എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ്: വാദവും മറുവാദവും

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 നവംബർ 19, 1444 റബീഉൽ ആഖിർ 24

മതവിശ്വാസത്തിന്റെ ഭാഗമായി ഒരാൾ തല മറയ്ക്കുകയാണെങ്കിൽ അതിനുമേൽ സർക്കാറിന് വിലക്കോ നിയന്ത്രണമോ കൊണ്ടുവരാൻ സാധിക്കില്ലെന്നും ഭരണഘടനയുടെ 25ാം അനുച്ഛേദം പൗരന് അതിനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും കേരളം, മദ്രാസ് ഹൈക്കോടതികൾ ഇക്കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട് വിധി നടത്തിയിട്ടുണ്ടെന്നും സമർഥിച്ചുകൊണ്ട് ദേവദത്ത് കാമത്ത് വാദം പൂർത്തിയാക്കിയപ്പോൾ തുടർന്ന് കോടതിക്ക് മുമ്പാകെ ഹാജരായത് സീനിയർ അഭിഭാഷകൻ നിസാം പാഷയായിരുന്നു. ശിരോവസ്ത്രം മതത്തിന്റെ അവിഭാജ്യ കർമം (Essential Religious Practice) ആണെന്ന സമർഥനമായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ വാദങ്ങളിൽ മുഴച്ചുനിന്നത്.

നിസാം പാഷയുടെ വാദങ്ങൾ:

ശിരൂർ മഠം കേസ് വിധിയും ഇ.ആർ.പിയും

കർണാടക ഹൈക്കോടതിയുടെ വിധിയിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം ‘തലമറയ്ക്കൽ ഇസ്‌ലാമിലെ നിർബന്ധ ആചാരമല്ല’ എന്നതായിരുന്നു. പ്രസ്തുത വിഷയത്തിലാണ് നിസാം പാഷ വാദം തുടങ്ങിയത്. 1954 ലെ ശിരൂർ മഠം കേസിലെ വിധിയാണ് അദ്ദേഹം പ്രധാനമായും അവലംബമാക്കിയത്. മഠത്തിന്റെ പണം കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ചുള്ള തർക്കം സുപ്രീം കോടതിയിൽ എത്തി. അനുച്ഛേദം 26 ആ പ്രകാരം ‘മതപരമായ പ്രവർത്തനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശം’ (right to manage its own affairs in matters of religion) എന്നതിൽ പണവും ഉൾപ്പെടുന്നുണ്ടോ എന്നാണ് കോടതി പരിശോധിച്ചത്. മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയിക്കൊള്ളണമെന്നില്ല എന്നായിരുന്നു അറ്റോർണി ജനറലിന്റെ വാദം. എന്നാൽ സുപ്രീം കോടതി അത് അംഗീകരിച്ചില്ല. ‘ഒരു മതത്തിന്റെ തത്ത്വസംഹിതകൾ മാത്രം ആധാരമാക്കിയാണ് പരാമർശവിധേയമായ ആചാരമോ രീതിയോ ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്ന് കണ്ടെത്തേണ്ടത്’ എന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. 1961 ലെ അജ്മീർ ദർഗ കേസിൽ ജസ്റ്റിസ് ഗജേന്ദ്രഗഡ്കർ നേതൃത്വം നൽകിയ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായത്തിലും സുപ്രീം കോടതി ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്ന് പാഷ ഓർമിപ്പിച്ചു. ബിജോയ് ഇമ്മാനുവൽ ദേശീയഗാന കേസിൽ മനഃസാക്ഷിക്ക് വിധേയമായി പുലർത്തുന്ന ഏതൊരു വിശ്വാസവും സംരക്ഷിക്കേണ്ടതുണ്ടെന്ന് സുംപ്രീംകോടതി നിരീക്ഷിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. മതപ്രമാണങ്ങൾ വ്യാഖ്യാനിക്കേണ്ടത് കോടതികളല്ല, മറിച്ച് അതാത് മതങ്ങളുടെ ആധികാരിക പണ്ഡിതരാണെന്നും കോടതികൾ മതപ്രമാണങ്ങൾ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് ബാബരി വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയതും അദ്ദേഹം കോടതിയെ ഓർമിപ്പിച്ചു.

കർണാടക കോടതിയുടെ ക്വുർആൻ ദുർവ്യാഖ്യാനങ്ങൾ

ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മുഹമ്മദൻ ലോയിൽ ക്വുർആൻ, ഹദീസ്, ഇജ്മാഅ്, ക്വിയാസ് എന്നിവയാണ് ഇസ്‌ലാമിക നിയമങ്ങളുടെ സ്രോതസ്സുകളായി അംഗീകരിച്ചിട്ടുള്ളത്. കർണാടക ഹൈക്കോടതി ക്വുർആനിക വചനങ്ങളെ അസ്ഥാനത്താണ് ഉദ്ധരിച്ചത്. ശിരോവസ്ത്രം നിർബന്ധമല്ലെന്ന് സ്ഥാപിക്കാനായി ‘ലാ ഇക്‌റാഹ ഫിദ്ദീനി’ (മതത്തിൽ ബലാത്കാരമില്ല) എന്ന വചനത്തെ മതത്തിൽ നിർബന്ധമായ യാതൊന്നുമില്ലെന്ന വിധത്തിൽ വ്യാഖ്യാനിക്കാനാണ് കോടതി ശ്രമിച്ചത്. ക്വുർആനിലെ ഏത് വചനമാണ് ശിരോവസ്ത്രം നിർബന്ധമാണെന്ന് വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് ധൂലിയ പാഷയോട് ചോദിച്ചു. സൂറത്തുന്നൂറിലെ (അധ്യായം 24) 31ാം വചനം പാഷ ഉദ്ധരിച്ചു. തലയും മാറിടവും മറയുന്ന വിധത്തിലുള്ള വസ്ത്രത്തെ ‘ഖിമാർ’ എന്നാണ് അവിടെ ക്വുർആൻ വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്‌ലാമിൽ ഒന്നും നിർബന്ധമില്ല എന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്; ഏകദൈവവിശ്വാസം, നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ ഇസ്‌ലാമിലെ നിർബന്ധകാര്യങ്ങളാണ്. ഏകദൈവത്വം എന്ന വിശ്വാസം ഇല്ലെങ്കിൽ മറ്റു നാല് പ്രവൃത്തികൾ അർഥശൂന്യമാണ്. ക്വുർആൻ അല്ലാഹുവിന്റെ വചനങ്ങൾ ആണെന്നിരിക്കെ, അതിനെ കുറിച്ച് മനുഷ്യന് രണ്ടാമതൊരു വ്യാഖ്യാനം പാടുള്ളതല്ല. അല്ലാഹുവിന്റെ വചനങ്ങൾ പരമോന്നതമാണ്. ജസ്റ്റിസ് ഗുപ്തയും ജസ്റ്റിസ് ധൂലിയയും അവർക്ക് മനസ്സിലാവാത്ത ക്വുർആനിലെ ചില സാങ്കേതിക പദങ്ങളെ കുറിച്ച് അഡ്വ. പാഷയോട് ചോദിച്ചു മനസ്സിലാക്കി. ശരീരം മുഴുവൻ മറയുന്ന വസ്ത്രത്തെയാണ് ‘ജിൽബാബ്’ എന്ന് പറയുന്നതെന്നും ബുർഖ അതിന്റെ പേർഷ്യൻ പദമാണെന്നും പാഷ വ്യക്തമാക്കിക്കൊടുത്തു.

യൂസഫലിയുടെ വ്യാഖ്യാനവും തെറ്റിദ്ധരിപ്പിക്കലും

ക്വുർആനിലെ സൂറത്തുൽ അഹ്‌സാബിലെ (അധ്യായം 31) 59ാം വചനത്തിന് അല്ലാമാ യൂസുഫലി നൽകിയ ഇംഗ്ലീഷ് പരിഭാഷയിൽ അദ്ദേഹം നൽകിയ 3767ാം അടിക്കുറിപ്പിൽ ‘ഒരു മുസ്‌ലിം സ്ത്രീ ആത്മാർഥമായി ഹിജാബ് നിയമം പാലിക്കാൻ ശ്രമിച്ചിട്ടും മാനുഷിക ബലഹീനതകൾ കാരണം പരാജയപ്പെടുകയാണെങ്കിൽ, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്’ എന്ന് രേഖപ്പെടുത്തിയതിനെ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി ശിരോവസ്ത്രം നിർബന്ധമല്ലെന്ന് വ്യാഖ്യാനിക്കാൻ ശ്രമിച്ചതും പാഷ ചൂണ്ടിക്കാട്ടി. ജിൽബാബ് എന്ന ശരീരം മുഴുവൻ മറയുന്ന വസ്ത്രത്തെ കുറിച്ച് നൽകിയ അടിക്കുറിപ്പ് ശിരോവസ്ത്രം നിർബന്ധമല്ലെന്ന് സ്ഥാപിക്കാനാണ് കോടതി ഉദ്ധരിച്ചത്. ശിരോവസ്ത്രം ധരിക്കാത്തവർക്ക് ഭൂമിയിൽ ശിക്ഷ ക്വുർആൻ പറഞ്ഞിട്ടില്ല എന്നും അതിൽനിന്നും അത് നിർബന്ധമല്ല എന്ന് മനസ്സിലാക്കാമെന്നുമുള്ള തെറ്റായ വായനയാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ദൈവത്തോടുള്ള എല്ലാ അനുസരണമില്ലായ്മക്കും ഭൂമിയിൽ ശിക്ഷയില്ല. എന്നാൽ മരണാനന്തരം പരലോകത്ത് അതിന് ശിക്ഷയുണ്ട് എന്നാണ് ഇസ്‌ലാമിക വിശ്വാസമെന്ന് പാഷ ചൂണ്ടിക്കാട്ടി.

ശിരോവസ്ത്രം കേവലം സമ്പ്രദായമോ?

ശിരോവസ്ത്രം ഒരു മതനിയമല്ല, അതൊരു സാംസ്‌കാരിക സമ്പ്രദായം മാത്രമാണ് എന്നാണ് ഹൈക്കോടതിയുടെ മറ്റൊരു കണ്ടെത്തൽ. ക്വുർആനിക വചനങ്ങൾ അവതരിക്കപ്പെട്ട പശ്ചാത്തലം മനസ്സിലാക്കാതെയുള്ള പരാമർശങ്ങളാണിത്. മറ്റു കാര്യങ്ങളെ കുറിച്ച് പറഞ്ഞതിനെ ഹിജാബിലേക്ക് ചേർക്കാനുള്ള ശ്രമവും നടത്തിക്കാണുന്നു. ക്വുർആൻ കാലാതിവർത്തിയാണെന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. കാലം പഴകുന്നതിനനുസരിച്ച് ക്വുർആന്റെ അർഥം നഷ്ടപ്പെടുന്നുവെന്ന് പറയുന്നത് ദൈവനിന്ദയാണ്; പാഷ വ്യക്തമാക്കി. വ്യാഖ്യാനം പറയുന്നവരെ വിട്ടേക്കുക; അവർ അവരുടെ അഭിപ്രായമല്ലേ പറയുന്നത് എന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞപ്പോൾ, ആരെങ്കിലുമല്ല നമ്മുടെ ന്യായാധിപരാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് പാഷ മറുപടി നൽകി. പ്രവാചകൻ ശിരോവസ്ത്രം നിർബന്ധമാണെന്ന് പറയുകയും പ്രവാചകനെ അനുസരിക്കാൻ നിർബന്ധമാണെന്ന് പറയുകയും ചെയ്യുമ്പോൾ ഒരു മുസ്‌ലിം സ്ത്രീക്ക് അത് ഒഴിവാക്കാൻ സാധിക്കില്ലെന്ന് പാഷ കോടതിയെ ബോധ്യപ്പെടുത്തി. മാത്രവുമല്ല വിശ്വാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന വിദ്യാർഥിനികൾ ഇതുകാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നാൽ അത് ഭരണഘടനയുടെ 59ാം അനുച്ഛേദത്തിന്റെ ലംഘനമായിത്തീരുകയും ചെയ്യും.

ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ക്വുർആൻ വചനങ്ങൾക്ക് മുഹമ്മദ് മുഹ്‌സിൻ ഖാൻ നൽകിയ പരിഭാഷയെ സൗകര്യപൂർവം ഹൈക്കോടതി അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. അത്രതന്നെ വ്യക്തമല്ലാത്ത അബ്ദുല്ല യൂസുഫ് അലിയെ ഉദ്ധരിക്കാൻ ഹൈക്കോടതിയെ പ്രേരിപ്പിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ക്വുർആനിൽ പറഞ്ഞതെല്ലാം നിർബന്ധമാണെന്ന് കരുതാൻ സാധിക്കില്ലെന്നു പറഞ്ഞ് അതിന് ഉദാഹരണമായി മുത്ത്വലാക്വിനെ കോടതി ഉദ്ധരിക്കുകയും ചെയ്തു. എന്നാൽ മുത്ത്വലാക്വിനെ കുറിച്ച് ക്വുർആനിലോ ഹദീസിലോ ഒരു പരാമർശവുമില്ല.

മുസ്‌ലിം വേഷങ്ങളോട് മാത്രം വിവേചനം

സിഖ് സമൂഹം ധരിക്കുന്ന ശിരോവസ്ത്രം മതപരമല്ല; അത് സാംസ്‌കാരികമാണെന്നാണ് ജസ്റ്റിസ് ഗുപ്ത ഇവിടെ പറഞ്ഞത്.

ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് ഭരണഘടനയുടെ അനുച്ഛേദം 29(1) വ്യക്തമാക്കുന്നത്. കൃപാൺ ധരിക്കാനുള്ള അവകാശം ഭരണഘടനയിൽ പ്രത്യേകം എഴുതിവച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഗുപ്ത ചൂണ്ടിക്കാണിച്ചപ്പോൾ അത് കൃപാണിന്റെ കാര്യത്തിൽ മാത്രമേയുള്ളൂവെന്നും സിഖുകാർ ധരിക്കുന്ന തലക്കെട്ട്, കരാ തുടങ്ങിയവയുടെ കാര്യത്തിൽ ഇല്ലെന്നും എന്നാൽ അവയെല്ലാം സിഖ് സമൂഹത്തിന് അനുവദിച്ചുകൊടുത്തിട്ടുള്ളത് 29(1) അനുസരിച്ചാണെന്നും അത് മുസ്‌ലിം സമൂഹത്തിനും അവകാശപ്പെട്ടതാണെന്നും പാഷ ചൂണ്ടിക്കാട്ടി. എന്നാൽ ഇരു ന്യായാധിപരും സിഖുകാരുടെ വിഷയം ഇതിലേക്ക് കൊണ്ടുവരേണ്ടതില്ല എന്ന് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. താൻ പഠിച്ച സ്‌കൂളിൽ വന്നിരുന്ന സിഖ് ആൺകുട്ടികൾ എല്ലാവരും യൂണിഫോമിനോട് ചേരുന്ന തരത്തിലുള്ള തലക്കെട്ട് ധരിച്ചിരുന്ന കാര്യവും പാഷ അനുസ്മരിച്ചു. ഫ്രാൻസിൽ സിഖ് വിദ്യാർഥികളോട് ശിരോവസ്ത്രം അഴിച്ചുവയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സിഖ് സമൂഹം അനുഭവിച്ച അവഹേളനവും പാഷ ഓർമിപ്പിച്ചു. ഫ്രാൻസും ആസ്ത്രിയയും മറ്റും ഇവിടെ കൊണ്ടുവരേണ്ട, നാം ഇന്ത്യക്കാരാണ് എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.

യൂസുഫ് മുച്ചാല: വിദ്യാഭ്യാസം അവകാശമാണ്; അത് നിഷേധിക്കരുത്

മുംബൈയിലെ അറിയപ്പെടുന്ന നിയമജ്ഞനും സീനിയർ അഭിഭാഷകനുമായ യൂസുഫ് മുച്ചാലയാണ് പിന്നീട് വാദങ്ങൾ അവതരിപ്പിച്ചത്. വിദ്യാർഥിനികൾ നേരത്തെ ശിരോവസ്ത്രം ധരിച്ചിരുന്നില്ല എന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ശിരോവസ്ത്രം തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് കരുതിവരുന്ന വിദ്യാർഥിനികൾ വളരെക്കാലമായി അത് ധരിച്ചുകൊണ്ടാണ് വിദ്യാലയങ്ങളിൽ വരുന്നത്. അക്കാര്യം പ്രതിഭാഗം അവരുടെ വാദങ്ങളിൽ നിഷേധിച്ചിട്ടുമില്ല. എന്നാൽ ഹൈക്കോടതി വിധിയിൽ ഹർജിക്കാർ ഇങ്ങനെയൊരു കാര്യം ഉന്നയിച്ചിട്ടില്ലെന്ന് നിഷേധിക്കുകയാണ് ചെയ്തത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട കാര്യം ഹർജിക്കാർ അവരുടെ പരാതിയിൽ ഇന്നയിച്ചതിന് നേരെ കണ്ണടച്ചുകൊണ്ടാണ് ഈ പ്രസ്താവന എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

25(1), 19(1), 21 എന്നീ അനുച്ഛേദങ്ങൾ നൽകുന്ന മൗലികാവകാശങ്ങൾ മുഴുവനും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയത്തിൽ യൂണിഫോമിറ്റി വേണം എന്ന തീരുമാനത്തിന്റെ പേരിൽ ഒരുപാട് മുസ്‌ലിം വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസം, മതം, അന്തസ്സ്, സ്വകാര്യത എന്നീ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതുവഴി മുസ്‌ലിം സമൂഹത്തിലുണ്ടാകുന്ന പിന്നാക്കാവസ്ഥയുടെ കണക്കുകൾ ഞങ്ങൾ ഇവിടെ ഹാജരാക്കിയിട്ടുണ്ട്. ടർബൻ ധരിച്ചുകൊണ്ട് ആൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ വരാം; എന്നാൽ ഒരു മുസ്‌ലിം പെൺകുട്ടി തലമറയ്ക്കുന്ന ഒരു തുണിക്കഷ്ണത്തെ വലിയ പ്രശ്‌നമായിക്കാണാൻ ശ്രമിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. ടർബൻ ധരിക്കാൻ അനുവദിച്ചതുപോലെ ശിരോവസ്ത്രം ധരിക്കാനും കോടതിക്ക് അനുമതി നൽകാവുന്നതാണ്.

സ്വകാര്യത മൗലികാവകാശം

2017ലെ പുട്ടസ്വാമി കേസ് അഡ്വ. മുച്ചാല കോടതിയെ ഓർമപ്പെടുത്തി. പൗരന്റെ സ്വകാര്യതയെ ബാധിക്കുന്ന വിധത്തിൽ ആധാർ വിവരങ്ങൾ കമ്പനികൾക്ക് നൽകണമെന്ന സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ജസ്റ്റിസ് പുട്ടസ്വാമി സുപ്രീംകോടതിയിൽ സമർപ്പിച്ച പരാതി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞത് സ്വകാര്യത മൗലികാവകാശമാണെന്നാണ്. ‘നിയമം സ്ഥാപിച്ചിട്ടുള്ള നടപടിക്രമത്തിലൂടെയല്ലാതെ ഒരു വ്യക്തിയുടെയും ജീവിതവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടാൻ പാടുള്ളതല്ല’ എന്നാണ് ഭരണഘടനയുടെ അനുച്ഛേദം 21 വ്യക്തമാക്കുന്നത്. 19(1)ൽ പറയുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള അവകാശവും 25ൽ പറയുന്ന മതസ്വാതന്ത്ര്യവും വെവ്വേറെയാണെന്നാണ് (Mutually exclusive) കർണാടക ഹൈക്കോടതി പറയുന്നത്. എന്നാൽ അവ രണ്ടും പരസ്പര പൂരകമാണ് എന്നതാണ് സത്യം. മതേതരത്വം പ്രോത്സാഹിപ്പിക്കാനാണെന്ന് കോടതി പറയുന്നു. ലക്ഷ്യം ഉദാത്തമായിരിക്കാം. എന്നാൽ ഫലം വിപരീതമാകുകയാണ് ഇവിടെ സംഭവിക്കുന്നത്. മതവിശ്വാസികളായ ദേശീയവാദികളാണ് നമുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നത്. പക്ഷേ, ഇപ്പോൾ വിശ്വാസം പരസ്യമാക്കാൻ പാടില്ലെന്ന് വരുന്നത് സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് മനസ്സിലാക്കണം. ഒരാൾ എന്ത് ധരിക്കണം, ഏത് വിധത്തിലുള്ള താടി വളർത്തണം തുടങ്ങിയ കാര്യങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. കുറച്ചു പെൺകുട്ടികൾ തലയിൽ തട്ടമിട്ടാൽ അതിനെയൊരു കുറ്റകൃത്യമായി കാണുന്നത് ശരിയാണോ?

ശിരോവസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ ഹാസ്യകഥാപാത്രങ്ങളായി കാണരുത്. അവരെ മാന്യരായി കാണാൻ സാധിക്കണം. അവർ ഇച്ഛാശക്തിയുള്ള കുട്ടികളാണ്. അവരുടെമേൽ വിധികൾ അടിച്ചേൽപിക്കാമെന്ന് ആരും കരുതരുത്. ക്വുർആൻ അനുശാസിക്കുന്നത് അടക്കവും ഒതുക്കവുമാണ്. അത് അനുസരിക്കുക എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മതപരമായ കാര്യങ്ങൾ എത്രത്തോളം കൊണ്ടുനടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ പെട്ടതാണ്. അതും അടിച്ചേൽപിക്കാൻ സാധിക്കില്ല. ഒരാൾ അയാളുടെ രൂപഭാവങ്ങൾ തെരഞ്ഞെടുക്കുന്നത് സ്വകാര്യതയിൽ പെട്ടതാണ്. സ്വകാര്യതയാവട്ടെ മൗലികാവകാശവുമാണ്.

അന്തസ്സിനെ (Digntiy) സ്വകാര്യതയിൽനിന്നും വേർപ്പെടുത്താൻ സാധിക്കില്ല. പുട്ടസ്വാമി കേസിലെ വിധിയെ ഉദ്ധരിച്ചുകൊണ്ട് മുച്ചാല പറഞ്ഞു.

‘എസെൻഷ്യൽ’ അല്ല, ‘ഫ്രീഡം’ ആണ് പ്രശ്‌നം

ശിരോവസ്ത്രം ധരിക്കുന്നതിൽ മതപരമായ അഭിപ്രായവ്യത്യാസത്തെയാണ് ഹൈക്കോടതി ഉയർത്തിക്കാണിക്കാൻ ശ്രമിച്ചത്. എന്നാൽ പണ്ഡിതന്മാർ എന്തുപറയുന്നു എന്നതല്ല, സാധാരണക്കാർ കാലങ്ങളായി ആചാരമായി സ്വീകരിച്ചതാണ് പരിഗണിക്കപ്പെടേണ്ടത്. ഏതു പണ്ഡിതനെ പിന്തുടരണം എന്ന് പറയുക കോടതിയുടെ ജോലിയല്ല. അത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിൽ പെട്ടതാണ്. അനുച്ഛേദം 25 വ്യക്തിയുടെ അവകാശത്തെക്കുറിച്ച് പറയുന്നു. ആർട്ടിക്കിൾ 26 മതവിഭാഗത്തിന്റെ അവകാശത്തെക്കുറിച്ചും പറയുന്നു. അനുച്ഛേദം 26, 25(2) എന്നീ അനുച്ഛേദങ്ങൾക്ക് താഴെയാണ് അത്യന്താപേക്ഷിത മതാചാരങ്ങളുമായി Essential religious Practice) ബന്ധപ്പെട്ട കാര്യങ്ങൾ വരുന്നത്. അത്യന്താപേക്ഷിത മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു മതസമൂഹവുമായി ബന്ധപ്പെട്ടതാണ്; വ്യക്തിയുമായി ബന്ധപ്പെട്ടതല്ല. ശിരോവസ്ത്രവുമായി ബന്ധപ്പെട്ട വിഷയം വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം (19), മതസ്വാതന്ത്ര്യം (25) എന്നിവയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അത്യന്താപേക്ഷിത മതാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പിന്നീട് എന്തിന് കോടതിക്ക് മുമ്പാകെ കൊണ്ടുവന്നു എന്ന ബെഞ്ചിന്റെ ചോദ്യത്തിന് അത് ആരെങ്കിലും ആവേശത്തിൽ കോടതിയിൽ കൊണ്ടുവന്നാൽതന്നെ കോടതി കോടതിയുടെ പരിധി മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു എന്നാണ് യൂസുഫ് മുച്ചാല പറഞ്ഞത്. ഹരജിക്കാരിൽ ചിലർ കോടതിയിൽ ചോദ്യം ഉന്നയിച്ച നിമിഷംതന്നെ, അത് അത്യന്താപേക്ഷിത മതാചാരമാണോ അല്ലയോ എന്ന് ഞങ്ങൾക്ക് തീരുമാനിക്കാൻ കഴിയില്ലെന്ന് കോടതി കൈകൂപ്പി പറയണമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ക്വുർആൻ വ്യാഖ്യാനിക്കുന്നതിന് വളരെ വ്യവസ്ഥാപിതമായ രീതികളുണ്ട്. എന്നാൽ അവ അവലംബിക്കാതെയാണ് ഹൈക്കോടതി ക്വുർആനിക വചനങ്ങളിൽ ചില ആശയങ്ങൾ കണ്ടെത്താൻ ശ്രമിച്ചിട്ടുള്ളത്. മതഗ്രന്ഥങ്ങൾ കോടതികൾ വ്യാഖ്യാനിക്കരുതെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്.

സൽമാൻ ഖുർഷിദ്: ക്വുർആനെ അനുസരിക്കൽ നിർബന്ധം

യൂസുഫ് മുച്ചാലക്ക് ശേഷം മുൻ വിദേശകാര്യമന്ത്രിയും പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായ സൽമാൻ ഖുർഷിദ് ആണ് രംഗത്തുവന്നത്. ക്വുർആനിലും പ്രവാചകനിർദേശങ്ങളിലും വന്നിട്ടുള്ള എല്ലാം നിർബന്ധമായും പാലിക്കുക എന്നത് ഒരു മുസ്‌ലിമിന്റെ കടമയാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം വാദം തുടങ്ങിയത്. ക്വുർആന്റെ പതിപ്പുകൾ അദ്ദേഹം ബെഞ്ചിന് കൈമാറാൻ ശ്രമിച്ചപ്പോൾ ജഡ്ജുമാർ ക്വുർആൻ വ്യാഖ്യാനിക്കാൻ പാടില്ലെന്നാണല്ലോ യൂസുഫ് മുച്ചാല ഇവിടെ വാദിച്ചതെന്ന് ബെഞ്ച് ചോദിച്ചു. ക്വുർആന്റെ മുഴുവൻ കോപ്പി ആവശ്യമില്ലെന്നും ആവശ്യമുള്ള വചനങ്ങളുടെ പരിഭാഷ നൽകിയാൽ മതിയെന്നും കോടതി പറഞ്ഞു. ശിരോവസ്ത്രം മതത്തിന്റെ അവിഭാജ്യ ആചാരമാണെന്നാണോ താങ്കൾ കാണുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹം അതിനെ മതമായും മനസ്സാക്ഷിയായും സംസ്‌കാരമായും വ്യക്തിത്വമായും സ്വകാര്യതയായും കാണുന്നു എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

കർണാടക കോടതി ഭരണഘടന മറച്ചുപിടിച്ചു

പൗരന്മാർ നിർവഹിക്കേണ്ട മൗലിക കർത്തവ്യങ്ങൾ വിശദീകരിക്കുന്ന ഭരണഘടനയുടെ 51ാം അനുച്ഛേദത്തിന്റെ ഒരു ഭാഗം ഉദ്ധരിക്കുകയും മറ്റൊരു ഭാഗം ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള അനുമതി ഹൈക്കോടതി നിഷേധിച്ചിരിക്കുന്നത്. 51 A(h)ൽ ‘ശാസ്ത്രീയമായ കാഴ്ചപ്പാടും പരിഷ്‌കരണത്തിനുള്ള മനോഭാവവും വികസിപ്പിക്കണമെന്ന്’ പറയുന്ന ഭാഗം ഉദ്ധരിച്ച കോടതി അതേ അനുച്ഛേദത്തിലെ 51A(f) ൽ പറയുന്ന ‘നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിറുത്തുകയും വേണം’ എന്ന വളരെ പ്രധാനപ്പെട്ട ഭാഗം കാണാതെ പോകുന്നത് ശരിയല്ല. ഈ സമ്മിശ്ര സംസ്‌കാരത്തിൽ നിന്നാണ് ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ആർമിയുടെ ഭാഗമായോ ബാർ കൗൺസിലിന്റെ ഭാഗമായോ നിർദേശിക്കപ്പെട്ട യൂണിഫോം ധരിക്കുന്നതോടൊപ്പം ഒരാൾ അയാളുടെ സംസ്‌കാരത്തിന്റെ ഭാഗമായി അനിവാര്യമെന്ന് കരുതുന്ന യാതൊന്നും അണിയാൻ പാടില്ല എന്ന് ഭരണഘടന പറയുന്നില്ല. സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ ഭാഗമായി ഒരാൾക്ക് വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് പുട്ടസ്വാമി വിധിയിൽനിന്നും വ്യക്തമാണ്. ഉത്തർപ്രദേശിലും രാജസ്ഥാനിലും ചില സ്ത്രീകൾ തലമറയ്ക്കുന്ന ഗൂൺഗെറ്റ്(Ghoongat) ധരിക്കാറുണ്ട്. പുറത്തിറങ്ങുമ്പോൾ അത് ധരിക്കൽ അനിവാര്യമാണെന്ന് അവർ കരുതുന്നു.

എല്ലാം പൊറുക്കുന്ന ദൈവത്തെയാണ് ക്വുർആൻ പരിചയപ്പെടുത്തുന്നതെങ്കിൽ ശിരോവസ്ത്രം ധരിച്ചില്ലെങ്കിൽ എന്താണ് പ്രശ്‌നം എന്ന് ഇവിടെ ചോദിക്കപ്പെടുകയുണ്ടായി. ക്വുർആൻ പരിചയപ്പെടുത്തുന്ന ദൈവം സ്‌നേഹിക്കുന്നവനും കരുണ ചൊരിയുന്നവനും പൊറുക്കുന്നവനുമെല്ലാമാണ്. എന്നാൽ ദൈവ കൽപനകൾ അനുസരിക്കുന്നവർക്ക് പ്രതിഫലമുണ്ടെന്ന് അറിയിച്ചതോടൊപ്പം ദൈവകൽപനകൾ ധിക്കരിക്കുന്നവർക്ക് ശിക്ഷയുണ്ടെന്നുകൂടി അറിയിച്ചിട്ടുണ്ട്. അതെല്ലാം മരണശേഷം പരലോകത്ത് സംഭവിക്കുന്ന കാര്യങ്ങളാണ്; ക്വുർആനിലെ വിവിധ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് സൽമാൻ ഖുർഷിദ് വ്യക്തമാക്കി. ‘മതത്തിൽ നിർബന്ധമില്ല’ എന്ന വചനം മറ്റൊരു മതക്കാരനെ നിർബന്ധിച്ച് മതത്തിൽ ചേർക്കാൻ പാടില്ല എന്ന ആശയമാണ് നൽകുന്നത്. ‘നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’ എന്ന വചനം കൂടി ഇതിനോടൊപ്പം വായിക്കേണ്ടതാണ്.

(അടുത്ത ലക്കത്തിൽ: കർണാടക വിധി സ്ത്രീ വിവേചനം)