ഹിറായിലെ ആദ്യാക്ഷരങ്ങൾ!

അബ്ദുൽ മാലിക് മൊറയൂർ

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

പരിശുദ്ധ കഅ്ബയുടെ ചാരത്തുനിന്ന് ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു പർവതം കാണാം. സാമാന്യം വലിപ്പമുണ്ട്. ജബലുന്നൂർ, ജബലുൽ ഇസ്‌ലാം എന്നീ പേരുകളിലാണ് ഈ മല അറിയപ്പെടുന്നത്. മനുഷ്യചരിത്രത്തിൽ ഒരു വഴിത്തിരിവിന് സാക്ഷിയായ സ്ഥലമാണിത്. ഭൂനിരപ്പിൽ നിന്ന് ഏകദേശം 600 മീറ്റർ മുകളിലായി ആ മലയിൽ ചെറിയൊരു ഗുഹയുണ്ട്. കഷ്ടിച്ച് നാലോ അഞ്ചോ പേർക്ക് കൂടിയിരിക്കാം; അത്രയാണ് അതിന്റെ വലിപ്പം. അധികമാരും അവിടേക്ക് കയറിപ്പോകാറില്ല.

മക്കയിലെ തന്റെ ജനതയുടെ ആത്മീയ, സാംസ്‌കാരിക രംഗത്തെ അരുതായ്മകളിൽ ഖിന്നനായിരുന്നു ‘അൽഅമീൻ’ എന്ന് നാം മുമ്പ് പറഞ്ഞിരുന്നല്ലോ. മക്കയെ മുച്ചൂടും മൂടിയിരുന്ന കൂരിരുട്ടിന്റെ പുതപ്പി നുള്ളിൽനിന്ന് പുറത്തുകടക്കാൻ അവിടുന്ന് അതിയായി കൊതിച്ചിരുന്നു. അതിനായി ഉപരിസൂചിത ഗുഹയിൽ ചെന്നിരുന്ന് അദ്ദേഹം ചിന്താനിമഗ്‌നനാകുമായിരുന്നു.

എന്തോ എന്നറിയില്ല; ആറു മാസത്തോളമായി കാണുന്ന സ്വപ്നങ്ങളെല്ലാം പകൽവെട്ടം പോലെ പുലർന്നുകൊണ്ടിരിക്കുന്നു! സന്തുഷ്ട കുടുംബജീവിതം നയിക്കുന്നിടയിൽതന്നെ ഹിറാഗുഹ അദ്ദേഹത്തിന് എന്തൊന്നില്ലാത്ത ആശ്വാസം നൽകിയിരുന്നു.

ചിലപ്പോൾ അവിടെയുള്ള ഇരുത്തം ദിനങ്ങളോളം നീളും. ഭക്ഷണ പാനീയങ്ങളുമായിട്ടാണ് വീട്ടിൽ നിന്ന് പത്‌നി ഖദീജ(റ) യാത്രയാക്കാറുണ്ടായിരുന്നത് എന്നതിനാൽ ഭക്ഷണകാര്യത്തിൽ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല!

ഹിറായിൽനിന്ന് നോക്കിയാൽ മക്ക കാണാം. ആളുകൾ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ നെട്ടോട്ടത്തിലാണ്. ആട്ടിൻ പറ്റങ്ങൾ, ഒട്ടകക്കൂട്ടങ്ങൾ, ചന്തയിലെ ആരവങ്ങൾ, പൊന്തിനിൽക്കുന്ന മണൽ ക്കൂനകൾ, പുറത്തേക്ക് തലനീട്ടി നിൽക്കുന്ന കല്ലുകൾ നിറഞ്ഞ ഹരിതരഹിത മലനിരകൾ... കാഴ്ചകൾ എമ്പാടുമുണ്ട്. പക്ഷേ, തന്റെയുള്ളിൽ അലയടിക്കുന്ന ആത്മീയതയുടെ തിരമാലകളെ അടക്കി നിർത്താൻ ഈ സുന്ദരക്കാഴ്ചകൾ മതിയായിരുന്നില്ല!

അങ്ങനെയിരിക്കെയാണ് ആ സംഭവം നടന്നത്! റമദാനിലെ ഒരു പകലിന്റെ അന്ത്യം അറിയിച്ച് സൂര്യൻ അസ്തമിച്ചു! ഇരുട്ട് കൂടിവരുന്നു!

‘അൽഅമീൻ’ ഹിറായിലാണ്. കൂടെ ആരുമില്ല! രാത്രി സമയത്ത് ഒരു പർവത മുകളിലെ ഗുഹക്കുള്ളിൽ ഒറ്റക്കിരിക്കാൻ ഭയമൊന്നും അദ്ദേഹത്തിന് തോന്നുന്നില്ല! കണ്ണുകളെ ഉറക്കം സ്പർശിച്ചിട്ടില്ല! ക്ഷീണവുമില്ല!

പെട്ടെന്ന് ഒരാൾ തന്നെ അണച്ച് കൂട്ടിപ്പിടിച്ചതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു! സ്വപ്‌നമല്ല; യാഥാർഥ്യം തന്നെ! പിടുത്തത്തിന്റെ ശക്തി കൂടിവരുന്നു! കുതറാൻ പോലും കഴിയുന്നില്ല! ജീവൻ അപകടത്തിലാവുമോ എന്ന ഉൾഭയം ശക്തിപ്രാപിച്ചു!

‘ഇക്വ്‌റഅ്’ എന്ന ശബ്ദം അദ്ദേഹത്തിന്റെ കർണപുടങ്ങളിൽ ശക്തിയായി പതിച്ചു. ആ കൂരിരുട്ടിന്റെ മൗനം ഈ ശബ്ദത്തിന് ശക്തികൂട്ടിയിരുന്നു!

‘എനിക്ക് വായിക്കാനറിയില്ല’ അദ്ദേഹം മറുപടി പറഞ്ഞു.

പക്ഷേ, ആദ്യത്തേതിനെക്കാൾ കൂടുതൽ ശക്തിയായി വീണ്ടും മുഴങ്ങി: ‘ഇക്വ്‌റഅ്.’

‘എനിക്ക് വായിക്കാനറിയില്ല’ മറുപടി വീണ്ടും വന്നു.

ഇനി വായിച്ചേ മതിയാവൂ; അഞ്ച് വാക്യങ്ങൾ ‘റൂഹുൽ അമീൻ’ ‘അൽഅമീനി’ന്റെ ഹൃദയത്തിലേക്ക് പ്രവേശിപ്പിച്ചു. വല്ലാത്ത അനുഭവമാണത്. ശക്തിയേറിയ വാക്യങ്ങൾ!

ഇവ താങ്ങാൻ അദ്ദേഹത്തിന്റെ ഹൃദയത്തിന് ശക്തിയുണ്ടോ? ഉണ്ട്! കാരണം, ചെറുപ്പത്തിൽ ഒരു ‘ഹൃദയ ശുദ്ധീകരണം’ നടന്നിട്ടുണ്ട്. ഇതേ ‘റുഹുൽ അമീൻ’ വന്ന് നെഞ്ചു പിളർത്തി ഹൃദയം പുറത്തെ ടുത്ത് ശുദ്ധീകരിച്ചതാണ്.

അത് ഈ ദിനത്തിനു വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു. ആത്മീയതയുടെ അത്യുന്നതവാക്യങ്ങൾ സ്വീകരിക്കാൻ പാകത്തിൽ ഹൃദയം തരപ്പെട്ടിട്ടുണ്ട് എന്നർഥം.

സ്രഷ്ടാവിന്റെ വാക്കുകൾക്ക് വല്ലാത്ത ശക്തിയുണ്ട്! നെറ്റിത്തടം വിയർക്കുന്നുണ്ട്! മലമുകളിലെ തണുപ്പ് ഇപ്പോൾ തീരെ അറിയുന്നില്ല. ജിബ്‌രീലിന്റെ പിടിത്തം ഒട്ടും അയഞ്ഞിട്ടില്ല! അഞ്ച് വാക്യങ്ങൾ അദ്ദേഹം ഓതി. മനുഷ്യ ചരിത്രത്തിൽ പുതിയ അധ്യായം തുടങ്ങുകയാണ് ഈ അഞ്ച് സൂക്തങ്ങളിലൂടെ.

ഇരുൾ മുറ്റിയ ലോകത്തേക്ക് പ്രകാശകിരണങ്ങൾ പ്രവഹിച്ചുതുടങ്ങുന്നതിന്റെ ആരംഭം കുറിക്കുകയാണിവിടെ! ലോകം ഇനി പുതിയ വായന തുടങ്ങുകയാണ്; സ്രഷ്ടാവിന്റെ നാമത്തിലുള്ള വായന! പുസ്തകം മുന്നിൽ ഇല്ലാത്ത ആത്മീയ വായന!

ജിബ്‌രീൽ വായിച്ചു തുടങ്ങി: “സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരി ക്കുന്നു.’’

ഇത് ഓതിത്തീർന്നപ്പോൾ ജിബ്‌രീൽ പിടിത്തം അയച്ചു. ആശ്വാസം. അവിടുന്ന് വല്ലാതെ പേടിച്ചിട്ടുണ്ട് . ‘റൂഹുൽഅമീൻ’ തന്റെ ദൗത്യം കഴിഞ്ഞ് മടങ്ങി. അഞ്ച് വാക്യങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച് പ്രവാചകൻ  ﷺ  ഗുഹയിൽ ഇത്തിരിനേരം ഇരുന്നു. ഭയം കാൽവിരലുകളിലൂടെ അരിച്ചുകയറുന്നുണ്ട്.

ശേഷം സ്വഭവനത്തിലേക്ക് ഓടി. നന്നായി കിതക്കുന്നുണ്ടായിരുന്നു. വീട്ടിൽ ഭാര്യയുണ്ട്; മഹതി ഖദീജ (റ). രാത്രി സമയത്ത് കിതച്ചോടി വന്ന തന്റെ പ്രിയതമനെ തന്മയത്വത്തോടെ സ്വീകരിച്ച ആ മഹതിയുടെ മഹിത മാതൃക ചരിത്രത്തിൽ ഇന്നും ഓർമിക്കപ്പെടുന്നുണ്ട്.

നേർമയുള്ള വാക്കിൽ നെയ്‌തെടുത്ത സാന്ത്വനത്തിന്റെ പുതപ്പുകൊണ്ട് അവർ നബി ﷺ യെ മൂടി. ലോകരക്ഷിതാവിന്റെ ദിവ്യസന്ദേശം ഹൃദയത്തിൽ സ്വീകരിച്ചാണ് തന്റെ ഭർത്താവ് മടങ്ങിയെത്തിയതെ ന്ന് ആ സ്‌നേഹനിധിയായ ഇണ അറിഞ്ഞിട്ടില്ല!

റമദാനിലെ ആ രാവ് അവസാനിച്ചപ്പോൾ ചരിത്രത്തിന്റെ പുതിയ പ്രഭാതം തുടങ്ങുകയായിരുന്നു. അന്തിമ വേദഗ്രന്ഥത്തിലെ ആദ്യ അഞ്ചു വാക്യങ്ങൾ ഭൂമിയിലെത്തിയ ആദ്യ രാത്രിയായിരുന്നു അത്! ചരിത്രത്തിൽ അത് ഓർമിക്കപ്പെടുന്നത് ‘ലൈലതുൽ ക്വദ്ർ’ എന്ന പേരിലാണ്. ആയിരം രാവുകളെക്കാൾ പുണ്യം അതിനുണ്ട്!

ഇനി മുതൽ മക്കക്കാരുടെ ‘അൽ അമീൻ’ ‘അല്ലാഹുവിന്റെ ദൂതനാ’ണ്. ‘അല്ലാഹുവിന്റെ നബി’യാണ്. അജ്ഞതയുടെ ഇരുണ്ടലോകത്ത് പ്രകാശ വിപ്ലവം തുടങ്ങാൻ സമയമായപ്പോഴാണ് ഈ വെട്ടം ഹിറയിൽ വെളിപ്പെട്ടത്. ഇരുട്ടിലെ വിപ്ലവം പ്രകാശം കൊണ്ടാവണം. അജ്ഞതക്കെതിരെയുള്ള പടയോട്ടം വിജ്ഞാനം കൊണ്ടാവണം.

വിജ്ഞാനത്തിന്റെ പ്രഥമ വാതിലാണ് വായന. അതുകൊണ്ട് തന്നെ അന്തിമ വേദഗ്രന്ഥത്തിലെ ആദ്യ വചനങ്ങൾ വായനക്ക് ആഹ്വാനം ചെയ്തുകൊണ്ടാണ് തുടങ്ങുന്നത്. വിജ്ഞവിപ്ലവത്തിന്റെ ആദ്യക്ഷരങ്ങൾ എന്തുമാത്രം ചന്തമേറിയതാണെന്ന് ഇത് തെളിയിക്കുന്നു.

നബി ﷺ ക്ക് നടത്താനുള്ള ധർമസമരത്തിന്റെ നയപ്രഖ്യാപനമാണ് പ്രഥമ പഞ്ചവചനങ്ങളിലുള്ളത്. സ്രഷ്ടാവിനെക്കുറിച്ച് പഠിപ്പിച്ച്, ചിന്തയുടെ വാതിലുകൾ തുറന്ന്, പേനകൊണ്ട് ജ്ഞാനമാർഗം തുറക്കുന്ന അഞ്ച് വാക്യങ്ങളാണ് അവ.

വായിക്കുക എന്ന നിർദേശം രണ്ടുതവണ ആവർത്തിക്കപ്പെട്ടു, അഞ്ചു വാക്യങ്ങളിൽ രണ്ടു വാക്യങ്ങൾ തുടങ്ങുന്നതുതന്നെ വായന ഓർമപ്പെടുത്തിയാണ്! റബ്ബ് രണ്ടുതവണ സ്മരിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിപ്പും തഥൈവ. ‘മനുഷ്യൻ’ എന്നർഥമുള്ള ‘ഇൻസാൻ’ എന്ന പദം രണ്ടു പ്രാവശ്യം ആവർത്തിച്ചു. ‘പേന’ ഒരു തവണയും ‘പഠിപ്പിച്ചു’ എന്നർഥമുള്ള ‘അല്ലമ’ എന്ന പദം രണ്ടുതവണയും ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു! അഞ്ചു വാക്യങ്ങളിൽ വിജ്ഞാനം നിറച്ചുവച്ചിരിക്കുന്നു എന്നർഥം!

മനുഷ്യസൃഷ്ടിപ്പിന്റെ പ്രഥമ രൂപമായ ‘അലകി’നെ കുറിച്ചും ഇതിൽ പറഞ്ഞിരിക്കുന്നു. സത്യത്തിൽ ഈ പഞ്ച വചനങ്ങൾ ഒരു മഹാത്ഭുതം തന്നെയാണ്! വിജ്ഞാനത്തിന്റെ വിത്തുകൾ ഈ വിധം ഭംഗിയായി വിതക്കാൻ സ്രഷ്ടാവിനല്ലാതെ മറ്റാർക്ക് കഴിയും! അറ്റമില്ലാത്ത വിജ്ഞാനത്തിന്റെ ആദ്യക്ഷരങ്ങൾ സ്രഷ്ടാവിൽനിന്നു നേടിയ ഒരു വ്യക്തി ലോകത്തിന്റെ നെറുകയിലെത്തില്ലേ? തീർച്ചയായും!

അതെ, ഹിറയിൽനിന്ന് പഠിച്ച ആദ്യാക്ഷരങ്ങളുമായി പ്രവാചകൻ  ﷺ  ലോകത്തിന്റെ നെറുകയിലേക്ക് യാത്രയാരംഭിക്കുകയാണ്. വെളിച്ചം വിതറിയ ആ യാത്രയുടെ ഭംഗി വാക്കുകൾക്കതീതമാണ്.