ജീവിതവിശുദ്ധിയുടെ ഇസ്‌ലാമിക പാഠങ്ങൾ - 2

ഉസ്മാന്‍ പാലക്കാഴി

2022 മെയ് 14, 1442 ശവ്വാൽ 12

ദൈവിക മാർഗദർശനം സ്വീകരിക്കൽ, സ്വീകരിക്കുമ്പോൾ ആവശ്യമായി വരുന്ന പരിവർത്തനങ്ങൾ, ആ പരിവർത്തനങ്ങളുടെ നേട്ടങ്ങൾ, ദൈവിക മാർഗദർശനം സ്വീകരിക്കാതിരിക്കുന്നതിന്റെ പ്രേരണകൾ, ആ സമീപനത്തിന്റെ അനിവാര്യഫലങ്ങൾ എന്നിവയൊക്കെ ഉപരിസൂചിത വചനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ദൈവിക മാർഗദർശനം സ്വീകരിക്കുന്നത് വ്യക്തികളിൽ പരിവർത്തനമുണ്ടാകുവാനാണ്. മനസ്സിൽ നിന്നുമാണ് പരിവർത്തനത്തിന്റെ ആരംഭം. വിശ്വസിക്കേണ്ട കാര്യങ്ങളിൽ വിശ്വസിക്കുക എന്നത് പരിവർത്തനത്തിനുള്ള മാനസികമായ മുന്നൊരുക്കമാണ്.

സ്വാഭാവികമായും സത്യത്തിന്റെ ആഗമനത്തോടെ അസത്യത്തിന്റെ ചേരി വേർതിരിയും. അവർ അവരുടെ ദുർബുദ്ധിയുടെയും തെറ്റായ യുക്തികളുടെയും അടിസ്ഥാനത്തിലുള്ള എതിർവാദങ്ങൾ ഉന്നയിക്കും. കള്ളക്കഥകൾ കെട്ടിച്ചമയ്ക്കുകയും തങ്ങൾ അനുവർത്തിക്കുന്ന തിന്മകളിൽ പിടിച്ചുനിൽക്കുവാനുള്ള ന്യായീകരണങ്ങൾ ആരായുകയും ചെയ്യും. പരിവർത്തനത്തോടുള്ള, ജീവിത വിമലീകരണത്തോടുള്ള വിമുഖതയാണ് ഇത്തരം പ്രവണതകളുടെ പ്രേരണയായി വർത്തിക്കുന്നത്. പരിവർത്തനത്തോട് ആഭിമുഖ്യവും ജീവിതനവീകരണത്തിനുള്ള താൽപര്യവുമുള്ള വ്യക്തികൾ ഒരിക്കലും ദൈവിക മാർഗദർശനത്തോട് വിമുഖരാവുകയില്ല. എന്നാൽ നഷ്ടക്കാരാകാൻ വിധിക്കപ്പെടുകയും അക്രമത്തിന്റെപാത പിന്തുടരുകയും ചെയ്യുന്നവർ പരിവർത്തനം എന്ന ആശയത്തെ വിലമതിക്കുകയില്ലെ ന്നാണ് പൂർവകാല പ്രവാചകന്മാരുടെ ജനതയുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നത്.

പരിവർത്തനത്തിനുള്ള സന്നദ്ധതയെ വിശ്വാസങ്ങളും പ്രതീക്ഷകളുമാണ് പരുവപ്പെടുത്തുന്നത്. തന്റെ ജീവിതവും പ്രവർത്തനങ്ങളും ഈ രീതിയിൽ തുടർന്നാൽ തനിക്ക് വരാൻപോകുന്ന അനുഭവങ്ങൾ എപ്രകാരമായിരിക്കുമെന്ന് ചിന്തിക്കുവാൻ കഴിയുന്നവർക്ക് മാത്രമെ പരിവർത്തനത്തിന്റെ ആവശ്യകത യഥാവിധി ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ.

മനുഷ്യന്റെ സ്വഭാവനിർണയത്തിൽ അവന്റെ വിശ്വാസത്തിനും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്കും വലിയ പ്രാധാന്യമുണ്ട്. ‘നാളെ’ എന്ന കാലം ‘ഇന്ന്’ എന്ന കാലത്തിന്റെ തുടർച്ചയാണെന്ന് ചിന്തിക്കുന്നവർ മാത്രമെ ഇന്നിനെ ശരിയാംവിധം വിനിയോഗിക്കുകയും നാളെയിലേക്കായി ഇന്നിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുകയുള്ളൂ. പരലോകത്തെ വലിയൊരു നാളെയെക്കുറിച്ചുള്ള വിശ്വാസം ഇഹലോകമാകുന്ന ഇന്നിന്റെ പ്രവർത്തനങ്ങളിൽ നന്മയും പുണ്യവും കാത്തുസൂക്ഷിക്കുവാൻ നിർബന്ധിക്കുന്നതാണ്. എന്നാൽ അത്തരമൊരു വിശ്വാസമില്ലാത്തവർ ദൈവികമാർഗദർശനത്തെ നിരാകരിക്കുകയും സ്വന്തം താൽപര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള വികല വീക്ഷണങ്ങളുടെ പിന്നാലെ പോവുകയും ചെയ്യും. പണ്ടുമുതലേ മാനവരാശിയിൽ നിലനിൽക്കുന്ന ഈ പ്രവണതയെക്കുറിച്ച് ക്വുർആൻ നിരവധി സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. പൂർവകാല ജനസമൂഹങ്ങളുടെ സത്യനിഷേധത്തിനാധാരം ഇത്തരത്തിലുള്ള പ്രവണതകളും പരലോക വിശ്വാസമില്ലായ്മയുമായിരുന്നു. സ്രഷ്ടാവിൽ വിശ്വസിക്കുക എന്നതിന്റെ അനിവാര്യമായ തുടർച്ചയാണ് പരലോകവിശ്വാസം. ദൈവത്തിൽ വിശ്വസിക്കുകയും എന്നാൽ ആ വിശ്വാസം ജീവിതത്തിൽ പ്രതിഫലിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽനിന്ന് മാറ്റമുണ്ടാകുന്നത് പരലോക വിശ്വാസത്തിന്റെ ഫലമായിട്ടാണ്.

നന്മതിന്മകൾക്ക് അർഹമായ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കുക, സൽകർമങ്ങൾ അനുഷ്ഠിക്കുക, തങ്ങളുടെ രക്ഷിതാവിനെ വിനയപൂർവം സ്മരിച്ച് അവങ്കലേക്ക് മടങ്ങുക എന്നിങ്ങനെ പരസ്പരബന്ധിതങ്ങളായ പ്രവൃത്തികർ ചെയ്യുന്നവർ വിജയികളായിരിക്കുമെന്നും; അവർക്ക് ശാശ്വതമായ മ റ്റൊരു ജീവിതകാലം വരാനുണ്ട്, ആ ജീവിതം തീർത്തും ശുഭകരമായിരിക്കുമെന്നുമാണ് 11:23ൽ പറയുന്നത്.

“തീർച്ചയായും വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും തങ്ങളുടെ രക്ഷിതാവിങ്കലേക്ക് വിനയപൂർവം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും’’ (ക്വുർആൻ 11:23).

വിശ്വാസത്തിന്റെ അനിവാര്യമായ പ്രകടനമാണ് ഇവിടെ സൽകർമങ്ങൾ. അപ്രകാരംതന്നെ സ്രഷ്ടാവിനെക്കുറിച്ച് വിനയത്തോടെയും ഭക്തിപൂർവവും സ്മരിക്കുന്നതും വിശ്വാസത്തിന്റെ തുടർച്ചയാണ്. വിശ്വസിക്കുന്നു എന്ന് പറയുകയും, എന്നാൽ അതിന്റെ യാതൊരുവിധ ലക്ഷണവും പ്രവൃത്തിപഥത്തിൽ കാണാതിരിക്കുകയും ചെയ്യുന്നത് വിശ്വാസത്തിന്റെ ദുർബലതയാണ്.

സ്രഷ്ടാവിനെക്കുറിച്ചുള്ള വിനയാന്വിതമായ ചിന്തകളും സ്മരണകളും ജീവിതത്തിന്റെ ശീലമായിക്കഴിഞ്ഞ ഒരാൾ കൃത്യമായും ദൈവികമാർഗദർശനമനുസരിച്ച് തന്റെ ജീവിതത്തിൽ ആവശ്യമായ പരിവർത്തനങ്ങൾ വരുത്തുന്നവനായിരിക്കും. കഴിഞ്ഞ കാലത്തിന്റെ തിന്മകളെ ഭാവികാലത്തിന്റെ ജീവിത ചര്യയാക്കുവാൻ വിശേഷബുദ്ധിയുള്ള മനുഷ്യന് സാധ്യമല്ല. ‘ഇതുവരെ ഞാൻ ജീവിച്ചത് ഇങ്ങനെയൊക്കെയാണ്, ഇവ്വിധമങ്ങ് അവസാനിച്ചാൽ മതി’ എന്നല്ല; ‘ഇവ്വിധമല്ല ഞാൻ എന്റെ സ്രഷ്ടാവിന്റെ വിചാരണദിനത്തിലേക്ക് കടന്നുചെല്ലേണ്ടത്’ എന്നാണ് വിവേകമുള്ള മനുഷ്യൻ ചിന്തിക്കേണ്ടത്. ഈ ചിന്താശേഷിയെ കാഴ്ചയും കേൾവിയുമായിട്ടും ഇതിന്റെ അഭാവത്തെ അന്ധതയും ബധിരതയുമായിട്ടും വിശേഷിപ്പിക്കുന്ന ക്വുർആൻ, 11:24ൽ ജീവിതത്തിൽ പരിവർത്തനം വരുത്തുകയെന്നതും മാർഗദർശനാനുസൃതം ജീവിതത്തെ നവീകരിക്കുക എന്നതും വിവേചനശേഷിയുടെ ലക്ഷണമായി വിശേഷിപ്പിക്കുന്നത് ശ്രദ്ധേയമാണ്:

“ഈ രണ്ട് വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേൾവിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവർ ഇരുവരും ഉപമയിൽ തുല്യരാകുമോ? അപ്പോൾ നിങ്ങൾ ചിന്തിച്ചുനോക്കുന്നില്ലേ?’’ (ക്വുർആൻ, 11:24).

മനുഷ്യരാശിയെ തിന്മയിൽനിന്ന് പൂർണമായി വിമോചിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ ഇസ്‌ലാം ജീവിതത്തിന്റെ സംസ്‌കാരവും ശീലവുമായിത്തീരുമ്പോൾ ഒരാൾക്ക് ഭൂതകാലത്തിന്റെ അടിമയാകേണ്ടിവരുന്നില്ല. എന്നാൽ സ്വയം രക്ഷിക്കുവാനുള്ള അവസരം പാഴാക്കുകയും തന്നെത്തന്നെ വലിയൊരു നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് പശ്ചാത്താപത്തിൽനിന്നും പരിവർത്തനത്തിൽ നിന്നുമുള്ള വിമുഖതയും പിന്നോട്ടുപോക്കും. ഞാൻ എന്റെ സ്രഷ്ടാവിനെ വെല്ലുവിളിക്കുകയാണ് എന്ന ധാർഷ്ഠ്യത്തോടെ ഒരു മനുഷ്യൻ ചെയ്യുന്ന തിന്മകളും ജീവിത പ്രവാഹത്തിന്റെ ഗതിവിഗതികൾക്കിടയിൽ അകപ്പെട്ടുപോകുന്ന യാദൃച്ഛികങ്ങളായ തിന്മകളും തമ്മിൽ ഭിന്നതയുണ്ട്.

തനിക്കൊരു സ്രഷ്ടാവുണ്ട്, അവൻ തന്നെ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുന്നു, അവൻ നൽകിയ അനുഗ്രഹങ്ങൾക്ക് മുകളിലാണ് ഭൂമിയിലെ തന്റെ വാസം, ഒരുനാൾ അവനോട് മറുപടി പറയേണ്ടിവരും എന്നീ കാര്യങ്ങൾ ഓർത്തുകൊണ്ടിരുന്നിട്ടും, ബോധപൂർവം തിന്മകൾ പ്രവർത്തിക്കുന്നവർ സ്രഷ്ടാവിനോടുള്ള വെല്ലുവിളിയുടെ തിക്തഫലം അനുഭവിക്കേണ്ടിവരും. അവരെക്കുറിച്ചുള്ള കണക്കെടുപ്പും വിചാരണയും നടക്കുക നീതിപൂർവകം തന്നെയായിരിക്കും. എന്നാൽ ഈ കടുത്ത നിഷേധത്തിനിടയിലും വീണ്ടുവിചാരത്തിന്റെ മാനസികാവസ്ഥകളിലേക്ക് മനുഷ്യൻ നയിക്കപ്പെടാം. അത്തരം ഘട്ടത്തിൽ താൻ ഇതുവരെ ചെയ്തതൊക്കെയും കടുത്ത ദൈവനിന്ദയാകുന്നു. അതിനാൽ ഇനി രക്ഷയുണ്ടോ എന്ന് സംശയിക്കേണ്ടതില്ല.

(അവസാനിച്ചില്ല)