രോഗവും മരുന്നും 4

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ

2022 മെയ് 21, 1442 ശവ്വാൽ 19

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

പാഠം 9

പാപങ്ങൾ ഹൃദയത്തിലും ശരീരത്തിലും കുഴപ്പങ്ങൾ ഉണ്ടാക്കുന്നതാണ്

മനുഷ്യന് മറ്റു സൃഷ്ടികളെക്കാൾ ശ്രേഷ്ഠത അല്ലാഹു നൽകിയിരിക്കുന്നു. കാര്യങ്ങൾ ഉറ്റാലോചിച്ച് മനസ്സിലാക്കുവാനുള്ള ബുദ്ധി അല്ലാഹു മലക്കുകൾക്ക് പോലും നൽകിയിട്ടില്ല. അത്രമാത്രം വിലമതിക്കപ്പെട്ടവരാണ് മനുഷ്യർ. പക്ഷേ, നമ്മൾ മനുഷ്യർ നമ്മുടെതന്നെ വില തിരിച്ചറിയുന്നില്ല. പരിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു:

“തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു’’ (അൽഇസ്‌റാഅ് 70).

മറ്റൊരിടത്ത് പറയുന്നു: “അത്തിയും ഒലീവും സീനാപർവതവും നിർഭയത്വമുള്ള ഈ രാജ്യവും തന്നെയാണെ സത്യം, തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. (സൂറതുത്തീൻ 1-4).

ഈ മഹത്തായ സ്ഥാനം നിലനിർത്തുന്നതിനും ഉയർത്തുന്നതിനും പാപങ്ങളിൽ മുഴുകിപ്പോകാതെ നിരന്തരം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാൻ നാം പരിശ്രമിക്കേണ്ടതാണ്. അല്ലാഹുവിന്റെ മാർഗത്തിൽനിന്നും നാം തിരിഞ്ഞുകളഞ്ഞാൽ പാപങ്ങളിൽ അകപ്പെട്ടുപോകുന്നതാണ്. പശ്ചാത്തപിച്ച് മടങ്ങിയില്ലെങ്കിൽ അല്ലാഹുവിന്റെയടുക്കൽ നാം നിന്ദ്യന്മാരായിത്തീരുകയും ചെയ്യും. ഹസനുൽ ബസ്വരി (റഹ്) പറയുന്നു: “സ്വന്തം വില മനസ്സിലാക്കാത്തവരാണ് പാപങ്ങൾ ചെയ്തുകൂട്ടുന്നത്. അല്ലാഹുവിന്റെ അടുക്കൽ അവരുടെ വില താണുപോവുകയും ചെയ്യും. അല്ലാഹുവിന്റെ അടുക്കൽ വിലമതിക്കപ്പെട്ടവർ എപ്പോഴും സുരക്ഷിതരായിരിക്കും. അല്ലാഹുവിന്റെ കണ്ണിൽ നിന്ദ്യരായവർക്ക് വില നൽകാൻ ആർക്കും സാധിക്കുന്നതല്ല. അല്ലാഹു പറയുന്നു: ആരെ അല്ലാഹു നിന്ദിതനും അപമാനിതനും ആക്കിയോ അവന് പിന്നെ മഹത്ത്വമേകുന്നവനാരുമില്ല (അൽഹജ്ജ് 18)’’

അല്ലാഹു നിന്ദിച്ചവനെ ആരെങ്കിലും പുകഴ്ത്തിയാൽ പുകഴ്ത്തുന്നവന് എന്തെങ്കിലും ആവശ്യം സാധിക്കുവാൻ ഉണ്ടാകും. അല്ലെങ്കിൽ അയാളിൽനിന്ന് എന്തെങ്കിലും നാശം ഭയന്നിട്ടാകും. അല്ലാതെ അയാൾ അതിന് അർഹനായതുകൊണ്ടല്ല.

ഒരു അടിമ പാപങ്ങളിൽ നിരന്തരം ഏർപ്പെട്ട് കഴിയുമ്പോൾ അയാൾക്ക് പാപം ഒരു സാധാരണ കാര്യമായിത്തീരും. നന്നാകണമെന്നോ പശ്ചാത്തപിച്ച് മടങ്ങണമെന്നോ അയാൾക്ക് തോന്നുകപോലുമില്ല. കുറവുകളുള്ള ഒരു ജീവിതവുമായി കുറേകാലം ജീവിച്ചാൽ ആ കുറവുകളുമായി ജീവിക്കാൻ അയാൾ പരിശീലിക്കുന്നതാണ്. ഒരു നല്ല ഹൃദയത്തിനുടമയായവൻ ഒരു തെറ്റ് ചെയ്താൽ പെട്ടെന്നുതന്നെ അതിന്റെ പ്രയാസം അദ്ദേഹത്തിന്റെ മനസ്സിൽ ശക്തമാകും. ഉദാ: നമ്മൾ സ്വന്തം മാതാവിനോട് മോശമായി സംസാരിച്ചുപോയാൽ പിന്നെ നമുക്ക് ഉറക്കം വരില്ല. പക്ഷേ, സ്വന്തം മാതാവിനോട് നിരന്തരം കയർക്കുന്ന ഒരാൾക്ക് ഒരു കുറ്റബോധവും തോന്നുകയുമില്ല.

ആകയാൽ നാം അല്ലാഹുവിനോട് നിരന്തരം പാപമോചനം തേടണം. കാരണം, നമ്മുടെ ഏത് പാപമാണ് നമുക്ക് ശീലമായി പോയതെന്ന് നമുക്ക് അറിയുവാൻ സാധിച്ചെന്നുവരില്ല. നമ്മുടെ ഹൃദയത്തിലെ രോഗങ്ങൽ നമ്മൾ തിരിച്ചറിയേണ്ടതാണ്. താൻ ഒരു രോഗിയാണെന്ന് അറിയാതിരിക്കലാണ് ഒരാളുടെ നാശത്തിന്റെ ഏറ്റവും വലിയ അടയാളം. തന്റെ പാപം നിസ്സാരമാണെന്ന് എത്രകണ്ട് ഒരുവൻ കരുതുന്നുവോ അത്രകണ്ട് അത് അല്ലാഹുവിന്റെ കണ്ണിൽ വലുതായിരിക്കും. അപ്പോൾ ശിക്ഷയും അതനുസരിച്ച് വ്യത്യസ്തമായിരിക്കും.

ഒരു വിശ്വാസി തന്റെ പാപങ്ങളെ തന്റെ ശിരസ്സിന് മുകളിൽ സ്ഥിതിചെയ്യുന്ന ഒരു പർവതമായി കാണുകയും അത് തനിക്ക് മുകളിൽ വീണേക്കുമോ എന്ന ഭയം സദാ പുലർത്തുകയും ചെയ്യുന്നതാണ്. എന്നാൽ ഒരു പാപി തന്റെ പാപത്തെ തന്റെ മൂക്കിൻതുമ്പിൽ ഇരിക്കുന്ന ഒരു ഈച്ചയെപോലെ മാത്രമെ കരുതുന്നുള്ളൂ. അതിനെ സാധാരണമട്ടിൽ തട്ടിക്കളയുന്നതാണ്.

നമ്മൾ സദാ അല്ലാഹുവിന്റെയടുക്കൽ പാപങ്ങൾ ഏറ്റുപറയുകയും ഒരു യാചകനെപ്പോലെ പാപമോചനം തേടുകയും സൽകർമങ്ങൾ ചെയ്യുവാനുള്ള തൗഫീക്വ് ചോദിക്കുകയും വേണം.

ഒരാൾ ഒരു പാപം ചെയ്താൽ അതിന്റെ ദൂഷ്യം അയാളുടെ ചുറ്റുപാടുകളെയും സ്വാധീനിക്കും. മനുഷ്യരിലും മൃഗങ്ങളിലും വസ്തുവകകളിലും പാപങ്ങളുടെ കുഴപ്പങ്ങൾ പ്രതിഫലിക്കുന്നതാണ്. അതെ, നമ്മുടെ യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ലങ്കിൽ, ഇണ നമ്മോട് കോപത്തിലാണെങ്കിൽ, നമ്മുടെ മക്കൾ നമ്മെ അനുസരിക്കുന്നില്ലങ്കിൽ, നമ്മുടെ തൊഴിലാളികൾ പ്രശ്‌നമുണ്ടാക്കുന്നെങ്കിൽ, നമ്മൾ നമ്മളിലേക്ക് തന്നെ തിരിഞ്ഞ് സ്വയം പരിശോധിക്കേണ്ട സമയമായി എന്ന് മനസ്സിലാക്കുക. നാം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.

അല്ലാതെ കണ്ണേറിനെയോ മാരണത്തെയോ പഴിക്കുന്നതിൽ ഒരു കാര്യവുമില്ല. നാം നമ്മിലേക്ക് തന്നെ നോക്കുകയും പാപമോചനം തേടുകയുമാണ് ചെയ്യേണ്ടത്. പക്ഷേ, നാം നമ്മുടെ അവസ്ഥയെ ശരിയായ നിലയിൽ വിശകലനം ചെയ്യുന്നില്ല എന്നതാണ് നമുക്കുള്ള പ്രശ്‌നം. വീട്ടിലെ യന്ത്രങ്ങൾക്ക് കേടു പറ്റിയാൽ നമ്മൾ അതിന്റെ കേടുപാടുകൾ തീർക്കാൻ തിടുക്കം കൂട്ടും. പക്ഷേ, അത് നമ്മുടെ പാപങ്ങൾ നിമിത്തമാണെന്ന തിരിച്ചറിവ് ഉണ്ടാകാറില്ല. പാപമോചനതേട്ടം നടത്തുകയുമില്ല. അല്ലാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്ത് നൽകട്ടെ. ആമീൻ

അഹങ്കാരം, അസൂയ മുതലായ ഹൃദയരോഗമുള്ളവർ നിറഞ്ഞ ഒരു പരിസരം നമുക്ക് എപ്പോഴും ദോഷകരമായിരിക്കും. പരസ്പര വിട്ടുവീഴ്ചയും നന്മയും നിറഞ്ഞ ഭവനങ്ങൾ സമാധാനത്തിന്റെ കേന്ദ്രങ്ങളായി മാറും.

അല്ലാഹു അറിയിക്കുന്നു: മനുഷ്യകരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി കടലിലും കരയിലും നാശം പ്രകടമായിരിക്കുന്നു. ജനങ്ങൾ പ്രവർത്തിച്ച തിന്മകളിൽ ചിലതിന്റെ രുചിയറിയുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. ഇതിലൂടെ അവർ നന്മയിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്.

“മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരു വേള മടങ്ങിയേക്കാം’’ (റൂം 41).

പാഠം 10

പാപങ്ങളുടെ ചില പരിണിത ഫലങ്ങൾ

ഒരു കാര്യം പാപമാണെന്ന് അല്ലാഹു നമ്മോട് പറഞ്ഞാൽ അത് നൂറുശതമാനവും ഹാനികരവും ദുഷിച്ചതുമായിരിക്കും. നിഷിദ്ധമാണെന്ന് അറിഞ്ഞിട്ടും നാം പാപങ്ങളിൽ അകപ്പെട്ടുപോകാൻ കാരണം, പിശാച് അതിനെ മനോഹരമായി നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നതാണ്. എന്നാൽ നാം അതിലേക്ക് വീണുപോകുന്ന ആ നിമിഷംതന്നെ അതിന്റെ ദൂഷ്യഫലങ്ങൾ നമുക്ക് ചുറ്റും വ്യാപിക്കും. പാപങ്ങളുടെ ദുഷ്ഫലങ്ങൾ പരലോകത്തിൽ മാത്രമല്ല, ഇഹലോകത്തും ഉണ്ടാകുന്നതാണെന്ന് നാം മനസ്സിലാക്കുക. ഈ ദുഷ്ഫലങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്ന് അല്ലാഹുവിന് മാത്രമെ നിശ്ചയമുള്ളൂ. എങ്കിലും പരിശുദ്ധ ക്വുർആനിലും ഹദീസുകളിലും പാപത്തിന്റെ വിവിധങ്ങളായ ഭൗതിക ദുഷ്ഫലങ്ങൾ വിവരിച്ചിട്ടുണ്ട്. അതിൽ ചിലത് ഇവിടെ കൊടുക്കുകയാണ്:

1. അറിവ് തടയപ്പെടുന്നു

നബി ﷺ അരുളി: “ഒരാൾക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അല്ലാഹു അവന് മതത്തിൽ ശരിയായ ഗ്രാഹ്യം നൽകുന്നതാണ്’’ (ബുഖാരി).

എന്നാൽ പാപം കാരണം ശരിയായ അറിവും ഗ്രാഹ്യവും നഷ്ടപ്പെടുന്നതാണ്. ചിലപ്പോൾ അറിവ് നാം സമ്പാദിച്ചേക്കാം. പക്ഷേ, അത് ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനും നമ്മുടെ പാപങ്ങൾ തടസ്സം നിൽക്കുന്നതാണ്. ഉദാഹരണത്തിന്, ഹൃദയ രോഗങ്ങളായ അഹങ്കാരം, അസൂയ എന്നിവ വിജ്ഞാനത്തിന് വലിയ തടസ്സമാണ്. കാരണം ശരിയായ അറിവ്, വെറും മസ്തിഷ്‌കം കൊണ്ട് മാത്രം കരസ്ഥമാക്കാൻ കഴിയുന്നതല്ല. അറിവ് അല്ലാഹുവിൽനിന്നുള്ള വെളിച്ചമാണ്. അത് അല്ലാഹു തന്നെയാണ് നമ്മുടെ ഹൃദയത്തിലേക്ക് ഇട്ടുതരുന്നത്. പാപങ്ങൾ ഈ വെളിച്ചത്തെ കെടുത്തിക്കളയും. ചില നന്മകൾ പാപങ്ങൾ നിമിത്തം നമുക്ക് തടയപ്പെടുന്നതുമാണ്. ഉദാഹരണത്തിന്, അറിവിന്റെ സദസ്സുകളിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. പക്ഷേ, നമ്മുടെ പാപങ്ങൾ അതിൽനിന്ന് നമ്മെ തടഞ്ഞുനിർത്തും. ആകയാൽ ഇസ്തിഗ്ഫാർ സ്ഥിരമായി നടത്തുക. അല്ലാഹു നമ്മെ ഉപകാരപ്രദമായ അറിവുകൊണ്ട് അനുഗ്രഹിക്കും.

2. ഐഹിക വിഭവങ്ങൾ തടയപ്പെടും

തക്വ്‌വ അഥവാ സൂക്ഷ്മത നമ്മെ അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് നയിക്കും. അത് നമുക്ക് ധനം, സൗഖ്യം പോലുള്ള ഐഹിക വിഭവങ്ങൾ എളുപ്പമാക്കും. തക്വ്‌വയുടെ വിപരീതമായ അശ്രദ്ധ, നമ്മെ പാപങ്ങളിലേക്ക് നയിക്കും. അത് ഐഹിക വിഭവങ്ങളെ നമ്മിൽനിന്നും അകറ്റും. നമുക്ക് നഷ്ടങ്ങൾ സംഭവിക്കുമ്പോൾ സ്വയം നിരീക്ഷിക്കുക. തെറ്റ് കണ്ടെത്തി ഉടൻ ആത്മാർഥമായ പശ്ചാത്താപം നടത്തുക.

3. അല്ലാഹുവിൽ നിന്നും ഹൃദയം അകന്നുപോവും

ഇസ്തിഗ്ഫാർ ചെയ്യാതെ പാപങ്ങൾ തുടരുമ്പോൾ നാം അറിയാതെ അല്ലാഹുവിൽനിന്ന് അകന്നു പോകും. പ്രാർഥനാവേളകളിൽ മനസ്സിൽ നിർവികാരത നിറയും. അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉഷ്മളത നമുക്ക് അനുഭവപ്പെടില്ല. ഇപ്രകാരം ഒരു അവസ്ഥ അനുഭവപ്പെട്ടാൽ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. നമ്മുടെ പാപങ്ങൾ എന്താണെന്ന് ചിലപ്പോൾ നമുക്ക് ഓർമയുണ്ടായി എന്നു വരില്ല. എങ്കിലും നാം ഇസ്തിഗ്ഫാർ ചെയ്യണം. റസൂൽ ﷺ ഒരു ദിവസം എഴുപത് തവണയെങ്കിലും ഇസ്തിഗ്ഫാർ നടത്തിയിരുന്നു. അപ്പോൾ നമ്മൾ എത്രമാത്രം അത് ചെയ്യേണ്ടതുണ്ട് എന്ന് ചിന്തിച്ച് നോക്കുക.

4. സച്ചരിതരായ ജനങ്ങളിൽനിന്നും അകൽച്ച സംഭവിക്കും

നമ്മുടെ പാപങ്ങൾ നമ്മുടെ പരിസരത്തെയും ദുഷിപ്പിക്കും. നമ്മുടെ ഹൃദയത്തിൽ ഒരു ശൂന്യത അനുഭവപ്പെടും. അത് നമ്മുടെ പെരുമാറ്റത്തിലും പ്രതിഫലിക്കും. അത് സച്ചരിതരായ ജനങ്ങളുമായുള്ള ഇടപാടുകളിൽ പ്രകടമാകും. അങ്ങനെ ഹൃദയംകൊണ്ട് അവരിൽനിന്നും അകന്നുപോകും. ഈ അവസ്ഥ നമ്മൾ വളരെ വേഗം തിരിച്ചറിയുകയും പാപമോചനതേട്ടം നടത്തി അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നല്ല കൂട്ടുകെട്ടിൽനിന്നുണ്ടാകുന്ന സദ്ഫലങ്ങൾ നമുക്ക് നഷ്ടപ്പെടുകയും ക്രമേണ പിശാചിന്റെ കൂട്ടരോട് നാം കൂടുതൽ അടുത്തുപോവുകയും ചെയ്യും.

5. സ്വന്തം കുടുംബം മാനസികമായി അകലുന്നതാണ്

തനിക്ക് ചുറ്റും കുടുംബക്കാർ എല്ലാവരും ഉണ്ടായിരിക്കും. എന്നിട്ടും താൻ ഒറ്റപ്പെട്ടതായി അനുഭവപ്പെടുന്നതാണ്. പാപിയെ ഒരുതരം വിഷാദം പിടികൂടും. പാപി സ്വയം വെറുക്കുകയും പലപ്പോഴും ആത്മഹത്യയിലേക്ക് പോലും നീങ്ങുകയും ചെയ്യുന്നതാണ്. ശരിക്കും പിശാച് ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. നാം സദാസമയവും അല്ലാഹുവിൽ അഭയം തേടേണ്ടതാണ്.

സച്ചരിതരായ മുൻഗാമികളിൽപെട്ട ഒരു മഹാൻ പറയുകയുണ്ടായി: ‘ഞാൻ അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചാൽ അതിന്റെ പരിണിതഫലം എന്റെ ഭാര്യയിലും എന്റെ മൃഗത്തിൻമേലും ഞാൻ കാണുന്നതാണ്. ഉദാഹരണത്തിന്, നമ്മുടെ വാഹനം പ്രവർത്തിക്കാതിരുന്നാൽ, ഇണ നമ്മോട് കോപത്തിലാണെങ്കിൽ നാം ഉടൻ അല്ലാഹുവിനോട് പാപമോചനം തേടുക. നമ്മുടെ പോരായ്മകൾ മനസ്സിലാക്കി അത് നന്നാക്കുവാൻ ശ്രമിക്കുക. അല്ലാഹു നമ്മുടെ കാര്യങ്ങൾ എല്ലാം നന്നാക്കുന്നതാണ്.’

അതെ, നാം മറ്റുള്ളവരെ തിരുത്തുന്നതിന് പകരം സ്വയം തിരുത്തിയാൽ അവസ്ഥ നന്നാകുന്നതാണ്. അല്ലാഹു അറിയിക്കുന്നു: “ഒരു ജനത സ്വന്തത്തിൽ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയിൽ മാറ്റം വരുത്തുന്നതല്ല’’ (റഅ്ദ് 11).

പാഠം11

പാപത്തിന്റെ ചില ദുഷ്ഫലങ്ങൾ

പാപങ്ങൾ കാരണം ഇഹലോകത്തുതന്നെ സംഭവിക്കുന്ന അഞ്ച് നാശനഷ്ടങ്ങളാണ് കഴിഞ്ഞ പാഠത്തിൽ വിവരിക്കപ്പെട്ടത്. മറ്റുചിലതുകൂടി മനസ്സിലാക്കുക:

നമ്മുടെ പാപങ്ങൾ, നമ്മുടെ പല നല്ല കാര്യങ്ങൾക്കും തടസ്സമുണ്ടാക്കും. വരുമാനത്തിൽ പ്രയാസം, കച്ചവടത്തിൽ നഷ്ടം, ജോലിക്ക് ഞെരുക്കം, മക്കളുടെ വിവാഹത്തിന് തടസ്സം എന്നിങ്ങനെ കാര്യങ്ങൾ ഒന്നും ശരിയാകാതെ വരും. എന്നാൽ പാപങ്ങളുടെയും അനുസരണക്കേടിന്റെയും നേർവിപരീതമാണ് തക്വ്‌വ. അതായത്, പാപങ്ങളിൽ വീണുപോകാതെ സൂക്ഷ്മത പാലിക്കുന്നതിൽകൂടി ഉണ്ടാകുന്നത്. തക്വ്്‌വ ഒരു ശീലമാക്കിയാൽ അല്ലാഹു നമ്മുടെ കാര്യങ്ങൾ എളുപ്പമാക്കിത്തരുന്നതാണ്. കാരണം തക്വ്‌വയുള്ളവർ അല്ലാഹുവിങ്കൽ വളരെ ആദരണീയരാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെയടുത്ത് നിങ്ങളിലേറ്റവും ആദരണീയർ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവരാണ്’’ (ഹുജുറാത്ത് 13).

ചില സമയങ്ങളിൽ നമ്മൾ ഒരു വരിയിൽ എന്തിനെങ്കിലും കാത്തുനിൽക്കുകയാകും. അടുത്ത വരി എളുപ്പത്തിൽ മുമ്പോട്ട് നീങ്ങുന്നത് കണ്ട്, നമ്മൾ അതിൽ പോയി നിൽക്കും. അപ്പോൾ അത് വേഗത്തിൽ മുമ്പോട്ട് നീങ്ങാതാകും. ഇത് വെറുതെ അങ്ങനെ സംഭവിക്കുന്നതല്ല. കാര്യങ്ങൾ ബുദ്ധിമുട്ടിലായി തീരുന്നുണ്ടെങ്കിൽ അതിനുകാരണം നമ്മുടെ പാപങ്ങളാണ്. തക്വ്‌വ കാര്യങ്ങൾ എളുപ്പമാക്കിത്തരുന്നു. അല്ലാഹു പറയുന്നു: “അല്ലാഹുവിനോട് ആരെങ്കിലും ഭയഭക്തി പുലർത്തിയാൽ അല്ലാഹു അവന്റെ കാര്യങ്ങൾ എളുപ്പമാക്കുന്നതാണ്’’ (ത്വലാക്വ് 4).

നബി ﷺ അരുളി: “എവിടെയായിരുന്നാലും നീ അല്ലാഹുവിനെ സൂക്ഷിക്കുക. ദുഷ്‌കർമ്മങ്ങൾ ഉണ്ടായിപ്പോയാൽ ഉടനടി സൽകർമങ്ങളിൽ ഏർപ്പെടുക. നന്മ തിന്മയെ തുടച്ചുമാറ്റുന്നതാണ്. ജനങ്ങളോട് സൽസ്വഭാവത്തോടെ ബന്ധപ്പെടുക’’ (തിർമിദി).

നമ്മുടെ പ്രശ്‌നങ്ങൾക്ക് മറ്റാരെയും പഴിച്ചതുകൊണ്ട് കാര്യമില്ല. നമ്മിലേക്കുതന്നെ നാം നോക്കുക. കാര്യങ്ങൾ ശരിയല്ലെങ്കിൽ -അത് സ്വന്തം കച്ചവടം, ഭാര്യ, മക്കൾ, ആരോഗ്യം എന്തുമാകട്ടെ- അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക, അവനോട് മാപ്പിരക്കുക.

(തുടരും)