നോക്കി ഭയപ്പെടുത്തരുത്

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

2022 ഏപ്രിൽ 30, 1442 റമദാൻ 28

ഒരിക്കൽ അവിഹിതബന്ധത്തിൽ ഗർഭിണിയായ ഒരു സ്ത്രീ ‘ഞാനൊരു മഹാപാപം ചെയ്തിരിക്കുന്നു, എന്റെ മേൽ ശിക്ഷ നടപ്പിലാക്കണം’എന്നു പറഞ്ഞ് നബി ﷺ യുടെ അടുക്കൽ വന്നു. അവർ പ്രസവിച്ച ശേഷം ശിക്ഷ നടപ്പിലാക്കി. ശേഷം പ്രവാചകൻ  ﷺ  അവർക്കുവേണ്ടി നമസ്‌കരിച്ചപ്പോൾ ചോദിക്കപ്പെട്ടു: ‘ഈ വ്യഭിചാരിണിയുടെ മേൽ താങ്കൾ നമസ്‌കരിക്കുകയാണോ?’ പ്രവാചകൻ ﷺ  പറഞ്ഞു: ‘അവൾ പശ്ചാത്തപിച്ചവളാണ്. അവളുടെ പശ്ചാത്താപം മദീനക്കാരിൽ എഴുപത് പാപികൾക്ക് ഭാഗിച്ചാൽ അതവർക്ക് ധാരാളമായിരിക്കും’’(മുസ്‌ലിം).

‘ആദമിന്റെ സന്തതികൾ എല്ലാവരും തെറ്റുചെയ്യുന്നവരാണ്; അവരിൽ ഉത്തമർ പശ്ചാത്തപിക്കുന്നവരാണ്’ എന്ന പ്രവാചക വചനം പശ്ചാത്താപത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു.

പാപങ്ങൾ പറ്റാത്തവരുണ്ടാകില്ല. അതിൽനിന്ന് ഖേദിച്ചുമടങ്ങുകയും ഒരിക്കലും അത്തരം ഒന്ന് ആവർത്തിക്കാതിരിക്കുകയും ചെയ്യുമ്പോൾ അല്ലാഹുവിന്റെ പക്കൽ അയാൾക്കുള്ള സ്ഥാനം മഹത്തരമായിരിക്കും. തെറ്റുപറ്റിയ വ്യക്തിയെ കാണുമ്പോൾ അവജ്ഞയോടെയും ഭയപ്പെടുത്തിയും നോക്കുന്നത് അയാളെ ആ തെറ്റിലേക്ക് വീണ്ടും വലിച്ചിടുന്നതിന് തുല്യമായി മാറും. മാറ്റത്തെ ഉൾക്കൊള്ളാനും മാറുന്നവനെ വിശ്വസിക്കാനും പഠിക്കണം. കുട്ടികളിൽ കാണുന്ന ചെറിയ മാറ്റത്തെപ്പോലും അംഗീകരിക്കാനും അവരെ വിശ്വാസത്തിലെടുക്കാനും കഴിയാത്തതാണ് പേരന്റിംഗിലെ ഒരു പരാജയം. മറ്റുള്ളവർ നൽകുന്ന വിശ്വാസമാണ് കുട്ടികൾക്കാവട്ടെ മുതിർന്നവർക്കാവട്ടെ നിലനിർത്താൻ സാധിക്കുക.

തെറ്റ് ചെയ്തവന് പ്രതീക്ഷയുടെ കിരണങ്ങളാണ് നൽകേണ്ടത്. തൊണ്ണൂറ്റി ഒമ്പത് പേരെ കൊന്നയാൾ പശ്ചാത്താപത്തിനുള്ള സാധ്യതയന്വേഷിച്ചപ്പോൾ ഒരു പണ്ഡിതൻ നിനക്ക് പശ്ചാത്താപം ഇല്ലെന്ന് പറഞ്ഞു. അവിടെ ആ പണ്ഡിതൻ ചെയ്തത് അയാളുടെ പാപത്തിന്റെ ആഴത്തെ അളക്കുകയും അയാളുടെ പ്രതീക്ഷയെ അറുത്തുകളയുകയുമാണ്. അപ്പോൾ ആ പണ്ഡിതനെയും കൊന്ന് നൂറ് തികച്ച അയാൾ പോയി കണ്ട രണ്ടാമത്തെ പണ്ഡിതൻ അയാൾക്ക് പാപമോചനവും മാറ്റത്തിന് അവസരവും ഉണ്ടെന്നു ബോധ്യപ്പെടുത്തി. അത് അയാളുടെ മാറ്റത്തിനു കാരണമായി.

നബി ﷺ  തന്നെ വധിക്കാൻ വന്നയാളെ വെറുതെവിട്ടതും മക്കയിൽനിന്ന് തങ്ങളെ പീഡിപ്പിച്ച് പുറത്താക്കിയവർക്ക് മക്കാവിജയത്തിന്റെ ദിവസം ‘ഇത് കാരുണ്യത്തിന്റെ ദിവസമാണ്’ എന്നു പറഞ്ഞ് മാപ്പുനൽകിയതും വിട്ടുകൊടുക്കലിന്റെ വലിയ ഉദാഹരണങ്ങളാണ്.

മറ്റുള്ളവർക്ക് തെറ്റിൽനിന്ന് പിൻമാറാൻ കഴിയുമെന്ന് വിശ്വസിക്കുകയും അതിനായി അവരെ പ്രേരിപ്പിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക. അവർ നന്നാവുമ്പോൾ അവരുടെ ഹൃദയത്തിലെ കറ മായുന്നതോടൊപ്പം നമ്മുടെ മനസ്സിൽ അവരെപ്പറ്റിയുള്ള കറയും മാഞ്ഞുപോകും. അല്ലാഹുവിൽ നിന്നുള്ള പൊറുക്കൽ ആഗ്രഹിക്കുകയും എന്നാൽ മറ്റുള്ളവർക്ക് മാപ്പുകൊടുക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുക എന്നത് നല്ല നിലപാടല്ല.

നന്മയിലേക്കടുക്കുന്നവരെ തിരിച്ചറിയാനും നന്മക്ക് വളക്കൂറുള്ള തുറന്ന മനസ്സിനുടമയാവാനും ശ്രമിക്കുക. ദോഷങ്ങൾ മാത്രം തിരയുന്ന, മുറിവിൽ വന്നിരുന്ന് അതിനെ വലുതാക്കുന്ന, മാലിന്യത്തിലിരുന്ന് രോഗം പരത്തുന്ന ഈച്ചകളായി മാറാതെ; എല്ലാവരിലുമുള്ള നന്മയുടെ പൂമ്പൊടി മാത്രം നുകർന്ന്, മറ്റുള്ളവർക്ക് വേണ്ടി മധുശേഖരിക്കുന്ന പരിശ്രമശാലിയായ തേനിച്ചകളായി മാറുക. മനസ്സിനെ വിശാലമാക്കുക. ഇത് നൽകുന്ന സന്തോഷവും സമാധാനവും മാധുര്യവും വേറെത്തന്നെയാണ്.