'ലിംഗസമത്വ'ത്തിലൂടെ ഒളിച്ചുകടത്തുന്നത്?

ടി.കെ അശ്‌റഫ്

2022 ഫെബ്രുവരി 19, 1442 റജബ്  18

ചില പദങ്ങള്‍ അതിന്റെ അര്‍ഥവും ആശയവും ശരിയായി വിലയിരുത്താതെ വിശ്വാസികള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കാറുണ്ട്. അത് ഒരുപക്ഷേ, നമ്മുടെ വിശ്വാസത്തിനും സംസ്‌കാരത്തിനും യോജിച്ചതാവണമെന്നില്ല. നാം ജീവിക്കുന്നത് ഒരു ബഹുമത സമൂഹത്തിലായതിനാല്‍ വ്യത്യസ്ത ആശയധാരകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പദാവലികളും ആശയങ്ങളും ഉണ്ടാവാം. അതെല്ലാം അപ്പടി ഏറ്റെടുക്കുകയും അതിന്റെ വക്താക്കളായി വിശ്വാസികള്‍ മാറുകയും ചെയ്യുന്നത് അനുഗുണമല്ല.

സൂക്ഷ്മ വിശകലനത്തില്‍ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവാത്ത ഒരു പദവും ആശയവും ചിലര്‍ ബോധപൂര്‍വം ഉപയോഗിച്ച് പൊതുസ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ ഈയിടെ വ്യാപകമായി ശ്രമിക്കുന്നുണ്ട് എന്ന് കാണാനാവും. ആ പദം കേള്‍ക്കുമ്പോള്‍ അതില്‍ എന്താണ് തെറ്റ് എന്ന് തോന്നിയേക്കാം. ലിംഗസമത്വം (Gender Equality) അഥവാ സ്ത്രീപുരുഷ സമത്വം എന്ന  പദമാണ് വ്യാപകമായി ഇപ്രകാരം കാമ്പയിന്‍ ചെയ്തുകൊണ്ടിരിക്കപ്പെടുന്നത്.

സ്ത്രീപുരുഷ സമത്വം ആവശ്യമല്ലേ, അതിലെന്താണ് കുഴപ്പം എന്ന് ചിലരെല്ലാം ചോദിച്ചേക്കാം. അങ്ങനെ ചോദിക്കാന്‍ ചില കാരണങ്ങളുമുണ്ട്. സ്ത്രീകള്‍ അങ്ങേയറ്റത്തെ വിവേചനം നേരിട്ട ഒരു നാടാണ് നമ്മുടേത്. സതി, ശൈശവ വിവാഹം, ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ നിരവധി വിവേചനങ്ങള്‍ എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്. അതുകൊണ്ട് സ്ത്രീക്കും പുരുഷനെ പോലെ അവകാശങ്ങളും അഭിമാനവും വകവെച്ചുകൊടുക്കണം എന്ന ചിന്ത ബോധവല്‍ക്കരണ ശ്രമ ഫലമായി നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ‘സ്ത്രീപുരുഷ സമത്വം' എന്ന പ്രയോഗം നിരാക്ഷേപം അംഗീകരിക്കപ്പെടുന്നത്.

എന്നാല്‍ ഈ വിവേചനം ഇല്ലാതാക്കി എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിനപ്പുറം ലിംഗസമത്വം എന്ന ആശയത്തെ സ്ത്രീയെയും പുരുഷനേയും ഒന്നാക്കുക എന്ന അജണ്ടയിലേക്ക് പ്രയോഗതലത്തില്‍ കൊണ്ടുവരികയെന്നതാണ് ഫെമിനിസ്റ്റ് സംഘടനകളും ഭൗതിക വാദികളും സ്വതന്ത്ര വാദികളും ഇന്ന് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം അവസാനിക്കണമെങ്കില്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീയും, സ്ത്രീകള്‍ ചെയ്യുന്നതെല്ലാം പുരുഷനും ചെയ്യണമെന്നതാണ് ഇവര്‍ പ്രചരിപ്പിക്കുന്ന ലിംഗസമത്വം!

ഇന്ന് അവിടെനിന്നും ഒരു പടികൂടി കടന്ന് സ്ത്രീയെ പുരുഷനാക്കാനും പുരുഷനെ സ്ത്രീയാക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്! പാശ്ചാത്യനാടുകളില്‍ ലിംഗമാറ്റ ശസ്ത്രക്രിയ വ്യാപകമായി വരികയാണ്. LGBTQ എന്ന സ്‌പെക്ട്രത്തിലേക്ക് ആളെക്കൂട്ടുന്ന ശ്രമം വര്‍ധിക്കുന്നു. ലിംഗസമത്വം അഥവാ Gender Equality എന്നത് ‘ലിംഗ നിഷ്പക്ഷത' (Gender Neutral) എന്നിടത്താണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പുരുഷന്‍, സ്ത്രീ എന്നീ രണ്ട് സ്വത്വങ്ങള്‍ തന്നെ ഇല്ലാതാക്കലാണ് ഇതിലൂടെ നടക്കുന്നത്. ‘അവന്‍,' ‘അവള്‍' എന്നല്ല ‘അവര്‍' എന്നാണ് ഇനി മുതല്‍ പ്രയോഗിക്കേണ്ടതെന്നും വാദിക്കുന്നു. ജന്മനായുള്ള ആണ്‍, പെണ്‍ എന്ന വേര്‍തിരിവിനെ അംഗീകരിക്കുന്നതിന് പകരം ഓരോരുത്തരും സ്വയം തീരുമാനിക്കുന്ന ജെന്‍ഡറാണ് സ്വീകരിക്കേണ്ടെതെന്ന വിചിത്ര വാദമാണ് മുന്നോട്ട് വെക്കുന്നത്. 

ഈ ആശയം ഭരണകര്‍ത്താക്കളെ മാത്രമല്ല; നീതിപീഠങ്ങളെവരെയും സ്വാധീനിച്ച് കഴിഞ്ഞു. അതിനനുസരിച്ച് നിയമഭേദഗതികളും നിയമനിര്‍മാണങ്ങളും നടന്നുവരികയാണ്. സ്വവര്‍ഗരതി അനുവദിച്ചു കൊണ്ട് കോടതി വിധി വന്നത് ഇതിന്റെ ഭാഗമാണ്. ചില പാശ്ചാത്യനാടുകളില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിയമം നിര്‍മിച്ചു കഴിഞ്ഞു!

സ്ത്രീപുരുഷ സ്വത്വം തച്ചുടക്കുന്നതിന്റെ തുടക്കം മാത്രമാണ് സ്ത്രീപുരുഷ വേഷങ്ങള്‍ ഒന്നാക്കാനുള്ള ശ്രമം. ബാലുശ്ശേരി ഗവ.ഹൈസ്‌കൂളില്‍ 2021 ഡിസംബറില്‍ നടപ്പാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഇതിലേക്കുള്ള ചുവടുവയ്പാണ്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിക്കുന്നത് മറ്റു പല കോളേജുകളിലും ഇല്ലേ എന്ന ചോദ്യം കൊണ്ടാണ് ചിലര്‍ അതിനെ നേരിട്ടത്. ഈ ചോദ്യം തന്നെ അപ്രസക്തവും വിഷയത്തെ മാറ്റിമറിക്കലുമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ ഈ യൂണിഫോം നടപ്പാക്കുന്നതാണ് അടിസ്ഥാന പ്രശ്‌നം. ഒരു വേഷത്തിനപ്പുറം ഒരാശയത്തേയാണ് ഇതിലൂടെ കാമ്പസിലേക്ക് കടത്തിക്കൊണ്ടുവരുന്നത്.

അല്‍പനാളുകള്‍ക്കു മുമ്പ് മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ മുപ്പതിലധികം കോളേജുകളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വം നല്‍കിയ ചര്‍ച്ചകള്‍ വിദ്യാര്‍ഥികളെ ഇതിനനുകൂലമായി ചിന്തിപ്പിക്കാനുദ്ദേശിച്ചാണ്.

മാത്രവുമല്ല; കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ ക്ലബ്ബുകള്‍ ആരംഭിക്കാന്‍ നല്‍കിയ നിര്‍ദേശവും ഇതുതന്നെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നു തിരിച്ചറിയാന്‍ പ്രയാസമില്ല.

സ്ത്രീപുരുഷ വേഷങ്ങള്‍ പരസ്പരം വച്ചുമാറുന്നത് മതപരമായി വിലക്കിയിട്ടുള്ള മുസ്‌ലിം സമുദായത്തിന്റെ എതിര്‍പ്പുകള്‍ ഈ നീക്കത്തിനെതിരെ ഉയരുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കിക്കൊണ്ട് മുസ്‌ലിം പെണ്‍കുട്ടികളെ ഇത്തരം ആശയങ്ങളില്‍ ആകൃഷ്ടരാക്കാനായി ബോധപൂര്‍വമായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സമുദായത്തില്‍നിന്ന് എതിര്‍പ്പുകള്‍ വരുമ്പോള്‍ സമുദായത്തിലെ തന്നെ പെണ്‍കുട്ടികളെക്കൊണ്ട് ഇതെല്ലാം ന്യായീകരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാനലുകളില്‍ ഇതെല്ലാം ന്യായീകരിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികളെ പ്രത്യേകം തെരഞ്ഞുപിടിച്ച് പ്രദര്‍ശിപ്പിക്കുന്നത് ഈ ആസൂത്രണത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ലിംഗസമത്വം എന്ന വാക്കിലും അതിന്റെ ആശയത്തിലും ഒളിഞ്ഞിരിക്കുന്ന അപകടം എന്തെന്ന് സമുദായത്തെ ബോധവല്‍ക്കരിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ലിംഗനീതിയാണ് നമുക്ക് വേണ്ടത്; ലിംഗസമത്വമല്ല.

എന്തുകൊണ്ട് ലിംഗസമത്വം എന്ന ആശയത്തെ വിശ്വാസികള്‍ നിരാകരിക്കുന്നുവെന്ന് അറിയേണ്ടതുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാണ്. മനുഷ്യ സൃഷ്ടിപ്പില്‍ സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് അസ്തിത്വമാണ് വിശുദ്ധ ക്വുര്‍ആന്‍ എടുത്തുകാട്ടുന്നത്. ആണിനെയും പെണ്ണിനെയും ഒന്നാക്കാനുള്ള ശ്രമം അല്ലാഹുവിന്റെ സൃഷ്ടിപ്പിന് നേരെയുള്ള കടന്നുകയറ്റമാണ്. ആണും പെണ്ണും അല്ലാഹുവിന്റെ സവിശേഷ സൃഷ്ടിയാണെന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

‘‘ഹേ, മനുഷ്യരേ! ഒരേ ആത്മാവില്‍ (ആളില്‍) നിന്നു നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍; അതില്‍നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, ആ രണ്ടാളില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത (റബ്ബിനെ). യാതൊരുവന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബ ബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങളില്‍ മേല്‍നോട്ടം ചെയ്യുന്നവനാകുന്നു'' (ക്വുര്‍ആന്‍ 4:1).

അല്ലാഹുവിന്റെ ഈ സൃഷ്ടിപ്പില്‍ കൈകടത്തി വികൃതമാക്കുകയെന്നത് പൈശാചിക പ്രേരണ മൂലം സംഭവിക്കുന്നതാണ്. പിശാച് മനുഷ്യരോട് അതിനായി കല്‍പിക്കുന്ന കാര്യം അവന്‍ തന്നെ വ്യക്തമാക്കിയ വിവരം അല്ലാഹു ക്വുര്‍ആനില്‍ അറിയിച്ചിട്ടുണ്ട്.

‘ഞാനവരെ വഴിപിഴപ്പിക്കുകയും അവരെ വ്യാമോഹിപ്പിക്കുകയും തന്നെ ചെയ്യും. ഞാന്‍ അവരോട് കല്‍പിക്കുകയും അങ്ങനെ അവര്‍ കാലികളുടെ (ആടുമാടൊട്ടകങ്ങളുടെ) കാതുകള്‍ (കീറി) മുറിക്കുകയും തന്നെ ചെയ്യും; ഞാനവരോട് കല്‍പിക്കുകയും, അങ്ങനെ അവര്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ (വികൃതമാക്കി) ഭേദഗതി വരുത്തുകയും തന്നെ ചെയ്യും. ആര്‍ അല്ലാഹുവിന് പുറമെ പിശാചിനെ കാര്യകര്‍ത്താവാക്കി വെക്കുന്നുവോ, തീര്‍ച്ചയായും അവന് സ്പഷ്ടമായ നഷ്ടം സംഭവിച്ചുപോയി!''(ക്വുര്‍ആന്‍ 4:119).

സ്ത്രീപുരുഷ പാരസ്പര്യത്തിലാണ് സ്‌നേഹവും കരുണയും കുടികൊള്ളുന്നത്. അത് നാം കൃത്രിമമായി സ്ത്രീയെയും പുരുഷനെയും ഒന്നാക്കുന്നതിലൂടെ ലഭിക്കുന്നതല്ല. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും കരുണയും ഇട്ടുതരുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ‘‘അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ (ഭാര്യമാരെ) അവന്‍ സൃഷ്ടിച്ചുതന്നിട്ടുള്ളതും. നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്‌നേഹബന്ധവും കാരുണ്യവും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്'' (30: 21).

ലിംഗസമത്വത്തിന്റെ പേരില്‍ ആണിനെയും പെണ്ണിനെയും ഒന്നാക്കുക എന്നത് പ്രായോഗികമല്ലന്ന കാര്യം കൂടി നാം തിരിച്ചറിയണം. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ എന്നിവ സ്ത്രീകള്‍ക്ക് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നാണ്. ലിംഗസമത്വത്തിന്റെ പേരില്‍ ഇക്കാര്യങ്ങള്‍ ഭര്‍ത്താവ് ചെയ്യണമെന്ന് നിര്‍ബന്ധിച്ചാല്‍ അത് നടക്കുന്ന കാര്യമല്ലല്ലോ.

മാതൃത്വം മാതാവിന് മാത്രം അവകാശപ്പെട്ടതാണ്. മാനസിക, ശാരീരിക വ്യത്യാസങ്ങളും ഹോര്‍മോണുകളുടെ വ്യതിരിക്തതയുമെല്ലാം പരിഗണിക്കുമ്പോള്‍ സ്ത്രീക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും പുരുഷന് മാത്രം ചെയ്യാന്‍ കഴിയുന്നതും രണ്ടു പേര്‍ക്കും ചെയ്യാന്‍ സാധിക്കുന്നതുമെല്ലാം നമുക്ക് കാണാനാകും. ഇതൊന്നും കണ്ടില്ലന്ന് നടിച്ചുകൊണ്ട് ലിംഗസമത്വമെന്ന ആശയത്തിനായി സമയവും പണവും ചെലവഴിക്കുന്നത് വിഡ്ഢിത്തമാണ്.

സ്ത്രീയുടെ അസ്തിത്വത്തെതന്നെ വിലകുറച്ച് കാണലാണ് ലിംഗസമത്വം എന്ന കാഴ്ചപ്പാട്. പ്രകൃത്യാതന്നെ സ്ത്രീക്ക് മഹത്ത്വം ഉണ്ട്. പുരുഷന്‍ ചെയ്യുന്നത് സ്ത്രീയും ചെയ്യുമ്പോഴേ മഹത്ത്വം കൈവരുന്നുള്ളൂ എന്ന നിലപാടുതന്നെ സ്ത്രീവിരുദ്ധമാണ്.

ഇസ്‌ലാമില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമായ നിയമങ്ങള്‍ ഉള്ളപ്പോള്‍തന്നെ വെവ്വേറെ പാലിക്കേണ്ട നിര്‍ദേശങ്ങളും ധാരാളം കാണാം. പുരുഷന് പൊക്കിള്‍ മുതല്‍ മുട്ടുള്‍പ്പെടെയുള്ള ഭാഗങ്ങളാണ് നിര്‍ബന്ധമായും മറക്കേണ്ടതെങ്കില്‍, സ്ത്രീക്ക് മുഖവും മുന്‍കയ്യും ഒഴിച്ചുള്ളത് മറക്കല്‍ നിര്‍ബന്ധമാണ്. പട്ടുവസ്ത്രവും സ്വര്‍ണാഭരണവും സ്ത്രീക്ക് അനുവദനീയമാകുമ്പോള്‍ പുരുഷനാകട്ടെ അവ നിഷിദ്ധമാണ്. പുരുഷന്‍ വസ്ത്രം ഞെരിയാണിക്ക് മുകളില്‍ ഉടുക്കണമെന്ന് നിര്‍ദേശിക്കുമ്പോള്‍ സ്ത്രീയുടേത് ഞെരിയാണിക്ക് താഴെ ഇറക്കിയിടണമെന്നാണ് കല്‍പന. സ്ത്രീ പുരുഷവേഷം കെട്ടുന്നതും പുരുഷന്‍ സ്ത്രീവേഷം കെട്ടുന്നതും ഇസ്‌ലാമില്‍ നിഷിദ്ധമാണ്.

പരലോകത്ത് അല്ലാഹു കരുണയോടെ നോക്കാത്ത മൂന്നു വിഭാഗങ്ങളില്‍ ഒരു വിഭാഗം പുരുഷന്മാരോട് സദൃശ്യരായി ആണ്‍കോലം കെട്ടുന്ന സ്ത്രീകളാണെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.

ആര്‍ത്തവ സമയത്ത് സ്ത്രീയുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് പ്രത്യേക നിയമങ്ങള്‍ അവള്‍ക്ക് ഇസ്‌ലാമിലുണ്ട്.

‘ഞാന്‍ ആരോടാണ് ഏറ്റവും നന്നായി സഹവസിക്കേണ്ടത്' എന്ന ഒരു സ്വഹാബിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് നബി ﷺ നല്‍കിയ ഉത്തരം ‘നിന്റെ മാതാവിനോട്' എന്നായിരുന്നു. വിവാഹ സമയത്ത് പുരുഷന്‍ സ്ത്രീക്ക് മഹ്‌റ് നല്‍കണം. അവളോട് ഇങ്ങോട്ട് സ്ത്രീധനം ആവശ്യപ്പെടാന്‍ പാടില്ല. ഭാര്യക്ക് ചെലവിനു നല്‍കുക എന്നത് ഭര്‍ത്താവിനോടുള്ള നിര്‍ബന്ധമായ കല്‍പനയാണ്. എന്നാല്‍ സ്ത്രീ,പുരുഷന് ചെലവിന് നല്‍കണമെന്ന കല്‍പനയില്ല. അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം കൂടിക്കലരുന്നത്  ഇസ്‌ലാം വിലക്കിയതാണ്.

മേല്‍ വിശദീകരിച്ചതില്‍നിന്ന് സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് അസ്തിത്വങ്ങളെ പരിഗണിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളാണ് ഇസ്‌ലാമിലുള്ളതെന്ന് വ്യക്തമാണ്. അതിനാല്‍തന്നെ ലിംഗ നിഷ്പക്ഷത  (gender netural) എന്ന ആശയത്തെ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല.

ഇതിനെല്ലാമുപരി, ‘ജെന്‍ഡര്‍ ഡിസ്‌ഫോറിയ' എന്ന അപകടകരമായ മനോഭാവത്തിലേക്കാണ് ലിംഗസമത്വം എന്ന വാദം പൊതുസമൂഹത്തെ തള്ളിവിടുന്നത്. ഞാന്‍ ആണാണോ, പെണ്ണാണോ എന്ന ആശയക്കുഴപ്പം ഓരോരുത്തരിലും ജനിപ്പിക്കലാണ്  ‘ജെന്‍ഡര്‍ ഡിസ്‌ഫോറിയ.' ആശയക്കുഴപ്പം തീര്‍ക്കാന്‍ കാനഡയില്‍ 13 വയസ്സുള്ള കുട്ടി ശസ്ത്രക്രിയക്ക് വിധേയനായത് തടഞ്ഞതിന് രക്ഷിതാവിനെതിരില്‍ കേസെടുത്ത വാര്‍ത്തയും നാം ഇതിനോട് ചേര്‍ത്ത് വായിക്കണം.

ലിംഗസമത്വം എന്ന ആശയംകൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം അവസാനിപ്പിക്കലാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ലിംഗനീതിയെന്ന പദം ഉപയോഗിക്കലാണ് ഏറ്റവും ഉചിതം. ഇസ്‌ലാമാകട്ടെ ലിംഗനീതി എല്ലാ അര്‍ഥത്തിലും ഉറപ്പുവരുത്തുന്ന മതമാണ്.

സ്ത്രീക്ക് ഇസ്‌ലാം നേടിക്കൊടുത്ത അവകാശങ്ങളുടെ മഹത്ത്വം അറിയണമെങ്കില്‍ അതിന്റെ അവതരണ കാലത്തുണ്ടായിരുന്ന പെണ്ണിന്റെ പദവി എന്തായിരുന്നുവെന്ന് മനസ്സിലാക്കണം.

യവനന്മാര്‍ പിശാചിന്റെ പ്രതിരൂപമായിട്ടാണ് പെണ്ണിനെ കണ്ടിരുന്നത്. പത്‌നിയെ അറുകൊല നടത്താന്‍ പോലും പുരുഷന് സ്വാതന്ത്ര്യം നല്‍കുന്നതായിരുന്നു റോമന്‍ നിയമവ്യവസ്ഥ. ഭര്‍ത്താവിന്റെ  ചിതയില്‍ ചാടി മരിക്കണമെന്നതായിരുന്നല്ലൊ ഭാരതീയ സ്ത്രീയോടുള്ള മതോപദേശം. പാപം കടന്നുവരാന്‍ കാരണക്കാരി സ്ത്രീയാണന്നാക്ഷേപിച്ച് ക്രൂരമായ പെരുമാറ്റമാണ് യഹൂദന്മാര്‍ സ്ത്രീക്ക് നേരെ അഴിച്ചുവിട്ടത്. സ്ത്രീക്ക് ആത്മാവുണ്ടോ എന്നുവരെ ചില പുരോഹിതന്മാര്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രവാചകന്‍ ﷺ വരുന്നതിനു മുമ്പ് അറേബ്യയില്‍ പെണ്‍കുട്ടി ജനിച്ചാല്‍ അപമാനചിന്തയാല്‍ അവളെ ജീവനോടെ കുഴിച്ചുമൂടുന്ന അവസ്ഥയുണ്ടായിരുന്നു. അവള്‍ക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട ഈ സാഹചര്യത്തിലാണ് സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ വാചാലമാകുന്നത്.

പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം ഇസ്‌ലാം നേടിക്കൊടുത്തു. ഭ്രൂണഹത്യയെ കണിശമായി എതിര്‍ക്കുന്നത് ഇസ്‌ലാം മാത്രമാണ്. സ്‌കാനിങ്ങിലൂടെ കുട്ടി പെണ്ണാണ് എന്ന് ബോധ്യപ്പെട്ടാല്‍ അവളെ പല കാരണങ്ങള്‍ നിരത്തി, കൊല്ലുന്നത് തെറ്റല്ല എന്നാണ് സ്ത്രീപക്ഷ വാദികള്‍ പോലും ഇന്ന് പറയുന്നത്.

സ്ത്രീക്ക് ഇസ്‌ലാം സ്വത്തവകാശം, അനന്തരാവകാശം, ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം, പഠിക്കാനും ചിന്തിക്കാനുമുള്ള അവകാശം, വിവാഹമൂല്യത്തിനുള്ള അവകാശം, വിവാഹമോചനത്തിനുള്ള അവകാശം എന്നിവയെല്ലാം ഉറപ്പുവരുത്തുന്നുണ്ട്.

അതിനാല്‍ നമുക്ക് വേണ്ടത് ലിംഗനീതിയാണ്; ലിംഗസമത്വമല്ലെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് ഉണ്ടാകണം. വിശ്വാസികളല്ലാത്തവര്‍ക്ക് അവരുടെ ‘ശരി'കളില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയുമാവാം. അതിനെ ആരും തടയുന്നില്ല. എന്നാല്‍ വിശ്വാസികള്‍ക്ക് മതപരമായി അംഗീകരിക്കാനാവാത്ത ഒരാശയം അധികാരവും ഒൗദ്യോ ഗിക സംവിധാനങ്ങളും ഉപയോഗിച്ച് അടിച്ചേല്‍പിക്കുന്നത് നീതീകരിക്കാനാവില്ല.