രോഗവും മരുന്നും - 8

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 ജൂൺ 18, 1442 ദുൽഖഅദ 17

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ്)

28. അനുഗ്രഹങ്ങൾ നീങ്ങിപ്പോകും

നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാൻ നാമാരും ആഗ്രഹിക്കുന്നില്ല. അല്ലാഹുവിനെ മറന്നുകൊണ്ട് പാപങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ അത് അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാൻ കാരണമായേക്കാമെന്ന് പേടിക്കേണ്ടതാണ്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന പല ദുരവസ്ഥകളും നമ്മൾ തന്നെ വരുത്തിവെക്കുന്നതാണ്. പക്ഷേ, നാം അതിന്റെ പേരിൽ വിധിയെയും കണ്ണേറിനെയും പഴിക്കും. അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാതിരിക്കുവാൻ വേണ്ടി നമ്മൾ അല്ലാഹുവിനോട് ദുആ ചെയ്യുകയും അതിലേക്ക് കൊണ്ടെത്തിക്കുന്ന പാപങ്ങളിൽനിന്നും അകന്നുകഴിയാൻ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാതിരിക്കാൻ വേണ്ടി നബി ﷺ  ഇങ്ങനെ ദുആ ചെയ്യുമായിരുന്നു:

“അല്ലാഹുവേ, അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽനിന്നും സൗഖ്യം നീക്കംചെയ്യപ്പെടുന്നതിൽ നിന്നും പൊടുന്നനെയുള്ള ബുദ്ധിമുട്ടുകളിൽനിന്നും നിന്റെ എല്ലാവിധ കോപത്തിൽനിന്നും ഞാൻ നിന്നോട് അഭയം പ്രാപിക്കുന്നു’’ (മുസ്‌ലിം).

അല്ലാഹു പറയുന്നു: “നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു’’ (അശ്ശൂറാ 30).

ഒരു അനുഗ്രഹം നീങ്ങിപ്പോയാൽ നമ്മൾ ഓർക്കേണ്ട കാര്യം അല്ലാഹു നമ്മുടെ മറ്റനേകം തെറ്റുകൾ പൊറുത്തുതന്നിട്ടുണ്ട് എന്നതാണ്. നമ്മുടെ വിധിയിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ കരങ്ങൾ സമ്പാദിച്ചതുതന്നെയാണ് നമ്മൾ അനുഭവിക്കേണ്ടി വരിക.

“ഒരു ജനവിഭാഗത്തിന് താൻ ചെയ്തുകൊടുത്ത അനുഗ്രഹം അവരുെട സ്വന്തം നിലപാടിൽ അവർ മാറ്റം വരുത്തുന്നതുവരെ അല്ലാഹു മാറ്റിക്കളയുന്നതല്ല എന്നതുകൊണ്ടത്രെ അത്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ് എന്നതുകൊണ്ടും’’ (അൽഅൻഫാൽ 53).

നമ്മുടെ നിലപാട് നമ്മൾ മാറ്റാത്തിടത്തോളം നമ്മുടെ നല്ല അവസ്ഥയിൽ അല്ലാഹു മാറ്റം വരുത്തില്ല. ഉദാഹരണം: നന്ദി ചെയ്യുന്നതിൽനിന്നും നന്ദികേടിലേക്ക് നീങ്ങുക. അനുസരണംവിട്ട് അനുസരണക്കേട് കാണിക്കുക. ക്ഷമ കൈക്കൊള്ളുന്നതിൽനിന്നും മാറി പരാതി പറഞ്ഞുതുടങ്ങുക മുതലായ അവസ്ഥകളുണ്ടായാൽ അല്ലാഹു അനുഗ്രഹങ്ങൾ പിൻവലിക്കുന്നതാണ്.

ഇത് നേരെ മറിച്ചും സംഭവിക്കും. നമ്മുടെ ദുർമനഃസ്ഥിതിയിൽ നമ്മൾ മാറ്റം വരുത്തുവാൻ ശ്രമിക്കുമ്പോൾ അല്ലാഹു നമ്മുടെ ദുരവസ്ഥയിലും മാറ്റം വരുത്തുന്നതാണ്: “നിശ്ചയം, അല്ലാഹു ഒരു ജനതയുടെയും അവസ്ഥയിൽ മാറ്റം വരുത്തുകയില്ല; അവർ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ’’ (റഅ്ദ് 11).

നിലവിലുള്ള അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതുപോലെത്തന്നെ നാളെ വരാനിരിക്കുന്ന അനുഗ്രഹങ്ങും നമ്മുടെ പാപങ്ങൾമൂലം നമുക്ക് തടയപ്പെട്ടേക്കാം. നമ്മുടെ വിധിക്ക് നമ്മുടെ പ്രവൃത്തികളുമായി വലിയ ബന്ധമുണ്ടെന്ന് അറിയുക. ഉദാ: നാളെ നമുക്ക് ഒരു അനുഗ്രഹം നൽകാൻ അല്ലാഹു വിധിച്ചിട്ടുണ്ട്. നമ്മൾ നന്മ ചെയ്യുകയാണെങ്കിൽ അത് ലഭിക്കും. തിന്മയാണ് ചെയ്യുന്നതെങ്കിൽ നമുക്ക് അത് തടയപ്പെടും. ഇവിടെ നാമൊന്ന് ചിന്തിക്കുക! അങ്ങനെ എത്രയെത്ര അനുഗ്രഹങ്ങൾ നമ്മുടെ പാപങ്ങൾമൂലം നമുക്ക് തടയപ്പെട്ടിട്ടുണ്ടാകും! അതിനാൽ ഇസ്തിഗ്ഫാർ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുക.

ഒരിക്കൽ ഒരാൾ ഹസൻ ബസ്വരിയുടെ പക്കൽ ഒരു പരാതി ബോധിപ്പിച്ചു: ‘ആകാശത്തുനിന്നും ഞങ്ങൾക്ക് മഴ വർഷിക്കുന്നില്ല.’ അദ്ദേഹം മറുപടി പറഞ്ഞു: ‘അല്ലാഹുവിനോട് മാപ്പിരക്കുക.’ മറ്റൊരാൾ പരിഭവപ്പെട്ടു:’ഞങ്ങൾ ദാരിദ്ര്യത്താൽ വലയുന്നു.’ അദ്ദേഹം ഉപായം പറഞ്ഞുകൊടുത്തു: ‘അല്ലാഹുവിനോട് മാപ്പിരക്കുക.’ പിന്നീട് മറ്റൊരാൾ സങ്കടം ബോധിപ്പിച്ചു: ‘എന്റെ പത്‌നിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിവില്ല.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനോട് മാപ്പിരക്കുക.’ ഇതുകണ്ട് അവിടെയുണ്ടായിരുന്ന ജനങ്ങൾ അദ്ദേഹത്തോട് ചോദിച്ചു: ‘എല്ലാവരുടെയും പ്രശ്‌നങ്ങൾക്ക് താങ്കൾ ഈ മറുപടി തന്നെയാണല്ലോ പറയുന്നത്!’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ വചനം കേട്ടിട്ടില്ലേ: “അങ്ങനെ ഞാൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു. അവൻ നിങ്ങൾക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും, നിങ്ങൾക്കവൻ തോട്ടങ്ങൾ ഉണ്ടാക്കിത്തരികയും നിങ്ങൾക്കവൻ അരുവികൾ ഉണ്ടാക്കിത്തരികയും ചെയ്യും’’ (നൂഹ് 10-12).

പാഠം18

പാപങ്ങളുടെ ദുഷ്ഫലങ്ങൾ

29. മാനസികാരോഗ്യം നഷ്ടപ്പെടും

അല്ലാഹു മനുഷ്യനെ ഏറ്റവും ശുദ്ധമായ ഘടനയിൽ സൃഷ്ടിച്ചു. എല്ലാവരും ജന്മനാ ഏകദൈവവിശ്വാസികളാണ്. നമ്മുടെ ഹൃദയങ്ങളുടെമേൽ ഏകദൈവത്വത്തിന്റെ ഒരു അദൃശ്യമുദ്രയുണ്ട്. അതിനെ ഫിത്‌റത് (പ്രകൃതി) എന്ന് പറയുന്നു. പ്രകൃതി നല്ലതും മെച്ചപ്പെട്ടതുമായ എല്ലാത്തിനെയും സ്‌നേഹിക്കുന്നു. ദുഷ്ടതയും അക്രമവും കുഴപ്പങ്ങളും വെറുക്കുന്നു. പ്രകൃതി ഹൃദയത്തിന്റെ ആരോഗ്യം കാക്കുന്നു. പക്ഷേ, പാപങ്ങൾ നമ്മുടെ പ്രകൃതിക്ക് മങ്ങലേൽപിക്കുന്നു. ഒരാളുടെ ഹൃദയത്തെ രോഗാതുരമാക്കുന്നു. രോഗാതുരമായ ഹൃദയത്തിന് അല്ലാഹുവിലേക്ക് എത്തുവാൻ സാധ്യമല്ല. പക്ഷേ, ഇസ്തിഗ്ഫാർ ഒരാളുടെ പ്രകൃതിയെ പൂർവസ്ഥിതിയിലാക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. എന്നാൽ ഹൃദയത്തിന്റെ രോഗാവസ്ഥയെ വിട്ടുകളഞ്ഞാൽ അത് കൂടുതൽ രൂക്ഷമാവുകയും ഹൃദയം ജീവനില്ലാത്തതായി തീരുകയും ചെയ്യും. എങ്ങനെയാണ് ഹൃദയത്തിന്റെ രോഗാവസ്ഥയെ ചികിത്സിക്കുക? സ്വന്തം ദേഹേച്ഛകൾക്കെതിരെ പൊരുതുക! കാരണം ദേഹേച്ഛകളാണ് മനുഷ്യരെ പാപത്തിലേക്ക് നയിക്കുന്നത്.

30. മനസ്സിൽ അപകർഷതാബോധം ഉണ്ടാകും

പാപങ്ങളിലൂടെ അപകർഷതാബോധം ഉണ്ടായിത്തീരുകയും അത് സ്വയം വെറുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ ശക്തമാവുകയും എല്ലാ കാര്യങ്ങളിൽനിന്നും പിൻവലിയുകയും ചെയ്യുന്നതാണ്. എന്നാൽ നന്മകൾ ആത്മവിശ്വാസം വർധിപ്പിക്കും. ആകയാൽ അപകർഷതാബോധം ബാധിച്ചാൽ ധാരാളമായി ഇസ്തിഗ്ഫാർ ചെയ്ത് മനസ്സിനെ അതിന്റെ പിടുത്തത്തിൽനിന്നും രക്ഷപ്പെടുത്തുക. വിഷാദനായി ഒന്നിലും പങ്കെടുക്കാതെ ഒറ്റക്കിരിക്കുന്നത് ഒരിക്കലും അതിനൊരു പരിഹാരമാകില്ല. “നിശ്ചയം, ആത്മാവിനെ സംസ്‌കരിച്ചവൻ വിജയം പ്രാപിച്ചു. അതിനെ മലിനമാക്കിയവൻ പരാജയപ്പെട്ടു’’ (അശ്ശംസ് 9-10).

പാഠം19

പാപങ്ങളുടെ ദുഷ്ഫലങ്ങൾ

31. പിശാചിന്റെ ബന്ധിയാകും

പാപങ്ങൾ കൂടുംതോറും ഒരാൾ പിശാചിന്റെയും ദേഹേച്ഛകളുടെയും തടവിലാക്കപ്പെടുന്നു. പിശാച് അതിന്റെ കാവൽക്കാരനുമാകും. ഹൃദയം പാപങ്ങളുടെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടാൽ അത് രോഗാതുരമായിത്തീരുന്നു. ഹൃദയം പാപഭാരങ്ങളാൽ താണുപോകുമ്പോൾ സകല പ്രശ്‌നങ്ങളും വമ്പിച്ചതായി അനുഭവപ്പെടും. പക്ഷേ, ഇസ്തിഗ്ഫാർ ചെയ്താൽ ഹൃദയത്തിന്റെ ഭാരം കുറയുകയും പ്രശ്‌നങ്ങൾ ലഘുവായി അനുഭവപ്പെടുകയും ചെയ്യും. കാരണം ഇസ്തിഗ്ഫാർ ചെയ്യുമ്പോൾ നമ്മൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും പാപങ്ങൾ നമ്മെ അല്ലാഹുവിൽനിന്ന് അകറ്റിക്കളയുകയും ചെയ്യും. മലക്കുകൾ പാപം ചെയ്യാത്തവരായതിനാലാണ് അവർക്ക് അല്ലാഹുവിന്റെ സാമിപ്യം ലഭിക്കുന്നത്.

അല്ലാഹുവിൽനിന്നും അകന്നുപോകുന്നത് പടിപടിയായിട്ടാണ്:

1. അശ്രദ്ധ: അല്ലാഹുവിനെ സ്മരിക്കാതിരിക്കുക. അങ്ങനെ അല്ലാഹുവിൽനിന്നും അകന്നുപോകും. നമസ്‌കാരം, ക്വുർആൻ പാരായണം തുടങ്ങിയവ നിർവഹിക്കുന്ന വേളകളിൽ മനസ്സാന്നിധ്യം നിലനിർത്തിയില്ലെങ്കിൽ അല്ലാഹുവിന്റെ സ്മരണയിൽനിന്ന് അകന്നുപോകും.

2. പാപങ്ങൾ നമ്മെ ശരിയും തെറ്റും വിവേചിച്ചറിയുന്നതിന് തടസ്സമുണ്ടാക്കും: ഈ അവസ്ഥയിലാണ് ബിദ്അത്തുകളിൽ പെട്ടുപോകുന്നത്. ഇത് മനസ്സിലെ കുറ്റബോധത്തെ പോലും കെടുത്തിക്കളയും. കാരണം താൻ പ്രവർത്തിക്കുന്നത് വളരെ നല്ലകാര്യമാണ് എന്ന തോന്നൽ പിശാച് മനസ്സിൽ ഇട്ടുതരും.

32. മോശമായ വിശേഷണങ്ങൾ ലഭിക്കുന്നു

പാപങ്ങൾ ഒരുവന് മോശമായ വിശേഷണങ്ങൾ സമ്മാനിക്കുന്നു. പാപി, അക്രമി, നുണയൻ, കള്ളൻ, കുടുംബസ്‌നേഹമില്ലാത്തവൻ, പിശുക്കൻ, പരദൂഷകൻ തുടങ്ങിയ വിശേഷണങ്ങൾ അയാൾക്ക് ചാർത്തപ്പെടും. എന്നാൽ അല്ലാഹുവിലേക്ക് നിരന്തരം പശ്ചാത്തപിച്ച് മടങ്ങിക്കൊണ്ടിരുന്നാൽ, അല്ലാഹുവിന്റെ തൃപ്തിക്കനുസരിച്ച് ജീവിച്ചാൽ, ജനങ്ങൾക്കിടയിൽ ആത്മാർഥമായ സൽപ്പേര് നിലനിർത്തുവാൻ സാധിക്കും. വിശ്വാസി, സൽസ്വഭാവി, പരസഹായി, തക്വ്‌വയുള്ളവൻ, പ്രസന്നവദനൻ, അഭ്യുദയകാംക്ഷി, ആരോഗ്യവാൻ...ഇങ്ങനെയുള്ള വിശേഷണങ്ങളാൽ അറിയപ്പെടും.

33. ദുർബലമായ ചിന്തകൾക്കടിമപ്പെടും

അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുന്നവന്റെ മനസ്സ് എന്നും ഉണർന്നിരിക്കും. ചിന്തകൾ ശരിയായ ദിശയിലാരിക്കും. പാപങ്ങൾ നമ്മുടെ ചിന്തകളെ ദുഷിപ്പിക്കുകയും അബദ്ധങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. നമ്മൾ പ്രവർത്തിക്കുന്ന കാര്യങ്ങളിൽ മികവ് ലഭിക്കില്ല.

“അപ്പോൾ നിന്റെ നാഥൻ നിനക്കിറക്കിത്തന്നത് സത്യമാണെന്ന് അറിയുന്നവർ കുരുടനെപോലെ ആകുമോ? വിചാരശാലികൾ മാത്രമെ കാര്യങ്ങൾ നന്നായി മനസ്സിലാക്കുകയുള്ളൂ’’ (റഅ്ദ് 19).

34. അല്ലാഹുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും

പാപങ്ങളുടെ അതിപ്രസരം അല്ലാഹുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാൻ ഇടയാക്കുന്നു. അല്ലാഹുവുമായുള്ള ബന്ധം മുറിഞ്ഞുപോകുക എന്നാൽ എല്ലാ നന്മകളിൽനിന്നും അയാൾ ഒഴിവാകും എന്നർഥം. കാരണം എല്ലാ നന്മകളും അല്ലാഹുവിൽനിന്നാകുന്നു. അതിലുപരി തിന്മയുടെ എല്ലാ സ്രോതസ്സുകളുമായി ബന്ധനത്തിലാകുകയും ചെയ്യും.

മുൻഗാമികളായ ചില സച്ചരിതർ പറയുന്നു: ‘അല്ലാഹുവിനും പിശാചിനും ഇടയിൽ അടിമയെ കാണാം. തന്റെ പാപങ്ങൾ നിമിത്തം അയാൾ അല്ലാഹുവിൽനിന്ന് തിരിഞ്ഞുകളയുകയാണെങ്കിൽ പിശാച് അയാളെ പ്രാപിക്കും. പക്ഷേ, അല്ലാഹു ആശ്രയം നൽകുന്ന ഒരുവനെ സ്വാധീനിക്കുവാൻ പിശാചിന് കഴിയില്ല.’

“നാം മലക്കുകളോട് പറഞ്ഞ സന്ദർഭം: നിങ്ങൾ ആദമിന് സാഷ്ടാംഗം പ്രണമിക്കുക. അവർ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ. അവൻ ജിന്നുകളിൽപെട്ടവനായിരുന്നു. അവൻ തന്റെ നാഥന്റെ കൽപന ധിക്കരിച്ചു. എന്നിട്ടും നിങ്ങൾ എന്നെ വെടിഞ്ഞ് അവനെയും അവന്റെ സന്തതികളെയുമാണോ രക്ഷാധികാരികളാക്കുന്നത്? അവർ നിങ്ങളുടെ ശത്രുക്കളാണ്. അക്രമികൾക്ക് അല്ലാഹുവിന് പകരം ലഭിച്ചത് വളരെ ചീത്ത തന്നെ’’ (അൽകഹ്ഫ് 50).

35. ബറകത്ത് നഷ്ടപ്പെടുന്നു

ബറകത്ത് എന്നാൽ അനുഗൃഹീതമായത് എന്നർഥം. കുറച്ചു വിഭവങ്ങളിൽനിന്ന് നിരവധി ഗുണങ്ങൾ ലഭിക്കുക എന്നതാണ് ബറകത്ത്‌കൊണ്ടുള്ള ഉദ്ദേശം.

ആയുസ്സിലും സമയത്തിലും ബറകത്ത്: ചിലയാളുകൾ കുറച്ചുകാലം മാത്രം ജീവിക്കുന്നു. പക്ഷേ, ആ കുറഞ്ഞ കാലയളവിൽ ഒട്ടനവധി നന്മകൾ ചെയ്യുവാൻ സാധിക്കുന്നു. എന്നാൽ ചിലയാളുകൾ അനേകകാലം ജീവിക്കും. എങ്കിലും അവർക്ക് ഗുണകരമായ കാര്യങ്ങൾ ഒന്നും ചെയ്യുവാൻ സാധിക്കില്ല; നൂഹ് നബി(അ)യുടെ ജനതയെപോലെ. അവർ തൊള്ളായിരത്തിൽപരം വർഷം ജീവിച്ചു. പക്ഷേ. അവരുടെ ശിർക്ക് അവരുടെ ആയുസ്സിന്റെ ബറകത്ത് എടുത്തുകളഞ്ഞു.

കുറച്ച് സമയംകൊണ്ട് നമുക്ക് ഗുണകരമായ പലതും ചെയ്യുവാൻ സാധിക്കും. അതാണ് സമയത്തിലെ ബറകത്ത്. ചിലർക്ക് എത്ര സമയമുണ്ടെങ്കിലും ഒന്നിനും സമയം തികയാത്തതുപോലെ അവർക്ക് തോന്നും. ഇത്തരമൊരു അവസ്ഥ നമുക്ക് വന്നിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കുക. ഇസ്തിഗ്ഫാർ നമ്മുടെ സമയത്തിൽ ബറകത്ത് നൽകും.

സമ്പത്തിലെ ബറകത്ത്: നമ്മുടെ ശമ്പളം അല്ലെങ്കിൽ വരുമാനം ഒന്നിനും തികയാതെ പെട്ടെന്ന് ചെലവായിപ്പോകുന്നത് ബറകത്ത് കുറയുമ്പോഴാണ്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരുടെ സമ്പാദ്യത്തിൽ എപ്പോഴും ബറകത്ത് ഉണ്ടാകും. കുറച്ച് സമ്പാദ്യംകൊണ്ട് തന്നെ അവരുടെ കാര്യങ്ങളെല്ലാം സാധിക്കും. ഇസ്തിഗ്ഫാർ നമ്മുടെ സമ്പാദ്യത്തിൽ ബറക്കത്ത് തിരികെ കൊണ്ടുവരും.

അറിവിലെ ബറകത്ത്: നാം സമ്പാദിച്ച അറിവ് നമുക്ക് ഉപകാരപ്പെടുന്നുണ്ടോ? ക്വുർആൻ മനസ്സിനും ശരീരത്തിനും ബറകത്ത് ഏകും. ക്വുർആനിൽനിന്നും സുന്നത്തിൽനിന്നും നമുക്ക് ലഭിച്ച അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുമ്പോഴാണ് ആ അറിവിൽ ബറകത്ത് ഉണ്ടാകുന്നത്. നാം നേടിയ അറിവ് ഉപകാരപ്രദമാണെങ്കിൽ നാം അത് പ്രവൃത്തിയിൽ കൊണ്ടുവരണം.

(തുടരും)