രോഗവും മരുന്നും 3

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 മെയ് 14, 1442 ശവ്വാൽ 12

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

പാഠം 7

പ്രത്യാശയും പ്രതീക്ഷയും നിലനിർത്തുക

ആരാധനകൾ അനുഷ്ഠിക്കുമ്പോൾ പ്രത്യാശയോടൊപ്പം ഒരുനാൾ അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയും പുലർത്തേണ്ടതാണ്. അല്ലാഹു പറയുന്നു:

“ആരെങ്കിലും തന്റെ റബ്ബുമായി കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിച്ചുകൊള്ളട്ടെ. തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതിൽ ഒരാളെയും പങ്കുചേർക്കാതിരിക്കട്ടെ’’ (അൽ കഹ്ഫ്:൧൧൦)

പ്രതീക്ഷ നിലനിർത്തുവാൻ മൂന്നുകാര്യങ്ങൾ അനിവാര്യമാണ്.

1) ആഗ്രഹം: നാം പ്രതീക്ഷിക്കുന്ന കാര്യത്തെ നാം അതിയായി സ്‌നേഹിക്കുകയും ആഗ്രഹിക്കുകയും വേണം.

2) ഭയം: നാം പ്രതീക്ഷിക്കുന്ന കാര്യം നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയക്കേണ്ടതാണ്.

3) കഠിനാദ്ധ്വാനം: നാം പ്രതീക്ഷിക്കുന്ന കാര്യം നേടാൻ കഠിനാദ്ധ്വാനം ചെയ്യേണ്ടതുമാണ്.

ഉദാ: സ്വർഗം നമ്മൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് ലഭിക്കാൻ നാം ആഗ്രഹിക്കുകയും അത് കൈവിട്ടുപോകുമോ എന്ന് ഭയക്കുകയും അത് ലഭിക്കുവാൻ കഠിനാദ്ധ്വാനം ചെയ്യുകയും വേണം. സ്വർഗത്തിൽ പോകണമെന്ന് ആഗ്രഹിക്കുകയും അതിനായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്താൽ അത് വെറും വ്യാമോഹം മാത്രമാണ്.

മനുഷ്യർക്ക് പ്രചോദനമേകാൻ പ്രതീക്ഷ അത്യാവശ്യമാണ്. നിനക്ക് ഒന്നിനും കഴിവില്ല എന്ന് പറഞ്ഞ് ഒരിക്കലും ജനങ്ങളെ നിരാശപ്പെടുത്തരുത്. നിരാശാബോധം മനുഷ്യനെ ലക്ഷ്യപ്രാപ്തിയിൽനിന്നും അകറ്റുന്നതാണ്. നന്മ പ്രതീക്ഷിച്ച് ജീവിക്കുന്നവർക്ക് അത് കൈവിട്ടുപോകുമോ എന്ന ഭയവും വേണ്ടതാണ്. അബൂഹുറയ്‌റ(റ) നിവേദനം: “അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: ‘ഭയമുള്ളവർ രാത്രി നേരത്തെ യാത്ര തിരിക്കുന്നതാണ്. രാത്രി നേരത്തെ യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ്. അറിയുക, അല്ലാഹുവിന്റെ വിഭവം വിലയേറിയതാണ്. അല്ലാഹുവിന്റെ വിഭവം സ്വർഗം തന്നെ’’ (തിർമുദി 2638).

ഒരാൾ തന്റെ രോഗം മനസ്സിലാക്കിക്കഴിഞ്ഞാൽ അതിനെ ചികിത്സിക്കണം. അത് ഹൃദയത്തിലെ രോഗമായിരുന്നാലും ചികിത്സിക്കേണ്ടതാണ്. ഹൃദയത്തിലെ രോഗങ്ങൾ പുറമെ പ്രകടമാകാറില്ല. അത് ചികിത്സിച്ചില്ലെങ്കിൽ മനസ്സിൽ പരക്കുന്നതും ക്രമേണ മനസ്സ് മരവിച്ച് ഒരുതരം അവസ്ഥയിലാവുകയും ചെയ്യും. ഉദാ: ഒരാൾക്ക് അസൂയ എന്ന രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ഉടൻ ചികിത്സിക്കണം. താൻ അസൂയപ്പെടില്ല എന്ന് പ്രതീക്ഷിച്ചാൽ മാത്രം പോരാ, ആ സ്വഭാവത്തിൽനിന്ന് മോചനം നേടാൻ അല്ലാഹുവിന്റെ സഹായം തേടുകയും പാപമോചനം തേടുകയും അസൂയപ്പെടാതിരിക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയും വേണം.

അത് ഗൗരവത്തിലെടുത്ത് അതിന് പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചില്ലെങ്കിൽ അത് ഹൃദയത്തിൽ സ്ഥിരപ്പെടുകയും ഹൃദയത്തിന്റെ നൈർമല്യത നഷ്ടപ്പെടുകയും ഹൃദയം ക്രമേണ മരവിക്കുകയും നാശമാകുകയും ചെയ്യുന്നതാണ്. നമുക്ക് കൈമുതലായിട്ടുള്ളത് നമ്മുടെ ഹൃദയമാണ്. ഈമാൻ സ്ഥിതിചെയ്യേണ്ടത് ഹൃദയത്തിലാണ്. അല്ലാഹു നമ്മെ ഏവരെയും കാത്തുരക്ഷിക്കട്ടെ, ആമീൻ

അല്ലാഹുവിന് നമ്മെ ആവശ്യമില്ല. പക്ഷേ, അവൻ നമ്മെ സൃഷ്ടിക്കുകയും നമുക്ക് സ്വർഗത്തിലേക്ക് പോകുവാൻ അവസരം നൽകുകയും ചെയ്തിരിക്കുന്നു. ‘സ്വർഗത്തിൽ പ്രവേശിക്കുക’ എന്നത് ഒരു ചെറിയ കാര്യമല്ല. വെറുതെ പ്രതീക്ഷിച്ചതുകൊണ്ട് മാത്രം അവിടെ എത്തുകയുമില്ല. നാം അതിനായി നിരന്തര പരിശ്രമം നടത്തേണ്ടതാണ്. മഹാന്മാരായ സ്വഹാബികൾ സൽകർമങ്ങൾ അധികമായി പ്രവർത്തിച്ചിരുന്നതിനോടൊപ്പം വളരെയധികം ഭയക്കുകയും ചെയ്തിരുന്നു. പരീക്ഷക്ക് നന്നായി തയ്യാറെടുക്കുന്ന ഒരാൾ അതിനായി ഒന്നും ചെയ്യാത്തവനെക്കാൾ ഭയക്കുന്നതാണല്ലോ?

സൽകർമങ്ങൾ പ്രവർത്തിക്കുമ്പോൾ മാത്രമെ നമുക്ക് പ്രതീക്ഷ ലഭിക്കുകയുള്ളൂ. അതോടൊപ്പം അത് സ്വീകരിക്കപ്പെടുമോ എന്ന ഭയവും വേണം. സ്വർഗം നമുക്ക് ഉറപ്പായും ലഭിക്കും എന്ന ചിന്ത വ്യർഥമാണ്. അവസാന ശ്വാസംവരെ നിരന്തരപരിശ്രമം അതിനാവശ്യമാണ്.

അബൂബക്ർ സിദ്ദീക്വ്(റ) പറയുമായിരുന്നു: ‘ഒരു വിശ്വാസിയുടെ ശരീരത്തിന്റെ രോമമെങ്കിലും ആകാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു!’ അദ്ദേഹം തന്റെ നാവ് കാണിച്ചുകൊണ്ട് പറയുമായിരുന്നു: ‘ഇതാണ് എന്നെ ധാരാളം അപകടങ്ങളിൽ അകപ്പെടുത്തിയത്!’ എന്നാൽ അദ്ദേഹം വളരെ കുറച്ച് മാത്രമെ സംസാരിക്കുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഭയഭക്തിയെക്കുറിച്ച് ക്വുർആൻ തന്നെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. (സൂറതുല്ലൈൽ 17-21). എന്നിട്ടും അദ്ദേഹം സ്വയം സുരക്ഷിതനായി കരുതിയിരുന്നില്ല.

ഉമറുൽ ഫാറൂക്വ്(റ) സൂറതുത്ത്വൂർ പാരായണം ചെയ്യുകയായിരുന്നു. അദ്ദേഹം ഏഴാമത്തെ ആയത്ത് എത്തി: ‘നിന്റെ നാഥന്റെ ശിക്ഷ തീർച്ചയായും സംഭവിക്കുന്നത് തന്നെയാകുന്നു.’ ഉടനെ അദ്ദേഹം കരയുവാൻ ആരംഭിച്ചു. കരഞ്ഞ് കരഞ്ഞ് രോഗം ബാധിച്ചു. ജനങ്ങൾ അദ്ദേഹത്തെ സന്ദർശിക്കാൻ വരികയുണ്ടായി! പതിവനുസരിച്ച് ഒരു രാത്രിയിൽ അദ്ദേഹം ക്വുർആൻ പാരായണം ചെയ്യുകയായിരുന്നു. പാരായണത്തിനിടയിൽ ഈ ആയത്തിൽ എത്തി. “ദൈവസ്മരണയാൽ അവരുടെ ഹൃദയങ്ങൾ ഭയപ്പെടുന്നതിനും അവൻ അവതരിപ്പിച്ച സത്യത്തിന് മുന്നിൽ തല കുനിക്കുന്നതിനും വിശ്വാസികൾക്ക് ഇനിയും സമയമായില്ലയോ?’’ (അൽഹദീദ് 16). അദ്ദേഹം വല്ലാതെ ഭയപ്പെടുകയും വീട്ടിൽനിന്നും പുറത്തിറങ്ങാതെ കരഞ്ഞ് കഴിയുകയും ചെയ്തു. അദ്ദേഹം ഭയഭക്തി നിമിത്തം കരഞ്ഞ് കരഞ്ഞ് മുഖത്ത് രണ്ട് കറുത്തവരകൾ വീണിരുന്നു. ഉമറിനെ കണ്ടാൽ ശൈത്വാൻ തിരിഞ്ഞുകളയുന്നതാണ് എന്ന് നബി ﷺ അരുളിയിട്ടുണ്ട്. ആ ഒരു വ്യക്തിയുടെ അവസ്ഥയാണിത്! അതെ, മഹത്തുക്കളായ സ്വഹാബിമാർ ശക്തരായിരുന്നെങ്കിലും അവരുടെ ഹൃദയം വളറെ മൃദുലമായിരുന്നു.

ഉസ്മാനുബ്‌നു അഫ്ഫാൻ(റ) ഏതെങ്കിലും ക്വബ്‌റിടത്തിൽ എത്തിയാൽ കരഞ്ഞ് കരഞ്ഞ് സ്വന്തം താടിയിൽനിന്നും കണ്ണുനീർ ഇറ്റുവീഴുമായിരുന്നു. അദ്ദേഹം പറയുകയുണ്ടായി: ‘ഞാൻ സ്വർഗത്തിനും നരകത്തിനും ഇടയിൽ നിൽക്കുകയും എങ്ങോട്ടാണ് പോകേണ്ടതെന്ന് എന്നോട് പറയാതിരിക്കുകയും ചെയ്താൽ, ഞാൻ ചാരമായി പോകട്ടെയെന്ന് ഞാൻ ആശിക്കുന്നു!’ കാരണം വിധിയെന്താണെന്ന് അറിയാത്തതിനാൽ അദ്ദേഹം വളരെയധികം ഭയപ്പെട്ടിരുന്നു.

അലിയ്യുബ്‌നു അബീത്വാലിബ്(റ) എല്ലാ കാലവും ജീവിച്ചിരിക്കുമെന്ന ചിന്തയെയും സ്വന്തം ദേഹച്ഛയെ പിന്തുടരുന്നതിനെയും വളരെയധികം ഭയപ്പെട്ടിരുന്നു. അദ്ദേഹം പറയുന്നു: ‘നമ്മൾ എന്നും ജീവിച്ചിരിക്കുമെന്ന ചിന്ത പരലോകത്തെ മറപ്പിക്കുന്നതാണ്!’ അതെ, അടുത്ത വേനലവധിക്കും അടുത്ത വർഷവും നന്നാകാമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയും പരലോകത്തെ മറക്കുകയും ചെയ്യും. എന്നാൽ പരലോകം ഏത് നിമിഷത്തിലും വന്നുചേരാൻ സാധ്യതയുണ്ട്.

സ്വന്തം ദേഹച്ഛകളെ പിൻപറ്റുന്നത് വളരെ ഭയക്കണം. കാരണം അത് നമ്മെ സത്യം അംഗീകരിക്കുന്നതിൽനിന്നും തടയും. ഓരോ ദിവസവും പിന്നിടുമ്പോഴും ദുൻയാവ് പിറകോട്ട് പോവുകയാണ്. ഓരോ വർഷം പിന്നിടുമ്പോഴും ഓർക്കണം; നമ്മൾ മരണത്തോട് അടുത്തുകൊണ്ടിരിക്കുന്നു.

അലി(റ) പറയുന്നു: ‘ദുൻയാവിന്റെ സന്തതികളും പരലോകത്തിന്റെ സന്തതികളും ഉണ്ട്. നിങ്ങൾ പരലോകത്തിന്റെ സന്തതികളാകുവാൻ ശ്രമിക്കുക. ഇന്ന് കർമങ്ങൾ മാത്രമേയുള്ളൂ; വിചാരണയില്ല. നാളെ കർമങ്ങളുടെ വിചാരണ മാത്രമേയുണ്ടാകൂ. അപ്പോൾ കർമങ്ങൾ ചെയ്യുവാൻ സാധിക്കില്ല!’’

അബുദ്ദർദാഅ് പറയുന്നു: ‘നിനക്ക് ധാരാളം ജ്ഞാനമുണ്ടായിരുന്നു. പക്ഷേ, അത് അനുസരിച്ചുള്ള കർമങ്ങൾ എവിടെയെന്ന് നാളെ ചോദ്യമുണ്ടാകുന്നതിനെ ഞാൻ വളരെയധികം ഭയപ്പെടുന്നു. അപ്രകാരം ചോദ്യമുണ്ടായാൽ ഞാൻ നശിച്ചുപോകുന്നതാണ്!’

ഇതായിരുന്നു മഹാന്മാരായ സ്വഹാബിമാരുടെ അവസ്ഥകൾ! അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ! “അല്ലാഹുവേ, ഉപകാരപ്രദമായ അറിവും പരിശുദ്ധ വിഭവങ്ങളും സ്വീകാര്യപ്രദമമായ കർമങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു’’ (ഇബ്‌നുമാജ, ഹദീസ് നമ്പർ 978).

അബ്ദുല്ലാഹ് ബിൻ അബീമുലയ്ക(റഹി) പറഞ്ഞു: “ഞാൻ റസൂലുല്ലാഹി ﷺയുടെ മുപ്പത് സ്വഹാബികളെ കണ്ടുമുട്ടി. അവരിൽ ആരുംതന്നെ ഞങ്ങൾക്ക് ജിബ്‌രീലിനെയും മീകാഈലിനെയും പോലെ ഈമാനുണ്ട് എന്ന് അവകാശപ്പെട്ടില്ല!’’ (ബുഖാരി). ഈ വചനം ഉദ്ധരിച്ചപ്പോൾ ഇമാം ബുഖാരി കൊടുത്ത ശീർഷകം ഇപ്രകാരമാണ്: ‘വിശ്വാസി അവൻ അറിയാതെ തന്റെ കർമങ്ങൾ തകർന്നുപോകുമോ എന്ന് ഭയപ്പെട്ടുകൊണ്ടിരിക്കും.’

പാഠം8

പൂർവകാല ജനതയുടെ പാപങ്ങളുടെ പരിണിതഫലങ്ങൾ

നാം ഏറ്റവും കൂടുതൽ ഭയപ്പെടേണ്ട രോഗം പാപങ്ങളാണ്. കാരണം പാപങ്ങൾ നമ്മുടെ ഹൃദയത്തെ ബാധിക്കുന്നതാണ്. പാപങ്ങൾ എത്ര വലുതാണോ അതിനനുസരിച്ച അത് ഹൃദയത്തെ ബാധിക്കും. ഏറ്റവും വലിയ പാപം ശിർക്കാണ്. അത് നമ്മുടെ മനസ്സിനെ മരവിപ്പിച്ചുകളയും.

രോഗവും മറ്റു രീതിയിലുള്ള നാശനഷ്ടങ്ങളുമെല്ലാം നമ്മുടെ പാപങ്ങളുടെ പരിണിതഫലമാണ്. പാപങ്ങൾ കാരണം വലിയ നാശനഷ്ടങ്ങൾ സംഭവിക്കുന്നതാണെന്ന് മുൻഗാമികളുടെ വിവിധ സംഭവങ്ങൾ ഉദ്ധരിച്ച് അല്ലാഹു നമ്മെ ഉണർത്തുന്നു.

ഇബ്‌ലീസിനെ ഉന്നതങ്ങളിൽനിന്നും താഴേക്കെത്തിച്ചത് അനുസരണക്കേടായിരുന്നു. നൂഹ് നബി(അ)യുടെ ജനത, മഹാപാപങ്ങളായ ശിർക്കും നിഷേധവും കാരണം കഠിന ശിക്ഷക്കർഹരായി. മുകളിൽനിന്നും പെയ്തിറങ്ങുകയും താഴ്ഭാഗത്തുനിന്നും പ്രവഹിക്കുകയും ചെയ്ത മഹാപ്രളയത്തിൽ അല്ലാഹു അവരെ മുക്കിക്കളഞ്ഞു. അതിന്റെ തിരമാലകൾ പർവതങ്ങൾക്ക് സമാനമായിരുന്നുവെന്ന് ക്വുർആൻ പറയുന്നു.

ആദ് ഗോത്രത്തെ അവരുടെ അനുസരണക്കേട് മൂലം കൊടുങ്കാറ്റിലൂടെ അല്ലാഹു ശിക്ഷിച്ചു. അത് നശിപ്പിച്ചത് മനുഷ്യരെ മാത്രമല്ല, അവരുടെ കൃഷിയിടങ്ങളെയും കാലികളെയും അവർക്കുണ്ടായിരുന്ന എല്ലാത്തിനെയും തകർത്തുകളഞ്ഞു. അല്ലാഹു അതിനെ ജനങ്ങൾക്ക് ഒരു പാഠമാക്കി.

സമൂദ് ഗോത്രത്തിനെ ഒരു ഘോരശബ്ദത്തിലൂടെ പ്രകമ്പനം കൊള്ളിക്കുകയും അത് അവരുടെ ഹൃദയങ്ങളെ തകർക്കുകയും അവർ മരിച്ചുവീഴുകയും ചെയ്തു.

ശുഐബ് നബി(അ)യുടെ ഗോത്രം ജനങ്ങളുമായുള്ള ഇടപാടുകളിൽ വഞ്ചനകാണിക്കുകയും സ്വന്തം അവകാശങ്ങൾ കൈപ്പറ്റുകയും എന്നാൽ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. അവരുടെ ശിരസ്സുകൾക്കുമീതെ ഒരു മേഘം വന്ന് പൊതിയുകയും അഗ്‌നിമഴ അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്തു. അല്ലാഹുവിന് എല്ലാ വസ്തുക്കളുടെയും സവിശേഷതകൾ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ഇബ്‌റാഹീം നബി(അ)ക്ക് ലഭിച്ചതുപോലെ, അല്ലാഹുവിന്റെ കൽപന പ്രകാരം അഗ്‌നിക്ക് തണുപ്പ് നൽകാൻ സാധിക്കും. ഇപ്രകാരം എല്ലാ മേഘങ്ങളും വെള്ളം മാത്രമല്ല വർഷിക്കുന്നത്, അല്ലാഹുവിന്റെ കൽപന പ്രകാരം അതിന് കല്ലുകളോ അഗ്‌നിയോ എന്തും വർഷിക്കാൻ സാധിക്കുന്നതാണ്.

സാധുക്കളെ ധാരാളമായി പീഡിപ്പിച്ച ഫിർഔനും കൂട്ടരും ജലത്തിൽ മുങ്ങിത്താണ് നശിച്ചു. അക്രമങ്ങൾ കാട്ടിക്കൂട്ടിയ ക്വാറൂൻ ഭൂമിയിൽ ആണ്ടുപോയി.

ബനൂ ഇസ്‌റാഈൽ പ്രവാചകന്മാരുടെ പാതയിൽനിന്നും മാറുകയും അക്രമങ്ങൾ കാട്ടുകയും ചെയ്തപ്പോൾ അവരുടെ അടുത്തേക്ക് അല്ലാഹു മഹാഅക്രമികളായ ആളുകളെ അയച്ചു. ഇത് രണ്ടുതവണ സംഭവിച്ചിട്ടുണ്ടെന്ന് ക്വുർആൻ വിവരിക്കുന്നു.

പരിശുദ്ധ ക്വുർആൻ വിവിധ ഭാഗങ്ങളിൽ വിവരിച്ച സംഭവങ്ങളാണ് മുകളിലുദ്ധരിച്ചത്. നമുക്ക് അവതരിച്ച ഗ്രന്ഥത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളുവാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയും നമ്മൾ അതിന് തയ്യാറായില്ലെങ്കിൽ മുൻകാല ജനതതക്ക് ബാധിച്ചതുപോലെയുള്ള ശിക്ഷകൾ നമ്മളും ഏറ്റുവാങ്ങേണ്ടി വരും. മുകളിൽ പറയപ്പെട്ടത് പോലുള്ള ശിക്ഷകൾ ഇതുവരെ വന്നുഭവിച്ചിട്ടില്ലെങ്കിലും നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ശിക്ഷകൾക്ക് ഒട്ടും കുറവില്ലയെന്ന് മനസ്സിലാക്കുക. ഈ കാലഘട്ടത്തിലും അക്രമം, കൊല, നാടുകടത്തൽ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, കൃഷിനാശം, പകർച്ചവ്യാധി, മുതലായ നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാന കാരണം നമ്മുടെ പാപങ്ങൾ തന്നെയാണ്.

പാപങ്ങൾ ചെയ്യാത്ത മനുഷ്യരാരും ഉണ്ടാകില്ല. മനുഷ്യൻ ബലഹീനനായാണ് സൃഷ്ടിക്കപ്പെട്ടത്. പക്ഷേ, നമുക്ക് ഏത് നിമിഷം വേണമെങ്കിലും സ്വന്തം തെറ്റ് സമ്മതിച്ച് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാവുന്നതാണ്. അബൂഹുറയ്‌റ(റ) നിവേദനം: “റസൂലുല്ലാഹി അരുളി: എന്റെ ആത്മാവ് നിയന്ത്രിക്കുന്ന അല്ലാഹുവിൽ സത്യം, നിങ്ങൾ പാപങ്ങൾ ചെയ്യുന്നവരല്ലെങ്കിൽ അല്ലാഹു നിങ്ങളെ മാറ്റി തെറ്റുകൾ ചെയ്യുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്ന മറ്റൊരു ജനതയെ കൊണ്ടുവരുകയും ചെയ്യുന്നതാണ്’’ (മുസ്‌ലിം 2741)

അപ്പോൾ അല്ലാഹുവിന് വേണ്ടത് പശ്ചാത്തപിച്ച് മടങ്ങുന്ന ഹൃദയങ്ങളെയാണ്. സ്വന്തം തെറ്റുകൾ സമ്മതിച്ച് അഹങ്കാരം നടിക്കാതെ അല്ലാഹുവിന് മുമ്പിൽ താഴ്മയോടെ പാപമോചനത്തിന് അപേക്ഷിക്കുക. അതിനുവേണ്ടിയാണ് അല്ലാഹു നമുക്ക് ദുൻയാവിൽ തന്നെ ചെറുതും വലുതുമായ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നൽകുന്നത്.

(അവസാനിച്ചില്ല).