വഴികേടിേലക്ക് വഴിതേടുന്നവര്‍

അബ്ദുല്‍ മുസ്വവ്വിര്‍

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

സമൂഹത്തില്‍ വ്യാപിച്ചിട്ടുള്ള കള്ളക്കഥകളും സംശയങ്ങളുമാണ് പല ആളുകളും വഴിപിഴക്കാനുള്ള കാരണം. തങ്ങളുടെ ശിര്‍ക്കിനെയും വഴിപിഴവിനെയും ഏറ്റുപിടിക്കാന്‍ ഇത്തരം കള്ളത്തരങ്ങളെ അവര്‍ പ്രമാണങ്ങളായി കൊണ്ടുനടക്കുകയും അതിനെ അവലംബിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയല്‍ അനിവാര്യമായിത്തീരുകയാണ്.

അല്ലാഹു പറയുന്നു: ‘‘അതായത് നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കുവാനും ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടി. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (അല്‍അന്‍ഫാല്‍ 42).

മുന്‍കാലങ്ങളിലെ മുശ്‌രിക്കുകള്‍ പറഞ്ഞിരുന്ന ന്യായീകരണവും ആധുനിക മുശ്‌രിക്കുകള്‍ പറയുന്ന ന്യായീകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. അവ കാണുക:

1) എല്ലാ കാലത്തെയും മുശ്‌രിക്കുകള്‍ ഒരുപോലെ പറഞ്ഞ ഒരു ന്യായീകരണമാണിത്. അതായത് ഞങ്ങളീ വിശ്വാസം സ്വീകരിച്ചത് ഞങ്ങളുടെ പൂര്‍വപിതാക്കളില്‍ നിന്നാണെന്നുള്ള വാദം. ഇത് അന്നും ഇന്നും നിലവിലുള്ള ഒന്നാണ്. അല്ലാഹു പറയുന്നു:

‘‘ഏതൊരു രാജ്യത്ത് നിനക്ക് മുമ്പ് നാം താക്കീതുകാരനെ അയച്ചപ്പോഴും ‘ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു' എന്ന് അവിടെയുള്ള സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല'' (അസ്സുഖ്‌റുഫ് 23).

തങ്ങളുടെ വാദത്തിന് തെളിവ് നിരത്താന്‍ കഴിയാതെ വരുമ്പോള്‍ ഉന്നയിക്കുന്ന ദുര്‍ബല ന്യായമാണിത്. കാരണം ഇവര്‍ പിന്‍പറ്റുന്ന ഇവരുടെ പൂര്‍വപിതാക്കള്‍ നേര്‍മാര്‍ഗത്തിലായിരുന്നില്ല. അ തുകൊണ്ട് അവരെ അനുകരിക്കാനും പിന്‍പറ്റാനും പറ്റുകയില്ല. ഇത്തരക്കാര്‍ക്കുള്ള മറുപടിയായി അല്ലാഹു പറയുന്നു:

‘‘അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ അതിനെക്കാള്‍ നല്ല മാര്‍ഗം കാണിച്ചുതരുന്ന ഒരു സന്ദേശം കൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ അനുകരിക്കുകയോ?)'' (അസ്സുഖ്‌റുഫ് 24).

‘‘അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും സ ന്മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ?)'' (അല്‍മാഇദ 104).

‘‘അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍പറ്റുകയാണോ?)'' (അല്‍ബക്വറ 170).

പൂര്‍വ പിതാക്കള്‍ സത്യത്തിന്റെ മാര്‍ഗത്തിലാണെങ്കില്‍ അത്തരം നല്ല കാര്യങ്ങളിലാണവരെ പിന്തുടരേണ്ടത്. യൂസുഫ് നബി(അ) പറയുന്നു:

‘‘എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യ അ്ക്വൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെ യും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല'' (യൂസുഫ് 38).

അല്ലാഹു വീണ്ടും പറയുന്നു: ‘‘ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്'' (അത്ത്വൂര്‍ 21).

ഈ ഒരു ന്യായം പറഞ്ഞുകൊണ്ടായിരുന്നു മുന്‍ഗാമികളായ മുശ്‌രിക്കുകള്‍ പ്രവാചകന്‍മാരെ എതിര്‍ത്തിരുന്നത്:

‘‘നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് ദൂതനായി അയക്കുകയുണ്ടായി. എന്നിട്ടദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളെ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?' അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ‘ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളെക്കാളുപരിയായി അവന്‍ മഹത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ (ദൂതന്മാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടില്ല'' (അല്‍മുഅ്മിനൂന്‍ 23,24).

സ്വാലിഹ് നബി(അ)യുടെ സമൂഹം പറഞ്ഞു:

‘‘ഞങ്ങളുടെ പിതാക്കന്മാര്‍ ആരാധിച്ചുവരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ?'' (ഹൂദ് 62).

ഇബ്‌റാഹീം നബി(അ)യുടെ സമൂഹം പറഞ്ഞു:

‘‘..അല്ല ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞ ങ്ങള്‍ കണ്ടിരിക്കുന്നു (എന്ന് മാത്രം)''  (അശ്ശുഅറാഅ് 74).

ഫിര്‍ഔന്‍ മൂസാനബി(അ)യോട് പറയുന്നു:

‘‘അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍തലമുറകളുടെ അവസ്ഥയെന്ത്?'' (ത്വാഹാ 51).

മക്കാ മുശ്‌രിക്കുകള്‍ പറഞ്ഞ തും ഇതില്‍നിന്നും വ്യത്യസ്തമല്ല:

‘‘അവസാനത്തെ മതത്തില്‍ ഇതിനെപ്പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു''  (അസ്സ്വാദ് 7).

2) 'ലാഇലാഹ ഇല്ലല്ലാഹു' എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ സ്വര്‍ഗ പ്രവേശത്തിന് അതുമതി എന്നാണ് ക്വബ്‌റാരാധകര്‍ മനസ്സിലാക്കിവച്ചിട്ടുള്ളത്. ‘ലാഇലാഹ ഇല്ലല്ലാഹു' എന്ന് ഉച്ചരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പിന്നെ എന്തും ചെയ്യാം; കുഫ്‌റ് അഥവാ സത്യനിഷേധം സംഭവിക്കില്ല എന്നൊക്കെയാണവരുടെ വിശ്വാസം. രണ്ടു സാക്ഷ്യവചനങ്ങള്‍ (ശഹാദത്ത് കലിമ) ഉച്ചരിച്ചവര്‍ക്ക് നരകം നിഷിദ്ധമാണെന്ന ഹദീഥുകളുടെ ബാഹ്യാര്‍ഥത്തിലൂടെയാണ് ഈ തെറ്റുധാരണ കടന്നുവന്നത്. യഥാര്‍ഥത്തില്‍ ഈ ഒരു ഹദീഥ് മാത്രമല്ല, ഈ വിഷയത്തിലുള്ളത്. മറ്റു ഹദീഥുകളെയും ഇതുമായി ബന്ധപ്പെടത്തണം. അതായത് 'ലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞാല്‍' എന്നതുകൊണ്ടുദ്ദേശിക്കുന്നത് മനസ്സുകൊണ്ട് അതിന്റെ ആശയത്തില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്യുക എന്നതാണ്.

കപടവിശ്വാസികളും നാവു കൊണ്ട് ‘ലാഇലാഹ ഇല്ലല്ലാഹു' എന്ന് പറയും. അവരാകട്ടെ നരകത്തിന്റെ അടിത്തട്ടിലുമായിരിക്കും. ഈ വാക്ക് അറിയിക്കുന്ന വിശ്വാസം അവരുടെ ഹൃദയങ്ങളിലില്ലാത്തതുകൊണ്ട് പുറമേക്കുള്ള ഉച്ചാരണം അവര്‍ക്കൊരു ഗുണവും ചെയ്യുന്നില്ല എന്നര്‍ഥം.

നബി ﷺ പറഞ്ഞു: ‘‘ആരെങ്കിലും 'ലാഇലാഹ ഇല്ലല്ലാഹു' എന്ന് പറയുകയും അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താല്‍ അവന്റെ രക്തവും ധനവും പവിത്രമായി. അവന്റെ വിചാരണ അല്ലാഹുവിന്റെ അടുക്കലാണ്'' (മുസ്‌ലിം).

 ഇവിടെ രണ്ട് കാര്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ് നബി ﷺ ഒരു വ്യക്തിയുടെ ധനവും രക്തവും പവിത്രമാക്കുന്നത്. ഒന്ന്, ലാഇലാഹ ഇല്ലല്ലാഹു എന്ന വാക്ക്. രണ്ട്, അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുക. ഇതില്‍ ആദ്യത്തേതില്‍ മാത്രം മതിയാക്കിയില്ല പ്രവാചകന്‍ ﷺ . അപ്പോള്‍ ‘ലാഇലാഹ ഇല്ലല്ലാഹ്' പറയുകയും എന്നാല്‍ മരണപ്പെട്ടവരെ ആരാധിക്കുന്ന പ്രവണത ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ ആ പദം ഉച്ചരിക്കുന്നതുകൊണ്ട് ഒരുത്തന്റെ ധനവും രക്തവും പവിത്രമാകുന്നില്ല.

3) ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന് അംഗീകരിക്കുന്ന മുഹമ്മദ് നബി ﷺ യുടെ ഈ സമുദായത്തില്‍ ശിര്‍ക്ക് ഉണ്ടാവുകയില്ല എന്നതാണ് മറ്റൊരു ന്യായം. മരിച്ചുപോയവരെ വിളിച്ച് പ്രാര്‍ഥിക്കുന്നതും ക്വബ്‌റിടങ്ങളില്‍വച്ച് ഇവര്‍ കാട്ടിക്കൂട്ടുന്നതും ശിര്‍ക്കല്ലെന്നാണിവരുടെ വാദം.

ജൂതന്മാരെയും ക്രിസ്ത്യാനികളെയും മാതൃകയാക്കിക്കൊണ്ട് അവര്‍ ചെയ്തിരുന്ന കാര്യം ഈ സമൂഹത്തിലുമുണ്ടാകുമെന്ന് നബി ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ പെട്ടതാണ് പണ്ഡിത-പുരോഹിതന്മാരെ റബ്ബുകളായി സ്വീകരിക്കുക എന്നത്. എന്റെ ഉമ്മത്തിലെ ഒരു വിഭാഗം മുശ്‌രിക്കുകളുമായി ചേരുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല എന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. എന്റെ ഉമ്മത്തില്‍ ബിംബാരാധന പുനര്‍ജനിക്കുമെന്ന് പ്രവാചകന്‍ ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സമൂഹത്തില്‍ ശിര്‍ക്കുണ്ടായിട്ടുണ്ട്. കര്‍മങ്ങളെ തകര്‍ത്തുകളയുന്ന, ഇസ്‌ലാമില്‍നിന്ന് പുറത്തുപോകുന്ന പ്രവര്‍ത്തനങ്ങള്‍ ആളുകള്‍ ചെയ്തിട്ടുണ്ട്. അവരും ‘ലാഇലാഹ ഇല്ലല്ലാഹ്...' എന്ന് പറഞ്ഞിട്ടുമുണ്ട്.

4) പരലോകത്ത് നടക്കുന്ന ശഫാഅത്താണ് (ശിപാര്‍ശ) മറ്റൊരു കാരണം. അല്ലാഹുവിന്ന് പുറമെ വിളിച്ച് പ്രാര്‍ഥിക്കുന്ന ഔലിയാക്കന്മാരും സ്വാലിഹുകളും ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരണമെന്ന് ഞങ്ങളുദ്ദേശിക്കുന്നില്ല. മറിച്ച് അല്ലാഹുവിന്റെയടുക്കല്‍ ഞങ്ങള്‍ക്കുവേണ്ടി അവര്‍ ശിപാര്‍ശ ചെയ്യാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. കാരണം അവര്‍ നല്ലവരാണ്. അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവരാണ്. ഇതാണ് ഇവരുടെ ന്യായീകരണം.

ഇതുതന്നെയാണ് മക്കാമുശ്‌രിക്കുകളും പറഞ്ഞിരുന്നത്: ‘‘അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു'' (യൂനുസ് 18).

ശഫാഅത്ത് സത്യമാണ്. പക്ഷേ, അതിന്റെ പൂര്‍ണ അധി കാരം അല്ലാഹുവിന് മാത്രമാണ്. ‘‘(നബിയേ) പറയുക, അല്ലാഹുവിനാകുന്നു ശഫാഅത്ത് മുഴുവന്‍'' (അസ്സുമര്‍ 44).

 അതുകൊണ്ട് ശഫാഅത്ത് ചോദിക്കേണ്ടത് അല്ലാഹുവോടാണ്; മരിച്ചവരോടല്ല. നബിമാരോടോ മലക്കുകളോടോ ശിപാര്‍ശ തേടാന്‍ അല്ലാഹു അനുമതി നല്‍കിയിട്ടില്ല. അല്ലാഹുവിന്റെ മാത്രം ഉടമസ്ഥതയിലുള്ള കാര്യമാണത്. അവനോടാണത് ചോദിക്കേണ്ടത്. എങ്കിലേ ശിപാര്‍ശ ചെയ്യുന്ന വ്യക്തിക്ക് അല്ലാഹു അനുമതി നല്‍കൂ. ഈ ലോകത്ത് നടക്കുന്നത് പോലുള്ള ഒരു ശിപാര്‍ശയല്ല പരലോകത്ത്. ഇവിടെ ശിപാര്‍ശ നടത്തിയാല്‍ അത് സ്വീകരിക്കാന്‍ പലപ്പോഴും അവര്‍ നിര്‍ബന്ധിതരാണ്. കാരണം, അവര്‍ക്കും ഈ ശിപാര്‍ശക്കാരെ ആവശ്യമുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ അനുമതിയോടും തൃപ്തിയോടുംകൂടിയല്ലാത്ത ആരുടെയും ശിപാര്‍ശ ആര്‍ക്കുവേണ്ടിയും സ്വീകരിക്കപ്പെടുന്നതല്ല. അങ്ങനെ ഒരു ശിപാര്‍ശ നടക്കുകയുമില്ല.

‘‘ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്! അവരുടെ ശിപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക്(ശുപാര്‍ശക്ക്) അനുവാദം നല്‍കിയതിന്റെ ശേഷമല്ലാതെ'' (അന്നജ്‌മ് 26).

5) വലിയ്യുമാര്‍ക്കും സജ്ജനങ്ങള്‍ക്കും അല്ലാഹുവിന്റെയടുക്കല്‍ പ്രത്യേകമായ സ്ഥാനമുണ്ട്. അതുകൊണ്ട് അവരുടെ ജാഹുകൊണ്ട് ചോദിക്കാം; ഇതാണ് മറ്റൊരു വാദം.

യഥാര്‍ഥത്തില്‍ എല്ലാ സത്യവിശ്വാസികളും അല്ലാഹുവിന്റെ വലിയ്യുകളാണ്. എന്നാല്‍ ഇന്ന വ്യക്തി അല്ലാഹുവിന്റെ വലിയ്യാണെന്ന് ഖണ്ഡിതമായി പറയാന്‍ ക്വുര്‍ആനില്‍നിന്നോ ഹദീഥില്‍നിന്നോ തെളിവ് വേണം. ഇനി ക്വുര്‍ആന്‍കൊണ്ടും സുന്നത്തുകൊണ്ടും ഒരാളുടെ വിലായത്ത് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ തന്നെ അയാളുടെ കാര്യത്തില്‍ അതിരുകവിയാനും അയാളെക്കൊണ്ട് ബറകത്തെടുക്കാനും നമുക്ക് പാടുള്ളതല്ല. കാരണം അത് ശിര്‍ക്കിലേക്കുള്ള മാര്‍ഗമാണ്. നമുക്കും അല്ലാഹുവിന്നുമിടയില്‍ ഇടയാളന്മാരില്ലാതെ അല്ലാഹുവോട് നേരിട്ട് പ്രാര്‍ഥിക്കാനാണ് നമ്മോട് കല്‍പിച്ചിട്ടുള്ളത്. അല്ലാഹുവിനും സൃഷ്ടികള്‍ക്കുമിടയില്‍ മധ്യവര്‍ത്തികളെ സ്വീകരിച്ചുകൊണ്ട് അവരുടെ ജാഹ്‌കൊണ്ട് പ്രാര്‍ഥിക്കുവാന്‍ മുമ്പ് മുശ്‌രിക്കുകള്‍ കണ്ടെത്തിയ ന്യായങ്ങളെ അല്ലാഹു എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്.