മാസനിർണയത്തിന് പ്രവാചകവിരുദ്ധ മാനദണ്ഡങ്ങൾ സ്വീകരിക്കാത്തത് യാഥാസ്ഥിതികതയോ?

പി. ഒ. ഉമർഫാറൂഖ്

2022 ഏപ്രിൽ 23, 1442 റമദാൻ 21

ഈ വർഷത്തെ റമദാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഭിപ്രായവ്യത്യാസങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ. ഓരോ വിഭാഗവും മാസനിർണയത്തിന് വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിച്ചു എന്നതാണ് ഈ അഭിപ്രായ ഭിന്നതകൾക്ക് കാരണം.

ഹിജ്‌റ കലണ്ടറുകാർ ന്യൂമൂണിന്റെ കണക്ക് അടിസ്ഥാനപ്പെടുത്തി മാസാരംഭം നിശ്ചയിച്ചപ്പോൾ മർകസുദ്ദഅ്‌വ വിഭാഗം സൂര്യാസ്തമയ ശേഷം ചക്രവാളത്തിലെ ചന്ദ്രസാന്നിധ്യം (മൂൺസെറ്റ് ലാഗ്) എന്ന കണക്കാണ് അടിസ്ഥാനപ്പെടുത്തിയത്. കേരള ഹിലാൽ കമ്മിറ്റിയാകട്ടെ, ശഅ്ബാൻ മാസം മൂൺ സെറ്റ് ലാഗിനെ അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുകയും തദടിസ്ഥാനത്തിലുള്ള 29ന് മാസപ്പിറവി കാണാൻ അണികളെ ആഹ്വാനം ചെയ്യുകയും ചെയ്തു. മൂൺസെറ്റ് ലാഗിനെ അടിസ്ഥാനപ്പെടുത്തിയുള്ള 29ന് ഹിലാൽ രൂപപ്പെടുകയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കാതെയാണ് കേരള ഹിലാൽ കമ്മിറ്റി അത്തരമൊരു ആഹ്വാനം നടത്തിയത്.

ചുരുക്കത്തിൽ ഈ മൂന്നു വിഭാഗങ്ങളുടെയും തീരുമാനങ്ങൾ പ്രവാചചര്യക്ക് വിരുദ്ധമാണ് എന്ന് വിഷയം സൂക്ഷ്മമായി പഠിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. നാലാമത്തെ വിഭാഗമായ വിസ്ഡം ഹിലാൽ വിംഗ് മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തിൽ റജബ് 30 പൂർത്തിയാക്കുകയും തദടിസ്ഥാനത്തിലുള്ള ശഅ്ബാൻ 29ന് മാസപ്പിറവി കാണാൻ ശ്രമിക്കുകയും ചെയ്തു. ഈ നാലു വിഭാഗങ്ങളിൽ ആരുടെ രീതിയാണ് പ്രവാചകചര്യയോട് യോജിക്കുന്നത് എന്ന് മനസ്സിലാക്കാൻ അഗാധമായ മതപാണ്ഡിത്യമൊന്നും ആവശ്യമില്ല. നിർഭാഗ്യകരമെന്നു പറയട്ടെ, പ്രവാചകചര്യയനുസരിച്ച് റമദാൻ നിശ്ചയിച്ച വിസ്ഡം ഹിലാൽ വിംഗിനെ ദാക്ഷിണ്യമില്ലാതെ വിമർശിക്കാനാണ് മൂന്ന് വിഭാഗങ്ങളും കൂട്ടായി പരിശ്രമിച്ചത്. അവർ നടത്തിയിട്ടുള്ള വിമർശനങ്ങളെ നമുക്കൊന്നു വിലയിരുത്തുകയും പഠനവിധേയമാക്കുകയും ചെയ്യാം.

മാസപ്പിറവിയുടെ വിഷയത്തിൽ വിസ്ഡം ഹിലാൽ വിംഗ് യാഥാസ്ഥിതികതയിലേക്ക് തിരിച്ചുപോകുകയാണോ?

മാസപ്പിറവി വിഷയത്തിൽ വിസ്ഡം ഹിലാൽ വിംഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് സുന്നത്തിനെ പൂർണമായും അനുധാവനം ചെയ്തുകൊണ്ടുള്ളതും ശാസ്ത്രീയ വസ്തുതകളോട് പൊരുത്തപ്പെട്ടു പോകുന്നതുമാണ്. ഏതെങ്കിലും ഘട്ടത്തിൽ സുന്നത്തിനു വിരുദ്ധമായ നിലപാട് വിസ്ഡം ഹിലാൽ വിംഗ് സ്വീകരിച്ചിട്ടില്ല. മാസത്തിന് ആരംഭം കുറിക്കേണ്ടത് കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന പ്രവാചകരീതി മുറുകെ പിടിച്ചുകൊണ്ടാണ് വിസ്ഡം ഹിലാൽ വിംഗ് തീരുമാനമെടുത്തിട്ടുള്ളത്. റമദാനും പെരുന്നാൾ മാസങ്ങളും മാത്രമല്ല; എല്ലാ മാസങ്ങളുടെയും ആരംഭം കുറിക്കേണ്ടത് പിറവിയുടെ കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കണം എന്നതാണ് പ്രവാചകചര്യ. ന്യൂമൂൺ ഉണ്ടായി എന്നതോ സൂര്യാസ്തമയശേഷം ദൃശ്യയോഗ്യമാകാത്ത നിലയിൽ ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ട് എന്നതോ മാസം ആരംഭിക്കുന്നതിനുള്ള മാനദണ്ഡമായി വിസ്ഡം കാണുന്നില്ല. പ്രവാചക തിരുമേനി ﷺ അങ്ങനെ പഠിപ്പിച്ചിട്ടുമില്ല. ചക്രവാളത്തിൽ ഹിലാൽ രൂപപ്പെടുകയും അത് ദൃശ്യയോഗ്യമാകുകയും ചെയ്യുമ്പോൾ മാത്രമാണ് മാസം ആരംഭിക്കുക. ഹിലാൽ കണ്ടതിനുശേഷം മാസം ആരംഭിക്കുക എന്ന പ്രവാചകചര്യ പൂർണമായും അടിസ്ഥാനപ്പെടുത്തുന്നതിനെ ‘യാഥാസ്ഥിതികത’ എന്ന് വിശേഷിപ്പിക്കുന്നുവെങ്കിൽ ആ ‘യാഥാസ്ഥിതികത’യെ പുൽകാൻ വിസ്ഡം ഹിലാൽ വിംഗ് ആഗ്രഹിക്കുന്നു.

ശാസ്ത്രം ഏറെ പുരോഗമിച്ച ഈ കാലത്ത് മാസം ഉറപ്പിക്കുന്നതിന് ഗോളശാസ്ത്ര കണക്കുകൾ ഉപയോഗിക്കുകയല്ലേ വേണ്ടത്?

മാസപ്പിറവി നിർണയിക്കുന്നതിന് പ്രവാചകൻ ﷺ നിർണയിച്ച മാനദണ്ഡം ‘ഹിലാൽ കാണുക’ എന്നതാണ്. ഹിലാൽ കാണുന്നത് എപ്പോൾ എന്ന് കണ്ടെത്തുന്നതിനുള്ള ഒരു കണക്കും ഗോളശാസ്ത്രത്തിലില്ല. അതുകൊണ്ടു തന്നെ മാസപ്പിറവി നിർണയത്തിൽ കണക്കുപയോഗിക്കാനാകും എന്ന വാദം നിരർഥകമാണ്.

മാസനിർണയത്തിൽ കണക്ക് ഉപയോഗിക്കാനാവില്ല എന്നാണോ പറയുന്നത്?

ചന്ദ്രമാസം 29ന് ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ കണക്ക് ഉപയോഗിക്കാം. ചന്ദ്രൻ ചക്രവാളത്തിൽ ഇല്ല എങ്കിൽ അന്ന് മാസപ്പിറവി നോക്കേണ്ടതില്ല. ചക്രവാളത്തിൽ ഇല്ലാത്ത ചന്ദ്രനെ ആരെങ്കിലും കണ്ടു എന്നു പറഞ്ഞാൽ അത് തള്ളിക്കളയാൻ ശാസ്ത്രീയമായ ഈ അറിവ് ഉപയോഗപ്പെടുത്താം.

സൂര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിലുണ്ടായാൽ മുജാഹിദ് കലണ്ടറുകളിൽ മാസമാരംഭിച്ചതായി കണക്കാക്കുന്നു. ഇതിലെന്താണ് തെറ്റ്?

സൂര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിലുണ്ട് എന്നതുകൊണ്ട് മാത്രം ഹിലാൽ രൂപപ്പെട്ടുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ സൂര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിലുണ്ട് എന്നത് മാസാരംഭത്തിന്റ മാനദണ്ഡമായി കാണാനാവില്ല. പിറവിയുടെ കാഴ്ചയെ മാസാരംഭത്തിന്റെ മാനദണ്ഡമായി നിശ്ചയിച്ച പ്രവാചക തിരുമേനിയുടെ കൽപനകൾക്ക് വിരുദ്ധമായി സൂര്യാസ്തമയശേഷം ചക്രവാളത്തിലെ ചന്ദ്രസാന്നിധ്യം എന്ന ‘വ്യാജ കണക്ക്’ ഉപയോഗിച്ചാണ് കലണ്ടറുകളിൽ മാസാരംഭം നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ ഇത്തരം കലണ്ടറുകൾ ഉപയോഗിച്ച് ഇസ്‌ലാമികാനുഷ്ഠാനങ്ങളുടെ തീയതി നിശ്ചയിക്കുന്നത് നബിചര്യക്ക് വിരുദ്ധമാണ്.

സൂര്യൻ അസ്തമിച്ചശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായാൽ മാസം പിറന്നതായി കണക്കാക്കിക്കൂടേ?

സൂര്യാസ്തമയശേഷം എത്രസമയം ചന്ദ്രൻ ചക്രവാളത്തിലുണ്ടായാൽ ഹിലാൽ കാണാനാവും എന്ന് ശാസ്ത്രത്തിനു തീർത്തുപറയാനാവില്ല. ചിലപ്പോൾ പത്തോ പതിനഞ്ചോ മിനുട്ട് ചന്ദ്രൻ ചക്രവാളത്തിലുണ്ടായാൽ ഹിലാൽ കാണാൻ കഴിഞ്ഞേക്കാം. എന്നാൽ മറ്റു ചില മാസങ്ങളിൽ 45 മിനുട്ട് ചക്രവാളത്തിലുണ്ടായാൽ പോലും ദൃശ്യയോഗ്യമായ നിലയിൽ ഹിലാൽ രൂപപ്പെട്ടുകൊള്ളണമെന്നുമില്ല.

എന്തുകൊണ്ടാണ് ഈ അനിശ്ചിതത്വം?

ഭുമിക്കുചുറ്റും ചന്ദ്രൻ ചലിക്കുന്ന പാതയിൽ (Orbit) മാസാവസാനം ചന്ദ്രൻ എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ദൃശ്യസാധ്യത നിലനിൽക്കുന്നത്. ഭുമിക്കുചുറ്റും ചന്ദ്രൻ ചലിക്കുന്നത് ദീർഘവൃത്താകൃതിയിലുള്ള ഒരു പാതയിലൂടെയാണെന്ന് നമുക്കറിയാം. അതിനാൽ എല്ലാ സമയത്തും ചന്ദ്രനും ഭൂമിയും ഒരേ അകലത്തിലായിരിക്കില്ല. പാത വൃത്താകൃതിയായിരുന്നുവെങ്കിൽ ഈ അകലം എല്ലായ്‌പോഴും ഒന്നുതന്നെയായിരിക്കും. എന്നാൽ പാതയുടെ ആകൃതി ദീർഘവൃത്തമായതിനാൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഓരോ ദിവസവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മാസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സന്ദർഭവും (perigee) ഭൂമിയോട് ഏറ്റവും അകലത്തിൽ നിൽക്കുന്ന സന്ദർഭവും (apogee) ഉണ്ടാകും. Kepler’s law of planetory motion അനുസരിച്ച് മാസാവസാനം ചന്ദ്രൻ ഭൂമിയോടടുത്താണെങ്കിൽ ഹിലാൽ രൂപപ്പെടാനാവശ്യമായ elongation angleകൈവരിക്കാൻ ചന്ദ്രന് പെട്ടെന്ന് സാധിക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ ഹിലാൽ വേഗത്തിൽ രൂപപ്പെടും. ഭൂമിയിൽനിന്ന് അകലം കൂടുന്തോറും ഹിലാൽ രൂപീകരണം വൈകുകയും ദൃശ്യസാധ്യത കുറയുകയും ചെയ്യും. ഇത് മൂലം ഹിലാൽ രൂപപ്പെടാനാവശ്യമായ elongation angle കൈവരിക്കാൻ ചന്ദ്രന് കൂടുതൽ സമയം ആവശ്യമായിവരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സൂര്യാസ്തമയശേഷം ദീർഘിച്ചസമയം ചന്ദ്രൻ ചക്രവാളത്തിലുണ്ടായിരുന്നാലും ആ ചന്ദ്രനെ കാണാൻ കഴിയില്ല.

ശാസ്ത്ര വസ്തുതകൾ ഇങ്ങനെയായിരിക്കെ, സുര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിലുണ്ട് എന്ന കാരണത്താൽ മാസം പിറന്നു എന്നു കരുതുന്നത് തീർത്തും തെറ്റായ ധാരണയാണ്. അതുകൊണ്ടുതന്നെ സൂര്യാസ്തമയ ശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായാൽ മാസം ആരംഭിക്കുന്നതായി കണക്കാക്കുന്ന കലണ്ടറുകൾ ഉപയോഗിച്ച് ഇസ്‌ലാമിക ആരാധനകളുടെ തീയതി നിശ്ചയിക്കുന്നത് മതാധ്യാപനങ്ങൾക്ക് എതിരാണ്.

പിന്നെ എന്തിനാണ് മുജാഹിദ് കലണ്ടറുകളിൽ അറബി തീയതികൾ നൽകിയിരിക്കുന്നത്?

സൂര്യാസ്തമയശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടാകുന്ന ആദ്യദിവസം മാസപ്പിറവി കാണാനും കാണാതിരിക്കാനുമുള്ള സാധ്യതയുണ്ട്. പിറവി കാണാനുള്ള ആദ്യ സാധ്യതാദിനം എന്ന നിലയിൽ തൊട്ടടുത്ത ദിവസം ചന്ദ്രമാസത്തിന്റെ ഒന്നാം തീയതിയായി മുജാഹിദു കലണ്ടറുകളിൽ രേഖപ്പെടുത്തുന്നു. തീയതികളെക്കുറിച്ച് ഏകദേശധാരണ നൽകുന്നു എന്നല്ലാതെ ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളുടെ തീയതികൾ നിശ്ചയിക്കാൻ ഈ തീയതികൾ ഉപയോഗിച്ചുകൂടാ. ചക്രവാളത്തിൽ നിലനിൽക്കുന്ന ചന്ദ്രനെ കണ്ടാൽ മാത്രമേ മാസം പിറന്ന തായി കണക്കാക്കാനാവൂ. അതിനാൽ കലണ്ടറുകളിൽ നൽകിയിരിക്കുന്ന തീയതിയനുസരിച്ച് നോമ്പ്, പെരുന്നാളുകൾ ആചരിക്കുന്നത് സുന്നത്തിന് വിരുദ്ധമാണ്.

റമദാനും പെരുന്നാൾ മാസങ്ങളും ഒഴികെയുള്ള മറ്റു മാസങ്ങൾ കലണ്ടറനുസരിച്ച് തീരുമാനിച്ചുകൂടേ?

കലണ്ടറനുസരിച്ച് ഏതൊരു മാസത്തെയും ആദ്യതീയതി നിശ്ചയിക്കുന്നത് പ്രവാചകതിരുമേനി ﷺ കൽപിക്കാത്ത മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ്. അതിനാൽ കലണ്ടർ ഉപയോഗിച്ച് മാസാരംഭം നിശ്ചയിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണ്.

പ്രവാചക മാതൃകയനുസരിച്ച് റമദാൻ തീയതികൾ നിർണയിക്കുന്നത് എങ്ങനെയാണ്?

ശഅ്ബാൻ മാസപ്പിറവി കാണുന്നത് മുതൽ 29 ദിവസം കണക്കാക്കി ആ ദിവസം മാസപ്പിറവി കാണാൻ ശ്രമിക്കുക. മാസപ്പിറവി കണ്ടാൽ അടുത്ത ദിവസം നോമ്പ് ആരംഭിക്കുക. മാസപ്പിറവി മറക്കപ്പെട്ടാൽ 30 പൂർത്തിയാക്കി റമദാനിലേക്ക് പ്രവേശിക്കുക. ഇതാണ് പ്രവാചകരീതി. ഈ രീതിയിൽ തന്നെയാണ് വിസ്ഡം ഹിലാൽ വിംഗ് ഈ വർഷത്തെ റമദാൻ ആരംഭം തീരുമാനിച്ചത്.

കേരള ഹിലാൽ കമ്മിറ്റിയുടെ ഭാഗത്ത് എന്തു പിഴവാണ് സംഭവിച്ചത്?

പിറവി കാണാതെ കലണ്ടർ അനുസരിച്ച് ശഅ്ബാൻ തീയതികൾ തീരുമാനിക്കുകയും കലണ്ടർ അനുസരിച്ചുള്ള 29ാം തീയതി മാസപ്പിറവി കാണാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതു പ്രവാചക രീതിക്കു യോജിക്കാത്തതാണ്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരുന്നു ശഅ്ബാൻ ഒന്ന് തീരുമാനിക്കേണ്ടിയിരുന്നത് .

ശഅ്ബാൻ മാസാരംഭം നിശ്ചയിക്കാൻ കലണ്ടറുകൾ ഉപയോഗപ്പെടുത്താമോ?

ശഅ്ബാൻ മാസാരംഭം നിശ്ചയിക്കാൻ കലണ്ടറുകൾ ഉപയോഗപ്പെടുത്തുമ്പോൾ പ്രവാചക തിരുമേനി ﷺ നിശ്ചയിച്ച ‘ഹിലാൽ കാണുക’ എന്ന മാനദണ്ഡം ഉപേക്ഷിക്കേണ്ടിവരുന്നു. റമദാൻ നിശ്ചയിക്കുന്നതിനുമുമ്പ് ശഅ്ബാൻ തീയതികൾ അറിയുവാൻ പ്രവാചകൻ ﷺ പ്രത്യേകം സൂക്ഷ്മത പുലർത്തിയിരുന്നു. ആഇശ(റ)യിൽനിന്നും ഉദ്ധരിക്കുന്ന ഈ ഹദീഥ് കാണുക:

“മറ്റേതൊരു മാസത്തെ സൂക്ഷിക്കുന്നതിനെക്കാൾ ഉപരിയായി ശഅ്ബാനിന്റെ ഹിലാലിനെ റസൂൽ ﷺ ശ്രദ്ധിക്കാറുണ്ടായിരുന്നു. ശേഷം, റമദാൻ പിറവി കണ്ടുകഴിഞ്ഞാൽ അദ്ദേഹം നോമ്പുപിടിക്കും. മേഘംകൊണ്ട് മറയ്ക്കപ്പെട്ടാൽ മുപ്പത് ദിവസം കണക്കാക്കുകയും പിന്നീട് നോമ്പു പിടിക്കുകയും ചെയ്യും’’ (അബൂദാവൂദ്, അഹ്‌മദ്)

റമദാൻ നിർണയിക്കുന്നതിന് ശഅ്ബാൻ അടിസ്ഥാനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ പ്രവാചകാധ്യാപനം വ്യക്തമാക്കുന്നു. ഇതിൽനിന്നും നമുക്ക് വ്യക്തമാകുന്ന കാര്യങ്ങൾ ചുവടെ സംഗ്രഹിക്കാം:

1. നബി ﷺ എല്ലാ മാസവും മാസപ്പിറവി കാണാൻ ശ്രദ്ധിച്ചിരുന്നു.

2. എന്നാൽ മറ്റു മാസങ്ങളെക്കാൾ ശഅ്ബാൻ പിറവിയുടെ കാര്യത്തിൽ പ്രവാചകൻ ﷺ കൂടുതൽ ശ്രദ്ധിച്ചിരുന്നു.

3. ശഅ്ബാനിന്റെ 29 കണക്കാക്കിയിരുന്നത് ശഅ്ബാൻ പിറവിയുടെ അടിസ്ഥാനത്തിലായിരുന്നു.

4. പിറവി കാണാനാവാത്ത സന്ദർഭങ്ങളിൽ 30 ദിവസം കണക്കാക്കിയതും ശഅ്ബാൻ പിറവിയുടെ അടിസ്ഥാനത്തിലായിരുന്നു.

നബി ﷺയും സ്വഹാബത്തും എല്ലാ മാസങ്ങളിലും മാസപ്പിറവി കാണാൻ ശ്രമിച്ചിരുന്നില്ല എന്ന് ഹിലാൽ കമ്മിറ്റിക്കാരുടെ കുറിപ്പുകളിൽ കാണുന്നുണ്ടല്ലോ?

തങ്ങളുടെ കലണ്ടർ പ്രയോഗത്തെ സാധൂകരിക്കാൻവേണ്ടി ഉന്നയിക്കുന്ന വ്യാജവാദമാണ് ഇത്. നബി ﷺയും സ്വഹാബത്തും എല്ലാ മാസങ്ങളിലും ‘അയ്യാമുൽ ബീള്’ നോമ്പുനോറ്റിട്ടുണ്ട്. മാസപ്പിറവി കാണാതെ അതിന്റെ തീയതികൾ നിശ്ചയിക്കാനാവില്ലല്ലോ. മാസപ്പിറവി കണ്ടില്ല എന്ന് വാദിക്കുന്നവർ നബി ﷺ ഏതുമാർഗം ഉപയോഗിച്ചാണ് തീയതി നിശ്ചയിച്ചത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

റമദാനും പെരുന്നാൾ മാസങ്ങളും അല്ലാത്ത മറ്റു മാസങ്ങൾ കാണണമെന്ന് പഠിപ്പിക്കുന്ന ഹദീഥുകൾ എവിടെ?

റമദാനിലും പെരുന്നാൾ മാസങ്ങളിലും മാത്രമെ പ്രവാചകൻ ﷺ മാസപ്പിറവി കണ്ടിരുന്നുള്ളൂ എന്ന് തെറ്റുധരിപ്പിക്കാൻ തങ്ങളുടെ കുറിപ്പിൽ ഉന്നയിച്ചിരിക്കുന്ന വെല്ലുവിളിയാണ് ഇത്. മുകളിലുദ്ധരിച്ച ശഅ്ബാൻ പിറവിയെക്കുറിച്ചുള്ള ഹദീഥിലേക്ക് ഒന്ന് കണ്ണോടിക്കുക. മറ്റേതൊരു മാസത്തെ ശ്രദ്ധിക്കുന്നതിനെക്കാൾ കൂടുതൽ ശഅ്ബാനിന്റെ ഹിലാൽ പ്രവാചകൻ ﷺ ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന പരാമർശത്തിൽനിന്ന് എല്ലാ മാസങ്ങളും കാണാൻ നബി ﷺ ശ്രദ്ധിച്ചിരുന്നു എന്നല്ലേ മനസ്സിലാകുന്നത്? കൂടുതൽ ശ്രദ്ധ ശഅ്ബാനിന് നൽകി എന്നും വ്യക്തം. ഇനി മറ്റൊരു ഹദീഥ് കാണുക:

ഹകമുബ്‌നു അഅ്‌റജ്(റ) ഉദ്ധരിക്കുന്നു: “ഞാൻ ഇബ്‌നു അബ്ബാസിന്റെ അടുത്ത് ചെന്നു. അദ്ദേഹം സംസമിന്റെ അടുത്ത് തന്റെ മേൽതട്ടം തലയണയാക്കി കിടക്കുകയായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘ആശൂറാ നോമ്പിനെപ്പറ്റി എനിക്ക് പറഞ്ഞുതരൂ.’ അപ്പോൾ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘നീ മുഹർറം പിറവി കണ്ടാൽ പിന്നെ ദിവസം എണ്ണി ഒമ്പതാം ദിവസം നോമ്പുകാരനായിക്കൊള്ളുക.’ ഞാൻ ചോദിച്ചു: ‘നബി ﷺ ഇങ്ങനെയാണോ നോമ്പെടുത്തത്?’ അദ്ദേഹം പറഞ്ഞു: അതെ’’ (മുസ്‌ലിം:1133).

നബി ﷺ മുഹർറം എങ്ങനെ ആരംഭിച്ചു എന്നും മുഹർറം നോമ്പ് നോറ്റത് ഏതു തീയതിയിൽ എന്നും വളരെ കൃത്യമായി ഈ ഹദീഥിൽ വിശദീകരിക്കുന്നു. ഹിലാൽ കമ്മിറ്റി വാദിക്കുന്നതുപോലെ റമദാനിനും പെരുന്നാൾ മാസങ്ങൾക്കും മാത്രമല്ല നബി ﷺ ഹിലാൽ കണ്ടത് എന്ന് വ്യക്തമാകാൻ ഈ രണ്ടു ഹദീഥുകൾതന്നെ ധാരാളം.

റമദാൻ, പെരുന്നാൾ മാസങ്ങൾക്ക് മാത്രം മാസപ്പിറവി കണ്ടാൽമതി എന്നും മറ്റുള്ളവയ്ക്ക് തങ്ങളുടെ ‘അൽമനാർ കലണ്ടർ’ ഉപയോഗിച്ചാൽമതി എന്നും സമർഥിക്കാൻ ശ്രമിക്കുന്നവർക്ക് ഈ ഹദീഥുകൾ കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഈ ഹദീഥിന്റെ അടിസ്ഥാനത്തിൽ അടുത്ത മുഹർറം മാസം ആരംഭിക്കുന്നതിന് കലണ്ടർ ഉപയോഗിച്ച് തീയതി തീരുമാനിക്കാതെ മാസപ്പിറവി കാണാൻ ആഹ്വാനം ചെയ്യുകയാണ് ഹിലാൽ കമ്മിറ്റി ചെയ്യേണ്ടത്.

ഉമറുബ്‌നുൽ ഖത്ത്വാബി(റ)ന്റെ കലണ്ടർ മാസക്കലണ്ടറോ?

ഹിജ്‌റ കലണ്ടറിന്റെ ഉപജ്ഞാതാവായ ഉമർ(റ) ഹിലാൽ കാണാതെ കലണ്ടർ രൂപപ്പെടുത്തിയില്ലേ എന്ന ചോദ്യം ഉന്നയിച്ച് മാസനിർണയത്തിന് കലണ്ടർ ഉപയോഗിക്കാമെന്ന് വരുത്തിത്തീർക്കാനുള്ള കുറിപ്പുകാരന്റെ ശ്രമം അങ്ങേയറ്റം അപഹാസ്യമാണെന്ന് പറയാതെ വയ്യ. ഉമറി(റ)ന്റെ കലണ്ടർ പൂർണമായും ഭരണപരമായ ആവശ്യത്തിനു(Civil Purposes) വേണ്ടി മാത്രമാണ് ഉപയോഗപ്പെടുത്തിയിരുന്നത് എന്നകാര്യം ഹിലാൽ കമ്മിറ്റിക്കുവേണ്ടി കുറിപ്പുകളെഴുതുന്നവർക്ക് അറിയാത്തതുകൊണ്ടല്ല.

മാസനിർണയത്തിന് പ്രവാചകവിരുദ്ധ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്ന കലണ്ടറുകൾക്ക് സാധുത നൽകുവാൻവേണ്ടി മാത്രമാണ് കലണ്ടർ വാദക്കാർ ഇത് മറച്ചുവെക്കുന്നത്. ഒരിക്കൽപോലും ഇസ്‌ലാമിക മാസനിർണയത്തിന് ഉമർ(റ) ഹിലാലിനെ പരിഗണിക്കാത്ത ആ കലണ്ടർ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, ഉമർ(റ) മാസപ്പിറവി ദർശിച്ചതും മറ്റുള്ളവരുടെ സാക്ഷ്യം അംഗീകരിച്ചുകൊണ്ട് മാസം പ്രഖ്യാപിച്ചതുമായ ഒട്ടേറെ ഉദ്ധരണികൾ ഗ്രന്ഥങ്ങളിലുണ്ട്. ഒരിക്കലെങ്കിലും കലണ്ടർ ഉപയോഗിച്ച് അദ്ദേഹം നോമ്പും പെരുന്നാളും ഉറപ്പിച്ചതായി കാണിക്കുന്ന ഏതെങ്കിലും ഒരു പ്രമാണം കലണ്ടർ വാദക്കാർക്ക് ഉദ്ധരിക്കാൻ സാധിക്കുമോ? അങ്ങനെ സാധിക്കാത്തപക്ഷം കലണ്ടർ കണക്കുകൾ ഉപയോഗിച്ച് മാസം നിർണയിക്കുന്നതിൽ നിന്നും കേരള ഹിലാൽ കമ്മിറ്റി പിൻവാങ്ങുകയാണ് വേണ്ടത്. (തുടരും)