ഇസ്‌ലാം പഠിപ്പിക്കുന്ന ആതിഥ്യമര്യാദകൾ

ഡോ. ടി. കെ യൂസുഫ്

2022 മെയ് 07, 1442 ശവ്വാൽ 06

ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തന്റെ അതിഥിയെ ആദരിക്കട്ടെ’ നബി ﷺ

മുഹമ്മദ് നബി ﷺ യുടെ നിയോഗമനത്തിനു മുമ്പുതന്നെ അറബികൾ അതിഥികളുടെ ആഗമനത്തിൽ സന്തോഷിക്കുകയും അവർക്ക് വേണ്ട സേവനം ചെയ്യുന്ന കാര്യത്തിൽ അങ്ങേയറ്റം ഉത്സാഹം കാണിക്കുകയും ചെയ്തിരുന്നു. മനുഷ്യപ്രകൃതിയിൽ രൂഢമൂലമായിട്ടുളളതും സകല മതങ്ങളും പ്രത്യയശാസ്ത്രങ്ങളും വാഴ്ത്തുകയും ചെയ്തിട്ടുളള ആതിഥ്യത്തിന് ഇസ്‌ലാം അത്യധികം പ്രാധാന്യം നൽകുന്നുണ്ട്.

‘ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തന്റെ അതിഥിയെ ആദരിക്കട്ടെ’ എന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുളളത്.

ഒരു ഖുദ്‌സിയായ ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: “അല്ലാഹു പറയുന്നു: എന്റെ പേരിൽ പരസ്പരം സന്ദർശിക്കുന്നവർക്ക് എന്റെ സ്‌നേഹം അർഹതപ്പെട്ടതായിത്തീരും.’’

ഹദീസ് ഗ്രന്ഥങ്ങൾ പരതുകയാണെങ്കിൽ ഈ വിഷയത്തിൽ വേറെയും ഹദീസുകൾ കാണാൻ കഴിയും. നമ്മുടെ സൗഹൃദ സന്ദർശനങ്ങൾ പുണ്യകരമായിത്തീരാൻ അതിഥിയും ആതിഥേയനും ശ്രദ്ധിക്കേണ്ട ചില നിർദേശങ്ങളാണ് ഇവിടെ ചുരുക്കി വിവരിക്കുന്നത്.

1. അതിഥികളെ സ്വീകരിക്കുന്നതിന് വേണ്ടി അൽപം ആകർഷകമായി അണിഞ്ഞൊരുങ്ങുന്നത് പ്രവാചക മാതൃകയിൽ പെട്ടതാണ്. നബി ﷺ ക്ക് നിവേദക സംഘങ്ങളെ സ്വീകരിക്കാനും വെളളിയാഴ്ചയിൽ ധരിക്കാനും പ്രത്യേക വസ്ത്രങ്ങളുണ്ടായിരുന്നു. നാം അതിഥികളായി പോകുമ്പോഴും ഈ ചര്യ പാലിക്കാവുന്നതാണ്. അവിചാരിതമായി ആരെങ്കിലും വീട്ടിലേക്ക് കയറിവരുമ്പോൾ അണിഞ്ഞൊരുങ്ങുക എന്ന നിർദേശം പാലിക്കാൻ കഴിയുകയില്ലല്ലോ. അത്തരം സന്ദർഭങ്ങളിൽ സാധിക്കും പ്രകാരം ചെയ്യുക. അവരുടെ വരവിൽ നമുക്ക് സന്തോഷമാണുള്ളത് എന്ന് അവർ മനസ്സിലാക്കണം.

2. അതിഥികൾക്ക് വിശിഷ്ടമായ ആഹാര വസ്തുക്കൾ കഴിക്കാൻ നൽകുന്നതും പുണ്യകരമാണ്. ഇബ്‌റാഹീം നബി(അ)യുടെ അടുക്കൽ മലക്കുകൾ അതിഥികളായി വന്നപ്പോൾ അദ്ദേഹം ധൃതിയിൽ ഭാര്യയുടെ അടുത്തേക്ക് ചെന്നതും ഒരു തടിച്ച കാളക്കുട്ടിയെ അറുത്ത് വേവിച്ച് കൊണ്ടുവന്നതുമൊക്കെ ക്വുർആൻ എടുത്തുപറയുന്നുണ്ട്. (ഹൂദ് 69).

ആതിഥ്യമര്യാദയുടെ ഒട്ടേറെ പാഠങ്ങൾ ഈ സംഭവത്തിൽനിന്നും ഗ്രഹിക്കാൻ കഴിയും. ഇബ്‌റാഹീം നബി(അ) തന്റെ അതിഥികൾക്ക് മതിയായ അത്രയും ഭക്ഷണം തയ്യാറാക്കി. അത് അവർക്ക് കൊണ്ടുവന്ന് വെച്ചുകൊടുക്കുക എന്ന ജോലി സ്വയംതന്നെ നിർവഹിച്ചു. അതിഥികളുടെ ഇഷ്ടാനിഷ്ടങ്ങൾ അന്വേഷിക്കാതെയാണ് അദ്ദേഹം കാളക്കുട്ടിയെ പൊരിച്ച് നൽകിയത്. എന്നാൽ ഇന്ന് നമ്മുടെ അതിഥികളിൽ അധികപേരും ഭക്ഷ്യജന്യ രോഗങ്ങൾ കാരണം ഭക്ഷണത്തിന്റെ കാര്യത്തിൽ അതീവ ചിട്ട പാലിക്കാൻ ബാധ്യസ്ഥരായവരായിരിക്കും, അതുകൊണ്ട് തന്നെ ഔചിത്യപൂർവം അതിഥികളുടെ താൽപര്യം ആരാഞ്ഞ് ഭക്ഷണം തയ്യാറാക്കുന്നതായിരിക്കും അഭികാമ്യം.

3. അതിഥികൾക്ക് വലിയ പ്രയാസമില്ലെങ്കിൽ ആതിഥേയൻ കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. കാരണം വീട്ടുകാർ പണിപ്പെട്ടുണ്ടാക്കിയ വിഭവങ്ങൾ തിരസ്‌കരിക്കുന്നത് അവർക്ക് വിഷമമുണ്ടാക്കും. ആതിഥേയർക്ക് പ്രയാസമുണ്ടാക്കുന്നവിധം കൊണ്ടുവന്ന ഭക്ഷണത്തിൽ ഭേദഗതി ആവശ്യപ്പെടുന്നതും ഒഴിവാക്കേണ്ടതാണ്.

4. അതിഥി സന്ദർശനത്തിന് അനുയോജ്യമായ സമയം തെരഞ്ഞെടുക്കുന്നത് വളരെ അനിവാര്യമായ ഒന്നാണ്. രാത്രി വളരെ വൈകിയോ ഭക്ഷണ സമയത്തോ, ഉച്ചയുറക്കത്തിന്റെ സമയത്തോ കയറിച്ചെല്ലുന്നത് ഒഴിവാക്കേണ്ടതാണ്.

5. മറ്റുളളവരുടെ വീടുകൾ സന്ദർശിക്കുന്നത് അനിവാര്യമാകുന്ന ചില സന്ദർഭങ്ങളുണ്ട്. രോഗം, അപകടം പോലുളള വിഷമഘട്ടങ്ങളും, ജനനം, വിവാഹം പോലുളള സന്തോഷവേളകളും അതിൽ പെട്ടതാണ്. നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ഒരു രോഗിയെ സന്ദർശിച്ചാൽ അല്ലെങ്കിൽ അല്ലാഹുവിന്റെ പേരിൽ ഒരു സഹോദരനെ സന്ദർശിച്ചാൽ അല്ലാഹു അവന്റെ വഴിയിൽ ഒരു മലക്കിനെ നിയോഗിക്കും. നീയും നിന്റെ നടത്തവും നന്നാകട്ടെ എന്ന് ആ മലക്ക് പറഞ്ഞുകൊണ്ടിരിക്കും.’

6. അതിഥിയായി പോകുന്നവൻ ആതിഥേയർക്ക് മറ്റു ജോലികളിൽ തടസ്സമുണ്ടാകുന്നവിധം വളരെ കൂടുതൽ സമയം അവിടെ ചെലവഴിക്കരുത്. എന്നുവെച്ച് ഒന്നും പറയാനും ഇരിക്കാനും എടുക്കാനും കുടിക്കാനും കൂട്ടാക്കാതെ വന്ന കാലിൽതന്നെ തിരിച്ചുപോകുന്നതും ഉചിതമല്ല.

7. വീട്ടിലേക്ക് കയറിച്ചെല്ലുന്നവൻ വാതിലിന് അഭിമുഖമായി നിൽക്കാതെ അൽപം മാറി നിൽക്കണമെന്നാണ് നബി ﷺ നിർദേശിച്ചിട്ടുളളത്. അകത്ത് കയറിയതിന് ശേഷം വീടിന്റെ എല്ലാ മുക്കുമൂലകളിലും കണ്ണ് പായിക്കുന്നതും, ആകർഷകമായ വസ്തുക്കളിൽ കണ്ണ് വെക്കുന്നതും അഭിലഷണീയമല്ല. സന്ദർശനം കഴിഞ്ഞ് വീട്ടുകാരോട് വിടപറയുമ്പോൾ സന്തോഷവും മുഖപ്രസന്നതയും കാത്തുസൂക്ഷിക്കുകയും വേണം.