തടവറയിൽ വിരിയുന്ന പൂക്കൾ

സബീൽബിൻ അബ്ദുസ്സലാം, പട്ടാമ്പി

2022 മെയ് 28, 1442 ശവ്വാൽ 26

അടുത്തിടെ ഒരു ലേഖനം ശ്രദ്ധയിൽപെടുകയുണ്ടായി. അമേരിക്കയിലെ ജയിലുകളിൽ കഴിയുന്ന കുറ്റവാളികൾക്കിടയിൽ ഇസ്‌ലാംമതം സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നു എന്നതാണ് ആ ലേഖനത്തിന്റെ ഉള്ളടക്കം. ഇവ്വിഷയകമായി അൽജസീറ, സി.എൻ.എൻ തുടങ്ങിയ അന്താരാഷ്ട്രാ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയും കൂടി പിന്നീട് ശ്രദ്ധയിൽപെട്ടു. അമേരിക്കൻ ജയിൽവാസികളിൽ പുതിയ മതം സ്വീകരിക്കുന്നവരിൽ 80% പേരും ഇസ്‌ലാംമതമാണു പരിഗണിക്കുന്നത് എന്നാണു ബ്ലൂംബെർഗ് മാസിക (2018, ഫെബ്രുവരി 4ലെ ലേഖനം) പ്രസിദ്ധീകരിച്ച കണക്ക്. യുഎസ്സിലെ ജയിലുകളിൽ ഏറ്റവും വേഗത്തിലും ഏറ്റവും അധികവും സ്വീകരിക്കപ്പെടുന്ന മതമാണ് ഇസ്‌ലാം എന്നും അതേ ലേഖനത്തിൽ പറയുന്നു. എഫ്. ബി. ഐ 2003ൽ പുറത്തുവിട്ട കണക്കുപ്രകാരം അമേരിക്കയിലെ വിവിധ ജയിലുകളിലായി ഓരോ കൊല്ലവും ഏകദേശം 30,000/40,000 പേർ ഇസ്‌ലാം സ്വീകരിക്കുന്നുണ്ട് എന്ന് പറയുന്നു.(Referance: Hasan, Asma Gull (2002). American Muslims: The New Generation Second Edition. Bloomsbury Academic. pp. 75-78).

ഈ കണക്കുകൾ കൗതുകകരമായി തോന്നിയപ്പോൾ ഇവ്വിഷയകമായി വിശദമായി ഒന്നുകൂടി പഠിക്കണമെന്ന് തോന്നി. കൂടുതൽ പരിശോധനയിൽനിന്ന് മനസ്സിലായത് അമേരിക്കൻ ജയിലുകളിൽ മാത്രമല്ല, മറിച്ച് ഫ്രാൻസിലും ഓസ്‌ട്രേലിയയിലും ബ്രിട്ടണിലുമൊക്കെയുള്ള ജയിൽവാസികളിലും നിരവധിപേർ ഇസ്‌ലാം സ്വീകരിക്കുന്നുണ്ട് എന്നാണ്. 2011ലെ കണക്ക് പ്രകാരം ബ്രിട്ടണിലെ ജയിലുകളിലെ ആകെ മുസ്‌ലിംകളുടെ കൂട്ടത്തിൽ 30% പേരും ജയിലിൽവെച്ച് പുതുതായി ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു (Referance : Kern, Soeren (2 August 2013). “Britain: Muslim Prison Population Up 200%”. Gatestone Institute. Reterieved 23 April 2022). ‌

ഓസ്‌ട്രേലിയയിലും സ്ഥിതി മറിച്ചല്ല. അവിടെയും ജയിലുകളിൽ ഭൂരിഭാഗം പേരും പുതുതായി സ്വീകരിക്കുന്ന മതം ഇസ്‌ലാമാണെന്ന് The Australian മാഗസിൻ പറയുന്നു. (Referance: “Muslim jailhouse converts on the rise.” The Australian. 19 June 2015. Rterieved 24 March 2017).

ഓസ്‌ട്രേലിയൻ ജയിലധികൃതർ 2017ൽ ”The Weekend Australian” മാഗസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഓസ്‌ട്രേലിയക്കാരായ വെളുത്തവരും ഗോത്രവർഗത്തിൽ (Aborigines)പെട്ടവരുമായ നിരവധിപേർ ജയിലിൽവെച്ച് ഇസ്‌ലാം സ്വീകരിച്ചു എന്നാണ്.

എന്തായിരിക്കും ഇതിനു കാരണം? എന്തുകൊണ്ട് ജയിൽജീവിതം പശ്ചാത്താപത്തിനും പരിവർത്തനത്തിനും വേദിയാകുന്നു? എന്തുകൊണ്ട് അവർ ഇസ്‌ലാംമതം തെരഞ്ഞെടുക്കുന്നു? ഈ കാര്യങ്ങൾ നമുക്ക് പരിശോധനാവിധേയമാക്കാം.

എന്തുകൊണ്ട് ജയിലുകൾ മാറ്റത്തിന്റെ കേന്ദ്രങ്ങളാകുന്നു?

ജയിൽപുള്ളികളെ കുറിച്ച് പൊതുവെയുള്ള സമൂഹത്തിന്റെ ധാരണ അവർ കഠിനഹൃദയരും കുറ്റവാസനയുള്ളവരുമൊക്കെയാണ് എന്നതാണ്. ഒരു പരിധിവരെ ഇത് ശരിയാണ്. എന്നാൽ സാഹചര്യങ്ങൾമൂലം കുറ്റം ചെയ്തുപോകുന്നവരും കുറ്റവാളികളായി മറ്റുള്ളവരാൽ മുദ്ര കുത്തപ്പെടുന്നവരുമെല്ലാമുണ്ട് ഇക്കൂട്ടത്തിൽ. ഏതൊരു കുറ്റവാളിയുടെയും ഉള്ളിൽ ഒരു മൃദുല ഹൃദയം ഉണ്ട് എന്നതാണ് വാസ്തവം. ദീർഘനാളത്തെ ജയിൽ ജീവിതം പലപ്പോഴും തന്നെത്തന്നെ തിരിച്ചറിയാനും മനം മാറ്റത്തിനും പശ്ചാത്തപിക്കാനും സാഹചര്യമൊരുക്കാറുണ്ട്, അനുകൂല ഘടകങ്ങളും സാഹചര്യങ്ങളും ഉണ്ടാകണമെന്ന് മാത്രം.

ജയിലിൽവെച്ച് മനംമാറ്റമുണ്ടായവരെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. ഇതിനുള്ള കാരണം ജയിലറയിലെ ഏകാന്തത ചിന്തിക്കാനും തിരിച്ചറിയാനുമുള്ള നല്ലൊരു സാഹചര്യമാണ് എന്നതാണ്. ജയിൽ ജീവിതത്തിനിടക്ക് മനംമാറ്റം സംഭവിച്ചവരെ പറ്റിയും ഇഷ്ടപുസ്തകങ്ങൾ വായിച്ചുതീർത്തവരെ പറ്റിയും ഗ്രന്ഥങ്ങൾ രചിച്ചവരെക്കുറിച്ചുമൊക്കെ നാം കേട്ടിട്ടുണ്ട്.

ജയിലിനു പുറത്തുള്ള ലോകത്തെ മനുഷ്യർ നൂറുകൂട്ടം ചിന്തകളിൽ മുഴുകിയവരായിരിക്കും; ജോലി, കുടുംബം, വിനോദങ്ങൾ, ആഘോഷങ്ങൾ, യാത്രകൾ എന്നിങ്ങനെ പലപല ചിന്തകൾ. എന്നാൽ ജയിലിൽ ജീവിക്കുന്നവന് ഇവയൊന്നുമില്ല. പുറംലോകവുമായി ബന്ധമില്ല. ചിന്തിക്കാനും പഠിക്കാനും മാറാനുമെല്ലാം അവസരവും സമയവുമുണ്ട്. എന്നാൽ മോശം കൂട്ടുകെട്ടിൽ ചേർന്ന് നശിച്ചുപോകാനുള്ള മറുസാധ്യതയും ഉണ്ട്.

കൗൺസിലിംഗ് & റിഹാബിലിറ്റേഷൻ

ലോകത്തെവിടെയായാലും ഗ വൺമെന്റുകളും ജയിലധികൃതരും നേരിടുന്ന വലിയൊരു പ്രശ്‌നം തടവുശിക്ഷക്ക് ശേഷം പുറത്തിറങ്ങുന്ന പുള്ളികൾ ദിവസങ്ങൾക്കോ മാസങ്ങൾക്കോശേഷം വീണ്ടും കുറ്റവാളികളായി ജയിലിലേക്കുതന്നെ തിരിച്ചെത്തുന്നു എന്നതാണ്. രണ്ടാമത്തെ പ്രശ്‌നം വർഷങ്ങളായി ജയിലിൽ താമസിക്കുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷമാണ്. ഈ രണ്ട് പ്രശ്‌നങ്ങളും നേരിടാൻ മിക്ക ഗവണ്മെന്റുകളും സ്വീകരിക്കുന്ന മാർഗമാണ് അവർക്കാവശ്യമായ കൗൺസിലിംഗും മെന്റൽ റിഹാബിലിറ്റേഷനും നൽകുക എന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇതിന്റെ ഭാഗമായി മതപരമായ കൗൺസിലിംഗും നൽകുന്നുണ്ട്. മതപരമായ അധ്യാപനങ്ങൾ കുറ്റവാളികളുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നു എന്നതാണ് അധികൃതരുടെ കണ്ടെത്തൽ. മാത്രവുമല്ല, ജയിലുകളിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മതാധ്യാപനങ്ങൾ സമാധാനം നൽകുന്നു എന്നതും ഒരു വാസ്തവമാണ്.

ജയിൽവാസികളുടെ ആവശ്യങ്ങളനുസരിച്ച് ക്രിസ്ത്യൻ, ഇസ്‌ലാം മതവിഭാഗങ്ങളുടെ കൗൺസിലിംഗ് അവിടങ്ങളിൽ നൽകപ്പെടാറുണ്ട്. ഇതിനായി ജയിലധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ചർച്ചുകളും പള്ളികളും വളണ്ടിയർ സംഘടനകളുമൊക്കെ അമേരിക്കയിലുണ്ട്. 1960കളിൽതന്നെ അമേരിക്കൻ ഗവണമെന്റിന്റെ അനുവാദത്തോടുകൂടി, അല്ലെങ്കിൽ നിർദേശത്തോടുകൂടി ന്യൂയോർക്കിലെ ജയിലുകളിൽ ‘ഇസ്‌ലാമിക് കൗൺസിലിംഗ്’ നൽകാനാരംഭിച്ച ഒരു ഇസ്‌ലാമിക് സംഘമാണു ‘ദാറുസ്സലാം ഇസ്‌ലാമിക് കമ്യൂണിറ്റി.’ ജയിൽവാസികൾക്കാവശ്യമായ ഭൗതികവും മതപരവുമായ കൗൺസിലിംഗ് സർവീസ് ഇവർ നൽകിപ്പോരുന്നു. കുറ്റവാളികൾക്കിടയിൽ മതമൂല്യങ്ങൾ വളർത്തുക, ലഹരിമുക്തരരാക്കാൻ ശ്രദ്ധിക്കുക തുടങ്ങിയവയാണ് അവരുടെ പ്രവർത്തനങ്ങൾ. (അമേരിക്കൻ ജയിൽവാസികളിൽ വലിയൊരു വിഭാഗം ലഹരിസംബന്ധമായ കുറ്റകൃത്യങ്ങളിൽ തടവിലാക്കപ്പെട്ടവരാണ്).

1975ൽ ആദ്യമായി ന്യൂയോർക്കിലെ ജയിൽ അതോറിറ്റി ‘ഇസ്‌ലാമിക് കൗൺസിലിംഗ്’ ആവശ്യത്തിനായി ഗവൺമന്റ് ശമ്പളവ്യവസ്ഥയിൽ നിയമിക്കുകയുണ്ടായി. 1977ൽ ടെക്‌സാസിലും ഇത്തരം നിയമനം നടന്നു. ഇന്ന് അമേരിക്കയിൽ ഗവണ്മെന്റിന്റെ അനുവാദത്തോടുകൂടി ഇതേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന വേറെയും സന്നദ്ധ സംഘടനളുണ്ട്. ഇതിൽ എടുത്തുപറയേണ്ട രണ്ട് മുസ്‌ലിം സംഘടനകളാണ് ലിങ്ക് ഔട്‌സൈഡും (www.linkoutside.com) ത്വൈബ ഫൗണ്ടേഷനും (https://www.taybafoundation.org/). ഈ സംഘടനകൾ കൃത്യമായ ഇടവേളകളിൽ ജയിലധികൃതരുടെ ആവശ്യപ്രകാരം അവിടങ്ങളിൽ സന്ദർശിച്ച് ആവശ്യമായ ഇസ്‌ലാമിക് കൗൺസിലിംഗ്, മതപഠന ക്ലാസ്സുകൾ എന്നിവ നടത്തുന്നു. മാത്രവുമല്ല ഈ സംഘടനകൾ ജയിലിൽ പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നവുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുംവേണ്ടി ജയിലധികൃതരോട് സംസാരിക്കുകയും ചെയ്യുന്നു. ഇന്ന് അവരുടെ ആവശ്യാനുസരണം ഹലാൽ ഫൂഡ് സംവിധാനം, സംഘടിത നമസ്‌കാര സൗകര്യം, വെള്ളിയാഴ്ചയിലെ ജുമുഅ സൗകര്യം, റമദാനിൽ അത്താഴ/ഇഫ്താർ സൗകര്യങ്ങൾ എന്നിവ അമേരിക്കൻ ജയിലുകൾക്കകത്ത് നൽകപ്പെടുന്നുണ്ട്. ഇതെല്ലാം മുകളിൽ പറഞ്ഞതുപോലുള്ള വളണ്ടിയർ സംഘടനകളുടെ പ്രവർത്തന ഫലമാണ്.

എന്തുകൊണ്ട് അവർക്കിടയിൽ ഇസ്‌ലാം സ്വീകാര്യമാവുന്നു?

ഒന്നാമത്തെ കാര്യം ഇസ്‌ലാം മനുഷ്യനു ലക്ഷ്യബോധം നൽകുന്നു എന്നതാണ്. ജീവിതത്തിന്റെ ലക്ഷ്യം അന്വേഷിക്കാത്ത, അതിനെക്കുറിച്ച് ചിന്തിക്കാത്ത മനുഷ്യരുണ്ടാകില്ല. ഞാൻ എവിടെനിന്ന് വന്നു? ഞാൻ എങ്ങോട്ട് പോകുന്നു? ഞാൻ എന്തിനു ജീവിക്കുന്നു? ഞാൻ എങ്ങനെ ജീവിക്കണം? ഈ ചോദ്യങ്ങൾക്കൊന്നുമുള്ള തൃപ്തികരമായ ഉത്തരം ഒരു നിരീശ്വര-യുക്തിവാദ-നിർമതവാദ പ്രസ്ഥാനങ്ങളുടെ പോക്കറ്റിലും ഇല്ല എന്നതാണു വാസ്തവം. ജയിലിലെ ഏകാന്തത ഇത്തരം കാര്യങ്ങളെ പറ്റി ഒരു മനുഷ്യനെ ചിന്തിപ്പിക്കുമെന്നതിൽ അത്ഭുതപ്പെടാനില്ല. കൊലപാതകിയോടും മോഷ്ടാവിനോടും ലഹരിയുപയോഗിക്കുന്നവനോടും ചെയ്യാവുന്ന ഒന്നാമത്തെ അധ്യാപനം അവന് അവന്റെ ജീവിതത്തെ പറ്റിയുള്ള ലക്ഷ്യബോധം നൽകുക എന്നതാണ്. ഇക്കാര്യത്തിൽ ഇസ്‌ലാമിന് ഒന്നാമതായി പഠിപ്പിക്കാനുള്ളത് ‘തൗഹീദ്’ (ഏകദൈവാരാധന) ആണ്. അതോടൊപ്പം മരണാനന്തര ജീവിതത്തെ പറ്റിയുള്ള അറിവും നൽകണം. ഈ അടിസ്ഥാനത്തിലൂന്നാതെയുള്ള ഒരു കൗൺസിലിങ്ങും മനുഷ്യനെ യഥാർഥത്തിൽ പരിവർത്തിപ്പിക്കുകയില്ല എന്നതാണ് വാസ്തവം. ഈ അധ്യാപനമായിരുന്നു ഒരു കാലത്ത് സകല അധാർമികതയുടെയും വിളനിലമായിരുന്ന അറേബ്യൻ ഭൂഖണ്ഡത്തെ മാറ്റിയത്. പ്രവാചക പത്‌നിയായ ആഇശ(റ) പറയുന്നു: “ആദ്യമായി അവതരിപ്പിക്കപ്പെട്ടത് മുഫസ്സലുകളായ സൂറതുകളായിരുന്നു. അതിൽ സ്വർഗത്തെയും നരകത്തെയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജനങ്ങൾ ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഹലാലുകളെയും ഹറാമുകളെയും പറ്റിയുള്ള വചനങ്ങൾ അവതരിച്ചു. ‘നിങ്ങൾ മദ്യപിക്കരുത്’ എന്നായിരുന്നു ആദ്യം അവതരിപ്പിക്കപ്പെട്ടതെങ്കിൽ ജനങ്ങൾ പറയുമായിരുന്നു; ‘ഞങ്ങൾ മദ്യം ഉപേക്ഷിക്കുകയില്ല.’ ആദ്യം അവതരിച്ചത് ‘നിങ്ങൾ വ്യഭിചരിക്കരുത്’ എന്നായിരുന്നെങ്കിൽ ജനങ്ങൾ പറയുമായിരുന്നു; ‘ഞങ്ങൾ വ്യഭിചാരം ഉപേക്ഷിക്കുകയില്ല’ എന്ന്’’ (ബുഖാരി).

പരലോകവിശ്വാസത്തിനാൽ പാകപ്പെട്ട ഹൃദയങ്ങളിൽ പിന്നീട് സൽകർമങ്ങളെ കുറിച്ചും പാപങ്ങളെ കുറിച്ചുമുള്ള അധ്യാപനങ്ങൾ എളുപ്പത്തിൽ നട്ടുവളർത്തിയെടുക്കാം. അത് മാത്രമല്ല, വർഷങ്ങളോളം ജയിലിൽ കഴിയുന്ന, മാനസികസംഘർഷവും വിഷാദവും അനുഭവിക്കുന്ന ഇവർക്ക് ഇസ്‌ലാം സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വിമോചനത്തിന്റെയും ‘മരുപ്പച്ച’യായി അനുഭവപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.

ജയിലിലെ സഹതടവുകാരായ മുസ്‌ലിംകളുടെ മാന്യമായ പെരുമാറ്റവും സാഹോദര്യവും ധാരാളം പേർ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടാനുള്ള ഒരു കാരണമായിരിക്കാം എന്ന് ജയിലധികൃതർ വിലയിരുത്തിന്നുണ്ട്.

ഇസ്‌ലാം ‘തടവുകാരന്റെ അ വകാശത്തെ കുറിച്ച്’ പ്രത്യേകം എടുത്തുപറഞ്ഞ മതമാണുതാനും. അനാഥയ്ക്കും അഗതിക്കുമൊപ്പം തടവിലാക്കപ്പെട്ടവനെയും പരിഗണിക്കണമെന്നും ഈ മൂന്നു വിഭാഗങ്ങൾക്കും ഭക്ഷണം നൽകണമെന്നും ക്വുർആൻ പഠിപ്പിക്കുന്നു. വിശ്വാസികളുടെ ഗുണങ്ങൾ എണ്ണിപ്പറയുന്നിടത്ത് അല്ലാഹു പറയുന്നു:

“(തങ്ങൾക്ക്) ആഹാരത്തോട് പ്രിയമുള്ളതായിരിക്കെതന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരനും അവരത് നൽകുകയും ചെയ്യും’’ (ക്വുർആൻ 76:8).

ഈ സൂക്തത്തിന്റെ വിശദീകരണത്തിൽ അമാനി മൗലവി (റഹി) എഴുതുന്നു: “ബന്ധനസ്ഥരായ ആളുകൾക്ക് അന്നദാനം ചെയ്യുന്നതിൽ മുസ്‌ലിംകളെന്നോ അമുസ്‌ലിംകളെന്നോ വ്യത്യാസം ഇല്ലാത്തതാണ്. ജയിലിലടക്കപ്പെട്ടവരും മറ്റുതരത്തിൽ ബന്ധിക്കപ്പെട്ടവരും അതിൽ ഉൾപ്പെടുകയും ചെയ്യും. ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടതുപോലെ, ക്വുർആൻ അവതരിച്ച കാലത്തുണ്ടായിരുന്ന ബന്ധനസ്ഥർ മിക്കവാറും മുശ്‌രിക്കുകൾ ആയിരുന്നുവെന്നു വ്യക്തമാണല്ലോ. ബദ്ർ യുദ്ധത്തിൽ ചിറപിടിക്കപ്പെട്ടവരോടുപോലും നല്ലനിലക്കു പെരുമാറുവാൻ നബി ﷺ കൽപിച്ചിരുന്നതും, സ്വഹാബികൾ അവരോടു അതിഥികൾ എന്നപോലെ പെരുമാറിയിരുന്നതും, അവർക്കു ഭക്ഷണം നൽകിയതിനുശേഷമല്ലാതെ തങ്ങൾ കഴിക്കാതിരുന്നതും സ്മരണീയമാകുന്നു’’ (വിശുദ്ധ ക്വുർആൻ വിവരണം, 76:8ന്റെ വിശദീകരണം).

ഇസ്‌ലാംമതം സ്വീകരിച്ചവരിൽ സ്വഭാവ-പെരുമാറ്റങ്ങളിൽ കാര്യമായ മാറ്റം കാണുന്നുണ്ടെന്നും അവർ ജയിൽമോചിതരായാൽ പിന്നീട് ജയിലിലേക്ക് തിരിച്ചുവരുന്നതിന്റെ തോത് (Recidivism) വളരെ കുറവാണെന്നും ജയിൽ അധികൃതർ പറയുന്നുണ്ട്. (Referance: Hasan, Asma Gull (2002). American Muslims: The New Generation Second Edition. Bloomsbury Academic. pp. 75–78).

ചില കുപ്രചാരണങ്ങളും അവയുടെ സത്യാവസ്ഥയും

ജയിലുകൾക്കകത്തെ ഈ മനംമാറ്റത്തിന്റെ കണക്കുകൾ സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ്. എന്നാൽ ഇതിൽ അസ്വസ്ഥതപൂണ്ട വലിയൊരു ജനവിഭാഗമുണ്ട്. അവർ ഈ മതപരിവർത്തന ചിത്രത്തെ കുപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ട് നേരിടാൻ ശ്രമിക്കുകയാണു ചെയ്യുന്നത്.

കുപ്രചാരണം ഒന്ന്:

‘ജയിലുകളിൽ മുസ്‌ലിം നാമധാരികൾ ധാരാളമുള്ളത് വ്യക്തമാക്കുന്നത് മുസ്‌ലിംകൾ കുറ്റവാസനയുള്ളവരാണ് എന്നാണ്.’

യാഥാർഥ്യം: ഇത് ബാലിശമായ ഒരു ആരോപണമാണ്. യാഥാർഥ്യത്തെ തലതിരിച്ച് കാണിക്കുകയാണിവർ ചെയ്യുന്നത്. ജയിലുകളിൽ വന്നതിനുശേഷമാണ് അവർ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതും ഇസ്‌ലാം സ്വീകരിക്കുന്നതും. മാത്രവുമല്ല, ഇസ്‌ലാം സ്വീകരിച്ചവരിൽ മുമ്പുള്ളവരെക്കാൾ കുറ്റവാസന കൂടുകയല്ല; കുറയുകയാണുണ്ടായിട്ടുള്ളതെന്ന് ജയിലധികൃതരുടെ സാക്ഷ്യവും നാം മുകളിൽ കണ്ടു.

Federal Bureau Of Prisons ഡയറക്റ്ററായ Norman Carlson പറയുന്നത് കാണുക:

‘അവർ വളരെ ശാന്തരും അച്ചടക്കമുള്ളവരുമായ ഇസ്‌ലാംമത വിശ്വാസികളാണ്.’ (Referance : Van Baalen, Susan (2014). “Islam in American Prisons.” In Haddad, Yvonne Y.; Smith, Jane (eds.). The Oxford Handbook of American Islam. Oxford Universtiy Press. p. 289.)

കുപ്രചാരണം രണ്ട്:

‘ജയിലുകൾ തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി മാറുന്നു.’

യാഥാർഥ്യം: ജയിലുകൾ തീവ്ര വാദത്തിലേക്കുള്ള റിക്രൂട്ട്‌െമന്റ് കേന്ദ്രങ്ങളായി മാറുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് Institute for Social Policy and Understanding (ISPU) { പ്രസിദ്ധീകരിച്ച Facts and Fictions about Islam in Prison: Assessing Prisoner Radicalization in Post-9/11 America എന്ന പുസ്തകം എടുത്തുപറയുന്നുണ്ട്. ആ പഠനത്തിൽ പറയുന്നു:

“ജയിലുകളിൽ വെച്ച് ഇസ്‌ലാം സ്വീകരിച്ച മൂന്നര ലക്ഷം പേരിൽ തീവ്രവാദ പ്രവർത്തനങ്ങളിലോവിദേശ റിക്രൂട്‌മെന്റുകളിൽ പെട്ടുപോയവരോ തീരെയില്ല എന്നുതന്നെ പറയാം’’ (Source: Facts and Fictions about Islam in prison, Published by ISPU).

ഇസ്‌ലാമികവിരുദ്ധ ശക്തികളുടെ ഭാഗത്തുനിന്ന് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അതുകൊണ്ടൊന്നും ഇസ്‌ലാമിലേക്കുള്ള സത്യാന്വേഷികളുടെ ഒഴുക്കിനെ തടയാനാവില്ല എന്നതാണു വസ്തവം. അല്ലാഹു പറഞ്ഞത് പോലെ: “സൻമാർഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാൻ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി’’ (ക്വുർആൻ 48:28).

“സൻമാർഗവും സത്യമതവുംകൊണ്ട് എല്ലാ മതങ്ങൾക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാൻ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവൻ. ബഹുദൈവാരാധകർക്ക് (അത്) അനിഷ്ടകരമായാലും ശരി’’ (ക്വുർആൻ 61:9).

ചരിത്ര ശകലം

ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി)യുടെ ജയിൽജീവിത കാലത്ത് നടന്ന അത്ഭുതകരമായ ഒരു സംഭവം ഇവിടെ സാന്ദർഭികമായി സൂചിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ തൗഹീദീ പ്രചാരണത്തിലും ജനപ്രീതിയിലും അസ്വസ്ഥതപൂണ്ട ചിലർ ഭരണാധികാരികളെ അദ്ദേഹത്തിനു നേരെ തിരിച്ചുവിടുകയും അതുകാരണമായി അദ്ദേഹം ജയിലിലടക്കപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹം ആ സന്ദർഭം ഉപയോഗപ്പെടുത്തിയതെങ്ങനെ എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ ഹാഫിദ് മുഹമ്മദ് ബിൻ അബ്ദുൽ ഹാദീ അൽ മക്വ്ദീസി(റഹി) പറയുന്നതിങ്ങനെ:

“അദ്ദേഹം ജയിലിൽ പ്രവേശിച്ചപ്പോൾ ജയിൽവാസികൾ ചൂതാട്ടം പോലെയുള്ള നിഷിദ്ധമായ പല തരം വിനോദങ്ങളിൽ മുഴുകുന്നതും നമസ്‌കാരത്തിൽ പോലും അശ്രദ്ധരായിരിക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം അവരെ അതിൽനിന്ന് വിലക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുവാൻ പ്രേരിപ്പിക്കുകയും നമസ്‌കരിക്കുവാനും സൽകർമങ്ങളിൽ മുന്നേറുവാനും ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം അവർക്ക് ആവശ്യമായ (അടിസ്ഥാനപരമായ) മതവിജ്ഞാനങ്ങൾ പഠിപ്പിച്ചുകൊടുത്തു. അവരിൽ മതത്തോടും വിജ്ഞാനത്തോടുമുള്ള സ്‌നേഹം ഉണ്ടാക്കിയെടുത്തു. ക്രമേണ അവിടം മതപഠനത്തിന്റെയും ആരാധനയുടെയും കേന്ദ്രമായി മാറി. ആളുകൾ വിജ്ഞാനം നേടുന്നതിലും ഇബാദത്തുകൾ ചെയ്യുന്നതിലും മുഴുകി. എത്രത്തോളമെന്നാൽ, ജയിൽശിക്ഷ കഴിഞ്ഞവർപോലും തിരിച്ചു പോകാതെ അദ്ദേഹത്തോടൊപ്പം (വിജ്ഞാനാവശ്യാർഥം) അവിടെത്തന്നെ കഴിച്ചുകൂട്ടി, വേറെ ചിലർ ജയിലിലേക്കുതന്നെ (വിജ്ഞാനം നേടാൻ) തിരിച്ചുവന്നു’’ (അൽഉഖൂദു ദുർരിയ്യ ഫീ ദിക്‌രി മനാക്വിബി ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ, പേജ് 330-331).