ശീഈ അത്യാചാരങ്ങള്‍ക്കെതിരെ പണ്ഡിതശിരോമണികള്‍

ഡോ. ഷാനവാസ് പറവണ്ണ ചേക്കുമരക്കാരകത്ത്

2022 മാർച്ച് 26, 1442 ശഅബാൻ 23

ക്വബ്‌റിടങ്ങള്‍ കെട്ടിയുയര്‍ത്തലും ജാറം നേര്‍ച്ചകള്‍ തുടങ്ങിയ ഉല്‍സവങ്ങള്‍ നടത്തലും ശീഈ പാരമ്പര്യമുള്ള കൊണ്ടോട്ടി കൈക്കാരുടെ രീതിയാണ്. സുന്നീ-ശാഫിഈ പാരമ്പര്യം ഇതിനെതിരാണ്. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ ശാഫിഈ പണ്ഡിതര്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെയും രണ്ടാമന്റെയും ക്വബ്‌റ് കെട്ടിപ്പൊക്കിയിട്ടില്ല. ജാറം നേര്‍ച്ചകള്‍ ആഘോഷിച്ച പാരമ്പര്യം ഇവിടത്തെ ശാഫിഈ ധാരയുടെ ചരിത്രത്തിലില്ല. കൊണ്ടോട്ടി തങ്ങന്മാരുടെ പാരമ്പര്യത്തെ മാതൃകയാക്കി ഇന്ന് ‘ശാഫിഈകള്‍‘ വ്യാപകമായി നടത്തുന്ന ജാറം നേര്‍ച്ചകള്‍ ശാഫിഈ മദ്ഹബിന് എതിരും ശീഈ സ്വാധീനത്തിന്റെ തെളിവുമാണ്.

ശീഈ-സ്വൂഫീ സ്വാധീനത്തിന് കീഴ്‌പെട്ടും ബഹുദൈവാരാധന ആചരിക്കുന്ന ഇതരമതസ്ഥരുമായുള്ള സമ്പര്‍ക്കഫലമായും മുസ്‌ലിം സമൂഹത്തില്‍ കടന്നുകൂടിയിട്ടുള്ള വിശ്വാസാരാധനകളിലെ താദാത്മ്യത്തിനും ഇസ്‌ലാം അംഗീകരിക്കാത്ത നൂതനാചാരങ്ങള്‍ക്കുമെതിരില്‍ പല മതപണ്ഡിതന്‍മാരും കേരള മുസ്‌ലിം ഐക്യസംഘം സ്ഥാപിക്കുന്നതിന്റെ എത്രയോ കൊല്ലങ്ങള്‍ക്കു മുമ്പുതന്നെ സമരം നടത്തിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെപേര്‍ വിശ്വാസ ജീര്‍ണതകള്‍ക്കെതിരെയുളള ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയിരുന്നു.

കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം

ബോംബെയ്ക്കടുത്ത കര്‍ദാപന്‍കാരനായ മുഹമ്മദ്ശാ എന്ന ശീഈ സ്വൂഫി എ.ഡി 1717ല്‍ മലബാറിലെത്തുകയും കൊണ്ടോട്ടി കേന്ദ്രീകരിച്ച് ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ദര്‍ഗകളും മതത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ആചാരങ്ങളും ത്വരീക്വത്തുകളും പ്രചരിപ്പിക്കുകയും ചെയ്തു. മുഹമ്മദ്ശായുടെ പിന്‍ഗാമികളായി അഫ്താബ്ശാ, ഇശ്തിയാഖ്ശാ തുടങ്ങിയവര്‍ രംാഗത്തുവന്നു.

കൊണ്ടോട്ടിയിലെ ഇശ്ത്തിയാഖ്ശാ ശീഇസത്തിന്റെ പല ആചാരനടപടികളും തുടങ്ങി. ശായുടെ മുമ്പില്‍ മുരീദന്മാര്‍ സുജൂദ് ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം കൊണ്ടോട്ടിയില്‍ മുഹര്‍റാഘോഷവും നടത്തിയിരുന്നു. ശിയാപക്ഷക്കാരനായിരുന്ന ശായുടെ വിശ്വാസാചാരങ്ങളെ പണ്ഡിതലോകം ഒറ്റക്കെട്ടായി എതിര്‍ത്തു. ശൈഖ് ജിഫ്‌രി, മമ്പുറം തങ്ങള്‍, ഉമര്‍ക്വാദി, ഔക്കോയ മുസ്‌ലിയാര്‍, പൊന്നാനി പുതിയകത്ത് കമ്മുക്കുട്ടി മുസ്‌ലിയാര്‍, നാദാപുരം അഹ്‌മദ് മുസ്‌ലിയാര്‍ തുടങ്ങിയ പൊന്നാനി കൈക്കാരായ പണ്ഡിതന്മാര്‍ കൊണ്ടോട്ടി കൈക്കാരെ പ്രതിരോധിച്ചു. മുഹമ്മദ്ശാ ശീഈ ആണെന്നും മെസ്മരിസക്കാരനാണെന്നും, അയാളുടെ ത്വരീക്വത്ത് ഇസ്‌ലാമികാദര്‍ശത്തിന് കടകവിരുദ്ധമാണെന്നും ആദ്യമായി മതവിധി നല്‍കിയത് മലബാറിലെ പ്രധാന മുഫ്തിയായിരുന്ന സയ്യിദ് ശൈഖ് ജിഫ്‌രിയാണ്.

കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കത്തിന്റെ പേരില്‍ നീണ്ട കേസുകളും സംഘര്‍ഷങ്ങളും സാമൂഹിക ബഹിഷ്‌കരണങ്ങളും സാര്‍വത്രികമായി നടന്നു. ഒപ്പം ഫത്‌വകളുടെ ഘോഷയാത്രയും തുടര്‍ന്നു.

കേരളത്തിലെ മണ്‍മറഞ്ഞ മതപണ്ഡിതന്മാരില്‍ അഗ്രേസരനും സയ്യിദ് ഇബ്രാഹീം എന്ന മസ്താന്‍ തങ്ങളുടെ പുത്രനുമായിരുന്ന തിരൂര്‍ വെട്ടത്ത് പുതിയങ്ങാടിയില്‍ ജനിച്ചുവളര്‍ന്ന പാടൂര്‍ കോയക്കുട്ടി തങ്ങള്‍ എന്നറിയപ്പെട്ട സയ്യിദ് മുഹമ്മദ് ഫഖ്‌റുദ്ദീന്‍ ബുഖാരി കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം രൂക്ഷമായ കാലത്ത് കൊണ്ടോട്ടി തങ്ങന്മാരുടെ ത്വരീക്വത്തിന്റെ നിശിതവിമര്‍ശകരില്‍ ഒരാളായിരുന്നു. തന്റെ വൈതുല്യം എന്ന പ്രൗഢഗ്രന്ഥത്തില്‍ ഹിജ്‌റ 1279ല്‍ അദ്ദേഹം എഴുതിയത് കാണുക:

‘‘ഇതുപോലെതന്നെ ഇപ്പോള്‍ ‘വേദപുരാണ’മെന്നും ‘യെനും തിരണ്ട് നീതം’യെന്നും മുഹ്‌യിദ്ദീന്‍ മാല’യെന്നും മറ്റും ചില പാട്ടു കള്‍ അഹ്‌ലുസ്സുന്നിയാക്കളെ അഖീദക്ക് മാറായിട്ട്(1) പെരിത്ത് കാരിയങ്ങളെ അതില്‍ പറയുന്നതായിട്ട് നടന്നുവരുന്നുണ്ട്. ആയതിനെ പെരുമാറുന്നതും ജായിസ് അല്ലാ.’’(2)

തന്റെ ജീവിതകാലത്തെ വ്യാജത്വരീക്വത്ത് പ്രസ്ഥാനങ്ങളെയും തമിഴിലെയും അറബിമലയാളത്തിലെയും ഭക്തിഗാനങ്ങളെയും വിമര്‍ശിക്കാനും ക്വുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ ത്വരീക്വത്തുകളും മാലപ്പാട്ടുകളും തെറ്റാണെന്നു സ്ഥാപിക്കാനും അദ്ദേഹം സുധീരമായ പ്രയത്‌നങ്ങള്‍ തന്നെ നടത്തി.

വെളിയങ്കോട് ഉമര്‍ക്വാദിയുടെ സഹപാഠിയും മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഉറ്റസുഹൃത്തും തങ്ങളുടെ മകനായ സയ്യിദ് ഫദ്‌ൽ പൂക്കോയ തങ്ങളുടെ ഗുരുനാഥനും തിരൂരങ്ങാടി നടുവിലെ പള്ളിയിലെ മുദര്‍രിസുമായിരുന്ന തിരൂരങ്ങാടി ചാലിലകത്ത് കുസാഈ ഹാജി കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം ഉഗ്രത പ്രാപിച്ചിരുന്നകാലത്ത്, ഇത്തിയാഖ് ശായുടെ നൂതന ത്വരീക്വത്ത്‌വാദത്തെ നിശിതമായി വിമര്‍ശിച്ചു. മുരീദന്മാരെ ശായുടെ മുമ്പില്‍ സുജൂദ് ചെയ്യിക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാരുമായി നേരിട്ട് സംവാദത്തിന് തയ്യാറാകാത്ത ശായുടെ നിലപാടിനെ കുസായി ഹാജി മജ്‌മൂഅതുല്‍ ഫതാവായില്‍(3) രൂക്ഷമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.(4)

1850കളില്‍ നിര്യാതനായ കണ്ണൂര്‍ പുറത്തിയില്‍ മുഹമ്മദ് ശൈഖ് തങ്ങള്‍ ഇത്തരം സുജൂദുകള്‍ക്കെതിരെ മതവിധി പുറപ്പെടുവിച്ചിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ മാലയില്‍ അനുബന്ധമായി ചേര്‍ക്കപ്പെട്ടിട്ടുള്ള ‘അലിഫെന്ന മാണിക്യം’ രചിച്ച കോഴിക്കോട് ക്വാദി മുഹ്‌യിദ്ദീന്‍ സുജൂദ് വാദക്കാരന്‍ നിര്‍മതവാദിയാണെന്ന് തന്റെ മതവിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.അക്കാലത്തുതന്നെ പൊന്നാനിയില്‍ ജീവിച്ചിരുന്ന പ്രസിദ്ധ പണ്ഡിതന്മാരായിരുന്ന പുതിയകത്ത് കമ്മുക്കുട്ടി മുസ്‌ല്യാരും വലിയ ബാവ മുസ്‌ല്യാരും കൊണ്ടോട്ടി ത്വരീക്വത്തിനെതിരില്‍ നാവുകൊണ്ടും തൂലികകൊണ്ടും അവിശ്രമം പടനയിച്ചവരില്‍ പ്രധാനികളാണ്. തലശ്ശേരി ക്വാദി അബ്ദുല്ല അറബിഭാഷയില്‍ നല്‍കിയ മതവിധിയില്‍ ശരീഅത്തിനെതിരായ എല്ലാ ത്വരീക്വത്ത് ആചാരങ്ങളും കൈവെടിയാന്‍ ശക്തമായി ആഹ്വാനം ചെയ്യുന്നുണ്ട്.

തിരൂരങ്ങാടി ക്വാദിയും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ സഹപാഠിയുമായിരുന്ന പുതിയകത്ത് അഹ്‌മദ് മുസ്‌ല്യാരും പൊന്നാനിയിലെ പുതിയകത്ത് കമ്മുക്കുട്ടി മുസ്‌ല്യാരുടെ ശിഷ്യനും പ്രസിദ്ധ മുദര്‍രിസും ആയിരുന്ന നാവരകുളങ്ങരകത്ത് കുഞ്ഞഹ്‌മദ്കുട്ടി മുസ്‌ല്യാരും പടപ്പുകള്‍ പടപ്പുകള്‍ക്ക് സുജൂദ് ചെയ്താല്‍ ആ പടപ്പ് നബിയായിരുന്നാലും വലിയ്യ് ആയിരുന്നാലും ചെയ്തവന്‍ കാഫിറായിപ്പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊന്നാനി മഖ്ദൂം കുടുംബത്തിലെ ശൈഖ് അഹ്‌മദ് മഖ്ദൂം മഅ്ബരി, കോഴിക്കോട് കുഞ്ഞാമുട്ടി ഹാജി, മഞ്ചേരി പയ്യനാട് ബൈത്താന്‍ അഹ്‌മദ് മുസ്‌ല്യാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും വിവാദസുജൂദ് വാദത്തിനെതിരെ മതവിധി പുറപ്പെടുവിച്ചവരാണ്.

കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത് പള്ളിയില്‍വെച്ച് പൊന്നാനി-കൊണ്ടോട്ടി വാദപ്രതിവാദം നടന്നു. കൊണ്ടോട്ടി തങ്ങളുടെ പ്രതിനിധിയായി വാദിച്ചത് മുസ്‌ലിയാരകത്ത് അഹ്‌മദ്കുട്ടി മുസ്‌ലിയാരായിരുന്നു. പൊന്നാനിഭാഗത്തെ പ്രതിനിധീകരിച്ചത് പ്രസിദ്ധനായ അണ്ടത്തോട് ശുജായി മൊയ്തു മുസ്‌ലിയാരുമായിരുന്നു. ഒരു സൃഷ്ടി മറ്റൊരു സൃഷ്ടിക്കുമുമ്പില്‍ ഒരുതരത്തിലുള്ള സുജൂദും ചെയ്യരുതെന്നും അത് മതനിഷേധമാണെന്നും ശുജായി വീറോടെ വാദിച്ചു.

വാദപ്രതിവാദത്തിനു ശേഷം മുസ്‌ലിയാരകത്ത് അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ ‘അല്‍ബുസ്താന്‍‘ എന്നപേരില്‍ കൊണ്ടോട്ടി ത്വരീക്വത്തിനെ ന്യായീകരിച്ചുകൊണ്ട്ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ‘മുഹമ്മദ് ശാ മുതല്‍ ഇത്തിയാഖ് ശാ വരെയുള്ള തങ്ങന്മാരും അവരുടെ മുരീദന്മാരും യഥാര്‍ഥ സുന്നിയാക്കളാണ്. അവര്‍ ഖാദിരിയ്യാ ത്വരീക്വത്തില്‍ ഉറച്ചുനില്‍ക്കുന്നു. അവര്‍ റാഫിളിയാക്കളോ ശിയാക്കളോ അല്ല’ എന്നെല്ലാം ബുസ്താനില്‍ ന്യായീകരിച്ചു.

ഹിജ്‌റ 1808ല്‍ പൊന്നാനി പുതിയകത്ത് മഖ്ദൂം കമ്മുക്കുട്ടി മുസ്‌ല്യാരുടെ പുത്രന്‍ പുത്തന്‍വീട്ടില്‍ അഹ്‌മദ് മുസ്‌ല്യാര്‍ അല്‍ബുസ്താനിന് ‘ഹയാതുദ്ദീന്‍ വമമാതുല്‍ മുആനിദീന്‍‘ എന്ന പേരില്‍ 228 പുറങ്ങളുള്ള ഖണ്ഡനം എഴുതി ഹിജ്‌റ 1308ല്‍ പൊന്നാനിയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തി.

സയ്യിദ് ഹസന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ (കോഴിക്കോട് വലിയക്വാദി), ക്വാദി മുഹമ്മദ് അലി (കോഴിക്കോട് ചെറിയക്വാദി), ഒറ്റകത്ത് ഓടക്കല്‍ കുഞ്ഞഹ്‌മദ് മുസ്‌ല്യാര്‍ (മലപ്പുറം ക്വാദി), പുത്തന്‍വീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്‌ല്യാര്‍ (കൊണ്ടോട്ടി ഖാസിയാരകം ക്വാദി), ചെമ്മനൂര്‍ വലിയവളപ്പില്‍ശൈഖ് അഹ്‌മദ് മുസ്‌ല്യാര്‍, പൊന്നാനി വലിയ മഖ്ദൂം പുതിയകത്ത് അബ്ദുര്‍റഹ്‌മാന്‍കുട്ടി മുസ്‌ല്യാര്‍, കോടഞ്ചേരി അഹ്‌മദ്കുട്ടി മുസ്‌ല്യാര്‍, ചെമ്മനാട് കുഞ്ഞിമുസ്‌ലിയാര്‍ (പൊന്നാനി മുദര്‍രിസ്) മുതലായവര്‍ പ്രസ്തുത ഗ്രന്ഥത്തിന് സമ്മതപത്രം എഴുതിയിട്ടുണ്ട്.

ജനങ്ങളുടെ ശക്തമായ എതി ര്‍പ്പു നിമിത്തം അവസാനം കൊണ്ടോട്ടി തങ്ങന്‍മാര്‍ മുഹര്‍റാഘോഷംനിര്‍ത്തല്‍ ചെയ്തു. മുരീദന്മാരോട് സുജൂദ് ചെയ്യിപ്പിക്കുന്ന കര്‍മവും ഉപേക്ഷിച്ചു. ഒരുകാലത്ത് സമുദായത്തിനിടയില്‍ വിവാദത്തിനും ഖണ്ഡനമണ്ഡനങ്ങള്‍ക്കും കാരണമായിരുന്ന കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം അതോടെ കെട്ടടങ്ങി.

ചാലിലകത്ത് കുസാഈ ഹാജിയുടെ പ്രഥമ പുത്രനും ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ പിതാവായ ഹസന്‍ മുസ്‌ല്യാര്‍, മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മുതലായവരുടെ ഗുരുനാഥനും കേരളത്തിലെ പ്രാമാണിക പണ്ഡിതനും ഉന്നത സാഹിത്യകാരനും തിരൂരങ്ങാടി നടുവിലെ പള്ളിയിലെ മുദര്‍രിസുമായിരുന്ന അലി ഹസന്‍ മൗലവി കൊടികുത്ത് ഉത്സവം, ചാവടിയന്തിരം മുതലായ അനാചാരങ്ങളെയും നഖ്ശബന്തി ത്വരീക്വത്തിനെയും കൊണ്ടോട്ടി ത്വരീക്വത്തിനെയും ശക്തയായി എതിര്‍ത്തിരുന്നു. ക്വുര്‍ആനും ഹദീസും പണ്ഡിതന്മാരുടെ ഉദ്ധരണികളും നിരത്തിവെച്ച് തന്റെ വാദത്തെ സ്ഥാപിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് മികച്ചതായിരുന്നു.

കൊണ്ടോട്ടി ത്വരീക്വത്തിനെ ന്യായീകരിച്ചുകൊണ്ട് ‘അല്‍ബുസ്താന്‍‘ എന്ന ഗ്രന്ഥമെഴുതിയ മുസ്‌ലിയാരകത്ത് അഹ്‌മദ്കുട്ടി മുസ്‌ല്യാരുടെ മകന്‍ കുഞ്ഞുട്ടി മുസ്‌ല്യാര്‍ പില്‍ക്കാലത്ത് മുഹമ്മദ്ശാ സ്തുതികീര്‍ത്തനവും എഴുതിയിട്ടുണ്ട്. അലി(റ)യുടെ ഖിലാഫത്തുകാലത്ത്, മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ ജമല്‍, സ്വിഫ്ഫീന്‍ യുദ്ധചരിത്രങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം രചിച്ച മഹാകാവ്യമായ ‘വ്യസനമാല’യുടെ പ്രചാരണത്തിനെതിരില്‍ കൈപ്പറ്റ അഹ്‌മദ് മുസ്‌ലിയാര്‍, കൈപ്പറ്റ മമ്മദ്കുട്ടി മുസ്‌ല്യാര്‍, അബ്ദുല്‍ബാരി മുസ്‌ല്യാര്‍, കെ.എം. മൗലവി മുതലായ മതപണ്ഡിതന്മാര്‍ മതവിധികള്‍ ഇറക്കി. സഹാബത്തിന്റെ നേരെ സമുദായത്തിനു വെറുപ്പു വളരുന്നതിനും ശീഈ വിശ്വാസപ്രചാരണത്തിന് ആക്കംകൂട്ടുന്നതിനും ആ കൃതി സഹായകമായി ഭവിക്കുമെന്നാണ് പണ്ഡിതന്മാര്‍ കുറ്റപ്പെടുത്തിയത്. തന്നിമിത്തം ‘വ്യസനമാല’യുടെ പരിണാമം പൂര്‍ണമായും വ്യസനപര്യവസായിയായിത്തീര്‍ന്നു. ആ കൃതി വാങ്ങിയിരുന്നവര്‍ വെള്ളത്തില്‍ ഒഴുക്കിയും കരിച്ചും നശിപ്പിച്ചു.

(തുടരും)