ആത്മഹത്യ: പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍

ഡോ. ടി. കെ യൂസുഫ്‌

2022 മാർച്ച് 5, 1442 ശഅബാൻ 2

ലോകാരോഗ്യ സംഘടനയുടെ നീരീക്ഷണമനുസരിച്ച് പ്രതിവര്‍ഷം ഒരു മില്യണ്‍ ആളുകളെങ്കിലും പല മാര്‍ഗങ്ങളിലൂടെ ജീവനൊടുക്കുന്നുണ്ട്. ആത്മാഹുതി ചെയ്യുന്നവരുടെ തോത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ജപ്പാന്‍, ചൈന, ഉത്തര യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ അറുപത് ശതമാനംവരെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും പ്രസ്തുത സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മറ്റൊരു കണക്കനുസരിച്ച് ലോക ജനസംഖ്യയിലെ 450 മില്യണ്‍ ആളുകള്‍ മാനസിക രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ 90 ശതമാനവും മാനസികരോഗികളുടെ ഗണത്തില്‍ പെടുന്നവരുമാണ്. ലോകത്തെ സമസ്ത ജനങ്ങളുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുളള സമഗ്ര പരിഹാരം നിര്‍ദേശിക്കാറുളള ഇക്കൂട്ടര്‍  ഈ അപകടകരമായ പ്രതിഭാസത്തിന് ഒരു സമ്പൂര്‍ണ പരിഹാരം കാണാന്‍ തികച്ചും അശക്തരാണ് എന്നതാണ് അത്ഭുതം.

ഒരുവര്‍ഷത്തില്‍ ലോകത്താകമാനം നടക്കുന്ന ആത്മഹത്യയുടെ നാല്‍പത് ശതമാനവും സംഭവിക്കുന്നത് ചൈനയിലും ജപ്പാനിലുമാണ്. യൂറോപിലെ ബാള്‍ട്ടിക് രാജ്യങ്ങളിലാകട്ടെ ഒരു ലക്ഷത്തില്‍ എഴുപത് പേര്‍ എന്ന തോതിലും മറ്റു രാജ്യങ്ങളില്‍ ലക്ഷത്തില്‍ മുപ്പത്തിയഞ്ച് പേര്‍ എന്ന തോതിലും ഈ കടുംകൈ ചെയ്യാന്‍ മുതിരുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമിക നാടുകളിലും മെഡിറ്ററേനിയന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കയിലും ഈ പ്രവണത വളരെ കുറഞ്ഞ തോതില്‍ മാത്രമെ കാണപ്പെടുന്നുളളൂ. ഈ നാടുകളിലെ ജനങ്ങള്‍ ഇസ്‌ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അധ്യാപനങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നതുകൊണ്ടാണ് ഇവര്‍ മരണത്തിലേക്ക് എടുത്തുചാടാന്‍ മടി കാണിക്കുന്നത് എന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍തന്നെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമിക നാടുകളിലെ ജനങ്ങളില്‍ ഒരു ലക്ഷത്തില്‍ ആറു പേര്‍ എന്ന തോതില്‍പോലും സ്വയം ജീവനൊടുക്കുന്നവരായി കാണപ്പെടുന്നില്ല. ആത്മഹത്യ ദൈവകോപത്തിന് വിധേയമാകുന്ന ഒരു അപരാധമായിട്ടാണ് അധിക മതവിശ്വാസികളും കാണുന്നത്. എന്നാല്‍ ആത്മാഹുതി ചെയ്തവരെ അനുഭാവപൂര്‍വം വീക്ഷിക്കുന്നവരും സമൂഹത്തിലുണ്ട്.

ഈ അപകടകരമായ പ്രതിഭാസം വ്യാപകമാകുന്നതിനുളള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് വിഷാദരോഗം പോലുളള മാനസിക പ്രശ്‌നങ്ങളാണ്. ജനിതകമായി തന്നെ ചിലരില്‍ ആത്മഹത്യ പ്രവണത കാണപ്പെടുന്നുണ്ടെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാണ് പിന്നീട് ഈ പ്രതിഭാസത്തിന് ഇരകളാകുന്നത്. കാരണം, സ്ഥിരമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നതിനുളള ശക്തിയും ദുര്‍ബലമാകാറുണ്ട്. ഭൗതിക സുഖസൗകര്യങ്ങള്‍ എമ്പാടുമുളള പാശ്ചാത്യരാജ്യങ്ങളിലെ ആത്മീയപാപ്പരത്തം ആത്മഹത്യയുടെ തോത് വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണമായി വര്‍ത്തിക്കുന്നുണ്ട് എന്ന വസ്തുത ആരും നിഷേധിക്കുന്നില്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സഫലീകരിക്കപ്പെടുന്നവര്‍ക്ക് മതബോധത്തിന്റെ അഭാവത്തില്‍ ഒരു ആത്മീയശൂന്യത അനുഭവപ്പെടാറുണ്ട്. ഇത്തരം ശൂന്യതയും അന്തര്‍സംഘഷര്‍ങ്ങളും കാരണമായുണ്ടാകുന്ന മനസ്സമാധാനമില്ലായ്മയാണ് നല്ലൊരു ശതമാനം മനുഷ്യരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുളള വിടവുകള്‍ നികത്തുന്നതിനു വേണ്ടി ജൂത, ക്രൈസ്തവ, ഇസ്‌ലാമിക മതസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പല രാജ്യങ്ങളും പിന്തുണ നല്‍കിവരുന്നുണ്ട്.

ഓരോ രാജ്യത്തിലെയും സാമ്പത്തികവും സാമുഹികവും മതപരവുമായ വൈവിധ്യമനുസരിച്ച് അവിടങ്ങളിലെ ആത്മഹത്യയുടെ കാരണങ്ങളും വ്യത്യസ്തമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ദരിദ്ര രാജ്യങ്ങളില്‍ ആത്മഹത്യക്ക് പ്രധാന കാരണമായി ഭവിക്കുന്നത്. കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ കഴിയാത്തവരാണ് ദരിദ്രരാജ്യങ്ങളില്‍ ജീവനൊടുക്കുന്നത്. ഇസ്‌ലാമിക നാടുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈജിപ്ത്, ടുണീഷ്യ പോലുളള രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 98 ശതമാനവും സാമ്പത്തിക പ്രതിസന്ധിമൂലമാണ് അതിനൊരുങ്ങുന്നത്. കുടുംബകലഹം, പ്രേമനൈരാശ്യം, പരീക്ഷയിലെ പരാജയം എന്നിവ ഇവിടങ്ങളില്‍ തുലോം തുഛമാണ്. മതബോധം അല്‍പം ശക്തമായിത്തന്നെ നിലനില്‍ക്കുന്നതുകൊണ്ടും നാളയെക്കുറിച്ച് മങ്ങലേല്‍ക്കാത്ത പ്രതീക്ഷയുളളതുകൊണ്ടും ഇസ്‌ലാമിക അധ്യാപനങ്ങള്‍ ക്ഷമിക്കാനും സഹിക്കാനുമുളള കരുത്ത് നല്‍കുന്നതുകൊണ്ടും ഗതിമുട്ടുമ്പോള്‍ മാത്രമെ ഇവര്‍ മരണത്തിന്റെ വഴി തെരഞ്ഞെടുക്കാറുളളൂ. ഒരു ലക്ഷത്തില്‍ രണ്ടുപേര്‍ എന്ന തോതില്‍ മാത്രമെ ഇസ്‌ലാമിക നാടുകളില്‍ ആത്മഹത്യ കാണപ്പെടുന്നുളളൂ.

മനുഷ്യന്‍ ജീവിക്കുന്ന പരിതസ്ഥിതിയും കാലാവസ്ഥയും അന്തരീക്ഷവും അവന്റെ മാനസികനില തകര്‍ക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഉദാഹരണമായി, ഉത്തര യൂറോപ്പിലെ ചില രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വിഷാദരോഗം അധികം പിടിപെടുന്നതായി കാണപ്പെട്ടിട്ടുണ്ട്. സൂര്യതാപം താരതമ്യേന കുറവും ആണ്ടില്‍ മിക്ക ദിവസങ്ങളിലും താപനില പൂജ്യത്തില്‍ താഴെ നിലനില്‍ക്കുന്നതുമാണ് ഇവിടുത്തെ ജനങ്ങളില്‍ വിഷാദരോഗവും ആത്മഹത്യയും വര്‍ധിക്കാന്‍ കാരണം എന്നാണ്  വിലയിരുത്തപ്പെടുന്നത്. സ്വീഡന്‍, നോര്‍വേ, ഡന്‍മാര്‍ക്ക്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ആത്മഹത്യനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നത് അവിടുത്തെ തണുത്ത കാലാവസ്ഥയാണ്. എന്നാല്‍ ആത്മീയതയുടെ ഊഷ്മളത ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരളവോളം സഹായകമാകുന്നുണ്ട്. ഇവിടങ്ങളില്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നവരില്‍ ആത്മഹത്യാപ്രവണത തീരെ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ആത്മഹത്യാപ്രവണത കുറക്കുന്നതിന് വേണ്ടി പല യൂറോപ്യന്‍ രാജ്യങ്ങളും ധാരാളം പണം ചെലവഴിക്കുന്നുണ്ടെങ്കിലും അവിടങ്ങളില്‍ ഈ പ്രതിഭാസം വര്‍ധിച്ചുവരികയാണ് ചെയ്യുന്നത്.

മനുഷ്യരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍ ഈ പ്രതിസന്ധിക്കും പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. ആരോഗ്യസംഘടനകള്‍ നിര്‍ദേശിക്കുന്നതിനെക്കാള്‍ ശാസ്ത്രീയവും പ്രായോഗികവുമായ മാര്‍ഗനിര്‍ദേശങ്ങളാണ് ക്വുര്‍ആന്‍ മുന്നോട്ടു വയ്ക്കുന്നത്. മനുഷ്യന്റെ ആത്മാവിന്റെ വില അവനെ ബോധ്യപ്പെടുത്താനാണ് ക്വുര്‍ആന്‍ ആദ്യമായി ശ്രമിക്കുന്നത്. ആത്മാവ്  തികച്ചും ദൈവികമായ ഒരു വരദാനമാണെന്നും അതിനെക്കുറിച്ച് മനുഷ്യന് യാതൊരു അറിവും നല്‍കപ്പെട്ടിട്ടില്ലെന്നും ക്വുര്‍ആന്‍ ആദ്യമായി മനുഷ്യനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്: ‘‘നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല’’ (17:85).

പിന്നീട് ക്വുര്‍ആന്‍ മനുഷ്യരോട് തങ്ങളുടെ ആത്മാവിനെ സ്വയം ഹനിക്കരുതെന്ന് കല്‍പിക്കുന്നു: ‘‘...നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു’’ (4:29).

എന്നാല്‍ ഇത്തരം ഒരു ആജ്ഞകൊണ്ട് മാത്രം മനുഷ്യന്‍ മരണത്തില്‍നിന്ന് വിട്ടുനിന്നുകൊള്ളണമെന്നില്ല. അതുകൊണ്ടാണ് പ്രസ്തുത വചനത്തിനോട് അനുബന്ധമായി ‘തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുളളവനാകുന്നു’ എന്ന് കൂടി പ്രഖ്യാപിച്ചത്. ജീവിതത്തില്‍ നിരാശപ്പെട്ട് ജീവനൊടുക്കാന്‍ ശ്രമിക്കുന്നവന് ദിവ്യകാരുണ്യത്തിന്റെ കാണാപ്പുറങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ അതില്‍നിന്നും വിട്ടുനില്‍ക്കുന്നതാണ്. മനുഷ്യരുടെ കാരുണ്യ സ്പര്‍ശംകൊണ്ടും കൗണ്‍സിലിംഗ് കൊണ്ടും നിരവധിപേരെ മരണശ്രമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍  കഴിയാറുണ്ടല്ലോ. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറില്‍ ഒരംശം മാത്രമാണ് അവന്‍ ഈ ലോകത്ത് മനുഷ്യരിലും ഇതര ജീവജാലങ്ങളിലും വിന്യസിച്ചിട്ടുളളതെന്നും ആ ഒരംശംകൊണ്ടാണ് അവ പരസ്പരം കരുണ കാണിക്കുന്നതെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്. മനുഷ്യകാരുണ്യത്തിന്റെ വളരെ ചെറിയ ഒരംശംകൊണ്ട് ആളുകളെ ആത്മഹത്യാ മുനമ്പില്‍നിന്നും രക്ഷിക്കാന്‍ കഴിയുന്ന സ്ഥിതിക്ക് അല്ലാഹു അവന്റ അടിയാന്‍മാര്‍ക്ക് പാരത്രിക ജീവിതത്തില്‍ കരുതിവെച്ച അപാരമായ കാരുണ്യത്തെക്കുറിച്ച് അറിയുന്നവന് തന്റെ ജീവിതത്തിലെ ഏത് വിഷമസന്ധികളെയും പരീക്ഷണഘട്ടങ്ങളെയും ക്ഷമയോടെ നേരിടാനുളള കെല്‍പുണ്ടാകുന്നതാണ്.

പ്രതീക്ഷയും കാരുണ്യവും നല്ലൊരു ശതമാനം ആളുകളെയും ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കുമെങ്കിലും ചിലര്‍ക്ക് അത് ഫലിച്ചില്ലെന്ന് വരും. അവരെ സംബന്ധിച്ചിടത്തോളം ഭീഷണിയുടെ സ്വരമായിരിക്കും ഫലപ്രദമാകുക. അതുകൊണ്ട് തന്നെയാണ് ക്വുര്‍ആന്‍ അടുത്ത വചനത്തില്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്കുളള അതികഠിനമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്: ‘ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ (ആത്മഹത്യ) ചെയ്യുന്നപക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്’ (4:30).

ആത്മഹത്യ നിരോധിക്കുന്ന കാര്യത്തില്‍ ക്വുര്‍ആനിന്റെ അതേ ശൈലിതന്നെയാണ് ഹദീസുകളിലും കാണാന്‍ കഴിയുന്നത്. മാനസികമായും ശാരീരികമായും സാമ്പത്തികമായും വിഷമിക്കുന്ന ഒരു മനുഷ്യനെ സഹായിക്കുന്നതിന്റെ പുണ്യവും പ്രാധാന്യവും  നബി ﷺ നിരവധി വചനങ്ങളിലൂടെ പഠിപ്പിച്ചിട്ടുണ്ട്. നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ഒരു വിശ്വാസിയുടെ ഐഹിക ദുരിതങ്ങളില്‍ പെട്ട ഒരു ദുരിതം അകറ്റിക്കൊടുത്താല്‍ അല്ലാഹു അവന് പാരത്രിക ദുരിതങ്ങളിലെ ഒരു ദുരിതം അകറ്റിക്കൊടുക്കും. ആരെങ്കിലും ഒരു പ്രയാസപ്പെടുന്നവന് എളുപ്പമാക്കിയാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവന് എളുപ്പം നല്‍കും....ഒരു ദാസന്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവന്റെ സഹായത്തിനുണ്ടാകും...’ (മുസ്‌ലിം).

വിശ്വാസികളുടെ ദുരിതമകറ്റുന്നത് മാത്രമല്ല, മനുഷ്യകുലത്തോടും ജന്തുലോകത്തോടും കാരുണ്യം ചെയ്യുന്നതും മതത്തിന്റെ ഭാഗം തന്നെയാണെന്ന് നബി ﷺ അരുളിയിട്ടുണ്ട്. മാനസിക വിഷമങ്ങളാണ് നല്ലൊരു ശതമാനം മനുഷ്യരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഒരു വിശ്വാസി അനുഭവിക്കുന്ന ദുഃഖങ്ങളും വേദനകളും വിഷമങ്ങളും അവന്റെ പാപമോചനത്തിനും പാരത്രിക നേട്ടങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പ്രവാചകന്‍ ﷺ പഠിപ്പിച്ചിട്ടുളളത്: ‘ഒരു മുസ്‌ലിമിന് ബാധിക്കുന്ന ക്ഷീണം, വിഷമം, വ്യസനം, ദുഃഖം, ബുദ്ധിമുട്ട്, മനോവ്യഥ തുടങ്ങി അവന്റെ ശരീരത്തില്‍ ഒരു മുളള് തറക്കുന്നത് കാരണമായി പോലും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും’ (ബുഖാരി).

ഇത്തരം നിര്‍ദേശങ്ങള്‍കൊണ്ട് മരണത്തില്‍നിന്ന് പിന്തിരിയാത്തവരോട് ആത്മഹത്യ ചെയ്യുന്നവരെ കാത്തിരിക്കുന്ന കഠോര ശിക്ഷയെക്കുറിച്ചും ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ഒരു ഇരുമ്പുകൊണ്ട് ആത്മാഹുതി ചെയ്താല്‍ ശാശ്വത നരകത്തില്‍വച്ച് അവന്‍ ആ ഇരുമ്പും കൈയിലേന്തി വരികയും അത്‌കൊണ്ട് നിരന്തരം അവന്‍ തന്റെ വയറ്റില്‍ കുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ആരെങ്കിലും പര്‍വതത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍ അവന്‍ ശാശ്വതമായ നരകത്തില്‍ നിരന്തരമായി ചാടിക്കൊണ്ടിരിക്കും.  ആരെങ്കിലും വിഷം കുടിച്ച് ആത്മഹത്യ ചെയ്താല്‍ അവന്‍ ശാശ്വതമായ നരകത്തില്‍ കൈയില്‍ വിഷവുമായി വരികയും എക്കാലവും അത് കുടിച്ചുകൊണ്ടിരിക്കുകയും ചെയ്യും’ (മുസ്‌ലിം).

മറ്റൊരു ഹദീസില്‍ നബി ﷺ പറഞ്ഞതായി ഇങ്ങനെ കാണാം: ‘ഇഹലോകത്തുവച്ച് ആരെങ്കിലും വല്ലത് കൊണ്ടും ആത്മാഹുതി ചെയ്താല്‍ അന്ത്യദിനത്തില്‍ അത്‌കൊണ്ട് തന്നെ അവനെ അല്ലാഹു ശിക്ഷിക്കും’ (ബുഖാരി).

ആത്മഹത്യ നിഷിദ്ധമാക്കിക്കൊണ്ടുളള ക്വുര്‍ആനിലെയും ഹദീസിലെയും വചനങ്ങള്‍ ഇവ ദൈവിക വെളിപാടുകൾ തന്നെയാണെന്നതിന് ഒരു തെളിവ് കൂടിയാണ്. കാരണം ജാഹിലിയ്യ കാലത്തെ വിശ്വാസാചാര പ്രകാരം ഒരാള്‍ ആത്മഹത്യയെക്കുറിച്ച് പ്രതിപാദിക്കുന്നത് പോലും വിലക്കപ്പെട്ടതായിരുന്നു. കാരണം ഇതിനെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ജനങ്ങളെ അതിന് പ്രേരിപ്പിച്ചേക്കും എന്നാണ് അവര്‍ ധരിച്ചിരുന്നത്. എന്നാല്‍ മനുഷ്യന്റെ ഇഹപരജീവിതവിജയത്തിനാവശ്യമായ മുഴുവന്‍ കാര്യങ്ങളും വിവരിച്ച ഇസ്‌ലാമിക പ്രമാണങ്ങള്‍ ഇക്കാര്യത്തിലും വ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആത്മഹത്യ തടയുന്നതിന് ആധുനിക മനഃശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന പ്രധാന മാര്‍ഗം കൗണ്‍സിലിംഗാണ്. എന്നാല്‍ കൗണ്‍സിലിംഗ് രംഗത്ത് അതുല്യവും ഫലപ്രദവുമായ മാര്‍ഗനിര്‍ദേശങ്ങളാണ് ക്വുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി, ഉറ്റവരുടെ വേര്‍പാട്, പ്രേമനൈരാശ്യം, ഇഛാഭംഗം, കുടുംബശൈഥില്യം തുടങ്ങിയ ഒട്ടനവധി കാരണങ്ങള്‍ നമുക്ക് ആത്മഹത്യക്ക് പുറകില്‍ കണ്ടെത്താന്‍ കഴിയും. ഇതിന് പരിഹാരമായി മനുഷ്യന്റെ മുഴുവന്‍ ആഗ്രഹങ്ങളും അവന്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ സഫലീകരിക്കപ്പെടില്ല എന്ന ജീവിത യാഥാര്‍ഥ്യം അവനെ ബോധ്യപ്പെടുത്തുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്.  

‘അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്’ എന്ന് ക്വുര്‍ആന്‍ ചോദിക്കുന്നുണ്ട്. അതോടൊപ്പം ജീവിതം പരീക്ഷണമാണെന്ന പാഠവും അവന് പകര്‍ന്നുനല്‍കുന്നുണ്ട്. ക്വുര്‍ആന്‍ പറയുന്നു: ‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക’ (2:155).

‘ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്’ (21:35).

ഇതുപോലെ, മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം കണ്ടെത്താനുതകുന്ന നിരവധി നിര്‍ദേശങ്ങള്‍ ക്വുര്‍ആനിലും ഹദീസുകളിലും കാണാന്‍ കഴിയും. അതിനുപുറമെ ആത്മഹത്യ പൊറുക്കപ്പെടാത്ത അപരാധമാണെന്ന് വ്യക്തമാക്കുന്ന വചനങ്ങളും ഇവയിലടങ്ങിയിട്ടുണ്ട്. ആത്മഹത്യ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് മതപ്രബോധകര്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.