വിശുദ്ധിയുടെ വ്രതനാളുകള്‍; നാം ഒരുങ്ങിയോ?

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

2022 മാർച്ച് 26, 1442 ശഅബാൻ 23

വിശ്വാസികള്‍ കിഴക്കന്‍ ചക്രവാളത്തിലുദിക്കുന്ന റമദാന്‍ ഹിലാലിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. വിശുദ്ധ റമദാനിനെ സന്തോഷത്തോടെ സ്വീകരിക്കാന്‍...! നന്മകള്‍ നിറഞ്ഞ റമദാനിനെ വാരിപ്പുണരാനവര്‍ വെമ്പല്‍കൊള്ളുന്നു.

ജീവിത സാഹചര്യങ്ങളില്‍ വന്നുപോയ പാപക്കറകള്‍ മായ്ക്കാനുള്ള അസുലഭാവസരം. സഹജീവികളായ നിര്‍ധനരിലേക്ക് സഹായാസ്തങ്ങള്‍ നീട്ടി പുണ്യം കൊയ്‌തെടുക്കാനുള്ള സുവര്‍ണാവസരം. മാനവര്‍ക്കുള്ള മാര്‍ഗദര്‍ശന ഗ്രന്ഥമായ ക്വുര്‍ആനിനെ പഠിക്കാനും ഗ്രഹിക്കാനും കൂടുതല്‍ അവസരമൊരുങ്ങുന്ന മാസം.

അതെ, വരാനിരിക്കുന്നത് സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന സുദിനങ്ങളാണ്... തിന്മകളെ പ്രചോദിപ്പിക്കുന്ന പിശാചിനെ പിടിച്ചുകെട്ടുന്ന ദിനരാത്രങ്ങള്‍...ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലതുല്‍ ക്വദ്‌റിനാല്‍ അനുഗൃഹീതമായ റമദാന്‍... നന്മവാഹകരേ, കൂടുതല്‍ ആവേശത്തോടെ പുണ്യങ്ങളധികരിപ്പിക്കൂ; ദോഷികളേ, തിന്മകളില്‍നിന്നകലൂ എന്ന് വിളംബരം ചെയ്യപ്പെടുന്ന ഏതാനും ദിനരാത്രങ്ങള്‍... സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളില്‍ ഒന്നായ റയ്യാനിന്റെ കവാടം മലര്‍ക്കെ തുറക്കപ്പെട്ട് ആത്മാര്‍ഥമായി വ്രതമനുഷ്ഠിച്ചവരെ മാടിവിളിക്കുന്ന റമദാന്‍...

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സമ്മാനമാണ് പുണ്യങ്ങള്‍ നിറഞ്ഞൊഴുകുന്ന റമദാന്‍. പൂര്‍വികരെ ഈമാനികമായി വിമലീകരിച്ച വ്രതാനുഷ്ഠാനമാണല്ലോ റമദാനിലെ പ്രധാന ആരാധന. ആത്മീയ വിശുദ്ധിയും സൂക്ഷ്മതാ ബോധവും വര്‍ധിപ്പിക്കാനാണല്ലോ റമദാന്‍ വ്രതം. അല്ലാഹു പറയുന്നു:

‘‘സത്യവിശ്വാസികളേ, നിങ്ങ ളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (അല്‍ബക്വറ 183).

വിശ്വാസികളേ, നന്മകളെല്ലാം വാരിക്കൂട്ടാന്‍ ഒരുങ്ങിയോ നാം? താഴെ കൊടുക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങളുടെ ആശയങ്ങള്‍ വ്യക്തമാക്കുന്നവരോടൊപ്പമാണോ നാം എന്ന് പരിശോധിക്കുക:

‘‘തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയ ത്താല്‍ നടുങ്ങുന്നവര്‍, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും'' (അല്‍മുഅ്മിനൂന്‍ 57-61).

നമ്മുടെ ആയുസ്സില്‍ എത്ര റമദാന്‍ അവശേഷിപ്പുണ്ടെന്ന് നമുക്കറിയില്ലല്ലോ! നമ്മുടെ ജീവിതത്തിലെ അവസാന റമദാനാണെന്ന ബോധ്യത്തോടെ വരാന്‍ പോകുന്ന റമദാനിനെ നാം വരവേല്‍ക്കുക.

നശ്വരമായ ദുന്‍യാവിന് വേണ്ടി കൂടുതല്‍ ലാഭം ലഭിക്കുന്ന അവസരങ്ങളെ നാം പ്രയോജനപ്പെടുത്തുന്നതിനെക്കള്‍ അനശ്വരമായ പരലോക രക്ഷക്കായി റമദാനെന്ന നന്മയുടെ അവസരത്തെ പരമാവധി നാം പ്രയോജനപ്പെടുത്തുക.

ഐഹിക ജീവിതത്തിലെ നിര്‍ണായകമായ പരീക്ഷക്ക് വേണ്ടി മാസങ്ങള്‍ക്ക് മുമ്പേ നാം ഒരുങ്ങുന്നതിനെക്കാള്‍ നന്നായി റമദാനിന് വേണ്ടി നാം ഒരുങ്ങുക.

നബി ﷺ റമദാനിന്റെ മുമ്പുള്ള ശഅ്ബാനില്‍ നോമ്പും മറ്റു പുണ്യകര്‍മങ്ങളും അധികമായി ചെയ്ത് ഒരുങ്ങിയിരുന്നുവെന്ന് ഹദീഥുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ സാക്ഷ്യവും നാമും എവിടെ നില്‍ക്കുന്നുവെന്ന് ആലോചിക്കുക.

റമദാനിന് മുമ്പേ പള്ളികളും വീടുകളും വീട്ടുപകരണങ്ങളും പ്രത്യേകമായി വൃത്തിയാക്കുകയും സജ്ജമാക്കുകയും ചെയ്യുന്നത് പോലെ റമദാനിനായി നമ്മുടെ മനസ്സും വിശ്വാസവും കര്‍മങ്ങളും നിയ്യത്തും ശുദ്ധീകരിച്ചുവോ?

റമദാനിന്റെ പുണ്യദിനരാത്രങ്ങള്‍ പ്രയോജനപ്പെടുത്താനായി മുന്നൊരുക്കവും സമയക്രമീകരണവും ചെയ്യാനുദ്ദേശിക്കുന്ന നന്മകളുടെ കൃത്യമായ രൂപവും നാം മുമ്പേ പ്ലാന്‍ ചെയ്യണം.

എങ്കില്‍ റമദാനിനെ നല്ലരൂപത്തില്‍ അനുഭവിക്കാന്‍ നമുക്ക് സാധിക്കും. മാത്രമല്ല; എന്തെങ്കിലും കാരണത്താല്‍ ആ നന്മകളില്‍ ഏതെങ്കിലും കര്‍മങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും നമ്മുടെ ഉദ്ദേശത്തിന് പ്രതിഫലം ലഭിക്കും.

റസൂലുല്ലാഹ് ﷺ പറയുന്നു: ‘‘നിശ്ചയം! അല്ലാഹു നന്മകളും തിന്മളും നിര്‍ണയിച്ചിരിക്കുന്നു. ശേഷം അത് വിശദീകരിക്കുകയും ചെയ്തു. ആരെങ്കിലും ഒരു നന്മ ചെയ്യാനുദ്ദേശിച്ചു. പക്ഷേ, അത് ചെയ്തില്ലെങ്കിലും അതിന് അല്ലാഹു അവന്റെയടുത്ത് ഒരു പൂര്‍ണ നന്മയായി രേഖപ്പെടുത്തും. ആരെങ്കിലും ഒരു നന്മ ഉദ്ദേശിച്ചു, എന്നിട്ട് അവനത് ചെയ്യുകയും ചെയ്താല്‍ അല്ലാഹു അവന്റെയടുത്ത് പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിയായി അത് രേഖപ്പെടുത്തും. തീര്‍ന്നില്ല, അതിനെ ഇരട്ടിയിരട്ടിയായി രേഖപ്പെടുത്തുന്നതാണ്.''

നമ്മുടെ സമയം അമൂല്യമാണ്. കൊഴിഞ്ഞുപോയ ഒരു നിമിഷം പോലും തിരിച്ചുകിട്ടില്ല. അതിനാല്‍ സമയത്തെ കൃത്യതയോടെ ഉപയോഗപ്പെടുത്തുക. റമദാനിലെ സമയത്തെ -രാപ്പകല്‍ വ്യത്യാസമില്ലാതെ- പ്രയോജനപ്പെടുത്തുക. ദിനേന ക്വുര്‍ആന്‍ പാരായണം ചെയ്യാനായി ഒരു കൃത്യസമയം നിശ്ചയിച്ച് സമയത്തെ പ്രയോജനപ്പെടുത്തുക.

ഒരു കവിയുടെ വരികളുടെ ആശയം എത്ര യാഥാര്‍ഥ്യമാണ്:

‘ഹൃദയമിടിപ്പുകള്‍ അവനോടോതുന്നു... നിശ്ചയം ജീവിതം മിനുട്ടുകളും നിമിഷങ്ങളുമല്ലയോ...! മരണശേഷ രക്ഷക്കായി അതിനെ പ്രയോജനപ്പെടുത്തൂ... ആ ഓര്‍മ മനുഷ്യന്റെ രണ്ടാം ആയുസ്സല്ലയോ...'

ജീവിതത്തിന്റെ ഫിനിഷിംഗ് പോയന്റിലേക്ക് കിതച്ചോടിക്കൊ ണ്ടിരിക്കുന്ന മനുഷ്യരേ, സമയം സോഷ്യല്‍ മീഡിയില്‍ മുഴുകി പാഴാക്കാതിരിക്കൂ.

സ്രഷ്ടാവായ അല്ലാഹുവിന്റെ മാനവരിലേക്കുള്ള സന്ദേശമാണല്ലോ ക്വുര്‍ആന്‍. മറ്റു കാര്യങ്ങളെല്ലാം മാറ്റിവെച്ച് റമദാനിന്റെ പുണ്യ ദിനരാത്രങ്ങളില്‍ ക്വുര്‍ആന്‍ ഓതി ഖതം തീര്‍ക്കാന്‍ ശ്രമിക്കൂ...

മഹാനായ ഇമാം മാലിക് റമദാനില്‍ മദീന പള്ളിയിലെ ദര്‍സുകളെല്ലാം നിറുത്തിവെച്ച് ക്വുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. നമ്മളും ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ പരിശ്രമിക്കേണ്ടതില്ലേ.

റമദാന്‍ വീണ്ടുവിചാരത്തിനുള്ള അവസരമാണ്. കഴിഞ്ഞ റമദാന്‍ മുതല്‍ ഈ റമദാന്‍വരെയുള്ള നമ്മുടെ കര്‍മങ്ങളുടെ കണക്കുപുസ്തകം പരിശോധിക്കാനുള്ള അവസരം. നമ്മുടെ സമ്പത്ത്, സമയം, ആയുസ്സ്, അനുഗ്രഹങ്ങള്‍, കടമകള്‍, ബാധ്യതകള്‍, കണ്ണ്, കാത്, ശരീരം മുതലായവ പരിശോധിക്കപ്പെടണം, വിചാരണ ചെയ്യപ്പെടണം. ‘നിങ്ങള്‍ സ്വയം വിചാരണ ചെയ്യൂ; നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്, അതാണ് പരലോകത്തെ വിചാരണ എളുപ്പമാവാന്‍ നല്ലത്' എന്ന് നമ്മുടെ മുന്‍ഗാമികളില്‍ പെട്ട പലരും പറഞ്ഞതായി കാണാം.

റമദാനിലെ വ്രതവും മറ്റു ആരാധനാ കര്‍മങ്ങളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടാനാവശ്യമായ വിധിവിലക്കുകള്‍ പഠിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണെന്ന് ഓര്‍ക്കുക. കാരണം, പറയുന്നതിനും ചെയ്യുന്നതിനും മുമ്പേ അറിവ് അത്യാവശ്യമാണ്.

റമദാന്‍ വ്രതം വെറും വിശപ്പും ദാഹവും സഹിക്കലല്ല. മനസ്സിനെ വിമലീകരിക്കല്‍ കൂടിയാണ്. തക്വ്‌വ (സൂക്ഷമതാ ബോധം) കൈവരിക്കലും ഇസ്‌ലാമിക ശരീഅത്തിനോടുള്ള അടുപ്പം വര്‍ധിക്കലും അതുകൊണ്ട് സാധ്യമാകണം. അതിനാല്‍ നമ്മുടെ മനസ്സിനും വിചാരവികാരങ്ങള്‍ക്കും,കണ്ണുകള്‍ക്കും കാതുകള്‍ക്കും ശരീരം മുഴുക്കെയും വ്രതമുണ്ട്. അങ്ങനെയാണോ നാം വ്രതമനുഷ്ഠിക്കാറുള്ളത്?

നബി ﷺ പറഞ്ഞു: ‘‘ചീത്ത വര്‍ത്തമാനവും മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളും അവിവേകവും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല'' (ബുഖാരി).

കര്‍മങ്ങളുടെ സ്വീകാര്യതക്ക് തടസ്സം നില്‍ക്കുന്ന കാരണങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഉപേക്ഷിച്ച് കര്‍മങ്ങള്‍ സ്വീകാര്യയോഗ്യമാക്കുക. അതില്‍ പ്രധാനം ബിദ്അത്ത്, ലോകമാന്യം, കുടുംബ ബന്ധവിഛേദനം പോലെയുള്ളതാണ്.

ഒരുപാട് പ്രതിസന്ധികളിലൂടെയാണ് മുസ്‌ലിം സമുദായം കടന്ന് പോവുന്നത്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത്. എല്ലാ മേഖലകളിലുമത് പ്രകടമാണ്. റമദാനില്‍ ഈമാനികമായി വിശുദ്ധി നേടി വിമലീകരിക്കപ്പെട്ട് ശുദ്ധമനസ്സോടെ ആത്മാര്‍ഥമായി അല്ലാഹുവിനോട് കരളുരുകി, കണ്ണുനീര്‍ വാര്‍ത്ത് പ്രാര്‍ഥിക്കുക. സര്‍വോപരി അല്ലാഹുവിന്റെ തൗഫീക്വിനായി നാം പ്രാര്‍ഥിക്കുക:

‘‘അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി ചെയ്യാനും നല്ലരൂപത്തില്‍ നിന്നെ ആരാധിക്കാനും എന്നെ നീ സഹായിക്കേണമേ''- ഇത് രാവിലെയും വൈകുന്നേരവും കഴിയുന്ന മറ്റു സമയങ്ങളിലും പ്രാവര്‍ത്തികമാക്കുക. അങ്ങനെ റമദാന്‍ നമ്മില്‍നിന്ന് വിടപറയുന്ന സന്ദര്‍ഭത്തില്‍ പാപങ്ങളില്‍നിന്ന് കൂടി വിടപറയുവാന്‍ കഴിയണം. അതിനായി പണിയെടുക്കുകയും ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ.