ഫിത്‌നയും മുസ്‌ലിംകളുടെ നിലപാടും - 03

ശൈഖ്‌സ്വാലിഹ് ആലുശൈഖ്

2022 സെപ്തംബർ 24, 1444 സ്വഫർ 27

(വിവ: സിയാദ് കണ്ണൂർ)

മൂന്നാമത്തെ മാർഗനിർദേശം

ഒരു മുസ്‌ലിം എല്ലാകാര്യങ്ങളിലും നീതിയും ന്യായവും പാലിക്കണം:

അല്ലാഹു പറയുന്നു: “...നിങ്ങൾ സംസാരിക്കുകയാണെങ്കിൽ നീതി പാലിക്കുക...’’ (അൽഅൻആം: 152).

“ഒരു ജനതയോടുള്ള അമർഷം നീതിപാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതിപാലിക്കുക. അതാണ് ധർമനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക’’ (അൽമാഇദ:8).

സംസാരങ്ങളിലും തീരുമാനങ്ങളിലും നീതി പാലിക്കണമെന്ന് നാം വ്യക്തമാക്കി. ഇനി ആരെങ്കിലും സംസാരങ്ങളിലും തീർപ്പുകളിലും നീതിപാലിച്ചിട്ടില്ലെങ്കിൽ; അവൻ (പാപംചെയ്യുന്നതിൽനിന്നും) സ്വന്തത്തെ രക്ഷപ്പെടുത്തുന്ന രൂപത്തിൽ ശരീഅത്ത് പിൻപറ്റിയിട്ടില്ല.

നീതി എന്നാൽ എന്താണ്? ഈ മാർഗനിർദേശത്തിൽ സൂചിപ്പിച്ച ന്യായം എന്താണ്?

നീതി എന്നാൽ; കാര്യങ്ങളിലെ നീതിയും തിന്മയും നിങ്ങൾ കൊണ്ടുവരുന്നു. അതിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന വശവും ഇഷ്ടപ്പെടാത്ത വശവും പരിശോധിക്കും. ശേഷം അവയെ തുലനം ചെയ്ത് ഒരു തീർപ്പുകൽപിക്കും. എന്തെന്നാൽ, ഇരുവശങ്ങളും പരിശോധിച്ചാലല്ലാതെ അല്ലാഹുവിന്റെ കൽപനക്ക് വിരുദ്ധമായ കാര്യങ്ങൾ ശരീഅത്തിലേക്ക് ചേർത്തു പറയുന്നതിൽനിന്നും ഒരാൾക്ക് സുരക്ഷിതനാകാൻ സാധിക്കുകയില്ല.

അതിനാൽ ശറഇയ്യായ വിധി എത്തുംവരെയും ഫിത്‌നയെ സംബന്ധിച്ച നിങ്ങളുടെ വീക്ഷണവും സംസാരവും ധാരണയും അഭിപ്രായവുമെല്ലാം–ഇൻ ശാ അല്ലാഹ് നിങ്ങളുടെ രക്ഷകനാകുന്നതുവരെയും നന്മയുടെ വശവും തിന്മയുടെ വശവും മനസ്സിൽ പ്രദർശിപ്പിക്കണം.

ഇത് സുപ്രധാനമായ ഒരു വിഷയമാണ്; പ്രായോഗികമാക്കേണ്ടണ്ടഒരു തത്ത്വവുമാണ്. കാരണം ഈ തത്ത്വം പിൻപറ്റാത്തവന്റെ ഹൃദയത്തിൽ ദേഹേച്ഛ പാഞ്ഞുകയറും. മാത്രമല്ല, ദേഹേച്ഛയുടെ വാതിൽ മറ്റുള്ളവർക്ക് അവൻ തുറന്നുകൊടുക്കുകയും ചെയ്‌തേക്കും. നബി ﷺ യുടെ വാക്കുകൾ അതാണ് സൂചിപ്പിക്കുന്നത്:

“ആരെങ്കിലും ഒരു ചീത്തചര്യ നടപ്പിൽ വരുത്തിയെങ്കിൽ, അതിന്റെ പാപവും അന്ത്യനാൾവരെ അതിനെ പിന്തുടർന്ന് പ്രവർത്തിക്കുന്നവരുടെ പാപവും അവരുടെ പാപം ഒട്ടുംകുറയാതെതന്നെ–അവന് രേഖപ്പെടുത്തും’’ (മുസ്‌ലിം).

അറിവും സന്മാർഗവും ചേർത്തു പറയപ്പെടുന്നവരിൽനിന്നാണ് ഇത്തരം ചെയ്തികളെങ്കിൽ, ആപത്ത് കൂടുതൽ ഗുരുതരമാണ്. കാരണം, അവരുടെ ചെയ്തികളെ പിന്തുടരാൻ ജാഹിലുകളും അൽപജ്ഞാനികളുമുണ്ടാകും.

അതിനാൽ, നമ്മുടെ മുഴുവൻ കാര്യങ്ങളിലും ഈ തത്ത്വം പിന്തുടരണം. ദേഹേച്ഛയെ പിന്തുടരുന്നതിൽ നിന്നും ആര് സുരക്ഷിതനായോ, അവനെ അല്ലാഹു ഇഹത്തിലും പരത്തിലും രക്ഷപ്പെടുത്തും.

നാലാമത്തെ മാർഗനിർദേശം

അല്ലാഹുവിന്റെ ഈ വചനമാണ് ഈ തത്ത്വത്തിന്റെ അടിസ്ഥാനം:

“നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്’’ (ആലു ഇംറാൻ: 103).

ഈ വചനത്തെ നബി ﷺ  വിശദീകരിച്ചു: “നിങ്ങൾ ജമാഅത്തിനോടൊപ്പം നിൽക്കുക. ഭിന്നതയെ സൂക്ഷിക്കുക’’ (മുസ്‌നദു അഹ്‌മദ്).

ഇമാം അഹ്‌മദിന്റെ പുത്രനായ അബ്ദുല്ല ‘സവാഇദു മുസ്‌നദു അഹ്‌മദി’ൽ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്:

“ജമാഅത്ത് (സംഘമായി നില കൊള്ളൽ) കാരുണ്യമാണ്, ഭിന്നത ശിക്ഷയുമാണ്.’’

വാക്കുകളിലും കർമങ്ങളിലും അഭിപ്രായങ്ങളിലുമുള്ള എല്ലാതരം ഭിന്നതയും ശിക്ഷയാണ്. അല്ലാഹുവിന്റെ കൽപനകൾക്ക് എതിര് പ്രവർത്തിക്കുകയും അവന്റെതല്ലാത്ത മാർഗദർശനത്തെ പിൻപറ്റുകയും ചെയ്യുന്നവരെ അവൻ ശിക്ഷിക്കും. അതിനാൽ, അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ കൂടെ നിൽക്കുകയും അതിന്റെ ഇമാമുമാരെയും പണ്ഡിതന്മാരെയും പിന്തുടരുകയും ചെയ്യുന്നവനാണ് ജമാഅത്തിനോടൊപ്പം നിൽക്കുന്നവൻ. അവരിൽനിന്നും വേറിട്ടുപോയവൻ ഭിന്നിക്കുകയും ഇഹത്തിൽവെച്ച് അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുകയും ചെയ്തവരിൽനിന്നും സുരക്ഷിതനല്ല.

നമ്മെയും നമ്മുടെ മുഴുവൻ സഹോദരന്മാരെയും അവയിൽനിന്നും സംരക്ഷിക്കാൻ അല്ലാഹുവോട് പ്രാർഥിക്കുന്നു.

നബി ﷺ  പറഞ്ഞു: “ജമാഅത്ത് കാരുണ്യമാണ്, ഭിന്നത ശിക്ഷയുമാണ്.’’

ഏതുതരം സവിശേഷതകളോടുകൂടിയ ജമാഅത്തും, സത്യത്തിലും സന്മാർത്തിലുമാണെങ്കിൽ; അത് കാരുണ്യമാണ്. അതുമൂലം അല്ലാഹു അവന്റെ ദാസന്മാരുടെ മേൽ കരുണ ചൊരിയും. ഭിന്നത ശിക്ഷയാണ്. ഭിന്നിക്കുന്നതിൽ ഒരിക്കലും യാതൊരു നന്മയുമില്ല.

അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: “നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്’’ (ആലുഇംറാൻ:103).

ശേഷം അല്ലാഹു പറഞ്ഞു: “നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’’ (ആലുഇംറാൻ:104).

ശേഷം പറഞ്ഞു: “വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവർക്കാണ് കനത്ത ശിക്ഷയുള്ളത്’’ (ആലുഇംറാൻ:105).

അതെ, വ്യക്തമായ തെളിവുകളും മാർഗദർശനവും വന്നുകിട്ടിയതിന് ശേഷവും വാക്കുകളിലും കർമങ്ങളിലും ഭിന്നിച്ചവർ വ്യതിചലിക്കുന്നതിൽനിന്നും ഭിന്നിക്കുന്നതിൽനിന്നും രക്ഷപ്പെടുന്നവരല്ല. അവർ സന്മാർഗത്തിലൂടെയല്ലാതെ ചരിക്കുന്നതിൽനിന്നും സുരക്ഷിതരുമല്ല.

അതിനാൽ, അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ ജമാഅത്തിനോടൊപ്പം നിൽക്കൽ നമ്മുടെ ബാധ്യതയാണ്. അവരുടെ വാക്കുകൾ നാം സ്വീകരിക്കും. അവരുടെ തത്ത്വങ്ങളെയും മാർഗനിർദേശങ്ങളെയും അവരുടെ പണ്ഡിതന്മാരുടെ തീരുമാനങ്ങളെയും നാം തള്ളിക്കളയുകയില്ല. കാരണം അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ ഉസ്വൂലുകളും ശറഇയായ തെളിവുകളും അവർക്കാണ് നന്നായറിയുക. ജനങ്ങളിൽ പലർക്കും ഇതറിയില്ല. എന്നുമാത്രമല്ല, പാണ്ഡിത്യത്തിലേക്ക് ചേർത്തു പറയപ്പെടുന്നവരിൽ പോലും ഇത് അറിയാത്ത ധാരാളം ആളുകളുണ്ട്. അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ പണ്ഡിതന്മാർ അഗാധപാണ്ഡിത്യവും ദീർഘവീക്ഷണവും അറിവിന്റെ വിഷയത്തിൽ ഉറച്ച പാദങ്ങളുമുള്ളവരാണ്.

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) ചെയ്ത പ്രവൃത്തിയിലേക്ക് നോക്കുക! ഉസ്മാനുബ്‌നു അഫ്ഫാനി(റ)നോടൊപ്പം ഹജ്ജിൽ പങ്കെടുത്തപ്പോൾ അദ്ദേഹം എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയുമോ?

മിനായിൽവെച്ച് ഉസ്മാൻ(റ) (ക്വസ്ർ ആക്കാതെ) പൂർത്തിയാക്കി നാലുറക്അത്ത് നമസ്‌കരിക്കുമായിരുന്നു. മിനായിൽ നാലു റക്അത്തുള്ള നമസ്‌കാരങ്ങൾ രണ്ടു റക്അത്ത് ആക്കി ചുരുക്കി നമസ്‌കരിക്കൽ ആണല്ലോ നബിചര്യ! എന്നാൽ ഉസ്മാൻ(റ) മനസ്സിലാക്കിയ ശറഈ വ്യാഖ്യാനപ്രകാരം അത് നാലുറക്അത്ത്തന്നെയാണ്. നാലുറക്അത്തുള്ള നമസ്‌കാരങ്ങൾ രണ്ടു റക്അത്തായി നമസ്‌കരിക്കലാണ് പ്രവാചകചര്യയെന്ന് ഇബ്‌നു മസ്ഊദ്(റ) പറയാറുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘ഓ, അബ്ദുല്ലാഹിബ്‌നു മസ്ഊദ്! നിങ്ങൾ ഇത് പറയുന്നു; എന്നാൽ, എന്തുകൊണ്ടാണ് ഉസ്മാനുബ്‌നു അഫ്ഫാനിനോടൊപ്പം താങ്കൾ നാലുറക്അത്ത് നമസ്‌കരിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘ഓ ഇന്നവനേ! ഭിന്നത തിന്മയാണ്! ഭിന്നത തിന്മയാണ്! ഭിന്നത തിന്മയാണ്!’’ (അബൂദാവൂദ്).

ശരിയായ തത്ത്വം അവർ മനസ്സിലാക്കിയതിനാലാണ് ഇത്. അതായത്, ഭിന്നതയെ സ്വീകരിച്ചവൻ സ്വയം ഫിത്‌നയിൽനിന്നും സുരക്ഷിതനല്ല; മറ്റുള്ളവരെ അതിൽനിന്നും രക്ഷിക്കുന്നുമില്ല എന്ന തത്ത്വം. ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: ‘ഭിന്നത തിന്മയാണ്!’

അഞ്ചാമത്തെ മാർഗനിർദേശം

രാഷ്ട്രത്തിന്റെ പതാകയായാലും പ്രബോധകന്മാരുടെ പതാകയായാലും, ഫിത്‌നയുടെ അവസരത്തിൽ ഉയർത്തപ്പെടുന്ന എല്ലാ പതാകകളും ശരിയായ– അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ– തുലാസുവച്ച് തൂക്കി നോക്കണം. ഈ തുലാസിൽവച്ച് ഇത്തരം പതാകകൾ തൂക്കുകയാണെങ്കിൽ, അത് വക്രതയില്ലാത്തവിധം നീതിപൂർണമായ തൂക്കമായിരിക്കും. അതാണ് അല്ലാഹു പറഞ്ഞത്:

“ഉയിർത്തെഴുന്നേൽപിന്റെ നാളിൽ നീതിപൂർണമായ തുലാസുകൾ നാം സ്ഥാപിക്കുന്നതാണ്. അപ്പോൾ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല’’ (അൽഅമ്പിയാഅ്: 47).

അഹ്‌ലുസ്സുന്നഃയുടെ പക്കൽ നീതിപൂർണമായ തുലാസുകളുണ്ട്. അതിലാണ് അവർ വിവിധവിഷയങ്ങളും അഭിപ്രായങ്ങളും അവസ്ഥകളും സാഹചര്യമാറ്റങ്ങളിലുള്ള വ്യത്യസ്ത പതാകകളും തൂക്കുന്നത്. അഹ്‌ലുസ്സുന്നഃയുടെ ഇമാമുകൾ വിശദീകരിച്ചതുപോലെ, ഈ തുലാസുകൾ രണ്ടു തരമാണ്:

1. ഇസ്‌ലാമിനെ തൂക്കുന്ന തുലാസ്: അതായത്, ഇസ്‌ലാമിക ദഅ്‌വത്തിലെ കൃത്യതയെയാണ് അതു തൂക്കുന്നത്.

ഇസ്‌ലാമിലേക്ക് ചേർത്തുകൊണ്ട് ഉയർന്നുവരുന്ന പതാകകൾ നിരവധിയുണ്ട്. അതിനാൽ ആ പതാകകളെ തൂക്കിനോക്കണം. അത് ഇസ്‌ലാമിക പതാകയാണെങ്കിൽ, അതുമായി ബന്ധപ്പെട്ട ശറഇയ്യായ വിധികൾ നിർധരിച്ചെടുക്കണം. ശേഷം ഈ വിധികൾ മുറുകെ പിടിക്കണം. അല്ലാഹുവും അവന്റെ ദൂതനും അതാണ് കൽപിച്ചത്.

2. ഇസ്‌ലാമിന്റെ പൂർണതയും (പതാകവാഹകരുടെ) സ്ഥൈര്യവും മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള തുലാസ്.

ഒന്നാമത്തെ തുലാസ് കുഫ്‌റിനെ ഈമാനിൽനിന്നും വേർതിരിക്കുന്നു. ആ പതാക മുസ്‌ലിമാണോ മുഅ്മിനാണോ അതല്ല, മറ്റുവല്ലതുമാണോ?

രണ്ടാമത്തെ തുലാസ്, ആ പതാക ഇസ്‌ലാമിക മാർഗദർശനപ്രകാരം അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന രൂപത്തിലാണോ, അതല്ല അതിൽ വല്ല ന്യൂനതയുമുണ്ടോ എന്നു പരിശോധിക്കുന്നതിനുവേണ്ടിയുള്ളതാണ്.

ഇത് വ്യക്തമായിക്കഴിഞ്ഞാൽ, ആ തുലാസിൻമേൽ ശറഇയ്യായ വിധികൾ ക്രമമായിവയ്ക്കും.

ഈമാനിൽനിന്നും കുഫ്‌റിനെ വേർതിരിക്കുന്ന തുലാസിന് മൂന്നു തട്ടുകളുണ്ട്:

1. മറ്റാരെയും പങ്കുചേർക്കാതെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അവസ്ഥ അവരിൽ ഉണ്ടോ, ഇല്ലേ? എന്തെന്നാൽ, അമ്പിയാക്കളുടെയും മുർസലുകളുടെയും മതത്തിന്റെ അടിസ്ഥാനംതന്നെ പങ്കുകാരില്ലാത്തവിധം അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന പ്രബോധനമാണ്. കാര്യങ്ങളുടെ അടിത്തറ തൗഹീദാണ്. കാര്യങ്ങളുടെ തുടക്കവും ഒടുക്കവുമെല്ലാം അതുതന്നെയാണ്.

അതിനാൽ തൗഹീദിന്റെ പതാക വഹിക്കുകയും മറ്റാരെയും പങ്കുചേർക്കാതെ അല്ലാഹുവിന് മാത്രമുള്ള ആരാധന സ്ഥാപിക്കുകയും അല്ലാഹുവിന് പുറമെയുള്ളവരോടുള്ള ആരാധനയെ നിരാകരിക്കുകയും ചെയ്തവനെ മുസ്‌ലിമായും അവന്റെ പതാക മുസ്‌ലിം പതാകയായും തുലാസ് വിധിക്കും. താഴെ പറയുന്ന രണ്ടു തട്ടുകളിൽനിന്നും അനുകൂലമായ പ്രതികരണമുണ്ടാകണമെന്ന് മാത്രം:

ഈ ഒന്നാമത്തെ തട്ടിൽ, ഈ കൊടിക്കീഴിലുള്ളവർ തൗഹീദിന്റെ വക്താക്കളാണോ എന്ന് പരീക്ഷിക്കും. അല്ലാഹുവല്ലാത്തവർക്കുള്ള ആരാധനയുണ്ടോ; അതല്ല, ആ കൊടിക്കീഴിൽ അല്ലാഹുവല്ലാത്തവരെ ആരാധിക്കാതെ അല്ലാഹുവിലേക്ക് മാത്രമാണോ ഹൃദയങ്ങൾ തിരിയുന്നത്?

അല്ലാഹു പറയുന്നു: “തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)’’ (അന്നഹ്ൽ: 36).

“ഭൂമിയിൽ നാം സ്വാധീനം നൽകിയാൽ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും സദാചാരം സ്വീകരിക്കാൻ കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവർ (ആ മർദിതർ). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു’’ (അൽ ഹജ്ജ്: 41).

ക്വുർആൻ വ്യാഖ്യാതാക്കളിൽ ചിലർ പറഞ്ഞു: ‘സദാചാരം സ്വീകരിക്കാൻ കൽപിക്കും’ എന്നതിനർഥം അവർ തൗഹീദ് സ്വീകരിക്കാൻ കൽപിക്കും എന്നും ‘ദുരാചാരത്തിൽനിന്ന് വിലക്കും’ എന്നതിനർഥം അവർ ശിർക്കിൽനിന്നും വിലക്കും എന്നുമാണ്.’ കാരണം, ഏറ്റവും വലിയ സദാചാരം തൗഹീദും ഏറ്റവും നീചമായ ദുരാചാരം ശിർക്കുമാണല്ലോ.

ഇതാണ് ഒന്നാമത്തെ തട്ട്.

2. ‘മുഹമ്മദ് ﷺ  അല്ലാഹുവിന്റെ ദൂതനാണ്’ എന്ന സാക്ഷ്യവചനം എത്രത്തോളം അവർ സാക്ഷാത്കരിക്കുന്നുണ്ട്?

ഇത് സാക്ഷാത്കരിക്കുന്നതിന്റെ നിബന്ധന മുഹമ്മദ് നബി ﷺ  കൊണ്ടുവന്ന ശരീഅത്ത് അനുസരിച്ച് വിധിക്കലാണ്. അല്ലാഹു പറയുന്നു:

“ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല’’ (അന്നിസാഅ്: 65).

“ജാഹിലിയ്യത്തിന്റെ (അനിസ്‌ലാമികമാർഗത്തിന്റെ) വിധിയാണോ അവർ തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങൾക്ക് അല്ലാഹുവെക്കാൾ നല്ല വിധികർത്താവ് ആരാണുള്ളത്?’’ (അൽമാഇദ: 50).

“അല്ലാഹു അവതരിപ്പിച്ചുതന്നതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർതന്നെയാകുന്നു അവിശ്വാസികൾ’’ (അൽമാഇദ: 44).

ഉയർത്തപ്പെട്ട പതാകയുടെ ആളുകൾ അല്ലാഹുവിന്റെ ശരീഅത്തനുസരിച്ച് വിധിക്കുകയും ജനങ്ങൾക്കിടയിലുള്ള വിഷയങ്ങളിൽ ശരീഅത്തിന് മുൻഗണന കൊടുക്കുകയും ചെയ്യുന്നത് നീ കണ്ടാൽ അത് മുസ്‌ലിം പതാകയാണെന്ന് നീ അറിഞ്ഞുകൊള്ളുക. കാരണം അവർ അല്ലാഹുവിന്റെ ശരീഅത്തുപ്രകാരം വിധിക്കുകയും അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നതിന് ശരീഅഃ കോടതികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു അവതരിപ്പിച്ചതനുസരിച്ചല്ലാതെ വിധിക്കാനോ, ആ വിധിയിൽ തൃപ്തിപ്പെടാനോ ഒരാൾക്കും പാടുള്ളതല്ല.

തങ്ങൾക്കിടയിലുള്ള വിഷയങ്ങളിൽ ജനങ്ങൾ ഭിന്നതയിലായാൽ, അവർക്കിടയിൽ ആരാണ് വിധി നടപ്പാക്കുന്നത്? ക്വാദിയാണ് ഭിന്നതയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിധിനടപ്പാക്കുന്നത്.

3. നിഷിദ്ധമായ (ഹറാം) കാര്യങ്ങളെ അവർ അനുവദനീയം (ഹലാൽ) ആക്കുന്നുണ്ടോ? അതല്ലെങ്കിൽ, നിഷിദ്ധം പ്രവർത്തിച്ചാൽ അവിടെ കോപവും വെറുപ്പും നിഷേധവും ഉണ്ടാകുന്നുണ്ടോ? എന്തെന്നാൽ, നിഷിദ്ധമായ ഒരു കാര്യം വെളിപ്പെട്ടാൽ, രണ്ട് അവസ്ഥകളാണ് (മാത്രമാണ്) സാധാരണ ഉണ്ടാവുക:

1) ഒന്നുകിൽ അത് അനുവദനീയമായി കണക്കാക്കപ്പെടും. ഇതാകട്ടെ കുഫ്‌റാണ്.–അല്ലാഹുവിൽ ശരണം.

2) അതിനെ അനുവദനീയമായി കണക്കാക്കുന്നില്ലെങ്കിലും അത് സംഭവിച്ചു. പതാകവാഹകർ അതിനെ നിഷിദ്ധമായി കണക്കാക്കുകയും അതിനെ നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ, ആ പതാക ശറഇയ്യായതും മുസ്‌ലിം പതാകയുമാണ്.

ഇതാണ് നമ്മുടെ ഇമാമുകൾ വിശദീകരിച്ചുതന്ന മൂന്ന് തട്ടുകൾ. ഇത് തുലാസുകളിൽ ഒന്നാമത്തെതാണ്.

രണ്ടാമത്തെ തുലാസാകട്ടെ, അതിലൂടെയാണ് ഇസ്‌ലാമിന്റെ പൂർണത അറിയുന്നത്.

അല്ലാഹുവിൽനിന്നും അവതരിച്ച ഇസ്‌ലാം ദീനിനെ പ്രവാചകൻ പൂർണമായും സ്വീകരിച്ചുൾക്കൊണ്ടു. പിന്തുടരപ്പെടേണ്ട ഒരു മാതൃകാപുരുഷനാണ് അദ്ദേഹം. ആ പ്രവാചകനിൽനിന്നും ലഭിച്ച മതം സച്ചരിതരായ ഖലീഫമാർ പൂർണമായും സ്വീകരിച്ചു. എന്നാൽ, അതിനുശേഷം ഇസ്‌ലാമിനെ സമ്പൂർണമായി ഉൾക്കൊള്ളുന്ന വിഷയത്തിൽ ഒന്നൊന്നായി ചോർച്ച സംഭവിച്ചുകൊണ്ടേയിരുന്നു. അത് നമ്മുടെ ഈ കാലംവരെ തുടർന്നുകൊണ്ടിരിക്കുന്നു. നബി ﷺ  അതാണ് പറഞ്ഞത്: “ശേഷം വരുന്ന ഒരു കാലം ആദ്യത്തേതിനെക്കാൾ മോശമായിട്ടല്ലാതെ ജനങ്ങളുടെമേൽ ഒരു കാലവും കഴിഞ്ഞുപോകുകയില്ല. നിങ്ങളുടെ നാഥനെ നിങ്ങൾ കാണുവോളം ഇത് തുടർന്നുകൊണ്ടേയിരിക്കും’’ (ബുഖാരി)

രണ്ടാമത്തെ ഈ തുലാസ് താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കും:

(തുടരും)