ശിയാക്കളുടെ വ്യാജവാദങ്ങളും അവയെ പിന്തുടരുന്ന സമസ്തയും

മൂസ സ്വലാഹി കാര

2022 മാർച്ച് 5, 1442 ശഅബാൻ 2

മക്വ‌്ബറകളിൽ വെച്ച് ശിയാ ക്കളും സമസ്തക്കാരും ചെയ്യുന്ന അനാചാരങ്ങളുടെ സാമ്യത സംബന്ധിച്ച തെളിവുകള്‍ കഴിഞ്ഞ ലക്കത്തില്‍ നാം സൂചിപ്പിച്ചു. ജാറവ്യവസായത്തെ മൂലധനമായിക്കണ്ട് ആരാധനകളുടെ ആത്മാവിനെ യാതൊരു ലജ്ജയുമില്ലാതെ ഹനിക്കുന്ന ഇവരെ ഏത് ഗണത്തില്‍ പെടുത്തമെന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇമാം സുയൂത്വി(റ) വ്യക്തമാക്കുന്നു:

‘‘വഴിപിഴച്ചുപോയവരില്‍ ധാ രാളം ആളുകളെ, സ്വാലിഹുകളുടെ ക്വബ്‌റുകളുടെ സമീപത്ത് താഴ്മയും ഭക്തിയും പ്രകടിപ്പിക്കുകയും പള്ളികളിലോ പുലര്‍ച്ച സമയങ്ങളിലോ പോലും അല്ലാഹുവിന്റെ മുന്നില്‍ മനസ്സുകൊണ്ട് കാണിക്കാത്ത ആരാധനാകര്‍മങ്ങള്‍ മാനസികമായി ഇവര്‍ക്ക് അര്‍പ്പിക്കുന്നതായി നിനക്ക് കാണാം. അവിടെവച്ച് പ്രാര്‍ഥനയും നമസ്‌കാരവും നിര്‍വഹിക്കപ്പെടുന്നതിലൂടെ വിശുദ്ധമായ തീര്‍ത്ഥാടനത്തിന് അനുവദിച്ച മൂന്ന് പുണ്യ പള്ളികളില്‍ പോലും പ്രതീക്ഷിക്കാത്തത് (ആഗ്രഹസഫലീകരണം) അവര്‍ അവിടുന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ കുഴപ്പത്തെ റസൂല്‍ ﷺ വേരോടെ പിഴുതെടുത്തിട്ടുണ്ട്. എത്രത്തോളമെന്നാല്‍, തെറ്റിലേക്ക് നയിക്കുമെന്നുള്ള (അല്ലാഹു അല്ലാത്തവര്‍ ആരാധിക്കപ്പെടുന്ന അവസ്ഥ) കാരണത്താല്‍ മക്വ‌്ബറയില്‍ നമസ്‌കരിക്കുന്നതിനെ നിരുപാധികമായി വിലക്കി. അത് നമസ്‌കരിക്കുന്ന വ്യക്തി സ്ഥലത്തിന്റെ ബറകത്തിനെയോ സ്ഥലത്തെയോ ലക്ഷ്യമാക്കിയിട്ടില്ലെങ്കിലും ശരി. എന്നാല്‍ നമസ്‌കാരത്തെ ലഷ്യമാക്കി, അല്ലെങ്കില്‍ സ്വന്തം പ്രയാസങ്ങളും ആവശ്യങ്ങളും നീങ്ങാന്‍വേണ്ടി ക്വബ്‌റില്‍ കിടക്കുന്ന വ്യക്തിയുടെ ബറകത്ത്‌ കൊണ്ടും അദ്ദേഹം ഉത്തരം നല്‍കുമെന്ന പ്രതീക്ഷയോടും കൂടിയുള്ള തേട്ടം അല്ലാഹുവിനെയും റസൂലിനെയും അവിടുന്ന് കൊണ്ടുവന്ന ദീനിനെയും മതവിധിയെയും വ്യക്തമായി എതിര്‍ക്കലുമാണ്. അല്ലാഹുവും അവന്റെ ദൂതനും അദ്ദേഹത്തിന്റെ സുന്നത്തിനെ പിന്‍പറ്റുന്ന പണ്ഡിതന്മാരും അനുവദിക്കാത്ത പുതിയ മതമുണ്ടാക്കലുമാണ്’’ (അല്‍അംറു ബില്‍ഇത്തിബാഅ് വന്നഹ്‌യു അനില്‍ ഇബ്തിദാഅ്/പേജ് 138).

പന്ത്രണ്ട് ഇമാമുമാര്‍ക്ക് പുറമെ ഔലിയാക്കള്‍, ശൈഖുമാര്‍, കുടുംബക്കാര്‍, അവരുമായി അടുത്തവര്‍ എന്നിവരുടെയെല്ലാം ക്വബ്‌റുകള്‍ കെട്ടിയുയര്‍ത്തി സന്ദര്‍ശന കേന്ദ്രങ്ങളാക്കുകയും അതിന് പ്രത്യേകം കൂലി നിശ്ചയിക്കുകയും ചെയ്യുന്ന സമ്പ്രദായം ശിയാക്കളിലുണ്ട്. അബൂ ജഅ്ഫര്‍ തൈ്വസിയുടെ ‘തഅ്ദീബുല്‍ അഹ്കാമി’ലും മജ്‌ലിസിയുടെ ‘ബിഹാറുല്‍ അന്‍വാറി’ലും ആമിലിയുടെ ‘വസാഇലുശ്ശീഅ’യിലും ദൈലമിയുടെ ‘ഇര്‍ശാദുല്‍ ക്വുലൂബി ഇലസ്സ്വവാബി’യിലും ഈ കാര്യം വ്യക്തമാണ്. പുരോഹിതന്മാര്‍ ഇതേ പാത പിന്‍പറ്റി ജാറങ്ങളുണ്ടാക്കുകയും അതിനെ ഇസ്‌ലാമിന്റെ പൈതൃകങ്ങളാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ വരികള്‍ കാണുക:

‘‘സാമ്പ്രദായിക ഇസ്‌ലാമിനെ അടയാളപ്പെടുത്തുന്ന പുണ്യപുരുഷന്മാരുടെ മഖാമുകള്‍ കൊല്ലം ജില്ലയില്‍ എമ്പാടുമുണ്ട്. ജോനകപ്പുറം ഹള്‌റമീ മഖാം, ഓച്ചിറ ഉപ്പാപ്പ മഖാം, തൃപ്പലഴികം ഫഖീര്‍ മഖാം, കരുനാഗപ്പള്ളി ശൈഖുമാരുടെ മഖാം, കാരാമ്മൂട് സയ്യിദ് സുലൈമാനുല്‍ ഖാദിരി മഖാം, ഒറ്റക്കല്‍ മസൂദ് വലിയുല്ലാഹി മഖാം, കുണ്ടറയിലെ ചിശ്തി ശിഷ്യരുടെ മഖാം, കിളിക്കൊല്ലൂര്‍ മഖാം തുടങ്ങിയവയെല്ലാം ഇസ്‌ലാമിക സംസ്‌കൃതിയുടെ നിത്യസ്മാരകങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നു’ (സുന്നിവോയ്‌സ്/2021 നവംമ്പര്‍ 15/ പേജ് 45).

ഇമാം സുയൂത്വി(റഹി) തന്നെ പറഞ്ഞത് കാണുക: ‘‘ഈ ചെയ്തികള്‍ നീചവും വെറുക്കപ്പെട്ടതുമാണ്. കാരണം അത് വിഗ്രഹാരാധനയോട് സാദൃശ്യവും അതിലേക്കുള്ള വഴിയും അല്ലെങ്കില്‍ അതിന്റെ ഒരിനവുമാണ്. വിഗ്രഹാരാധകര്‍ ഒരു പ്രത്യേക സ്ഥലത്തെ അവിടെയുള്ള പ്രതിമ കാരണമോ അല്ലാതെയോ പുണ്യമാഗ്രഹിച്ചുകൊണ്ട് ലക്ഷ്യം വെക്കലാണ് പതിവ്. ഇസ്‌ലാം അത് ഇഷ്ടപ്പെടുന്നില്ല. അത് വിലക്കപ്പെട്ട കാര്യങ്ങളില്‍പെട്ടതും അതില്‍ ചിലത് മറ്റു ചിലതിനെക്കാള്‍ ശക്തമായി വെറുക്കപ്പെട്ടതുമാണ്. അത്തരം സ്ഥലങ്ങളെ അവര്‍ ലക്ഷ്യം വെക്കുന്നത് അവരുടെ അടുത്ത് നമസ്‌കരിക്കാനോ, പ്രാര്‍ഥിക്കാനോ, ക്വുര്‍ആന്‍ പാരായണം ചെയ്യാനോ, ദിക്‌ർ ചൊല്ലാനോ, ബലിയറുക്കാനോ അല്ലെങ്കില്‍ പ്രത്യേക തരം ആരാധനകള്‍ നിര്‍വഹിക്കുന്നതിനു വേണ്ടിയോ ആയിരുന്നാലും അവ വെറുക്കപ്പെട്ടതില്‍ പെട്ടതാണ്’’ (പേജ് 117).

പ്രമാണങ്ങള്‍ക്ക് കീഴ്‌പെടാത്ത പുരോഹിതര്‍ എന്നും ന്യായീകരണ തൊഴിലാളികളാണ്. അവരുടെ ശീഈ പ്രേമം പിടിക്കപ്പെടുമ്പോള്‍ മുഖം മിനുക്കി രക്ഷപ്പെടുന്നത് നോക്കൂ:

‘‘കേരളത്തില്‍ ശിയാ പ്രചാരകനായി എത്തിയ കൊണ്ടോട്ടി തങ്ങന്മാര്‍ക്ക് മുമ്പേ ഇവിടെ ജാറങ്ങളും ഉറൂസുകളുമുണ്ട്. പിന്നെ മഖ്ദൂമുമാരുടെ ഖബറുകള്‍ കെട്ടിപ്പൊക്കാതിരുന്നത് അവരുടെ വിനയത്തിന്റെ ഭാഗമാണ്. അതിന് തെളിവ് അവരുടെ ഗ്രന്ഥങ്ങള്‍ തന്നെയാണ്. മക്വ‌്ബറകള്‍ കെട്ടിപ്പൊക്കുന്നതും അവിടേക്ക് നേര്‍ച്ചയാക്കുന്നതും മറ്റും അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ. അതെല്ലാം ശിയാ ആചാരമാക്കുന്നത് അതിന്റെ മറവില്‍ വഹാബിസം വെളുപ്പിച്ചെടുക്കാനാണ്’’ (സുന്നി വോയ്‌സ്/2020 ജൂലൈ 1 -15/പേജ് 29,30).

‘‘നേര്‍ച്ചയും ജാറവുമാണ് മറ്റൊരു പ്രശ്‌നം. ഇത് കേരളത്തിനകത്ത് മാത്രം നിലനില്‍ക്കുന്ന കാര്യങ്ങളാണോ? കേരളത്തിനു പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന കര്‍മശാസ്ത്ര കൃതികളില്‍ ജാറങ്ങളില്‍ എത്തുന്ന വരുമാനത്തിന്റെ വിനിയോഗത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. അന്ധമായ വഹാബിസം തലക്കുപിടിച്ചവരാണ് ജാറങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത്’’ (തെളിച്ചം മാസിക/മാര്‍ച്ച് 2017/പേജ് 18).

ശിയാ ഗ്രന്ഥങ്ങളിലുള്ളത് അന്ധമായി അനുകരിക്കുന്ന ഇവര്‍ അഹ്‌ലുസ്സുന്ന വല്‍ജമാഅയായ സലഫികള്‍ക്കെതിരെ ആക്രോശിക്കുമ്പോഴും മിന്നിത്തിളങ്ങുന്നത് ഇവരുടെ ശീഈ ബന്ധവും മതവിമുഖതയുമായതിനാല്‍ സത്യം തമസ്‌കരിക്കപ്പെടുകയില്ല.

മാരക രോഗങ്ങള്‍ സുഖപ്പെടുത്തുക, അന്ധത മാറ്റുക, വിശ്വസിച്ചേൽപ്പിച്ചതും നിക്ഷേപ വസ്തുക്കളും സൂക്ഷിക്കുക, മൃഗങ്ങള്‍ - വിശിഷ്യാ കഴുതകള്‍ - ശമനം തേടി വരിക തുടങ്ങിയ അമാനുഷികതകളും അസാധാരണ സംഭവങ്ങളും മരണ ശേഷവും ഇമാമുമാരുടെ ക്വബ്‌റിടങ്ങളില്‍ അവശേഷിക്കുന്നുണ്ടെന്ന വിശ്വാസമാണ് ശിയാക്കള്‍ക്കുള്ളത്. മജ്‌ലിസിയുടെ ‘ബിഹാറുല്‍ അന്‍വാറി’ലും കുലൈനിയുടെ ‘അല്‍ കാഫിയി’ലും ഹാശിം ബഹ്‌റാനിയുടെ ‘മദീനത്തുല്‍ മുആജിസി’ലും ഈ വിഷയം വിശദമായുണ്ട്.

മുഅ്ജിസത്തും കറാമത്തും മരണപ്പെട്ടവരോട് സഹായ തേട്ടം നടത്താനുള്ള ന്യായമായി കാണുന്ന സമസ്തക്കാര്‍ക്ക് ശിയാക്കളോടുള്ള ഇണക്കം നമുക്ക് പരിശോധിക്കാം. നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ എഴുതി: ‘‘അമ്പിയാക്കളും ഔലിയാക്കളും അല്ലാഹുവിന്റെ പ്രിയങ്കരരായ ഇഷ്ടദാസന്‍മാരാണെന്നും അവര്‍ അല്ലാഹുവിനോട് ദുആ ഇരന്നാലും ശഫാഅത്തു ചെയ്താലും സ്വീകരിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും അവര്‍ മുഖേന ചില അസാധാരണ സംഭവങ്ങള്‍ അല്ലാഹു പ്രകടിപ്പിക്കാറുണ്ടെന്നും അവരുടെ മരണശേഷവും ഇത് തുടരുമെന്നും അതുമുഖേന നമുക്ക് സഹായം ലഭിക്കുമെന്നും കരുതി സഹായം ചോദിക്കുന്നതിനാണ് സാങ്കേതിക അര്‍ത്ഥത്തില്‍ ഇസ്തിഗാസ എന്ന് പറയുന്നത്’’ (തൗഹീദ് ഒരു സമഗ്ര പഠനം, പേജ് 247).

‘‘അമ്പിയാ മുര്‍സലുകള്‍, ഔലിയാക്കള്‍, ഉലമാക്കള്‍, സ്വാലിഹുകള്‍ എന്നിവരോട് സഹായാര്‍ത്ഥന നടത്തല്‍ അനുവദനീയമാണ്. മരണശേഷവും സഹായിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ മുറിയുന്നില്ല’’ (സുന്നത്ത് മാസിക/2014 മെയ്/പേജ് 28).

വ്യാജവാദങ്ങളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഇരു വിഭാഗങ്ങള്‍ക്കും ക്വുര്‍ആന്‍ നല്‍കിയ താക്കീതാണ് മതിയായ മറുപടി. അല്ലാഹു പറയുന്നു: ‘‘അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍തന്നെയാണ് വ്യാജവാദികള്‍‘’ (16:104,105).

ഈ വചനത്തെ വിശദീകരിച്ച് ഇബ്‌നു കസീര്‍(റഹി) പറയുന്നു: ‘‘അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്ന് തിരിഞ്ഞുകളയുകയും അല്ലാഹു അവന്റെ പ്രവാചകന് അവതരിപ്പിച്ചതില്‍നിന്ന് അശ്രദ്ധനാവുകയും അല്ലാഹുവില്‍നിന്നും വന്ന കാര്യങ്ങളില്‍ വിശ്വസിക്കാന്‍ ഉദ്ദേശിക്കാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങളിലേക്കും, എന്തൊന്നിനു വേണ്ടിയാണോ അല്ലാഹു അവന്റെ പ്രവാചകന്മാരെ നിയോഗിച്ചത് അതിലേക്കും നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുകയില്ല. മാത്രവുമല്ല അവര്‍ക്ക് പരലോകത്ത് വേദനയേറിയ ശിക്ഷയുമുണ്ട് എന്ന് അല്ലാഹു അറിയിക്കുകയാണ്.

പ്രവാചകന്‍ കള്ളം കെട്ടിച്ചമക്കുന്നവനോ കളവ് പറയുന്നവനോ അല്ല. അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവര്‍ സൃഷ്ടികളില്‍ ഏറ്റവും മോശപ്പെട്ടവരാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരും, ജനങ്ങള്‍ക്കിടയില്‍ കളവുകൊണ്ട് അറിയപ്പെട്ട കൃത്രിമം കാണിക്കുന്ന ആളുകളുമാണ് ഇത്തരക്കാര്‍.

എന്നാല്‍ മുഹമ്മദ് നബി ﷺ ജനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സത്യസന്ധനും ഏറ്റവും കൂടുതല്‍ നന്മകള്‍ ചെയ്യുന്നവനും അറിവുകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും വിശ്വാസംകൊണ്ടും ദൃഢജ്ഞാനംകൊണ്ടും പരിപൂര്‍ണനായവനും തന്റെ ജനതക്കിടയില്‍ സത്യസന്ധതകൊണ്ട് അറിയപ്പെട്ടവനുമായിരുന്നു. ആ കാര്യത്തില്‍ അവര്‍ക്കിടയില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ക്കിടയില്‍ അദ്ദേഹം വിശ്വസ്തന്‍ എന്ന് മാത്രം പരിചയപ്പെടുത്തപ്പെട്ടത്. റോമിന്റെ രാജാവ് ഹിറഖല്‍ അബൂസുഫ്‌യാനോട് പ്രവാചകന്റെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ച സമയത്ത് ‘അദ്ദേഹം ഈ വാദം പറയുന്നതിന് മുമ്പ് നിങ്ങള്‍ അദ്ദേഹത്തെ കളവുകൊണ്ട് ആരോപിക്കാറുണ്ടായിരുന്നോ?’ എന്ന് ചോദിച്ച സമയത്ത് ‘ഇല്ല’ എന്നായിരുന്നു മറുപടി. അപ്പോള്‍ ഹിറഖല്‍ പറഞ്ഞു: ജനങ്ങളുടെമേല്‍ കളവ് പറയാത്തവന്‍ എങ്ങനെ പ്രതാപവാനായ അല്ലാഹുവിന്റെമേല്‍ കളവ് പറയും?’’ (തഫ്‌സീര്‍ ഇബ്‌നു കസീര്‍).

വിശുദ്ധ ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് മതവിരുദ്ധ ആശയങ്ങള്‍ക്ക് എങ്ങനെ തെളിവുണ്ടാക്കാമെന്ന് പുരോഹിതന്മാരെ പഠിപ്പിച്ച ‘വല്യുസ്താദ്’ ഹിജ്‌റ 127ല്‍ മരിച്ച ജാബിറുബ്‌നു യസീദുബ്‌നു ഹാരിസുല്‍ ജുഹ്ഫി അല്‍കൂഫിയാണ്. ശീഈ നേതാക്കാളായ ജഹ്ഫര്‍ സ്വാദിഖ്, മുഹമ്മദ് ബാഖിര്‍ എന്നിവരുടെ അനുയായിയും അവരുടെ മുഫസ്സിറും മുഹദ്ദിസും ചരിത്രകാരനുമാണിയാള്‍. സ്വഹാബികളെ കാഫിറുകളാക്കുക, അലി(റ)യെ പ്രവാചക പദവിയിലേക്ക് ഉയര്‍ത്തുക എന്ന ഇവരുടെ പിഴച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുണ്ടാക്കാന്‍ ക്വുര്‍ആനിലെ നിരവധി ആയത്തുകളെ വളച്ചൊടിച്ചതിന്റെ ചില ഉദാഹരണങ്ങള്‍ കാണുക:

സൂറതുല്‍ ഹശ്‌റിലെ 16ാം വചനത്തിലെ ‘ശൈത്വാന്‍‘ എന്നത് ഉമര്‍(റ) ആണെന്നും സൂറതുന്നഹ്‌ല് 36ാം ആയത്തിലെ ‘റസൂലന്‍‘ എന്നത് ഇമാമും ‘അല്ലാഹുവിനെ ആരാധിക്കുക’ എന്നത് ഇമാമുമാരെ ആരാധിക്കലും ‘അത്ത്വാഗൂത്ത്’ എന്നത് അബൂബക്ർ(റ), ഉമര്‍(റ) എന്നിവരാണെന്നും അതിലെ 51ാം വചനത്തിലെ ‘രണ്ട് ദൈവങ്ങളെ’ എന്നതിന് രണ്ടു ഇമാമുമാര്‍ എന്നും ‘ഏകദൈവ’മെന്നതിന് ഒരു ഇമാം എന്നുമാണ് ഇവര്‍ വ്യാഖ്യാനം നല്‍കിയിട്ടുള്ളത്.

സൂറതുല്‍ ഫുര്‍ക്വാനിലെ 55ാം ആയത്തിലെ ‘വ കാനല്‍ കാഫിറു’ എന്നത് ഉമറും(റ) ‘അലാ റബ്ബിഹി’ എന്നത് അലി(റ)യുമാണത്രെ! അദ്ദേഹം ഉമറി(റ)നെ നിഷേധിച്ചുവെന്ന് വരുത്താനാണ് ഈ പണി ചെയ്തത്. സൂറതുസ്സുമറിലെ 69ാം വചനത്തിലെ ‘ബിനൂരി റബ്ബിഹാ’ എന്നതിനെ ഇമാമിന്റെ പ്രകാശം എന്നാക്കി. അന്ത്യനാളില്‍ ജനങ്ങള്‍ക്ക് സൂര്യനും ചന്ദ്രനും പകരം ഇമാമിന്റെ പ്രകാശം മതിയെന്ന് വിശ്വസിപ്പിക്കാനാണിത്.

സൂറതുന്നൂറിലെ 35ാം വചനത്തിലെ ‘മിശ്കാത്ത്’ ഫാത്വിമയും ‘മിസ്ബാഹ്’ ഹസനും ‘സുജാജ്’ ഹുസൈനും ‘കൗകബുന്‍ ദുര്‍രിയ്യ്’ ഫാത്വിമയുമാണെന്ന് ദുര്‍വ്യാഖ്യാനിക്കുന്നു. ‘ലാ ശര്‍ക്വിയ്യതന്‍ വലാ ഗര്‍ബിയ്യതന്‍‘ എന്നതിന് ജൂതനും ക്രൈസ്തവനുമല്ലെന്നും ‘നൂറുന്‍ അലാ നൂര്‍‘ എന്നതിന് ഒരു ഇമാമിനു ശേഷം അടുത്ത ഇമാം എന്നുമാണ് അര്‍ഥം കൊടുത്തത്. മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാര്‍, ബഹ്‌റാനിയുടെ തഫ്‌സീറുല്‍ ബുര്‍ഹാന്‍, ഇബ്‌റാഹീം ഖുമ്മിയുടെ തഫ്‌സീറുല്‍ ഖുമ്മി, കുലൈനിയുടെ അല്‍കാഫി തുടങ്ങിയ ശിയാക്കളുടെ പ്രധാന ഗ്രന്ഥങ്ങളില്‍ തന്നെ ഇതുണ്ട്.

ശീഈ പാത പിന്തുടര്‍ന്ന് സമസ്തയുടെ മുസ്‌ലിയാക്കന്മാര്‍ ഇേപ്പാഴും തുടരുന്ന ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിന്റെ അവസ്ഥകൂടി നോക്കാം.

സൂറതുല്‍ ബക്വറ 104ല്‍ ‘പകരം ഉന്‍ളുര്‍നാ എന്ന് പറയുക,’ സൂറതുന്നിസാഅ് 65ലെ ‘റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം ചെയ്താല്‍,’ സൂറതുല്‍ മാഇദ 55ലെ ‘നിങ്ങളുടെ ഉറ്റമിത്രങ്ങള്‍,’ സൂറതുസ്സുസുഖുറുഫ് 45ലെ ‘നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക,’ സൂറതുത്തഹ്ഹ്‌രീം 4ലെ ‘തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്,’ സൂറതുല്‍ അഹ്‌സാബ് 6ലെ ‘പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു,’ സൂറതുത്തൗബ 94ലെ ‘നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്റെ ദൂതനും കാണുന്നതുമാണ്,’ സൂറതുത്തൗബ 71ലെ ‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം  മിത്രങ്ങളാകുന്നു’ എന്നീ ആയത്തുകളുടെ യാഥാര്‍ഥ്യവും അവതരണ പശ്ചാത്തലവും മറച്ചുവച്ച് പ്രാര്‍ഥനയും ഇസ്തിഗാസയും തവസ്സുലുമൊക്കെ അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കാന്‍ തെളിവാക്കിയത് ഇന്നും അവശേഷിക്കുകയാണ്. തൗഹീദിനെ ഉറപ്പിക്കുന്നതും നബി(സ)യോട് പാലിക്കേണ്ട മര്യാദകളും ശിര്‍ക്കിന്റെ ഗൗരവവും കാപട്യത്തിന്റെ അപകടവും പഠിപ്പിക്കുന്നതുമായ ഈ ആയത്തുകളെ ദുര്‍വ്യാഖ്യാനിച്ച ഇവര്‍ എന്ത് അഹ്‌ലുസ്സുന്ന വല്‍ ജമാഅയാണ്?

സൂറതു യൂനുസ് 58ലെ ‘അതുകൊണ്ട് അവര്‍ സന്തോഷിച്ചുകൊള്ളട്ടെ,’ സൂറതുല്‍ അഹ്‌സാബ് 56 ലെ ‘സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക,’ സൂറതുദ്ദുഹാ 11ലെ ‘നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക,’ സൂറതുല്‍ ബക്വറ 231ലെ ‘അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക,’ സൂറതുല്‍ അന്‍ബിയാഅ് 107ലെ ‘ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല’ തുടങ്ങിയവയെ കോട്ടിമാട്ടി നബി(സ)യുടെ ജന്മദിനം കൊണ്ടാടാന്‍ ഇവര്‍ തെളിവുണ്ടാക്കുന്നു.

സൂറതുല്‍ കഅ്ഫ് 21ലെ ‘അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം’ എന്ന പരാമര്‍ശത്തെ ജാറമുണ്ടാക്കാനും ഇവര്‍ ദുര്‍വ്യാഖ്യാനിച്ച് തെളിവുണ്ടാക്കുന്നു. സൂറതുല്‍ ബക്വറ 31ലെ ‘അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു’ എന്നതില്‍ ഇസ്‌മ് ചികിത്സക്ക് ഇവര്‍ രേഖ കണ്ടെത്തുന്നു!

സൂറതു ആലുഇംറാന്‍ 49, സൂറതുല്‍ അന്‍ആം 75, സൂറതുല്‍ കഅ്ഫ് 79,80, സൂറതുല്‍ ജിന്ന് 25 എന്നീ സൂക്തങ്ങള്‍ എടുത്തുകാട്ടി പ്രവാചകന്മാരും ഔലിയാക്കളും എല്ലാ അദൃശ്യകാര്യങ്ങളും അറിയുമെന്ന് ജല്‍പിക്കുന്നു. സമസ്തയുടെ ആധികാരിക പുസ്തകങ്ങളിലൂടെ തിരുത്തപ്പെടാതെ ഈ പിഴവുകള്‍ ഇന്നും വില്‍ക്കപ്പെടുന്നു. ക്വബ്‌റുകള്‍ കെട്ടിയുയര്‍ത്താനും ആരാധനകള്‍ അവിടങ്ങളില്‍ അര്‍പ്പിക്കാനും ഉദ്ധരിക്കപ്പെടുന്ന തെളിവുകളുടെ ഉറവിടം ശീഇസമാണ്.

മൂസബ്‌നു നുഅ്മാന്‍ അല്‍മറാകിശി, അബുല്‍ ഹസന്‍ അലിയ്യുബ്‌നു യഹ്ക്വൂബ് അല്‍ ബക്‌രി, യൂസുഫുബ്‌നു ഇസ്മാഈല്‍ അന്നബ്ഹാനി, അബുല്‍ ഹസന്‍ അലി അസ്സുബ്കി, ഹസനുബ്‌നു അലി അസ്സഖാഫ്, ശിഹാബുദ്ദീന്‍ അബില്‍ അബ്ബാസ് അല്‍ഹമവി, അബ്ദുല്ലാഹിബ്‌നു ഇബ്‌റാഹീം അല്‍മീര്‍ഗിനി, അഹ്‌മദ് റളാ അല്‍അഫ്ഗാനി, ഇബ്‌നു മര്‍സൂഖ്, മൂസബ്‌നു മുഹമ്മദ് അലി അല്‍ബാബ്, ഖുബ്ബാനി, അലവി അഹ്‌മദ് അല്‍ ഹദ്ദാദ്, അഹ്‌മദ് സൈനീ ദഹ്‌ലാന്‍ തുടങ്ങിയവര്‍ എഴുതിക്കൂട്ടിയ കളവുകള്‍ www.sunna.infov, www.aqaed.com, www.alwahabiyah.com എന്നീ ശിയാ സൈറ്റുകളില്‍നിന്നും ലഭ്യമാണ്.

ജൂത, ക്രൈസ്തവ വിഭാഗങ്ങള്‍ ശപിക്കപ്പെടാന്‍ കാരണമായ ഈ സ്വഭാവത്തെ നന്മയായി കാണുന്ന പൗരോഹിത്യം ഈ താക്കീതിനെ മറന്ന് പ്രവര്‍ത്തിക്കരുത്. അല്ലാഹു പറയുന്നു: ‘’വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്’’(3:78).

ചുരുക്കിപ്പറഞ്ഞാല്‍, ശീഇകളുടെ പിഴച്ച വിശ്വാസങ്ങളെയും അനാചാരങ്ങളെയും അതേപടി അനുകരിക്കുന്നവരാണ് സമസ്തക്കാര്‍. അല്ലാഹു നല്‍കിയ ബുദ്ധിയും ചിന്താശേഷിയും ഉപയോഗിച്ച് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നാണ് എല്ലാവരോടും പറയുവാനുള്ളത്.