സമയം നിശ്ചലമാകുന്നില്ല

സല്‍മാനുല്‍ ഫാരിസ്

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

ശാസ്ത്ര, സാങ്കേതിക രംഗത്ത് മനുഷ്യന്‍ എത്ര ഉന്നതിയിലെത്തിയാലും എത്ര വില കൊടുത്താലും പിടിച്ചുനിര്‍ത്താനോ മടക്കികൊണ്ടുവരാനോ പറ്റാത്ത ഒന്നാണ് സമയം. ഇലത്തലപ്പുകളില്‍നിന്ന് മഴത്തുള്ളികള്‍ എന്ന പോലെ ഘടികാരത്തില്‍നിന്നും സമയം ഇറ്റിവീണുകൊണ്ടേയിരിക്കുന്നു. നിലത്തു വീഴുമ്പോഴേക്കും ആ സമയബീജങ്ങള്‍ ഭൂതകാലത്തിന്റെ ഗര്‍ഭത്തിലേക്ക് ആവാഹിക്കപ്പെടുന്നു. കാലമേറെ ചെല്ലുമ്പോള്‍ ഈ സമയബീജങ്ങള്‍ ചരിത്രമെന്ന പേരില്‍ സമയത്തിന്റെ ഫോസിലുകളായി പിറവികൊള്ളുന്നു.

ഒരു വ്യക്തിക്ക് ലക്ഷ്യബോധം അനിവാര്യമാണ്. ലക്ഷ്യസാക്ഷാത്കാരത്തിന്റെ കാതലായ വശമാണ് സമയക്രമീകരണം. ഉത്തരാധുനിക ലോകത്ത് ജീവനെന്ന പോലെ ജീവിതക്രമങ്ങള്‍ക്കും മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൊഴിഞ്ഞുവീഴുന്ന പകലിരവുകള്‍ ഒരിക്കലും തിരികെ വരില്ലെന്ന അനിവാര്യബോധ്യം നമുക്ക് വിനഷ്ടമായിക്കൊണ്ടിരിക്കുന്നു.

സിനിമകളും സീരിയലുകളും റിയാലിറ്റി ഷോകളും ക്രിക്കറ്റുകളിയും പന്തുകളിയും എഫ്ബിയും വാാട്‌സാപ്പുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങളുമെല്ലാം മനുഷ്യന്റെ വിലപ്പെട്ട സമയത്തെ സംഹരിച്ചുകൊണ്ടിരിക്കുകയാണ്. ‘ബിസി' എന്ന ഇംഗ്ലീഷ് വാക്ക് ഏതു സാധാരണക്കാരനും പ്രയോഗിക്കുന്നതായി നാം കാണുന്നു. ആര്‍ക്കും ഒന്നിനും സമയമില്ല. എല്ലാവരും ബിസിയോടു ബിസി !

അല്ലാഹു നമുക്ക് വര്‍ഷത്തെ 12  മാസമാക്കി നിശ്ചയിച്ച് തന്നിരിക്കുന്നു. മാസത്തെ ആഴ്ചകളും ആഴ്ചകളെ ദിവസങ്ങളും ദിവസങ്ങളെ മണിക്കൂറുകളും മണിക്കൂറുകളെ മിനുട്ടുകളും മിനുട്ടുകളെ സെക്കന്റുകളുമായി വിഭജിച്ചിരിക്കുന്നു. ഇതില്‍ ഓരോന്നും കടന്നുപോകുമ്പോള്‍ നിശ്ചയിക്കപ്പെട്ട നമ്മുടെ മരണത്തിലേക്ക് നാം അത്രയും അടുത്തിരിക്കുന്നു എന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്.

നാം ചെയ്യുന്ന ആരാധനാകര്‍മങ്ങള്‍ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമസ്‌കാരം വിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധ കര്‍മമാണെന്ന് അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്. റമദാന്‍, ദുല്‍ഹിജ്ജ, മുഹര്‍റം... ഓരോ മാസത്തിലും നിര്‍ബന്ധമായതോ ഐഛികമായതോ ആയ ഇബാദത്തുകള്‍ നമുക്ക് ചെയ്യാനുണ്ട്.

എത്ര പെട്ടെന്നാണ് വീണ്ടും ഹജ്ജ് വന്നത്... പെരുന്നാള്‍ വന്നത്... എന്നിങ്ങനെ നാം പറയാറുണ്ട്. കാലം പെട്ടെന്ന് കടന്നുപോയി എന്ന തോന്നല്‍. ഇത് അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നായി നബി ﷺ പറഞ്ഞുതന്നതാണ്. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് മിക്ക മനുഷ്യരും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു!

സംഭവിച്ചുപോയ തെറ്റുകളില്‍ എത്രയും വേഗം പശ്ചാത്തപിക്കുക. ഭൂതകാലത്തെ പഴിക്കാതെ വര്‍ത്തമാനകാലത്തെ നന്നാക്കുക. ഭാവികാലത്തെ പ്രശോഭിതമാക്കാന്‍ അതേ മാര്‍ഗമുള്ളൂ. ആയുസ്സ് എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിന് പരലോകത്ത് മറുപടി പറയേണ്ടിവരും എന്നത് ഗൗരവത്തോടെ ഓര്‍ക്കുക. സമയത്തെ കൊല്ലുന്നവനെ സമയവും കൊല്ലും എന്നാണ് ചൊല്ല്.

സമയം നമുക്കു മുമ്പ് ഓടിത്തുടങ്ങിയതാണ്. നാം ജനിച്ചതോടെ സമയം നമ്മോടൊപ്പം ഓടി. ഉറക്കിലും ഉണര്‍വിലും അത് നമ്മെ കൂടെക്കൂട്ടി. ഓട്ടത്തിനിടയില്‍ തല നരച്ചു. തൊലി ചുക്കിച്ചുളിഞ്ഞു. കേള്‍വിക്കും കാഴ്ചക്കും തകരാറ് സംഭവിച്ചു. എപ്പോഴോ നാം വീഴും. സമയം അപ്പോഴും ഓടും; മറ്റുള്ളവരുടെ കൂടെ !  

നമുക്ക് ഇഹലോകത്ത് നിശ്ചയിക്കപ്പെട്ട സമയപരിധി തീരും മുമ്പായി സത്യവിശ്വാസം ഉള്‍ക്കൊണ്ട് സല്‍കര്‍മങ്ങളുമായി മുന്നേറുവാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടു.

‘‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ    വ്യക്തിയും താന്‍ നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാ കുന്നു. അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെപ്പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍'' (അല്‍ഹശ്റ് 18,19).

അതിവേഗതയില്‍ സമയം പോകുന്നു. അതുകൊണ്ട് നാം സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ അമാന്തം കാണിക്കാതിരിക്കുക. അല്ലാഹു പറയുന്നു:

‘‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്''(ആലുഇംറാന്‍ 133).

‘‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. അതിന്റെ വിസ്താരം ആകാശത്തിന്റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു'' (അല്‍ഹദീദ് 21).

നന്മകളില്‍ മത്സരിച്ചു മുന്നേറുവാന്‍ അല്ലാഹു നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്: ‘‘പക്ഷേ, നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു). അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്‌സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം...'' (മാഇദ 48).

ചെയ്യുന്നത് സൂക്ഷ്മതയോടും ആത്മാര്‍ഥമായുമാകണം. പ്രവാചക മാര്‍ഗം പിന്‍പറ്റിക്കൊണ്ടുമായിരിക്കണം. എന്തെങ്കിലും എങ്ങനെയെങ്കിലും     കാട്ടിക്കൂട്ടിയിട്ട് കാര്യമേതുമില്ല. പ്രവാചകന്മാരുടെ പാത ഇതാണ്: ‘‘അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും  വിശ്വസിക്കുകയും, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു'' (ആലുഇംറാന്‍ 114).

അതിനാല്‍ മരിക്കും മുമ്പ് കഴിയുന്ന നന്മകള്‍   ചെയ്യുക. ശരീരംകൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക. മരണശേഷം കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയില്ലല്ലോ.  ‘‘സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍'' (അല്‍ബക്വറ 254).

‘‘വിശ്വാസികളായ എന്റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന്, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ല വഴിയില്‍) ചെലവഴിക്കുകയും ചെയ്ത് കൊള്ളട്ടെ'' (ഇബ്‌റാഹീം 31).

‘‘ആകയാല്‍ അല്ലാഹുവില്‍നിന്ന് ആര്‍ക്കും     തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നീ നിന്റെ മുഖം വക്രതയില്ലാത്ത മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അന്നേദിവസം ജനങ്ങള്‍ (രണ്ടുവിഭാഗമായി) പിരിയുന്നതാണ്'' (അര്‍റൂം 43).

‘‘ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി       നിങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം നിങ്ങള്‍ സ്വീകരിക്കുക. അല്ലാഹുവിങ്കല്‍നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന് നിങ്ങള്‍ക്ക് യാതൊരു അഭയസ്ഥനവുമുണ്ടാവില്ല. നിങ്ങള്‍ക്ക് (കുറ്റങ്ങള്‍) നിഷേധിക്കാനുമാവില്ല'' (ശൂറാ 47).

‘‘നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്'' (അല്‍മുനാഫിക്വൂന്‍ 10).

ജീവിതത്തില്‍ വരാനിരിക്കുന്ന പ്രയാസകരമായ ഘട്ടങ്ങള്‍ വന്നെത്തും മുമ്പ് സല്‍കര്‍മങ്ങള്‍ക്കു ധൃതി പിടിക്കുവിന്‍ എന്ന് തിരുനബി ﷺ താക്കീതു നല്‍കിയിട്ടുണ്ട്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ‘‘നിങ്ങള്‍ സല്‍കര്‍മങ്ങള്‍കൊണ്ട് മുന്നേറുക. ഇരുള്‍മുറ്റിയ രാത്രിയെപ്പോലെ കുഴപ്പങ്ങള്‍ ഉണ്ടായേക്കും. പ്രഭാതത്തിലെ സത്യവിശ്വാസി പ്രദോഷത്തില്‍ സത്യനിഷേധിയും പ്രദോഷത്തിലെ സത്യവിശ്വാസി പ്രഭാതത്തില്‍ സത്യനിഷേധിയും ആയിത്തീരുന്നു. തന്റെ ദീന്‍ ഐഹികനേട്ടങ്ങള്‍ക്കു വേണ്ടി വില്‍ക്കുന്നതുകൊണ്ടാണത്'' (മൂസ്‌ലിം).

നബി ﷺ പറഞ്ഞു: ‘‘വരാനിരിക്കുന്ന ഏഴു കാര്യങ്ങള്‍ക്കു മുമ്പായി നിങ്ങള്‍ സല്‍കര്‍മങ്ങളില്‍ ധൃതി കാണിക്കുക. വിസ്മൃതിയിലകപ്പെടുന്ന ദാരിദ്ര്യമോ അധര്‍മത്തിലേക്കു നയിക്കുന്ന സമ്പത്തോ ആപത്തിലാഴ്ത്തുന്ന രോഗമോ പിച്ചുംപേയും പറയുന്ന വാര്‍ധക്യമോ ആകസ്മിക മരണമോ വരാനിരിക്കുന്നതില്‍ ഏറ്റവും ഉപദ്രവകാരിയായ ദജ്ജാലോ കയ്‌പേറിയതും അപ്രതിരോധ്യവുമായ അന്ത്യനാളോ അല്ലാത്ത വല്ലതും നിങ്ങള്‍ക്ക് പ്രതീക്ഷിച്ചിരിക്കാനുണ്ടോ?'' (തിര്‍മിദി).