തസ്ബീഹിന്റെ പ്രാധാന്യം

ഇബ്‌റാഹീം ഇബ്‌നു മൂസ

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു കര്‍മങ്ങളില്‍ പെട്ടതാണ് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചുതന്ന ദിക്‌റുകള്‍ ചൊല്ലുക എന്നത്. അതുമുഖേന മനസ്സിന് സമാധാനം ലഭിക്കുന്നതാണ്. പ്രവാചകന്‍ ﷺ നമുക്ക് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനായി കുറെ ദിക്‌റുകള്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. അവയില്‍പ്പെട്ട തസ്ബീഹ് (സുബ്ഹാനല്ലാഹ്), തക്ബീര്‍ (അല്ലാഹു അക്ബര്‍), തഹ്‌മീദ് (അല്‍ഹംദുലില്ലാഹ്), തഹ്‌ലീല്‍ (ലാ ഇലാഹ ഇല്ലല്ലാഹ്) എന്നിവ.  ക്വുര്‍ആനിലും ഹദീഥിലും ഒരുപാട് പരാമര്‍ശങ്ങള്‍ വന്ന ഒന്നാണ് തസ്ബീഹ്.

തസ്ബീഹിന്റെ വചനം: ‘സുബ്ഹാനല്ലാഹി വബി ഹംദിഹി.' (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ വാഴ്ത്തുകയും ചെയ്യുന്നു).

സൃഷ്ടികള്‍ അല്ലാഹുവിന്റെ മേല്‍ ജല്‍പിക്കുന്ന എല്ലാവിധ ന്യൂനതകളില്‍നിന്നും അവനെ മുക്തനാക്കുകയും അല്ലാഹുവിനുള്ളതായ എല്ലാ വിശേഷണങ്ങളും പൂര്‍ണാര്‍ഥത്തില്‍ അവന് സ്ഥിരപ്പെടുത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.

തസ്ബീഹിന്റെ മഹത്ത്വങ്ങള്‍

1) അല്ലാഹുവിനേറ്റവും അധികം ഇഷ്ടപ്പെട്ട വച നം: നബി ﷺ യില്‍നിന്ന് അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു: ‘‘നാവിന് വളരെ ലഘുവാ യതും മീസാനില്‍ ഏറ്റവും കനംതൂങ്ങുന്നതും പരമകാരുണികന് ഏറ്റവും ഇഷ്ടമുള്ളതുമായ രണ്ടു വാക്കുകള്‍: സുബ്ഹാനല്ലാഹി വബി ഹംദിഹി, സുബ്ഹാനല്ലാഹില്‍ അദ്വീം'' (ബുഖാരി: 6406).

2) ആയിരം നന്മ ലഭിക്കാന്‍ കാരണമാകുന്നു

സഅദ് ഇബ്‌നു അബീവക്വാസ്(റ) പറഞ്ഞതായി മുസ്അബ് ഇബ്‌നു സഅദ്(റ) പറയുന്നു: ‘‘ഞങ്ങള്‍ റസൂലി ﷺ ന്റെ അടുത്തായിരുന്നപ്പോള്‍ അവിടുന്ന് ചോദിച്ചു: ‘ഓരോ ദിവസവും ആയിരം നന്മ നേടിയെടുക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരും അശക്തരാണോ?' അപ്പോള്‍ അവിടെ ഇരിക്കുന്നവരില്‍നിന്ന് ഒരാള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരുവന്‍ എങ്ങനെ ആയിരം നന്മ കരസ്ഥമാക്കും?' റസൂല്‍ ﷺ പറഞ്ഞു: ‘നൂറ് തസ്ബീഹ് ചൊല്ലുക, അപ്പോള്‍ അവന് ആയിരം നന്മ രേഖപ്പെടുത്തും, അല്ലെങ്കില്‍ ആയിരം തിന്മ അവനില്‍നിന്ന് മായ്ക്കപ്പെടും'' (മുസ്‌ലിം: 2698).

3) പാപങ്ങള്‍ മായ്ക്കപ്പെടും

അബൂഹുറയ്‌റ(റ)യില്‍നിന്ന്: ‘‘റസൂല്‍ ﷺ പറഞ്ഞു: ‘ആരെങ്കിലും ഒരു ദിവസം നൂറു തവണ ‘സുബ്ഹാനല്ലാഹി വബി ഹംദിഹി' എന്ന് പറഞ്ഞാല്‍ കടലിലെ നുരയോളമുണ്ടെങ്കിലും അവന്റെ തെറ്റുകള്‍ മായ്ക്കപ്പെടും'' (ബുഖാരി: 6405).

4) സ്വര്‍ഗത്തിലെ പ്രാര്‍ഥന

‘‘അതിനകത്ത് അവരുടെ പ്രാര്‍ഥന അല്ലാഹുവേ, നിനക്ക് സ്‌തോത്രം (സുബ്ഹാനകല്ലാഹുമ്മ)എന്നായിരിക്കും...'' (ക്വുര്‍ആന്‍ 10:10).

തസ്ബീഹ് ചൊല്ലുന്നത് ആരൊക്കെ?

ചില നന്ദികെട്ട മനുഷ്യരും ധിക്കാരികളായ ജിന്നുകളുമൊഴികെ ആകാശഭൂമികളിലെ ജീവനുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ ചരാചാരങ്ങളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നു.

‘‘ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല...'' (ക്വുര്‍ആന്‍ 17: 44).

‘‘രാജാവും പരമപരിശുദ്ധനും പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു'' (ക്വുര്‍ആന്‍ 62:1).

എ) പര്‍വതങ്ങള്‍

‘‘സന്ധ്യാസമയത്തും സൂര്യോദയ സമയത്തും സ്‌തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്‌പെടുത്തുക തന്നെ ചെയ്തു'' (ക്വുര്‍ആന്‍ 38:18).

ബി) ഇടിനാദം

‘‘ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു...'' (ക്വുര്‍ആന്‍ 13:13).

സി) മലക്കുകള്‍

‘‘മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം...'' (ക്വുര്‍ആന്‍ 39:75)

ഡി) പക്ഷികള്‍

‘‘ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറക് നിവര്‍ത്തിപ്പിടിച്ചുകൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ?...'' (ക്വുര്‍ആന്‍ 24:41).

അല്ലാഹു നമ്മോട് കല്‍പിക്കുന്നു: ‘‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍'' (33:41,42).

''അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക'' (ക്വുര്‍ആന്‍ 87:1).