപ്പും നീലയും രശ്മികളിലെ ഊർജവും എടുത്ത് ഇലകളിൽവെച്ച് ഭക്ഷണം ഉണ്ടാക്കുന്നു. സ്വന്തം ആവശ്യം കഴിച്ച് ജന്തുക്കൾക്കു കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഭക്ഷണം വിത്തുകളും ഫലങ്ങളും കിഴങ്ങുകളുമായി സംഭരിച്ചുവെക്കുന്നു.

സസ്യങ്ങൾ പുറത്തുവിടുന്ന കാർബൺഡയോക്‌സൈഡ് വലിച്ചെടുത്ത് പകരം അവ ജന്തുക്കൾക്കാവശ്യമായ ഓക്‌സിജൻ പുറത്തുവിടുന്നു. അങ്ങനെ സസ്യങ്ങളും മനുഷ്യരുൾപ്പെ ടെയുള്ള ജന്തുജാലങ്ങളും പരസ്പരം ആശ്രയിച്ചുകഴിയുന്നു.

ഇത്തരം ക്രമീകരണവും വ്യവസ്ഥയും സ്വയം ഉണ്ടാകുന്നതല്ലായെന്ന് നാം സമ്മതിക്കുന്നു. എങ്കിൽ ഇതിന്റെ പിന്നിൽ ഇതെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ശക്തികേന്ദ്രം ഉണ്ടെന്നത് നിസ്തർക്കമാണ്.

അപ്പോൾ, പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും പാരസ്പര്യവും ക്രമവും പ്രപഞ്ചനിലനിൽപ്പിന് ഏകമായ ശക്തിയാണെന്ന് വിശേഷബുദ്ധിയുള്ളവർ ആരും അംഗീകരിക്കും. ഒന്നിലേറെ ശക്തികൾക്ക് പങ്കുണ്ടായിരുന്നെങ്കിൽ അത് പ്രപഞ്ചനാശത്തിന് കാരണമാകുമായിരുന്നു.

പ്രാപഞ്ചിക നിയമങ്ങളുടെ ഐക്യരൂപം അവയെയെല്ലാം സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും ഒരേയൊരു ശക്തിയാണെന്ന് വ്യക്തമാക്കുന്നു. അതാണ് പ്രപഞ്ചനാഥൻ അഥവാ സൃഷ്ടികർത്താവ്. കോടാനുകോടി നക്ഷത്രങ്ങൾ ഉപരിലോകത്ത് പരസ്പരം കൂട്ടിമുട്ടാതെ ചരിച്ചുകൊണ്ടേയിരിക്കുന്നു. അവയുടെ വ്യാപ്തിയെയും വലിപ്പത്തെയും കുറിച്ച് വിസ്മയിപ്പിക്കുന്ന കണ്ടെത്തലുകളാണ് ശാസ്ത്രലോകം നടത്തിക്കൊണ്ടിരിക്കുന്നത്.

സൂക്ഷ്മലോകത്തെക്കുറിച്ച് ചിന്തിക്കുക. .ആറ്റത്തിന്റെ ന്യൂക്ലിയസിനകത്ത് പ്രോട്ടോണും ന്യൂട്രോണും കാണപ്പെടുന്നു. അതിനു ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകൾ. എത്ര വ്യവസ്ഥാപിതമായിട്ടാണ് അണുവിന്റെ ഉൾഭാഗംപോലും സജ്ജമാക്കിയിരിക്കുന്നത്!

ആയിരക്കണക്കിന് ഗോളങ്ങളുണ്ടായിട്ടും ഭൂമിയിൽ മാത്രം ജീവൻനിലനിൽക്കാനുള്ള താപനിലയും മറ്റും സൃഷ്ടികർത്താവ് സംവിധാനിച്ചിരിക്കുന്നു!

അപ്പോൾ ഒരു കാര്യം സത്യ മാണെന്ന് തെളിയുന്നു; അതായത് എല്ലാ വസ്തുക്കളും- ചേതനയുള്ളതും അചേതനമായതും- അവയുടെ സൃഷ്ടികർത്താവിന്റെ വ്യവസ്ഥാപിത നിയമങ്ങൾക്കും നടപടികൾക്കും വിധേയമായിട്ടാണ് സ്ഥിതിചെയ്യുന്നത്.

മനുഷ്യന്റെ ബാധ്യത

മനുഷ്യന്റെ ഐഹികജീവിതം സമാധാനമുള്ളതാകാനും മരണാനന്തരമുള്ള ശാശ്വതമായ ജീവിതത്തിൽ വിജയം നേടുവാനുമുള്ള നിയമ നിർദേശങ്ങൾ അല്ലാഹു മാനവസമൂഹത്തിന് അന്തിമ ദൂതനിലൂടെ നൽകിക്കഴിഞ്ഞതിനാൽ ഒരു ഒഴികഴിവും പറഞ്ഞ് രക്ഷപ്പെടാൻ സാധ്യമല്ല. മനുഷ്യർ ഏകാരാധ്യനായ ദൈവത്തിനുമാത്രം ആരാധനയർപ്പിക്കാനാണ് ദൈവദൂതന്മാർ മുഖ്യമായും ഉൽബോധനം നടത്തിയത്.

മനുഷ്യന് ശാശ്വത സമാധാനവും സുഖവും പ്രശ്‌നപരിഹാരവും ലഭിക്കുന്നതിന് ഏകനായ സൃഷ്ടികർത്താവിന് സമ്പൂർണമായി കീഴൊതുങ്ങൽ അനിവാര്യമാണ്. മുഹമ്മദ് നബി(സ്വ) ഇക്കാര്യം ലോകരെ പഠിപ്പിച്ചു. ആ പ്രവാചകൻ മുഖേന ലോകജനതയ്ക്കാകമാനം അവതരിപ്പിക്കപ്പെട്ട നിയമസംഹിതയാണ് വിശുദ്ധക്വുർആൻ.

വിശുദ്ധ ക്വുർആനും പ്രവാചക ജീവിതചര്യയുമാണ് മാനവകുലത്തിന് മോക്ഷം നൽകുന്ന പ്രമാണങ്ങൾ. ഈ പ്രമാണങ്ങളാണ് ഇസ്‌ലാമിന്റെ അടിസ്ഥാനശിലകൾ. അറ്റമില്ലാത്ത അഭിലാഷങ്ങളാണ് മനുഷ്യമനസ്സുകളെ അശാന്തമാക്കുന്നത്. ഇസ്‌ലാം അതിന് കടിഞ്ഞാണിടാൻ പ്രേരിപ്പിക്കുന്നു.

മരണമില്ലാതെ കാലാകാലം ജീവിക്കാൻ പറ്റുമെങ്കിൽ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കാത്തവരില്ല. പഠിക്കുമ്പോൾ ഒരു ജോലി കിട്ടണമെന്ന് ചെറിയ ആഗ്രഹം. ജോലി കിട്ടിയാൽ പല ആഗ്രഹങ്ങളും പൊന്തിവരും. കുടുംബം വേണം, വീട് വേണം. വാഹനം വേണം. മക്കൾ വേണം. മക്കൾക്ക് ഉന്നത നിലയിൽ വിദ്യാഭ്യാസം നൽകണം. മക്കളുടെ കല്യാണം കാണണം. പേരക്കുട്ടികളെ കാണണം. അവർ വളരണം... അങ്ങനെയങ്ങനെ മരണമില്ലാതെ എത്ര കാലം ജീവിക്കാം എന്നതാണ് ഓരോ മനുഷ്യന്റെയും ആഗ്രഹം.

മനുഷ്യന് മരണമില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ദൈവനിഷേധികൾ പോലും അംഗീകരിക്കുന്ന സത്യമാണ് മരണം. ജനിച്ചാൽ മരിക്കുമെന്നത് ഉറപ്പാണ്. അത് ആരെ, എപ്പോൾ, എവിടെവെച്ച്, എങ്ങിനെ പിടികൂടുമെന്ന് ആർക്കുമറിയില്ല. മരണത്തിന് ഒരു വേർതിരിവുമില്ല. ആദ്യം ജനിച്ചയാൾ ആദ്യം മരിക്കുക എന്ന വ്യവസ്ഥയുമില്ല. വല്യുപ്പയെക്കാൾ മുമ്പേ പേരക്കുട്ടി മരിക്കുന്നു. രോഗിയെക്കാൾ മുമ്പേ ആരോഗ്യവാൻ മരിക്കുന്നു...!

എല്ലാം അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് സംഭവിക്കുന്നത്. അവനറിയാതെ ഒന്നും പ്രപഞ്ചത്തിൽ സംഭവിക്കുന്നില്ല.

“അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല’’ (ക്വുർആൻ 6: 59).

“തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവൻ മഴപെയ്യിക്കുന്നു. ഗർഭാശയത്തിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏത് നാട്ടിൽവെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’’ (ക്വുർആൻ 31: 34).

മരണം ഉറപ്പാണ്. എന്നാൽ മരണത്തെപ്പറ്റി ഓർത്ത് മനുഷ്യൻ നിരാശനാവേണ്ട ആവശ്യമില്ല. മരണം ഒരു താൽക്കാലിക പ്രക്രിയ മാത്രമാണെന്നും മരണമില്ലാത്ത ഒരു ജീവിതം മനുഷ്യനെ കാത്തിരിക്കുന്നുവെന്നും മനുഷ്യന്റെ സ്രഷ്ടാവ് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.

മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. മരണശേഷവും ജീവിതമുണ്ട്. അതാണ് പരലോക ജീവിതം. അവിടെ മരണമില്ല; ശാശ്വത ജീവിതമാണ്. പരലോകത്ത് രണ്ട് സങ്കേതങ്ങളാണുള്ളത്; ഒന്ന് സമാധാനത്തിന്റെയും സുഖാസ്വാദനങ്ങളുടെയും ഗേഹമായ സ്വർഗം. മറ്റൊന്ന് ചുട്ടുതിളക്കുന്ന ചൂടിന്റെയും നിത്യയാതനകളുടെയും സങ്കേതമായ നരകം.

സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും പ്രമാണങ്ങൾ പഠിപ്പിക്കുന്ന വിധിവിലക്കുകൾ അനുസരിച്ച് ജീവിതം നയിക്കുകയും ചെയ്തവർക്ക് ആഹ്ലാദ ജീവിത്തിന്റെ സങ്കേതമായ സ്വർഗം പ്രതിഫലമായി ലഭിക്കും. ദൈവ നിഷേധികൾക്കും ദൈവേതരരെ ആരാധിച്ചവർക്കും കപടവിശ്വാസികൾക്കും നിത്യയാതനയുടെ സങ്കേതമായ നരകം ലഭിക്കും.

പ്രയാസങ്ങളിൽ അടിപതറരുത്

നബി(സ്വ)യും അനുചരന്മാരും സുഖാഡംബരങ്ങളിലായിരുന്നില്ല കഴിഞ്ഞിരുന്നത്. പട്ടിണിയും പ്രയാസങ്ങളും അവർക്ക് പുത്തരിയായിരുന്നില്ല. എന്നിട്ടും അവർ സന്മാർഗത്തിൽ ഉറച്ചുനിന്നു.

ഉമർ(റ) നിവേദനം: “അല്ലാഹുവിന്റെ റസൂൽ(സ്വ) ഒരു പായയിൽ കിടക്കുകയായിരുന്നു. തിരുമേനിയുടെയും പായയുടെയും ഇടയിൽ (വിരിപ്പൊന്നും) ഉണ്ടായിരുന്നില്ല. ഈത്തപ്പന നാരുനിറച്ച തോലിന്റെ ഒരു തലയിണ അദ്ദേഹത്തിന്റെ തലക്കടിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലുകൾക്കരികിൽ തോലുകൾ ഊറക്കിടുവാൻ ഉപയോഗിക്കുന്ന പാത്രവും തലക്കരികിൽ കെട്ടിത്തൂക്കിയ തോൽസഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാളങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ പാർശ്വഭാഗത്ത് ഞാൻ കണ്ടു. അപ്പോൾ ഞാൻ കരഞ്ഞു. തിരുമേനി(സ്വ) ചോദിച്ച: ‘താങ്കളെ കരയിക്കുന്നത് എന്താണ്?’ ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, കിസ്‌റയും ക്വയ്‌സറും (അവിശ്വാസികളായിട്ടും) എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്! താങ്കൾ അല്ലാഹുവിന്റെ റസൂലായിട്ടും (എത്രമാത്രം ഭൗതികവിരക്തിയിലാണ്!). അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: ‘അവർ രണ്ടു പേർക്കും ഇഹലോക സുഖങ്ങളും താങ്കൾക്ക് പാരത്രിക വിജയവും ആകുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ലേ?’’ (ബുഖാരി, മുസ്‌ലിം).

നമ്മുടെ ഇന്നത്തെ അവസ്ഥയെന്താണ്? ഭൗതികമായ എന്തെല്ലാം സുഖസൗകര്യങ്ങൾ നമുക്കുണ്ട്! എന്നിട്ടും ദീനിന്റെ മാർഗത്തിൽ അൽപം ത്യാഗമനുഭവിക്കാൻ തയ്യാറാകുന്നവരുടെ എണ്ണം എത്ര പരിമിതമാണ്! നമുക്ക് ചുറ്റും നടക്കുന്ന ശിർക്കൻ പ്രവർത്തനങ്ങൾക്കെതിരെ കഴിവിന്റെ പരമാവധി പ്രതികരിക്കാൻ നാം ബാധ്യസ്ഥരാണ്. അതോടൊപ്പം സൽകർമങ്ങൾ വർധിപ്പിക്കാനും പാപമുക്തിക്കായി സദാ പ്രാർഥിക്കാനും നാം സന്നദ്ധരാകണം. സുന്നത്ത് നമസ്‌കാരങ്ങൾ, സുന്നത്ത് നോമ്പുകൾ, രാത്രിനമസ്‌കാരം, ക്വുർആൻ പാരായണം, ദിക്‌റുകൾ എന്നിവ കഴിവനുസരിച്ച് ജീവിതത്തിൽ പകർത്തണം. കുടുംബാംഗങ്ങളെ അതിന് പ്രേരിപ്പിക്കണം. നന്മ ഉപദേശിക്കുകയും തിന്മവിരോധിക്കുകയും ചെയ്യാൻ മടിക്കരുത്. അതിനുള്ള കൂട്ടായ സംരംഭങ്ങളിൽ പങ്കുചേരണം.

ഇപ്രകാരം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള പ്രവർത്തനങ്ങൾ നിരന്തരം ചെയ്തുകൊണ്ട് സ്വർഗം കരസ്ഥമാക്കി മരണമില്ലാത്ത ശാശ്വത ജീവിതം നേടാൻ നാം പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.