മനുഷ്യജീവന്‍, ജീവിതം, ലക്ഷ്യം

മുബാറക് തിരൂര്‍ക്കാട്

2022 ഏപ്രിൽ 09, 1442 റമദാൻ 07

മനുഷ്യജീവന്ന് യാതൊരു വിലയുമില്ലാത്ത വല്ലാത്തൊരു കാലമാണിത്. നിസ്സാരമായ കാര്യങ്ങള്‍ക്ക് മനുഷ്യര്‍ തമ്മില്‍ കലഹിച്ച് ഒരാള്‍ കത്തിയെടുത്ത് കുത്തുന്നു. മരിക്കുന്നു. രാഷ്ട്രീയ വൈരത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യരെത്രയാണ്! പണത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നവരും ഒട്ടും കുറവല്ല. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും അനേകര്‍ വധിക്കപ്പെടുന്നു. ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. കള്ളുകുടിച്ച് ലഹരി തലയില്‍ കയറി ജീവന്‍ നശിപ്പിക്കുന്നവരുടെ എണ്ണവും കുറവല്ല. വഹനാപകടങ്ങളിലും മറ്റു അത്യാഹിതങ്ങളിലും ഒരുപാട് പേര്‍ ഇഹലോകവാസം വെടിയുന്നു.

യഥാര്‍ഥത്തില്‍ മനുഷ്യജീവന് വിലയില്ലേ? ഉണ്ട് എന്നല്ല, ജീവന്റെ വില കണക്കാക്കാനാവില്ല എന്നതാണ് വസ്തുത. അമൂല്യമാണത്. ലോകത്തെ ശാസ്ത്ര-സാങ്കേതികവിജ്ഞാനം മുഴുവന്‍ ഉപയോഗപ്പെടുത്തിയാലും നഷ്ടപ്പെട്ട ജീവന്‍ തിരിച്ചെടുക്കാനാവുമോ?

ഈയിടെ പാലക്കാട്ട് മലമ്പുഴക്കടുത്ത് കുമ്പാച്ചി മലയില്‍ നടന്ന സംഭവം മനുഷ്യജീവന്റെ വില നമുക്ക് മനസ്സിലാക്കിത്തരുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ രാജ്യം എന്തൊക്കെയാണവിടെ ചിലവഴിച്ചത്! കൂട്ടുകാരോടൊത്ത് മലകയറുകയായിരുന്നു ബാബു. ട്രക്കിംഗ് എന്നോ മറ്റോ പേരിട്ട് ഇന്നത്തെ ന്യൂജനറേഷന്‍ നടത്തുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ. വേണ്ടത്ര സന്നാഹങ്ങളില്ലാതെ, സാഹസികതയുടെ പേരില്‍, കൂട്ടുകാര്‍ക്കിടയില്‍ വമ്പു നടിക്കാനും, വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും പെരുമ നടിക്കാനുമുള്ള ഈ സര്‍ക്കസ് കൊണ്ടുള്ള ആത്യന്തികഫലം എന്താണാവോ? വ്യായാമത്തിന് മറ്റെന്തെല്ലാം മാര്‍ഗങ്ങളുണ്ട്! സ്വന്തം വീട്ടുപറമ്പില്‍ കൈക്കോട്ടെടുത്ത് നാല് കുഴിയെടുത്ത് കുറച്ച് വിത്തുകളിടാനോ ചെടികള്‍ കുഴിച്ചിടാനോ ഇവര്‍ക്കൊന്നും നേരമില്ല. ഈ ബാബുതന്നെ വീട്ടില്‍ പറയാതെയാണ് ട്രക്കിംഗിന് പോയിരിക്കുന്നതെന്ന് ഉമ്മ പറഞ്ഞതായി പത്രങ്ങളില്‍ കണ്ടു. ന്യൂജെന്നിന്റെ അവസ്ഥ നോക്കൂ! അപകടത്തില്‍നിന്ന് രക്ഷപ്പെട്ടില്ല എന്ന് വിചാരിക്കൂ. ആ മാതാപിതാക്കളുടെ സങ്കടം ഈ ദുനിയാവില്‍ നിന്ന് തീരുമോ? താനെങ്ങോട്ട് പോകുന്നു എന്ന് വീട്ടുകാരെ അറിയിക്കാനുള്ള സാമാന്യമര്യാദ പോലും വളര്‍ന്നുവരുന്ന തലമുറക്കില്ലേ?

വിവരമറിഞ്ഞ് ജില്ലാ കലക്ടറും പോലീസും അഗ്നിശമന സേനാവിഭാഗവും മലയടിവാരത്തെത്തി. അല്‍പം മലകയറി അവര്‍ നിസ്സഹായരായി. നൂറുമീറ്റര്‍ പോലും മല കയറാനുള്ള പരിശീലനം ലഭിക്കാത്ത ഫയര്‍ഫോഴ്‌സും വെറുതെയായി. രണ്ടാം ദിവസം വ്യോമസേനയുടെ ഹെലിക്കോപ്റ്ററെത്തി. അവര്‍ക്കും ഫലപ്രദമായി ഒന്നും ചെയ്യാനായില്ല.

മലയില്‍ നിന്ന് 410 അടി താഴേക്ക് വീണ ബാബുവിന്റെ ജീവന്‍ ബാക്കിയായത് വലിയൊരതിശയം തന്നെയാണ്! ഇത്ര താഴ്ച്ചയിലേക്ക് വീണിട്ട് തലയോ കൈയോ കാലോ ഒടിയാതിരുന്നത് എങ്ങനെ? ഹെലിക്കോപ്റ്റര്‍ മടങ്ങിയതിന് ശേഷം ഡ്രോണുപയോഗിച്ച് ഭക്ഷണവും വെള്ളവുമെത്തിക്കാന്‍ ശ്രമം നടത്തിയതും പരാജയപ്പെട്ടു. രാത്രി പത്ത് മണിയോടെ ഊട്ടി വെല്ലിംഗ്ടണില്‍നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള അമ്പതോളം സൈനികര്‍ ഉപകരണങ്ങളും ഭക്ഷണവും വെള്ളവുമായി മല കയറാന്‍ തുടങ്ങുന്നു. രാത്രി ഒരു മണിക്ക് സംഘാംഗങ്ങള്‍ ബാബുവിനോട് സംസാരിക്കുന്നു. പിറ്റേന്ന് രാവിലെ 9 മണിക്ക് മദ്രാസ് റജിമെന്റിലെ ബാല എന്ന സൈനികന്‍ തൂക്കിയിട്ട കയറിലൂടെ ബാബുവിന്റെ അടുത്തേക്ക് നൂഴ്ന്നിറങ്ങുന്നു. കയറില്‍ തൂങ്ങിനിന്ന് ബാബുവിന് വെള്ളവും ബിസ്‌കറ്റും നല്‍കുന്നു. ബാബുവിനെ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് കയറില്‍ തൂങ്ങി ബാബു മുന്നിലും ബാല പിന്നിലുമായി കയറ്റം തുടങ്ങുന്നു. പത്തരമണിയോടെ കപ്പിയില്‍ കെട്ടിയ കയറിലൂടെ വലിച്ചു കയറ്റുന്നു. കോയമ്പത്തുര്‍ സുലൂരില്‍ നിന്നുള്ള സൈനിക ഹെലികോപ്റ്റര്‍ മലമുകളിലെത്തി ബാബുവിനെ കയറില്‍ തൂക്കി 11.30ഓടെ ഹെലികോപ്റ്ററില്‍ കയറ്റുന്നു. കഞ്ചിക്കോട് ബെമല്‍ ഹെലിപാഡില്‍ ബാബുവിനെ ഇറക്കി ആംബുലന്‍സില്‍ കയറ്റി ഡി.എം.ഒയും ഡോക്ടര്‍മാരുടെ സംഘവുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെടുന്നു. ആവശ്യമായ ചികിത്സ നല്‍കുന്നു. ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങള്‍ നടത്തിയ ഒരു വമ്പന്‍ യത്‌നത്തിന്റെ രത്‌നച്ചുരുക്കമാണിത്. അപ്പോള്‍ മനുഷ്യജീവനെത്രയാണ് വില? അത് കണക്കാക്കാനാവില്ല എന്നര്‍ഥം.

മസ്തിഷകമരണം സംഭവിച്ചവരുടെ കരള്‍, ഹൃദയം, കിഡ്‌നി തുടങ്ങിയ അവയവങ്ങള്‍ ഹെലിക്കോപ്റ്ററിലും എയര്‍ ആമ്പുലന്‍സിലുമൊക്കെയായി അവ മാറ്റിവെക്കാനുദ്ദേശിച്ച രോഗികളുടെയടുത്തേക്ക് കൊണ്ടുപോകുന്നതും നാം കാണാറുണ്ട്. ട്രാഫിക് പോലീസും മറ്റും സംസ്ഥാനത്തെ ഹൈവേകളിലുടനീളം വാഹനങ്ങള്‍ നിയന്ത്രിച്ച് ഈ അവയവങ്ങളുമായി സഞ്ചരിക്കുന്നത് നാം കണ്ടതാണ്. അപ്പോള്‍ ഒരു മനുഷ്യാവയവത്തിനെത്രയാണ് വില! അതും വിലമതിക്കാനാവാത്തതു തന്നെ! ഇത്രയും അമൂല്യമാണ് മനുഷ്യാവയവങ്ങളും ജീവനും എന്ന് നാം കണ്ടു. അപ്പോള്‍ മനുഷ്യജീവിതം ഈ ഭൗതികലോകജീവിതംകൊണ്ട് അവസാനിക്കുമെന്ന് വന്നാല്‍ അതെത്ര നിരാശാജനകമാണ്! എത്ര നിരര്‍ഥകമായിരിക്കും!

പശുവും ആടും ഈച്ചയും കൊതുകുമെല്ലാം നശിച്ചൊടുങ്ങുന്നതുപോലെ മനുഷ്യനും മരിച്ചൊടുങ്ങുമെന്നും അതോടെ എല്ലാം തീരുന്നു എന്നും പറയുന്നത് ഒട്ടും ചിന്തിക്കാതെയാണെന്ന് വിലയിരുത്തേണ്ടിവരും. വാഹനത്തിലേറി സഞ്ചരിച്ചത് മനുഷ്യന്‍ മാത്രമാണ്. ദശലക്ഷക്കണക്കിന് ജീവികളില്‍ പേന ഉപയോഗിച്ചവന്‍ മനുഷ്യന്‍ മാത്രമാണ്. ആശയാവിഷ്‌കാരപാടവം മനുഷ്യനേയുള്ളൂ. (ഇതരജീവികള്‍ക്ക് അവരുടെ ജീവസന്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളേ അറിയിക്കാന്‍ കഴിയൂ). തമലമുറകള്‍ക്ക് ഗുണം ചെയ്യാനും ദോഷം ചെയ്യാനും മനുഷ്യന്ന് മാത്രമെ സാധ്യമാകൂ.

ഇത്രയധികം കഴിവുകള്‍ നല്‍പ്പെട്ട മനുഷ്യന്റെ ജീവിതം ഭൗതികലോകത്തിലെ മരണത്തോടെ അവസാനിക്കുന്നത് നീതിയാണോ? ന്യായമാണോ? ശരിയാണോ?

പല മനുഷ്യരും അക്രമങ്ങള്‍ ചെയ്യുന്നുണ്ട്. ആ അക്രമങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരും ധാരാളമുണ്ട്. ആ അക്രമികള്‍ക്കും അക്രമമനുഭവിക്കുന്നവര്‍ക്കും തക്കതായ പ്രതിഫലം കിട്ടേണ്ടേ? അക്രമിക്ക് അക്രമം ചെയ്തതിനു ശിക്ഷ കിട്ടണം. അതാണ് നീതി. അക്രമം അനുഭവിച്ച സാധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കലാണ് ന്യായം. ഇത് രണ്ടും ഈ ലോകത്ത് നീതിപൂര്‍വം കിട്ടുന്നില്ല എന്നത് സത്യമാണ്. അക്രമികള്‍ സുഖമായി ജീവിക്കുന്നു. അക്രമിക്കപ്പെട്ടവര്‍ വിഷമിച്ചും ജീവിക്കുന്നു.

അപ്പോള്‍ അക്രമികള്‍ക്ക് ശിക്ഷകിട്ടുന്ന, അക്രമിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന ഒരിടം ഉണ്ടായേ തീരൂ. മാനവസമുദായത്തിന് സന്മാര്‍ഗമായി അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത് ഇപ്രകാരമാണ്: മരണശേഷം സകല മനുഷ്യരെയും രണ്ടാമത് ജീവിപ്പിക്കും. എന്നിട്ട് ഭൗതികജീവിതത്തിലെ കര്‍മങ്ങളുടെ നന്മതിന്മകള്‍ക്കനുസരിച്ച് കൃത്യമായ പ്രതിഫലം നല്‍കപ്പെടും. ക്വുര്‍ആന്‍ അക്കാര്യം ചുരുക്കിപ്പറയുന്നത് കാണുക:

‘‘ഏതൊരാളും മരണം ആസ്വദിക്കുന്നതാകുന്നു. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍നിന്ന് അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന വിഭവമല്ലാതെ മറ്റൊന്നുമല്ല” (ആലുഇംറാന്‍: 185).

കൃത്യമായയും നീതിപൂര്‍വവും ശിക്ഷ നടപ്പാക്കാന്‍ ഈ ലോകത്ത് ഒരു നീതിന്യായ വ്യവസ്ഥക്കും സാധ്യമല്ല. യഥാര്‍ഥ പ്രതി തുടക്കത്തില്‍ തന്നെ രക്ഷപ്പെട്ട്, കുറ്റകൃത്യം നടന്ന സ്ഥലത്തുള്ള മറ്റൊരാള്‍ പിടിക്കപ്പെടാം. മനഃപൂര്‍വം കൃത്രിമമായ തെളിവുകളുണ്ടാക്കി ഒരാളെ പ്രതിയാക്കാം. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതിയെ വെറുതെ വിടാം. നിരപരാധികള്‍ ശിക്ഷിക്കപ്പെടാം.

അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം ജയിലില്‍ 42 വര്‍ഷം ശിക്ഷയനുഭവിച്ചിരുന്ന ഒരാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ ജയില്‍ മോചിതനായ വിവരം പത്രങ്ങളില്‍ വന്നിരുന്നു. സമര്‍ഥനായ വക്കീലിനെ വെച്ചും വന്‍സംഖ്യ ചെലവഴിച്ചും കേസില്‍നിന്ന് രക്ഷപ്പെടാം. ഇങ്ങനെയൊക്കെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നു. അപ്പോള്‍, യഥാര്‍ഥ കുറ്റവാളി കൃത്യമായി ശിക്ഷിക്കപ്പെടുന്നില്ല എന്നര്‍ഥം. എന്നാല്‍, ന്യായമായ ശിക്ഷ ശരിക്കുള്ള പ്രതിക്ക് ലഭിക്കുന്ന സ്ഥലമാണ് പരലോകം. അന്യായമായി ശിക്ഷയോ പീഡനമോ അക്രമമോ അനുഭവിച്ചവന് അതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതവിടെയാണ്.

ലക്ഷ്യം വേണമല്ലോ ജീവിതത്തിന്. ലക്ഷ്യം എന്ന വാക്ക് വളരെ അര്‍ഥവത്താണ്. പ്രവര്‍ത്തനത്തിന്നപ്പുറത്തുള്ളതായിരിക്കണം ലക്ഷ്യം. ഭക്ഷണം കഴിക്കുന്നതിന് ലക്ഷ്യമുണ്ട്. ശരീരത്തിന് ഊര്‍ജം ലഭിക്കാനും മറ്റും ഭക്ഷണം അനിവാര്യമാണ്. ഭക്ഷണം കഴിക്കുക എന്ന പ്രവര്‍ത്തനത്തിന്നപ്പുറത്താണ് ലക്ഷ്യം. യാത്ര ചെയ്യുന്നത്, യാത്രകഴിഞ്ഞ് അതിന്നപ്പുറത്തുള്ള ലക്ഷ്യത്തിലെത്താനാണ്. വീടുണ്ടാക്കുന്നത് വീടുണ്ടാക്കിക്കഴിഞ്ഞ്, അതില്‍ താമസിക്കാനാണ്. ഏതു പ്രവര്‍ത്തനവും അങ്ങനെത്തന്നെയാണെന്ന് കാണാന്‍ പ്രയാസമില്ല. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്? ഡോക്ടറോ എഞ്ചിനീയറോ ബിസിനസ്‌കാരനോ നേതാവോ ശാസ്ത്രജ്ഞനോ ആവാനാണോ? ഇതൊക്കെ ജീവിതത്തിനകത്തുള്ള കാര്യങ്ങളാണ്. എഡിസന്‍ ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചു. ഏറ്റവും മഹത്തായ കണ്ടുപിടുത്തം. മനുഷ്യര്‍ക്ക് മുഴുവന്‍ ഉപകാരപ്പെട്ട ഒരു കാര്യമാണത്. ഗാന്ധിജിയടക്കമുള്ള നേതാക്കള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു. ഇത്തരത്തിലുള്ള ഏത് വലിയകാര്യവും ജീവിതത്തിനകത്തു ള്ളവയാണ്. അപ്പോള്‍ ജീവിതത്തിന്റെ ലക്ഷ്യം ജീവിതത്തിനകത്തുള്ളതാകാന്‍ പറ്റില്ല. ജീവിതത്തി നപ്പുറത്തുള്ളതാകണം ലക്ഷ്യം. ജീവിതത്തിന്നപ്പുറത്ത്, മരണാനന്തരജീവിതത്തിലുള്ള സൗഖ്യമാണ് ലക്ഷ്യം. അവിടത്തെ കൊടിയദുഃഖം ഒഴിവാക്കലായിരിക്കണം ലക്ഷ്യമാകേണ്ടത്. മരിച്ച് മണ്ണോടുചേര്‍ന്ന മനുഷ്യനെ രണ്ടാമതും ജീവിപ്പിക്കും എന്നതെങ്ങനെ വിശ്വസിക്കും? അതിനുള്ള മറുപടി ക്വുര്‍ആന്‍ പറയുന്നതിന്റെ സാരമിങ്ങനെയാണ്:

ഒരിക്കല്‍ മനുഷ്യനെ സൃഷ്ടിച്ചു. വരണ്ടുണങ്ങിയ ഭൂമിയില്‍നിന്ന് ചെടികള്‍ മുളച്ചുപൊന്തുന്നു. ഇതൊക്കെ യാഥാര്‍ഥ്യമാണെങ്കില്‍ മനുഷ്യനെ രണ്ടാമതും സൃഷ്ടിക്കും. ഒരു കോശം ഒമ്പതു മാസംകൊണ്ട് വിവിധഘട്ടങ്ങളിലൂടെ രണ്ടായിരം കോടി കോശമായി, വളര്‍ച്ചയെത്തിയ ഒരു ശിശുവായി ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരുന്നു. മലര്‍ന്നുകിടന്ന്, ഇരുന്ന്, നിന്ന്, ഓടിക്കളിക്കുന്ന കുട്ടിയായി, കൗമാരപ്രായത്തിലെത്തി, യുവാവായി, മധ്യവയസ്‌കനായി, വൃദ്ധനായി ഒടുവില്‍ മരണപ്പെടുന്നു. ഇതിലേതെങ്കിലും ഒരു ഘട്ടത്തെ നിയന്ത്രിക്കാനോ സ്വാധീനിച്ച് മാറ്റംവരുത്താനോ നിങ്ങള്‍ക്ക് സാധ്യമാണോ?

തലച്ചോറില്‍ പതിനായിരം കോടി നാഡീകോശങ്ങളുണ്ട്. ശ്വാസകോശത്തില്‍ എണ്‍പതിനായിരത്തിലധികം ശ്വസനികകളും അമ്പത്‌കോടിയിലധികം വായുഅറകളുമുണ്ടത്രെ. ഒരു വൃക്കയില്‍ എട്ടു മുതല്‍ പത്തുലക്ഷംവരെ നെഫ്രോണുകളുണ്ട്. നാവില്‍ ഒമ്പതിനായിരം രുചിമുകുളങ്ങളുണ്ട്. ഇവയിലേതെങ്കിലും ഒന്നിനെ നിയന്ത്രിക്കാന്‍ നിനക്ക് കഴിയുമോ, മനുഷ്യാ? ഇല്ല, ഒരിക്കലുമില്ല. എങ്കില്‍ മനസ്സിലുറപ്പിച്ചു കൊള്ളുക. ഇവയൊക്കെ സൃഷ്ടിച്ചു സംവിധാനിച്ച് നിയന്ത്രിക്കുന്നവന്ന് ഒരിക്കല്‍കൂടി മനുഷ്യരെ സൃഷ്ടിക്കല്‍ പ്രയാസമുള്ള കാര്യമല്ല.

അങ്ങനെ അല്ലാഹു രണ്ടാമതും സൃഷ്ടിച്ച് കര്‍മങ്ങളെ കൃത്യമായി, നീതിയോടെ പരിശോധിച്ച് രക്ഷയോ ശിക്ഷയോ നല്‍കും. ഒരു സംശയവും വേണ്ട.