മാറാന്‍ ആഗ്രഹിക്കുന്നു; എന്തുചെയ്യണം?

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 ഏപ്രിൽ 16, 1442 റമദാൻ 14

‘’...ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച...’’ (ക്വുര്‍ആന്‍ 13:11).

സ്വന്തം നിലപാടില്‍ മാറ്റം വരുത്തണമെന്ന് പലതവണ ചിന്തിച്ചിട്ടും എന്താണ് കഴിയാത്തത് എന്ന പരാജയത്തിന്റെ ചോദ്യം പലരും തന്നോടുതന്നെ ചോദിക്കുന്ന ഒന്നാണ്. സ്വയം മാറുന്നതിന് ഞാന്‍ എന്തു ചെയ്യണം എന്ന് പലരും ചോദിക്കാറുണ്ട്. മാറ്റത്തെ ആത്മാര്‍ഥമായി സ്വീകരിക്കാനുള്ള ത്വരയുമായി നില്‍ക്കുന്നവരാണ് സ്വന്തത്തോടും മറ്റുള്ളവരോടും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഈ ഒരു ഘട്ടത്തിലേക്ക് എത്തുക എന്നതുതന്നെ ഒരു തിരിച്ചറിവിന്റെ തുടക്കമാണ്. അതിനുള്ള ചില വഴികള്‍ നമുക്ക് പരിശോധിക്കാം.

മനോഭാവമാണ് മാറ്റത്തിന് കരുത്തുപകരുന്നത്. അതിലുള്ള മാറ്റമാണ് ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ സഹായിക്കുക. കൂടുതല്‍ ബുദ്ധിയുണ്ടെങ്കില്‍ കൂടുതല്‍ നല്ല മനുഷ്യനാവാം എന്നല്ല; കൂടുതല്‍ നല്ല മനുഷ്യനായാല്‍ കൂടുതല്‍ ബുദ്ധിയുണ്ടാവും എന്ന് നാം മനസ്സിലാക്കണം. ആദര്‍ശം കൈവെടിഞ്ഞാല്‍ അവധാനത കൊഴിഞ്ഞുപോകും, പക്വതയില്ലായ്മ വന്നുചേരും. ആത്മാര്‍ഥത വാക്കിലും പ്രവൃത്തിയിലും നഷ്ടപ്പെടാതിരിക്കലാണ് നല്ല മനുഷ്യനാവാന്‍ വേണ്ടത്. ഓരോ നിമിഷം പിന്നിടുമ്പോഴും ഇത് നന്മയിലേക്കാണോ തിന്മയിലേക്കാണോ വഴിവെക്കുന്നത് എന്ന് ബോധപൂര്‍വം ചിന്തിക്കണം. വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ണയിക്കണം. അവ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം.

മനോഭാവം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്, എന്താണ് ആ ഘടകങ്ങളില്‍നിന്ന് തെറ്റായും ശരിയായും ജീവിതത്തില്‍ സ്വീകരിക്കപ്പെട്ടത് എന്ന് വിലയിരുത്തണം. എങ്കില്‍ മാറ്റം എളുപ്പമാവും. മനോഭാവം നിയന്ത്രിക്കുന്ന ഭൗതിക ഘടകങ്ങള്‍ മൂന്നെണ്ണമാണ്. കുടുംബം മുതല്‍ ജീവിക്കുന്നതും ഇടപെടുന്നതുമായ മുഴുവന്‍ മേഖലകളും ഒന്നാമത്തെ ഘടകമായ പരിതസ്ഥിതിയില്‍ ഉള്‍പെടും. അനുഭവങ്ങളാണ് രണ്ടാമത്തെത്. അതില്‍ നല്ല അനുഭവങ്ങള്‍ ക്രിയാത്മകമാവാനും മോശമായവ കരുതലോടെ പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കും. മൂന്നാമത്തെ ഘടകമായ വിദ്യാഭ്യാസം മാതൃകാപരമായ ജീവിതത്തിന് ഉതകുന്ന തരത്തിലുള്ളതായിരിക്കണം. ഈ മൂന്ന് ഘടകങ്ങളിലും മാറ്റത്തിന് തടസ്സമായി നില്‍ക്കുന്നവയെ മാറ്റിനിര്‍ത്താനും നല്ലവയെ പുഷ്ടിപ്പെടുത്താനുമാണ് ശ്രമിക്കേണ്ടത്.

ശരിയായ മനോഭാവം നിലനിര്‍ത്താന്‍ കഴിഞ്ഞാലുള്ള ലാഭം വളരെ വലുതായിരിക്കും. സേവനോത്സുകനായും ആത്മവിശ്വാസത്തിന്റെ വീര്യത്തോടെയും ക്ഷമയുടെ പ്രകാശത്തോടെയും വിനയമുള്ളവനായും മാറണം. ഇങ്ങനെയുള്ളവരുടെ സാന്നിധ്യം മറ്റുള്ളവരുടെ മാറ്റത്തിന് പോലും കാരണമായേക്കാം.

സദ്‌വിചാരം പുലര്‍ത്തി ജീവിക്കുക എന്നത് മാനസികാരോഗ്യത്തിനും മാറ്റത്തിന്റെ പ്രചോദനത്തിനും ആവശ്യമാണ്. നല്ല മനോഭാവം നിലനിര്‍ത്തുന്ന കൂട്ടായ്മകള്‍ രൂപപ്പെടുമ്പോള്‍, അല്ലെങ്കില്‍ കൂട്ടായ്മകള്‍ക്ക് നല്ല മനോഭാവം പ്രദാനം ചെയ്യുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അതിന്റെ ഫലം വര്‍ധിക്കും. നല്ല മനോഭാവംമൂലം കൂട്ടായ്മകള്‍ക്ക് ലക്ഷ്യത്തിലേക്കുള്ള പ്രയാണവേഗം വര്‍ധിക്കുകയും മാര്‍ഗതടസ്സങ്ങള്‍ മറികടക്കാനുളള ശക്തി ലഭിക്കുകയും ചെയ്യും. ഗുണമേന്മ വര്‍ധിക്കാനും ഹിതകരമായ അന്തരീക്ഷം സൃഷ്ടിക്കാനും പരസ്പര ബന്ധത്തിന്റെയും സഹകരണ മനോഭാവത്തിന്റെയും മാറ്റുകൂട്ടാനും നല്ല മനോഭാവം ഉപകരിക്കും. മനോവേദനയും അമര്‍ഷവും ലക്ഷ്യബോധമില്ലായ്മയും അനാരോഗ്യവും മാനസിക സംഘര്‍ഷവുംവരെ പരിഹരിക്കാന്‍ നല്ല മനോഭാവത്തിനും ശുഭചിന്തകള്‍ക്കും സാധിക്കും.

നല്ല മനോഭാവം വളര്‍ത്താന്‍ വേണ്ടത് ശുഭചിന്തക്കാവശ്യമായ തത്ത്വങ്ങള്‍ തിരിച്ചറിയുക, ശുഭാപ്തിവിശ്വാസിയായിരിക്കാന്‍ ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക എന്നിവയാണ്. കഴിഞ്ഞ കാലത്തെ നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് വ്യസനിക്കാതിരിക്കുകയും അവ ആവര്‍ത്തിക്കുമെന്ന് ചിന്തിക്കാതിരിക്കുകയും ചെയ്യണം. നന്മ പ്രതീക്ഷിക്കുമ്പോള്‍ നന്മക്കുള്ള സാഹചര്യം തുറന്നുകിട്ടുകയും പ്രയ്ത്‌നങ്ങള്‍ അതിലേക്ക് മാറ്റിവെക്കുകയും ചെയ്യും. പ്രപഞ്ചസ്രഷ്ടാവാണ് എല്ലാം തീരുമാനിക്കുന്നത്. അതിനാല്‍ അവനില്‍ ആശമുറിയാതെ ജീവിക്കണം. പ്രവര്‍ത്തനത്തോടൊപ്പം പ്രാര്‍ഥനയും നിലനിര്‍ത്തണം.

മാറേണ്ടത് എവിടെയാണ്? എങ്ങനെയാണ്? എവിടെ തുടങ്ങണം? നേട്ടമെന്തൊക്കെയായിരിക്കും? എത്ര സമയംകൊണ്ട് മാറണം? മാറാന്‍ തീരുമാനിച്ചത് മുതല്‍ ഓരോ ദിവസവും എന്താണ് അതിനുവേണ്ടി ചെയ്തത്? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ നമ്മെക്കുറിച്ച് നാം നമ്മോടുതന്നെ ചോദിക്കുക, അതില്‍നിന്നാവട്ടെ മാറ്റത്തിന്റെ തുടക്കം.