അയൽക്കാരന്റെ അവകാശങ്ങൾ

ഡോ. ടി. കെ യൂസുഫ്

2022 ജൂൺ 04, 1442 ദുൽഖഅദ 03

മനുഷ്യൻ ഒരു സാമൂഹ്യജീവിയായതുകൊണ്ട് അയൽപക്ക സഹകരണമില്ലാതെ അവന് ജീവിതം അസാധ്യമാണ്. അതുകൊണ്ട്തന്നെ ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുർആനും സുന്നത്തും അയൽക്കാരന്റെ അവകാശങ്ങളെക്കുറിച്ച് അനവധി സ്ഥലങ്ങളിൽ പ്രതിപാദിക്കുന്നതായി കാണാം. ക്വുർആനിൽ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ആജ്ഞാപിക്കുന്ന വചനത്തിൽതന്നെ അതിനോട് അനുബന്ധമായി അയൽക്കാരന്റെ കാര്യവും പരാമർശിക്കുന്നുണ്ട്.

“നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക’’ (ക്വുർആൻ 4:36).

അയൽക്കാരെ ഈ വചനത്തിൽ രണ്ടായി തരംതിരിച്ചതായി കാണാം. ഒന്ന് കുടുംബബന്ധമുളള അയൽക്കാർ, രണ്ടാമത്തേത് കുടുംബബന്ധമില്ലാത്ത അയൽക്കാർ. അയൽക്കാരൻ കുടുംബബന്ധമുളളവൻ കൂടിയാകുമ്പോൾ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച കുടുംബബന്ധം ചേർക്കുക എന്ന കടമയും അയൽപക്ക ബന്ധത്തിൽ ഉൾപെടുന്നുണ്ട്.

അയൽപക്കത്തിന്റെ പരിധി എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്നതും ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇമാം ബുഖാരി പറയുന്നു: ‘അയൽപക്കം എന്നാൽ നിന്റെ വീടിന്റെ മുന്നിലെ നാൽപത് വീടുകളും പിന്നിലെ നാൽപത് വീടുകളും വലതുവശത്തെ നാൽപത് വീടുകളും ഇടതുവശത്തെ നാൽപത് വീടുകളുമാണ്.’ ഈ പരിധി നിർണയത്തിന് തെളിവായി ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നുണ്ട്.

നബി ﷺ യുടെ അടുക്കൽ ഒരാൾ വന്നിട്ട് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഞാൻ ഇന്നവന്റെ സ്ഥലത്ത് താമസമാക്കിയിട്ടുണ്ട്. അയൽപക്കത്തിൽ എന്നോട് ഏറ്റവും പഴക്കമുളളവനാണ് അവരിൽ എനിക്ക് ഏറ്റവും ഉപദ്രവമുളളത്.’’ അപ്പോൾ നബി ﷺ  അബൂബക്കർ(റ), ഉമർ(റ), അലി(റ) എന്നിവരെ നിയോഗിച്ചു. അവരോട് പളളിയിൽ ചെന്ന് അതിന്റെ കവാടത്തിൽ വെച്ച് ഇപ്രകാരം മൂന്നുതവണ വിളിച്ചു പറയാൻ കൽപിച്ചു: ‘അറിയുക, നാൽപത് വീടുകൾ അയൽപക്കമാണ്. ആരുടെയെങ്കിലും അയൽക്കാരൻ ഒരാളുടെ ഉപദ്രവം ഭയപ്പെടുന്നുവെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല’’ (ത്വബ്‌റാനി).

അയൽപക്കബന്ധത്തിന് ഈ രൂപത്തിൽ ഒരു പരിധി നിശ്ചയിക്കുകയും അയൽക്കാരന്റെ ഉപദ്രവത്തിൽനിന്ന് രക്ഷപ്പെടാത്തവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടുകൂടി മുഴുവൻ ജനങ്ങൾക്കും സുരക്ഷിതരായി ജീവിക്കാനുളള വഴിയൊരുക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുളളത്. അയൽപക്കബന്ധത്തിന് പരിധി നിശ്ചയിച്ചപ്പോൾ വിശ്വാസി, അവിശ്വാസി എന്ന വേർതിരിവ് നടത്തിയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. നമ്മുടെ വീടിന് ചുറ്റുമുളള നാൽപത് വീടുകൾ എന്ന് മാത്രമാണ് ഹദീസിൽ വ്യക്തമാക്കിയിട്ടുളളത്. ഒരു വിശ്വാസിയുടെ വീടിന്റെ അയൽപക്ക പരിധി അവസാനിക്കുന്നിടത്ത് മറ്റൊരു വിശ്വാസിയുടെ വീട് ആരംഭിക്കുന്നുണ്ടെങ്കിൽ ഈ സംരക്ഷണ പരിധി നീണ്ടു പോകുകയും നാട്ടിലെ മുഴുവൻ ജനങ്ങൾക്കും സുരക്ഷിതത്വം ലഭിക്കുകയും ചെയ്യും.

അയൽക്കാരുടെ കൂട്ടത്തിൽ നല്ലവരും ചീത്തയുമായ ആളുകളുണ്ടാകും. നല്ല അയൽക്കാരന്റെ ഗുണങ്ങൾ ഇസ്‌ലാമിക അധ്യാപനങ്ങളിൽ പ്രകീർത്തിക്കപ്പെട്ടതാണ്. എന്നാൽ ചീത്ത അയൽപക്കത്തിൽനിന്നും എല്ലാവരും ശരണം തേടുകയാണ് ചെയ്യാറുളളത്. നല്ല അയൽക്കരൻ ആരാണ് എന്നതിനുളള നിർവചനവും ഹദീസുകളിൽ വന്നിട്ടുണ്ട്. നബി ﷺ  പറഞ്ഞു:

“കൂട്ടൂകാരിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഉത്തമൻ തന്റെ കൂട്ടുകാരന് ഏറ്റവും ഉത്തമനായവനാണ്. അയൽക്കാരിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഉത്തമൻ തന്റെ അയൽക്കാരന് ഏറ്റവും ഉത്തമനായവനാണ്’’ (തിർമുദി).

അയൽക്കാരനെ ആദരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ വിഷയത്തിൽ വന്ന ഹദീസുകളെല്ലാം അതാണ് വ്യക്തമാക്കുന്നത്. നബി ﷺ  പറഞ്ഞു:

“ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തന്റെ അയൽക്കാരെ ആദരിക്കട്ടെ’’ (ബുഖാരി).

മറ്റൊരു റിപ്പോർട്ടിൽ വന്നത് ഇപ്രകാരമാണ്: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തന്റെ അയൽക്കാരനോട് നന്മചെയ്യട്ടെ’’ (മുസ്‌ലിം).

ഇതേ ആശയം തന്നെ മറ്റൊരു റിപ്പോർട്ടിൽ വന്നത് ഇപ്രകാരമാണ്: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തന്റെ അയൽക്കാരനെ ഉപദ്രവിക്കാതരിക്കട്ടെ’’ (ബുഖാരി).

അയൽക്കാരനെ ഉപദ്രവിക്കാതിരിക്കുന്നതുപോലെ തന്നെ അവന്റെ അടുക്കൽനിന്ന് നേരിടേണ്ടിവരുന്ന ഉപദ്രവങ്ങൾ നാം ക്ഷമിക്കുകയും ചെയ്യേണ്ടതുണ്ട്. അക്കാര്യവും നബി ﷺ  പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. ആഇശ(റ) പറയുകയാണ്: “നബി ﷺ  ഒരു ദിവസം എന്റെ വീട്ടിലായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിനുവേണ്ടി ബാർലികൊണ്ട് റൊട്ടിയുണ്ടാക്കി വെച്ചു. വളരെ തണുപ്പുളള ഒരു രാത്രിയായത് കൊണ്ട് തിരുമേനി എന്റെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു. അപ്പോൾ ഞങ്ങളുടെ അയൽക്കാരന്റെ വീട്ടിൽ വളർത്തുന്ന ഒരു ആട് കടന്നുവന്ന് ആ റൊട്ടി എടുത്ത് കൊണ്ടുപോയി. ഞാൻ അസ്വസ്ഥയായി. അപ്പോൾ നബി ﷺ  ഉണർന്നു. ഞാൻ വാതിൽക്കലേക്ക് ആടിന്റെ പിന്നാലെ ഓടി. അപ്പോൾ നബി ﷺ  പറഞ്ഞു: ‘നിന്റെ റൊട്ടിയിൽനിന്ന് നിനക്ക് കിട്ടിയത് എടുത്തുകൊളളുക. ആടിന്റെ കാര്യത്തിൽ നീ നിന്റെ അയൽക്കാരനെ ഉപദ്രവിക്കരുത്’’ (അദബുൽ മുഫ്‌റദ്, ബുഖാരി).

വളരെ തണുപ്പുളള രാത്രിയിൽ തന്റെ അത്താഴം മുടക്കിയ ആടിന്റെ ഉടമ തന്റെ അയൽക്കാരനായത് കൊണ്ടാണ് പ്രവാചകൻ സംയമനം പാലിക്കാൻ പ്രിയ പത്‌നിയോട് ആവശ്യപ്പെട്ടത്. അയൽക്കാരന്റെ ശല്യവും ഉപദ്രവവും ക്ഷമിക്കാൻ ആജ്ഞാപിക്കുന്ന വേറെയും വചനങ്ങൾ നമുക്ക് കാണാൻ കഴിയും.

ഇമാം അബൂഹനീഫ(റഹി)ക്ക് ഒരു ചീത്ത അയൽക്കാരനുണ്ടായിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും ഉപദ്രവം അദ്ദേഹത്തിന് അയാളിൽനിന്ന് ഏൽക്കേണ്ടിവന്നിരുന്നു. ഒരു ദിവസം പതിവുപോലെ ശല്യം ചെയ്യുന്ന അയൽക്കാരനെ കാണാതായപ്പോൾ അബൂഹനീഫ അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അപ്പോൾ അദ്ദേഹത്തെ എന്തോ കുറ്റത്തിന് ജയിലിലടച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഉടന അബൂഹനീഫ ജയിലധികൃതരുമായി ബന്ധപ്പെട്ട് ശുപാർശ പറഞ്ഞ് അയാളെ മോചിപ്പിച്ചു. ജയിൽമോചിതനായ പ്രതി തന്നെ പുറത്തിറക്കാൻ ആരാണ് പരിശ്രമിച്ചത് എന്ന് അന്വേഷിക്കുകയും അബൂഹനീഫയാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുകയു ചെയ്തു.

അയൽക്കാരന്റെ ഉപദ്രവത്തിൽനിന്ന് രക്ഷ തേടാൻ വേണ്ടി നബി ﷺ  കൽപിച്ചതായി നമുക്ക് ഹദീസുകളിൽ കാണാം.

“മൂന്ന് വിപത്തുകളിൽനിന്ന് നിങ്ങൾ അല്ലാഹുവിനോട് ശരണം തേടുക. നിങ്ങൾ ചീത്ത അയൽക്കാരന്റെ അയൽപക്കത്തിൽനിന്നും അല്ലാഹുവിനോട് രക്ഷതേടുക, അവൻ വല്ല നന്മയും കണ്ടാൽ അത് മറച്ചുവെക്കും, അവൻ വല്ല തിന്മയും കണ്ടാൽ അത് പ്രചരിപ്പിക്കും. ചീത്ത ഭാര്യയിൽനിന്ന് നിങ്ങൾ അല്ലാഹുവോട് രക്ഷചോദിക്കുക, നീ അവളുടെ അടുത്ത് ചെന്നാൽ അവൾ നിന്നെ നാവുകൊണ്ട് ഉപദ്രവിക്കും, നിന്റെ അഭാവത്തിൽ അവൾ നിന്നെ വഞ്ചിക്കും, ചീത്ത നേതാവിൽനിന്നും നിങ്ങൾ അല്ലാഹുവിനോട് രക്ഷ ചോദിക്കുക, നീ അവന് നന്മ ചെയ്താൽ അവൻ അത് സ്വീകരിക്കുകയില്ല, തിന്മ ചെയ്താൽ അവൻ നിനക്ക് വിട്ടുവീഴ്ച ചെയ്ത് തരികയുമില്ല’’ (ശുഅബുൽ ഈമാൻ).

അയൽവാസിക്ക് വേണ്ടി നാം ചെയ്യുന്ന ഗുണങ്ങൾ അവൻ കണ്ടില്ലെന്ന് നടിക്കുന്നത് വലിയ നന്ദികേടാണ്. അതുപോലെ അസൗകര്യങ്ങൾ വല്ലതും നേരിടേണ്ടിവന്നാൽ അത് പെരുപ്പിച്ച് കാണിക്കുകയും ചെയ്യാൻ പാടില്ലെന്നാണ് മുകളിൽ വിവരിച്ച ഹദീസ് വ്യക്തമാക്കുന്നത്.

അയൽക്കാർക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കുന്ന നിരവധി തിരുവചനങ്ങളുണ്ട്. അയൽക്കാരനിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ എത്ര നിസ്സാരമാണെങ്കിലും അതിനെ അവമതിക്കരുതെന്നും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.

“അല്ലയോ മുസ്‌ലിം സ്ത്രീകളേ, നിങ്ങളിൽ ഒരു അയൽക്കാരിയും മറ്റൊരു അയൽക്കാരിയെ നിസ്സാരമായി ഗണിക്കരുത്; ഒരു ആടിന്റെ കുളമ്പ് പാരിതോഷികമായി നൽകിയാലും’’ (ബുഖാരി).

സാധാരണഗതിയിൽ ഒരു അയൽക്കാരനും മറ്റൊരു അയൽക്കാരന് ഒരു ആടിന്റെ കുളമ്പ് പാരിതോഷികമായി നൽകാറില്ല. അറബികളെ സംബന്ധിച്ചേടത്തോളം അവർ ഒരു ആടിന്റെ നാലിലൊന്ന് പോലും മറ്റൊരാൾക്ക് നൽകാൻ മടി കാണിക്കാറുണ്ട്. കേവലം ആടിന്റെ കുളമ്പ് എന്നല്ല എത്ര നിസ്സാരമായ വസ്തുവാണെങ്കിലും അത് സന്തോഷപൂർവം സ്വീകരിക്കുകയാണ് വേണ്ടത്.

നമ്മുടെ വീടുകളിൽ വിശിഷ്ട ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോഴും രുചികരമായ വസ്തുക്കൾ വാങ്ങുമ്പോഴും അയൽക്കാരെ വിസ്മരിക്കരുത്. അയൽപക്ക മര്യാദകളെക്കുറിച്ചും ബാധ്യതകളെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്:

“ആരെങ്കിലും തന്റെ സമ്പത്തിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഭയപ്പെട്ടുകൊണ്ട് അയൽക്കാരന്റെ മുന്നിൽ വാതിലടച്ചാൽ ആ അയൽക്കാരൻ വിശ്വാസിയല്ല. ഒരാളുടെ ഉപദ്രവത്തിൽനിന്ന് അയൽക്കാരൻ രക്ഷപ്പെടുന്നില്ലെങ്കിൽ അവൻ വിശ്വാസിയല്ല. അയൽക്കാരന്റെ അവകാശമെന്തെന്ന് നിനക്കറിയുമോ ? അവൻ നിന്നോട് സഹായം തേടിയാൽ നീ അവനെ സഹായിക്കണം. അവൻ നിന്നോട് കടം ചോദിച്ചാൽ നീ അവന് കടം കൊടുക്കണം, അവന് ആവശ്യം നേരിട്ടാൽ നീ അത് നിറവേറ്റിക്കൊടുക്കണം, അവൻ രോഗിയായാൽ നീ അവനെ സന്ദർശിക്കണം, അവന് വല്ല നന്മയും ലഭിച്ചാൽ നീ അവനെ അഭിനന്ദിക്കണം, അവന് വല്ല ആപത്തും ബാധിച്ചാൽ നീ അവനെ ആശ്വസിപ്പിക്കണം, അവൻ മരിച്ചാൽ അവന്റെ ജനാസയെ പിന്തുടരണം, അവന്റെ അനുമതിപ്രകാരമല്ലാതെ അവന്റെ വീട്ടിലേക്കുളള കാറ്റിനെ തടയുന്നവിധം നീ കെട്ടിടം ഉയർത്തരുത്, നീ പാകം ചെയ്തതിൽനിന്ന് അവന് നൽകാത്ത പക്ഷം നിന്റെ വറചട്ടിയുടെ ഗന്ധംകൊണ്ട് അവനെ ബുദ്ധിമുട്ടിക്കരുത്, നീ പഴം വാങ്ങിയാൽ അവന് നൽകണം, നീ അപ്രകാരം ചെയ്യുന്നില്ലെങ്കിൽ നീ അത് രഹസ്യമായി വീട്ടിലേക്ക് കൊണ്ടുവരണം, അവന്റെ കുട്ടിക്ക് ഈർഷ്യതോന്നുംവിധം നിന്റെ കുട്ടി അതുമായി പുറത്ത് പോകരുത്, അയൽക്കാരന്റെ അവകാശം എന്തെന്ന് നിങ്ങൾക്കറിയുമോ? എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, അല്ലാഹു അനുഗ്രഹിച്ച അൽപം ചിലരല്ലാതെ അയൽക്കാരന്റെ അവകാശം പ്രാപിക്കുകയില്ല.’ അദ്ദേഹം അയൽക്കാരെക്കുറിച്ച് അവരോട് ഉപദേശിച്ചുകൊണ്ടേയിരുന്നു. അവന് അനന്തരാവകാശം നൽകുമോ എന്ന് അവർ വിചാരിക്കുന്നത് വരെ’’ (ത്വബ്‌റാനി).

ആഹാര വസ്തുക്കൾ അയൽക്കാരന് നൽകാൻ പ്രേരിപ്പിക്കുന്ന വേറെയും തിരുവചനങ്ങളുണ്ട്: അബൂദർറിൽനിന്ന് നിവേദനം, നബി ﷺ  പറഞ്ഞു: “നീ കറി പാകം ചെയ്താൽ അതിൽ വെള്ളം വർധിപ്പിക്കുകയും പിന്നെ അയൽവീടുകളെ നോക്കി അവർക്ക് അതിൽനിന്ന് നല്ലനിലയിൽ നൽകുകയും ചെയ്യുക’’ (മുസ്‌ലിം).

അധികം അയൽക്കാർ ഉണ്ടാകുമ്പോൾ ഏറ്റവും അടുത്തവർക്കാണ് കൂടുതൽ പരിഗണന നൽകേണ്ടത്. ആഇശ(റ)യിൽനിന്ന് നിവേദനം, അവർ പറയുകയാണ്: “ഞാൻ നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്ക് രണ്ട് അയൽക്കാരുണ്ട്. അവരിൽ ആരെക്കൊണ്ടാണ് ഞാൻ ആരംഭിക്കേണ്ടത്?’ അദ്ദേഹം പറഞ്ഞു: ‘അവരിൽ വാതിൽ ഏറ്റവും അടുത്തവരെക്കൊണ്ടാണ് ആരംഭിക്കേണ്ടത്’’ (അബൂദാവൂദ്).

വളരെ പരിമിതമായ സ്ഥലങ്ങളിൽ ജനങ്ങൾ ചേരികളിലായി തിങ്ങിത്താമസിക്കുന്ന അവസ്ഥയാണ് ഇന്ന് പല രാജ്യങ്ങളിലും നിലവിലുളളത്. കേരളം പോലുളള അപൂർവം സ്ഥലങ്ങളിൽ മാത്രമാണ് ജനങ്ങൾ ഇടവിട്ട വീടുകളിൽ താമസിക്കുന്നത്. തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിൽ ഒരാളുടെ വീടിന്റെ കഴുക്കോൽ ചിലപ്പോൾ അപരന്റെ വീടിന്റെ ചുമർവരെ എത്താനിടയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അയൽക്കാരന്റെ വീട് നിർമാണത്തിന് അനിവാര്യമായ സഹകരണങ്ങൾ നൽകണമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. നബി ﷺ  പറഞ്ഞു: “ഒരു അയൽക്കാരനും തന്റെ അയൽക്കാരന്റെ മരക്കഷ്ണം സ്വന്തം ചുമരിൽ ഊന്നിവെക്കുന്നത് തടയാൻ പാടില്ല’’ (ബൂഖാരി).

മറ്റൊരു ഹദീസിൽ വന്നത് ഇപ്രകാരമാണ്, നബി ﷺ  പറഞ്ഞു: “നിങ്ങളിൽ ഒരാളുടെ അയൽക്കാരൻ അവനോട് തന്റെ ചുമരിൽ ഒരു മരക്കഷണം നാട്ടിവെക്കാൻ അനുവാദം ചോദിച്ചാൽ അവൻ അത് തടയരുത്’’ (ബുഖാരി, മുസ്‌ലിം).

അയൽക്കാർക്ക് ഉപകാരം ചെയ്യുന്നത് പ്രതിഫലാർഹമാകുന്നത് പോലെ അവരോട് വല്ല തെറ്റും ചെയ്യുന്നത് പതിന്മടങ്ങ് ശിക്ഷക്ക് കാരണമായിത്തീരും. ഇക്കാര്യവും ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

നബി ﷺ  തന്റെ അനുചരന്മാരോട് ചോദിച്ചു: ‘വ്യഭിചാരത്തെക്കുറിച്ച് നിങ്ങൾ എന്താണ് പറയുന്നത്?’ അവർ പറഞ്ഞു: ‘അല്ലാഹുവും അവന്റെ ദുതനും അത് വിരോധിച്ചിട്ടുണ്ട്. അന്ത്യദിനംവരെ അത് നിഷിദ്ധവുമായിരിക്കും.’ അപ്പോൾ നബി ﷺ  തന്റെ അനുചരന്മാരോട് പറഞ്ഞു: ‘ഒരാൾ പത്ത് സ്ത്രീകളെ വ്യഭിചരിക്കുന്നതാണ് അവന്റെ അയൽക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നതിനെക്കാൾ (ശിക്ഷയിൽ) അവന് ലളിതമായിട്ടുളളത്.’ പിന്നീട് നബി ﷺ  ചോദിച്ചു: ‘മോഷണത്തെക്കുറിച്ച് നിങ്ങൾ എന്താണ് പറയുന്നത്.?’ ‘അല്ലാഹുവും റസൂലും അത് നിഷിദ്ധമാക്കിയിട്ടുണ്ട്. അത് നിഷിദ്ധമാണ്.’ നബി ﷺ  പറഞ്ഞു: ‘ഒരാൾ പത്ത് വീടുകളിൽനിന്ന് മോഷ്ടിക്കുന്നതാണ് അയൽക്കാരന്റെത് മോഷ്ടിക്കുന്നതിനെക്കൾ (ശിക്ഷയിൽ) അവന് ലളിതമായിട്ടുളളത്’ (ത്വബ്‌റാനി).

അയൽക്കാരെ ഉപദ്രവിക്കുന്നവർ എത്ര ആരാധനാ കർമങ്ങൾ ചെയ്താലും എന്ത് പുണ്യകർമങ്ങൾ ചെയ്താലും സ്വർഗത്തിൽ പ്രവേശിക്കുകയില്ല എന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, അവർ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഇന്നവൾ പകൽ നോമ്പ് അനുഷ്ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്യുന്നു. അയൽക്കാരെ ഉപദ്രവിക്കുകയും ചെയ്യുന്നു.’ നബി ﷺ  പറഞ്ഞു: ‘അവൾ നരകത്തിലാണ്.’ അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഇന്നവൾ നിർബന്ധ നമസ്‌കാരങ്ങൽ നിർവഹിക്കുന്നു. പാൽക്കട്ടിയുടെ കഷ്ണങ്ങൾ ദാനം ചെയ്യുന്നു. അയൽക്കാരെ ദ്രോഹിക്കുന്നില്ല.’ നബി ﷺ  പറഞ്ഞു: ‘അവൾ സ്വർഗത്തിലാണ്’ (ഇബ്‌നു ഹിബ്ബാൻ).

അയൽക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് ഏറ്റവും ഭയങ്കരമായ ശിക്ഷകളിൽ മൂന്നാമതായിട്ടാണ് റസൂൽ ﷺ  എണ്ണിയിട്ടുളളത്. അബ്ദുല്ല(റ)യിൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “ഞാൻ നബി ﷺ യോട് ചോദിച്ചു: ‘ഏത് പാപമാണ് ഏറ്റവും ഭയങ്കരമായട്ടുളളത്?’ നബി ﷺ  പറഞ്ഞു: ‘നീ അല്ലാഹുവിന് തുല്യനെ ഉണ്ടാക്കുക, അവൻ നിന്നെ സൃഷ്ടിച്ചവനായിരിക്കെ അത് ഭയങ്കരം തന്നെയാണ്.’ ഞാൻ ചോദിച്ചു: ‘പിന്നെ എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘നീ നിന്റെ കുഞ്ഞിനെ കൊല്ലുക, അവൻ നിന്റെ കൂടെ ഭക്ഷണം കഴിക്കുമെന്ന് ഭയപ്പെട്ട്.’ ഞാൻ ചോദിച്ചു: ‘പിന്നെ എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘നീ നിന്റെ അയൽക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുക’ (ബുഖാരി).

അയൽക്കാരന്റെ ഭാര്യയുമായി സദാചാര മര്യാദ പുലർത്തുന്ന കാര്യത്തിൽ ജാഹിലിയ്യ അറബികൾ പോലും മാതൃകയാണ്. കാരണം അയൽക്കാരന്റെ ഭാര്യ തനിച്ച് വീട്ടിലാകുന്ന അവസരത്തിൽ അവർ അയൽപക്ക സന്ദർശനംപോലും ഒഴിവാക്കിയിരുന്നു.

അയൽക്കാരോട് ആലോചിക്കാതെ നാം ഭൂമി വിൽക്കുകപോലും ചെയ്യരുതെന്നാണ് അല്ലാഹുവിന്റെ ദൂതൻ ﷺ  പഠിപ്പിക്കുന്നത്. നബി ﷺ  പറഞ്ഞു: “നിങ്ങൾ ആരെങ്കിലും ഭൂസ്വത്ത് വിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ തന്റെ അയൽക്കാരനോട് അനുവാദം ചോദിക്കാതെ വിൽക്കരുത്’’ (ഇബ്‌നുമാജ).

നല്ല അയൽക്കാരന് ജീവിത സൗഭാഗ്യത്തിൽ പ്രഥമ സ്ഥാനമാണ് പ്രവാചകൻ ﷺ  നൽകിയിട്ടുളളത്. നബി ﷺ  പറഞ്ഞു: “ഒരു മനുഷ്യന്റെ സൗഭാഗ്യത്തിൽ പെട്ടതാണ് നല്ല അയൽക്കാരൻ, നല്ല വാഹനം, വിശാലമായ വീട്’’ (അഹ്‌മദ്).

ഒരാൾ തനിക്ക് ഇഷ്ടപ്പെടുന്നതെല്ലാം അയൽക്കാരനും ഇഷ്ടപ്പെടേണ്ടതുണ്ട്. നബി ﷺ  പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം! ഒരു ദാസൻ താൻ ഇഷ്ടപ്പെടുന്നത് തന്റെ അയൽക്കാരന് അല്ലെങ്കിൽ സഹോദരന് ഇഷ്ടപ്പെടുന്നതുവരെ വിശ്വാസിയാകുകയില്ല’’ (മുസ്‌ലിം).

‘അയൽക്കാരൻ പട്ടിണികിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല’ എന്ന തിരുവചനം വളരെ പ്രസിദ്ധമാണ്. നബിഫസ്വ) പറഞ്ഞു: “തന്റെ അരികിലുളള അയൽക്കാരൻ പട്ടിണികിടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് വയറുനിറച്ച് രാത്രി കഴിച്ചുകൂട്ടുന്നവൻ എന്നിൽ വിശ്വസിച്ചിട്ടില്ല’’ (ത്വബ്‌റാനി).

അവകാശങ്ങളുടെ കാര്യത്തിൽ അയൽക്കാർ മൂന്ന് വിഭാഗമാണെന്നാണ് നബി ﷺ  പഠിപ്പിക്കുന്നത്. “അയൽക്കാർ മൂന്നുതരമാണ്: അവരിൽ മൂന്ന് അവകാശങ്ങൾ ഉളളവരുണ്ട്, അവരിൽ രണ്ട് അവകാശങ്ങൾ ഉളളവരുണ്ട്, അവരിൽ ഒരു അവകാശമുളളവരുണ്ട്. മൂന്ന് അവകാശമുളളവർ അടുത്ത ബന്ധമുളള മുസ്‌ലിമായ അയൽക്കാരനാണ്. അവന് അയൽക്കാരന്റെ അവകാശവും ഇസ്‌ലാമിന്റെ അവകാശവും കുടുംബബന്ധത്തിന്റെ അവകാശവുമുണ്ട്. രണ്ട് അവകാശമുളളവൻ മുസ്‌ലിമായ അയൽക്കാരനാണ്. അവന് അയൽപക്കത്തിന്റെയും ഇസ്‌ലാമിന്റെയും അവകാശമുണ്ട്. ഒരു അവകാശമുളളവൻ അവിശ്വാസിയാണ്. അവന് അയൽക്കാരന്റെ അവകാശമുണ്ട്’’ (ത്വബ്‌റാനി).