സമയം എന്ന അനുഗ്രഹം

അബ്ദുല്ലത്വീഫ് സുല്ലമി

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

അല്ലാഹു നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ ഏറ്റവും വിലപ്പെട്ട ഒന്നാണ് സമയം. എന്നാൽ ഇന്ന് മനുഷ്യരിൽ അധികവും അശ്രദ്ധയോടും അലസതയോടും കൂടി തള്ളിനീക്കുന്ന ഒരു കാര്യവും സമയം തന്നെ! ‘എങ്ങനെയെങ്കിലും നേരം പോയിക്കിട്ടണ്ടേ’ എന്നത് പലരുടെയും ഒരു സ്ഥിരം പല്ലവിയായി മാറിയിരിക്കുകയാണ്. ‘എനിക്കതിന് സമയമില്ല’ എന്നു പറയുന്ന ചിലരെയും നമുക്ക് കാണാൻ സാധിക്കും.

സമയത്തെ അഥവാ കാലത്തെ നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ്. രാവുപകലുകൾ കൃത്യമായി മാറിമാറി വരുന്നതിനു പിന്നിൽ സൃഷ്ടികൾക്കാർക്കും യാതൊരു പങ്കുമില്ല. അത് അല്ലാഹുവിന്റെ മഹത്തായ ഒരു ദൃഷ്ടാന്തമാണ്. അതിനെക്കുറിച്ച് ചിന്തിക്കുവാൻ നാം തയ്യാറാകേണ്ടതുണ്ട്. അല്ലാഹു പറയുന്നു: “തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ...’’ (ക്വുർആൻ 3:190,191).

“അവൻ തന്നെയാണ് രാപകലുകളെ മാറിമാറി വരുന്നതാക്കിയവൻ. ആലോചിച്ച് മനസ്സിലാക്കാൻ ഉദ്ദേശിക്കുകയോ, നന്ദി കാണിക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നവർക്ക് (ദൃഷ്ടാന്തമായിരിക്കുവാനാണത്)’’ (ക്വുർആൻ 25:62).

നാളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങളിൽ ഒന്ന് തന്റെ ആയുസ്സ് ഏതു മാർഗത്തിൽ വിനിയോഗിച്ചു എന്നതായിരിക്കുമെന്ന് നബി ﷺ ഓർമപ്പെടുത്തിയിട്ടുണ്ട്. അതിന് കൃത്യമായി മറുപടി കണ്ടെത്തുവാൻ നമുക്ക് മരണത്തിന്റെ മുമ്പ് സാധിക്കേണ്ടതുണ്ട്. മഹാനായ ഖലീഫ അബൂബക്ർ(റ) തന്റെ പിൻഗാമിക്ക് നൽകിയ വസ്വിയ്യത്തിൽ നമുക്ക് ഇങ്ങനെ കാണാൻ കഴിയും:

“അല്ലാഹുവിന് വേണ്ടി നാം നിർവഹിക്കേണ്ടതായ കുറേ കാര്യങ്ങൾ പകൽ സമയം ചെയ്തു തീർക്കേണ്ടതുണ്ട്; അത് രാത്രിയിൽ സ്വീകരിക്കുന്നതല്ല. രാത്രിയിൽ ചെയ്തുതീർക്കേണ്ടതായ വിഷയങ്ങളുണ്ട്; അത് പകലിൽ സ്വീകരിക്കുന്നതല്ല.’ സമയത്തെ ശ്രദ്ധയോടുകൂടി ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹം ജീവിതാന്ത്യത്തിൽ നൽകുന്ന ഉപദേശം.

നബി ﷺ യുടെ ദിനചര്യകളെ സംബന്ധിച്ച് പേരക്കുട്ടിയായ ഹസൻ(റ) തന്റെ പിതാവിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘പ്രവാചകൻ ﷺ തന്റെ സമയത്തെ മൂന്ന് ഭാഗമാക്കി തിരിക്കുമായിരുന്നു. ഒരു ഭാഗം അല്ലാഹുവിന്, മറ്റൊരു ഭാഗം കുടുംബത്തിന് വേണ്ടി, മൂന്നാമത്തൊരു ഭാഗം സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി.’

പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് നബി ﷺ ടൈം മാനേജ്‌മെന്റ് എത്ര ഭംഗിയായിട്ടാണ് നടപ്പിലാക്കിയത്! സമയത്തിന്റെ ഗൗരവവും അതിന്റെ പ്രാധാന്യവും നമ്മൾ മനസ്സിലാക്കുക. മരണസമയത്ത് മനുഷ്യൻ ‘എന്റെ റബ്ബേ, ഒരൽപ സമയം എനിക്ക് നീ നീട്ടിത്തരണേ’ എന്ന് അപേക്ഷിക്കുമെന്ന് ക്വുർആൻ വ്യത്യസ്തങ്ങളായ അധ്യായങ്ങളിലൂടെ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. അതിനാൽ തന്നെ നമുക്ക് അല്ലാഹു അനുവദിച്ചുതരുന്ന സമയത്തെ നാം നല്ലനിലയിൽ വിനിയോഗിക്കണം. അത് ഒരിക്കലും പാഴായിപ്പോകരുത്. നമുക്ക് അനിഷ്ടകരമായ എന്തെങ്കിലും സംഭവിച്ചാൽ സമയത്തെ അഥവാ കാലത്തെ ശപിക്കുകയോ പഴിപറയുകയോ ചെയ്യരുത്. ജോലിത്തിരക്ക് വരുന്നതിന് മുമ്പ് ഒഴിവുസമയത്തെ പ്രയോജനപ്പെടുത്താനും നല്ലതിനുവേണ്ടി അത് വിനിയോഗിക്കാനുമുള്ള പ്രവാചകനിർദേശം നാം ഉൾക്കാള്ളുക.