ജീവിതവിശുദ്ധിയുടെ ഇസ്‌ലാമിക പാഠങ്ങൾ

ഉസ്മാന്‍ പാലക്കാഴി

2022 മെയ് 21, 1442 ശവ്വാൽ 19

(ഭാഗം: 03)

ഒരു മനുഷ്യന്ന് സ്വന്തം മാനസാന്തരത്തെ തന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള ദൃഢചിത്തതയുണ്ടെങ്കിൽ ദൈവിക കടാക്ഷത്തിന്റെ കവാടം അവന് നിഷേധിക്കപ്പെടുന്നില്ല. സ്രഷ്ടാവിന്റെ വിട്ടുവീഴ്ചയും ഔദാര്യവും പരിവർത്തനോന്മുഖമായ ഏതൊരു മനസ്സിനെയും ശക്തിപ്പെടുത്തുന്നതും സാന്ത്വനിപ്പിക്കുന്നതുമാണ്.

അല്ലാഹു പറയുന്നു: “അവർ പ്രവർത്തിച്ചതിൽനിന്ന് ഏറ്റവും ചീത്തയായതുപോലും അല്ലാഹു അവരിൽനിന്ന് മായ്ച്ചുകളയും. അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായതനുസരിച്ച് അവർക്കവൻ പ്രതിഫലം നൽകുകയും ചെയ്യും’’ (ക്വുർആൻ 39:35).

ചെറിയ തെറ്റുകൾ ക്ഷമിക്കുകയും വലിയ തെറ്റുകൾ മാപ്പാക്കാതിരിക്കുകയും ചെയ്യുക എന്നത് സൃഷ്ടികളുടെ ശീലമാണ്. എന്നാൽ സ്രഷ്ടാവ് ഏറ്റവുംവലിയ തെറ്റുകൾപോലും ക്ഷമിക്കുകയും മനുഷ്യരാശിക്ക് അവരുടെ വ്യക്തി-സമൂഹ ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പാപമോചനത്തിന്നവരെ അർഹരാക്കുകയും ചെയ്യും. ഏറ്റവും ഉത്തമമായതനുസരിച്ച് പ്രതിഫലം നിശ്ചയിക്കുന്ന സ്രഷ്ടാവ് ചീത്തയായ പ്രവൃത്തിയെ മായ്ച്ചുകളയുകയാണ് ചെയ്യുന്നത്. പാപമോചനത്തിനായുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യൻ തന്റെ പ്രവൃത്തികളെ പു നഃക്രമീകരിക്കുകയാണിതിന്ന് ആവശ്യം.

“എന്നാൽ പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തവർ ഇതിൽനിന്ന് ഒഴിവാകുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല’’ (ക്വുർആൻ 19:60).

പശ്ചാത്താപവും വിശ്വാസവും സൽപ്രവൃത്തിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ വചനത്തിന്റെ പൊരുൾ. വിശ്വാസജന്യമായ പ്രവൃത്തിയിലൂടെയാണ് പശ്ചാത്താപം സാധൂകരിക്കപ്പെടു ന്നത്. തെറ്റുകളുടെയും തിന്മകളുടെയും സ്വാധീനത്തിൽനിന്നുള്ള മോചനമാർഗങ്ങളാണ് സൽപ്രവർത്തനങ്ങൾ. മാനസികമായി പരിവർത്തനം സംഭവിച്ചുകഴിഞ്ഞാൽ ബാഹ്യമായ പരിവർത്തനവും സ്വാഭാവികമാണ്. ഹൃദയം മലിനമായിരിക്കുമ്പോൾ മലിനവൃത്തികൾ ചെയ്യുന്നതുപോലെ, ഹൃദയം യഥാർഥത്തിൽ പരിവർത്തിതമായിക്കഴിഞ്ഞുവെങ്കിൽ പ്രവർത്തനങ്ങളും പരിവർത്തിതമായിത്തീരുകതന്നെ ചെയ്യും.

“പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാർക്ക് അല്ലാഹു തങ്ങളുടെ തിന്മകൾക്ക് പകരം നന്മകൾ മാറ്റി കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു. വല്ലവനും പശ്ചാത്തപിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായനിലയിൽ മടങ്ങുകയാണ് അവൻ ചെയ്യുന്നത്’’ (25:70-71).

മനുഷ്യൻ പാപവൃത്തികളുടെ മാർഗത്തിലൂടെ സ്രഷ്ടാവിൽനിന്ന് അകന്നുപോയാൽ, സ്രഷ്ടാവിന്റെ പ്രീതി വീണ്ടെടുക്കാനുള്ള മാർഗം പശ്ചാത്താപമാണ്. പശ്ചാത്താപമെന്നത് ഉപരിപ്ലവമായിട്ടുള്ള ഏറ്റുപറച്ചിലോ കുമ്പസാരം പോലുള്ള ചടങ്ങുകളോ അല്ല. തന്റെ വ്രണിതഹൃദയവും തപിക്കുന്ന മനസ്സും സ്രഷ്ടാവിനു മുന്നിൽ തുറന്നുവച്ച് ചെയ്തുപോയ തിന്മകളിൽനിന്നുമുള്ള എന്നെന്നേക്കുമുള്ള അകൽച്ചയുടെയും വിശ്വാസദാർഢ്യതയുള്ള തീരുമാനം സ്രഷ്ടാവിനെ അറിയിച്ചുകൊണ്ട് സ്വന്തം പ്രവർത്തനങ്ങളെ ദൈവികതാൽപര്യങ്ങൾക്കനുസൃതമായി പുനഃക്രമീകരിക്കുക എന്നതാണ് പശ്ചാത്താപം. ആത്മാർഥമായ ഖേദം, തുടർന്നുള്ള നല്ലജീവിതം എന്നീ ഘടകങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള വായകൊണ്ടുള്ള ഏറ്റുപറച്ചിൽ പശ്ചാത്താപമായിരിക്കില്ല.

പരിവർത്തനത്തിനും ജീവിത വിശുദ്ധികൈവരിക്കുന്നതിനുമുള്ള ക്വുർആനിന്റെ ആഹ്വാനം വ്യക്തവും ശക്തവുമാണ്. ജീവിതത്തെ അതിന്റെ കൃത്യവും വ്യക്തവുമായ സരണിയിലൂടെ മുന്നോട്ടുനയിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണ് പശ്ചാത്താപത്തിലൂടെയും ജീവിതവിമലീകരണത്തിലൂടെയും വ്യക്തികൾ ചെയ്യുന്നത്. ഇത്തരമൊരു പശ്ചാത്താപം സ്വയം വീണ്ടെടുപ്പാണ്.

ഒരു വലിയ ഭാഗ്യത്തിന് മനുഷ്യനെ അർഹനാക്കുവാൻ കഴിയുന്നതാണ് പശ്ചാത്താപം. ക്വുർആനിന്റെ വിവിധ സമൂഹങ്ങളുടെയും ജനവിഭാഗങ്ങളുടെയും കഥകളും സംഭവങ്ങളും ചൂണ്ടിക്കാട്ടിയുള്ള പ്രഖ്യാപനങ്ങളിലും പരലോകത്തെക്കുറിച്ചും സ്വർഗനരകങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളിലുമെല്ലാം ദുർവൃത്തരും വഴിതെറ്റിയവരുമായ ജനവിഭാഗങ്ങളോടുള്ള തിരിച്ചുവരവിന്റെ ആഹ്വാനങ്ങൾ കാണാം. ധിക്കാരികളായ ജനവിഭാഗങ്ങളുടെയും വ്യക്തികളുടെയും ദൃഷ്ടാന്തങ്ങളും ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കുമ്പോൾ ‘നിങ്ങൾ അവരെപ്പോലെയാകരുത്’ എന്ന താക്കീത് അതിലടങ്ങിയിട്ടുണ്ട്. മുസ്‌ലിം കുടുംബങ്ങളിൽ ജനിച്ച് വളരുന്നവർക്ക് അവരുടെ മതപരമായ മാർഗദർശനത്തിന് അവലംബിക്കാനുള്ള ഗ്രന്ഥം എന്ന നിലയിൽ മാത്രമല്ല, ആഗോള മാനവതയെ ജാതിമതവർഗവർണഭാഷദേശങ്ങൾക്കതീതമായി സ്രഷ്ടാവിന്റെ വഴിയിലേക്ക് നയിക്കുന്ന വിമോചനത്തിന്റെ വഴികാട്ടി എന്ന നിലയിൽകൂടിയാണ് ക്വുർആൻ സ്വീകരിക്കപ്പെടേണ്ടത്.

മനുഷ്യസ്വഭാവത്തിൽ അതീവഗാഢമായി സ്ഥിതിചെയ്യുന്ന നിരവധി ജന്മാർജിത പ്രവണതകളെക്കുറിച്ച് ആധുനിക വ്യക്തിപഠനങ്ങൾ സൂചിപ്പിക്കുണ്ട്. ഈ പ്രവണതകളെ നന്മതിന്മകളുടെ വഴികളിലേക്ക് തിരിച്ചുവിടുന്നത് ജീവിതസാഹചര്യങ്ങളും പ്രവർത്തന മേഖലകളുമാണ്. ഇവയുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധ പാലിക്കുവാൻ വ്യക്തികൾക്ക് ബാധ്യതയുണ്ട്. എത്രതന്നെ ശ്രദ്ധിച്ച് ജീവിച്ചാലും സാഹചര്യങ്ങളുടെ സമ്മർദമോ, ദേഹേച്ഛകളുടെ പ്രേരണയോ തിന്മകളിൽ അകപ്പെടുത്തിയെന്നുവരാം. ഇത്തരം ഘട്ടങ്ങളിൽ സ്വയം വീണ്ടെടുപ്പിനും നന്മയിലേക്കുള്ള തിരിച്ചുപോക്കിനും ശക്തമായ വഴികാട്ടിയാണാവശ്യം. ക്വുർആൻ പോലെ ഇക്കാര്യത്തിൽ ഫലപ്രദമായ മറ്റൊരു വഴികാട്ടിയും മനുഷ്യരാശിക്ക് ലഭ്യമല്ല.

വ്യക്തിയെ ഭൂതകാലത്തിൽനിന്ന് പൂർണമായും വേർതിരിക്കുകയും പുതിയൊരു സരണിയിലുടെ ജീവിതത്തെ നയിക്കാനുള്ള പ്രേരണ അയാളിൽ ചെലുത്തുകയും ചെയ്തുകൊണ്ട് വിമലീകരണത്തിന്റെ പ്രായോഗിക പദ്ധതി ക്വുർആൻ അവതരിപ്പിക്കുന്നു. ക്വുർആനിന്റെ ഭാഷയിലെ പശ്ചാത്താപം, വ്യക്തികൾ സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ് വിലപിക്കുന്ന ബലഹീനത മാത്രമല്ല, വിശുദ്ധീകരണത്തിന്റെ വഴിയിലൂടെ സ്വന്തം വ്യക്തിത്വത്തെ പുതുക്കിപ്പണിയുന്ന ഒരു മാനസിക പ്രവർത്തനം കൂടിയാണ്. വിശ്വാസ പാന്ഥാവിലുള്ള അചഞ്ചലമായ ബോധ്യമാണ് ആ മാനസിക പ്രവർത്തനത്തിന്റെ അടിത്തറ. പുതിയ ജീവിതപാതയിലൂടെ മുന്നേറാനുള്ളഒരുക്കമാണ് അതിന്റെ ഫലം. പുതിയ വ്യക്തിയും പുതിയജീവിതവും അതുവഴി ജീവിതത്തെ അർഥവത്താക്കുന്ന ശരിയായ വിമോചനവുമാണ് ക്വുർആൻ നിർദേശിക്കുന്നത്. ജീവിതവിമലീകരണത്തിനാവശ്യമായ ഏറ്റവും പ്രായോഗിക മാർഗദർശനമാണ് ക്വുർആൻ നൽകുന്നത്. അത് സ്വീകരിക്കാനുള്ള സന്നദ്ധതയോടെ വ്യക്തികൾ സമീപിക്കണമെന്നു മാത്രം.