പ്രഭാഷകന്റെ പാഥേയം

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

പ്രസംഗം ഒരു കലയാണ്. ചിലർക്കത് ജന്മനാൽ കിട്ടുന്ന കഴിവാണ്. അങ്ങനെ വളർന്നുവരുമ്പോൾ നന്നായി പ്രസംഗിക്കാൻ കഴിവുള്ളവർ മനുഷ്യരുടെ കൂട്ടത്തിലുണ്ടാവും. എന്നാൽ നന്നായി പ്രസംഗിക്കാനാഗ്രഹിച്ച്, അതിനുവേണ്ടി നിരന്തരം പരിശ്രമിച്ചും പരിശീലനം നടത്തിയും നല്ല പ്രഭാഷകരാകുന്നവരുമുണ്ട്.

സോഷ്യൽ മീഡിയ അടക്കിവാഴുന്ന വർത്തമാനകാലത്ത് തന്റെ ഒരു ചെറുപ്രസംഗമെങ്കിലും അതിലൂടെ പങ്കുവെക്കാത്തവർ വളരെ വിരളമാണ്. ആർക്കും ആരുടെയും പ്രസംഗം കേൾക്കാൻ പാകത്തിൽ ഇന്ന് യൂട്യൂബിന്റെ സെർച്ച് എൻഞ്ചിനിൽ സംവിധാനമുണ്ട്. സരസമായി പ്രസംഗിക്കുന്നവരും, തീപ്പൊരിപ്രസംഗം നടത്തുന്നവരും, ആത്മീയ പ്രഭാഷകരും, കഴമ്പില്ലെങ്കിലും വാചാലമായി സംസാരിക്കുന്നവരുമൊക്കെയായി ഒട്ടേറെ പ്രസംഗകർ നാട്ടിലുണ്ട്.

പ്രസംഗിക്കാനാഗ്രഹിക്കുന്ന ഏതൊരുവന്റെ മനസ്സിലുമുള്ള ആഗ്രഹമായിരിക്കും ഒരു നല്ല പ്രസംഗകനാകണം എന്നത്. അതിന് എന്തൊക്കെയാണ് വേണ്ടത്? അതിനുതകുന്ന ഏതാനും ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

1. അറിവ്

ഒരു പ്രഭാഷകന് അനിവാര്യമായും ഉണ്ടാകേണ്ട ഒന്നാണ് താൻ പ്രസംഗിക്കുന്ന വിഷയത്തെ സംബന്ധിച്ച് ഗഹനമായ അറിവുണ്ടായിരിക്കുക എന്നത്. അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ പാടില്ല. തന്നെ കേൾക്കുന്ന ശ്രോതാക്കളിൽ താൻ പ്രസംഗിക്കുന്ന വിഷയത്തെ സംബന്ധിച്ച ഉത്തമ ബോധമുള്ളവരുണ്ടെങ്കിൽ അജ്ഞത നിറഞ്ഞ ആ പ്രസംഗത്തെ എങ്ങനെയായിരിക്കും അവർ വിലയിരുത്തുക? പിന്നീട് അത്തരം പ്രഭാഷകർക്ക് പ്രസംഗിക്കാനുള്ള അവസരം നഷ്ടപ്പെടാനും അത് കാരണമാകും. വായിൽ തോന്നിയതെല്ലാം വിളിച്ചുപറയുന്നതാവരുത് പ്രസംഗം. മറിച്ച് പ്രസംഗിക്കുന്ന വിഷയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ടായിരിക്കണം പ്രസംഗിക്കേണ്ടത്. ഒരു വിഷയത്തെ സംബന്ധിച്ച് സംസാരിക്കുമ്പോൾ അതിന്റെ നാനാവശങ്ങളും മനസ്സിലാക്കണം. ആ വിഷയത്തിൽ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടാൽ അതിന് മറുപടി പറയാൻ പ്രാപ്തനാകും വിധം അതിനെക്കുറിച്ച് അറിവുണ്ടായിരിക്കണം. തന്റെ വിവരമില്ലായ്മ മുഴുവൻ കേൾക്കാനും അംഗീകരിക്കാനും ഇവിടെ ശ്രോതാക്കളുണ്ടെന്ന ചിന്ത വിവരമില്ലായ്മയെ അലങ്കാരമായി കൊണ്ടുനടക്കുന്നവരിലേ ഉണ്ടാകൂ. തന്റെ മുമ്പിലുള്ളവരും തന്നെ കേൾക്കുന്നവരുമായവരിൽ പലരും തന്നെക്കാൾ അറിവുള്ളവരായിരിക്കുമെന്ന ഉത്തമ ബോധ്യവും ബോധവും ഒരു പ്രസംഗകനുണ്ടാകണം.

2. വായന, പഠനം

പ്രസംഗിച്ചുകൊണ്ടിരിക്കുന്നവരും പ്രസംഗിക്കാനാഗ്രഹിക്കുന്നവരും പ്രസംഗം പരിശീലിക്കുന്നവരും ഒരുപോലെ നിർവഹിക്കേണ്ടതാണ് നിരന്തരം വായിക്കുക, പഠിക്കുക എന്നുള്ളത്. അന്തിമ പ്രവാചകനിലൂടെ അവതരിക്കപ്പെട്ട അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ. അതിന്റെ അവതരണംതന്നെ വായനയുടെയും പഠനത്തിന്റെയും പ്രാധാന്യം അറിയിച്ചുകൊണ്ടുള്ളതാണ്.

“സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവുംവലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു’’ (96:1-5).

വിശുദ്ധ ക്വുർആനിൽ ആദ്യമായി അവതരിച്ച സൂക്തങ്ങളിൽ മനുഷ്യരോടുള്ള അല്ലാഹുവിന്റെ കൽപന സൃഷ്ടിച്ചവനായ രക്ഷിതാവിന്റെ നാമത്തിൽ വായിക്കാനാണ് എന്നത് എഴുത്തിനും വായനക്കും മതം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതപഠനം എന്നത് നിർബന്ധമാണ്.

അനസ് ഇബ്‌നു മാലിക്(റ) നിവേദനം, നബി ﷺ പറഞ്ഞു: “അറിവ് നേടൽ ഓരോ മുസ്‌ലിമിനും നിർന്ധമാകുന്നു...’’ (ഇബ്‌നുമാജ).

അല്ലാഹുവിന്റെ മതത്തെക്കുറിച്ച് പഠിക്കുന്നതിനും അറിവ് അന്വേഷിച്ച് ഒരു വഴിയിൽ പ്രവേശിക്കുന്നതിനുമെല്ലാം വമ്പിച്ച പ്രതിഫലമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്.

അബൂഹുറയ്‌റ(റ) നിവേദനം, നബി ﷺ പറഞ്ഞു: “...ആരെങ്കിലും അറിവ് അന്വേഷിച്ച് ഒരു വഴിയിൽ പ്രവേശിച്ചാൽ അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും...’’ (മുസ്‌ലിം).

കസീറുബ്‌നു ക്വൈ‌്സ് (റ) പറയുന്നു: “ഞാൻ ദിമശ്ക്വിലെ ഒരു പള്ളിയിൽ അബുദ്ദർദാഇ(റ)ന്റെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്നുകൊണ്ട് പറയുകയുണ്ടായി: ‘അബുദ്ദർദാഅ്, പ്രവാചകൻ ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും വിജ്ഞാനം അന്വേഷിച്ച് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അതുകൊണ്ട് അവനെ സ്വർഗത്തിന്റെ മാർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്. വിജ്ഞാനം അന്വേഷിക്കുന്നവനോടുള്ള തൃപ്തിയാൽ മലക്കുകൾ അവരുടെ ചിറകുകൾ താഴ്ത്തിക്കൊടുക്കുന്നതാണ്. പണ്ഡിതന് വേണ്ടി ആകാശഭൂമികളിലുള്ളവരും വെള്ളത്തിനടിയിലുള്ള മത്സ്യങ്ങൾവരെയും പാപമോചനം തേടുന്നതാണ്. ആരാധനയിൽ മുഴുകിയിരിക്കുന്നവനെക്കാൾ പണ്ഡിതനുള്ള സ്ഥാനം നക്ഷത്രത്തെക്കാൾ പൂർണ ചന്ദ്രനുള്ള പ്രത്യേകത പോലെയാണ്. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാർ ദീനാറുകളോ ദിർഹമുകളോ അനന്തരമെടുക്കുകയില്ല. അവർ വിജ്ഞാനമാണ് അനന്തിരമെടുക്കുക. ആരാണോ അത് സ്വീകരിക്കുന്നത് അവന്റെ അവകാശം അവൻ പരിപൂർണമായി നേടിയിരിക്കുന്നു’’ (അബൂദാവൂദ്).

അല്ലാഹുവിന്റെ ദീൻ പഠിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നവർക്കുള്ള മഹത്ത്വവും ശ്രേഷ്ഠതയുമാണ് മുകളിൽ കൊടുത്ത ഹദീസുകളിൽനിന്നും വ്യക്തമാവുന്നത്. അതിനാൽതന്നെ ഒരു പ്രസംഗകൻ നിരന്തരം വായിക്കുകയും പഠിക്കുകയും ചെയ്യുന്നവനായിരിക്കണം.

അല്ലാഹു പറയുന്നു: “...പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാൻമാർ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ’’ (ക്വുർആൻ 39:9).

ഒരു പ്രസംഗകൻ ഏതു വിഷയത്തിലായിരുന്നാലും കിട്ടാവുന്ന ഗ്രന്ഥങ്ങൾ വായിക്കണം. തന്റെ പക്കൽ ഇല്ലാത്ത പുസ്തകം തേടിപ്പിടിക്കണം. അതിനായി ലൈബ്രറികളെ അവലംബിക്കണം. അങ്ങനെ അറിവിന്റെ നിറകുടമായി മാറണം. ഒരു പ്രസംഗം കേട്ടുകഴിഞ്ഞാൽ അത് ഉപകാരപ്പെട്ടു എന്ന് ജനങ്ങൾക്ക് തോന്നണം. പ്രസംഗത്തിൽ പ്രയോഗിക്കുന്ന ഉദ്ധരണികളും മറ്റും സത്യസന്ധമായിരിക്കണം. പ്രമാണ ബദ്ധമായിരിക്കണം. ആളുകളുടെ കൈയടി നേടിയാൽ അത് നല്ല പ്രസംഗം ആയിരിക്കണമെന്നില്ല; മറിച്ച് ജനങ്ങളുടെ ഹൃദയങ്ങളിൽ പരിവർത്തനമുണ്ടാക്കിയാൽ അതാണ് നല്ല പ്രസംഗം. അതിന് സാധിക്കണമെങ്കിൽ പ്രഭാഷകൻ പഠനം നടത്തൽ അനിവാര്യമാണ്. പുസ്തകവായന മനുഷ്യന്റെ ബുദ്ധിയെയും ചിന്തയെയും തെളിച്ചമുള്ളതാക്കിത്തീർക്കുന്നു. വായനയിലൂടെ നാം അറിവ് നേടുമ്പോൾ മനസ്സിന്റെ വേലിക്കെട്ടുകൾ ഓരോന്നായി അഴിയുന്നു. അത്യന്തം ബൃഹത്തും വൈവിധ്യപൂർണവുമായ ഈ ലോക ത്തിന്റെ വിശാലത ഉൾക്കൊള്ളാൻ പാകത്തിൽ നമ്മുടെ ഹൃദയവും വിശാലമാകുന്നത് നമുക്ക് അനുഭവിക്കാനാകും. ഗുരുക്കന്മാരെപ്പോലെ അറിവ് പകർന്നുനൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ അഥവാ പുസ്തകങ്ങൾ. മാനവരാശിയുടെ എക്കാലത്തെയും വളർച്ചയിലെയും ഉയർച്ചയിലെയും നന്മനിറഞ്ഞ സാന്നിധ്യമാണ് വായന.

വായനയുടെ പ്രയോജനങ്ങൾ

വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കൾ മനുഷ്യജീവിത ത്തിന്റെ വിവിധ തലങ്ങൾ രേഖപ്പെടുത്തിവച്ചത് വായിക്കുമ്പോൾ സാമൂഹിക ജീവിതത്തെ കൂടുതലറിയാൻ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാൻ സഹായിക്കുന്നു.

സ്വന്തം ജീവിതത്തിന് കൂടുതൽ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെക്കുറിച്ചും മറ്റുള്ളവ രെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തിൽ മനസ്സിലാക്കുന്നു.

ആശയ വിനിമയത്തിന് കൂടുതൽ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവർക്ക് കൈമാറാൻ കഴിയുന്നു. സങ്കീർണമായ ഇന്ദ്രിയാനുഭവങ്ങൾ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാൻ വായന പരിശീലനമായി മാറുന്നു.

ഭാവനാതലങ്ങളിൽ പുതിയ ഉണർച്ചയുണ്ടാക്കുന്നതിൽ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരച നകൾ ഒരാളിൽ ഭാവനയും സൗന്ദര്യചിന്തയും വളർത്തുന്നുണ്ട്. സഹൃദയത്വത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലർക്കെങ്കിലും സർഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു.

വായന ഒരാളിന്റെ സംവേദന തൽപരത കൂട്ടുന്നു. സങ്കീർണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങൾ അറിയാനും അപഗ്രഥനശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിർമാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്.

വായന വിവരശേഖരണത്തിനുള്ള പ്രധാന മാർഗമാണ്. പോയകാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാർഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.

ദിവസവും വായന ശീലമാക്കുന്നത് വഴി പല ആരോഗ്യ പ്രശ്നങ്ങളെയും നേരിടാൻ സാധിക്കുന്നു. വായനാശീലം മൂലം ആരോഗ്യത്തിനുണ്ടാകുന്ന അഞ്ച് ഗുണങ്ങൾ ഇതാണ്:

1) തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും:

തലച്ചോറിന്റെ പ്രവർത്തങ്ങളെ മെച്ചപ്പെടുത്താൻ വായന സഹായിക്കുന്നു. 2013ൽ നടത്തിയ പഠനത്തിൽ നോവൽ പോലുള്ളവ വായിക്കുന്നത് തലച്ചോറിന്റെ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ദിവസേനയുള്ള വായന തലച്ചോറിലെ ന്യൂറോൺ രൂപീകരണത്തിന് സഹായിക്കുന്നതായി ന്യൂയോർക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സബ്രീന റൊമാനോഫ് പറയുന്നു. ചിന്തിക്കാൻ വകനൽകുന്ന വായനകൾ പുതിയ ന്യൂറോണുകൾ സൃഷ്ടിക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും.

2) പ്രായം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മറികടക്കാം:

പ്രായം കൂടുമ്പോൾ മറവിപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. പുതിയ കാര്യങ്ങൾ മനസിലാക്കാ നോ, കാര്യങ്ങൾ ഓർത്തെടുക്കാനോ, സ്വയം തീരുമാനമെടുക്കാനോ കഴിയാതെ വരാറുണ്ട്. എന്നാൽ വായനാശീലത്തിലൂടെ ഒരു പരിധിവരെ ഇത് മറികടക്കാൻ സാധിക്കും. 2020ൽ പ്രസിദ്ധീകരിച്ച ഒരു പഠ നത്തിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും വായന ശീലമാക്കിയിട്ടുള്ളവർക്ക് വായനാശീലമില്ലാത്തവരെക്കാൾ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറവുള്ളതായി കണ്ടെത്തി. വായന ശീലമാക്കിയവരിൽ ഡിമെ ൻഷ്യ പോലുള്ള രോഗം കുറവാണെന്നും ചൈനയിൽ നടത്തിയ മറ്റൊരു പഠനത്തിൽ തെളിഞ്ഞിരുന്നു.

3) സമ്മർദം കുറയ്ക്കും

വായനാശീലം സമ്മർദം കുറയ്ക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. കേവലം അരമണിക്കൂർ വായി ക്കുന്നത് പോലും സമ്മർദം കുറയ്ക്കുമെന്നു ഗവേഷകർ പറയുന്നു. 2009ൽ കോളേജ് വിദ്യാഥികൾക്കിടയിൽ നടത്തിയ പഠനത്തിൽ 30 മിനിറ്റ് വാർത്താലേഖനങ്ങൾ വായിക്കുന്നവരിൽ സമ്മർദം കുറവുള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ എല്ലാവർക്കും വാർത്താലേഖനങ്ങൾ വായിക്കുന്നത് സമ്മർദം കുറയ്ക്ക ണമെന്നില്ല. ഇതിനുപകരം നോവലോ ചെറുകഥയോ വായിക്കാവുന്നതാണ്.

4) കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്നു

വായന കൂടുതൽ കാലം ജീവിക്കാൻ സഹായിച്ചേക്കാമെന്നു പറയുന്നതിലെ പൊരുൾ ചരിത്രത്തിന്റെ കൂടെയും വർത്തമാനത്തിന്റെ കൂടെയും ഭാവിയെ കുറിച്ചും വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യായുസ്സിൽ വിവരംകൊണ്ട് പ്രായത്തെ മറികടക്കുന്നു എന്നതാണ്.

5) ഓർമയും ഏകാഗ്രതയും മെച്ചപ്പെടുത്തും:

ദിവസേനയുള്ള വായന ഓർമയും ഏകാഗ്രതയും മെച്ചപ്പെടുത്തും. വായിക്കുമ്പോൾ അത് തലച്ചോറിൽ പതിയുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യും.

3. അറിവന്വേഷിക്കലും പണ്ഡിതന്മാരെ സമീപിക്കലും

പ്രസംഗിക്കുന്നവരിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്നാണ് അറിവന്വേഷിക്കലും പണ്ഡിതന്മാരെ അതിനായി സമീപിക്കലും സംശയം ദൂരീകരിക്കലും. എനിക്കെല്ലാം അറിയാം, ഞാൻ നല്ല അറിവുള്ളവനാണ്, എന്റെ അറിവുതന്നെ മതി ആരുടെ മുമ്പിലും പിടിച്ചു നിൽക്കാൻ, ഞാൻ എന്തിന് മറ്റുള്ളവരുടെ അടുത്തേക്ക് അറിവന്വേഷിച്ച് പോകണം എന്നിത്യാദി ചിന്ത അഹങ്കാരത്തിന്റെതാണ്. അതാകട്ടെ അജ്ഞതയിലേക്ക് നയിക്കുകയും ചെയ്യും. നമ്മുടെ മുൻഗാമികൾ ഇങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ ഇന്ന് നാം വിവരമില്ലാത്തവരായിത്തീരുമായിരുന്നു. സച്ചരിതരായ പൂർവിക പണ്ഡിതന്മാർ അവരുടെ ഗുരുനാഥന്മാരുടെ മുമ്പിൽ ചടഞ്ഞിരിക്കാൻ തയ്യാറുള്ളവരായിരുന്നു. അതിനുവേണ്ടി ദാഹവും വിശപ്പും സഹിച്ച് ഏറെ ദൂരം സഞ്ചരിച്ചിരുന്നവരായിരുന്നു. അതിന്റെ ഫലങ്ങൾ നാമിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.

മഹാനായ അബൂഹുറയ്‌റ(റ) ഹദീസ് അന്വേഷിച്ചുള്ള യാത്രയ്ക്കിടയിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ബോധരഹിതനായി വീണിരുന്നതായി ചരിത്രം പറയുന്നു. അത്രമേൽ ഹദീസ് പഠനത്തിന് അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു. ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത ഒരാളാണ് അബൂഹുറയ്‌റ(റ).

ഇമാം ബുഖാരി(റഹി) ഹദീസുകൾ ശേഖരിക്കുന്നതിന് വേണ്ടി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച വ്യക്തിയാണ്. വളരെയേറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചാണ് അദ്ദേഹം തന്റെ ചുരുങ്ങിയ ആയുസ്സിനുള്ളിൽ സ്വഹീഹുൽ ബുഖാരി എന്ന ഗ്രന്ഥം രചിച്ചത്. ഇസ്‌ലാമിൽ പ്രമാണങ്ങൾ സ്വീകരിക്കുന്നേടത്ത് സ്വഹീഹുൽ ബുഖാരി കഴിഞ്ഞേ മറ്റു സ്വഹീഹുകൾക്കും സുനനുകൾക്കും ഹദീസ് ഗ്രന്ഥങ്ങൾക്കും സ്ഥാനമുള്ളൂ. അത്രമാത്രം ഉയർച്ച അല്ലാഹു അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ പരിശ്രമത്തിന് നൽകി.

അല്ലാഹു പറയുന്നു: “...നിങ്ങളിൽനിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയു ന്നവനാകുന്നു’’ (58:11).

അന്യഭാഷയിലുള്ള ഗ്രന്ഥങ്ങൾ സ്വയം വായിച്ച് പഠിക്കുമ്പോൾ പലപ്പോഴൂം മനസ്സിലാകാത്തതോ അവ്യക്തതയുള്ളതോ ആയ കാര്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിലുള്ള സംശയം തീർക്കാതെ തോന്നിയപോലെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയാൽ അത് അബദ്ധമായി ഭവിക്കും.

പണ്ഡിതന്മാരുടെ കൂടെയുള്ള ഇരുത്തവും പഠനവും സംശയ ദൂരീകരണവും നമ്മിലെ അറിവിനെയും കാഴ്ചപ്പാടിനെയും വളർത്താനാണ് ഉപകരിക്കുക. വിവരമില്ലാതെ സുദീർഘമായി പ്രസംഗിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് വളരെ കുറച്ചാണെങ്കിലും അർഥഗാംഭീര്യമുള്ളതും ആഴത്തിലുള്ള അറിവ് നൽകുന്നതുമായ പ്രസംഗങ്ങൾ.

ഒരിക്കൽ അബൂബക്കർ അഹ്‌മദ് ഇബ്‌നു അലിയ്യ് ഇബ്‌നു സാബിത്ത് അൽബഗ്ദാദി അറിവന്വേഷിച്ചുകൊണ്ട് ഒരു പണ്ഡിതന്റെ സദസ്സിൽ പോയി ഇരുന്നു. പഠനത്തിലെ മടുപ്പു കാരണം അദ്ദേഹം അവിടെനിന്നും എഴുന്നേറ്റ് പോകുകയുണ്ടായി. വരുന്ന വഴിയിൽ അദ്ദേഹം ഒരു പാറയുടെ മുകളിൽനിന്നും വെള്ളത്തുള്ളികൾ ഉറ്റിയുറ്റി താഴെയുള്ള ഒരു ഇരുണ്ട പാറയിലേക്ക് വീഴുന്നത് കാണാനിടയായി. അദ്ദേഹം അത് ശ്രദ്ധിച്ചു. അപ്പോൾ താഴെയുള്ള പാറയിൽ വെള്ളത്തുള്ളികൾ വീണുകൊണ്ടിരിക്കുന്ന ഭാഗത്ത് മിനുസവും നിറംമാറ്റവും കണ്ടു. അത് അദ്ദേഹത്തെ ചിന്തിപ്പിച്ചു. അദ്ദേഹം ഒരു യാഥാർഥ്യം മനസ്സിലാക്കി. ‘കേവലം ഒന്നോ രണ്ടോ തുള്ളികൾകൊണ്ട് പാറയെ മിനുസപ്പെടുത്താനും നിറംമാറ്റാനും കഴിയുകയില്ല.’ അദ്ദേഹം തിരിച്ച് പണ്ഡിതന്റെ അടുത്തേക്ക് നടന്നു. സദസ്സിലിരുന്നു. പഠനം തുടർന്നു. പിന്നീട് അദ്ദേഹം അറിയപ്പെട്ട പണ്ഡിതനായിത്തീർന്നു. അദ്ദേഹമാണ് ഖത്വീബുൽ ബാഗ്ദാദി. ഈ സംഭവത്തിന്റെ യാഥാർഥ്യം എന്താണെങ്കിലും അത് നമ്മുടെ ചിന്തയെ പരിപോഷിപ്പിക്കുമെന്നതിനാലാണ് ഇവിടെ ഉദ്ധരിച്ചത്.

കേവലം ഒന്നോ രണ്ടോ വർഷം പഠിച്ചതുകൊണ്ടോ, വിരലിലെണ്ണാവുന്ന പുസ്തകങ്ങൾ വായിച്ചതുകൊണ്ടോ മാത്രം ഒരാൾ പണ്ഡിതനായിക്കൊള്ളണമെന്നില്ല. വർഷങ്ങളോളം പഠിക്കുകയും നിരന്തരമായി വായിക്കുകയും ചെയ്താൽ മാത്രമെ മികച്ച അറിവ് സ്വായത്തമാക്കാൻ കഴിയൂ. അറിവുണ്ടെങ്കിലേ പ്രസംഗ രംഗത്ത് മികച്ചുനിൽക്കാൻ കഴിയുകയുള്ളൂ.

(അവസാനിച്ചില്ല)