തിരുനബി ﷺ യെ തിരിച്ചറിഞ്ഞ റോമൻ രാജാവ്

അബ്ദുൽ മാലിക് സലഫി

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

(പ്രഭ ചൊരിയുന്ന നബിജീവിതം )

ഹുദൈബിയ്യാ കരാർ നിലവിലുള്ളസമയം, അബൂസുഫ്‌യാൻ(റ)- അദ്ദേഹം അന്ന് മുസ്‌ലിമല്ല- ശാമിലാണ്. കച്ചവടത്തിനായി പോയതാണ്. കുറച്ചാളുകളും കൂടെയുണ്ട്. അപ്പോഴാണ് റോമാചക്രവർത്തി ഹിറഖ്‌ലിന്റെ ക്ഷണം ലഭിക്കുന്നത്; ജറൂസലമിൽ അദ്ദേഹത്തിന്റെ സന്നിധിയിൽ ചെല്ലണം.

അബൂസുഫ്‌യാനും കൂട്ടുകാരും അവിടെയെത്തി. റോമൻ നേതാക്കൾ ഹിറഖ്‌ലിന്റെ ചുറ്റിലും ഉണ്ട്. മക്കയിലെ പ്രവാചകനെ കുറിച്ച് വിശദാംശങ്ങൾ അറിയാനാണ് വിളിപ്പിച്ചത്.

‘നിങ്ങളിൽ അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളതാരാണ്?’

‘അബൂസുഫ്‌യാൻ!’

അതിനാൽ അദ്ദേഹത്തെ മുന്നിൽ നിർത്തി; കൂട്ടുകാരെ അദ്ദേഹത്തിന്റെ പിന്നിലും.

‘ചില കാര്യങ്ങൾ ഞാൻ ചോദിക്കും, സത്യസന്ധമായി മറുപടി പറയണം.’

‘ശരി.’

പിന്നിലുള്ളവരോട് പറഞ്ഞു: ‘ഇദ്ദേഹം കളവു പറഞ്ഞാൽ നിങ്ങൾ അത് നിഷേധിക്കണം.’

ചോദ്യങ്ങൾ തുടങ്ങി:

‘അദ്ദേഹത്തിന്റെ (നബിയുടെ) കുടുംബനില എന്താണ്?’

‘ഉയർന്ന കുടുംബമാണ്.’

‘മുമ്പ് ആരെങ്കിലും നിങ്ങളിൽ ഇതുപോലെ വാദിച്ചിട്ടുണ്ടോ?’

‘ഇല്ല.’

‘പിതാക്കളിൽ ആരെങ്കിലും രാജാക്കന്മാരായുണ്ടോ?’

‘ഇല്ല.’

‘ആരാണ് അദ്ദേഹത്തിന്റെ അനുയായികളായിക്കൊണ്ടിരിക്കുന്നത്?’

‘പാവങ്ങൾ.’

‘അനുയായികൾ അധികരിക്കുകയാണോ?’

‘അതെ.’

‘മതത്തിൽ പ്രവേശിച്ച ആരെങ്കിലും വെറുത്ത് പിന്മാറുന്നുണ്ടോ?’

‘ഇല്ല.’

‘ഇതിനു മുമ്പ് അദ്ദേഹം കളവു പറഞ്ഞിട്ടുണ്ടോ?’

‘ഇല്ല.’

‘നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ?’

‘ഇതുവരെ ഇല്ല. ഇനി എന്തുണ്ടാവും എന്ന് പറയാനാവില്ല.’

‘അദ്ദേഹവുമായി നിങ്ങൾ യുദ്ധം നടത്തിയിട്ടുണ്ടോ?’

‘ഉണ്ട്.’

‘എന്താണ് പരിണതി?’

‘അദ്ദേഹവും ഞങ്ങളും മാറിമാറി ജയിക്കാറുണ്ട്.’

‘എന്താണ് അദ്ദേഹം പറയുന്നത്?’

‘അല്ലാഹുവിനെ മാത്രം ആരാധിക്കണം. അവനോട് ഒന്നിനെയും പങ്കുചേർക്കരുത്. നമസ്‌കരിക്കണം. കുടുംബബന്ധങ്ങൾ ചേർക്കണം.’

ഈ മറുപടികൾ കേട്ട ഹിറഖ്ൽ തുടർന്നു പറഞ്ഞു:

‘പ്രവാചന്മാർ ഉന്നത കുടുംബത്തിൽനിന്നാണ് നിയോഗിക്കപ്പെടുക. ഇങ്ങനെയാരെങ്കിലും മുമ്പ് വാദിച്ചിരുന്നുവെങ്കിൽ അത് ആവർത്തിക്കുകയാണിദ്ദേഹം ചെയ്യുന്നത് എന്ന് പറയാമായിരുന്നു. പൂർവികരിൽ വല്ല രാജാവും ഉണ്ടായിരുന്നെങ്കിൽ നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാനുള്ള തന്ത്രമാണിതെന്ന് പറയാമായിരുന്നു. ജനങ്ങളെ കുറിച്ച് കളവുപറയാത്തയാൾ അല്ലാഹുവിനെ കുറിച്ച് കളവു പറയുമോ? സാധ്യമല്ല! പാവങ്ങളായിരിക്കും പ്രവാചകന്റെ അനുയായികൾ! അനുയായികൾ വർധിക്കുകയാണല്ലോ; അതെ, സത്യവിശ്വാസം വർധിക്കുകയാണ് ചെയ്യുക. അതിന്റെ പ്രഭ ഹൃദയത്തിൽ ലയിച്ചാൽ ആരും അതിനെ വെറുത്ത് പിന്മാറില്ല. പ്രവാചകന്മാർ വഞ്ചിക്കാറില്ല. നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ ഈ നാട് കൂടി അദ്ദേഹം അധീനപ്പെടുത്തും! ഒരു പ്രവാചകൻ നിയോഗിക്കപ്പെടും എന്ന് എനിക്കറിയാമായിരുന്നു! എന്നാൽ, അത് നിങ്ങളിൽ നിന്നാകുമെന്ന് ഞാൻ കരുതിയിരുന്നില്ല! അദ്ദേഹത്തിന്റെയടുക്കൽ എത്തിച്ചേരാൻ സാധിക്കുമെന്നറിഞ്ഞാൽ എന്തു ക്ലേശവും ഞാൻ സഹിക്കും. അദ്ദേഹത്തിന്റെ അരികിലായിരുന്നു ഇപ്പോൾ ഞാനെങ്കിൽ അദ്ദേഹത്തിന്റെ ഇരുപാദങ്ങളും ഞാൻ കഴുകുമായിരുന്നു...’’ (ബുഖാരി: 7).

മുൻവേദങ്ങൾ ശരിയാംവണ്ണം പഠിച്ചവർ നബിതിരുമേനിയെ തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ ശക്തമായ തെളിവുകളിലൊന്നാണ് ഈ സംഭവം. ഒരു പ്രവാചകന്റെ ആഗമനം അവർ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

ഹിറഖ്ൽ ചക്രവർത്തി പ്രവാചകത്വ നിയോഗത്തിന്റെ സമയം കൃത്യമായി കണക്കുകൂട്ടിയിരുന്നു എന്ന് ഉപരിസൂചിത ഹദീസിന്റെ ബാക്കിയിലുണ്ട്. ചേലാകർമം ചെയ്യുന്ന ഒരു ഭരണാധികാരി വിജയിക്കും എന്ന്അദ്ദേഹം കൃത്യമായി ഗ്രഹിച്ചിരുന്നു. തന്റെ പല സ്‌നേഹിതന്മാരെയും ഇക്കാര്യം അദ്ദേഹം അറിയിക്കുക യും ചെയ്തിരുന്നു!

ആ പ്രവാചകനെ പിന്തുടരണം എന്ന് അദ്ദേഹത്തിന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ, അധികാരവും അനുയായികളും പലപ്പോഴും സത്യം സ്വീകരിക്കുന്നതിന് ചിലർക്ക് തടസ്സമാണല്ലോ. അത് ചരിത്രത്തിൽ അനവരതം തുടരുന്ന ഒരു യാഥാർഥ്യവുമാണ്.

റോമൻ രാജാവിനും സംഭവിച്ചത് അതുതന്നെയാണ്! സത്യം അറിഞ്ഞു; പക്ഷേ സ്വീകരിച്ചില്ല! ഭരണവും ഭരണീയരും തടസ്സമായി!

ഒരിക്കൽ തന്റെ നാട്ടിലെ മുഴുവൻ പ്രധാനികളെയും അദ്ദേഹം കൊട്ടാരത്തിലേക്ക് വിളിച്ചുകൂട്ടി. ഒരു വലിയ മുറിയിൽ എല്ലാവരും ഒത്തുകൂടി. മുറിയുടെ കവാടങ്ങൾ ബന്ധിക്കാൻ കൽപന കൊടുത്തു. ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു:

‘റോമക്കാരേ! സന്മാർഗം സിദ്ധിക്കാനും വിജയം വരിക്കാനും നിങ്ങളുടെ ആധിപത്യം അവസാനിക്കാതിരിക്കാനും നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ, ഈ നബിയെ സ്വീകരിച്ചുകൊള്ളാം എന്ന് നിങ്ങൾ പ്രതിജ്ഞചെയ്യണം.’

ഇതു കേട്ടമാത്രയിൽ കാട്ടുകഴുതകളെപ്പോലെ അവർ കവാടങ്ങളിലേക്ക് കുതിച്ചോടി! പക്ഷേ, അവ അടച്ചിടപ്പെട്ടിരിക്കുന്നു! സംഗതി പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ ഹിറഖ്ൽ വാക്കുമാറ്റി! അയാൾ പറഞ്ഞു:

‘നിങ്ങളുടെ മതത്തിൽ നിങ്ങൾക്ക് എത്രകണ്ട് ദൃഢവിശ്വാസമുണ്ടെന്ന് പരീക്ഷിക്കാൻ വേണ്ടി ഞാൻ ചെയ്ത തന്ത്രമല്ലേ ഇത്! നിങ്ങളുടെ വിശ്വാസദാർഢ്യം എനിക്ക് ബോധിച്ചു.’ അവർക്ക് തൃപ്തിയായി . അദ്ദേഹത്തിന്റെ മുന്നിൽ അവർ സാഷ്ടാംഗം ചെയ്തു’ (ബുഖാരി: 7).

സത്യത്തിന്റെ സന്ദേശം സ്വീകരിക്കാൻ ഭൗതികസുഖങ്ങൾ തടസ്സമാകുന്നതെങ്ങിനെയാണെന്ന് ഹിറഖ്‌ലിന്റെ ചരിത്രം നമ്മോട് പറയുന്നുണ്ട്. തിരുദൂതരുടെ രിസാലത്തിന്റെ തെളിച്ചം ഇത്തരം സംഭവങ്ങളിലൂടെ ലോകം അറിയുന്നു!

ഇബ്‌റാഹീം നബി(അ) കൊതിച്ച, മൂസാനബി(അ) അടയാളങ്ങൾ പറഞ്ഞ, ഈസാ നബി(അ) സന്തോഷ വാർത്ത നൽകിയ ആ മഹാ പ്രവാചകൻ മക്കയിൽ വന്ന മുഹമ്മദ് നബി ﷺ  തന്നെയാണെന്നതിന് നിരവധി രേഖകൾ നാം കണ്ടുകഴിഞ്ഞു.

ഇനി, ആ തിരുനബിയുടെ അനുപമജീവിതത്തിലേക്കാണ് നാം യാത്ര തിരിക്കുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ.

(തുടരും)