ക്വുര്‍ആന്‍ പഠനവും മുന്‍ഗാമികളും

പി. എന്‍ അബ്ദുല്ലത്തീഫ് മദനി

2022 ഫെബ്രുവരി 12, 1442 റജബ്  10

(മുഹമ്മദ് നബി ﷺ : 57)

വിശുദ്ധ ക്വുര്‍ആന്‍ മാനവതയുടെ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. അല്ലാഹു അന്തിമദൂതരിലൂടെ അവതരിപ്പിച്ച അവസാന വേദഗ്രന്ഥം. അത് മനഷ്യന്റെ ഇഹപര വിജയത്തിനു നിദാനമാണ്. ക്വുര്‍ആന്‍ പാരായണം ചെയ്യുകയും അതിന്റെ ആശയങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സത്യവിശ്വാസം ഉള്‍ക്കൊണ്ടവര്‍ അതുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടേയിരിക്കണം. സച്ചരിതരായ മുന്‍ഗാമികള്‍ ക്വുര്‍ആന്‍ പഠിക്കുവാന്‍ കാണിച്ചിരുന്ന താല്‍പര്യം നമ്മെ വിസ്മയിപ്പിക്കും.

സ്വഹാബിമാരും താബിഉകളുമായ ഏതാനും മഹത്തുക്കള്‍ ക്വുര്‍ആനിനെക്കുറിച്ച് പറഞ്ഞ ചില വചനങ്ങളാണ് താഴെ കൊടുക്കുന്നത്:

‘‘എന്റെ പഠനം ക്വുര്‍ആനില്‍ പരിമിതപ്പെടുത്തിയിരുന്നുവെങ്കില്‍...!'' (സുഫ്‌യാനുസ്സൗരി).

‘‘ക്വുര്‍ആനിന്റെ ആശയങ്ങള്‍ ഗ്രഹിക്കുന്നതിന്ന് വേണ്ടിയല്ലാത്ത കാര്യങ്ങളില്‍ ഞാന്‍ പാഴാക്കിക്കളഞ്ഞ ധാരാളം സമയത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു'' (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതീമിയ).''

‘‘അല്ലാഹു നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവനാകുന്നതുവരെ നിങ്ങള്‍ ഉന്നതിയിലെത്തില്ല. വല്ലവനും ക്വുര്‍ആനിനെ സ്‌നേഹിച്ചാല്‍ അവന്‍ അല്ലാഹുവിനെ സ്‌നേഹിച്ചു. നിങ്ങളോടു പറയുന്നതിനെ ശരിയാംവണ്ണം ഗ്രഹിക്കുക'' (സുഫ്‌യാന്‍ ബിന്‍ ഉയയ്‌ന).

 ‘‘നിങ്ങള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുക. കെട്ടിത്തൂക്കിയ മുസ്ഹഫുകളാവരുത്  നിങ്ങളുടെ ആകര്‍ഷിക്കുന്നത്. ക്വുര്‍ആനിന്റെ ഭരണിയായ ഹൃദയത്തെ അല്ലാഹു ശിക്ഷിക്കുകയില്ല'' (അബൂഉമാമ അല്‍ ബാഹിലി).

 ‘‘നിങ്ങള്‍ ജ്ഞാനം തേടുന്നുവോ; ക്വുര്‍ആന്‍ എടുക്കുക. കാരണം പൂര്‍വികരുടെയും പില്‍ക്കാലക്കാരുടെയും വിജ്ഞാനം അതിലുണ്ട്'' (ഇബ്‌നു മസ്ഊദ്).

 ‘‘ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്ന വീട് വീട്ടുകാര്‍ക്ക് വിശാലമായിരിക്കും. അവിടെ നന്മകള്‍ കൂടും. അവിടെ മലക്കുകള്‍ സന്നിഹിതരാവുകയും പിശാചുക്കള്‍ പുറത്തു പോവുകയും ചെയ്യും. അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യപ്പെടാത്ത വീട്ടില്‍ വീട്ടുകാര്‍ക്ക് ഇടുക്കം അനുഭവപ്പെടും. നന്മകള്‍ കുറയുകയും മലക്കുകള്‍ പുറത്തുപോവുകയും പിശാചുക്കള്‍ കടന്നുവരികയും ചെയ്യും'' (അബൂഹുറയ്റ).

 ‘‘എന്നെ അല്ലാഹു ഉന്നതിയിലെത്തിച്ചത് ക്വുര്‍ആൻ കൊണ്ടാണ്'' (അല്‍അഅ്മശ്). ‘‘ക്വുര്‍ആനിനു മീതെ ഒരു ഐശ്വര്യമില്ല, ക്വുര്‍ആനിന് ശേഷം ഒരു ദാരിദ്ര്യവുമില്ല'' (ഹസനുല്‍ ബസ്വരി).

 ദിയാഉല്‍ മക്വ്ദിസി അറിവ് അന്വേഷിച്ചുകൊണ്ടുള്ള യാത്രക്കൊരുങ്ങിയപ്പോള്‍ ഇബ്‌റാഹീം അല്‍ മക്വ്ദിസി അദ്ദേഹത്തിന് കൊടുത്ത ഉപദേശം: ‘നീ ഉപേക്ഷകൂടാതെ ധാരാളം ക്വുര്‍ആന്‍ പാരായണം ചെയ്യുക. നീ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിന്നനുസരിച്ചാണ് നിന്റെ ദൗത്യം എളുപ്പമാവുക.'

ദിയാഉല്‍ മക്വ്ദിസി പറയുന്നു: ‘ഞാനതു പരീക്ഷിച്ചുനോക്കി. ഞാന്‍ കൂടുതല്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കൂടുതല്‍ ഹദീസുകള്‍ കേള്‍ക്കാനും എഴുതിയെടുക്കാനും കഴിയുന്നു. പാരായണം കുറഞ്ഞാല്‍ പഠിക്കാന്‍ പ്രയാസം നേരിടുന്നു.'

 ‘‘നിങ്ങള്‍ക്കു മുമ്പുള്ളവര്‍ ക്വുര്‍ആനിനെ അല്ലാഹുവിന്റെ സന്ദേശമായിക്കണ്ടു. രാവുകളില്‍ അത് വിചിന്തനം ചെയ്തും പകല്‍ അത് പരിശോധിച്ചും അവര്‍ സമയം ചെലവിട്ടു'' (അല്‍ഹസന്‍ ബിന്‍ അലി).

‘‘ഹൃദയം ശുദ്ധമാണെങ്കില്‍ ക്വുര്‍ആന്‍ പാരായണത്തില്‍ മതിവരില്ല'' (ഉസ്മാനുബ്‌നു അഫ്ഫാന്‍). ‘‘നിങ്ങള്‍ കവിത പാടുമ്പോലെ ക്വുര്‍ആന്‍ പാരായണം ചെയ്യരുത്. ചീത്ത കാരക്ക ചൊരിയുന്നത് പോലെ വിതറുകയും അരുത്. അതിന്റെ അത്ഭുതങ്ങള്‍ക്കു മുമ്പില്‍ ചിന്താനിമഗ്‌നരാവുക. അതുകൊണ്ടു ഹൃദയത്തെ ചലിപ്പിക്കുക. ഹൃദയത്തെ ഉത്തേജിപ്പിക്കുക. അവസാനത്തെ സൂറത്തില്‍ ഓടിയെത്തലാവരുത് നിങ്ങളുടെ ലക്ഷ്യം'' (ഇബ്‌നു മസ്ഊദ്).

 ഒരാള്‍ ഉബയ്യുബിന്‍ കഅ്ബിനോട് പറഞ്ഞു: ‘എനിക്ക് ഉപദേശം തരണം.' അദ്ദേഹം പറഞ്ഞു: ‘നീ അല്ലാഹുവിന്റെ ഗ്രന്ഥത്തെ ഇമാമാക്കുക. അതിനെ വിധികര്‍ത്താവായി തൃപ്തിപ്പെടുക. അതാണ് നിങ്ങള്‍ക്ക് ദൂതന്‍ വിട്ടേച്ചുപോയത്. അതു ശുപാര്‍ശകനാണ്. അനുസരിക്കപ്പെടേണ്ടതും സംശയിക്കപ്പെടാത്ത സാക്ഷിയുമാണത്. അതില്‍ നിങ്ങളുടെയും പൂര്‍വികരുടെയും ചരിത്രമുണ്ട്. നിങ്ങള്‍ക്കും ശേഷം വരുന്നവര്‍ക്കുമാവശ്യമായ ഉല്‍ബോധനവും വിധിയും വൃത്താന്തവുമാണത്.'

‘‘ക്വുര്‍ആന്‍ വിജ്ഞാന കുതുകികളുടെ പൂന്തോട്ടമാണ്. അവര്‍ക്ക് ആ തോട്ടത്തില്‍ എവിടെ ചെന്നാലും ഉല്ലാസമായിരിക്കും'' (മുഹമ്മദ് ബിന്‍ വാസിഅ്). ‘‘നിങ്ങള്‍ ക്വുര്‍ആന്‍ മുറുകെപ്പിടിക്കുക. അത് ബുദ്ധിയുടെ ഗ്രാഹ്യതയാണ്. ജ്ഞാനത്തിന്റെ പ്രകാശവും ഉറവിടവുമാണ്; അവസാന ദൈവികഗ്രന്ഥവും'' (കഅ്ബുല്‍ അഹ്ബാര്‍).

‘‘മൂന്നു കാര്യങ്ങളില്‍ നിങ്ങള്‍ ജീവിത മാധുര്യം തിരക്കുക; നമസ്‌കാരത്തില്‍, ക്വുര്‍ആനില്‍, ദൈവസ്മരണയില്‍. നിങ്ങള്‍ മാധുര്യം കണ്ടെത്തിയാല്‍ സന്തോഷത്തോടെ മുന്നോട്ടുപോവുക. മാധുര്യം കാണാനായില്ലെങ്കില്‍ ഉറപ്പിക്കുക, തന്റെ കവാടം പൂട്ടിക്കിടക്കുകയാണ്'' (ഹസനുല്‍ബസ്വരി).

 ‘‘അതുകൊണ്ടു നിങ്ങളുടെ ഹൃദയത്തെ ജീവസ്സുറ്റതാക്കുക, അതുകൊണ്ടു നിങ്ങളുടെ ഭവനങ്ങളെ സജീവമാക്കുക-അഥവാ ക്വുര്‍ആന്‍കൊണ്ട്'' (ക്വതാദ).

‘‘ഹൃദയങ്ങള്‍ എന്നത് ആവനാഴികളാണ്. അവയെ ക്വുര്‍ആന്‍കൊണ്ട് നിറക്കുക. മറ്റൊന്നും നിറക്കാതിരിക്കുക'' (ഇബ്‌നുമസ്ഊദ്).

‘‘നിങ്ങള്‍ ക്വുര്‍ആന്‍ മുറുകെ പിടിക്കുക. അത് പഠിക്കുകയും നിങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യുക. കാരണം ആ ക്വുര്‍ആനിനെക്കുറിച്ചു നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. അതുമുഖേന നിങ്ങള്‍ക്കു പ്രതിഫലവും കിട്ടും. ചിന്തിക്കുന്നവര്‍ക്ക് ഉപദേശകനായി ക്വുര്‍ആന്‍ മതി'' (അബ്ദുല്ലാഹ് ബിന്‍ ഉമര്‍).

‘‘നീയാവട്ടെ മറ്റുള്ളവരാവട്ടെ, അല്ലാഹുവിനോട് എത്ര സ്‌നേഹമുള്ളവനാണെന്നറിയാന്‍ തന്റെ ഹൃദയത്തില്‍ ക്വുര്‍ആനിനോട് എത്ര സ്‌നേഹമുണ്ടെന്നു പരിശോധിച്ചാല്‍ മതി'' (ഇബ്‌നുല്‍ ക്വയ്യിം).